ആരാണ് ത്യാഗി? പൊൻതളികയിൽ വെച്ചുനീട്ടിയ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം വേണ്ട എന്നു തറപ്പിച്ചു പറഞ്ഞ രാഹുൽ ഗാന്ധി. ഏൽപിച്ചു കൊടുത്ത അനന്തരാവകാശം തട്ടിയെറിഞ്ഞ മകനു മുന്നിൽ അനാരോഗ്യം മാറ്റിവെച്ച് ഇടക്കാല പ്രസിഡന്റായ സോണിയ ഗാന്ധി. നെഹ്റു കുടുംബത്തിന് പുറത്തൊരാൾക്ക് പ്രസിഡന്റ് പദവി നൽകാൻ ആദ്യം പേരുചൊല്ലി വിളിച്ചിട്ടും മുഖ്യമന്ത്രി കസേരയിൽ കെട്ടിപ്പിടിച്ച് രാജസ്ഥാനിൽ ഒതുങ്ങിനിൽക്കാൻ തീരുമാനിച്ച അശോക് ഗെഹ് ലോട്ട്. നെഹ്റു കുടുംബം പകരക്കാരനായി കണ്ടപ്പോൾ 80 വയസ്സിന്റെ വയ്യായ്കകൾ മാറ്റിവെച്ച് നേതൃത്വത്തിന്റെ ആഗ്രഹം ശിരസ്സാ വഹിച്ച മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിലേക്കും തിരുവനന്തപുരത്തേക്കും നൂലിൽ കെട്ടിയിറക്കിയ നെഹ്റു കുടുംബത്തോട് കാലാന്തരത്തിൽ മാറ്റം ഉപദേശിച്ചും പാർട്ടിയിലെ ജനാധിപത്യ മര്യാദകളുടെ വീണ്ടെടുപ്പിനു വേണ്ടിയും പ്രസിഡന്റ് സ്ഥാനാർഥിയായ ശശി തരൂർ. കൈയൊപ്പു വ്യത്യാസത്തിന്റെ പേരിൽ മത്സരാവകാശം കൈവിട്ടുപോയ കെ.എൻ. ത്രിപാഠി മുതൽ കളം പന്തിയല്ലെന്നു കണ്ട് പിന്മാറ്റം പ്രഖ്യാപിച്ച ദിഗ്വിജയ് സിങ് വരെയുള്ളവർ. പാർട്ടിയിൽ സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെട്ടതിനൊടുവിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ, കൂട്ടത്തിൽ ഉണ്ടായിരുന്നയാളെ തള്ളി നെഹ്റു കുടുംബത്തിന്റെ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച തിരുത്തൽവാദികൾ. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, സമർപ്പിത പാർട്ടി സേവനത്തിന് നൂറു മാർക്ക് കൊടുക്കേണ്ടത് ഇവരിൽ ആർക്കാണ്? അതിന് ഒറ്റവാക്കിൽ ഉത്തരമുണ്ടാവില്ല. എന്നാൽ, പുതിയ പ്രസിഡന്റിനെ വാഴിക്കാനുള്ള നടപടികൾ മുന്നേറിയതിനിടയിൽ ഏറ്റവും പരിക്കേറ്റത് കോൺഗ്രസിനാണ്. അക്കാര്യത്തിൽ തർക്കവും ഉണ്ടാവില്ല.
22 വർഷത്തിനിടയിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നതു മാത്രമല്ല കോൺഗ്രസിൽ സംഭവിക്കുന്നത്. രാഹുൽ ഗാന്ധി തെക്കുനിന്ന് വടക്കോട്ട് നടക്കുകയുമാണ്. ജനതയുടെ ഐക്യത്തിനും ഇന്ത്യയെന്ന ആശയത്തിന്റെ വീണ്ടെടുപ്പിനുമാണ് ഭാരത് ജോഡോ യാത്ര. രാജീവ് ഗാന്ധിയുടെയും ചന്ദ്രശേഖറിന്റെയുമൊക്കെ പദയാത്രകൾ മുതൽ എൽ.കെ. അദ്വാനിയുടെ രഥയാത്ര വരെ, പര്യടനങ്ങൾ അതതു പാർട്ടിയെയും നേതാവിനെയും വളർത്തിയിട്ടേയുള്ളൂവെന്നാണ് ചരിത്രം. കാരണം, നേതാക്കൾ ജനങ്ങളോട് നേരിട്ടു സംവദിച്ച് പിന്തുണ സമാഹരിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളിലും ദേശീയമായും ക്ഷയിച്ചുപോയ പാർട്ടിയുടെ നവോത്ഥാനമാണ് രാഹുൽ ഗാന്ധിയുടെ പദയാത്രയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. പദയാത്രക്ക് നിശ്ചയിച്ചപ്പോൾ, നയിക്കേണ്ടത് രാഹുൽ ഗാന്ധി ആകണമെന്ന് പാർട്ടി തീരുമാനിക്കാൻ കാരണം? നെഹ്റു കുടുംബത്തിൽനിന്നൊരാൾ നയിക്കുന്നതാണ് ജനാവേശം തൊട്ടുണർത്തുകയെന്ന് കോൺഗ്രസ് ചിന്തിക്കുന്നു. മടിച്ചെങ്കിലും അദ്ദേഹം കോൺഗ്രസ് പ്രസിഡന്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകതന്നെ ചെയ്യുമെന്ന് ശരാശരി പാർട്ടിക്കാരും നേതാക്കളും ചിന്തിച്ചുവെന്നിരിക്കേ, പദയാത്ര നയിക്കേണ്ടത് രാഹുൽ ഗാന്ധിയല്ലാതെ മറ്റാര്? പക്ഷേ പദയാത്ര നയിക്കുന്നയാളല്ല സാങ്കേതികമായെങ്കിലും പാർട്ടിയെ നയിക്കുകയെന്ന് കേരളം കടക്കുന്നതിനു മുമ്പേ വ്യക്തമായി. അതിനൊപ്പം ഉയർന്നുവന്നത് മറ്റൊരു അവ്യക്തതയാണ്. പാർട്ടിയുടെ അമരം പിടിക്കാൻ മനസ്സില്ലാത്ത നേതാവിനെ മുന്നിൽ നിർത്തി പദയാത്ര നടത്തുന്നതിന്റെ അർഥം? നിയുക്ത കോൺഗ്രസ് പ്രസിഡന്റ് ചിത്രത്തിൽ എവിടെയുമില്ലാത്ത വിധം പാർട്ടിയെക്കാൾ നെഹ്റു കുടുംബത്തിന്റെ അധീശത്വം പദയാത്ര വിളംബരം ചെയ്യുന്നതിനും ഒറ്റവാക്കിലൊരു ഉത്തരം കോൺഗ്രസിൽനിന്നുണ്ടാവില്ല. പ്രസിഡന്റ് എന്ന നിലയിൽ രാഹുൽ ഗാന്ധി പദയാത്ര നയിച്ചിരുന്നെങ്കിൽ അത് പാർട്ടിക്ക് കൂടുതൽ പ്രയോജനപ്പെടുമായിരുന്നുവെന്ന കാര്യത്തിൽ കോൺഗ്രസുകാർക്കില്ല, സംശയം.
സാങ്കേതികമായിട്ടെങ്കിലും നെഹ്റു കുടുംബം നേതൃസ്ഥാനത്ത് ഇല്ലാത്ത മറ്റൊരു ചരിത്രസന്ദർഭത്തിലേക്കാണ് കോൺഗ്രസ് എത്തിച്ചേരുന്നത്. കാൽനൂറ്റാണ്ടിനിടയിൽ അതു സംഭവിച്ചിട്ടില്ല. അതിനു മുമ്പത്തെ ചെറിയൊരു ഇടവേള നിവൃത്തികേടിലൂടെ സംഭവിച്ചതുമാണ്. ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവർക്കുശേഷം പാർട്ടിയിലെ അപ്രമാദിത്വം തിരിച്ചുപിടിക്കാൻ, രാഷ്ട്രീയ പരിചയം നേടിയെടുക്കുന്നതു വരെ സോണിയ ഗാന്ധിക്ക് സാവകാശം ആവശ്യമായിരുന്നു. അതിനിടയിൽ പ്രസിഡന്റായ നരസിംഹ റാവു കുറെക്കാലം പാർട്ടി സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവന്നെങ്കിലും പിന്നീട് പുറന്തള്ളപ്പെട്ടു. സീതാറാം കേസരിയാകട്ടെ, നെഹ്റു കുടുംബത്തിന് വിശ്വസ്തവിധേയനായി അനുഭവപ്പെട്ട കാലത്തോളം, അഥവാ സോണിയക്ക് പ്രസിഡന്റാകാൻ ആത്മവിശ്വാസം വന്ന കാലത്തോളം തുടർന്നു. അതിനുശേഷം മല്ലികാർജുൻ ഖാർഗെക്ക് പ്രസിഡന്റാകാൻ അവസരം കിട്ടുന്നത് സോണിയ ഗാന്ധിയുടെ അനാരോഗ്യവും രാഹുൽ ഗാന്ധിയുടെ വിസമ്മതവും അശോക് ഗെഹ് ലോട്ടിന്റെ പിന്മാറ്റവുംകൊണ്ടാണ്. നെഹ്റു കുടുംബത്തോടുള്ള അതിവിശ്വസ്തതയടക്കം ഖാർഗെയുടെ മറ്റു ഗുണഗണങ്ങൾ അനുപൂരകങ്ങൾ മാത്രം. കാലത്തിനൊത്ത് മാറാത്ത, അതേസമയം മോന്തായം ഒടിഞ്ഞ തറവാടായി കോൺഗ്രസിനെ ജനങ്ങൾക്ക് അനുഭവപ്പെടുന്നത് ഇതിനെല്ലാമിടയിലാണ്. അഥവാ, കോൺഗ്രസിൽ ഒന്നും സംഭവിക്കുന്നില്ല. നെഹ്റു കുടുംബം മേധാവിത്വം വിട്ടൊഴിയുന്നില്ല. അവർക്കു പകരക്കാരെ കണ്ടെത്താൻ തക്കവിധം പാർട്ടി വളരുന്നില്ല. മാറിയ കാലത്തിനൊത്ത് പുതിയ ആശയങ്ങളോ മുദ്രാവാക്യങ്ങളോ കാര്യപരിപാടികളോടെ മുന്നോട്ടുവെക്കാൻ സാധിക്കുന്നില്ല. രാഹുൽ ഗാന്ധി കോൺഗ്രസിൽ കിരീടം വെക്കാത്ത രാജാവും പുതിയ പ്രസിഡന്റ് നെഹ്റു കുടുംബത്തിന്റെ കാര്യസ്ഥനും മാത്രം. നേതൃമാറ്റത്തിന്റെ ഈ നിർണായക ഘട്ടം ചരിത്രപ്രധാനമായി അനുഭവപ്പെടാത്തത് അതുകൊണ്ടുതന്നെ. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ്.
നെഹ്റു കുടുംബത്തിന്റെ കാര്യസ്ഥൻ മാത്രമാവുമെന്ന തിരിച്ചറിവല്ല അശോക് ഗെഹ് ലോട്ടിനെ പിന്നാക്കം വലിച്ചത്. രാഹുൽ ഗാന്ധി തന്നെ പ്രസിഡന്റാകണമെന്ന് നേരിട്ടു കണ്ട് അഭ്യർഥിക്കാൻ കേരളത്തിലേക്കു അദ്ദേഹം പറന്നതും അതുകൊണ്ടല്ല. കോൺഗ്രസ് പ്രസിഡന്റ് പദവിയേക്കാൾ പ്രധാനമായി അദ്ദേഹം കണ്ടത് മുഖ്യമന്ത്രി കസേരയാണ്. രണ്ടും കൂടി കൊണ്ടുനടക്കാൻ 'ഹൈകമാൻഡ്' അനുവദിക്കില്ലെന്നു വന്നപ്പോൾ, പ്രസിഡന്റ് സ്ഥാനം വേണ്ട എന്ന് ഗെഹ് ലോട്ട് തീരുമാനിച്ചു. രാജസ്ഥാനിലെ പാർട്ടി പ്രതിയോഗിയായ സചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്താൽ ഏറെ വൈകാതെ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥ അനുഭവിക്കേണ്ടിവരുമെന്ന് മുൻകൂട്ടി കണ്ടു. ബാക്കിയെല്ലാം രാജസ്ഥാൻ എം.എൽ.എമാരുടെ കൊട്ടാരവിപ്ലവമായി രാജ്യം കണ്ടു. ബഹുഭൂരിപക്ഷം വരുന്ന എം.എൽ.എമാർ എ.ഐ.സി.സി നിരീക്ഷകർ പങ്കെടുത്ത യോഗം ബഹിഷ്കരിച്ച് കൂട്ടരാജി പ്രഖ്യാപിച്ച് ഹൈകമാൻഡിനെ വെല്ലുവിളിച്ചു. രണ്ടു ഡസൻ എം.എൽ.എമാർപോലും ഒപ്പമില്ലാത്ത യുവരാജനായി സചിൻ പൈലറ്റ് നാണം കെട്ടു. ഗെഹ് ലോട്ടിനെ മാറ്റാനോ ഡൽഹിയിൽ പ്രതിഷ്ഠിക്കാനോ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഹൈകമാൻഡ് അക്ഷരാർഥത്തിൽ ലോ കമാൻഡായി. ആ അവസ്ഥയിൽനിന്ന് ഹൈകമാൻഡിന്റെ മുഖം രക്ഷിച്ചത് ഗെഹ് ലോട്ട് തന്നെ. രാജസ്ഥാനിൽ സംഭവിച്ചതിനെല്ലാം ഡൽഹിയിലെത്തി സോണിയയെ കണ്ട് മാപ്പു പറഞ്ഞു. ചുവരുണ്ടെങ്കിലേ, കോൺഗ്രസ് ഉണ്ടെങ്കിലേ ചിത്രം വരക്കാൻ കഴിയൂ എന്നറിയാവുന്നതുകൊണ്ടു കൂടിയായിരുന്നു അത്. നീണ്ട 14 വർഷം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന ഒരു വയോധികൻ ഒരു വർഷത്തേക്ക് മുഖ്യമന്ത്രി കസേര യുവാക്കൾക്ക് വിട്ടു കൊടുക്കാൻ തയാറാകാത്ത കാഴ്ചയാണ് രാജസ്ഥാനിൽ. ഒരു വർഷത്തേക്കു കൂടി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നതാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കാൾ മെച്ചമെന്ന് അശോക് ഗെഹ് ലോട്ട് ചിന്തിക്കുന്നതിന്റെ കാരണമെന്താവും? അത് ദേശീയമോഹങ്ങളില്ലാത്തതുകൊണ്ടല്ല. അങ്ങനെയെങ്കിൽ രണ്ടു സ്ഥാനവും ഒരുമിച്ചു കൊണ്ടുനടക്കാമെന്ന് അദ്ദേഹം വിചാരിക്കുമായിരുന്നില്ല. മുഖ്യമന്ത്രിക്കസേരയിലെ ഗെഹ് ലോട്ടിനെ ഭ്രമിപ്പിക്കുന്ന പലതും രാജസ്ഥാനിൽ ഉണ്ടെന്നു സംശയിക്കാനുളള ന്യായങ്ങൾ അതിലുണ്ട്. രാജസ്ഥാൻ വിഷയങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ നെഹ്റു കുടുംബത്തിന് സംഭവിച്ചതുപോലുള്ള ഗുരുതര വീഴ്ചകൾ, പകരക്കാരനെ വെച്ച് തുടർന്നും ഭരിക്കുന്ന കോൺഗ്രസിൽ ആവർത്തിക്കാനേ ന്യായമുള്ളൂ.
80ലെത്തിയ മല്ലികാർജുൻ ഖാർഗെയിൽനിന്ന് കോൺഗ്രസ് എന്തൊക്കെ പ്രതീക്ഷിക്കുന്നുണ്ട്? അദ്ദേഹത്തിന് പാർട്ടിക്കു വേണ്ടി എന്തൊക്കെ ചെയ്യാനാവും? നെഹ്റു കുടുംബത്തിന്റെ കൈത്താങ്ങുള്ളതുകൊണ്ട് അദ്ദേഹം പൊതുവെ കോൺഗ്രസുകാർക്ക് സ്വീകാര്യനായിരിക്കും. പാർട്ടിയിൽ മാറ്റം ആവശ്യപ്പെടുന്നവരേക്കാൾ, പരമ്പരാഗത രീതിയുടെ പിൻപറ്റുകാരനായിരിക്കും ഖാർഗെ. ലോക്സഭയിലും രാജ്യസഭയിലും പാർട്ടിയുടെ സഭാ നേതാവ് എന്ന നിലയിൽ നല്ല പ്രകടനം നടത്താൻ ഖാർഗെക്കു കഴിഞ്ഞിട്ടുള്ളത് പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സ്വീകാര്യതയും വർധിപ്പിക്കും. കർണാടകക്കാരനെന്ന നിലയിൽ അവിടെ പാർട്ടിക്ക് കിട്ടാവുന്ന മെച്ചം, ദലിത് മുഖമെന്ന നിലയിൽ പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ പാർട്ടി നേടുന്ന മതിപ്പ് എന്നിവയൊക്കെ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണ്. എന്നാൽ ഈ വഴിക്കുള്ള വലിയ മെച്ചമൊന്നും പ്രതീക്ഷിക്കുക വയ്യ. ദലിത് മുഖമായി ഉയർത്തിക്കാട്ടാൻ ഖാർഗെയെ ആദ്യമേ സ്ഥാനാർഥിയാക്കുകയല്ല, ഗെഹ് ലോട്ട് പിന്മാറിയപ്പോൾ പകരക്കാരനായി കൊണ്ടുവരുക മാത്രമാണ് സംഭവിച്ചതെന്നോർക്കണം. കർണാടകത്തിൽ ഡി. ശിവകുമാറിനെക്കാൾ വലിയ കരുനീക്കങ്ങൾക്ക് ഖാർഗെക്കാവുമെന്ന് കരുതുക വയ്യ. അതൊക്കെയും വിട്ടാൽ, പാർട്ടി കെട്ടിപ്പടുക്കുന്നതിലും സഖ്യങ്ങൾ രൂപവത്കരിക്കുന്നതിലും 2024ലെ പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ഖാർഗെക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതാണ് പ്രധാനം. രണ്ടു കാര്യത്തിലും നെഹ്റു കുടുംബാംഗങ്ങൾ അനുഭവിച്ചു പോരുന്ന സ്വീകാര്യത മറികടക്കാൻ ഖാർഗെക്ക് കഴിയില്ല. കോൺഗ്രസിന്റെ സംഘടനാപരവും സഖ്യപരവുമായ നടപടികൾക്ക് കുറെക്കൂടി അടുക്കും ചിട്ടയും ചലനവേഗവും ഉണ്ടാക്കാൻ ഖാർഗെക്ക് കഴിഞ്ഞെന്നു വരാം. അതുകൊണ്ടു പക്ഷേ, കോൺഗ്രസിന്റെ നേതൃത്വം മറ്റു പ്രധാന പ്രതിപക്ഷ പാർട്ടികൾ വകവെച്ചു കൊടുക്കുമെന്നോ, കോൺഗ്രസിന്റെ ലോക്സഭ സീറ്റെണ്ണം 53ൽനിന്ന് മൂന്നക്കത്തിലേക്ക് ഉയർത്തുമെന്നോ കരുതാൻ ന്യായമില്ല.
ഓരോ സംസ്ഥാനങ്ങളെയും എടുത്തു പരിശോധിച്ചാൽ, നിലവിലെ സാഹചര്യങ്ങളിൽ കോൺഗ്രസിന് സീറ്റെണ്ണം ഉയർത്താൻ കഴിയുന്ന എത്ര സംസ്ഥാനങ്ങളുണ്ട്? ഇനി നിയമസഭ തെരഞ്ഞെടുപ്പു നടക്കാൻ പോവുന്ന ഗുജറാത്തിൽ ആം ആദ്മി പാർട്ടിയാണ് ഇന്ന് കൂടുതൽ കാര്യക്ഷമമായി കരുനീക്കം നടത്തുന്ന പ്രതിപക്ഷ പാർട്ടി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗുജറാത്ത് വഴി കടന്നുപോകുന്നതു തന്നെയില്ല. യു.പി, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിൽ ശക്തി വീണ്ടെടുക്കാൻ കോൺഗ്രസിന്റെ ഒരു മായാജാലത്തിനും കഴിയില്ല. മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു-കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസിൽനിന്ന് ഇറങ്ങിപ്പോയവർതന്നെ കോൺഗ്രസിന് വെല്ലുവിളിയെന്നായിരിക്കുന്നു. കേരളത്തിൽ കഴിഞ്ഞതവണ കിട്ടിയ 19 സീറ്റ് അടുത്ത തവണ നിലനിർത്താമെന്നോ മഹാരാഷ്ട്ര, തമിഴ്നാട്, ഒഡിഷ, ഗുജറാത്ത്, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം കൂടുതൽ വാരാമെന്നോ കരുതേണ്ടതില്ല. ചേരികളിലെ മാറ്റം വഴി ബിഹാറിൽനിന്നോ, മാറുന്ന കാലാവസ്ഥയിൽ കർണാടകത്തിൽനിന്നോ ഏതാനും സീറ്റ് കൂടുതൽ കിട്ടിയാലായി. സീറ്റ് മൂന്നക്കത്തിലെത്തിക്കാതെ കോൺഗ്രസിന്റെ നായകസ്ഥാനം അംഗീകരിച്ചു കൊടുക്കാൻ മറ്റു പ്രതിപക്ഷ പാർട്ടികൾ തയാറാവില്ല. മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, ചന്ദ്രശേഖർ റാവു എന്നിവർ ഓരോ വഴിക്കാണ്. ഇനിയുള്ള മാസങ്ങളിൽ പാർലമെന്റിലും പുറത്തും പ്രതിപക്ഷത്തെ കോൺഗ്രസിന് അനുകൂലമായ വിധത്തിൽ അണിനിരത്താനുള്ള ദൗത്യമാണ് ഖാർഗെയെ പ്രസിഡന്റാക്കുന്നതിലൂടെ കോൺഗ്രസ് ചെയ്യുന്നത്. ബി.ജെ.പിയെ യോജിച്ച് എതിർക്കുന്നതിൽ ഒരു പരിധി വരെ അതിന് കഴിഞ്ഞേക്കാം. എന്നാൽ, ബദൽ അഥവാ മാറ്റം എന്ന ലക്ഷ്യത്തിൽ, കോൺഗ്രസിനെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ അതുകൊണ്ടൊന്നും ആവില്ല. ഭാരത് ജോഡോ യാത്ര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിട്ട് ഹിന്ദി ഹൃദയഭൂമിയിലേക്ക് പ്രവേശിക്കുമ്പോൾ ഇതിന്റെ വ്യക്തതയുള്ള ചിത്രം ലഭിക്കും. സംഘടന തന്നെ ഒലിച്ചുപോയ വിവിധ സംസ്ഥാനങ്ങളിൽ ഇനിയുള്ള ഒന്നൊന്നര വർഷംകൊണ്ട് എഴുന്നേൽപിച്ചു നിർത്താൻ ഖാർഗെയുടെ പക്കൽ ഏതു മാന്ത്രികവടിയാണുള്ളത്?
തൽസ്ഥിതി തുടരണമെന്ന് താൽപര്യമുള്ളവർ ഖാർഗെക്കും മാറ്റത്തിന് ആഗ്രഹിക്കുന്നവർ തനിക്കും വോട്ടു ചെയ്യണമെന്ന് പറയുന്ന ശശി തരൂരിന്റെ പക്കലുള്ള മാന്ത്രികവടി ഏതാണ്? പ്രതിപക്ഷനിരയെ ഏകോപിപ്പിക്കാൻ കഴിയുന്ന, പാർട്ടിക്ക് ഐക്യവും ഉണർവും സമ്മാനിക്കാൻ കഴിയുന്ന സീരിയസ് കഥാപാത്രമായി ശശി തരൂർ ഇനിയും മാറിയിട്ടു വേണം. അതിനൊരു അവസരം അദ്ദേഹം ചോദിക്കുന്നുവെന്നു മാത്രം. അന്താരാഷ്ട്ര അംഗീകാരവും നയതന്ത്രവും വാക്ചാതുരിയും പ്രാഗല്ഭ്യവുമൊക്കെ ശശി തരൂരിന് അവകാശപ്പെടാനുണ്ട്. ആ മികവുകൊണ്ട് പാർട്ടിക്കാർ നിസ്സഹകരിച്ചിട്ടും തിരുവനന്തപുരത്ത് ജനപിന്തുണ വർധിപ്പിച്ചുകൊണ്ടിരിക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്. മധ്യവർഗത്തെയും സ്ത്രീ വോട്ടർമാരെയും കൂടുതലായി ആകർഷിക്കാൻ ശശി തരൂരിന് സാധിച്ചെന്നു വരും. കോൺഗ്രസിന്റെയും ഇന്ത്യയുടെയും ആശയം ശക്തമായി പ്രസരിപ്പിക്കാനും സാധിക്കും. എന്നാൽ, അത്തരമൊരു മൂലധന നിക്ഷേപം ഉപജാപകരുടെ പിടിയിൽപെട്ടു തുരുമ്പിച്ച കോൺഗ്രസിലാണ് മുടക്കേണ്ടത്. തരൂരിന്റെ ആശയത്തിനും സ്വപ്നങ്ങൾക്കുമൊപ്പം ഓടാനുള്ള വേഗത ഈ പാർട്ടിക്ക് ഇല്ലെന്നു മാത്രമല്ല, ഉപജാപകർ കൊട്ടാരവിപ്ലവം നടത്തുകയും ചെയ്യും. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരായി നിൽക്കുന്ന ഉപജാപക വൃന്ദത്തിന് അവരവരുടെ നിലനിൽപിനെക്കാൾ പ്രധാനമല്ല മറ്റൊന്നും. വടി തോളിലായ നേതാക്കൾക്കു മുന്നിൽ വള്ളി നിക്കറിട്ട ചെക്കൻ മാത്രമാണ് ശശി തരൂർ. കാര്യത്തോട് അടുത്തപ്പോൾ നെഹ്റു കുടുംബത്തെയും ഖാർഗെയെയും വകവെക്കാതിരുന്ന അശോക് ഗെഹ് േലാട്ടിനെ വരുതിയിൽ നിർത്താൻ തരൂരിന് കഴിയുമോ? അതേപോലെ, ഓരോ സംസ്ഥാനത്തെയും നേതാക്കളുടെ പേര് ഉരുവിട്ട് ആ ചോദ്യം ആവർത്തിക്കുകയേ വേണ്ടൂ. ഉത്തരം ഒന്നു തന്നെയാവും. തരൂരിന്റെ സ്ഥാനാർഥിത്വത്തെ അദ്ദേഹത്തിനൊപ്പം നിന്ന തിരുത്തൽ വാദികൾ അംഗീകരിക്കുന്നില്ല. പിന്നെന്തു പറയാൻ?
ശ്വാസം മുട്ടിക്കുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ കോൺഗ്രസിനും അതു മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്കും പ്രസക്തി കുറഞ്ഞിട്ടില്ല. എന്നാൽ, വീണ്ടെടുപ്പിന് ശ്രമിക്കുന്ന കോൺഗ്രസല്ല, ശിഥിലമാവുന്ന കോൺഗ്രസാണ് എട്ടു വർഷമായി ജനങ്ങൾക്കു മുന്നിൽ. മധ്യപ്രദേശ്, പഞ്ചാബ്, ഡൽഹി, ജമ്മു-കശ്മീർ, ഗോവ എന്നിങ്ങനെ സംസ്ഥാനങ്ങൾ ഒന്നൊന്നായി കോൺഗ്രസിനെ കൈയൊഴിഞ്ഞ് പുതിയ ബോർഡും കൊടിയും സ്ഥാപിക്കുന്നത് കാലഹരണപ്പെടുന്നതിന്റെ, ശിഥിലീകരണത്തിന്റെ ലക്ഷണമാണ്. അതിന് പഴിക്കേണ്ടത് പ്രധാനമായും പരിദേവനങ്ങൾക്ക് ചെവികൊടുക്കാത്ത നേതൃത്വത്തെ തന്നെ. കൊടി പിടിച്ചു മുന്നിൽ നടന്നു വഴി തെളിക്കേണ്ടവർ ആ ഉത്തരവാദിത്തം ദൃഢചിത്തമായി ചെയ്യാത്തതാണ് കോൺഗ്രസിന്റെ ഇന്നത്തെ ഗതികേട്. പറഞ്ഞുവരുന്നത് രാഹുൽ ഗാന്ധിയെക്കുറിച്ചുതന്നെ. ഗെഹ് ലോട്ടിനോ ഖാർഗെക്കോ തരൂരിനോ ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസിനെ കരകയറ്റാൻ കഴിയില്ല. ഒന്നുകിൽ നെഹ്റു കുടുംബം പൂർണനിയന്ത്രണവും ഉത്തരവാദിത്തവുമേറ്റ് അമരം പിടിക്കണം. അതില്ലെന്നു പ്രഖ്യാപിച്ച സ്ഥിതിക്ക് പാർട്ടിയെ സ്വയം തുഴയാൻ അനുവദിക്കണം. നെഹ്റു കുടുംബം പൂർണമായ അധികാരം സ്വയം വിട്ടുകൊടുക്കാതെ നമ്പർ-വൺ ഫാമിലി പദവി ആസ്വദിക്കുന്ന കാലത്തോളം ആർക്കും അതിനു കഴിയില്ല. അതാണ് ആ പാർട്ടിയുടെ ഘടന. അധികാരം തരിമ്പും ചോർന്നുപോകുന്നില്ലെന്ന് നെഹ്റു കുടുംബം ഉറപ്പുവരുത്തുന്നതാണ് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കാഴ്ച. പാർട്ടി തെരഞ്ഞെടുപ്പു സ്വതന്ത്രമായ വിധത്തിലാണെന്നു പറയുകയും, വിശ്വസ്തൻ പ്രസിഡന്റാകുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന വിശാല ജനാധിപത്യ മനസ്കത. മൻമോഹൻസിങ്ങിനെ പ്രധാനമന്ത്രിപദം ഏൽപിച്ച ഉദാരതപോലും കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാണാനില്ല. സ്റ്റിയറിങ് പിടിക്കാതെ നടത്തുന്ന പിൻസീറ്റ് ഡ്രൈവിങ് പക്ഷേ, വണ്ടി കൊക്കയിൽ എത്തിച്ചെന്നു വരും. അതെ: രാഹുലിന്റെ നടപ്പിനും ഖാർഗെയുടെ കിതപ്പിനുമപ്പുറം, നാശോന്മുഖതയിൽ നിൽക്കുന്ന കോൺഗ്രസ് ഒന്നും വീണ്ടെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.