യുക്രെയ്​നുനേരെ റഷ്യ തുടങ്ങിയ അധിനിവേശം (യുദ്ധം) എന്താണ് ലക്ഷ്യമിടുന്നത്​?; എന്താവുംഅന്തിമഫലം?

യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്കു പുതുമയൊന്നുമില്ല. തന്ത്രപ്രധാന മേഖലകളിൽ ചെറു രാജ്യങ്ങളും വൻശക്തികളും തമ്മിൽ നടക്കുന്ന സംഘർഷങ്ങളും ആദ്യമായല്ല കേൾക്കുന്നത്. ശീതയുദ്ധകാലത്ത് അതിനു പ്രത്യയശാസ്ത്ര മാനങ്ങൾ ഉണ്ടായിരുന്നു എന്നു മാത്രം. സോവിയറ്റ് യൂനിയന്റെ തകർച്ചക്കുശേഷം അതിനും മാറ്റങ്ങൾ വന്നു. പേരിനോടൊപ്പം കമ്യൂണിസം ഉണ്ടെങ്കിലും വളരെ പ്രകടമായ മുതലാളിത്ത പ്രവണതകൾ ചൈനീസ് ഭരണകൂടം നിലനിർത്തിയിരുന്നു എന്നത് രഹസ്യമായ കാര്യമല്ല. തകർച്ചക്കുശേഷം റഷ്യയും ആ പാത തന്നെയാണ് സ്വീകരിച്ചുവന്നിരുന്നത്. അപ്പോൾ പാശ്ചാത്യ ശക്തികളുമായി...

യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്കു പുതുമയൊന്നുമില്ല. തന്ത്രപ്രധാന മേഖലകളിൽ ചെറു രാജ്യങ്ങളും വൻശക്തികളും തമ്മിൽ നടക്കുന്ന സംഘർഷങ്ങളും ആദ്യമായല്ല കേൾക്കുന്നത്. ശീതയുദ്ധകാലത്ത് അതിനു പ്രത്യയശാസ്ത്ര മാനങ്ങൾ ഉണ്ടായിരുന്നു എന്നു മാത്രം. സോവിയറ്റ് യൂനിയന്റെ തകർച്ചക്കുശേഷം അതിനും മാറ്റങ്ങൾ വന്നു. പേരിനോടൊപ്പം കമ്യൂണിസം ഉണ്ടെങ്കിലും വളരെ പ്രകടമായ മുതലാളിത്ത പ്രവണതകൾ ചൈനീസ് ഭരണകൂടം നിലനിർത്തിയിരുന്നു എന്നത് രഹസ്യമായ കാര്യമല്ല. തകർച്ചക്കുശേഷം റഷ്യയും ആ പാത തന്നെയാണ് സ്വീകരിച്ചുവന്നിരുന്നത്.

അപ്പോൾ പാശ്ചാത്യ ശക്തികളുമായി ചങ്ങാത്തത്തിൽ പോകേണ്ട ബാധ്യത ചൈനക്കും റഷ്യക്കും വന്നു ചേർന്നു. ലോകവ്യാപാരത്തിൽ പങ്കാളികളായി മാത്രമേ ഈ രാജ്യങ്ങൾക്കു സാമ്പത്തികമായി പിടിച്ചുനിൽക്കാൻ കഴിയൂ എന്ന യാഥാർഥ്യം മറ്റാരേക്കാളും ഇവർക്ക് അറിയാം. അതുതന്നെയായിരുന്നു പാശ്ചാത്യശക്തികളുടെ ആയുധവും. വിലപേശലിനും ഒത്തുതീർപ്പുകൾക്കും ഇവർ പലപ്പോഴും തയാറായതും ഈ സവിശേഷ ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ്.

എന്നാൽ, വൻശക്തികളുടെ സ്വാധീനമേഖലകളിൽ -പ്രത്യേകിച്ച് അവരുടെ ഭൂരാഷ്ട്രതാൽപര്യ ഇടങ്ങളിൽ - തന്ത്രപരമായ ആധിപത്യം നിലനിർത്താൻ അവർ ശ്രമിച്ചുകൊണ്ടിരിക്കും. അവിടെ നീതിയും ന്യായവും ജനാധിപത്യവുമൊന്നും തടസ്സങ്ങളല്ല. അന്താരാഷ്ട്രനിയമവും രാജ്യാന്തര സംവിധാനങ്ങളുടെ ഇടപെടലും അവർക്കു വിഷയമേയല്ല. ഇത് ചരിത്രപരമായ യാഥാർഥ്യം.


ഇപ്പോൾ ന്യായവും നീതിയും പറയുന്ന അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ജർമനിയും എല്ലാം റഷ്യ ചെയ്തതുപോലുള്ള ഇടപെടലുകളും യുദ്ധങ്ങളും എത്രയോ നടത്തിയിട്ടുണ്ട്. റഷ്യ തന്നെ കഴിഞ്ഞ നൂറ്റാണ്ടിൽ ഹംഗറിയിലും ചെക്കോസ്ലോവാക്യയിലും അഫ്ഗാനിസ്താനിലും മറ്റു നിരവധി മേഖലകളിലും സൈനികമായും അല്ലാതെയും ഇടപെട്ടിട്ടുണ്ട്. അന്താരാഷ്ട്ര സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിക്കൊണ്ട് അമേരിക്കയും ബ്രിട്ടനും ഫ്രാൻസുമെല്ലാം ലാറ്റിന​മേരിക്കയിലും തെക്കുകിഴക്കേ ഏഷ്യയിലും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും എല്ലാം സൈനികമായി ഇടപെട്ടിട്ടുണ്ട്. വിയറ്റ്നാം യുദ്ധവും അതുണ്ടാക്കിയ കൊടിയ ദുരന്തങ്ങളും ലോകം മറന്നിട്ടില്ല.

എന്നാൽ, ഇതെല്ലാം പറയുമ്പോൾ റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലും യുദ്ധം അടിച്ചേൽപ്പിക്കലും ആരും മുൻകാല ചരിത്രം പറഞ്ഞ് ന്യായീകരിക്കുമെന്നു തോന്നുന്നില്ല.

നേരത്തേ സൂചിപ്പിച്ച വൻശക്തികളുടെ ഭൂരാഷ്ട്ര സ്വാധീനമേഖലകളിൽ നടക്കുന്ന ശാക്തിക-ആധിപത്യ പ്രവണതകൾ ദേശരാഷ്ട്ര അപ്രമാദിത്വത്തിന്റെകൂടി പ്രകടനമാണ്. ഇപ്പോൾ റഷ്യക്ക് അതിന്റെ ഇംപീരിയൽ പാരമ്പര്യം പുനഃസ്ഥാപിച്ചുകിട്ടാനുള്ള അതീവ താൽപര്യമുണ്ട്. കഴിഞ്ഞ 14 വർഷമായി പുടിൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. അടുത്ത ഒരു പതിറ്റാണ്ടോ അതിലധികമോ താൻ റഷ്യയുടെ 'ചക്രവർത്തി'യായി തുടരുമെന്ന സന്ദേശവും പുടിൻ പലപ്പോഴായി നൽകിയിട്ടുണ്ട്. 2008ൽ ജോർജിയയിൽ രണ്ടു വിഘടിത റിപ്പബ്ലിക്കുകളെ അംഗീകരിച്ചുകൊണ്ടാണ് റഷ്യൻ ഇംപീരിയൽ ശക്തിയെ പുടിൻ പുനഃസ്ഥാപിക്കാൻ തുടങ്ങിയത്. അത് യുക്രെയ്നിൽ തുടർന്നു. 2014ൽ ക്രീമിയ പിടിച്ചെടുത്തുകൊണ്ടു പുടിൻ യുക്രെയ്നെ കൂടുതൽ സമ്മർദത്തിലാക്കി.

പിന്നീട് യുക്രെയ്നിലെ ഡോൺബാസ് മേഖലയിലെ രണ്ടു കിഴക്കൻ പ്രവിശ്യകളിലുള്ള റഷ്യൻ വംശജരായ വിഘടിത ഗ്രൂപ്പുകളെ അംഗീകരിച്ചും അവർക്കു സഹായം നൽകിയും റഷ്യ രാജ്യത്തെ കൂടുതൽ സമ്മദത്തിലാക്കി. ഇതിനു പുടിൻ പറയുന്ന ന്യായങ്ങൾ പാശ്ചാത്യരാജ്യങ്ങൾ തള്ളിക്കളഞ്ഞു. യുക്രെയ്നിലെ വംശീയവെറിയും ഭാഷാ ആധിപത്യവും നവനാസി വളർച്ചയും പുടിൻ എടുത്തുകാട്ടുന്നു. അമേരിക്കയും സഖ്യകക്ഷികളും ഇത് വ്യാജ പ്രചാരണമാണെന്നു പറഞ്ഞ് തിരിച്ചടിച്ചു.

ഇതിനിടയിൽ സ്വയംപ്രഖ്യാപിത ജനകീയ റിപ്പബ്ലിക്കുകളായ ഡോണെറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകള്‍ ഇനിമുതല്‍ സ്വതന്ത്ര രാജ്യമായിരിക്കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മാസങ്ങളായി ഭയപ്പെട്ടിരുന്ന റഷ്യൻ ആക്രമണം ഇതോടെ സ്ഥിരീകരിക്കപ്പെട്ടു. പുടിൻ സൈനിക ആക്രമണം പ്രഖ്യാപിക്കുന്നതുതന്നെ ഡോൺബാസ് റിപ്പബ്ലിക്കുകൾ ആവശ്യപ്പെട്ടപ്രകാരമെന്നുകൂടി പറഞ്ഞതോടെ യുക്രെയ്നിന്റെ ഭാവി അനിശ്ചിതത്വത്തിലായി.

2008ൽ ആരംഭിച്ചു ക്രീമിയയിൽ എത്തുമ്പോൾ പുടിന്റെ തന്ത്രം ഇംപീരിയൽ റഷ്യയുടെ വ്യാപനമാണെന്നു മനസ്സിലാക്കിയ അമേരിക്കയും സഖ്യകക്ഷികളും റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്താൻ തുടങ്ങി. എന്നാൽ അത് ഫലപ്രദമായില്ലെന്നും സ്ഥിതിഗതികൾ പുടിനെ ശക്തനാക്കുകയായിരുന്നു എന്നും വിമർശനങ്ങൾ ഉയർന്നു. യുക്രെയ്ൻ വിദേശകാര്യമന്ത്രി പറഞ്ഞത് ദീർഘനാളായുള്ള പാശ്ചാത്യരാജ്യങ്ങളുടെ റഷ്യൻ പ്രീണനനയത്തിന്റെ ആത്യന്തികഫലമാണ് റഷ്യൻ ആക്രമണമെന്നാണ്.

സോവിയറ്റ് യൂനിയന്റെ തകർച്ചക്കുശേഷം നാറ്റോ സഖ്യം യൂറോപ്പിന്റെ കിഴക്കേ ദിശയിലേക്ക് അതിന്റെ സ്വാധീനവും ശക്തിയും വർധിപ്പിക്കാൻ തുടങ്ങിയത് റഷ്യൻ ഭരണാധികാരികൾക്ക് കടുത്ത അമർഷം ഉണ്ടാക്കി. ബാൾട്ടിക്‌ റിപ്പബ്ലിക്കുകളായ എസ്തോണിയയും ലാത്‍വിയയും ലി​േത്വനിയയും നാറ്റോയിൽ ചേർന്നതോടെ അതിനു പുതിയ ഭാഷ്യങ്ങൾ വന്നു. ജോർജിയയും യുക്രെയ്നും കൂടി ചേർന്നാൽ റഷ്യൻ ഇംപീരിയൽ ശക്തിയുടെ നാശം തുടങ്ങുമെന്ന് പുടിനും കൂട്ടരും കരുതി. പാശ്ചാത്യശക്തികൾ, പ്രത്യേകിച്ച് അമേരിക്ക, ഇത്തരത്തിൽ ചില പ്രസ്താവനകൾകൂടി നടത്തിയതോടെ ക്രെംലിന്റെ ശ്രദ്ധ സുരക്ഷാകാര്യങ്ങളിലേക്ക് നീങ്ങി. എല്ലാ സാമ്പത്തിക പ്രതിസന്ധികൾക്കുള്ളിലും സുരക്ഷാകാര്യങ്ങൾക്കു കൂടുതൽ സമയം പുടിൻ കണ്ടെത്തുകയായിരുന്നു. കരിങ്കടൽ തന്ത്രപ്രധാനമായ ഒരു മേഖലയാണ് റഷ്യക്ക്. അതിന്മേൽ മറ്റാർക്കും നിയന്ത്രണം നൽകാൻ റഷ്യക്ക് കഴിയില്ല. റഷ്യയുടെ ഊർജ വ്യാപാരത്തിന്റെ സിരാകേന്ദ്രങ്ങളിൽ ഒന്നാണ് ഈ മേഖല.

പാശ്ചാത്യ രാജ്യങ്ങൾ തമ്മിലും റഷ്യയും പാശ്ചാത്യ രാജ്യങ്ങൾ തമ്മിലും ഉള്ള സമവാക്യങ്ങളിൽ കഴിഞ്ഞ കുറെ കാലമായുണ്ടായ മാറ്റങ്ങൾ ഈ പ്രശ്നത്തിന്റെ മറ്റൊരു പശ്ചാത്തലമാണ്. ജർമനിയും ഫ്രാൻസും റഷ്യയുമായി അടുക്കുന്നത് അമേരിക്കക്ക് അത്ര നല്ലകാര്യമല്ല. പ്രത്യേകിച്ച് അമേരിക്കയും യൂറോപ്യൻ യൂനിയനും തമ്മിൽ വ്യാപാരകാര്യത്തിൽ ഉടലെടുത്ത ഭിന്നതയുടെ സാഹചര്യങ്ങളിൽ. പുതിയ ബന്ധങ്ങൾ റഷ്യക്ക് യൂറോപ്പിൽ വീണ്ടുമൊരു ആധിപത്യത്തിന് കളമൊരുക്കുന്നുവെന്ന തോന്നൽ അമേരിക്കക്ക് ഉണ്ടായിരുന്നു. അമേരിക്കയും യൂറോപ്പും അകലുകയും റഷ്യയും യൂറോപ്പും അടുക്കുകയും ചെയ്താൽ അതിന്റെ ആഘാതം വലുതായിരിക്കുമെന്ന് അവർ മനസ്സിലാക്കി. ഈ സാഹചര്യങ്ങളിലാണ് അമേരിക്ക അറ്റ്ലാന്റിക് മേഖലയിൽനിന്നും പസിഫിക് (ഇന്തോ-പസിഫിക്) മേഖലയിലേക്ക് ശ്രദ്ധ തിരിക്കാൻ തുടങ്ങുന്നത്.

അമേരിക്ക-ചൈന ബന്ധങ്ങളിൽ വന്ന മാറ്റങ്ങളും റഷ്യ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു.അവർ തമ്മിൽ യുദ്ധമുണ്ടാകുന്നതിലല്ല മറിച്ച്, അടുക്കുന്നതിലായിരുന്നു റഷ്യയുടെ വ്യാകുലതകൾ. പ്രത്യേകിച്ച് ജപ്പാനും കൊറിയയും കൂടിയുള്ള ചൈനയുടെ പാശ്ചാത്യ സൗഹൃദം തകർക്കുക എന്നത് അവരുടെ ആവശ്യംകൂടിയായിരുന്നു. ജർമനിയും ഫ്രാൻസും റഷ്യയോട് സൗഹൃദം സ്ഥാപിക്കാൻ പല കാരണങ്ങൾ ഉണ്ടായിരുന്നു. അതിൽ പ്രധാനം യൂറോപ്പിന്റെ തന്നെ ഊർജാവശ്യങ്ങളിൽ റഷ്യക്ക് വഹിക്കാൻ കഴിയുന്ന പങ്ക് അമേരിക്കക്ക് സാധിക്കില്ല എന്ന തിരിച്ചറിവ് ജർമനിക്കും ഫ്രാൻസിനും ഉണ്ടായി. നോർഡ് 2 പൈപ്പ്‌ലൈൻ ഇതിന്റെ ഒരു ഉദാഹരണം മാത്രം.

എന്നാൽ, യുക്രെയ്ൻ പ്രതിസന്ധി അമേരിക്കക്ക് വീണുകിട്ടിയ അവസരമായിരുന്നു. റഷ്യയെ യൂറോപ്യൻ സൗഹൃദവലയത്തിൽനിന്ന് അറുത്തു മാറ്റാൻ ഇതിൽപരം മറ്റൊരു അവസരം ഉണ്ടാകാനില്ല.


പ്രത്യയശാസ്ത്രങ്ങൾ മാറ്റിവെച്ചു ഭൂരാഷ്ട്രതന്ത്രം യൂറോപ്പിന്റെ രാജ്യാന്തരബന്ധങ്ങളിൽ പ്രഥമ സ്ഥാനത്തു വീണ്ടുമെത്തി എന്നതാണ് യുക്രെയ്ൻ യുദ്ധം നൽകിയ സംഭാവന. സാമ്പത്തിക-വ്യാപാര കാര്യങ്ങളെ മുൻനിർത്തി യൂറോപ്യൻ യൂനിയൻ വന്നതോടെ ഇനിയൊരു യുദ്ധം യൂറോപ്പിൽ ഉണ്ടാകില്ലെന്ന വീമ്പുപറച്ചിൽ ഇതോടെ അവസാനിച്ചു.

യുദ്ധം വിനാശകരമായ തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അസ്വസ്ഥമാക്കുന്ന ചില പ്രസ്‌താവനകളും വന്നിട്ടുണ്ട്. യുക്രെയ്നും ബെലറൂസും റഷ്യയും ആണവായുധങ്ങളെ സംബന്ധിച്ച് നേരിട്ടും അല്ലാതെയും നടത്തിയ പ്രസ്താവനകൾ സൂചിപ്പിക്കുന്നത് ഇത്തരം വിനാശകാരിയായ ആയുധങ്ങൾ വേണ്ടിവന്നാൽ ഉപയോഗിക്കാൻ മടിക്കില്ലെന്നാണ്. ഇത് തികച്ചും നിരുത്തരവാദപരമായ പ്രസ്താവനകളും കാഴ്ചപ്പാടുകളുമാണ്. ആണവ പ്രതിരോധ സേനയെ സ്പെഷൽ ഡ്യൂട്ടിയിൽപെടുത്തിക്കൊണ്ടു പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുടിൻ നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. യു​ക്രെയ്ൻ ആക്രമണത്തെ തുടർന്ന് റഷ്യക്കു മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ശക്തമാക്കിയതും നാറ്റോ സഖ്യം യുക്രെയ്നെ സഹായിക്കാൻ സാധ്യതകൾ ഉണ്ടെന്ന വാർത്തകളുമാണ് പുടിനെ ഇത്തരത്തിൽ ചിന്തിപ്പിച്ചത്.

അന്താരാഷ്ട്ര തലത്തിൽ തന്നെ നിലനിൽക്കുന്ന ആണവായുധങ്ങളെ സംബന്ധിച്ച ഉടമ്പടികളും പ്രഖ്യാപനങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് ലോകമനസ്സാക്ഷിയെ വെല്ലുവിളിക്കാമെന്ന ധാർഷ്ട്യം നമ്മെ ഭീതിദരാക്കുന്നു. റഷ്യക്ക് ഇന്ന് 4477 ആണവായുധങ്ങൾ ഉണ്ട്. അതിൽ 1588 എണ്ണം ബാലിസ്റ്റിക് മിസൈലുകളിൽ ഘടിപ്പിച്ചിട്ടുള്ള തന്ത്രപരമായ ആയുധങ്ങളാണ്. സോവിയറ്റ് പ്രതാപകാലത്ത് യുക്രെയ്നിൽ ആണവായുധങ്ങളുടെ വലിയൊരു ശേഖരം ഉണ്ടായിരുന്നു. യുക്രെയ്ൻ സ്വതന്ത്രമായതോടെ അവർക്ക് ഇത് തിരിച്ചുകൊടുക്കേണ്ടിവന്നു. എന്നാൽ, ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ കഴിയുന്ന, അതുപയോഗിച്ച് ആണവായുധങ്ങൾ നിർമിക്കാൻ കഴിയുന്ന സാഹചര്യം ഇന്ന് യുക്രെയ്നുണ്ട്. ഇതു കൂടാതെ ബെലറൂസും തങ്ങളുടെ ആണവനയം പുനഃപരിശോധിക്കാമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലം സൂചിപ്പിക്കുന്നത് ഭരണകൂടങ്ങൾ തികച്ചും നിരുത്തരവാദപരമായി പ്രതികരിക്കാനും പ്രവർത്തിക്കാനും മടിയില്ലെന്നാണ്.

ഇന്ന് റഷ്യൻ ഇംപീരിയൽ പവറിന്റെ പ്രകടമായ ആഗ്രഹമാണ് രാജ്യാന്തര രംഗത്തെ വൻശക്തി പ്രഭാവം തിരിച്ചുപിടിക്കുക എന്നത്. ലോകരംഗത്ത് ചൈനക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പദവി പ്രത്യക്ഷത്തിൽ റഷ്യക്ക് അലോസരം ഉണ്ടാക്കുന്നില്ലെങ്കിലും പുടിന് ഒന്ന് ഉറപ്പാക്കേണ്ടതുണ്ട്. മുതലാളിത്ത ലോകക്രമത്തിൽ സ്വാർഥ ലാഭങ്ങൾക്കായി പാശ്ചാത്യ ശക്തികളെ പരിധിവിട്ട് അനുനയിപ്പിക്കുന്ന തന്ത്രം ചൈന ചെയ്യാൻ പാടില്ല. അത്രമാത്രം.

എന്തൊക്കെ പറഞ്ഞാലും ഉപരോധങ്ങൾ റഷ്യയെ അസ്ഥിരപ്പെടുത്തും. ലോകകമ്പോള ക്രമത്തിൽ സജീവമായി ഇടപെട്ടാലേ സാമ്പത്തികമായി പിടിച്ചുനിൽക്കാൻ കഴിയൂ എന്ന യാഥാർഥ്യം റഷ്യൻ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന മുതലാളിമാർക്കുണ്ട്. അതുകൊണ്ടു തന്ത്രപരമായ ചർച്ചകൾക്ക് റഷ്യ തയാറാകും. അത് ആരുമായി എവിടെ വെച്ച് എന്നുള്ളതേ അന്വേഷിക്കേണ്ടതുള്ളൂ. ഐക്യരാഷ്ട്രസംഘടനയും മറ്റും പതിവുപോലെ പ്രമേയം പാസാക്കുന്ന നിലയിൽനിന്നും ഉയരുന്നില്ല. ലോക പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ ഇന്ന് ഐക്യരാഷ്ട്രസംഘടനയുടെ ആവശ്യമില്ല. മാധ്യമലോകം അത്ര വിപുലവും വ്യാപകവുമാണ്. സമൂഹ മാധ്യമങ്ങൾ അനിതരസാധാരണമായ വേഗത്തിൽ എല്ലാത്തരം അഭിപ്രായങ്ങളും ഇമേജുകളും കൈമാറുന്നു.

യുദ്ധം ലോകത്തിൽ ഒരു പ്രശ്നവും പരിഹരിച്ചിട്ടില്ലെന്നും ഉണ്ടാക്കിയിട്ടുള്ളത് ദുരിതങ്ങളും ദുരന്തങ്ങളുമാണെന്നും ഇന്ന് ആരെയും പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല.

പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ എം. ഗോവിന്ദൻ ഒരിക്കൽ എഴുതി: ''പൊതുവെ എല്ലാ മനുഷ്യരും സമാധാനത്തിന്റെ ചേരിയിലാ''ണെങ്കിലും ''മനുഷ്യൻ താളം തെറ്റിയാൽ വല്ലാത്ത അപകടകാരിയായിത്തീരുന്നു.'' ''ആറ്റംബോംബിനെക്കാളും വലിയ വിപത്ത് അവനിൽനിന്നുണ്ടാവും.'' "യുദ്ധപ്രഖ്യാപനം നടത്തുന്ന ഭരണാധികാരികൾ യുദ്ധം ചെയ്യാറില്ല. അവർ കൽപ്പിക്കുന്നേ ഉള്ളൂ. ആ കൽപനയനുസരിച്ചു കൊല്ലാനും ചാകാനും കോപ്പും കപ്പും കെട്ടിയിറങ്ങുന്നവർ ലക്ഷക്കണക്കിനുണ്ട്. അവരുടെ നിത്യജീവിതത്തിൽ സമാധാനം വേണമെന്ന് ബോധമില്ലാഞ്ഞിട്ടല്ല അവർ പട്ടാളച്ചട്ടയണിഞ്ഞിട്ടുള്ളത്.'''

അതെ, യുദ്ധം ചെയ്യുന്നവരും കൊല്ലപ്പെടുന്നവരും ചരിത്രത്തിൽ ഓർമിക്കപ്പെടുന്നത് ഈ സാമാന്യയുക്തി അവരുടെ മുൻപിൽ ഉള്ളപ്പോഴാണ് -

എല്ലാ മനുഷ്യരും സമാധാനത്തിന്റെ ചേരിയിലാണ്!

Tags:    
News Summary - 2022 Russian invasion of Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.