എണ്‍പതുകളുടെ മധ്യത്തില്‍ ഫെലിക്സ് ഗുത്താരി എന്ന ഫ്രഞ്ച് ചിന്തകനാണ് മാധ്യമാനന്തരകാലത്തെക്കുറിച്ചുള്ള ആശയം പങ്കുവെക്കുന്നത്. തൊണ്ണൂറുകളുടെ സവിശേഷമായ ലോകസാഹചര്യത്തില്‍ സങ്കീർണതകളോടെ ഈ ആശയം തിടംവെക്കുന്നു. ദേശരാഷ്ട്രങ്ങളുടെ ഭൂപടങ്ങളെ ലോകമുതലാളിത്തം വ്യാപാരലക്ഷ്യത്തോടെ മാറ്റിവരഞ്ഞകാലമായിരുന്നു അത്. ആഗോളീകരണത്തിന്റെ സാധ്യതകളില്‍ അഭിരമിക്കുകയും പരിമിതികളെ മറച്ചുപിടിക്കുകയും ചെയ്ത മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ പുതുമുതലാളിത്തത്തിന്റെ പ്രചാരണോപാധിയും ഉപകരണവുമായി പ്രവര്‍ത്തിച്ചു. സമൂഹ മനോഘടനയില്‍ സവിശേഷമായ ലക്ഷ്യത്തോടെ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് ബഹുജനമാധ്യമം എന്ന നിലയിലുള്ള അതിന്റെ ആവിര്‍ഭാവത്തോളം ചരിത്രമുണ്ട്.
അച്ചടിമാധ്യമങ്ങളുടെ വ്യാപനവുമായി കെട്ടുപിണഞ്ഞതാണ് ദേശ-രാഷ്ട്രങ്ങളുടെ ഉത്ഭവത്തിന്റെയും വികാസത്തിന്റെയും ചരിത്രം. ഒരു സാങ്കൽപിക സമൂഹനിർമിതിയുടെ പ്രചാരണമാധ്യമവും ഉപകരണവുമായി പ്രവര്‍ത്തിച്ചത് അച്ചടിയാണെന്ന് ബെനഡിക്ട് ആന്ഡേഴ്സണ് നിരീക്ഷിക്കുന്നുണ്ട്. പുസ്തകങ്ങളും വര്‍ത്തമാനപത്രങ്ങളും കലണ്ടറുകളും പോസ്റ്ററുകളും സമൂഹഭാവനയെ, ദേശഭാവനയെ നിർമിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചു. ബഹുജന ആശയവിനിമയ മാധ്യമങ്ങള്‍ എന്ന നിലയില്‍ പത്രങ്ങളും റേഡിയോയും ടെലിവിഷനും വലിയ സ്വീകാര്യത നേടി. സമൂഹത്തിന്റെ അഭിപ്രായ രൂപവത്കരണത്തിലും ക്രമപ്പെടുത്തലിലും ഈ മാധ്യമങ്ങളുടെ സ്വാധീനം വലുതായിരുന്നു. മാര്‍ഷല്‍ മക്ലൂഹന് നിരീക്ഷിക്കുന്നതുപോലെ ബഹുജന മാധ്യമങ്ങള്‍ മനുഷ്യചിന്തയെ നിയന്ത്രിക്കാന്‍ ശേഷിയുള്ള ശക്തമായ ഉപകരണങ്ങളായി മാറി.
പൊതുജനാഭിപ്രായ രൂപവത്കരണം സ്വാഭാവികമായും ഭരണകൂടതാൽപര്യങ്ങളില് കലരുകയും അധികാര രാഷ്ട്രീയത്തിന്റെ അഭിരുചികളെ നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ബഹുജനാശയ വിനിമയ രൂപമായിരിക്കെത്തെന്ന അധികാര നിയന്ത്രണങ്ങള്ക്കുള്ളിലായിരിക്കണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഭരണകൂടങ്ങള്‍ നിശ്ചയിച്ചു. ഈ പിടിമുറുക്കലിനെ മറികടക്കാന്‍ അധികാരവൃത്തത്തിനകത്തും എന്നാല്‍ പുറത്തുമായ സവിശേഷമൊരു ഭ്രമണപഥം കണ്ടെത്തുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. അത് ആധുനിക ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നാലാം തൂണായി പ്രവര്‍ത്തിച്ചു. ഒപ്പം നിതാന്ത പ്രതിപക്ഷമായി നിലകൊള്ളുകയുംചെയ്തു. അധികാരവും മാധ്യമങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ഈ ബന്ധം മനുഷ്യനന്മയിലും ജനാധിപത്യത്തിലും വേരൂന്നിയ നൈതികതയാല്‍ മെനഞ്ഞതായിരുന്നു. പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ എന്നിങ്ങനെ മാധ്യമങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോഴും വസ്തുതകളിലും വിശ്വാസ്യതയിലും അധിഷ്ഠിതമായ ആധിപത്യരഹിതമായ വാര്‍ത്താവിനിമയ ശൃംഖല സമൂഹത്തിന്റെ പ്രതിരോധ കവചമായി നിലകൊണ്ടു.
തൊണ്ണൂറുകള്‍ ഈ പ്രതിരോധനിരയില്‍ വിള്ളല്‍ വീഴ്ത്തുന്നു. ദൃശ്യമാധ്യമങ്ങളുടെ വ്യാപനവും അവരുടെ വിനോദ വ്യവസായിക താൽപര്യങ്ങളും 'ആധിപത്യരഹിതമായ' വാര്‍ത്താവിനിമയ അന്തരീക്ഷത്തെ ക്രമരഹിതവും പക്ഷപാതപരവുമാക്കി. വാണിജ്യ താൽപര്യങ്ങളെ മുന്‍നിര്‍ത്തി വികസിച്ചുവന്ന ടെലിവിഷന്‍ വ്യവസായം വാര്‍ത്തയെ പലതില്‍ ഒന്നായോ തങ്ങള്‍ക്കനുകൂലമായി അഭിപ്രായ രൂപവത്കരണം നടത്തുന്നതിനുള്ള ഉപാധിയായോ ഉപകരണമായോ കണ്ടു. മാധ്യമങ്ങളുടെ വിപണിമൂല്യവും അതിന്റെ വളർച്ചയും മത്സരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിനോദ-വിനിമയ വ്യവസായമായി ഇന്ത്യന്‍ മാധ്യമലോകം മാറിക്കഴിഞ്ഞു. രണ്ട് പതിറ്റാണ്ടുകളായി, ഇന്ത്യൻ മാധ്യമവിപണിയുടെ വളര്‍ച്ചനിരക്ക് വര്‍ഷംതോറും ഇരട്ടിയായിക്കൊണ്ടിരിക്കുന്നു. കൺസൽട്ടൻസി സ്ഥാപനമായ കെ.പി.എം.ജിയുടെയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും സമീപകാല റിപ്പോർട്ട് അനുസരിച്ച് അടുത്ത അഞ്ച് വർഷത്തേക്ക് മാധ്യമങ്ങളുടെ വളർച്ചനിരക്ക് പ്രതിവർഷം 13-14 ശതമാനമായിരിക്കും.
ലോകമാകെ അച്ചടിമാധ്യമങ്ങള്‍ വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷാപത്രങ്ങള്‍ അത്ഭുതകരമായി പിടിച്ചുനില്ക്കുന്നു. മാത്രമല്ല, പ്രതിവർഷം 10 ശതമാനത്തിലധികം വളർച്ച നേടുകയും ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ 123 ഭാഷകളിലായി നിരവധി പത്രങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നു. ഹിന്ദിയില്‍മാത്രം പത്രങ്ങളും മാസികകളുമായി ഏതാണ്ട് 24,927 പ്രസിദ്ധീകരണങ്ങള്‍ പുറത്തുവരുന്നു. ഇംഗ്ലീഷ്-ഭാഷാ പത്രങ്ങളുടെയും മാഗസിനുകളുടെയും എണ്ണം 9,064 ആണ്. അച്ചടിരംഗത്ത് ഏറ്റവും കൂടുതൽ വളര്‍ച്ചയുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്. 9,885 പത്രങ്ങളാണ് ഇവിടെനിന്നും പ്രസിദ്ധീകരിക്കുന്നത്. 55.7 ദശലക്ഷം വായനക്കാരുള്ള 'ദൈനിക് ജാഗരണാ'ണ് ഏറ്റവും കൂടുതൽ പ്രചാരമുള്ള ഇന്ത്യൻ ദിനപത്രം, 44.9 ദശലക്ഷം വായനക്കാരുള്ള 'ദൈനിക് ഭാസ്കറാ'ണ് രണ്ടാം സ്ഥാനത്ത്. അച്ചടിയുടെ കാലം കഴിയുന്നുവെന്ന് വിലയിരുത്തുമ്പോഴാണ് ലോകത്തുതന്നെ ഏറ്റവും പ്രചാരമുള്ള വാര്‍ത്താപത്രങ്ങള്‍ ഇന്ത്യന്‍ ഭാഷയില്‍ പുറത്തിറങ്ങുന്നത്.
ഇന്ത്യന്‍ മാധ്യമങ്ങള്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന വ്യവസായിക വളര്‍ച്ച നേടുമ്പോള്‍ മറുവശത്ത് ജനാധിപത്യത്തിന്റെ കാവലാളെന്ന നിലയിലുള്ള അതിന്റെ വിശ്വാസ്യതയും നൈതികതയും തകരുന്നുവെന്നാണ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പ്രഫുല്‍ ബിദ്വായ് വിലയിരുത്തുന്നത്. ''രാഷ്ട്രീയം, തെരഞ്ഞെടുപ്പ് ഫലങ്ങൾ, അധികാരം വിനിയോഗിക്കുന്ന രീതി എന്നിവയെക്കുറിച്ചുള്ള പൊതുധാരണകൾ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയിലെ മാധ്യമങ്ങൾ അനുപാതമില്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. നീരാ റാഡിയ ടേപ്പുകളിലെ വെളിപ്പെടുത്തലുകൾ കാണിക്കുന്നതുപോലെ, മാധ്യമപ്രവർത്തകരും ഉന്നത രാഷ്ട്രീയ നേതാക്കളും വ്യവസായികളും കോർപറേറ്റ് ലോബികളും പരസ്പരം തോളില്‍ തട്ടി ഉറപ്പിക്കുന്ന ബന്ധങ്ങള്‍ ആശങ്കജനകമാണ്. സര്‍ക്കാറിന്റെ സുപ്രധാന നിയമനങ്ങളിലും നയപരമായ തീരുമാനങ്ങളിലുംവരെ ഈ കൂട്ടുകെട്ട് സ്വാധീനം ചെലുത്തുന്നു.'' ഇന്ത്യൻ മാധ്യമങ്ങളുടെ അപാരമായ സാമ്പത്തിക ശക്തിക്കും രാഷ്ട്രീയ സ്വാധീനത്തിനും സമാന്തരമായി അതിന്റെ നിലവാരവും വിശ്വാസ്യതയും ആധികാരികതയും കുറഞ്ഞുവരുന്നതായി കാണാം. സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള നിസ്സംഗതയും പക്ഷപാതപരമായ നിശ്ശബ്ദതയും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പതനമായി ലോകം വിലയിരുത്തുന്നു.
പ്രധാനമായും രണ്ട് വിമര്‍ശനങ്ങളാണ് പ്രഫുല്‍ ബിദ്വായ് മുന്നോട്ടുവെക്കുന്നത്. ഒന്നാമതായി, നൂറ്റമ്പതു കോടി ജനങ്ങള്‍ അധിവസിക്കുന്ന ഈ രാജ്യത്ത് അന്താരാഷ്ട്ര നിലവാരമുള്ള ആനുകാലികങ്ങളോ സാഹിത്യ പ്രസിദ്ധീകരണങ്ങളോ ഇല്ല. വ്യവസായ വാണിജ്യ താൽപര്യങ്ങളില്നിന്ന് സ്വതന്ത്രമായ നിലപാടുകളുള്ള പത്രങ്ങളുടെ എണ്ണം നിസ്സാരമാണ്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന വീക്ഷണങ്ങള്ക്കുപോലും വ്യത്യാസങ്ങളില്ല. ഈ വിമര്‍ശനത്തെ ഒന്ന് വിപുലപ്പെടുത്തിയാല്‍ മനുഷ്യനന്മയിലധിഷ്ഠിതമായ സാമൂഹിക പുരോഗതി ലക്ഷ്യംവെക്കുന്ന ആശയാവലികള്‍ സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് ശ്രദ്ധയില്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ചിന്തകള്‍ക്ക് പ്രാമുഖ്യമുള്ള മാധ്യമനൈതികതയില്‍ വേരാഴ്ത്തി നില്ക്കുന്ന എത്ര പ്രസിദ്ധീകരണങ്ങള്‍ നമുക്കുണ്ട്? ഭരണകൂട നിയന്ത്രണങ്ങള്‍ക്കും വിപണി താൽപര്യത്തിനും പുറത്ത് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന എത്ര ദിനപത്രങ്ങള്‍ ഇന്നത്തെ ഇന്ത്യയില്‍ സാധ്യമാണ്?
ബിദ്വായ് ഉന്നയിക്കുന്ന രണ്ടാമത്തെ വിമര്‍ശനം പൊതുജനങ്ങളെ അറിയിക്കുക, സത്യം പറയുക, സങ്കീർണമായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രക്രിയകൾ വിശകലനം ചെയ്യുക, പൊതുസംവാദത്തിന് വേദിയൊരുക്കുക, ജനങ്ങളുടെ കാവൽനായ അല്ലെങ്കിൽ മനസ്സാക്ഷി എന്നനിലയില്‍ പ്രവര്‍ത്തിക്കുക എന്നീ പ്രാഥമിക ധർമങ്ങളില്‍നിന്ന് മാധ്യമങ്ങള്‍ പുറത്തുപോയിരിക്കുന്നു എന്നാണ്. ചുരുക്കത്തില്‍ ആഗോളീകരണത്തെയും അതിന്റെ ഉൽപന്നമായ കോർപറേറ്റ് വാണിജ്യ താൽപര്യങ്ങളെയും രാഷ്ട്രീയാധികാരത്തെയും സാമൂഹികമായി സമീകരിക്കുന്ന ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍. വിയോജിപ്പുകളുടെ ജനാധിപത്യസ്ഥലങ്ങളെ ചുരുക്കിയെടുക്കുകമാത്രമല്ല, അന്തസ്സാരശൂന്യമായ വിവാദങ്ങള്‍കൊണ്ട് സാമൂഹികാഘാതങ്ങളെ മറച്ചുപിടിക്കാനും മാധ്യമങ്ങള്‍ക്ക് കഴിയുന്നു. ഈ പതിറ്റാണ്ടുകളില്‍ മാധ്യമങ്ങള്‍ നേടിയെടുത്ത ദൃശ്യത, തങ്ങളുടെ താൽപര്യമനുസരിച്ച് സാമൂഹിക പൊതുബോധത്തെ നിർമിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഉപകരണമാക്കി മാറ്റുന്നു. ആധിപത്യരഹിതമായ, തുല്യമായ വാര്ത്താവിനിമയാന്തരീക്ഷത്തെ അത് കലുഷിതമാക്കി. ദൃശ്യമാധ്യമ വാര്‍ത്തകളുടെ നീട്ടിയെടുക്കലോ വിശദീകരണങ്ങളോ ആയി റിപ്പോര്‍ട്ടിങ്ങുകള്‍ പരിമിതപ്പെട്ടു.
സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1990ലാണ്. നിയന്ത്രിത വിനോദങ്ങളും വിജ്ഞാനപരിപാടികളും ഭരണകൂട പ്രചാരണങ്ങളും മാത്രമാണ് അന്നോളം പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നത്. 1991 മുതല്‍ കാഴ്ചക്കാരെ മുന്‍നിര്‍ത്തിയുള്ള വിനോദവ്യവസായത്തിന്റെ സാധ്യതയിലേക്ക്, സര്‍ക്കാര്‍-ഇതര ഉടമസ്ഥതയിലേക്ക്, ദൃശ്യവിപണിയിലേക്ക് ഇന്ത്യന്‍ ടെലിവിഷന്‍ പ്രവേശിക്കുന്നു. 1990കള്‍വരെ 30 ദശലക്ഷം മാത്രമായിരുന്നു ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണം. 1995 ആയപ്പോഴേക്കും അത് 70 ദശലക്ഷമായി ഉയര്‍ന്നു. വിനോദമാധ്യമം എന്ന നിലയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ വന്‍സ്വീകാര്യത നേടാന്‍ ടെലിവിഷന്‍ കഴിഞ്ഞു. 2009ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ എണ്ണം 450 കവിഞ്ഞു; പ്രേക്ഷകര്‍ 500 ദശലക്ഷമായി. 2021 ആകുമ്പോഴേക്കും ഇന്ത്യയിലെ 66 ശതമാനം കുടുംബങ്ങളും ടെലിവിഷന്‍ പ്രേക്ഷകരായി. ദക്ഷിണേന്ത്യയിലെ 90 ശതമാനം കുടുംബങ്ങളിലും ടെലിവിഷനുണ്ട്.
ഇന്ത്യന്‍ ദൃശ്യമാധ്യമ വ്യാപനഘട്ടത്തില്‍ ചലച്ചിത്രങ്ങള്‍, ചലച്ചിത്രാധിഷ്ഠിത പരിപാടികള്‍, സംഗീതം, അഭിമുഖങ്ങള്‍, സീരിയലുകള്‍, ഡോക്യുമെന്ററികള്‍, ടെലിഫിലിമുകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ദൃശ്യാനുഭവങ്ങളിലൂടെ മധ്യവര്‍ഗ സ്വീകരണമുറിയിലെ അവിഭാജ്യഘടകമായി ടെലിവിഷന്‍ മാറി. മൂന്നോ നാലോ വാര്‍ത്താ ബുള്ളറ്റിനുകള്ക്കപ്പുറം വാര്‍ത്താമാധ്യമമെന്ന നിലയില്‍ ടെലിവിഷന്‍ പ്രാധാന്യമുണ്ടായിരുന്നില്ല. എന്നാല്‍, വിനോദമാധ്യമം ആയിരിക്കുമ്പോള്‍തന്നെ സമൂഹത്തിന്റെ വിശ്വാസ്യതയും സ്വീകാര്യതയും നേടുന്നതിനും സാമൂഹിക-രാഷ്ട്രീയ ആധികാരികത കൈവരിക്കുന്നതിനും ടെലിവിഷന്‍ വാര്‍ത്താപ്രക്ഷേപണം അനിവാര്യമായിരുന്നു. മാധ്യമധാർമികതയില്‍ ഊന്നിനിന്നുകൊണ്ട് വിപണിയുടെ ബലതന്ത്രങ്ങളെ അതിജീവിക്കുകയോ ഒഴിഞ്ഞുകടക്കുകയോ ചെയ്യുന്ന തന്ത്രപരമായൊരു നിലപാടെടുക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ആ ഘട്ടത്തില്‍ കഴിഞ്ഞു.
തൊണ്ണൂറുകളുടെ മധ്യത്തോടെ മുഴുവന്‍സമയ ചാനലുകള്‍ വാര്‍ത്തകളെ വിനോദത്തിനൊപ്പം പ്രതിഷ്ഠിച്ചു. വിജ്ഞാനത്തെയും വിനോദത്തെയും കൂട്ടിയിണക്കുന്ന സവിശേഷമായ ദൃശ്യപരിചരണവും അറിയാനുള്ള അവകാശത്തിന് നേരേ പിടിച്ച കണ്ണാടി എന്നതരം ആക്രമണോത്സുകതയും വാര്‍ത്താന്വേഷണത്തിനും അവതരണത്തിനും പുതിയ മാനങ്ങള്‍ നല്കി. അടിയന്തരാവസ്ഥയില്‍ ഭരണകൂട വിധേയത്വത്തിന്റെ പേരില്‍ പഴികേള്‍ക്കേണ്ടിവന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തനം ആ ദൂഷിത ഭൂതകാലത്തെ ദൃശ്യമാധ്യമങ്ങളിലൂടെ തിരുത്തുകയായിരുന്നു. ഇന്ത്യന്‍ നാഗരിക മധ്യവര്‍ഗത്തിന്റെ സ്വീകരണമുറികളെ വാര്ത്താനേരങ്ങള് പിടിച്ചെടുത്തു. വിനോദത്തിനെന്നപോലെ വാര്‍ത്തകള്‍ക്കും വിപണിസാധ്യതയുണ്ടെന്ന് കണ്ടതോടെ ആ മേഖലയില്‍ മുതല്‍മുടക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തയാറായി. രണ്ടായിരാമാണ്ടിന്റെ ആദ്യപാദത്തില്‍ ദേശീയവും പ്രാദേശികവുമായ നിരവധി വാര്‍ത്താ ചാനലുകള്‍ പിറവിയെടുത്തു. ലൈവ് ടെലികാസ്റ്റുകളും പ്രേക്ഷകസ്വീകാര്യതക്കായുള്ള കിടമത്സരങ്ങളും വിപണി പിടിക്കാനുള്ള തന്ത്രങ്ങളും വാര്ത്താനേരങ്ങളെ കലുഷിതമാക്കി. ഉള്ളടക്കത്തേക്കാള്‍ അവതരണത്തിന് പ്രാധാന്യം വന്നു. വാര്‍ത്ത ഒരവതരണ കലയായി മാറി. ജനപ്രിയതയില്‍ മുന്നിട്ടുനില്ക്കല് മാധ്യമസ്വീകാര്യതയുടെ ഏക മാനദണ്ഡമായി.
ജനപ്രിയതയെ നിലനിര്‍ത്താന്‍ ഹിംസയെയും കുറ്റകൃത്യങ്ങളെയും ഉൽപന്നമാക്കി മാറ്റുകയാണ് ദൃശ്യമാധ്യമങ്ങള്‍ ചെയ്തത്. തിരുവനന്തപുരം പത്മതീർഥത്തിലെ കൊലപാതകത്തിന്റെ തത്സമയപ്രക്ഷേപണത്തിലൂടെയാണ് മലയാളം ലൈവ് ടെലികാസ്റ്റിന്റെ ചരിത്രം ആരംഭിക്കുന്നതുതന്നെ. ആത്മഹത്യയുടെയും കൊലപാതകങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും പരമാവധി വിശദാംശങ്ങളോടെയാണ് മാധ്യമങ്ങള്‍ ദൃശ്യവത്കരിക്കുന്നത്. ക്രൈം വാര്‍ത്തകള്‍ എന്നൊരു വിഭാഗംതന്നെ ഉണ്ടാവുകയും കുറ്റകൃത്യങ്ങൾ പുനരാവിഷ്കരിക്കുന്ന ദൃശ്യപരിചരണത്തിലൂടെയും നിഴലും വെളിച്ചവും ഇടകലരുന്ന അവതരണത്തിലൂടെയും പശ്ചാത്തല സംഗീതത്തിന്റെ സാധ്യതകളിലൂടെയും കുറ്റകൃത്യങ്ങളെ ദൃശ്യവിരുന്നാക്കിമാറ്റാന് മാധ്യമങ്ങള്‍ മത്സരിച്ചു. നഗരങ്ങളിലും ചേരികളിലും നാട്ടിടവഴികളിലും ഗ്രാമങ്ങളിലും വീടകങ്ങളിലും കടന്നുചെല്ലുന്ന കാമറ, ക്രൂരമനുഷ്യരുടെ ജനുസ്സുകള്‍ കണ്ടെടുക്കുന്നു. സദാചാരഭംഗംവന്ന നാടും നാട്ടുകാരും, എപ്പോഴും കുറ്റവാളിയായേക്കാവുന്ന വ്യക്തിയെയും സമൂഹത്തെയും കണ്ടെത്തി പരസ്യപ്പെടുത്താന്‍ ഭീതിയുടെ രാത്രിവാര്ത്തകള്ക്ക് കഴിഞ്ഞു.
ഇതിനിടയില്‍ ഭരണകൂട ഹിംസയുടെ വഴിയും പൊരുളും ദൃശ്യപരിധിയില്‍ വരാതിരിക്കുകയോ നീട്ടിവെക്കപ്പെടുകയോ സാമാന്യവത്കരിക്കപ്പെടുകയോ ചെയ്തു. മനുഷ്യാവകാശവും പൗരാവകാശവും നിരന്തരം ലംഘിക്കപ്പെടുന്ന, ജനാധിപത്യം ചുരുങ്ങിപ്പോകുന്ന, പൗരത്വം സംശയിക്കപ്പെടുന്ന, അമിത ദേശീയതയുടെ ഭാരത്താല്‍ ശിരസ്സു താണുപോകുന്ന, അതിസമ്പന്നരുടെ ലീലകളില്‍ രക്തം ചിന്തുന്ന, ദാരിദ്ര്യം ഒരാചാരമായി മാറുന്ന, നീതിന്യായ കോടതികള്‍ ഭരണകൂടത്തിന് വിധേയപ്പെടുന്ന, വംശഹത്യയുടെ വിധിമാറ്റിയെഴുതുന്ന അധികാരത്തിന്റെ ഇടങ്ങളിലേക്കോ ഇടനാഴികളിലേക്കോ കാമറകള്‍ കടന്നുചെല്ലുന്നതേയില്ല. കുറ്റകൃത്യങ്ങള്‍ എപ്പോഴും വ്യക്തിയുടെ മാത്രം സ്വഭാവദൂഷ്യമായി, തെരഞ്ഞെടുപ്പായി ചുരുക്കിയെടുക്കുകവഴി ഹിംസയുടെ ബൃഹദാഖ്യാനങ്ങളെ മറച്ചുപിടിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നു. അതിലൂടെ അധികാരത്തിന്റെ ഹിംസ സാധൂകരിക്കപ്പെടുകയാണ്.
ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം ഹിംസയെ സ്വാഭാവികവത്കരിക്കുകയോ സാമാന്യവത്കരിക്കുകയോ ചെയ്യുന്നു. ചില സ്ഥായീ ബിംബങ്ങളുടെ പൊളിെച്ചഴുത്തിലൂടെ ഹിന്ദുദേശീയത സമൂഹത്തില്‍ നിശ്ശബ്ദമായ ഹിതപരിശോധനകള്‍ നടത്തിക്കൊണ്ടിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ബിംബങ്ങളാണ് രാമനും ഹനുമാനും. പുരാണ-നാടോടി കഥാപാരമ്പര്യത്തില്‍ വിധേയനും ശാന്തനുമാണ് ഹനുമാന്. ഗുജറാത്ത് അനന്തര ഇന്ത്യയില്‍ ശാന്തഹനുമാനേക്കാള് ദൃശ്യത ശൗര്യഹനുമാന് വന്നുചേരുന്നു. കണ്ണുകളില്‍ ശത്രുവിനെ ഭസ്മമാക്കാന്പോന്ന രൗദ്രഭാവംപൂണ്ട ഹനുമാന്രൂപം യുവാക്കള്‍ പച്ചകുത്തുകയും വാഹനങ്ങളിലും മറ്റും സ്റ്റിക്കറുകളായും പോസ്റ്ററുകളായും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് സമാനമായ കളര്‍ പാറ്റേണില്‍ ആകാശത്തോളം വളര്ന്നുനില്ക്കുന്ന രൗദ്രരാമന് സൃഷ്ടിക്കപ്പെട്ടത്. രാമന്റെയും ഹനുമാന്റെയും കഥാപാത്ര ഗാത്രത്തില്‍ ലീനമായിരുന്ന കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും ചായങ്ങള്‍ അഴിച്ചു കളയുന്ന ഹിതപരിശോധനയില്‍ ഹിന്ദുത്വവാദ രാഷ്ട്രീയം വിജയിക്കുന്നു. ആ അഴിച്ചെടുത്ത കഥ-ചരിത്ര ശരീരത്തിലാണ് ഉഗ്രരൂപികളായ സിംഹമുദ്രകള് കുടിപാര്‍ക്കുന്നത്. അശോകന്റെ ശാന്തിദര്ശനവും അഹിംസയും സ്ഥായിയായിരുന്ന സ്തംഭത്തില്‍ ക്രൗര്യ ദംഷ്ട്രകള്‍ വളരുന്നുണ്ടെങ്കില്‍ അത് നമ്മുടെ ദൃശ്യബോധത്തില്‍ അതിനുമുമ്പുതന്നെ ആരംഭിച്ച അഴിച്ചുപണിയുടെ അനന്തരഫലം മാത്രമാണ്. അതാണ് ഫാഷിസത്തിന്റെ കലാദര്‍ശനം.
ദേശ-രാഷ്ട്രത്തിന്റെ ഭൂത വര്‍ത്തമാനങ്ങളെ തങ്ങള്‍ക്കനുകൂലമായി ക്രമീകരിക്കുന്ന സമകാലികതയോട് ഇന്ത്യന്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിസ്സംഗതയില്‍ വിപണിയും അധികാരവും കീഴ്പ്പെടുത്തിയ മാധ്യമധാർമികതയുടെ പൊരുള്‍ വായിക്കാം. 2025 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 0.4 ശതമാനം വിനോദമാധ്യമ വ്യവസായം കൈയടക്കുമെന്നാണ് സൂചന. 2024ല്‍ മാധ്യമവിപണിയുടെ 40 ശതമാനം വ്യാപാര കുത്തക ടെലിവിഷൻ നേടും. ഈ വളര്‍ച്ചയെ പരസ്യവരുമാനവുമായി ബന്ധപ്പെടുത്തി പരിശോധിക്കാവുന്നതാണ്. 2021 അവസാനിക്കുമ്പോള്‍ 18,938 കോടി രൂപയായിരുന്നു പരസ്യവരുമാനമെങ്കില് 2022 ഇതുവരെ അത് 23,673 കോടിയിലെത്തി നില്ക്കുന്നു. 2019 മുതല്‍ 2022 ജൂണ്‍വരെ 911.17 കോടിരൂപ പരസ്യത്തിനായി സര്‍ക്കാര്‍ ചെലവിട്ടു. അതില്‍ 199.76 കോടി രൂപ വിവിധ ടെലിവിഷന്‍ ചാനലുകളിലേക്കാണ് എത്തിച്ചേര്‍ന്നത്. ദൃശ്യമാധ്യമങ്ങളുടെ നിലപാടുകള്‍ ഈ വിനോദ വിപണിമൂല്യത്തെ മുന്‍നിര്‍ത്തിയാണ് രൂപംകൊള്ളുന്നത്. അതില്‍ ഭരണകൂടതാൽപര്യങ്ങള് ഉണ്ടാവുകയെന്നത് സ്വാഭാവികമായിത്തീരുന്നു. അപ്പോള്‍ ജനാധിപത്യത്തിലെ നിതാന്തപ്രതിപക്ഷം എന്ന സ്ഥാനത്ത് തുടരാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. ഭരണകൂടത്തിനും അധികാര പ്രത്യയശാസ്ത്രത്തിനും അനുകൂലമായി അഭിപ്രായരൂപവത്കരണം നടത്തുകയെന്ന ഇടനിലക്കാരുടെ പദവിയിലേക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ മാറുന്നത് ഈ ഘട്ടത്തിലാണ്. വാര്‍ത്താപ്രക്ഷേപണം അതിനുള്ള ഉപാധിയും ഉപകരണവുമായി മാറുന്നു.
വിനോദത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന അതേ ശക്തികള്‍തന്നെ വാര്‍ത്തയെയും നിയന്ത്രിക്കുന്ന നിലയിലേക്ക് ചാനല്മുതലാളിത്തം പരിണമിച്ചു. ഇവിടെ ദൃശ്യമാധ്യമങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ധാർമികതയും വിശ്വാസ്യതയും നിലനിര്‍ത്തുക എന്നതായിരുന്നു. അതിലവര്‍ വളരെ വേഗം പിന്നോട്ടു പോവുകയോ കനത്ത നിശ്ശബ്ദത പുലര്‍ത്തുകയോ വേണ്ടിവന്നു. ഈ രാഷ്ട്രീയ മൗനത്തെ കൃത്രിമവാചാലതകൊണ്ട് മറികടക്കാനാകുമെന്ന തന്ത്രമാണ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. വാര്‍ത്തകള്‍ക്കും വസ്തുതകള്‍ക്കും പുറത്ത് അഥവാ സത്യത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുംവിധം വാര്ത്താരാത്രികളെ മുഖരിതമാക്കുകയായിരുന്നു ആ തന്ത്രം. പ്രൈം ടൈം വര്‍ത്തമാന നേരങ്ങള്‍ തുറന്നുവെച്ച സംവാദങ്ങള്‍ സമൂഹത്തെപ്രതിയുള്ള നൈതികമായ ആശങ്കകളുടേതായിരുന്നില്ല. മറിച്ച്, ഒരുതരം താരനിർമിതിയുടേതായിരുന്നു. ഒരേ ശരീരഭാഷയുള്ള നിരവധി അവതാരകരുണ്ടായി. അവതാരകര്‍ക്ക് താരമൂല്യം കൈവന്നു. അത് സിനിമയിലേക്കും രാഷ്ട്രീയാധികാരത്തിലേക്കും പദവികളിലേക്കുമുള്ള വഴിത്തിരിവുകളായി. ടെലിവിഷന്‍ വാര്‍ത്താ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതരം സാമൂഹികവിഭാഗം സൃഷ്ടിക്കപ്പെട്ടു. ദൃശ്യതയും അതിലൂടെ വന്നുചേരുന്ന പ്രശസ്തിയും സ്വീകാര്യതയും അവര്‍ക്ക് രാഷ്ട്രീയ സാമൂഹിക ഉപരിഘടനയിലേക്കുള്ള പിന്‍വാതില്‍ തുറന്നുകിട്ടുന്നതിന് ഉപകരിച്ചു.
ജനാധിപത്യത്തിലെ സംഭാഷണമര്യാദകള് പാലിക്കുന്നതായിരുന്നില്ല, ടെലിവിഷന്‍ ചാനലുകളിലെ സംവാദങ്ങള്‍. മാത്രവുമല്ല, പൊതു തെരഞ്ഞെടുപ്പുപോലെയുള്ള സവിശേഷ ഘട്ടങ്ങളില്‍ പ്രൈം ടൈം വാര്‍ത്തകള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിന്റെ ഭാഗമായി വന്‍തുകക്ക് വിറ്റഴിക്കപ്പെട്ടു. അവര്‍ നിശ്ചയിച്ച വിഷയങ്ങളില്‍, അവര്‍ നിശ്ചയിച്ച അതിഥികളെ നിരത്തി, അവര്‍ നിശ്ചയിച്ച അവതാരകരെ അണിനിരത്തി വാര്‍ത്താ സംവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. വാര്‍ത്തയുടെ ഈ വിറ്റഴിക്കല്‍ വേളയില്‍ തകര്‍ന്നുവീണത് ദൃശ്യമാധ്യമങ്ങളുടെ മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ എന്നനിലയില്‍ അവതാരകര്ക്കുണ്ടായിരിക്കണമെന്ന് സമൂഹം വിശ്വസിക്കുന്ന ധാർമികതയും വിശ്വാസ്യതയുമാണ്. ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കുന്ന വ്യക്തി ആ ഉല്പന്നത്തിന്റെ ഗുണമേന്മയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, എന്ന യുക്തികൊണ്ടാണ് മാധ്യമമുതലാളിത്തം അതിനെ ലളിതവത്കരിക്കുന്നതെങ്കില്, താരമൂല്യത്തില്‍ അഭിരമിക്കുന്നതിലൂടെ, ജനാധിപത്യത്തിലെ സംഭാഷണമര്യാദകള് ലംഘിക്കുന്നതിലൂടെ, വിധിക്കുന്നതിലൂടെ ഉന്മത്തമായൊരു ഹിംസാസുഖം അവതാരകരും അനുഭവിക്കുന്നുണ്ട്. ഈ കൊലമൂല്യമാണ്, അതിലൂടെ ലഭിക്കുന്ന ആനന്ദമാണ് പ്രേക്ഷകരെയും അവതാരകരെയും ഒരേ ഹിംസയുടെ കളിക്കാരും കാണികളുമാക്കുന്നത്. അതിലപ്പുറം അധികാരത്തിന്റെ ഒരു വ്യവസ്ഥയെയും ഘടനയെയും ചോദ്യംചെയ്യാന്‍ അത് മുതിരുന്നില്ല.
സീരിയലുകളുടെയോ റിയാലിറ്റി ഷോകളുടെയോ ഘടനയും ദൃശ്യപരിചരണവും വാര്‍ത്താ പരിപാടികള്‍ക്കും കൈവരുന്നു. ഒരു നഗര-ഗ്രാമ നാല്ക്കവലയിലേക്കോ ഹോസ്റ്റല്‍ മുറിയിലേക്കോ കുടുംബങ്ങളിലേക്കോ സദാ തുറന്നുവെച്ച കാമറയുടെ ഒളിനോട്ട ഭാവനയിലാണ് വാര്‍ത്തകള്‍ പിറക്കുകയും വളരുകയും കൊഴിഞ്ഞുപോവുകയും ചെയ്യുന്നത്. വാര്‍ത്തകള്‍ക്ക് വിശ്വാസ്യതയെക്കാള്‍ സദാചാര-ശരീരദൃശ്യത കൈവരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ മൂന്നു വാര്‍ത്താ സംഭവങ്ങള്‍ ഇതിനുദാഹരണമാണ്. 1994 ഒക്ടോബർ 20ന് ചാരപ്രവർത്തനം സംശയിച്ചു മാലദ്വീപ് വനിത മറിയം റഷീദയെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്യുന്നിടത്താണ് ഒന്നാമത്തെ വാര്‍ത്ത ആരംഭിക്കുന്നത്. പത്രങ്ങള്‍ പുറത്തുകൊണ്ടുവന്ന ചാരക്കേസ് പിന്നീട് ദൃശ്യമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. മറിയം റഷീദ, നവംബർ 13ന് ബംഗളൂരുവിൽ അറസ്റ്റ് ചെയ്യപ്പെട്ട ഫൗസിയ ഹസന് എന്നീ വനിതകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചാരക്കഥകള്‍ പുറത്തുവന്നു. സമൂഹത്തിന്റെ ഒളിനോട്ട വാസനയും അതിനെ ചൂഴ്ന്നുനിന്ന പുരുഷ സദാചാര ഭാവനയും ആ വാര്‍ത്തയുടെ ജനപ്രിയത നിശ്ചയിച്ചു. യുക്തിഭദ്രമായി മെനഞ്ഞെടുത്ത കഥ എന്നതിനപ്പുറം മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയോ ധാർമികതയോ ചാരവാര്ത്തയില് കണ്ടെത്താനാവില്ല. ജനപ്രിയ വാരികകളുടെ നോവല്‍-സചിത്ര ക്രൈം ഫീച്ചറുകള്‍ എന്നിവയുടെ ആഖ്യാനഘടനതന്നെയായിരുന്നു ചാരവാര്ത്തയുടേതും.
കേരളത്തിൽ സൗരോർജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനംചെയ്ത് പലരിൽനിന്നും പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട് 2013ലാണ് സോളാര്‍ തട്ടിപ്പ് പുറത്തുവരുന്നത്. നൂറോളം പേർക്ക് 70,000 മുതൽ 50 ലക്ഷം രൂപവരെ നഷ്ടപ്പെട്ടു എന്നതാണ് വാര്‍ത്ത. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫിസ് ഇതിനായി ദുരുപയോഗം ചെയ്തു എന്നത് അഴിമതിക്ക് രാഷ്ട്രീയപ്രാധാന്യം ലഭിച്ചു. ടെലിവിഷന്‍ സൃഷ്ടിക്കുകയും മറ്റു മാധ്യമങ്ങള്‍ ഏറ്റെടുക്കുകയുംചെയ്ത സോളാര്‍ വാര്‍ത്തക്ക് 70 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിന് ലഭിക്കുമായിരുന്നതിനേക്കാള്‍ പ്രാധാന്യം കൈവന്നു. അഴിമതി വാര്‍ത്തയെ കേരളത്തിന്റെ പൊതുസദാചാരപ്രശ്നമായി- ലൈംഗികതയുടെ അതിര്‍വരമ്പുകളിലൂടെ കൊണ്ടുപോകാനായി എന്നതാണ് സോളാർ വാര്‍ത്തയെ ജനപ്രിയമാക്കിയത്. സരിതാ നായര്‍ എന്ന വനിത കേന്ദ്ര കഥാപാത്രമായി വരുകയും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഒരു ഘട്ടത്തില്‍ ശാലുമേനോന് എന്ന സീരിയല്‍-സിനിമാതാരംകൂടി ഉള്‍പ്പെടുകയും ചെയ്തതോടെ വാര്‍ത്തകള്‍ക്ക് ഒളിനോട്ടത്തിന്റെ സദാചാരമൂല്യം കൈവന്നു.
കേരളത്തെ പിടിച്ചുലച്ച മൂന്നാമത്തെ കേസ് സ്വർണക്കടത്താണ്. 2020 ജൂലൈ 5ന് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതാണ് തുടക്കം. നയതന്ത്രസംവിധാനം ഉപയോഗിച്ച് സ്വർണം കടത്തി എന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് കോൺസുലേറ്റിലെ മുൻ പി.ആർ.ഒ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കേസിലേക്ക് കോൺസുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്നാ സുരേഷ് എന്ന വനിത കടന്നുവന്നതോടുകൂടിയാണ് വാര്‍ത്തക്ക് മുഴുവന്‍സമയ പ്രാധാന്യം ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും ഉദ്യോഗസ്ഥരിലേക്കും അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധങ്ങളുടെ കഥാപരിസരത്തിലേക്കും വാര്‍ത്താ അന്വേഷണം വളരെ വേഗം വികസിച്ചു. ആര്, ആര്‍ക്കുവേണ്ടി സ്വർണം കടത്തി എന്ന സാധാരണ ചോദ്യം അന്വേഷണ ഉദ്യോഗസ്ഥരെയോ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തെയോ അലോസരപ്പെടുത്തിയില്ല. വാര്‍ത്തയെക്കാള്‍ ഒരു വനിതയെ ചുറ്റിപ്പറ്റി വികസിതമായേക്കാവുന്ന സദാചാര ഇടങ്ങളാണ് മാധ്യമങ്ങളെ പ്രചോദിപ്പിച്ചത്. അതുതന്നെയാണ് ആ വാര്‍ത്തകളെ ജനപ്രിയമാക്കിയത്. കാമറ ഒന്നു കണ്ണടച്ചാല്‍ കാഴ്ചക്കാര്‍ ചാനല്‍ മാറ്റുമോ എന്ന വിപണിഭയവും ഒരു സ്ത്രീയെ മുന്‍നിര്‍ത്തി സമൂഹഭാവന മെനഞ്ഞെടുക്കുന്ന സദാചാരവിചാര(ണ)ങ്ങളുടെ ആനന്ദമൂല്യവുമാണ് ആ വാര്‍ത്തകളുടെ പൂർണസമയ ദൃശ്യതയെ നിശ്ചയിച്ചത്. യഥാർഥത്തില്‍ ഈ വാര്‍ത്തകളെ ചൂഴ്ന്നുനില്ക്കുന്നത് ബിഗ് ബോസ് കാഴ്ചയുടെ അതേ ദൃശ്യഭ്രമംതന്നെയാണ്. ഒളിനോട്ടത്തിലെ ഭോഗതൃഷ്ണകളെ അഭിസംബോധന ചെയ്യുക എന്നതിലപ്പുറം, അതിനെ നിതാന്തമായി നിലനിര്‍ത്തുക എന്നതിനപ്പുറം മാധ്യമധാർമികതയുടെ ഭാരമൊന്നും ഇന്ത്യന്‍ ദൃശ്യമാധ്യമങ്ങളെ ഇന്ന് അലട്ടുന്നില്ല.
മാധ്യമവിശ്വാസ്യത എന്ന ആശയംതന്നെ വലിയ പ്രതിസന്ധി നേരിടുകയാണ്. എങ്ങനെ അളക്കും വാര്‍ത്തയെ? റിപ്പോര്‍ട്ടര്‍മാരുടെ, വാര്‍ത്താവതാരകരുടെ, എഡിറ്റര്‍മാരുടെ വിശ്വാസ്യതയുടെ മാനദണ്ഡമെന്താണ്? സമൂഹത്തിന്റെ പൊതുബോധനിർമിതിയുമായി ബന്ധപ്പെട്ടതാണ് മാധ്യമവിശ്വാസ്യത. ഒരാള്‍ വാര്‍ത്താമാധ്യമങ്ങളെ, മാധ്യമപ്രവര്‍ത്തകരെ വിശ്വസിക്കുന്നുവെങ്കില്‍ ആ വിശ്വാസത്തെ അഭിസംബോധനചെയ്യാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ട്. സമൂഹവുമായുള്ള ഈ ഉടമ്പടി തെറ്റിയിരിക്കുന്നു. പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളുടെ വിശ്വാസ്യതയെ സമൂഹം സംശയത്തോടെയാണ് കാണുന്നതെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സത്യാനന്തര വാർത്തകളുടെയും വ്യാജവാർത്തകളുടെയും കാലത്ത് ഏതാനും പത്രപ്രവർത്തകർ ഒന്നുകിൽ ഭരണകൂടത്തിന്റെ താൽപര്യങ്ങളുടെ പ്രചാരകരോ വക്താക്കളോ ആയിമാറുന്നു. മറുവശത്ത് ഭൂരിപക്ഷം വാർത്താ മാധ്യമങ്ങളും സ്വമേധയാ നിശ്ശബ്ദരാവുകയോ മൗനം നടിക്കുകയോ ചെയ്യുന്നു എന്നാണ് ഫ്രാന്‍സിലെ 'റിപ്പോർട്ടേഴ്സ് സാൻസ് ഫ്രോണ്ടിയേഴ്സ്' നടത്തിയ പഠനം പറയുന്നത്. ഹിന്ദു ദേശീയ സർക്കാറിന് കീഴിൽ ഇന്ത്യൻ മാധ്യമങ്ങൾ ആടിയുലയുകയാണെന്നും ഭരണകൂട താൽപര്യങ്ങളെപ്രതി വാചാലരാകാന്‍ അത് മാധ്യമപ്രവര്‍ത്തകരെ നിര്‍ബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നുവെന്നുമാണ് പഠനം. വിശ്വാസ്യതയുടെ സൂചികയില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ 150ാം സ്ഥാനത്താണ് ഇന്ത്യ.
വിനോദവ്യവസായം എന്നനിലയില്‍ ഇന്ത്യന്‍ ടെലിവിഷന്റെ ഭാവി ശുഭകരമാവിെല്ലന്ന സൂചനയാണ് ലഭിക്കുന്നത്. കോവിഡ് ദുരിതകാലത്ത് വീടകങ്ങളില്‍ അകപ്പെട്ടുപോയവരുടെ പുറംലോകത്തേക്കുള്ള ജാലകമായിരുന്നു ടെലിവിഷന്‍. എന്നാല്‍, സ്വീകരണമുറിയിലെ കൂട്ടായ കാഴ്ചാശീലങ്ങളില്നിന്ന് അതിവേഗം മനുഷ്യര്‍ അവരവരുടെ ഇടങ്ങളിലേക്ക് പിന്‍വാങ്ങി. സ്മാര്‍ട്ട് ഫോണുകളും ടാബ് ലെറ്റുകളും ലാപ്ടോപ് കമ്പ്യൂട്ടറുകളും കാഴ്ചയുടെ സ്വകാര്യ ഇടങ്ങള്‍ സാധ്യമാക്കി. സ്മാര്‍ട്-ആന്‍ഡ്രോയ്ഡ് ടെലിവിഷന്‍ ഡിജിറ്റല്‍ വിനോദ-വിജ്ഞാന തുറസ്സുകളിലേക്ക് കാഴ്ചയെ വിപുലപ്പെടുത്തി. ഒരു ബഹുവിധ ദൃശ്യോപകരണമായി മാറിയ ടെലിവിഷന്റെ സാറ്റലൈറ്റ് വിനോദകുത്തക മന്ദീഭവിക്കുകയാണ്. സാറ്റലൈറ്റ് ടെലിവിഷന്‍ വരിക്കാരുടെ എണ്ണം കുറഞ്ഞുവരുന്നു. രോഗകാലം പരസ്യവിപണിയെയും ബാധിച്ചു. 2018ൽ 94 ശതമാനമായിരുന്ന ഇന്ത്യയിലെ ടെലിവിഷന്‍ ദൃശ്യവ്യാപനം 2022 ആയപ്പോഴേക്കും 82 ശതമാനമായി കുറഞ്ഞു. ഇന്ത്യന്‍ നഗരങ്ങളിലെ 30 വയസ്സിന് മുകളിലുള്ള ടി.വി പ്രേക്ഷകരുടെ പ്രൈം ടൈം കാഴ്ച 12 മുതൽ 14 ശതമാനംവരെ കുറഞ്ഞെന്നാണ് കണക്ക്. 30 വയസ്സില്‍ താഴെയുള്ളവരുടെ തിരഞ്ഞെടുപ്പില്‍ ടി.വി ഒരു പ്രധാന വിനോദ വിജ്ഞാന സ്രോതസ്സല്ല. വാര്‍ത്തകള്‍ക്കും കായികവിനോദങ്ങള്‍ക്കുമായി ടെലിവിഷനെ ആശ്രയിക്കുന്നതിൽപോലും മുപ്പതില്‍ താഴെയുള്ളവരുടെ എണ്ണം ആശാവഹമല്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.