സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇനിമേൽ ലോകത്ത് നിലനിൽപ്പില്ലെന്നും ഇനി അതിന്റെ പ്രേത പരിശോധന മാത്രമാണ് നടത്തേണ്ടതെന്നുമാണ് വലതുപക്ഷം പ്രചരിപ്പിച്ചിരുന്നത്. അവരുടെ മൂല്യയുക്തിഭംഗത്തിനേറ്റ വലിയ തിരിച്ചടിയായിരുന്നു അതേ ദശകത്തിൽ വെനിസ്വേലയിൽ മുതലാളിത്ത മൂല്യഘടനക്കെതിരെ അവിടുത്തെ ഇടതുപക്ഷ ജനത ഉയർത്തിക്കൊണ്ടുവന്ന ഊർജിത ശക്തിയുള്ള രാഷ്ട്രീയ മുന്നേറ്റം. സാമ്പ്രദായിക സ്റ്റേറ്റ് കമ്യൂണിസ്റ്റ് പ്രയോഗത്തിൽ നിന്ന് വ്യത്യസ്തമായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ സോഷ്യലിസ്റ്റ് രാഷ്ട്രീയ സങ്കല്പം ആവിഷ്കരിച്ച് വമ്പിച്ച കുതിച്ചു കയറ്റമാണ് വെനിസ്വേലയിൽ ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തിൽ യൂറോ - യുഎസ് മേധാവിത്വത്തിനെതിരെ ആരംഭിച്ചത്.
തുടർന്ന് 1998ലെ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച United Socialist Party of Venezuela ഹ്യൂഗോ ഷാവേസിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഷാവേസ് അധികാരത്തിൽ വന്നതിനുശേഷമാണ് പിങ്ക് വസന്തം, പിങ്ക് വേലിയേറ്റം (Pink Tide) എന്നിങ്ങനെ ലാറ്റിനമേരിക്കൻ ഇടതുപക്ഷ മുന്നേറ്റങ്ങളെ വിശേഷിപ്പിക്കാൻ ആരംഭിക്കുന്നത്. 2007 മുതൽ 2013 ൽ അദ്ദേഹത്തിന്റെ നിര്യാണം വരെ ഭരണം നിലനിർത്തി. രാജ്യത്തെ വരിഞ്ഞു മുറുക്കിയ ധനകാര്യ മുതലാളിത്തത്തിൽ നിന്ന് ജനതയെ വിമോചിപ്പിക്കാൻ സാമ്പത്തിക സമത്വം, സ്വാതന്ത്ര്യം, സാമൂഹ്യസമത്വം, സോളിഡാരിറ്റി തുടങ്ങിയ മഹത്തായ മൂല്യങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് നവലിബറൽ വിപണിയുടെ അധിനിവേശത്തിനെതിരെ ഒരു വലിയ ജനകീയ ബദൽ അദ്ദേഹം ആവിഷ്കരിച്ച് നടപ്പാക്കിയത്. അതൊരുയർന്ന സൈദ്ധാന്തിക പദ്ധതിയായി അദ്ദേഹം വികസിപ്പിച്ചില്ലെങ്കിലും ഈ ഇടതുപക്ഷ ജനകീയ സമത്വ സങ്കല്പം മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളെ വളരെയേറെ സ്വാധീനിച്ചു.
കമ്യൂണിസ്റ്റ് ആശയാവലികളും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനതയിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ബൊളിവറിസവും (ഇന്നത്തെ വെനസ്വേല, കൊളംബിയ, ഇക്വഡോര്‍, പെറു, ബൊളീവിയ എന്നീ രാജ്യങ്ങളെ സ്പാനിഷ് കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനായി പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന പോരാട്ടത്തിനു നേതൃത്വം കൊടുത്ത സിമോണ്‍ ബൊളിവറില്‍ നിന്നും ഉള്‍ക്കൊള്ളുന്ന പ്രചോദനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്) ക്യൂബയിൽ ഫിഡൽ കാസ്ട്രോ നടപ്പാക്കിയ കമ്മ്യൂണിസ്റ്റ് നയങ്ങളും, സ്വതന്ത്ര ജനാധിപത്യ ചിന്തകളും സംയോജിപ്പിച്ച് ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന ജനാധിപത്യ സോഷ്യലിസ്റ്റ് മുന്നേറ്റമാണ് ലാറ്റിനമേരിക്കൻ ജനത അവരുടെ വിമോചന കർമ്മപദ്ധതിയായി സ്വീകരിച്ചത്.
പിങ്ക് വേലിയേറ്റം എന്ന് വിശേഷിപ്പിക്കപ്പെട്ട അരുണാഭമായ രാഷ്ട്രീയ മുന്നേറ്റം പിന്നീട് ലോകത്തെ വൻ രാഷ്ട്രങ്ങളിൽ ഒന്നായ, ലോക ജനസംഖ്യയിൽ ഏഴാംസ്ഥാനമുള്ള ബ്രസീൽ അതിന്റെ രാഷ്ട്രീയ കൊടിപ്പടമാക്കി മാറ്റി. ഇക്കഴിഞ്ഞ ഒക്ടോബറിൽ ബ്രസീലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലുലാ ദാ സില്‍വ തിരഞ്ഞെടുക്കപ്പെട്ടതാണ് വെനസ്വലയ്ക്കുശേഷം പിങ്ക് വേലിയേറ്റത്തിലെ അടുത്ത വലിയ നാഴികക്കല്ലായി മാറിയത്.
കഴിഞ്ഞ വര്‍ഷങ്ങളിൽ കൊടും ദുരന്തങ്ങളിലൂടെയായിരുന്നു ബ്രസീൽ കടന്നുപോയത്. 1964 മുതൽ അമേരിക്കൻ കാർമികത്വത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ മധ്യവർഗ്ഗ കൂട്ടായ്മയുടേയും പ്രമാണിവർഗ്ഗത്തിന്റെയും പിന്തുണയുള്ള സൈനിക സർവ്വാധിപത്യത്തിൽ ഞെരുങ്ങിയമരുകയായിരുന്നു ബ്രസീൽ. 1985ൽ സമഗ്രാധിപത്യ ഭരണം അവസാനിച്ച ശേഷം തീവ്ര വലതുപക്ഷത്തിന്റെ തിരിച്ചുവരവ് നാം കണ്ടത്. ബോള്‍സനാരോ എന്ന ആത്മാവുകെട്ട, ബുദ്ധിശൂന്യതയുടെ ഉന്മാദത്തിൽ അധികാര തൃഷ്ണയുടെ അസംബന്ധത്തിൽ മാത്രം ജീവിക്കുന്ന മനുഷ്യൻ ഭരണത്തിലേറിയതോടെയാണ്. പ്രസിഡന്റ് ലുല ദ സില്‍വയെ കേസിൽ കുടുക്കിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ബോള്‍സനാരോ വിജയിച്ചത് (കള്ളക്കേസാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു). ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദി, വ്ളാഡ്മിർ പുടിൻ, ഹംഗറിയിലെ വിക്ടര്‍ ഓര്ബൻ തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്നതിൽ നിന്നു തന്നെ അയാളുടെ രാഷ്ട്രീയം ഊഹിക്കാമല്ലോ?. ശാസ്ത്ര വിരുദ്ധത, പൊതുമേഖലയോടുളള കടുത്ത വിരോധം, കാലാവസ്ഥാ വ്യതിയാനമില്ല എന്നിവയടക്കമുള്ള വലതുപക്ഷ ആശയക്കച്ചവടം എന്നിവയുടെ മൂർത്ത രൂപമായിരുന്നു ബോൾസനാരോ. സാനിറ്റൈസര്‍ കുടിച്ചാല്‍ വൈറസ് നശിക്കുമെന്ന് പറഞ്ഞ ട്രംപും, കോവിഡ് കാലത്ത് പാത്രം കൊട്ടാൻ പറഞ്ഞ നരേന്ദ്രമോദിയും ബോൾസനാരോവിന് വേണ്ട പിന്തുണ നൽകിക്കൊണ്ടിരുന്നു.
2020 ല്‍ ഇന്ത്യൻ റിപ്പബ്ലിക്ക് ദിന പരേഡിന്റെ മുഖ്യാതിഥിയായിരുന്നു ബോള്‍സനാരോ എന്നോർക്കണം. 7 ലക്ഷം പേരാണ് ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചത്.ശവസംസ്കാര കർമ്മം ആവശ്യമില്ലാത്ത അനാഥ മരണങ്ങളുടെ ഇതിഹാസമായിരുന്നു അയാളുടെ ഭീകര ഭരണം. ആമസോൺ കാടുകൾ വെട്ടിയരിഞ്ഞു വീഴ്ത്തി കത്തിച്ച് ചാമ്പലാക്കി, ജീവജാലങ്ങളുടെ ആ ശ്മശാന ഭൂമി കോർപ്പറേറ്റ് അഗ്രി ബിസിനസ് വായ്പാ പദ്ധതിക്ക് ഈടു വെച്ചു. ലുല പ്രസിഡണ്ടായിരി ക്കുമ്പോൾ 25 മില്യൺ ജനങ്ങളെയാണ് അദ്ദേഹം കൊടും ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്. എന്നാൽ ബോൽസനാരൊ അധികാരത്തിൽ വന്ന് ചുരുങ്ങിയ കാലയളവിനുള്ളിൽ 33 മില്യൻ ജനങ്ങളെ ദാരിദ്ര്യത്തിന്റെ കുഴിമാടത്തിലേക്ക് തള്ളിയിട്ട് പ്രേതശാലയുടെ ഉടമസ്ഥനായി.മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നതുൾപ്പടെ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും നിഷ്ക്രിയമാക്കിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റേത്. സമഗ്രാധിപത്യകാലത്തിന്റെ സ്തുതിപാഠകനായ ബോൾസനാരൊ 1964 ലെ പട്ടാള അട്ടിമറിയുടെ വാര്‍ഷികം ആഘോഷിക്കാന്‍ പോലും പദ്ധതിയിടുകയുണ്ടായത്രേ.
എന്നാൽ ബോൾസനാരോ ഭരണകൂടത്തെ അധികാരത്തിൽ നിന്ന് വലിച്ചെറിഞ്ഞ് 'ബ്രസീലിയൻ വർക്കേഴ്സ് പാർട്ടി' (PT) യുടെ നേതാവ് ലുയിസ് ഇനാസിയോ ലുലാ ദാ സില്‍വയെ വീണ്ടും അധികാരത്തിലേറ്റി ബ്രസീലിയൻ ജനത അവരുടെ ചരിത്രപരമായ ദൗത്യം നിർവ്വഹിച്ചു. 1970കള്‍ മുതല്‍ തൊഴിലാളി യൂണിയന് മുന്നേറ്റങ്ങള്‍ നയിച്ചുകൊണ്ടാണ് ലുല രാഷ്ട്രീയ നേതൃ സ്ഥാനത്തേക്ക് വളര്‍ന്നത്. സൈനിക ഭരണകൂടത്തിന്റെ ഭീകര അടിച്ചമർത്തലുകളെ ധീരമായി നേരിട്ടു കൊണ്ടാണ് ലുല സമരങ്ങള്‍ നയിച്ചത്. 1964ൽ സൈനിക ഭരണം അവസാനിച്ച് 17 വര്‍ഷത്തിനു ശേഷം രാജ്യത്തിന്റെ പരമോന്നതപദവിയിലെത്തിയ ലുല മുമ്പ് രണ്ടുതവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
2010ല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾ ജനസമ്മതി സര്‍വേകളില്‍ (Approval Rating) അദ്ദേഹത്തെ അനുകൂലിക്കുന്നവർ 80 ശതമാനമായിരുന്നു. ഒരുപക്ഷേ ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രത്തലവന് ആയിരുന്നിരിക്കണം അദ്ദേഹം. ലുലയുടെ ഭരണകാലത്ത് വരുമാന അസമത്വം 10 ശതമാനം കുറഞ്ഞു, 4 കോടി ജനങ്ങള്‍ തീവ്ര ദാരിദ്യത്തില്‍ നിന്നും പൂർണ മുക്തി നേടി. പൊതു വിദ്യാഭ്യാസവും സാമൂഹ്യസുരക്ഷയും ശക്തിയാർജ്ജിച്ചു.
ലുലയ്ക്കു ശേഷം വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ തന്നെ നേതാവ് ദില്‍മാ റൂസഫ് പ്രസിഡന്റായപ്പോഴും സമഗ്രവും യുക്ത്യാനുസൃതവുമായ ആ ഭരണ നേട്ടങ്ങൾ തുടർന്നുപോന്നു. ഇന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുട്ടയിൽ വിരിഞ്ഞ ബോൾസനാരോവിനെ പരാജയപ്പെടുത്തി വീണ്ടും ലുലയെ രാജ്യത്തിന്റെ ഭരണമേൽപ്പിച്ച് ബ്രസീലിയൻ ജനത പിങ്ക് വസന്തത്തിന്റെ രണ്ടാംഘട്ടത്തെ അതിന്റെ രാഷ്ട്രീയ പൂർണതയിലേക്ക് എത്തിച്ചിരിക്കുന്നു. വെനിസ്വേലയിലെ വിജയത്തിന് ശേഷം ആ ഇടതുപക്ഷ പ്രതിരോധ രാഷ്ട്രീയം 2005 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബൊളീവിയയില്‍ പ്രതിഫലിച്ചു.
ഇടതുപക്ഷ നേതാവായ ഇവോ മൊറാലെസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മൊറാലെസിന്റെ നേതൃത്വത്തില്‍ മൂന്നു ലാറ്റിനമേരിക്കന്‍ രാഷ്ട്രീയ ധാരകൾ സമന്വയിപ്പിച്ച് മൂവ്മെന്റ് ഫോര്‍ സോഷ്യലിസം (MAS) രൂപീകരിച്ചു. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ പ്രതിരോധം, സോഷ്യലിസ്റ്റ് രാഷ്ട്ര നിർമ്മാണം, തദ്ദേശജനതകളുടെ ജനാധിപത്യ പോരാട്ടങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയായിരുന്നു ഈ രാഷ്ട്രീയ ധാരയുടെ മുഖ്യലക്ഷ്യങ്ങൾ.
ജലവും പ്രകൃതിവാതകവും ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരായ സന്ധിയില്ലാത്ത പ്രക്ഷോഭങ്ങൾ തുറന്നുവിട്ട് വലതുപക്ഷ ഭരണാധികാരികളെ രാജിവെപ്പിച്ചാണ് മൊറാലിസിനെ ജനം അധികാരത്തിൽ അവരോധിച്ചത്.
2019 നവംബർ പത്തിന് അമേരിക്കൻ പിന്തുണയോടെ ഇവാ മൊറാലിസിനെ പട്ടാളം അട്ടിമറിച്ചു. ജനസംഖ്യയിൽ പകുതിയിലധികം ആദിവാസിജനസമൂഹമുള്ള ബൊളീവിയയിൽ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ തദ്ദേശവാസിയായ പ്രസിഡന്റായിരുന്നു മൊറാലിസ്. ചൂഷണത്തിനെതിരെ ശക്തമായി നിലകൊണ്ട ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തിന്റെ ഇടിമുഴക്കമായിരുന്നു മൊറാലസ്. അദ്ദേഹത്തിന്റെ ഭരണത്തിനിടയിൽ സാമ്പത്തിക അസമത്വം മൂന്നിൽ രണ്ട് ശതമാനമായും, ദാരിദ്ര്യം 38 ശതമാനത്തിൽനിന്ന് 17 ശതമാനമായും കുറയ്ക്കാൻ കഴിഞ്ഞു. വ്യവസായങ്ങളുടെ ദേശസാൽക്കരണവും, ഇലക്ട്രിക് കാറുകൾക്കും കംപ്യൂട്ടറുകൾക്കും സെൽഫോണുകൾക്കും ആവശ്യമായ ലിഥിയവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ പൊതുമേഖലയിൽ ആരംഭിക്കുമെന്ന മൊറാലിസ് സർക്കാരിന്റെ പ്രഖ്യാപനവുമാണ് അട്ടിമറിക്കുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.
ബൊളീവിയയിലെ തീവ്രവലതുപക്ഷവും, ട്രംപും, ലൂയിസ് അൽമാഗ്രോയും (OAS - Organization of American States സെക്രട്ടറി ജനറൽ) ചേർന്നാണ് അട്ടിമറി നടത്തിയത്. കാനഡ, ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിലെ വലതുപക്ഷ സർക്കാരുകളും ഈ അട്ടിമറിയെ പിന്തുണച്ചു. പക്ഷേ അവിടെയും ലോകസാമ്രാജ്യത്വത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. 2020 ഒക്ടോബർ 18ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൊറാലിസിന്റെ പാർട്ടി സ്ഥാനാർഥി ലുയീസ് ആർസെ ആദ്യറൗണ്ടിൽത്തന്നെ 55 ശതമാനം വോട്ട് നേടി വിജയിച്ചു.
ചിലിയിലും ഇടതുപക്ഷം ശക്തമായ പോരാട്ടമാണ് നടത്തിയത്. അലൻഡെയെ അട്ടിമറിച്ച് നവഉദാരീകരണത്തിന് രാജ്യത്തെ പണയം വെച്ച പിനോച്ചെ എന്ന തീവ്രവലതുപക്ഷ ഏകാധിപതിയെ വേരോടെ പിഴുതെറിഞ്ഞ് 2022 മാർച്ച് 11ന് ഇടതുപക്ഷത്തിന്റെ ഗബ്രിയേൽ ബോറിക് ചിലിയൻ പ്രസിഡണ്ടായി അധികാരത്തിലെത്തി.മൂലധനാധിനിവേശ വിരുദ്ധ ഇടതുപക്ഷ തരംഗം നിക്കാരാഗ്വയിലും ആഞ്ഞുവീശി. നാലു ദശകക്കാലം യു.എസ്. ഇംപീരിയലിസത്തിന് ചാരപ്പണി ചെയ്ത് രാഷ്ട്ര വഞ്ചന നടത്തിയ സൊമോസ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തെ പുറത്താക്കി 1979ല്‍ സാന്‍ഡിനിസ്റ്റാ ദേശീയ വിമോചന മുന്നണിയെ അധികാരത്തിലേറ്റി. ദാനിയെല് ഒര്‍ത്തേഗയുടെ നേതൃത്വത്തില്‍ 19 വര്‍ഷക്കാലം സാന്‍ഡിനിസ്റ്റാ മുന്നണി നിക്കരാഗ്വ ഭരിച്ചു.
1990ല്‍ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് നിക്കരാഗ്വയില്‍ 17 വര്‍ഷം പിന്നീട് വന്ന സര്‍ക്കാരുകള്‍ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കി. 2006ല്‍ ഒര്‍ത്തേഗ വീണ്ടും തിരഞ്ഞെടുപ്പു വിജയിച്ച് പ്രസിഡന്റായി. ദാരിദ്ര്യം, മാതൃമരണ നിരക്ക്, ശിശു മരണനിരക്ക് എന്നിവ ഗണ്യമായി കുറയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.പരമ്പരാഗത വലതുപക്ഷ രാഷ്ട്രീയത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്ന മെക്സിക്കോയിൽ 2018 ജൂലൈ 2 ന് ഇൻസ്റ്റിറ്റ്യൂട്ട് റവല്യൂഷനറി പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ലോപസ് ഒബ്രെദോർ അധികാരത്തിൽ വന്നു. മെക്സിക്കൻ ഇടതുപക്ഷത്തിന്റെ മുഖമുദ്രയായി മാറിയ അദ്ദേഹം പൊതുമേഖലാ സ്ഥാപനങ്ങളെ തിരിച്ചുപിടിച്ച് ശക്തിപ്പെടുത്തിയാണ് നവ ഉദാരീകരണം സൃഷ്ടിച്ച ഹൃദയഭേദകമായ തകർച്ചയെ നേരിട്ടത്.
2019 ഒക്ടോബർ 28ന് അർജന്റീനയിൽ 'ജസ്റ്റിഷ്യലിസ്റ്റ് പാർട്ടി' നേതാവും ഇടതുപക്ഷ സഹയാത്രികനുമായ ആൽബർട്ടോ ഫെർണാണ്ടസ് അധികാരത്തിലെത്തി.2021 ജൂലൈ14ന് പെറുവിൽ ഫ്രീ പെറു നാഷനൽ പൊളിറ്റിക്കൽ പാർട്ടി നേതാവ് പെട്രോ കാസ്റ്റിയോ, 2021 നവംബർ 29ന് ഹോണ്ടുറാസിൽ ലിബറൽ പാർട്ടിയുടെ ഷിയ മാരോ കാസ്ട്രോ അങ്ങനെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനപഥങ്ങൾ ധനകാര്യ മുതലാളിത്തത്തിന് ബദൽ സൃഷ്ടിച്ചുകൊണ്ട് സാമൂഹ്യ - സാമ്പത്തിക സമത്വത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയത്തെ തീർത്തും രക്തരൂക്ഷിതമല്ലാത്ത ജനാധിപത്യ മാർഗത്തിലൂടെയുള്ള തിരഞ്ഞെടുപ്പിലൂടെ ഭരണത്തിൽ അവരോധിച്ചിരിക്കുന്നു.
ദരിദ്ര തൊഴിലാളിയുടെ മകനായി ജനിച്ച് സായുധ പോരാളിയായി ജീവിച്ച ഗുസ്താവോ പെത്രൊ 2022 ഓഗസ്റ്റ് 7ന് കൊളംബിയൻ പ്രസിഡണ്ടായി ഭരണത്തിൽ പ്രവേശിച്ചതാണ് ഇടതുപക്ഷത്തിന്റെ മറ്റൊരു ചരിത്രപരമായ സുപ്രധാന വിജയം. നാർക്കോ ഡമോക്രസി (Narco Democracy) എന്ന് കുപ്രസിദ്ധി നേടിയ, ആയുധവും, മയക്കുമരുന്ന് മാഫിയകളും നിയന്ത്രിക്കുന്ന തീവ്ര വലതുപക്ഷ കേന്ദ്രത്തിന്റെ ഭീകരാധിപത്യത്തെ അതിജീവിച്ചാണ് M19 എന്ന ഗറില്ല പ്രസ്ഥാനത്തിലെ അംഗമായി വിപ്ലവ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഗുസ്താവോ പെത്രൊ അധികാരത്തിൽ വന്നത്.
മയക്കുമരുന്ന് മാഫിയകളെയും അവരെ സഹായിക്കുന്ന മുതലാളിത്ത വലതു സംഘങ്ങളും CIAയും ചേർന്ന ഉപചാപക സംഘത്തെയും പാർലമെന്റിൽ തുറന്നുകാണിക്കാൻ ഗുസ്താവോന് കഴിഞ്ഞു. ഗറില്ലാ യുദ്ധമുന്നേറ്റങ്ങൾ ഉപേക്ഷിച്ച് ഹ്യൂമൻ കൊളംബിയ പാർട്ടി രൂപീകരിച്ചാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2018 ലെ പൊതു തിരഞ്ഞെടുപ്പിലും 41% വോട്ട് നേടി അദ്ദേഹം രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു.
2002 മുതൽ 2010 കാലം വരെ കൊളംബിയ ഭരിച്ചിരുന്ന അൻവാരോ ഒറിബി നടപ്പാക്കിയ 'ഒറിബിസ്മോ' എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച നവ ഉദാരീകരണ പദ്ധതികൾ ജോർജ് ബുഷ് ജൂനിയറുമായിച്ചേർന്ന് ലാറ്റിനമേരിക്കയെ മുഴുവൻ സാമ്രാജ്യത്വ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയായിരുന്നു. ആയിരക്കണക്കിന് കർഷകരുടെ സ്ഥലം പിടിച്ചെടുത്ത് അമേരിക്കൻ സമ്പന്നർക്ക് വ്യവസായത്തിന് നൽകി.
വെനിസ്വലയിൽ ഹ്യൂഗോ ഷാവേസിന്റെ ഭരണകൂടത്തെയും, നിക്കാരാഗ്വയിലേയും, പെറുവിലേയും ഭരണകൂടങ്ങളെയും അങ്ങനെ 1999ൽ ആരംഭിച്ച പിങ്ക് വസന്തത്തിൽ പിറന്ന ഇടതുപക്ഷ സർക്കാരുകളെ മുഴുവൻ അട്ടിമറിക്കുന്നതിനും അസ്ഥിരീകരിക്കുന്നതിനും വേണ്ടി സി.ഐ. എയുടെ പ്രവർത്തന കേന്ദ്രമായി കൊളംബിയ മാറിയിരുന്നു.
ആഭ്യന്തര കലാപങ്ങളെ തുടർന്ന് പതിനായിരങ്ങൾ അഭയാർഥികളായി. നോർവിജിയൻ റഫ്യൂജി കൗൺസിൽ (Norwegian Refugee Council) പുറത്തുവിട്ട കണക്കുപ്രകാരം 2020ൽ മാത്രം 1,10,000 പേർ ആഭ്യന്തര അഭയാർഥികളായി. 2002നും 2021നും ഇടയിൽ 50 ലക്ഷത്തിലധികം ആഭ്യന്തര അഭയാർഥികളെ സൃഷ്ടിച്ച ഒറിബിയുടെ ഭരണത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാതെ തന്നെ മനസ്സിലാക്കാം. കോംഗോയും സിറിയയും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആഭ്യന്തര അഭയാർഥികളുള്ള മൂന്നാമത്തെ രാജ്യമാക്കി കൊളംബിയയെ അയാൾ തരിപ്പണമാക്കി.
1810 മുതൽ വലതുപക്ഷം മാത്രം ഭരിച്ച, 'വലതുപക്ഷ കോട്ട' (Bastion of Rightism) എന്നറിയപ്പെടുന്ന ആ ദുരന്തഭൂമിയിലെ പ്രതീക്ഷയുടെ നിശ്വാസമായാണ് വിശാല ഇടതുപക്ഷ ഐക്യത്തിന് രൂപംകൊടുത്ത ഗുസ്താവോ പെത്രൊയെ ജനം തിരഞ്ഞെടുക്കുന്നത്. സമത്വം, ഉത്തരവാദിത്വ ഭരണം, ജനാധിപത്യം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് അമേരിക്കയുടെ അടുക്കളത്തോട്ടം (kitchen garden of America) എന്നറിയപ്പെട്ട കൊളംബിയയിൽ സമ്പൂർണ്ണ പരിവർത്തന പദ്ധതികൾ അദ്ദേഹം ആരംഭിക്കുന്നത്. ആേഫ്രാ കൊളംബിയൻ വനിതയും, ഗാർഹിക തൊഴിലാളിയുമായ ഫ്രാൻസിയ മാർക്കിസിനെയാണ് അദ്ദേഹം വൈസ് പ്രസിഡണ്ടായി നിയമിച്ചത്.
അമേരിക്കൻ ഖനന മാഫിയകൾക്കെതിരെ അത്യുജ്ജ്വലമായ പോരാട്ടം നയിച്ച സ്ത്രീയാണ് ഫ്രാൻസിയ മാർക്കിസ്. പ്രകൃതി വാതക-ഖനന മേഖലകൾ പൂർണമായും അമേരിക്കൻ നിയന്ത്രണത്തിലായിരുന്നു. അനിയന്ത്രിതമായ വിഭവ ചൂഷണം കൊളംബിയൻ ഗ്രാമങ്ങളെ തകർത്ത് ഊഷരഭൂമിയാക്കി.
ഈ കഴിഞ്ഞ മാസം ബ്രസീലിൽ കൂടി അധികാരത്തിൽ വന്നതോടെ ലാറ്റിനമേരിക്കയിലെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിലും മുതലാളിത്ത അധികാര ഘടനയെ ഭേദിക്കുന്ന ഇടതുപക്ഷ ചെന്താരകം ഉദിച്ചു കഴിഞ്ഞു. ഓരം ചേർക്കപ്പെട്ടവരുടെയും, തൊഴിലാളികളുടെയും, ദരിദ്രരുടെയും പ്രത്യയശാസ്ത്രം ഉണർന്നെഴുന്നേറ്റിരിക്കുന്നു. വിവിധ ഇടതുപക്ഷ പാർട്ടികളുടെ കൂട്ടായ്മ പറത്തിവിട്ട ചെങ്കാറ്റ് ലാറ്റിനമേരിക്കയി ലെമ്പാടും സമത്വത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, മനുഷ്യാവകാശത്തിന്റെ, ജനാധിപത്യത്തിന്റെ, പ്രതീക്ഷയുടെ കുളിരു പകർന്ന് അലയടിക്കുകയാണ്. പോസ്റ്റ് സോവിയറ്റ് യൂണിയൻ യൂറോപ്പിലും ഇത്തരമൊരു രാഷ്ട്രീയ ഇച്ഛാശക്തി വളർന്നുവരുന്നുണ്ട്. ഫ്രാൻസിലെ കഴിഞ്ഞപാർലമെന്റ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സഖ്യം രണ്ടാം സ്ഥാനത്ത് വന്നത് ഈ രാഷ്ട്രീയ ഇച്ഛാശക്തിയെ അടയാളപ്പെടുത്തുന്നതായിരുന്നു. വർഗീയ ഫാസിസത്തിന്റെ കോളറ ബാധിച്ച ഇന്ത്യയിൽ ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പുനരുത്ഥാനം വലിയ പ്രതീക്ഷയും അഭിനിവേശവും ആവേശവും ഉണർത്തിവിടുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.