മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലനുമായി നടത്തിയ ദീർഘസംഭാഷണത്തിൽ നിന്നുള്ള ഭാഗം. മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത്.
ബ്രണ്ണൻ കോളജ് ആയിരുന്നല്ലോ രാഷ്ടീയ കളരി. അവിടത്തെ അനുഭവങ്ങൾ എന്തെല്ലാമാണ്?
‘എ.കെ. ബാലൻ ബ്രണ്ണൻ കോളജ്’ എന്ന് പറഞ്ഞാൽ അക്കാലത്ത് വലിയൊരു ഫിഗർ ആയിരുന്നു. വീട്ടിലെ അവസ്ഥയുടെ ദുഃഖത്തോടുകൂടിയാണ് കോളജിൽ പോകുന്നത്. ആ ജീവിതദുരിതങ്ങൾ എല്ലാവരോടും പറയാറില്ല. എന്നാൽ, ചില വിദ്യാർഥികൾക്ക് എന്റെ വീട്ടിലെ കാര്യങ്ങൾ നന്നായി അറിയാമായിരുന്നു. എന്റെ എസ്.എഫ്.ഐ പ്രവർത്തനത്തെ ഇതൊന്നും ബാധിച്ചില്ല. പിണറായി വിജയൻ ബ്രണ്ണൻ കോളജ് വിട്ട കാലഘട്ടത്തിലാണ് അവിടെ ചേർന്നത്. ഞാനാണ് മമ്പറം ദിവാകരനോടും കെ.ടി. ജോസഫിനോടും കെ. സുധാകരനോടും ഏറ്റുമുട്ടി എസ്.എഫ്.ഐ വളർത്തിയെടുത്തത്. പിണറായി പഠിക്കുന്ന സമയത്ത് ഇവരാരും കോളജിലില്ല. പിണറായി പഠിക്കുന്ന കാലത്ത് വിദ്യാർഥി സംഘടന കെ.എസ്.എഫ് ആണ്. അതിന് കോളജിലെ വിദ്യാർഥികളിൽ വലിയ സ്വാധീനം ഉണ്ടായിരുന്നില്ല. ഞാൻ എത്തിയപ്പോൾ സംഘടന എസ്.എഫ്.ഐ ആയി മാറി.
അക്കാലത്തെ കെ.എസ്.യുവിന്റെ ശക്തമായ കോട്ടയായിരുന്നു ബ്രണ്ണൻ കോളജ്. കെ.എസ്.യുവിനെയും എ.ബി.വി.പിയെയും തകർത്തിട്ടാണ് ഞാൻ ചെയർമാനായി വിജയിച്ചത്. 1973ലാണ് ചരിത്രത്തിലാദ്യമായി ബ്രണ്ണൻ കോളജിൽ എസ്.എഫ്.ഐ ജയിച്ചത്. അന്ന് യൂനിയൻ ഉദ്ഘാടനംചെയ്തത് ഇ.എം.എസ് ആണ്. ആ കാലത്ത് എ.ബി.വി.പിക്കാരും കെ.എസ്.യുക്കാരും എന്നെ കൊലചെയ്യാൻ തീരുമാനിച്ചിരുന്നു. അന്ന് എ.ബി.വി.പി കോളജിൽ കുറെയൊക്കെ ശക്തമാണ്. ഇപ്പോഴത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ അന്ന് തലശ്ശേരി സെന്റ് ജോസഫിൽ എട്ടാം തരത്തിൽ പഠിക്കുന്നുണ്ട്. മുരളീധരൻ അേന്ന എ.ബി.വി.പിയിൽ സജീവമായിട്ടുണ്ട്.
ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അക്കാലത്ത് ബ്രണ്ണൻ കോളജിൽ ഉണ്ടായിരുന്നല്ലോ. അദ്ദേഹം എസ്.എഫ്.ഐ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കിയോ?
കെ. സുധാകരൻ അക്കാലത്ത് ബ്രണ്ണൻ കോളജിൽ വിദ്യാർഥിയായിരുന്നു. അദ്ദേഹം എനിക്കെതിരെ ആദ്യകാലത്ത് ശക്തമായി നിലപാട് എടുത്തിരുന്നു. പിന്നീട് സുധാകരൻ കെ.എസ്.യുവിൽനിന്ന് മാറി. സുധാകരൻ പ്രവർത്തിച്ചത് സംഘടനാ കോൺഗ്രസിലായിരുന്നു. അതിനൊരു വിദ്യാർഥി സംഘടനയുണ്ടായിരുന്നു -എൻ.എസ്. ആ വിദ്യാർഥി സംഘടനയുടെ നേതാവായിരുന്നു സുധാകരൻ. അതോടെ സുധാകരന്റെ ശല്യം എനിക്ക് ഒരുപരിധിവരെ ഒഴിവായി കിട്ടിയിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ബ്രണ്ണൻ കോളജ് യൂനിയൻ ചെയർമാൻ ആകുന്നതിൽ സുധാകരന്റെ പങ്ക് കൂടിയുണ്ടായിരുന്നു. കോൺഗ്രസിന്റെ വിദ്യാർഥി സംഘടന രണ്ടായിനിന്നതിനാലാണ് എസ്.എഫ്.ഐക്ക് വിജയിക്കാനായത്. അതോടെ എന്നെ കൊല്ലാൻ തീരുമാനിച്ചു.
അത് നടപ്പാക്കാൻ എത്തിയപ്പോൾ അതിനെ തടുത്ത ആളാണ് എസ്.എഫ്.ഐ പ്രവർത്തകനായ അഷ്റഫ്. ബ്രണ്ണൻ കോളജിലെ ആദ്യത്തെ രക്തസാക്ഷി അഷ്റഫാണ്. അഷ്റഫിന് അല്ലെങ്കിൽ എനിക്കായിരുന്നു അത് സംഭവിക്കേണ്ടത്. കുത്തേറ്റ് നിലത്തുവീണ കിടന്ന അഷ്റഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് കെ. സുധാകരൻ ആണ്. എസ്.എഫ്.ഐയുടെ നേതാവായ അഷ്റഫിനെ കെ.എസ്.യുക്കാർ ആക്രമിക്കുമ്പോൾ അതിനെ തടുത്ത് എന്നെ പിടിച്ചു രക്ഷിച്ചത് എടക്കാട് ലക്ഷ്മണൻ ആണ്. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന് ഈ സംഭവങ്ങളെല്ലാം അറിയാം. പിൽക്കാലത്ത് അദ്ദേഹം വീക്ഷണം പത്രത്തിന്റെ പത്രാധിപരായിരുന്നു. അദ്ദേഹത്തെ ഞാൻ ആദ്യം കാണാൻ പോയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹവും ഇക്കാര്യം പറഞ്ഞ് കരഞ്ഞു.
കെ.എസ്.യുവുമായി ഇടയാൻ എന്താണ് കാരണം?
കോളജിൽ എസ്.എഫ്.ഐ ജയിച്ചതിനെ തുടർന്ന് യൂനിയൻ ഉദ്ഘാടനത്തിന് ഇ.എം.എസിനെ കൊണ്ടുവരാൻ സമ്മതിക്കില്ലെന്ന് ആയിരുന്നു കെ.എസ്.യുവിന്റെ പ്രഖ്യാപനം. ആ വെല്ലുവിളി അന്ന് എസ്.എഫ്.ഐ ഏറ്റെടുത്തു. ഇ.എം.എസ് ബ്രണ്ണന് കോളജിൽ വന്ന് യൂനിയൻ ഉദ്ഘാടനംചെയ്തു. കെ.എസ്.യുക്കാർ അതിനുള്ള പ്രതികാരമാണ് തീർത്തത്. അന്നത്തെ കെ.എസ്.യു നേതാവായിരുന്ന കെ.ടി. ജോസഫിനെ മരിക്കുന്നതിന് മുമ്പ് ഞാൻ കണ്ടിരുന്നു. അർധബോധാവസ്ഥയിൽ കിടക്കുമ്പോൾ എന്നെ കണ്ട് അദ്ദേഹം പൊട്ടിക്കരഞ്ഞു.
അന്ന് കോൺഗ്രസിൽ ഗുണ്ടാ രാഷ്ട്രീയം ശക്തമായ കാലമാണോ? വിദ്യാർഥിരംഗത്തും ഗുണ്ടായിസം നിലനിന്നിരുന്നോ?
കെ.എസ്.യു എന്ന് കേട്ടാൽ അന്ന് വിദ്യാർഥികൾ കിടുകിടാ വിറക്കുന്ന കാലമാണ്. കോളജ് അന്തരീക്ഷം മൊത്തത്തിൽ കെ.എസ്.യുവിന് അനുകൂലം. കോളജിലെ 90 ശതമാനം വിദ്യാർഥികളും കെ.എസ്.യുവിനൊപ്പം ആയിരുന്നു. രണ്ടായി നിന്നാലും കെ.എസ്.യുവിനായിരുന്നു ശക്തി കൂടുതൽ. കണ്ണൂർ എസ്.എൻ കോളജിൽ കെ.എസ്.യു രണ്ടായി നിന്നിട്ടും അവരെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. കെ.എസ്.യുക്കാരായ കെ.പി. മോഹനനും സുശീലനും രണ്ടായി നിന്നാണ് കോളജിൽ മത്സരിച്ചത്. എന്നിട്ടും പരാജയപ്പെടുത്താൻ കണ്ണൂർ എസ്.എൻ കോളജിൽ എസ്.എഫ്.ഐക്ക് കഴിഞ്ഞില്ല. കെ.എസ്.യുക്കാർ തമ്മിൽ മത്സരിക്കുമ്പോൾ ഏതെങ്കിലും ഒരു കെ.എസ്.സി ആണ് വിജയിക്കും. അത്രമാത്രം ശക്തമായിരുന്നു അക്കാലത്തെ കെ.എസ്.യു. ബ്രണ്ണൻ കോളജിൽ ഞാൻ എസ്.എഫ്.ഐയുടെ ചെയർമാനായപ്പോൾ വലിയ കോളിളക്കം ഉണ്ടായി.
അതിനുശേഷമാണ് എസ്.എഫ്.ഐ കണ്ണൂർ ജില്ലയിൽ ശക്തിപ്പെട്ടത്. എന്റെ രാഷ്ട്രീയ ജീവിതത്തിലും വഴിത്തിരിവ് ആയത് കോളജിലെ ചെയർമാൻ സ്ഥാനമാണ്. ഡിഗ്രിക്കാണ് അന്ന് കോളജിൽ പഠിച്ചിരുന്നത്. പ്രീഡിഗ്രിക്ക് ബയോളജി ആയിരുന്നു. ബി.എക്ക് മലയാളം മെയിൻ എടുത്തു. പിന്നീട് എൽഎൽ.ബിക്ക് പോയി. ഈ പഠനം എല്ലാം ജീവിതത്തിൽ ഉപകാരമായി. പ്രഗല്ഭരായ പല അധ്യാപകരും പഠിപ്പിച്ചു. എം.എൻ. വിജയൻ മാഷ് അക്കൂട്ടത്തിൽ ഏറ്റവും സ്വാധീനിച്ച അധ്യാപകനാണ്. വിജയൻ മാഷിന് എന്നെ വളരെ ഇഷ്ടമായിരുന്നു. അക്കാലത്ത് നിരവധി കേസുകൾ എന്റെ പേരിൽ ഉണ്ടായി. അങ്ങനെയാണ് അഡ്വ. എൻ.കെ. ദാമോദരനെ പരിചയപ്പെട്ടത്. അദ്ദേഹം പിൽക്കാലത്ത് അഡ്വക്കറ്റ് ജനറലായി. പഠനകാലത്ത് കോടിയേരി ബാലകൃഷ്ണൻ എന്റെ ജൂനിയർ ആയിരുന്നുവെങ്കിലും പാർട്ടിയിൽ എന്റെ സീനിയർ ആയി. ഞാൻ ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ കോടിയേരി ബാലകൃഷ്ണൻ ഹൈസ്കൂളിൽ ആയിരുന്നു. ബാലകൃഷ്ണനെ ഹെഡ്മാസ്റ്റർ തല്ലിയിട്ട് പ്രതിഷേധപ്രകടനത്തിൽ സംസാരിച്ചത് ഞാനാണ്. എൽഎൽ.ബി കഴിഞ്ഞശേഷം പ്രബേഷനറി ഓഫിസറായി ജോലികിട്ടി. അന്ന് വീട്ടിൽ റേഷൻ വാങ്ങാൻ കാശില്ലാത്ത കാലമാണ്. എസ്.എഫ്.ഐയുടെ സംസ്ഥാന സമ്മേളനത്തിന് പോകുമ്പോൾ അമ്മയോട് ജോലി കിട്ടിയ കാര്യം പറഞ്ഞിരുന്നു. ബാങ്കിൽ ജോലി കിട്ടി പ്രവേശിക്കാൻ പോകുന്നു എന്നാണ് അമ്മയോട് പറഞ്ഞത്. അമ്മക്ക് എഴുത്തും വായനയും അറിയില്ലെങ്കിലും പൊതുകാര്യങ്ങളൊക്കെ മനസ്സിലായി. നല്ലൊരു ജോലികിട്ടി എന്നായിരുന്നു അമ്മയുടെ വിചാരം. എസ്.എഫ്.ഐയുടെ ഏഴാം സംസ്ഥാന സമ്മേളനമാണ് അന്ന് കോഴിക്കോട് നടന്നത്.
എം.വി. രാഘവൻ, പുത്തലത്ത് നാരായണൻ, എസ്. രാമചന്ദ്രൻ പിള്ള ഇവരൊക്കെയായിരുന്നു പാർട്ടി ഫ്രാക്ഷൻ. എ.കെ. ബാലൻ സെക്രട്ടറി ആകണമെന്ന് പാർട്ടി നേതാക്കൾ ഐകക ണ്ഠ്യേന തീരുമാനിച്ചു. കേളുവേട്ടൻ ആണ് അന്ന് പാർട്ടി സെക്രട്ടറി. അദ്ദേഹത്തിന് എന്റെ വീട്ടിലെ കാര്യങ്ങൾ വ്യക്തമായി അറിയാം. കേളുവേട്ടൻ പാർട്ടി നേതാക്കളോട് കാര്യങ്ങൾ പറഞ്ഞു. കുടുംബം വളരെ ദുരിതത്തിലാണെന്നും ബാലനെ നിർബന്ധിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അപ്പോൾ എം.വി.ആർ പറഞ്ഞത് സി.പി. അബൂബക്കറിന്റെ അനുഭവമാണ്. അബൂബക്കർ ദേശാഭിമാനിയിൽ പിൽക്കാലത്ത് ഉണ്ടായിരുന്നു. കേളുവേട്ടനോട് എം.വി.ആർ പറഞ്ഞു, കോഴിക്കോട് ജില്ലയിൽ വന്നതുകൊണ്ടാണ് സി.പി കോളജ് അധ്യാപകൻ ആയത്. അതല്ലെങ്കിൽ സി.പി പൊതുരംഗത്ത് തന്നെ ഉണ്ടാകുമായിരുന്നു. ആ അവസ്ഥയിലേക്ക് ബാലനെ എത്തിക്കരുതെന്ന് എം.വി.ആറിനോട് പറഞ്ഞു. അന്ന് എന്റെ കാര്യത്തിൽ തീരുമാനമെടുത്തില്ല. ആ ദിവസം കൂത്തുപറമ്പ് ഒരു യോഗത്തിൽ സംസാരിക്കാൻ എം.വി.ആർ പോയി. പിറ്റേദിവസം തിരിച്ചുവന്നപ്പോൾ എന്നോട് തീരുമാനം പുനഃപരിശോധിച്ചുകൂടെയെന്ന് ചോദിച്ചു. എം.വി.ആറിന് അന്ന് പാർട്ടിപ്രവർത്തകരോട് വലിയ സ്നേഹമാണ്. ഞാൻ സംസ്ഥാന സെക്രട്ടറിയാകാമെന്ന് സമ്മതിച്ചു. അപ്പോൾ എം.വി.ആർ എന്നെ പിടിച്ച് ഉമ്മവെച്ചു. തൊട്ടടുത്ത വർഷം ഞാൻ എം.പിയായി. 1980ല് പാലക്കാട്ടുനിന്നാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. പിന്നെ രണ്ടുപ്രാവശ്യം മന്ത്രിയായി, നാലു പ്രാവശ്യം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ - ഭാഗം 1- ‘സർക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കിൽ അഞ്ചുലക്ഷം ഏക്കർ വിദേശ തോട്ടഭൂമി ഏറ്റെടുക്കാം’
ഭാഗം 2 - ആ നിയമഭേദഗതിയോട് യോജിപ്പ് ഉണ്ടായിരുന്നില്ല; ഗൗരിയമ്മ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.