റഷ്യയുടെയും ചൈനയുടെയും ഇടക്കുള്ള മംഗോളിയയിലൂടെ, നാട്ടിൻപുറങ്ങളിലൂടെ, സംസ്കാരത്തിലൂടെ ഒറ്റക്ക് സഞ്ചരിക്കുകയാണ് എഴുത്തുകാരികൂടിയായ ലേഖിക. നാടോടിജീവിതം അറിഞ്ഞുള്ള യാത്രയിൽ അവിചാരിതമായ പല കൂടിക്കാഴ്ചകളും അനുഭവങ്ങളും നിറയുന്നു.
മംഗോളിയന്‍ തലസ്ഥാനമായ ഉലാന്‍ ബാത്തറിലെ ചെങ്കിസ് ഖാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത് രാത്രിയില്‍ പന്ത്രണ്ടു മണിക്കാണ്. പുതിയ രാജ്യം. അതിനേക്കാൾ ഒരുപാട് കാലമായി കാണണം എന്നാഗ്രഹിച്ച സ്വപ്‌ന രാജ്യത്തില്‍ എത്തിയതിന്റെ സന്തോഷംകൊണ്ട് മനസ്സ് തുള്ളിച്ചാടി. വിമാനത്തിൽ മുന്‍നിര സീറ്റ് ലഭിച്ചതിനാല്‍ ഇമിഗ്രേഷനില്‍ ക്യൂ ഉണ്ടായിരുന്നില്ല. അഞ്ചു മിനിറ്റുകൊണ്ട് ബാഗ് വരുന്ന സ്ഥലത്തെത്തി. ചെറിയൊരു മുറി.
ഞാന്‍ തുവ്ശിയെ പരതി. എവിടെയും കണ്ടില്ല. അൽപം ആശ്വാസം തോന്നി. ബാഗ് വന്നയുടനെ ഞാന്‍ സ്ഥലം കാലിയാക്കി. പുറത്തുകടന്നതും അനാര്‍ എന്നെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നു. ഫോട്ടോയില്‍ കാണുന്നതിലും സുമുഖന്‍. ഉയരം കൂടിയ, മെലിഞ്ഞ ശരീരം. കുറച്ചുനാളായി നിരന്തരം മെസേജ് ചെയ്തിരുന്നതിനാല്‍ ഒട്ടും അപരിചിതത്വം തോന്നിയില്ല. അദ്ദേഹത്തിന്റെ സുഹൃത്ത് വണ്ടിയുമായി ഉടന്‍ വരും. അതുവരെ അവിടെ അടുത്തുള്ള കസേരയില്‍ ഇരുന്നോളാന്‍ പറഞ്ഞു. ഞാന്‍ തുവ്ശിയുടെ കണ്ണില്‍പെടാതിരിക്കാന്‍ അൽപം ദൂരെ മാറിയിരുന്നു.
റഷ്യയുടെയും ചൈനയുടെയും ഇടക്കുള്ള രാജ്യമാണ് മംഗോളിയ. എന്നാല്‍, ഇന്ത്യയില്‍നിന്ന് ഇങ്ങോട്ടേക്ക് നേരിട്ട് വിമാനമില്ല. കൊച്ചിയില്‍നിന്ന് ഹോങ്കോങ്. അവിടെനിന്ന് ഉലാന്‍ ബാത്തറിലേക്ക് വിമാനം കയറണം. ഹോങ്കോങ്ങില്‍നിന്നുള്ള ൈഫ്ലറ്റില്‍ തൊട്ടടുത്തിരുന്നത് തുവ്ശിയും ഭാര്യയുമാണ്. നേരിട്ട് പരിചയപ്പെടുന്ന ആദ്യത്തെ മംഗോളിയക്കാര്‍ അവരായിരുന്നു. ഞാന്‍ വായനയില്‍ മുഴുകാന്‍ ശ്രമിച്ചപ്പോഴൊക്കെ തുവ്ശി ഓരോ കാര്യങ്ങള്‍ ചോദിച്ചു.
ഒറ്റക്കുള്ള യാത്രകളെ പറ്റി, ഇന്ത്യയെ പറ്റി, കണ്ട രാജ്യങ്ങളെ പറ്റി... ചോദ്യങ്ങള്‍ക്ക് ഒരു ക്ഷാമവും ഇല്ല. അങ്ങോട്ടൊന്നും ചോദിക്കാതെ തന്നെ മംഗോളിയയെ കുറിച്ചുള്ള കുറേ ഉപദേശങ്ങളും തന്നു –നിങ്ങള്‍ കുതിരപ്പാല്‍ കുടിക്കുമ്പോള്‍ സൂക്ഷിക്കണം. വയറിളകാന്‍ സാധ്യതയുണ്ട്. സിം എടുക്കുന്നെങ്കില്‍ യൂണിടെല്‍ എടുത്താല്‍ മതി. അതാകുമ്പോള്‍ എവിടെ പോയാലും റേഞ്ച് കിട്ടും. മാപ് മി ആപ്പ് ഉപയോഗിച്ചാല്‍ നിങ്ങള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ അറിയാം... എന്റെ ടൂര്‍ മൊത്തം മുന്‍കൂട്ടി ഏര്‍പ്പാടാക്കി വെച്ചിരുന്നതുകൊണ്ടും എല്ലാ കാര്യങ്ങളും നോക്കാന്‍ അനാര്‍ ഉള്ളതുകൊണ്ടും തുവ്ശി പറയുന്നത് ഒന്നും കാര്യമായി കേള്‍ക്കാന്‍ മിനക്കെട്ടില്ല. മാത്രമല്ല, വായന മുടങ്ങുന്നതില്‍ ചെറിയ നീരസവും തോന്നി.
ഇറങ്ങാന്‍ നേരം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് എന്റെ കൈയില്‍ തന്നു. എന്നെ അതില്‍ ആഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് എന്നൊരു ഓപ്ഷന്‍ ഉണ്ടെന്ന് സ്വയം ആശ്വസിപ്പിച്ച് പറഞ്ഞത് ചെയ്തുകൊടുത്തു. പുള്ളിക്കാരന്റെ നമ്പര്‍ എന്റെ ഫോണില്‍ നിര്‍ബന്ധിച്ചു ചേര്‍ക്കുകയുംചെയ്തു. എന്താവശ്യം ഉണ്ടെങ്കിലും പുള്ളിയെ വിളിക്കാമെന്നും പറഞ്ഞു. കൂടെ അനാര്‍ ഉള്ളതുകൊണ്ട് ഒരാവശ്യവുമില്ല എന്ന് പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല. ബാഗ് എടുക്കുന്നിടത്ത് കാണാമെന്നു പറഞ്ഞു ഞാന്‍ വേഗം അവിടെനിന്നിറങ്ങി.
മംഗോളിയയില്‍ ഒറ്റക്ക് സഞ്ചരിക്കുക എളുപ്പമല്ല. ഇന്ത്യയുടെ പകുതി വലുപ്പമുള്ള രാജ്യമാണ്. എന്നാല്‍, ഇന്ത്യന്‍ ജനതയുടെ അഞ്ചു ശതമാനം മാത്രമാണ് അവിടത്തെ ജനസംഖ്യ. മുപ്പതു ലക്ഷം ആളുകളില്‍ പകുതിയോളം താമസിക്കുന്നത് തലസ്ഥാനത്താണ്. ബാക്കിയുള്ള പകുതിയാണ് മറ്റിടങ്ങളിലായി താമസിക്കുന്നത്. അവരില്‍ ഏറിയപങ്കും നാടോടികളാണ്.
അതുകൊണ്ട് തലസ്ഥാനമായ ഉലാന്‍ ബാത്തര്‍ വിട്ടാല്‍ പൊതുഗതാഗതം എന്നൊന്നില്ല. സ്വകാര്യ വാനുകളാണ് ആളുകളെ പല സ്ഥലങ്ങളില്‍ എത്തിക്കുന്നത്. അതിന് കൃത്യസമയമെന്നൊന്നില്ല. ആളുകളാരും, പ്രത്യേകിച്ചു ഗ്രാമങ്ങളിലുള്ളവര്‍, ഇംഗ്ലീഷ് സംസാരിക്കില്ല എന്നതും വലിയ പ്രശ്നമാണ്. ഏതെങ്കിലും ടൂര്‍ ഗ്രൂപ്പിന്റെ ഒപ്പം ചേരുകയാണ് സുരക്ഷിതം. അതുകൊണ്ട് യാത്ര പ്ലാൻ ചെയ്തപ്പോൾ സ്വന്തമായി തേടിപ്പിടിച്ചു യാത്രചെയ്യുന്ന പതിവ് ശൈലിയില്‍നിന്ന് മാറി ടൂര്‍ ഏജന്റിനെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു.
ഫേസ്ബുക്കിലെ മംഗോളിയ യാത്ര ഗ്രൂപ്പുകളില്‍ ടൂര്‍ കമ്പനികളും ഏജന്റുകളും സജീവമാണ്. എനിക്ക് കാണേണ്ട സ്ഥലങ്ങളുടെ പട്ടിക ഉണ്ടാക്കി, യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഡേറ്റും ന്യായമെന്ന് എനിക്ക് തോന്നിയ റേറ്റും വെച്ച് സഹായം അഭ്യർഥിച്ച് ഗ്രൂപ്പില്‍ ഒരു പോസ്റ്റ് ഇട്ടു. പലരും ബന്ധപ്പെട്ടെങ്കിലും റേറ്റ് വളരെ കൂടുതലായിരുന്നു. ചെലവ് ഞാന്‍ വിചാരിച്ചതിലും കൂടുതലാകുമെന്നു ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് ആ മെസേജ് വരുന്നത്. ‘‘ഞാന്‍ അനാര്‍. എനിക്ക് സ്വന്തമായി ടൂര്‍ കമ്പനിയുണ്ട്. ടൂറിസം വകുപ്പിനുവേണ്ടി ഫോട്ടോ, വിഡിയോ ഒക്കെ എടുക്കാറുണ്ട്.
നിങ്ങള്‍ പറഞ്ഞ റൂട്ടില്‍ എനിക്ക് എന്റെ ഭാര്യയെയും കുഞ്ഞിനെയുംകൊണ്ട് യാത്ര ചെയ്യാന്‍ താൽപര്യമുണ്ട്. എനിക്ക് കുറച്ചു ഷൂട്ട് ചെയ്യാനുമുണ്ട്. നിങ്ങളുടെ യാത്ര, താമസം, ഭക്ഷണ ചെലവ് എല്ലാം ഞാന്‍ നോക്കിക്കോളാം. നിങ്ങള്‍ പോസ്റ്റില്‍ പറഞ്ഞ പൈസ എനിക്ക് തന്നാല്‍ മതി. പലയിടത്തും എനിക്ക് താമസം സൗജന്യമാണ്. അതുകൊണ്ട് എനിക്ക് നഷ്ടമില്ല. അല്ലാതെ നിങ്ങള്‍ പറഞ്ഞ തുകക്ക് വേറെ ടൂര്‍ കിട്ടുകയില്ല.’’
ഞാന്‍ ആ മെസേജ് പലതവണ വായിച്ചു. അയാള്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. എന്റെ റേറ്റിന് വേറെ ആരും ചെയ്യാമെന്ന് ഏറ്റിട്ടില്ല. അനാര്‍ പറഞ്ഞത് വെച്ചാണെങ്കില്‍ ബാക്ക്പാക്കിങ്ങിനായി മാറ്റിവെച്ച ചെറിയ പൈസക്ക് പ്രൈവറ്റ് കാറും ഗൈഡും ട്രാന്‍സ് ലേറ്ററും ലഭിക്കും. ഒരു മംഗോളിയന്‍ കുടുംബത്തിനൊപ്പം രാജ്യം മൊത്തം കറങ്ങുക. ഇതിലും വലിയ ഓഫര്‍ സ്വപ്‌നങ്ങളില്‍ മാത്രം. എങ്കിലും ഒരപരിചിതനെ പൂര്‍ണമായും വിശ്വസിക്കാന്‍ തോന്നിയില്ല. കുറ്റവാളിയെ പൊലീസ് ചോദ്യംചെയ്യുന്നപോലെ ഒരായിരം ചോദ്യങ്ങള്‍ ചോദിച്ചു.
എല്ലാത്തിനും തൃപ്തികരമായ മറുപടിയാണ് തന്നത്. ഐഡി പ്രൂഫ് ചോദിച്ചപ്പോള്‍ ഉടന്‍ അയച്ചുതന്നു. അതോടെ എന്റെ സംശയമെല്ലാം മാറി. അടുത്ത കൂട്ടുകാരോട് മാത്രം ഈ വിവരം പങ്കുവെച്ചു. എല്ലാവര്‍ക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, ‘‘പരിചിതമല്ലാത്ത രാജ്യം. ഓണ്‍ലൈനില്‍ പരിചയപ്പെട്ട ആള്‍. സൂക്ഷിക്കണം. പക്ഷേ, പറയാതെ വയ്യ. യാത്രകളുടെ കാര്യത്തില്‍ നീ ഭാഗ്യവതിയാണ്. നല്ല അനുഭവങ്ങള്‍ നിന്നെ തേടിവരുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് ചെറിയ അസൂയ ഇല്ലാതെയില്ല.’’
പിന്നീടുള്ള ദിവസങ്ങളില്‍ അനാര്‍ ഇതില്‍നിന്ന് പിന്മാറുമോ എന്നുള്ള ഉള്‍ഭയമായിരുന്നു. എന്നും എന്തെങ്കിലും പറഞ്ഞു ഞാന്‍ മെസേജ് അയക്കും. എല്ലാത്തിനും കൃത്യമായ മറുപടി കിട്ടുമായിരുന്നു. ഇടക്ക് അനാര്‍ ഏതോ ഒരു ഗ്രാമത്തിലേക്ക് യാത്ര പോയപ്പോള്‍ രണ്ടു ദിവസം മെസേജുകളൊന്നും വന്നില്ല. അന്ന് ടെന്‍ഷന്‍ അടിച്ചതിനു കൈയും കണക്കുമില്ല. കാമുകന്‍ പിരിഞ്ഞു പോയതിന്റെ വിഭ്രാന്തി എന്ന് പറഞ്ഞാണ് സതീഷ് കളിയാക്കിയത്. തിരിച്ചെത്തിയപ്പോള്‍ അനാര്‍ ദൃഢമായി പറഞ്ഞത്, ‘‘ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തന്നതാണ്. ഈ യാത്രയില്‍നിന്ന് ഞാന്‍ പിന്മാറില്ല.
നിങ്ങള്‍ വെറുതെ ടെന്‍ഷനടിക്കേണ്ട’’ എന്നാണ്. ഇനി വെറുതെ അനാറിനെ സംശയിക്കില്ല എന്ന് തീരുമാനിച്ചു. യാത്ര പുറപ്പെടുന്നതിനു ഒരാഴ്ച മുമ്പ് അനാറിന്റെ ഭാര്യ പനിപിടിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയി. രണ്ടു ദിവസം കഴിഞ്ഞു ഡിസ്ചാര്‍ജ് ആയെങ്കിലും അവര്‍ക്ക് യാത്ര ചെയ്യാനുള്ള ആരോഗ്യം ഇല്ലായിരുന്നു. അവര്‍ക്ക് പകരം യാത്രയില്‍ വണ്ടി ഓടിക്കാന്‍ സഹായിക്കാന്‍ ഒരു കൂട്ടുകാരനെ അനാര്‍ ഏര്‍പ്പാടാക്കി. ഇതിനകം അനാര്‍ ഒരു സുഹൃത്തായി മാറിയതിനാല്‍ അപരിചിതരായ ആണുങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നതില്‍ ഭീതി തോന്നിയില്ല.
പഴയ കാര്യങ്ങള്‍ ഒാർക്കുേമ്പാഴേക്ക് അനാര്‍ വണ്ടി എത്തി എന്ന് പറഞ്ഞുകൊണ്ട് എന്നെ പുറത്തേക്ക് കൂട്ടി. ഒരു യാത്രയിലും എയര്‍പോര്‍ട്ടില്‍ എന്നെ ആരും വന്നു കൂട്ടിക്കൊണ്ടു പോയിട്ടില്ല. സ്വന്തമായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ആത്മവിശ്വാസം ഒന്നു വേറെതന്നെയാണ്. ഇതിപ്പോള്‍ തിരിച്ചു എയര്‍പോര്‍ട്ടില്‍ എത്തുന്ന വരെ എല്ലാ കാര്യങ്ങളും അനാറിന്റെ ഉത്തരവാദിത്തമാണ്. വെല്ലുവിളികള്‍ ഒന്നുമില്ലാത്ത യാത്ര വിരസമാകാന്‍ ഇടയുണ്ട്. എല്ലാം ഏജന്റിനെ ഏൽപിക്കേണ്ടിയിരുന്നില്ല.
ഉറ്റുനോക്കിയിരുന്ന യാത്രയോടു ചെറിയ മടുപ്പു തോന്നി. യാത്രാക്ഷീണവും ഉറക്കച്ചടവും കാര്യങ്ങള്‍ വഷളാക്കി. വിമാനത്താവളത്തിൽനിന്ന് ഉലാന്‍ ബാത്തര്‍ പട്ടണത്തിലേക്ക് അമ്പതു കിലോമീറ്ററില്‍ അധികമുണ്ട്. ഹൈവേ വിജനമാണ്. വഴിവിളക്കുകളില്ല. കുറച്ചുദൂരം യാത്രചെയ്ത ശേഷം പെട്ടെന്ന് ഡ്രൈവര്‍ വണ്ടി വഴിയരികില്‍ ഒതുക്കി. ‘‘എന്റെ ഒരു സുഹൃത്ത് നമ്മള്‍ക്കൊപ്പം സിറ്റിയിലേക്ക് വരുന്നു.
അവനുവേണ്ടി ഒരഞ്ചു മിനിറ്റ് കാത്തിരിക്കുന്നതില്‍ വിരോധമില്ലല്ലോ’’, അനാര്‍ എന്നോട് പറഞ്ഞു. അതിനിടെ ഡ്രൈവര്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരിമാറ്റി. വേനല്‍ക്കാലമാണെന്നുള്ളത് ശരിതന്നെ. പക്ഷേ, അയാളുടെ പ്രവൃത്തി എനിക്ക് ഇഷ്ടപ്പെട്ടില്ല. കണ്ണുംപൂട്ടി അനാറിനെ വിശ്വസിച്ചിറങ്ങാന്‍ തോന്നിയ നിമിഷത്തെ പഴിച്ചു. അൽപം കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ പിന്‍സീറ്റില്‍ വന്നിരുന്നു. വീണ്ടും യാത്ര തുടര്‍ന്നു. വിജനമായ വഴികൾ പിന്നിട്ടശേഷം ഒടുവിൽ ദൂരെ പട്ടണത്തിലെ കെട്ടിടങ്ങളില്‍നിന്നുള്ള വെളിച്ചം കണ്ടുതുടങ്ങിയപ്പോഴാണ് ആശ്വാസമായത്.
‘‘ഫ്രാന്‍സില്‍നിന്നുള്ള എന്റെ ഒരു സുഹൃത്തും അയാളുടെ കൂട്ടുകാരനും നമുക്കൊപ്പം വരുന്നുണ്ട്. നിങ്ങള്‍ക്ക് മൂന്നുപേര്‍ക്കും തൽക്കാലം താമസിക്കാന്‍ ഞാന്‍ ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട്’’, അനാര്‍ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത്. തലേന്ന് മെസേജ് ചെയ്യുമ്പോള്‍പോലും പുതിയ രണ്ടുപേരെ കുറിച്ച് എന്നോട് സൂചിപ്പിച്ചിരുന്നില്ല. റോഡ് ട്രിപ്പ് തുടങ്ങുന്നവരെയുള്ള രണ്ടുദിവസം അനാറിന്റെ ഓഫിസിലുള്ള അതിഥിമുറിയില്‍ താമസിക്കാം എന്നായിരുന്നു പറഞ്ഞുവെച്ചത്. ‘‘അവര്‍ രണ്ടാളും ഒരുപാട് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ചെങ്കിസ് ഖാന്‍ അന്താരാഷ്ട്ര വിമാനത്താവളം
നിങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. നിങ്ങള്‍ക്കാണ് മുന്‍ഗണന. നിങ്ങള്‍ക്ക് പോകണമെന്ന് പറഞ്ഞ സ്ഥലങ്ങളാണ് ട്രിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവരെ കൂടെ കൂട്ടുന്നു എന്നേയുള്ളൂ’’ ആദ്യം പറഞ്ഞ കാര്യങ്ങളില്‍നിന്ന് വ്യതിചലിക്കുന്നു എന്നുള്ളത് ശുഭസൂചകമായി തോന്നിയില്ല. പക്ഷേ, രാത്രി ഒരു മണിക്ക് അയാളോട് തര്‍ക്കിക്കാനുള്ള ആരോഗ്യമെനിക്കില്ലായിരുന്നു. എന്തുമാകട്ടെ എന്ന് കരുതി മിണ്ടാതിരുന്നു.
ഒരു റെസിഡന്‍ഷ്യല്‍ ഫ്ലാറ്റിന് മുന്നില്‍ വണ്ടി നിര്‍ത്തി. അനാര്‍ മുന്നേ നടന്നു. ഞാന്‍ ബാഗുമായി പിന്തുടര്‍ന്നു. ഏഴാം നിലയിലെ ഒരു അപ്പാര്‍ട്‌മെന്റിന്റെ മുന്നില്‍ ചെന്നെത്തി. കാളിങ് ബെല്‍ അടിച്ചിട്ട് ആരും വാതില്‍ തുറക്കുന്നില്ല. അനാര്‍ ഫോണ്‍ വിളിച്ചുനോക്കി. ഉത്തരമില്ല. പത്തു മിനിറ്റ് ആ പ്രക്രിയ തുടര്‍ന്നു. ഒടുവില്‍ ഒരാള്‍ വാതില്‍ തുറന്നു. അനാറിനെക്കാള്‍ ഉയരമുള്ള ദൃഢഗാത്രന്‍. ബെര്‍മൂഡയും ടീഷര്‍ട്ടുമാണ് വേഷം. അനാര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തി. യാസ് എന്നാണ് പേര്. അൽജീരിയന്‍ സ്വദേശിയാണ്. ഇപ്പോള്‍ ഫ്രാന്‍സിലാണ് താമസം. ഉറങ്ങിപ്പോയതിനു യാസ് ക്ഷമ ചോദിച്ചു. നല്ല ക്ഷീണമായതിനാല്‍ കൂടുതല്‍ സംസാരിച്ചില്ല. അനാര്‍ ചൂണ്ടിക്കാട്ടിയ മുറിയില്‍ പോയി ഷൂ അഴിച്ചു കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ ആറുമണിക്ക് എഴുന്നേറ്റു. യാസിന്റെ സുഹൃത്ത് അവിടെ വന്നിട്ടുണ്ടായിരുന്നു. ഉയരം കുറഞ്ഞു നല്ല ഒന്നാന്തരം കുടവയറനായ ഫ്രഞ്ചുകാരൻ ബ്രൂണോ. യാസ് ചായ ഉണ്ടാക്കി. ഞങ്ങള്‍ മൂന്നുപേരും സ്വീകരണമുറിയിലെ ടീപോയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചു.
അടുത്ത ദിവസം തുടങ്ങാനിരിക്കുന്ന റോഡ് ട്രിപ്പാണ് വിഷയം. അവര്‍ക്ക് രണ്ടാള്‍ക്കും എങ്ങോട്ടാണ് പോകുന്നത് എന്നതിനെ പറ്റി ധാരണയുണ്ടായിരുന്നില്ല. യാസ് ഏതോ യാത്രക്കിടയില്‍ വെച്ചാണ് അനാറിനെ പരിചയപ്പെട്ടത്. റോഡ്ട്രിപ്പിനു കൂടെ കൊണ്ടുപോകാമെന്ന് പറഞ്ഞു കൂട്ടിയതാണ്. റേറ്റ് കുറവായതുകൊണ്ട് യാസ് സുഹൃത്തായ ബ്രൂണോയെ വിളിച്ചുവരുത്തി. എന്നോട് പറഞ്ഞതിന്റെ പകുതി റേറ്റ് ആണ് അവരോടു പറഞ്ഞത്. ഞാന്‍ അപ്പോള്‍തന്നെ അനാറിനു മെസേജ് അയച്ചു. ഒരു വണ്ടിയില്‍ പല റേറ്റിന് ആളുകളെ കൊണ്ടുപോകുന്നത് മര്യാദയല്ല എന്ന് തുറന്നടിച്ചു.
പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ അനാര്‍ നേരിട്ടെത്തി. എന്നെ മാറ്റിനിര്‍ത്തി ആശ്വസിപ്പിച്ചു. ‘‘നിങ്ങള്‍ക്ക് മാത്രമാണ് മുന്‍ഗണന’’, അനാര്‍ ആവര്‍ത്തിച്ചു. ‘‘അവരുടെ റേറ്റില്‍ ഭക്ഷണം ഉള്‍പ്പെടില്ല. എനിക്ക് ഒരു മുന്‍ഗണനയും വേണ്ട. അവര്‍ യാത്രചെയ്യുന്ന റേറ്റിലേ ഞാനും യാത്ര ചെയ്യൂ.’’ ഞാന്‍ കടുപ്പിച്ചു പറഞ്ഞു. ആദ്യം തര്‍ക്കിച്ചെങ്കിലും അവസാനം അനാര്‍ സമ്മതിച്ചു. വണ്ടിയുടെ ടയര്‍ മാറ്റേണ്ടതുകൊണ്ട് പകുതി പൈസ ഉടനടി വേണമെന്ന് പറഞ്ഞു. എന്റെ കൈയില്‍ ഡോളര്‍ ആയിരുന്നു ഉണ്ടായിരുന്നത്.
അനാർ എന്നെ കൂട്ടി അടുത്തുള്ള ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ പോയി. ഒരു ഡോളറിനു മൂവായിരത്തിയഞ്ഞൂറു ടുഗ്രുക് ലഭിക്കും. ആയിരം ഡോളര്‍ മാറ്റിയപ്പോള്‍ കുറെ യേറെ നോട്ടുകെട്ടുകള്‍ ലഭിച്ചു. പകുതി അനാറിനു കൊടുത്തു. എന്നെ തിരിച്ചു ഫ്ലാറ്റിലാക്കിയിട്ട് യാത്രക്കുള്ള തയാറെടുപ്പുകള്‍ക്കായി അനാര്‍ പോയി.
ഫ്ലാറ്റില്‍ കയറി ചെന്നപ്പോള്‍ യാസും ബ്രൂണോയും ഭക്ഷണം കഴിക്കുന്നു. അവര്‍ എന്നെയും ക്ഷണിച്ചു. ഞങ്ങളുടെ സംസാരം വീണ്ടും അനാറില്‍ എത്തിച്ചേര്‍ന്നു. ‘‘എനിക്ക് അവനെ അത്ര വിശ്വാസം പോരാ. അവന്‍ നാളെ വരുമെന്നുള്ള കാര്യത്തിനും എനിക്കുറപ്പില്ല’’, ബ്രൂണോ പറഞ്ഞു. ‘‘ഏയ്, അവന്‍ അങ്ങനെ ചെയ്യില്ല. നമ്മുടെ പൈസ വാങ്ങിയതല്ലേ...’’ യാസ് എതിര്‍ത്തു. ഞാന്‍ മാത്രം ഒരഭിപ്രായവും പറഞ്ഞില്ല. കാരണം അനാര്‍ എന്നെ പറ്റിച്ചു എന്ന് എന്തുകൊണ്ടോ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. ‘‘ഏതായാലും മുന്നൂറ് ഡോളര്‍ മംഗോളിയയുടെ ഉന്നമനത്തിനായി സംഭാവന നല്‍കിയെന്ന് ഞാന്‍ ആശ്വസിക്കുവാണ്,’’ ബ്രൂണോ ചിരിച്ചുകൊണ്ട് പറഞ്ഞു.
അപ്പോഴാണ് അവര്‍ രണ്ടാളും മുന്നൂറ് ഡോളര്‍ കൊടുത്തൊള്ളൂ എന്ന് മനസ്സിലാക്കുന്നത്. ഞാന്‍ മാത്രമായിരുന്നു അഞ്ഞൂറ് കൊടുത്തത്. അവരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ബ്രൂണോ ആശ്വസിപ്പിച്ചു. ‘‘വിഷമിക്കണ്ട. ഞങ്ങളുണ്ട് കൂടെ. അവന്‍ വരാതിരുന്നാല്‍ നമുക്ക് പൊലീസ് സ്റ്റേഷനില്‍ പോകാം. ഒന്നുകൊണ്ടും പേടിക്കണ്ട.’’ എനിക്ക് കടുത്ത നിരാശയാണ് തോന്നിയത്. അഞ്ഞൂറ് ഡോളര്‍ പോയെന്ന് മനസ്സിലുറപ്പിച്ചു. ബ്രൂണോ യാത്രയില്‍വെച്ച് തന്നെ ആളുകള്‍ പറ്റിക്കാന്‍ ശ്രമിച്ചതും അതിനെ നേരിട്ട വിധവുമൊക്കെ പറഞ്ഞു. പ്രശ്നമുണ്ടായാല്‍ ഇത്രയും പരിചയസമ്പന്നരായ യാത്രികര്‍ കൂടെ ഉള്ളത് എന്തുകൊണ്ടും നല്ലതാണ് എന്നു ഞാനും കരുതി.
യാസ് യാത്രാപദ്ധതിയെ പറ്റി വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ട് അനാറിനു മെസേജ് അയച്ചു. വളരെ പരുഷമായ മറുപടിയാണ് ലഭിച്ചത്. ‘‘എപ്പോള്‍ ഇറങ്ങുമെന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല. വണ്ടിയുടെ പണി കഴിഞ്ഞാലേ പോകാന്‍ പറ്റൂ. ചിലപ്പോള്‍ ഉച്ചയാകും. ഇറങ്ങാന്‍ സമയമാകുമ്പോള്‍ അറിയിച്ചോളാം. ആരും ഇടക്കിടക്ക് എന്നേ വിളിച്ചു ശല്യംചെയ്യണ്ട.’’ ഇതു കണ്ടതും ഞാന്‍ അനാറിനു മെസേജ് അയച്ചു. ‘‘എനിക്ക് നിങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്.
എന്റെ പൈസ തിരികെ കിട്ടിയാല്‍ ഞാന്‍ എന്റെ വഴിക്ക് പൊക്കോളാം.’’ ഉടന്‍ മറുപടി കിട്ടി, ‘‘നിങ്ങള്‍ തന്ന പൈസകൊണ്ട് ടയര്‍ വാങ്ങി. പൈസ തിരികെ തരാന്‍ പറ്റില്ല. നിങ്ങള്‍ക്ക് പോകണമെങ്കില്‍ പോകാം.’’ അനാറിന്റെ തനിനിറം അതോടെ വ്യക്തമായി. തുടര്‍ന്നുള്ള ദിവസങ്ങള്‍ ഈ മനുഷ്യന്റെ കൂടെ എങ്ങനെ യാത്രചെയ്യും എന്ന ആധിയായി. കൊടുത്ത പൈസ മുതലാകുന്നവരെയെങ്കിലും അനാറിനൊപ്പം സഞ്ചരിേച്ച മതിയാകൂ. മനസ്സിനെ അത്തരുണത്തില്‍ പാകപ്പെടുത്താന്‍ ശ്രമിച്ചു.
കുറച്ചു നേരം വെറുതെ കട്ടിലില്‍ പോയി കിടന്നു. വല്ലാത്തൊരു ഭയം മനസ്സിനെ ഗ്രസിച്ചു. ജീവിതത്തില്‍ കുറച്ചൊക്കെ ടെന്‍ഷനും ഭയവും ആവശ്യമാണ്. അതില്ലെങ്കില്‍ യഥാർഥ സന്തോഷങ്ങള്‍ തിരിച്ചറിയാതെ പോകും. പക്ഷേ, ഭയത്തെ അഭിമുഖീകരിച്ചില്ലെങ്കില്‍ അത് നമ്മളെ കീഴ്‌പ്പെടുത്തും. അതോടെ ജീവിതം നരകതുല്യമാകും. ഓരോ യാത്രകളിലും ഓരോ തരത്തിലുള്ള ഭയത്തില്‍നിന്ന് മോചനം നേടാന്‍ ശ്രമിച്ചിട്ടുണ്ട്. ഒറ്റക്കുള്ള ഭൂട്ടാന്‍ യാത്ര, അസ്ഥി കോച്ചുന്ന തണുപ്പ് വകവെക്കാതെ സൂക്കോ വാലിയില്‍ പോയത്, വയ്യാത്ത കാലുമായി മൗണ്ട് ബട്ടൂര്‍ കയറിയത്, ഫിലിപ്പീന്‍സില്‍ നടുക്കടലില്‍ തിമിംഗല സ്രാവുകള്‍ക്കൊപ്പം നീന്തിയത്, എല്ലാം ഉള്ളിലെ ഭയത്തില്‍നിന്ന് രക്ഷപ്പെടാനാണ്.
കാലങ്ങളായി ആഗ്രഹിച്ച യാത്രയാണ് മംഗോളിയയിലേക്ക്. ഒരാളെ ഭയന്ന് ആ യാത്ര നശിപ്പിക്കുന്നതില്‍ അർഥമില്ല. മംഗോളിയയിലേക്ക് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകണമെന്നില്ല. സമയം വെറുതെ കളയാതെ ഉലാന്‍ ബാത്തര്‍ നഗരകാഴ്ചകള്‍ കാണാന്‍ ഇറങ്ങി.
യാസും ബ്രൂണോയും ഒപ്പം കൂടി. രണ്ടു പേര്‍ക്കും അറുപതിനടുപ്പിച്ചു പ്രായമുണ്ട്. യൂറോപ്പിലെ ഏതോ യാത്രയില്‍വെച്ച് പരിചയപ്പെട്ടവരാണ്. അതിനുശേഷം ഇടക്ക് അവര്‍ ഒന്നിച്ചു യാത്രചെയ്യാറുണ്ട്. രണ്ടുപേരുടെയും സ്വഭാവം അജഗജാന്തരമായിരുന്നു. യാസിന് എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. ബ്രൂണോക്ക് ശാന്തമായി സമയം ചെലവഴിക്കാനാണ് ഇഷ്ടം. യാസ് പലപ്പോഴും ചിന്തിക്കാതെ എടുത്തുചാടും. എന്നാല്‍, ബ്രൂണോയുടെ കൂർമബുദ്ധി പല അബദ്ധങ്ങളില്‍നിന്നും പുള്ളിയെ രക്ഷിക്കാറുണ്ട്. യാസ് സംസാരിക്കുമ്പോള്‍ രാഷ്ട്രീയം, പ്രത്യേകിച്ച് ഫലസ്തീന്‍ പ്രശ്നങ്ങള്‍ കയറിവരും.
ബ്രൂണോ എപ്പോഴും അതിന് തടയിടും. എന്നോടും ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകളെ കുറിച്ചും ന്യൂനപക്ഷക്കാരുടെ പ്രശ്‌നങ്ങളെ പറ്റിയും യാസ് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. മതപരമോ രാഷ്ട്രീയപരമോ ആയ ചര്‍ച്ചകള്‍ക്ക് താൽപര്യമില്ലെന്ന് പറഞ്ഞു ഞാൻ ഒഴിവായി. യാസ് ആരെയും ശ്രദ്ധിക്കാതെ മുന്നേ നടക്കും. ബ്രൂണോ യാസിനെ കുറിച്ചുള്ള പരാതികള്‍ മുറുമുറുത്തുകൊണ്ടിരിക്കും. ടോമിനെയും ജെറിയെയുംപോലെയാണ് ഇടക്ക് തോന്നുക. തമ്മില്‍ ചേര്‍ച്ചയില്ലെങ്കിലും രണ്ടാള്‍ക്കും പരസ്പരപിന്തുണ ഇല്ലാതെ നിലനിൽപില്ല.
ഞങ്ങള്‍ താമസിച്ച അപ്പാര്‍ട്‌മെന്റിന്റെ മുന്നില്‍നിന്ന് തന്നെ വണ്ടി ലഭിച്ചു. ആര്‍ക്കു വേണേലും സ്വന്തം വണ്ടിയില്‍ ആളെ കയറ്റാം. കിലോമീറ്റര്‍ നോക്കി പൈസ ഈടാക്കും. യഥാർഥത്തില്‍ ഇങ്ങനെ ആളുകളെ കയറ്റുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍, രജിസ്റ്റേർഡ് ടാക്സികള്‍ കുറവായതുകൊണ്ട് ആളുകള്‍ ഈ സംവിധാനം ഉപയോഗിക്കുന്നു. മര്യാദക്കുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ കൊടുക്കാന്‍ സാധിക്കാത്തത് പോരായ്മയായി അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ അനധികൃതമായി ഓടുന്ന വണ്ടികള്‍ക്ക് നേരെ കണ്ണടക്കുന്നു. ഞങ്ങള്‍ ഗണ്ടന്‍ മൊണാസ്ട്രിയുടെ മുന്നില്‍ ചെന്നിറങ്ങി. ചെങ്കിസ്ഖാന്റെ പിന്തുടര്‍ച്ചക്കാരനായ ആള്‍ടൈ ഖാന്‍ രാജാവാണ് ബുദ്ധമതത്തിനു മംഗോളിയയില്‍ വലിയ പ്രചാരം നല്‍കിയത്. തന്റെ പ്രജകളുടെ ആത്മീയ ഉന്നമനത്തെക്കാള്‍, ഭിന്നിച്ചു കഴിയുന്ന നാടോടികളെ ഒന്നിപ്പിക്കാനുള്ള മാര്‍ഗമായിട്ടാണ് അദ്ദേഹം അതിനെ കരുതിയത്. അതുവരെ മംഗോളിയയില്‍ നിലനിന്നിരുന്നത് ഷാമനിസം മാത്രമായിരുന്നു.
ചെങ്കിസ്ഖാന്‍ പിന്തുടര്‍ന്നതും ഈ വിശ്വാസംതന്നെ. ആത്മാക്കളുമായി സംസാരിക്കുന്ന ആചാരമാണ് ഷാമനിസം. ആത്മാക്കളുടെ സഹായത്തോടെ രോഗശാന്തി, ഉദ്ദിഷ്ടകാര്യ സിദ്ധിയൊക്കെ ലഭിക്കുന്നതിനെ ടെന്‍ജറിസം എന്നും വിളിക്കും. ചെങ്കിസ്ഖാന്‍ പൊരുതാന്‍ പുറപ്പെടുന്നതിനു മുമ്പ് ദിവസങ്ങളോളം തന്റെ തമ്പില്‍ ആത്മാക്കളുമായി സംവദിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ആത്മാക്കളാണ് മംഗോളിയന്‍ പുല്‍മേടുകളില്‍ മഴയെത്തിക്കുന്നതും കാറ്റു വീശിക്കുന്നതും മൃഗങ്ങള്‍ക്ക് ആരോഗ്യം പ്രദാനംചെയ്യുന്നതുമെല്ലാം.
ഇന്നിപ്പോള്‍ പത്തു ശതമാനത്തില്‍ കുറവ് ആളുകളാണ് ഈ വിശ്വാസം പിന്തുടരുന്നത്. അമ്പതു ശതമാനം ആളുകള്‍ ബുദ്ധമതമാണ് അനുഷ്ഠിക്കുന്നത്. നാൽപതു ശതമാനം ആളുകള്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മംഗോളിയയിലെ മുപ്പതു ശതമാനത്തില്‍ കൂടുതല്‍ ആണുങ്ങള്‍ ബുദ്ധസന്യാസികളായിരുന്നു. എഴുനൂറില്‍പരം സന്യാസ മഠങ്ങളും അക്കാലത്ത് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുപോന്നു. എന്നാല്‍, 1923 -1990 കാലഘട്ടത്തിലെ സോവിയറ്റ് സ്വാധീനത്തില്‍ മതസ്ഥാപനങ്ങളെല്ലാം തച്ചുടക്കെപ്പട്ടു.
രണ്ടായിരത്തിലധികം മുതിര്‍ന്ന സന്യാസിമാരെ കൊലപ്പെടുത്തുകയോ ജയിലില്‍ അടക്കുകയോ സൈബീരിയയിലേക്ക് നാട് കടത്തുകയോ ചെയ്തു. ഒരേയൊരു സന്യാസിമഠം മാത്രമാണ് നശിപ്പിക്കാതിരുന്നത്. അതായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ഗണ്ടന്‍ മൊണാസ്ട്രി. ഇടക്കാലത്ത് ഇത് കുതിരലായമായും വെടിമരുന്ന് സംഭരണശാലയായും ഫയറിങ് റേഞ്ചായുമൊക്കെ ഉപയോഗിച്ചു. 1944 -1989 കാലഘട്ടത്തില്‍ സർക്കാർ പ്രാർഥനകള്‍ നടത്താന്‍ അനുമതി നല്‍കി. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മതസഹിഷ്ണുതയുടെ അടയാളമായിട്ടാണ് അതിനെ നിലനിര്‍ത്തിയത്. 1991ല്‍ സോവിയറ്റ് പതനത്തോടെ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടപ്പോള്‍ മതസ്ഥാപനങ്ങള്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.
ടിക്കറ്റെടുത്ത് ഞങ്ങള്‍ അകത്തേക്ക് പ്രവേശിച്ചു. ഞങ്ങളെ സ്വീകരിച്ചത് എണ്‍പത്തിയഞ്ചടി പൊക്കമുള്ള അവലോകേശ്വരന്റെ സ്വർണനിറത്തിലെ പടുകൂറ്റന്‍ പ്രതിമയാണ്. ആദ്യം ഇവിടുണ്ടായിരുന്ന പ്രതിമ പൊളിച്ചു കഷ്ണങ്ങളാക്കി മോസ്‌കോയിലേക്ക് അയച്ചു. എന്തിനെന്നോ? ഉരുക്കി, തോക്കില്‍ ഇടാനുള്ള പെല്ലറ്റുകള്‍ നിര്‍മിക്കാന്‍. പുതിയ പ്രതിമ സ്ഥാപിച്ചിട്ട് മുപ്പതു വര്‍ഷം ആകുന്നതേയുള്ളൂ.
ഇതുണ്ടാക്കാന്‍ ഇരുപതു ടണ്‍ ചെമ്പ്, ഇരുപത്തിയഞ്ചു കിലോ വെള്ളി, ഒമ്പതു കിലോ സ്വര്‍ണം എന്നിവ ഉപയോഗപ്പെടുത്തി. രണ്ടായിരം കല്ലുകള്‍ പതിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ പ്രതിമക്ക് ചുറ്റും വലംവെച്ചു. പ്രദേശവാസികള്‍ തിരി കത്തിക്കുകയും തല കുനിച്ചു വണങ്ങുകയും ചെയ്യുന്നുണ്ട്. നടവഴിയില്‍ ആയിരത്തോളം ബുദ്ധപ്രതിമകള്‍കൊണ്ടലങ്കരിച്ചിരുന്നു. അതിനു ചുറ്റുമായി വേറെയും ചില ചെറിയ ക്ഷേത്രങ്ങളുണ്ടായിരുന്നു. അവിടെ സന്യാസിമാര്‍ പ്രാർഥനയില്‍ മുഴുകിയിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.