കാലിക്കറ്റ് സർവകലാശാലയിൽനിന്നുള്ള പത്ത് പ്രഫസർമാർ ഇൗജിപ്ത് സന്ദർശിക്കുന്നു. അവർ കണ്ട കാഴ്ചകളാണ് ഈ കുറിപ്പ്. അക്കാദമിക മികവിന്റെ നാട് കൂടിയാണ് ഈജിപ്ത്.
ഫറോവയുടെ നാടായതുപോലെ വിമോചക പ്രവാചകൻ മോസസിന്റെകൂടി നാടാണ് ഈജിപ്ത്. പിരമിഡുകളും നൈലും അസ്വാൻ അണക്കെട്ടും അലക്സാണ്ടർ ചക്രവർത്തിയും ക്ലിയോപാട്രയും സീസറും അംറുബിനു ആസും ഫാത്വിമി, മംലൂക്ക് രാജവംശങ്ങളും ജൗഹറുസ്സിഖിലിയും അൽ അസ്ഹർ യൂനിവേഴ്സിറ്റിയും അലക്സാൻഡ്രിയ ലൈബ്രറിയും നെപ്പോളിയനും ജമാൽ അബ്ദുന്നാസിറും സൂയസ് കനാലും ‘ഖുർആന്റെ തണലി’ലും സൈനബുൽ ഗസ്സാലിയും നജീബ് മഹ്ഫൂസും അറബ് വസന്തവും തഹ്രീർ സ്ക്വയറും എല്ലാം ഓർമയിൽ എഴുന്നുനിൽക്കുന്ന വിശാലദേശം. ആ ദേശത്തേക്കാണ് ഞങ്ങൾ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നുള്ള 10 പ്രഫസർമാർ യാത്ര തിരിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽനിന്നും മസ്കത്ത് വഴി ഒമാൻ എയർ ഫ്ലൈറ്റിൽ 13 മണിക്കൂറിലധികം യാത്രചെയ്തിട്ടും ഞങ്ങൾക്ക് ക്ഷീണം ബാധിച്ചിരുന്നില്ല. കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നേരെ ഡൗൺടൗണിലെ ഗ്രാൻഡ് പാലസ് ഹോട്ടലിലെ ഏഴാം നിലയിലേക്ക്. ആധുനിക കൈറോയുടെ സ്രഷ്ടാക്കളിൽ ഒരാളായ ഇസ്മായിൽ പാഷയുടെ പ്രത്യേക താൽപര്യത്തിലാണ് ഫ്രഞ്ച് ടൗൺ പ്ലാനറായ പിയറി ഗ്രാൻഡ് ഡൗൺടൗൺ ഫ്രഞ്ച് മാതൃകയിൽ രൂപകൽപന ചെയ്യുന്നത്.
പാരിസിന്റെ ഗന്ധം പകർന്നുതരുന്ന കൈറോ 4000 കൊല്ലം പഴക്കമുള്ള മനുഷ്യ ജഡത്തിന്റെ നാറ്റവും പേറുന്നുവെന്ന് മലയാളത്തിന്റെ സ്വന്തം എസ്.കെ. സൂയസ് കനാലിനും ഡൗൺ ടൗണിനും ഏകദേശം ഒരേ പ്രായം. നഗരത്തിലെ കെട്ടിടങ്ങൾക്ക് പ്രായത്തിന്റെ ജരാനരകൾ ഉണ്ടെങ്കിലും ഗരിമ ഒട്ടും നഷ്ടപ്പെട്ടിട്ടില്ല.
ഒരു പൂച്ചമയക്കത്തിനുശേഷം പട്ടണത്തിന്റെ ഉണർച്ചയിലേക്ക് ഞങ്ങളും എഴുന്നേറ്റു. തൊട്ടടുത്തുതന്നെ കൺപാർക്കും ദൂരത്ത് നഗരഹൃദയത്തിൽ സാമാന്യം വലിയ ക്രിസ്ത്യൻ ദേവാലയം ഉണ്ടായിരുന്നു.
ഈജിപ്തിൽ ഗ്രീക് റോമൻ കാലത്തോളം എത്തുന്ന ക്രിസ്ത്യൻ, ജൂത ദേവാലയങ്ങൾ എല്ലാ പ്രൗഢിയോടെയും നിലകൊള്ളുന്നുണ്ട്. സെന്റ് ജോർജ് ഗ്രീക് ചർച്ച്, കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച്, ബൻ എസ്റ സിനഗോഗ്, ഹാങ്ങിങ് ചർച്ച് എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. പഴകിയെങ്കിലും പ്രതാപം നിലനിർത്തുന്ന ഡൗൺ ടൗണിന്റെ കണ്ണെത്തും അകലങ്ങളിലാണ് തഹ്രീർ സ്ക്വയറും മിൽട്ടൺ ഹോട്ടലും കൈറോ ടവറും. ഒരു നടപ്പുദൂരത്ത് വിഖ്യാതമായ ഖലീലി തെരുവും ഹുസൈൻ മോസ്കും സുൽത്താൻ ഗൂറി സമുച്ചയവും അൽ അസ്ഹർ പള്ളിയും മറ്റും.
ഖലീലി തെരുവിനെ ഹെറിറ്റേജ് ബസാർ എന്നു വിശേഷിപ്പിക്കാം. ഈജിപ്ത് പൊതുവെ ശാന്തമായാണ് അനുഭവപ്പെട്ടത്. മോഹഭംഗത്തിന്റെ നിർവികാരതയാണ് ആ കണ്ണുകളിലെന്ന് ഞങ്ങളുടെ കൂട്ടത്തിലെ ഡോ. അശ്റഫും നജ്മുവും.
കൈറോയുടെ മണ്ണിൽ
കൈേറാ (ന്യൂ) നഗരത്തിലുടനീളം അതിവിശാലമായ റോഡുകൾ, വീതിയുള്ള നടപ്പാതകൾ. തിരക്കൊട്ടും അറിഞ്ഞില്ല. കടകൾ എല്ലാം സജീവം. എന്നാൽ, മിഠായിതെരു പോലെയോ മുംബൈ തെരുവുകൾ പോലെയോ, ഡൽഹി വീഥികളിൽ കാണുന്ന മാതൃകയിലോ എപ്പോഴും ജനത്തിന്റെ ഒഴുക്കില്ല; വാഹനത്തിന്റെയും. വാഹന പെരുക്കംകൊണ്ടും മനുഷ്യത്തിരക്കുകൊണ്ടും ശ്വാസം മുട്ടുന്ന ഓൾഡ് കൈറോയാണ് വായിച്ചറിഞ്ഞ ഓർമയിലുണ്ടായിരുന്നത്.
റോഡരികിൽ വലിയ പൊലീസ് വാഹനങ്ങൾ നിർത്തിയിട്ടിരുന്നെങ്കിലും അവർ ആരും പരന്നൊഴുകുന്ന ജനജീവിതത്തിൽ ഇടപെടുന്നില്ല. ഓരോരുത്തരും അവരുടെ കാര്യങ്ങളിൽ വ്യാപൃതർ. അത് ഖാൻ ഖലീലിയിലെ തെരുവിലായാലും അലക്സാൻഡ്രിയയിലെ ട്രാമിലായാലും കൈേറാ അമേരിക്കൻ യൂനിവേഴ്സിറ്റികളുടെ ഗേറ്റിനു മുന്നിലായാലും ലുഖുമാനുൽ ഹഖീം മഖ്ബറയിൽ ആയാലും പോർട്ട് സയിദിലെ (ബുർസ ഈദ്) ചങ്ങാടത്തിലായാലും ശരി. ജനങ്ങളിൽ മഹാഭൂരിപക്ഷവും മുസ്ലിംകളാണ്. കോസ്മോപൊളിറ്റൻ കോമ്പോസിറ്റ് കൾചറിന്റെ എടുത്തുെവച്ച രൂപമാണ് കൈേറാ എന്നു പെെട്ടന്നുതന്നെ മനസ്സിലാകും.
യൂറോപ്പും ഈജിപ്തും തമ്മിൽ ഒരു കടലകലം മാത്രമാണല്ലോ ഉള്ളത്. പൗരാണിക ആതൻസും സ്പാർട്ടയും മാസിഡോണിയയും അറബികളും മംലൂക്കുകളും മധ്യകാല ഉസ്മാനികളും ആധുനിക ഫ്രാൻസും ബ്രിട്ടനും കോപ്റ്റിക് അടക്കമുള്ള തദ്ദേശീയ വംശീയതകളും എല്ലാം ഇഴചേർന്ന് സൃഷ്ടിച്ച സംസ്കാര വൈവിധ്യം ഇന്നും ഈജിപ്തിൽ നിലനിൽക്കുന്നു. ബൈനൽ ഖസ്റൈൻ സിനിമയിലെ സഅദ് സഅലൂലിന്റെ പ്രസംഗം ഒരു നിമിഷാർധത്തിൽ മിന്നിമറിഞ്ഞു.
കൈേറായിൽ താമസിച്ച് ഈജിപ്തിന്റെ ഹൃദയഭൂമികളിലേക്ക് യാത്രതിരിക്കാനായിരുന്നു പ്ലാൻ. ആ പ്ലാൻ വളരെ കൃത്യമായി മമ്പാട് കോളജിലെ ഡോ. സാബിക് നിർവഹിച്ചിരുന്നു. ഞങ്ങളെ സഹായിക്കാൻ ഈജിപ്തുകാരിയും ഗവേഷകയുമായ ആലിയ, തിരുവനന്തപുരം സ്വദേശി അലിഹസൻ, ഉസാമ എന്നിവരുണ്ടായിരുന്നു. 12 ദിവസംകൊണ്ടായിരുന്നു ഞങ്ങളുടെ ഊരുചുറ്റലും അക്കാദമിക മീറ്റുകളും നടക്കേണ്ടിയിരുന്നത്.
അസ്ഹർ യൂനിവേഴ്സിറ്റി വിദേശ വിദ്യാർഥിക്ഷേമ മേധാവി ഡോ. നഹ്ല സഈദിയുടെ കൂടെ
അൽ അസ്ഹർ
‘ഇന്ത്യൻ അക്കാദമിക സംഘം’ എന്ന നിലയിൽ ഞങ്ങളുടെ പ്രധാന ഉദ്ദേശ്യം യൂനിവേഴ്സിറ്റി വിസിറ്റുകൾ ആയിരുന്നു, അതിൽ ആദ്യ ലക്ഷ്യം അൽ അസ്ഹറും. അൽ അസ്ഹർ ലോകത്തെ ഇന്നും നിലനിൽക്കുന്ന പൗരാണിക യൂനിവേഴ്സിറ്റികളിൽ ഒന്നാണ്. ജൗഹർ സിഖിലിയോളം (മരണം സി.ഇ 992) നീളുന്നതാണ് ആ വേരുകൾ. മലയാളികളെ സംബന്ധിച്ചിടത്തോളം മുഹ്യ്യിദ്ദീൻ ആലുവായിയും ശിഹാബ് തങ്ങളും മറ്റു പലരും പഠിച്ച ഇന്നും നൂറുകണക്കിനു മലയാളികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഇടം.
അവിടെ ലോകത്തെ ഏതു സർവകലാശാലകളെയും പോലെ വിവിധ വിജ്ഞാനശാഖകൾ പഠിപ്പിക്കപ്പെടുന്നു. പതിനായിരങ്ങൾ വിദ്യാർഥികളായി നേർ കാമ്പസിലും ലക്ഷങ്ങൾ അനുബന്ധ സ്ഥാപനങ്ങളിലും. ആയിരങ്ങൾ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു. അസ്ഹറിനു വിവിധ കാമ്പസുകളുണ്ട്. അസ്ഹർ ഈജിപ്തിന്റെ സ്വകാര്യ അഭിമാനമാണ്.
മുകളിൽനിന്ന് വിളി വരാഞ്ഞതുകൊണ്ടാണ് സെക്യൂരിറ്റിയിൽ അൽപനേരം കുടുങ്ങി. ഞങ്ങളെ അത്ഭുതപ്പെടുത്തിയത് അവിടത്തെ ഗംഭീര, പടുകൂറ്റൻ എടുപ്പുകളാണ്. മരത്തണലുകൾ, വെട്ടിനിർത്തിയ കുറ്റിച്ചെടി തലപ്പുകൾ, അങ്ങിങ്ങായി ബുക്ക് ഷോപ്പുകൾ, സ്റ്റേഷനറികൾ, കഫറ്റീരിയകൾ. എല്ലാ കാമ്പസുകളെയുംപോലെ അൽ അസ്ഹറും യുവതയുടെ സ്വപ്നഭൂമിയാണ്.
അസ്ഹർ വൈസ് ചാൻസലർ പ്രഫ. സലാമ ദാവൂദ്, വിദേശ വിദ്യാർഥികളുടെ വകുപ്പ് മേധാവി ഡോ. നഹ്ല സഈദി, ഡെപ്യൂട്ടി അഡ്വൈസർ രജിസ്ട്രാർ, ഭാഷാവിഭാഗം ഡീൻ പ്രഫ. സലാഹ് ആഷൂർ, പ്രശസ്ത കവി അലാ ജാനീബ്, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയും കണ്ടു മടങ്ങിയപ്പോൾ ഒരു പകൽ കഴിഞ്ഞിരുന്നു.
കേരള യൂനിവേഴ്സിറ്റിയിൽ എൻവയൺമെന്റ് സയൻസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയിരുന്ന മൻസൂറക്കാരൻ മുസ്അബാണ് അൽ അസ്ഹർ സന്ദർശനം ക്ലേശരഹിതമാക്കിയത്. ഗേറ്റു മുതൽ സ്വീകരിച്ചാനയിച്ചതുപോലെ ഞങ്ങളെ യാത്രയാക്കാനും ഉദ്യോഗസ്ഥർ ഗേറ്റു വരെ അനുഗമിച്ചത് ഡോ. അഷ്റഫ് ശമീർ ബാബു, ഫിർ ദൗസ് മോൻ എന്നിവരുടെ വാക്കുകളിൽ തികട്ടിവന്നു. അറബികൾ മാത്രമല്ല, ഈജിപ്ത്കാരും ആതിഥ്യമര്യാദയിൽ ഒട്ടും പിന്നിലല്ല എന്ന് തുടർന്നുള്ള ദിവസങ്ങളിലും വ്യക്തമായി.
അലക്സാൻഡ്രിയ ലൈബ്രറി മേധാവി ഡോ. മദ്ഹത്ത് ഈസ ഖലഫിനൊപ്പം
കൈറോ യൂനിവേഴ്സിറ്റി
വിവിധ പഠനവകുപ്പുകൾ സന്ദർശിച്ച ഞങ്ങൾ മറ്റൊരു പ്രസിദ്ധ യൂനിവേഴ്സിറ്റിയായ കൈറോ യൂനിവേഴ്സിറ്റിയിലെ ദാറുൽ ഉലൂമിൽ പ്രവേശിച്ചു. കൈറോ യൂനിവേഴ്സിറ്റിയുടെ അറബിഭാഷാ പഠനകേന്ദ്രത്തിന്റെ മറുപേരാണത്. അറബിഭാഷയുടെ പദ പ്രപഞ്ചത്തിലെ ഏറ്റവും അരുമയായ വാക്കുകളിൽ ഒന്നായ ദാർ (ഭവനം) ഉലൂമി (വിജ്ഞാന )ലേക്ക് ചേർത്തുവെക്കുന്ന പതിവ് പണ്ടേ തുടങ്ങിയതാണ്.
അതുകൊണ്ടാണ് ഇന്ത്യയിലടക്കം പലയിടത്തും വിജ്ഞാന ഇടങ്ങൾ ‘ദാറുൽ ഉലൂം’ ആകുന്നത്. നമ്മുടെ നാട്ടിലെ വി.സിയുടെ മുറികളേക്കാൾ വിശാലമായിരുന്നു ഡീനിന്റെ മുറി. സൗകര്യങ്ങളും ഒന്നിനൊന്നു മെച്ചം.
ദാറുൽ ഉലൂമിന്റെ സ്ഥാപക പ്രഫസർ അലിമുബാറക് മുതൽ എല്ലാ ഡീൻമാരുടെയും ചിത്രം ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നത് കണ്ടപ്പോൾ സാഹിത്യ അക്കാദമി ഹാളിലും കോഴിക്കോട് ടൗൺഹാളിലും നമ്മെ തന്നെ നോക്കിയിരിക്കുന്ന ചുമരിൽ തൂക്കിയ ചിത്രങ്ങളാണ് ഓർമയിൽ വന്നത്. വിവിധ ഫാക്കൽറ്റികളിൽനിന്നും പഠനവിഭാഗങ്ങളിൽനിന്നും വകുപ്പ് തലവന്മാർ അവിടേക്ക് എത്താൻ ഡീൻ നിർദേശിച്ചിരുന്നു. രണ്ടു മണിക്കൂർ നീണ്ട ചർച്ച. ഇന്ത്യയും അതിന്റെ അറബി ഭാഷ പാരമ്പര്യവും അവർ എടുത്തുപറഞ്ഞു.
ഏറെ അത്ഭുതപ്പെടുത്തിയത് അവിടത്തെ ലൈബ്രറിയാണ്. മാന്വലും ഡിജിറ്റലുമായ ഇൻഫർമേഷൻ മാനേജ്മെന്റ് സൗകര്യങ്ങൾ. യു.എ.ഇയുമായി സഹകരിച്ച് അസ്ഹർ ലൈബ്രറിയിലെ ഹസ്തലിഖിതങ്ങളും അപൂർവ പുസ്തകങ്ങളും ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ലഭ്യമാക്കാൻ ഏർപ്പാട് ആയിട്ടുണ്ട്. ‘ഇന്ത്യൻ’ ഭാഷയായ ഉർദുവിന് അവിടെ പഠനവകുപ്പുണ്ട്. അവർ ഉർദുവിനെക്കുറിച്ച ഇന്ത്യൻ ഭാഷ എന്ന ഞങ്ങളുടെ പ്രയോഗം തിരുത്തി പൗരസ്ത്യ ഭാഷ എന്നാക്കി.
പരീക്ഷാ സമയമായതിനാൽ അവിടെ പഠിക്കുന്ന നൂറുകണക്കിനു മലയാളികളിൽ ചിലരെ മാത്രമാണ് കാണാനായത്. അറബിഭാഷ വിഭാഗം ഡീൻ പ്രഫ. അഹമ്മദ് ബൽബൂല, പ്രഫ. മുഹമ്മദ് അംറാവി, പ്രഫ. ഗമാൽ സഈദ് എന്നിവരുടെ നേതൃത്വത്തിൽ ഞങ്ങൾ കാമ്പസ് സന്ദർശനം പൂർത്തിയാക്കി. കൈറോ യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ പ്രസരിപ്പു കണ്ടപ്പോൾ മഹ്ഫൂസ് കോറിയിട്ട ‘ഖാഹിറ അൽ ജദീദ’, ‘ബൈനൽ ഖസ് റൈൻ’ നോവലുകളിലെ കാമ്പസ് ജീവിതമാണ് ഓർമവന്നത്. ആ കാമ്പസുകൾ വിപ്ലവത്തിന് അടയിരിക്കുകയാണോ? അറിയില്ല.
ഈജിപ്ഷ്യൻ പൗരാണികത തേടി
പൗരാണിക ഈജിപ്തിലെ നിധികൂമ്പാരങ്ങൾ തേടിയുള്ള തിരക്കഥകളിൽ ‘മമ്മി’യും ‘മമ്മി റിട്ടേൺസും’ അടക്കം എത്രയെത്ര സിനിമകളാണ് ഉണ്ടായിട്ടുള്ളത്. എല്ലാത്തിന്റെയും ഏകദേശ കഥാതന്തു ട്രഷർ ഹണ്ട് തന്നെ. പിരമിഡുകളും പുരാവസ്തു കേന്ദ്രങ്ങളും മ്യൂസിയങ്ങളും കൊട്ടാരങ്ങളും കോട്ടകളും പള്ളികളും മറ്റുമായിരുന്നു ഈജിപ്തിനെ അതിന്റെ പൗരാണികതയിൽ കാണാൻ ഞങ്ങൾ തിരഞ്ഞെടുത്തത്.
ഫുസ്ത്വാത്തിലുള്ള NMEC എന്ന നാഷനൽ മ്യൂസിയം ഓഫ് ഈജിപ്ഷ്യൻ കൾചറും അൽമത്ത്ഹഫുൽ മിസ്രി എന്ന തഹ്രീർ സ്ക്വയറിനു തൊട്ടുള്ള ഈജിപ്ഷ്യൻ മ്യൂസിയവും അവയിൽ പ്രധാനമാണ്. NMECയിൽ ഫറോവ യുഗം മുതൽ ആധുനിക കാലം വരെയുള്ള ഈജിപ്തിനെ ചരിത്രത്തിൽനിന്ന് പകുത്തുെവച്ചിരിക്കുകയാണ്. എന്നാൽ, ഈജിപ്ഷ്യൻ ഗാലറിയിൽ പൗരാണിക ഈജിപ്തിനാണ് ഊന്നൽ. ഈ രണ്ടു മ്യൂസിയങ്ങളിലും കോട്ടയിലുമായി ഈജിപ്തിന്റെ ഇന്നെലകളുടെ ഏകദേശ ചിത്രം സഞ്ചാരികളുടെ മുന്നിൽ മറനീക്കി വരും.
സ്വച്ഛമായുറങ്ങുന്ന മമ്മികൾ അവരുടെ ശവപേടകങ്ങൾ, കരിങ്കല്ലിൽ തീർത്ത രാജാക്കന്മാരുടെയും രാജ്ഞികളുടെയും മക്കളുടെയും പ്രതിമകൾ, ഉടയാടകൾ, ആഭരണങ്ങൾ, ആയുധങ്ങൾ, ശിൽപങ്ങൾ, പാപ്പിറസ് ഫലകങ്ങൾ, ചുരുളുകൾ, രാജശാസനകൾ, സിംഹാസനങ്ങൾ, രാജകീയ വാഹനങ്ങൾ, പല്ലക്കുകൾ, നാണയങ്ങൾ, പടയങ്കികൾ, സുവർണ മുഖംമൂടി, പതാകകൾ അങ്ങനെ എന്തെല്ലാം ഏതെല്ലാം ചരിത്ര ശേഷിപ്പുകളാണ് വിവിധ മ്യൂസിയങ്ങളിൽ സന്ദർശകരെ മാടിവിളിക്കുന്നത്.
അവയിൽ ഏറ്റവും പ്രധാനം അമന ഹോതപ്പും തുതൻഖാമൂനും റംസേസ് രണ്ടാമനും അടക്കമുള്ള ഫറോവ ശേഷിപ്പുകളാണ്.
ഫറോവമാരുടെ മമ്മികൾ കാണുകയും അവയെ കുറിച്ചുള്ള വിവരണങ്ങൾ വായിക്കുകയും ചെയ്തപ്പോൾ മഹ്ഫൂസിന്റെ ‘അമാമൽ അർഷ്’ ഒരാവർത്തി കൂടി വായിച്ച പ്രതീതി. ഫ്രഞ്ച് ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഈജിപ്ഷ്യൻ പുരാവസ്തുക്കൾ യൂറോപ്യൻ മാർക്കറ്റുകളിൽ വിൽക്കപ്പെട്ടിരുന്നു. പിന്നീട് ഈജിപ്തിൽ പുരാവസ്തു കൈമാറ്റവും വിൽപനയും നിയമംമൂലം നിരോധിക്കപ്പെട്ടു. അപ്പർ അസ്സ്വാൻ അണക്കെട്ട് നിർമിക്കുന്ന ഘട്ടത്തിൽ യുെനസ്കോ ഇടപെട്ട് വെള്ളത്തിനടിയിൽ അടക്കപ്പെട്ട് നാമാവശേഷമാകുമായിരുന്ന പല പൗരാണിക വസ്തുക്കളും നിർമിതികളും മാറ്റിസ്ഥാപിച്ചിരുന്നു. ആ ഘട്ടത്തിൽ ലഭിച്ച ഇളവിൽ എടുക്കാൻ പറ്റുന്നതൊക്കെ നാടുകടത്തപ്പെട്ടിരുന്നോ?
ഡോ. മുസ്അബിന്റെ കുടുംബത്തോടൊപ്പം ഈജിപ്ഷ്യൻ ഉൾഗ്രാമത്തിൽ
ഈജിപ്തിന്റെ അകം തേടി
അലക്സാൻഡ്രിയയിലേക്കും ബൂർസയിദിലേക്കും മൻസൂറയിലേക്കുമുള്ള യാത്ര ഈജിപ്തിന്റെ ഉൺമതേടിയുള്ള യാത്രയായിരുന്നു. ഉൾഗ്രാമങ്ങൾ, അവിടത്തെ കർഷകർ, അരുവികളിലെ കുളി, പാടത്തിലൂടെയുള്ള യാത്ര, ഒറ്റയടി പാതയിലൂടെയുള്ള നടന്നുപോക്ക് അതെല്ലാം ആസ്വദിക്കണം എന്ന് ഡോ. നജ്മുദ്ദീനും ഡോ. അലി നൗഫലും ഡോ. അബ്ദുൽ മജീദ് ഇ യും തീരുമാനിച്ചുറച്ചിരുന്നു.
കൈറോയിൽനിന്ന് ഇരുനൂറിലധികം കിലോമീറ്റർ ദൂരം വടക്ക് പടിഞ്ഞാറോട്ട് സഞ്ചരിച്ചാലാണ് മെഡിറ്ററേനിയൻ തീരത്തുള്ള അലക്സാൻഡ്രിയയിൽ എത്തുക. വടക്കു കിഴക്ക് മാറി സഞ്ചരിച്ചാൽ ബൂർസയിദിലെത്തും. കൈറോവിൽനിന്ന് വടക്കു മാറി തുടങ്ങുന്ന നൈൽ ഡൽറ്റ തെക്കുനിന്ന് വടക്കോട്ട് മെഡിറ്ററേനിയൻ തീരത്ത് എത്തുമ്പോഴേക്കും താമരരൂപം പ്രാപിക്കുന്നു. ആരെങ്കിലും അവകാശവാദം ഉന്നയിക്കുമോ ആവോ? പിരമിഡ് പോലെ അത്ഭുതകരമാണ് നൈൽ ഡൽറ്റയുടെ നീണ്ടുനിവർന്നുള്ള കിടപ്പ്.
അലക്സാൻഡ്രിയയും പോർട്ട് സൈദുമാണ് ഈജിപ് ഷ്യൻ ഡൽറ്റയുടെ രണ്ടു മെഡിറ്ററേനിയൻ അതിർത്തി പട്ടണങ്ങൾ.
അവക്കിടയിലെ അകലം ഏകദേശം 240 കിലോമീറ്റർ വരും. കൈറോയിൽനിന്ന് 23 കിലോമീറ്റർ വടക്കുമാറി അസ്യൂത്വിൽ (ഇമാം സുയൂത്വിയുടെ നാട്) നൈൽ രണ്ടായി പിരിയുന്നു. അതിലെ റഷീദ് കൈവഴി 239 കിലോമീറ്റർ വടക്ക് പടിഞ്ഞാറോട്ട് ഒഴുകിയാണ് അലക്സാൻഡ്രിയയിൽ എത്തുന്നത്. 245 കിലോമീറ്റർ വടക്ക് കിഴക്ക് ഒഴുകുന്ന ദിംയാത്ത് കൈവഴി പോർട്ട് സൈദിലാണ് കടലിൽ പതിക്കുന്നത്.
കൃഷിയും ഗ്രാമീണതയും
ക്ലിയോപാട്രയുടെ ഭ്രമാത്മക സൗന്ദര്യത്തെ കുറിച്ച് വായിച്ചു കേട്ടിട്ടുണ്ട്. അതിലും മേലെയാണ് ഈജിപ്തിന്റെ മാസ്മരിക സൗന്ദര്യം എന്നു തോന്നിപ്പിക്കുന്നതായിരുന്നു മൻസൂറ, അസ്യൂത്ത്, ജമാലിയ, അലക്സാൻഡ്രിയ, ബൂർ സഈദ്, മറ്റിടങ്ങൾ എന്നിവയിലേക്കുള്ള യാത്രയിലെ ദൃശ്യ വിസ്മയങ്ങൾ. വടക്കേന്ത്യൻ പാടശേഖരങ്ങളെ ഓർമിപ്പിക്കുന്ന പച്ചവിരിച്ച വയലേലകളിൽ ഗോതമ്പും ബാർലിയും വളർന്നുകൊണ്ടിരിക്കുന്നു. മൊത്തം അറബ് രാജ്യ ജനങ്ങളോളമുള്ള ഈജിപ്ഷ്യരെ തീറ്റിപ്പോറ്റാൻ റഷ്യയിൽനിന്ന് ഇപ്പോഴും ഗോതമ്പ് ഇറക്കുമതി ചെയ്യുന്നുണ്ട്. നമുക്ക് ചോറുപോലെ ഈജിപ്ഷ്യർക്ക് ഈശ ഇല്ലാതെ വയ്യ. ഈശയുണ്ടാക്കാൻ ഗോതമ്പുമാവു വേണം.
കരിമ്പ്, മുസംബി, ബുർത്തുഖാൽ, മാങ്ങ, പേരക്ക, മുന്തിരി, കാബേജ്, വാഴ, വഴുതന എന്നിവയുടെ കണ്ണെത്താ ദൂരത്തേക്ക് നീളുന്ന പാടശേഖരങ്ങൾ. അതിനിടയിൽ വലിയ ട്രക്കുകളിൽ കാർഷിക വിഭവങ്ങൾ നിറക്കുന്ന തിരക്കിലാണ് കർഷകരും സഹായികളും. ഇടക്ക് മൺപാതയിലൂടെ ബൈക്ക് ഓടിച്ച് ചെറുപ്പക്കാർ പോകുന്നുണ്ട്. ഒരുപക്ഷേ ബ്രോക്കർമാരാകാം. ഒലിവ് ചെടികളും ചെറുനാരങ്ങ കൃഷിയും ഇതിനെല്ലാം പുറമെ ഡ്രാഗൻ ഫ്രൂട്സും കക്കിരിയും വെള്ളരിയും എല്ലാം ഉണ്ടെന്ന് കൃഷിക്കമ്പക്കാരൻ മജീദ് മാഷ് പറഞ്ഞത് ശരിയാണെന്ന് വണ്ടി നിർത്തി സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി.
ഈന്തപ്പന മരങ്ങളും അവിടവിടെയായി നീണ്ടുനിവർന്നു നിന്നിരുന്നു. നമ്മുടെ നാട്ടിലെ മിനാരങ്ങളെ പോലെ പള്ളിയില്ലാതെ ചെറിയ ചെറിയ എടുപ്പുകൾ കണ്ടു. അതു പ്രാവു വളർത്താനാണെന്നറിഞ്ഞപ്പോൾ ഈജിപ്തുകാരുടെ പക്ഷിസ്നേഹത്തെ നമിച്ചു. പിന്നീടാണ് മനസ്സിലായത് നമുക്ക് കാടപോലെ പ്രാവ് ഇറച്ചി ഈജിപ്ത്കാരുടെ ഇഷ്ട ഭക്ഷണവിഭവമാണെന്ന്. ഈജിപ്തിന് തെക്കുവടക്ക് ഒഴുകുന്ന നൈൽ നദിയെ പ്രയോജനപ്പെടുത്തിയാണ് ഈജിപ്തിലെ കൃഷി സംരംഭങ്ങൾ. ഈജിപ്ത് നൈലിന്റെ ദാനമെന്ന് കെ.ബി. മുഹമ്മദ് മാഷ് പറഞ്ഞത് ഓർമ വന്നു.
ബുർ സയിദിലേക്കുള്ള യാത്രയിൽ നൈൽ ഇല്ലായിരുന്നെങ്കിൽ ഈജിപ്ത് മരുപ്പറമ്പ് എന്ന നഹവിലെ പാഠത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ടു. ഡ്രിപ് ഇറിഗേഷനിലൂടെ മരുഭൂമിയിൽ നനവ് നിലനിർത്തിയാണ് കൃഷിചെയ്യുന്നത്. ഗൾഫ് രാഷ്ട്രങ്ങളിലേക്ക് മാത്രമല്ല ഇന്ത്യയിലേക്ക് വരെ ചില ഈജിപ്ഷ്യൻ കാർഷിക വിഭവങ്ങൾ എത്തുന്നുണ്ട്. കോട്ടന്റെയും കരിമ്പിന്റെയും കാര്യം പറയുകയേ വേണ്ട. ത്വാഹാ ഹുസൈന്റെ ഓർമയുടെ അറകളിൽ ഈജിപ്തിന്റെ കരിമ്പുകൃഷിയെക്കുറിച്ച് സൂചനകളുണ്ട്. അതിവിശാലമായി നീണ്ടുപരന്നുകിടക്കുന്ന മരുഭൂ അദ്ദേഹത്തിന്റെ ദുആഉൽ കർവാനെയും ഓർമിപ്പിച്ചു.
‘അലക്സാൻഡ്രിയയിലെ മിരാമാർ ലോഡ്ജ്’ മഹ്ഫൂസിന്റെ പ്രധാന കൃതിയാണ്. നഷ്ടപ്രതാപത്തിന്റെ പല അടയാളങ്ങളും പേറിയാണ് അലക്സാൻഡ്രിയയുടെ നിൽപ്. ഡാനിയേൽ പ്രവാചകൻ, ലുഖ്മാനുൽ ഹഖീം എന്നിവരുടെ മഖ്ബറകളിൽ ചിലരെ കണ്ടു. ഇമാം ഷാഫിയുടെയും ഇമാം ലൈസിന്റെയും മഖ്ബറകളിൽ സാമാന്യം തിരക്കുണ്ടായിരുന്നു. മറ്റൊരു കോമ്പൗണ്ടിൽ വലിയ മൂന്നു പള്ളികൾ. അതിലൊന്നിൽ ഇമാം ബൂസിരിയുടെ മഖ്ബറ. ഈ മഖ്ബറകൾ കടലുമായി അടുത്തുനിൽക്കുന്ന ബീമാ പള്ളിയെ ഓർമിപ്പിച്ചു. പള്ളിയിൽ സിയാറത്തിനു ഒരു വടക്കേ ഇന്ത്യക്കാരനും എത്തിയിരുന്നു. മെഡിറ്ററേനിയൻ തീരമായതിനാൽ അലക്സാൻഡ്രിയയും ബുർസഈദും കടൽവിഭവങ്ങൾക്ക് പേരുകേട്ട പ്രദേശങ്ങളാണ്.
അലക്സാൻഡ്രിയ
നാലുദിവസംകൊണ്ട് അലക്സാൻഡ്രിയ ലൈബ്രറിയും സൂയസ് കനാലിന്റെ തുടക്കവും സയിദ് ഫോർട്ടും അലക്സാൻഡ്രിയയും ബുർ സഈദും ഉപ്പ് മലയും മനസൂറയും ഓടിച്ചു കണ്ട സന്തോഷത്തിലായിരുന്നു ഞങ്ങൾ. ലോകത്തിലെ പ്രധാന ലൈബ്രറികളിൽ ഒന്നാണ് അലക്സാൻഡ്രിയ ലൈബ്രറി. അവിടെ പൗരാണികതയും ആധുനികതയും ഒരുമിക്കുന്നു. അതിന്റെ പ്രവേശനകവാടം എയർപോർട്ട് പോലെ തോന്നും, അതേ സൗകര്യങ്ങൾ.
ഉള്ളിൽ അപൂർവ ഗ്രന്ഥശേഖരങ്ങൾ, കൈയെഴുത്തു പ്രതികൾ, പ്രാചീന മാതൃകകൾ, പഴയ അച്ചുകൾ, പ്രസുകൾ, ഏറ്റവും ചെറിയ മുസ്ഹഫുകളുടെ വലിയ ശേഖരം, കൂറ്റൻ പുസ്തകങ്ങൾ, പാപ്പിറസ് ചുരുൾ മാതൃകകൾ അങ്ങനെ പലതും കണ്ടു. അൻവർ സാദത്തിന്റെ പവിലിയനിൽ ഇന്ദിര ഗാന്ധിയുമൊത്തുള്ള രണ്ടു ഫോട്ടോകൾ കണ്ടു. ഇന്ത്യൻ നേതാക്കളായ ഗാന്ധിയും നെഹ്റുവും ഇന്ദിരയും ഈജിപ്തിന്റെ ചരിത്രത്തിൽ ഇടംനേടിയവരാണ്.
അലക്സാൻഡ്രിയ ലൈബ്രറിയിലെ ലോക അക്ഷര ഫലകത്തിൽ വലിയ ‘ഉ’ കണ്ടു. ശേഷം അലക്സാൻഡ്രിയ ലൈബ്രറി ഡയറക്ടർ പ്രഫ. മദ്ഹത്ത് ഈസ ഖലഫുമായി ഒരു മണിക്കൂർ നീണ്ട അക്കാദമിക ചർച്ച. പുറത്തിറങ്ങി പുരാതന നഗരമായ അലക്സാൻഡ്രിയ കറങ്ങി കണ്ടു. അകലെനിന്നും മെഡിറ്ററേനിയൻ കടലിൽ സഞ്ചരിക്കുന്നതും നങ്കൂരമിട്ടിരിക്കുന്നതുമായ അനേകം കപ്പലുകൾ ദൃശ്യമായി. ചെറുതും വലുതുമായ പരശതം കപ്പലുകൾ. യുദ്ധം കാരണം എണ്ണം കുറവാണെന്ന് ഗൈഡ് ആലി ഹസൻ പറഞ്ഞു.
ഖൈത്തബി കോട്ട ഒരു പ്രാദേശിക അതിശയ നിർമാണമാണ്. മൂന്നു വശവും കടൽ. ശത്രുക്കളെ പതിയിരുന്നു അക്രമിക്കാവുന്ന ഇടങ്ങൾ. ഉപ്പു തട്ടി ദ്രവിച്ച ഭാഗങ്ങൾ പുതുക്കിപ്പണിയുന്നുണ്ട്. ഈജിപ്തിൽ കോട്ടകൾ, കൊട്ടാരങ്ങൾ എന്നിവ ഇല്ലെങ്കിലാണ് അത്ഭുതം! എന്തുകൊണ്ടെന്നാൽ അതു സംസ്കാരത്തിന്റെ പിള്ള തൊട്ടിലും മാറിമാറി വന്ന നാഗരികതകളുടെ പോറ്റമ്മയുമാണ്.
കോട്ടകളും കൊട്ടാരങ്ങളും മ്യൂസിയങ്ങളായി പരിവർത്തിപ്പിക്കപ്പെട്ടിരിക്കുന്നു. ഞങ്ങൾക്ക് എല്ലാ ഇടങ്ങളും കാണാനായില്ല. കേതാൻ മ്യൂസിയം, ഫിഷ് മ്യൂസിയം. സൈനിക മ്യൂസിയം, മറ്റു കോട്ടകളും കൊട്ടാരങ്ങളും സന്ദർശകരെ ചരിത്രത്തിന്റെ ധാരമുറിയാത്ത കണ്ണിയിലേക്ക് കൊണ്ടുപോകാതിരിക്കില്ല. പല പഴയ യുദ്ധ ഉപകരണങ്ങൾ, യുദ്ധവിമാനങ്ങൾ, കൂറ്റൻ ടാങ്കുകൾ, പീരങ്കികൾ എന്നിവ അവിടെ കാണാം. ചിലയിടത്ത് പ്രദർശനം കാണാൻ ടിക്കറ്റെടുക്കണം. ഓരോന്നും വിശദീകരിച്ചുതരാൻ ആളുണ്ട്.
യുദ്ധതടവറയും കണ്ടു. പൗരാണിക ഫറോവമാർ മാത്രമല്ല ആധുനിക ഫറോവമാരും അവിടെ തടവറയിൽ പലരെയും ഇട്ടിരുന്നു. അതിന്റെ ചില രൂപങ്ങൾ ഉണ്ടാക്കിെവച്ചത് കിളിവാതിലിലൂടെ കാണാം. ഇമാം ഹസനുൽ ബന്ന അവിടെ കിടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ അർഥഗർഭ മൗനം പലതും പറയാതെ പറഞ്ഞു. അതിനാൽ സയ്യിദ് ഖുത്തുബിനെ കുറിച്ചോ, പട്ടാള പീഡനത്തിൽ മരിച്ച മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ശഹീദ് മുർസിയെ കുറിച്ചോ ഒന്നും ചോദിച്ച് അവരെ ബുദ്ധിമുട്ടിക്കാതിരിക്കലായിരിക്കും ബുദ്ധിയെന്ന് തോന്നി.
ഇമാം ബൂസൂരി, അദ്ദേഹത്തിന്റെ ഗുരു അബുൽ അബ്ബാസ് മുർസി എന്നിവരുടെ മഖ്ബറകളിലേക്ക് ജനത്തിന്റെ വലിയ ഒഴുക്കു കണ്ടില്ല. എന്നാൽ, ആഫ്രിക്കയിലെ ആദ്യ മുസ്ലിം ആരാധനാലയമായ അംറുബിനുൽ ആസ് പള്ളിയിൽ ജുമുഅക്ക് കണ്ട സ്ത്രീജന പങ്കാളിത്തം എന്നെ അത്ഭുതപ്പെടുത്തി. മൻസൂറ നമ്മുടെ കുട്ടനാടാണ്. ചെറു തോടുകൾ, പാടവരമ്പുകൾ, വലിയ കനാലുകൾ, കനാലിനു മുകളിലെ ചെറിയ പാലങ്ങൾ. കിർലോസ്കർ പമ്പുകളിലൂടെ ഇടതടവില്ലാതെ പാടങ്ങളിലേക്ക് അടിച്ചുവിടുന്ന തോട്ടിലെ വെള്ളം. കനാലും ചെറു തോടുകളും പ്ലാസ്റ്റിക് വെയ്സ്റ്റുകളാൽ സമൃദ്ധം.
തോടുകളിൽനിന്നും ചിലയിടങ്ങളിൽ ചളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും കോരി ഇട്ടിട്ടുണ്ട്. പട്ടണങ്ങൾക്ക് മാത്രമല്ല, ഗ്രാമങ്ങൾക്കും ലോകത്തെവിടെയും ഒരേ ഭാവം. സിറ്റിയിലെ റോഡരികിൽ ഉടനീളം നിർത്തിയിട്ടിരിക്കുന്ന ഇന്ത്യൻ ബജാജ് ഓട്ടോകൾ. ഞങ്ങൾ കാലിക്കറ്റ് യൂനിവേഴ്സിറ്റി ബസ് സ്റ്റോപ്പിൽ തിരിച്ചെത്തിയോ എന്ന് ഒരുമാത്ര സംശയിച്ചുപോയി. നമ്മുടെ ഓട്ടോകളും ഈജിപ്തിലെ ഓട്ടോകളും തമ്മിൽ ഒരൊറ്റ വ്യത്യാസം മാത്രം. ഈജിപ്തിലെ ഓട്ടോകൾ വീർത്തുകെട്ടി നിൽക്കുകയാണ്. ചൂടു കുറക്കാനുള്ള തന്ത്രമാണ് ആ വീർപ്പിക്കൽ. ഓട്ടോകൾക്ക് നമ്പർപ്ലേറ്റ് കണ്ടില്ല. പെട്രോളിനു നന്നേ വിലക്കുറവ് ആയതിനാൽ ഗതാഗതം വളരെ ചീപ്പായി തോന്നി. പൊതു ടാക്സികളും നമ്മുടേതുപോലുള്ള ലോ ഫ്ലോർ ബസുകളും ട്രെയിനുകളും ചങ്ങാടങ്ങളും ഈജിപ്തിനെ തെക്കുവടക്കും കിഴക്കു പടിഞ്ഞാറും യോജിപ്പിക്കുന്നുണ്ട്.
പിന്നെയും യൂനിവേഴ്സിറ്റികൾ
കൈറോ, അഹ്റാം, കനേഡിയൻ, അയിൻ ശംസ് യൂനിവേഴ്സിറ്റികളിലും ഗംഭീര സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. ഈജിപ്ഷ്യൻ അറബിക് ലാംഗ്വേജ് അക്കാദമിയിലെ സ്വീകരണം മറക്കാനാവില്ല. അതിന്റെ ജനറൽ സെക്രട്ടറിയും മുഖ്യ കാര്യദർശിയുമായ പ്രഫ. അബ്ദുൽ ഹമീദ് മദ്കൂർ, (അദ്ദേഹം കേരളത്തിൽ താമസിച്ച് അക്കാദമിക പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്) വിവിധ വകുപ്പ് മേധാവികൾ, ഗവേഷകർ എല്ലാം ചർച്ചയിൽ പങ്കെടുക്കാൻ അക്കാദമിയുടെ ആസ്ഥാനത്തുണ്ടായിരുന്നു.
ചർച്ച ലൈവായി ഓൺലൈനിൽ ലഭ്യമായിരുന്നു. അതിനവിടെ സ്ഥിര സംവിധാനമുണ്ട്. വിനോദ വിജ്ഞാന യാത്ര ഉദ്ദേശിക്കുന്ന ഏതു പ്രായക്കാരനും നല്ലൊരു ഡെസ്റ്റിനേഷനാണ് ഈജിപ്ത്. അറബി ഭാഷ പഠിക്കുന്ന വിദ്യാർഥികളും പഠിപ്പിക്കുന്ന അധ്യാപകരും ഒരിക്കലെങ്കിലും ഈജിപ്തിനെ കണ്ടറിയണം.
===========
(കാലിക്കറ്റ് യൂനിവേഴ്സിറ്റി ഭാഷാ സാഹിത്യ വിഭാഗം ഡീനാണ് ഡോ. മൊയ്തീൻ കുട്ടി എ.ബി. മമ്പാട് എം.ഇ.എസ് കോളജ് ഐ.ക്യു.എ.സി കോഓഡിനേറ്ററാണ് ഡോ. സാബിക് എം.കെ.)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.