രാജ്യത്ത് പ്രതിഷേധിക്കുന്ന മുസ്ലിം സാമൂഹികപ്രവർത്തകർക്ക് നേരെ പ്രതികാരത്തിന്റെ ബുൾഡോസർ ചലിപ്പിക്കുകയാണ് ഹിന്ദുത്വ ഭരണകൂടം. ഡൽഹിയിലും കാൺപൂരിലും പ്രയാഗ്രാജിലുമെല്ലാം അത് കണ്ടു. പ്രവാചകനിന്ദക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ സാമൂഹികപ്രവർത്തകൻ ജാവേദ് മുഹമ്മദ് താമസിച്ച വീടും തകർത്തിരിക്കുന്നു. ജാവേദിന്റെ മകളും ആക്ടിവിസ്റ്റുമായ അഫ്രീൻ ഫാത്തിമ ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകനുമായ ഷഹീൻ അബ്ദുല്ലയോട് സംസാരിക്കുന്നു.
എഴുത്ത്: സുഹൈൽ അബ്ദുൽ ഹമീദ്
ഉപ്പക്ക് സർക്കാർ ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അടുത്ത ബന്ധത്തെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. അത് ശരിയുമാണ്. അതേ സമയം, അവർക്ക് അദ്ദേഹത്തോട് വിരോധവും ഉണ്ടായിരുന്നുവെന്നതാണ് സത്യം. ആ പകയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിലേക്ക് നയിച്ചതിൽ പ്രധാനപങ്കുവഹിച്ചത്.
അലഹബാദിലെ പൗരത്വനിയമ വിരുദ്ധ സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. അലഹാബാദിൽ സംഘടിപ്പിക്കപ്പെട്ട ധരം സൻസദിനെതിരെ പരാതി നൽകിയ ഒരേ ഒരു വ്യക്തി അദ്ദേഹമായിരുന്നു. ആ പരാതി സ്വീകരിക്കപ്പെട്ടിരുന്നില്ല. ആ പരാതി രജിസ്റ്റർ ചെയ്യാൻ തനിക്ക് അറിയാവുന്ന എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. അതായിരിക്കാം അവരുടെ ഹിറ്റ് ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് വരാൻ കാരണമെന്ന് ഞാൻ ചിന്തിക്കുന്നു. ഖബർസ്ഥാനുകളെക്കുറിച്ചും അറവുശാലകളെ കുറിച്ചും മാത്രമല്ല അദ്ദേഹം സംസാരിച്ചത്. തന്റെ സമുദായത്തിന്റെ സുരക്ഷയെ ഓർത്ത് അദ്ദേഹം അസ്വസ്ഥനായിരുന്നു. ഈ നഗരത്തിൽ വർധിച്ച് വരുന്ന അസഹിഷ്ണുതയെ കുറിച്ചോർത്തും അദ്ദേഹത്തിന്റെ നെഞ്ചുപിടഞ്ഞിരുന്നു. തന്നാൽ ആകുന്ന വിധത്തിൽ ഈ വിഷയങ്ങളെ അദ്ദേഹം ചെറുത്തിരുന്നു. ഭരണകൂടത്തെ അത് നന്നായി ചൊടിപ്പിച്ചിരുന്നു. പ്രവർത്തനങ്ങൾ പ്രസംഗത്തിലും പോസ്റ്റുകളിലും ഒതുക്കുന്നതല്ല പിതാവിന്റെ രീതി. പരാതികൾ നൽകിയും, അപേക്ഷകൾ സമർപ്പിച്ചും പ്രശ്നങ്ങളെ നിയമപരമായി നേരിടുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. നഗരത്തിന്റെ സമാധാനവും സ്ഥിരതയും നിലനിർത്താൻ പൊലീസ് മുൻകൈയ്യെടുത്ത് തുടങ്ങിയ പല 'സമാധാന' കമ്മറ്റികളിലും അദ്ദേഹം ഭാഗമായിരുന്നു.
പൊലീസ് പിതാവുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന കാര്യം എനിക്കറിയാം. വീട് തകർത്തെറിഞ്ഞ ജൂൺ 10 വെള്ളിയാഴ്ച എന്തോ സംഭവിക്കുമെന്ന സൂചനകൾ പൊലീസ് നേരത്തേ നൽകിയിരുന്നു. "നിങ്ങൾ പറയുന്നതിനെ കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല. ജമാഅത്തിൽ നിന്നോ ഏതെങ്കിലും മുസ്ലിം സംഘടനയിൽ നിന്നോ സമരാഹ്വാനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഷാഹി ഇമാമോ മറ്റെതെങ്കിലും പള്ളിയിലെ ഇമാമോ സമരം ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനെ കുറിച്ചാണ് നിങ്ങൾ ഈ പറയുന്നത്?" എന്നാണ് പിതാവ് അവരോട് ചോദിച്ചിരുന്നത്. വീട്ടിൽ എല്ലാവരുടെയും മുന്നിൽവെച്ചുതന്നെയാണ് അദ്ദേഹം ഫോൺ വിളിക്കാറുള്ളത്. ഇവിടുത്തെ ജമാഅത്തിന്റെ ഭാഗം കൂടിയാണ് അദ്ദേഹം. വെള്ളിയാഴ്ച എന്തോ സംഭവിക്കാൻ പോകുന്നുണ്ട് എന്ന കാര്യത്തിൽ ഭരണകൂടത്തിന് ഉറപ്പ് ഉണ്ടായിരുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ നിങ്ങളായിരിക്കും അതിന് ഉത്തരവാദി എന്ന് ഉപ്പയെ അവർ ഭീഷണിപ്പെടുത്തിയിരുന്നു. "എന്താണ് നടക്കാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ല. നിങ്ങൾ പറയുന്നത് എന്താണെന്നും എനിക്ക് മനസ്സിലാകുന്നില്ല" -ഉപ്പ അവരോട് ശാന്തമായി മറുപടി പറഞ്ഞത് അങ്ങനെയായിരുന്നു. ഉപ്പക്ക് എന്തോ ഒരു അപകടം വരാൻ പോകുന്നു, എന്തൊക്കെയോ പദ്ധതികൾ അദ്ദേഹത്തെ ലക്ഷ്യം വെച്ച് നിർമ്മിക്കപ്പെടുന്നുവെന്നും ഞങ്ങൾ ഭയപ്പെട്ടു തുടങ്ങിയിരുന്നു. നഒരു കേസിൽ അല്ലെങ്കിൽ മറ്റൊന്നിൽ ഉപ്പയെ അവർ പ്രതി ചേർക്കും എന്ന് ഞങ്ങൾക്ക് തോന്നി തുടങ്ങിയിരുന്നു. പൗരത്വ സമര കാലത്ത് ഖബർസ്ഥാനിൽ നിന്നും ചെടി മോഷ്ടിച്ചു എന്ന് പറഞ്ഞാണ് അദ്ദേഹത്തിന് എതിരെ കേസ് എടുത്തത്. അദ്ദേഹത്തെ ഉപദ്രവിക്കുക എന്ന ലക്ഷ്യം മാത്രമേ പൊലീസിനുണ്ടായിരുന്നു. അവർ അദ്ദേഹത്തെ കുടുക്കും എന്ന് ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. സമരങ്ങൾ തുടങ്ങുന്നതിന് മുമ്പുതന്നെ. പക്ഷേ, സൂത്രധാരൻ എന്ന 'പദവി' ഒന്നും പ്രതീക്ഷിച്ചിരുന്നേയില്ല.
തീർച്ചയായും ഇന്ത്യയിൽ ഇതിലും വലുത് പ്രതീക്ഷിക്കേണ്ടതാണ്. പക്ഷേ വീട് പൊളിക്കും എന്നോ ഉമ്മയേയോ സുമയ്യയെയോ പിടിച്ച് കൊണ്ട് പോകുമെന്നോ കരുതിയതേയില്ല. അവർക്ക് അദ്ദേഹത്തെ കുടുക്കാൻ പദ്ധതി ഉണ്ടായിരുന്നിരിക്കാം. പക്ഷേ ഉപ്പയെ ഇവിടെ എല്ലാവർക്കും അറിയാം. അദ്ദേഹത്തിന് എതിരെ ഒരു ക്രിമിനൽ കുറ്റം പോലും ഇല്ല. ആ ജീവിതം ഒരു തുറന്ന പുസ്തകമാണ്. അത്തരത്തിൽ ഒരാൾക്കെതിരെ കള്ള കേസ് ഉണ്ടാക്കാൻ അവർക്ക് കഴിയില്ല എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ ഞങ്ങൾ സങ്കൽപ്പിക്കുന്നതിനും അപ്പുറത്താണ് അവർ ഞങ്ങളോട് ചെയ്തത്.
സത്യം പറഞ്ഞാൽ എനിക്ക് എന്റെ വീടിനോട് വലിയ മതിപ്പില്ല. എന്ന് വെച്ചാൽ ഇതിന്റെ ആർക്കിടെക്ചർ എനിക്ക് അത്ര ഇഷ്ടമല്ല. ഉപ്പയോട് ഞാൻ എപ്പോഴും പറയാറുണ്ട്, ബാത്ത്റൂം ഇവിടെ നിന്ന് മാറ്റണം, സ്റ്റോർ റൂം ഇങ്ങോട്ടാക്കണം, വാഷ് ബേസിൻ വേറെ ഇടത്താക്കണം എന്നൊക്കെ... ആ വീട് മനോഹരമാക്കാൻ ഉപ്പ എപ്പോഴും ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ പരമാവധി. ഞങ്ങളുടെ വീടിന് 5 കോടി മതിപ്പ് വരുമെന്നാണ് പൊലീസ് പറയുന്നത്. അറിയില്ല, ചിലപ്പോൾ ഉണ്ടായിരിക്കാം. ഇവിടുത്തെ ഫർണിച്ചർ, സ്വിച്ച് ബോർഡുകൾ എന്നിവയെല്ലാം അബ്ബു വളരെ സൂക്ഷമായി തിരഞ്ഞെടുത്തതാണ്. ആ വീട്ടിലെ കർട്ടനുകളിൽ അടക്കം അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്. ഉമ്മയേക്കാൾ അദ്ദേഹത്തിനായിരുന്നു ഇതിലൊക്കെ താൽപ്പര്യം. ഞങ്ങളുടെ വീട്ടിൽ വലിയ ഒരു ലൈബ്രറി തന്നെ ഉണ്ടായിരുന്നു . എന്റെ അനിയത്തി ഈ വീട്ടിലാണ് ജനിച്ചത്. അവളുടെ പ്രായം ആണ് ഞങ്ങളുടെ വീടിനും. ഞങ്ങളുടെതായ ഒരു ഇടം, ഞങ്ങൾക്ക് ഞങ്ങളായി ഇരിക്കാൻ, സ്വതന്ത്രമായി ഇരിക്കാൻ ഒരിടം.. അതായിരുന്നു വീട്. ഒരുപാട് തമാശകൾ, അടിപിടികൾ എന്നിവക്കെല്ലാം ആ വീട് സാക്ഷിയായി. ഉമ്മക്ക് ചെടികൾ വലിയ ഇഷ്ടമായിരുന്നു. അവർ ഞങ്ങളുടെ വീട് പൊളിക്കുമ്പോൾ ആ ചെടിച്ചട്ടികൾ വീണുടയുന്നത് ഞങ്ങൾ കണ്ടു. 500ൽ അധികം ചെടികൾ ഉണ്ടായിരുന്നു. ആ ചെടികൾ അത്രയും അവരെ ശപിക്കുന്നുണ്ടാകും. അത് ഓർക്കുമ്പോൾ എനിക്ക് കുറച്ച് സമാധാനം തോന്നും.
വല്ലാത്തൊരു അനുഭവമാണത്. ഈ അവസ്ഥ അപമാനമായിട്ടാണ് എനിക്ക് തോന്നുന്നത്. ഞങ്ങളുടെ സ്വകാര്യമായ ചിത്രങ്ങളും, പ്രിയപ്പെട്ടവരുടെ കത്തുകളും എല്ലാം ക്യാമറകൾ പകർത്തുന്നു. ഇവയൊന്നും ഞങ്ങൾ ആരെയും കാണിക്കാൻ ഇഷ്ടപ്പെടുന്ന വസ്തുക്കളല്ല. ഞങ്ങളുടെ സ്വകാര്യതയാണ്. അവക്ക് ഓരോന്നിന് പിന്നിലും പ്രിയപ്പെട്ട കഥകളുണ്ട്. വീട്ടിലെ ഒന്നും തന്നെ ഒഴിവാക്കാൻ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ വീട് ഒരു ആക്രി കടയാണ് എന്നായിരുന്നു ഉമ്മ പറഞ്ഞിരുന്നത്. എന്റെ മൂത്ത ഇക്ക കുഞ്ഞായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന പഴയ സൈക്കിൾ അടക്കം വീട്ടിൽ ഉണ്ടായിരുന്നു. ഇടക്ക് വീട് വൃത്തിയാക്കുമ്പോൾ ചിലതൊക്കെ എടുത്ത് കളയാൻ തോന്നും. പിന്നെ അത് എപ്പോഴെങ്കിലും ആവശ്യം വരും എന്ന് പറഞ്ഞ് അവിടെ തന്നെ വെക്കും. ഒരു പെട്ടി നിറയെ പഴയ കല്യാണ കത്തുകൾ ഉണ്ടായിരുന്നു. അതു കൊണ്ട് എന്തെങ്കിലും രസകരമായി ഉണ്ടാക്കാം എന്നാണ് ഞാനും സുമയ്യയും പ്ലാൻ ചെയ്തത്. അത് കളയാൻ ആരെയും ഞങ്ങൾ അനുവദിച്ചില്ല.
ഖുർആനും മറ്റ് ഇസ്ലാമിക പുസ്തകങ്ങളും ആണ് ഞങ്ങൾ ആദ്യം മാറ്റിയത്. അവർ തകർക്കുമ്പോൾ ഖുർആൻ അവക്കിടയിൽ പെട്ട് പോകരുത് എന്ന് ഞങ്ങൾ ആഗ്രഹിച്ചു. വീട്ടിൽ ഖുർആന്റെ ഒരുപാട് കോപ്പികൾ ഉണ്ടായിരുന്നു. ഞങ്ങളോ സംഭവങ്ങൾ അറിഞ്ഞ് വീട്ടിലേക്ക് വന്ന മറ്റു ബന്ധുക്കളോ വസ്തുക്കളൊന്നും മാറ്റാൻ ധൃതി കൂടിയില്ല. എന്ത് എടുക്കണം എന്ത് എടുക്കാതിരിക്കാം എന്ന ഒരു അവസ്ഥയിൽ ആയിരുന്നു ഞങ്ങൾ. ഒന്നും തന്നെ ഒഴിവാക്കാൻ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. ഞാൻ പറഞ്ഞല്ലോ ഈ വീട്ടിലെ എല്ലാ വസ്തുക്കളും ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ്. പക്ഷെ, നോക്കൂ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഏറ്റവും വലിയ വസ്തു (വീട്) തന്നെ നഷ്ടപ്പെട്ടു.
ഉപ്പയെ പുറത്ത് എന്നതാണ് ഞങ്ങളുടെ പ്രാഥമിക ആവശ്യം. ഇതെല്ലാം കെട്ടിച്ചമച്ചതാണ്, അദ്ദേഹത്തിന് മേൽ അന്യായമായി കുറ്റം ചുമതിയിരിക്കുകയാണ്; ഞങ്ങൾക്കിത് തെളിയിക്കണം. നിയമപരമായി തന്നെ ആണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. ചുറ്റിലും ഈ 'അച്ഛൻ-മകൾ ദ്വയം' സിദ്ധാന്തം കറങ്ങി കൊണ്ടിരിക്കുന്നുണ്ട്. ഞാൻ എല്ലാം പ്ലാൻ ചെയ്യുന്നു, ഉപ്പ എല്ലാം നടപ്പിലാക്കുന്നു' എന്നൊക്കെയാണ് പറയുന്നത്. ഒരു തരത്തിൽ ആലോചിക്കുമ്പോൾ രസകരമാണ്. ഞാനും ഉപ്പയും ഒരുപാട് കാര്യങ്ങൾ സംസാരിക്കാറുണ്ട്. പക്ഷെ അധിക കാര്യങ്ങളിലും ഞങ്ങളുടെ അഭിപ്രായങ്ങൾ വ്യത്യസ്തമാണ്. അവസാനം, "വിയോജിക്കാൻ നമുക്ക് യോജിക്കാം" എന്നും പറഞ്ഞ് അവസാനിപ്പിക്കാറാണ് പതിവ്.
കുറഞ്ഞ പക്ഷം ഇന്ത്യൻ മീഡിയ ഉണ്ടാക്കി വെച്ചിരിക്കുന്ന പെണ്മക്കളെ മിണ്ടാൻ അനുവദിക്കാത്ത, അടച്ച് പൂട്ടിയിടുന്ന മുസ്ലിം പുരുഷനിൽ നിന്നും അവർ ഉപ്പക്ക് അവർ മോചനം നൽകിയല്ലോ. അൽഹംദുലില്ലാഹ്. ഞാൻ ചെയ്യുന്ന ഒരു കാര്യത്തിലും അദ്ദേഹം എന്നെ തടഞ്ഞിട്ടില്ല. ശരിയും തെറ്റും വേർത്തിരിച്ച് കാണാൻ അദ്ദേഹം എന്നെ സഹായിച്ചു. ഞാൻ ഞാനായിരിക്കാൻ അദ്ദേഹം കൂടെ നിന്നു. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ അദ്ദേഹം എന്നെ വിശ്വസിച്ചു. എന്നിരുന്നാലും ഞങ്ങൾ രണ്ട് വ്യക്തികളാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. ഒരേ പോലെ എപ്പോഴും ചിന്തിക്കണം എന്നും ഇല്ല. ഈ വ്യത്യാസങ്ങളെ എല്ലാം അദ്ദേഹം എപ്പോഴും ബഹുമാനിച്ചു. അതേ സമയം പ്രായം കൊണ്ട് മുതിർന്ന ഒരുപാട് ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. നിന്ന നിൽപ്പിൽ നമ്മടെ രക്ഷാധികാരി ആയിക്കളയും. ഇതൊക്കെ പറയാൻ മാത്രം നീ വളർന്നിട്ടില്ല എന്നായിരിക്കും ഉപദേശം. സാമൂഹിക പ്രവർത്തകർക്കിടയിൽ പോലും ഇത്തരക്കാർ ഉണ്ട്. പക്ഷെ ഉപ്പ ഒരിക്കലും അങ്ങനെ ചെയ്തില്ല. വിരുദ്ധാഭിപ്രായം ഉണ്ടാകുമെങ്കിലും അദ്ദേഹം നമ്മളോട് സംസാരിക്കും.
പക്ഷെ ഈ ഗൂഡാലോചനാ സിദ്ധാന്തം അസാധ്യമാണ്. ഞങ്ങൾ രണ്ട് പേർക്കും ഒരിക്കലും ഒരേ പോലെ ഒന്നും ആസൂത്രണം ചെയ്യാൻ കഴിയില്ല. മറിച്ച് വ്യത്യസ്തമായ ഗൂഢാലോചനകൾ ആകും ഉണ്ടാകുക. ഇവിടെ എല്ലാം പച്ച കള്ളമാണ്. അദ്ദേഹത്തിന്റെ പേര് പോലും ചില റിപ്പോർട്ടുകളിലും തെറ്റിച്ച് ആണ് കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് ജാവേദ് അഹമ്മദ് എന്നല്ല, ജാവേദ് മുഹമ്മദ് എന്നാണ്. അതുപോലും അറിയാത്ത മീഡിയകളുടെ കെട്ടിച്ചമച്ച തിരക്കഥയിലെ വസ്തുതകൾ എത്രയാകുമെന്ന് ഊഹിക്കാമല്ലോ?.
ചില വലത് പക്ഷ മാധ്യമങ്ങളുടെ തലക്കെട്ട് ഞാൻ കണ്ടിരുന്നു. "നഫ്രത് കാ പമ്പ്", "ബുൾഡോസർ ഭായ്".. അങ്ങനെ എന്തൊക്കെയോ.. കുഴൽകിണർ ബിസിനസ് ആയിരുന്നു അദ്ദേഹത്തിന്. ഒരുപാട് പേർ അദ്ദേഹത്തിന്റെ പേര് സേവ് ചെയ്തിട്ടുള്ളത് 'ജാവേദ് പമ്പ്' എന്നാണ്. അതിപ്പോ എന്റെ പേര് പലരും സേവ് ചെയ്തിട്ടുള്ളത് അഫ്രീൻ AMU, അഫ്രീൻ JNU, അഫ്രീൻ ദില്ലി, എന്നൊക്കെ ആകും. അങ്ങനെ ആകണം ആ പേര് വന്നത്. ട്രൂ കോളറിൽ ഉപ്പയുടെ നമ്പറിന് കൂടെ 'ജാവേദ് പമ്പ്' എന്ന പേരാണ് ഉള്ളത്. "ട്രൂ കോളർ ഡൗണ്ലോഡ് ചെയ്ത് ആ പേര് ഒന്ന് മാറ്റൂ'' എന്ന് തമാശയായി ഞങ്ങൾ അദ്ദേഹത്തോട് പറയാറുണ്ട്. അപ്പോൾ അതൊരു ഗ്യാങ്ങ്സ്റ്ററുടെ പേര് പോലെ ഉണ്ടല്ലേ കേൾക്കാനെന്ന് ചോദിച്ചു അദ്ദേഹം ചിരിക്കും. പക്ഷേ 'ജാവേദ് പമ്പ്' എന്ന പേര് തന്നെ ഇപ്പോൾ വലിയ വാർത്തയാകുന്നു.
എന്റെ കുടുംബത്തിന് മാത്രമല്ല ഇത് സംഭവിക്കുന്നത്. രാജ്യത്തെമ്പാടും ഒരുപാട് കുടുബങ്ങൾ ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നുണ്ട്. യു.പിയിൽ മാത്രം ഒന്നും അല്ല, സെക്കുലർ എന്ന് പറയപ്പെടുന്ന സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇത് സംഭവിക്കുന്നു. മനുഷ്യർ കൊല്ലപ്പെടുന്നു. ഒരു കാരണവും ഇല്ലാതെ മുസ്‍ലിം സമുദായം വേദന അനുഭവിക്കുന്നു. ഒരു ആക്ഷനും ഇല്ലാതെ റിയാക്ഷനുകൾ ഉണ്ടാകുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ വെച്ച് ഫിസിക്സിലെ നിയമങ്ങൾ ഒക്കെ മാറ്റി എഴുതേണ്ടി വരും. നിങ്ങൾ എന്തെങ്കിലും ചെയ്താലും ഒന്നും ചെയ്തില്ലെങ്കിലും അതിന്റെ എത്രയോ മടങ്ങ് ഭരണകൂടം തിരികെ തരും. ഇവിടെ മുസ്‍ലിംകൾ ഒന്നും ചെയ്യേണ്ടതില്ല. അലഹബാദിൽ ഒന്നും നടന്നില്ലെങ്കിലും എന്റെ ഉപ്പയുടെ മേൽ അവർ ഈ കള്ളകേസുകളെല്ലാം ചുമത്തുമായിരുന്നു. കാരണം അദ്ദേഹം ഇവിടെ നില നിൽക്കുന്ന അസഹിഷ്ണുതയെ ചോദ്യം ചെയ്തിരുന്നു. അലഹബാദിൽ 'ദരം സൻസദിൻ്റെ' പേരിൽ നടന്നത് വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനങ്ങൾ ആണ്. ഇവർക്ക് മുസ്‍ലിംകളെ പീഡിപ്പിക്കുന്നതിൽ നിന്ന് സുഖം കിട്ടുന്നു. മുസ്‍ലിംകൾ ജയിലിൽ പോകുന്നത് കാണുമ്പോൾ, അവരുടെ ദുരനുഭവങ്ങൾ കാണുമ്പോൾ, ടി.വി ചർച്ചകളിൽ അവരെ ഇട്ട് വലിച്ച് കീറുമ്പോൾ, ഹിന്ദുത്വവാദികൾക്ക് രതിമൂർച്ച കിട്ടുന്നു. അവർക്കിത് ഒരു വിനോദം പോലെ ആണ്.
അങ്ങനെ ഒരു സുഖവും നമ്മൾ അവർക്ക് കൊടുക്കാൻ പോകുന്നില്ല. ഒരിറ്റ് കണ്ണീര് പോലും ഇതിന്റെ ഒന്നും പേരിൽ നമ്മൾ വാർക്കില്ല. മുസ്‍ലിം സമുദായം ഇതൊക്കെ അതിജീവിക്കും. ചരിത്രം നമുക്ക് മുന്നിൽ ഉണ്ട്. ഇതിനപ്പുറവും നാം കണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.