‘ബിഗ്ബോസ്’ മലയാളം പതിപ്പിന്റെ അഞ്ചാം സീസൺ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുകയാണ്. മലയാളിയുടെ കാഴ്ച-ദൃശ്യ സംസ്കാരം എന്താണ്? ബിഗ്ബോസ് പോലുള്ള കാഴ്ചകൾ വിനോദപരിപാടികൾ മാത്രമാണോ? മലയാളി കുടുംബങ്ങളോടും സമൂഹത്തോടും ഇത്തരം ചാനൽ പരിപാടികൾ എന്താണ് പറയുന്നത്? മലയാളി ജീവിക്കുന്നത് ബിഗ് ബോസ് ജീവിതംതന്നെയാണോ? -വിശകലനം.
ആഗോള മാധ്യമകുത്തകയായ സ്റ്റാർ നെറ്റ്വർക്ക് മലയാളത്തിലെ ഏറ്റവും ജനപ്രിയ സ്വകാര്യ ചാനൽ ഏഷ്യാനെറ്റ് ഏറ്റെടുത്തശേഷം 2018 മുതൽ മലയാളികൾക്കു മുന്നിൽ അവതരിപ്പിച്ച ഒരു റിയാലിറ്റി വിനോദപരിപാടിയാണ് 'ബിഗ് ബോസ് മലയാളം'.ലോക ടെലിവിഷൻ രംഗത്തുതന്നെ വലിയ ജനപ്രിയത നേടുകയും, പിന്നീട് ഇന്ത്യയിൽ പല ഭാഷകളിൽ വലിയ വിപണിവിജയവും പ്രേക്ഷകപ്രീതിയും നേടുകയും ചെയ്ത 'ബിഗ് ബ്രദർ' എന്ന റിയാലിറ്റി ഷോയുടെ മാതൃകയിലാണ് ബിഗ് ബോസ് മലയാളം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ബിഗ് ബോസ് മലയാളം സംപ്രേഷണം ചെയ്യുന്നതിന് വളരെ മുമ്പ് 2013ൽതന്നെ സൂര്യ ടി.വി 'മലയാളി ഹൗസ്' എന്ന പേരിൽ സമാനസ്വഭാവമുള്ള ഒരു ടെലിവിഷൻ റിയാലിറ്റി ഷോ സംപ്രേഷണം ചെയ്തിട്ടുണ്ടെങ്കിലും അതിൽനിന്ന് വ്യത്യസ്തമായി, അവതരിപ്പിക്കപ്പെട്ട് അഞ്ചു വർഷങ്ങൾക്കിടയിൽ നാല് ഭാഗങ്ങൾ (സീസണുകൾ) പൂർത്തിയാക്കിയ ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോ കേരളീയ സമൂഹത്തിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും പലപ്പോഴും കാരണമായി മാറുകയും ഓരോ വർഷം കഴിയുന്തോറും മലയാളികൾക്കിടയിൽ കൂടുതൽ ജനപ്രിയത നേടുകയും ഒപ്പം വലിയ കച്ചവടവിജയം കൈവരിക്കുകയുംചെയ്തു.
ജനങ്ങളെ ഒരു പൊതുവികാരത്തിന്റെ പേരിൽ ഏകോപിപ്പിക്കാനുള്ള ടെലിവിഷന്റെ ശേഷിയെ മലയാളി പ്രേക്ഷകർക്കിടയിൽ കൃത്യമായ നിലയിൽ വിജയിപ്പിച്ചെടുക്കാൻ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോക്ക് സാധിച്ചതിന്റെ തെളിവാണ് മലയാളി പ്രേക്ഷകർക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത. ഷോയിൽ ഏറ്റവുമധികം ജനപ്രീതി നേടുന്ന മത്സരാർഥികൾ നിയമലംഘനത്തിന്റെ പേരിൽ പുറത്താക്കപ്പെടുമ്പോൾ കേരളത്തിൽ ഉണ്ടാകുന്ന ആൾക്കൂട്ട ആവേശപ്രകടനങ്ങൾ അതിന്റെ ദൃഷ്ടാന്തമാണ്. മലയാളി പ്രേക്ഷകസമൂഹത്തിന്റെ വൈകാരികതയെ 'ബിഗ് ബോസ്' എത്രമാത്രം സ്വാധീനിക്കുന്നു എന്നത് വളരെ ഗൗരവപൂർവം നിരീക്ഷിക്കേണ്ട വസ്തുതയാണ്. പ്രേക്ഷകരെയല്ല മറിച്ച് ആക്രമണോത്സുകമായ ആൾക്കൂട്ടത്തെയാണ് ആ പരിപാടി സൃഷ്ടിക്കുന്നത്. ഷോ സംപ്രേഷണം ചെയ്യുന്ന കേരളത്തിലെ ഏറ്റവും ശക്തരായ ടെലിവിഷൻ ചാനലിനെയും കേരളത്തിൽ ഏറ്റവും പ്രശസ്തനായ താരവും ഷോയുടെ അവതാരകനുമായ മോഹൻലാലിനെയുംപോലും സൈബർ ആക്രമണത്തിന് വിധേയരാക്കുന്നനിലയിൽ പ്രേക്ഷകരെ ഓരോ തവണയും പരുവപ്പെടുത്താൻ ഈ വിനോദപരിപാടിക്ക് സാധിക്കുന്നു.
''നിങ്ങൾ എന്ത് ചിന്തിക്കണമെന്ന് ടെലിവിഷൻ നിങ്ങളോട് പറയുന്നു'' എന്ന റേ ബ്രാസ്ബറിയുടെ നിരീക്ഷണത്തെ സാധൂകരിക്കുന്ന നിലയിലാണ് ബിഗ് ബോസിൽ അരങ്ങേറുന്ന പല സംഭവങ്ങളോടും നൂറുശതമാനം സാക്ഷരത അവകാശപ്പെടുന്ന മലയാളി പ്രേക്ഷക സമൂഹം പലപ്പോഴും പ്രതികരിക്കുന്നത്. ടെലിവിഷന്റെ കടന്നുവരവോടെ ക്രമേണ പ്രേക്ഷകരിൽനിന്ന് ഉപഭോക്താക്കളിലേക്കും അതിൽനിന്ന് വിപണി റിമോട്ട് കൊടുക്കുന്ന പാവകളിലേക്കുമുള്ള മലയാളി പ്രേക്ഷകസമൂഹത്തിന്റെ മാറ്റത്തിന്റെ തുടക്കമായോ കേരളത്തിലെ ടെലിവിഷൻ വിനോദവിപണി അതിന്റെ കാഴ്ചക്കാരായ സമൂഹത്തിനുമേൽ ചെലുത്തുന്ന അപകടകരമായ സ്വാധീനശേഷിയുടെ ദൃഷ്ടാന്തമായോ ബിഗ് ബോസ് എന്ന റിയാലിറ്റിഷോയെയും തുടർന്നുണ്ടാകുന്ന പല സംഭവങ്ങളെയും വിലയിരുത്താം. എന്തു തന്നെയായാലും ഈ ടെലിവിഷൻ (O.T.T) റിയാലിറ്റി ഷോ മലയാളിയുടെ വിനോദ കാഴ്ചയെയും ആസ്വാദനത്തെയും വലിയതോതിൽ സ്വാധീനിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു എന്ന വസ്തുത ഇതിനകം ആ പരിപാടി നേടിയെടുത്ത ജനസമ്മതിയിൽനിന്നും വിപണിവിജയത്തിൽനിന്നും മനസ്സിലാക്കാവുന്നതാണ്. നിലവിൽ മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ വിനോദപരിപാടികളിൽ ഏറ്റവുമധികം മുടക്കുമുതലും മൂലധന നിക്ഷേപവുമുള്ള പരിപാടിയാണ് ബിഗ് ബോസ്. ഇന്ത്യയിലെതന്നെ മിക്കവാറും എല്ലാ ഭാഷയിലെ വിനോദവിപണിയിലും വലിയ വിജയം നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ മലയാളി പ്രേക്ഷകർക്കിടയിൽ ഇത്രയധികം ബഹുജനപ്രീതി നേടിയതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ഒരു അന്വേഷണമാണ് ഈ ലേഖനം.
വിവിധ മേഖലകളിൽ പ്രശസ്തരായ വ്യത്യസ്തരായ കുറച്ചു വ്യക്തികളെ പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത നിലയിൽ പ്രത്യേകമായി തയാറാക്കിയ, കാമറകളാൽ നിരീക്ഷണസജ്ജമാക്കിയ ഒരു വീടിനുള്ളിൽ (വീട് എന്ന് തോന്നിപ്പിക്കുന്ന വേദി) നൂറു ദിവസം പാർപ്പിക്കുകയും അതിനകത്തുള്ള അവരുടെ ജീവിതം ദിവസേന പ്രേക്ഷകർക്ക് മുന്നിൽ സംപ്രേഷണം ചെയ്യുകയും ചെയ്യുക എന്നതാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആശയം. എല്ലാ ദിവസവും മത്സരത്തിന്റെ ഭാഗമായി ഓരോ മത്സരങ്ങൾ (ടാസ്കുകൾ) മത്സരാർഥികൾക്ക് നൽകുന്നു.അവരെ വിലയിരുത്താനുള്ള എല്ലാ അധികാരവും പ്രേക്ഷകർക്ക് നൽകിക്കൊണ്ട് എല്ലാ ആഴ്ചയും പ്രേക്ഷകരുടെ വോട്ട് കിട്ടാതെ ഓരോ മത്സരാർഥികൾവീതം വീടിന് പുറത്ത് പോവുകയും ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയോടെ അവസാനം വരെ വീട്ടിൽ തുടരുന്ന ഒരാൾ പരിപാടിയുടെ വിജയിയാവുകയും ചെയ്യുന്നു.
ഒരു സാങ്കൽപിക ഗൃഹനാഥന്റെ (അതാണ് ബിഗ് ബോസ്) കീഴിലാണ് അവർ പ്രത്യേകമായി സജ്ജമാക്കിയ ആ വീട്ടിൽ മത്സരാർഥികൾ കഴിയുന്നത്. ബിഗ് ബോസ് നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് ആ വീടിനുള്ളിൽ മത്സരാർഥികൾ ജീവിക്കേണ്ടതും പെരുമാറേണ്ടതും. ഓരോ ദിവസവും നിർദേശിക്കപ്പെടുന്ന മത്സരത്തിനൊപ്പംതന്നെ വീടിനുള്ളിലെ മത്സരാർഥികളുടെ എല്ലാ പ്രവൃത്തികളും അവരുടെ അതിനകത്തുള്ള ദൈനംദിന ജീവിതവും സംപ്രേഷണം ചെയ്യപ്പെടും. അതുകൊണ്ടുതന്നെ മത്സരാർഥികളായി വരുന്ന ഓരോരുത്തരുടെയും ആ വീടിനുള്ളിലെ സ്വകാര്യജീവിതംതന്നെയാണ് ഷോയുടെ ഏറ്റവും വലിയ ആകർഷണം.
ടെലിവിഷൻ അതിന്റെ തുടക്കകാലം മുതൽക്കുതന്നെ വിനോദത്തിനായി സിനിമയെ ആശ്രയിക്കുന്ന ഒരു സംവിധാനമാണ്. അതുവരെ ഏറ്റവും ജനപ്രിയമായിരുന്ന സിനിമയുടെ വിപണിസാധ്യതയും വിനോദസാധ്യതയുമാണ് ടെലിവിഷൻ പലപ്പോഴും അതിന്റെ പ്രചാരണത്തിന് ഇന്ധനമാക്കിയത്. സിനിമക്കും സിനിമാതാരങ്ങൾക്കും ബഹുജനങ്ങൾക്കിടയിലുള്ള വിശ്വാസ്യതയും ആരാധനയും ഉപയുക്തമാക്കി തങ്ങളുടെ ഉൽപന്നം വിറ്റഴിക്കുക എന്ന സമവാക്യമാണ് വിനോദപരിപാടികളുടെ വിപണനത്തിനായി ടെലിവിഷൻ പയറ്റുന്നത്. 16 വയസ്സിനു മുകളിലുള്ളവർക്കു മാത്രം കാണാനുള്ള ഒരു പരിപാടിയായ ബിഗ് ബോസ് മലയാളികൾക്കിടയിൽ അവതരിപ്പിക്കുമ്പോൾ ജനങ്ങൾക്കിടയിൽ സ്വീകാര്യതയും വിശ്വാസ്യതയും നേടിയെടുക്കാൻ അതിന്റെ നിർമാതാക്കൾ തിരഞ്ഞെടുത്തത് കേരളത്തിൽ ഏറ്റവുമധികം വിപണിമൂല്യമുള്ള മോഹൻലാൽ എന്ന താരശരീരത്തെയാണ്.
വ്യക്തികളുടെ സ്വകാര്യ ഇടത്തിലേക്ക് (Private space) കാമറ വെച്ച് അതിനെ പ്രേക്ഷകർക്കു മുന്നിൽ അനാവൃതമാക്കുകയും അതുവഴി പ്രേക്ഷകരുടെ ഒളിഞ്ഞുനോട്ടത്വരയെ (Voyeurism) തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു എന്നതുതന്നെയാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ വിജയകാരണങ്ങളിൽ പ്രധാനഘടകം. ആദ്യ മൂന്ന് സീസണുകൾ എപ്പിസോഡ് എന്ന നിലയിൽ സംപ്രേഷണം ചെയ്യുന്ന രീതിയിൽ ആയിരുന്നെങ്കിലും നാലാം ഭാഗം '24x7 ലൈവ്' ആയി സംപ്രേഷണം ചെയ്യുന്ന രീതിയിൽ ആയിരുന്നു. മുഴുവൻ സമയവും പ്രേക്ഷകർക്കു മുന്നിൽ മത്സരാർഥികളുടെ സ്വകാര്യജീവിതം സംപ്രേഷണം ചെയ്യപ്പെടുന്നു എന്ന പ്രതീതി നാലാം സീസൺ മുതൽ നിർമാതാക്കൾ ഉറപ്പാക്കുന്നു.
തങ്ങൾ കാണുന്നത് കുറേ മനുഷ്യരുടെ സ്വകാര്യജീവിതമാണ് എന്ന ആനന്ദം പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ടെങ്കിൽപോലും ആത്യന്തികമായി ബിഗ് ബോസ് വീട് എന്ന ഇടം ഒരു സ്വകാര്യ ഇടമല്ല. ഒരു സ്വകാര്യ ഇടം വ്യക്തിക്ക് നൽകുന്ന സ്വാതന്ത്ര്യമോ വിവേചനാധികാരമോ മത്സരാർഥിയായി വരുന്ന ഒരു വ്യക്തിക്ക് ബിഗ് ബോസ് വീട്ടിൽ കിട്ടുന്നില്ല. തങ്ങൾ ദിവസം മുഴുവൻ കാമറകളുടെ നിരീക്ഷണത്തിലാണെന്നും അതിനുള്ളിൽ തങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും പ്രസ്താവനകളും പുറത്ത് വലിയ ജനസഞ്ചയത്തിനു മുന്നിലേക്ക് പോകുന്നുണ്ട് എന്നുമുള്ള കൃത്യമായ ബോധ്യം ഓരോ മത്സരാർഥിക്കും ഉണ്ടാകും. അതിനാൽതന്നെ ബിഗ് ബോസ് വീടിനുള്ളിൽ ഒരു വ്യക്തി ചെയ്യുന്ന ഓരോ പ്രവൃത്തിയും ഗെയിം (കളി/തന്ത്രം) എന്ന നിലയിലാകും വിലയിരുത്തപ്പെടുക.
അതിനൊപ്പം ബിഗ് ബോസ് വീടിനുള്ളിലെ മത്സരാർഥികളെ പ്രേക്ഷകർ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും മത്സരാർഥികൾക്കായി പ്രേക്ഷകർ നൽകുന്ന നിർദേശങ്ങൾ മോഹൻലാൽ വാരാന്ത്യ ദിനത്തിൽ അവരെ അറിയിക്കുകയും ചെയ്യുന്നു. അതിൽ അവരുടെ മത്സരരീതി മുതൽ വസ്ത്രധാരണം വരെ ഉൾപ്പെടുന്നു. രണ്ടാം സീസണിൽ മത്സരാർഥികളോട് വളരെ ഭംഗിയായി വസ്ത്രം ധരിച്ചുവേണം അകത്തു നിൽക്കാൻ എന്ന് മോഹൻലാൽ നിർദേശം കൊടുക്കുന്നുണ്ട്. അത് പ്രേക്ഷകരുടെ നിരന്തര ആവശ്യപ്രകാരമായിരുന്നു). ഇപ്രകാരം മറ്റു റിയാലിറ്റി ഷോകളിൽനിന്നു വ്യത്യസ്തമായി പ്രേക്ഷകരെ നിഷ്ക്രിയരാക്കാതെ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നവരും തങ്ങളുടെ ഇംഗിതം അനുസരിച്ചാണ് ഷോ മുന്നോട്ടുപോകുന്നത് എന്ന തോന്നൽ ഓരോ പ്രേക്ഷകനിലും സൃഷ്ടിക്കുന്നു എന്നതുമാണ് ബിഗ് ബോസ് നേടുന്ന സ്വീകാര്യതയുടെ മറ്റൊരു ഘടകം. പ്രേക്ഷകനിൽനിന്ന് നിരീക്ഷകരിലേക്കും ആസ്വാദകരിൽനിന്ന് വിധികർത്താക്കളിലേക്കും കാണികളുടെ പദവി മാറ്റുന്നതിലൂടെയാണ് ബിഗ് ബോസ് പ്രേക്ഷകരിൽ ശക്തമായ സ്വാധീനം ചെലുത്തുന്നത്.
ടെലിവിഷനെ സംബന്ധിച്ച് ഏറ്റവും മൂല്യമുള്ള പ്രധാനസമയത്താണ് (Prime time) ബിഗ് ബോസ് സംേപ്രഷണം ചെയ്യുന്നത്. എല്ലാ ദിവസവും രണ്ടു മണിക്കൂറോളം ദൈർഘ്യമുള്ള ദൃശ്യഖണ്ഡത്തിൽ ഒരുദിവസം വീടിനുള്ളിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ എഡിറ്റ് ചെയ്തു പ്രദർശിപ്പിക്കുന്നു. ഓരോ ദിവസം വൈകിയാണ് പ്രേക്ഷകർ എപ്പിസോഡ് കാണുന്നത്. അതായത് ഇന്ന് പ്രേക്ഷകർ കാണുന്ന ദിവസം വാസ്തവത്തിൽ ഇന്നലെ ഷൂട്ട് ചെയ്യപ്പെട്ട ദൃശ്യങ്ങളായിരിക്കും (ലൈവ് ആയി കാണുന്നതും ഇതേരീതിയിൽ എഡിറ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങളാണ്). എന്നാൽക്കൂടി ഇന്ന് നടക്കുന്നു എന്നൊരു യാഥാർഥ്യപ്രതീതി (Artifactuality) പ്രേക്ഷകർക്ക് ലഭിക്കുന്നു.
ടെലിവിഷൻ സംപ്രേഷണത്തിലൂടെ ലഭിക്കുന്ന റേറ്റിങ് ആണ് പരിപാടി ലക്ഷ്യംവെക്കുന്ന നേട്ടങ്ങളിൽ ഒന്ന്. അതിനാൽ കുടുംബപ്രേക്ഷകരെ കൂടുതലായി പരിപാടി ലക്ഷ്യംവെക്കുന്നുണ്ട്. അപരിചിതരായ കുറച്ചുപേർ ഒരുമിച്ചു താമസിക്കുന്ന വീട് എന്ന ആശയംതന്നെ ഒരു വീടിനുള്ളിൽ നടക്കുന്ന കാഴ്ചകളാണ് തങ്ങൾ കാണുന്നത് എന്ന പ്രേക്ഷകരുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നു. രൂപമില്ലാത്ത ബിഗ് ബോസ് എന്ന വ്യക്തിയാണ് ആ വീടിന്റെ അധികാരി എന്ന് പ്രേക്ഷകർക്കറിയാം. ഘനഗംഭീരമായ ഒരു പുരുഷശബ്ദമാണ് ബിഗ് ബോസിന്റെ ശബ്ദമായി ഉപയോഗിക്കുന്നത്. വാരാന്ത്യത്തിൽ പ്രേക്ഷകരുടെ പ്രതിനിധിയായി പ്രത്യക്ഷപ്പെടുന്നത് മോഹൻലാലും. നീതിമാനായ ഒരു പുരുഷാധികാരിയുടെ കീഴിലുള്ള കുടുംബം എന്ന സങ്കൽപത്തെ കൃത്യമായി പ്രേക്ഷകരുടെ മനസ്സിൽ സൃഷ്ടിച്ചെടുത്തുകൊണ്ട് ഭൂരിപക്ഷം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ ഷോയുടെ നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. മലയാളികൾക്കിടയിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന കുടുംബ സങ്കൽപങ്ങളെ ഊട്ടിയുറപ്പിക്കാൻ സാധിക്കുന്ന നിലയിലുള്ള രൂപകൽപനകൂടിയാണ് മലയാളി പ്രേക്ഷകർക്കിടയിൽ ബിഗ് ബോസിന് ലഭിച്ച അംഗീകാരത്തിനുള്ള കാരണങ്ങളിലൊന്ന്. ഒരു റിയാലിറ്റി ഷോ എന്നല്ല, മറിച്ചു ഇതൊരു കുടുംബമാണ് -വീടാണ് എന്ന നിരന്തരമുള്ള ഓർമപ്പെടുത്തൽ മോഹൻലാലിലൂടെ നിർമാതാക്കൾ പ്രേക്ഷകരുടെ മനസ്സിൽ രൂപപ്പെടുത്തുകയും ചെയ്യുന്നു. എല്ലാതരം വികാരങ്ങളുമുള്ള ഒരു കുടുംബത്തെയാണ് തങ്ങൾ ദിവസവും കാണുന്നത് എന്ന പ്രതീതി മലയാളിപ്രേക്ഷകർക്കിടയിൽ ഷോയുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനു പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ബിഗ് ബോസ് അതിന്റെ പ്രേക്ഷകരിൽ ഒരു ഉൽപന്നം വാങ്ങുന്ന ഉപഭോക്താക്കൾ എന്നതിനപ്പുറത്തേക്ക് പൂർണമായ അധികാരം കൈയാളുന്നവരാണ് തങ്ങൾ എന്ന ബോധ്യം സൃഷ്ടിച്ചെടുക്കുന്നുണ്ട്. പ്രേക്ഷകരുടെ അധികാരത്തെ നിരന്തരം ഓർമപ്പെടുത്തിക്കൊണ്ടാണ് പരിപാടി മുന്നോട്ടുപോകുന്നത്. പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളിലെല്ലാം മോഹൻലാൽ ഇത് മത്സരാർഥികളെയും പ്രേക്ഷകരെത്തന്നെയും ഓർമിപ്പിക്കും. 'ലോകമെമ്പാടുമുള്ള മലയാളികൾ' എന്ന പ്രയോഗമാണ് സാധാരണയായി അതിനായി ഉപയോഗിക്കാറുള്ളത്. പരിപാടിക്ക് മേലുള്ള പ്രേക്ഷകരുടെ അധികാരത്തെ ഊട്ടിയുറപ്പിക്കുന്ന പ്രക്രിയയാണ് എല്ലാ ആഴ്ചയും മോഹൻലാൽ നടപ്പാക്കുന്ന ഷോയുടെ എലിമിനേഷൻ. എല്ലാ ആഴ്ചയും വീടിനുള്ളിൽനിന്ന് ഒരാൾ വീതം പുറത്തേക്കു പോകും. അത് തീരുമാനിക്കുന്നത് പൂർണമായും പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. തങ്ങളുടെ ഇഷ്ടമത്സരാർഥി അകത്തു തുടരുന്നതിന് മാത്രമല്ല, പലപ്പോഴും വീടിനുള്ളിൽ തങ്ങൾ കാണാനാഗ്രഹിക്കാത്ത മത്സരാർഥിയെ പുറത്താക്കുന്നതിനായാണ് പ്രേക്ഷകർ വോട്ട് ഇടുന്നത്. പലഘടകങ്ങൾ അതിൽ പ്രവർത്തിക്കുന്നു. പ്രധാനമായും തങ്ങൾക്ക് പ്രിയപ്പെട്ട മത്സരാർഥിയുടെ ശത്രുപക്ഷത്തോ വെല്ലുവിളിയായി നിൽക്കുന്നവരോ പുറത്ത് പോകാൻ വേണ്ടി പ്രേക്ഷകർ വളരെ പ്രതിജ്ഞാബദ്ധരായി പ്രവർത്തിക്കുന്നു.
മത്സരാർഥികൾക്കു മേലുള്ള പൂർണമായ അധികാരം പ്രേക്ഷകർക്കാണ് എന്ന ബോധം ഓരോ പ്രേക്ഷകനിലും നൽകാൻ ബിഗ് ബോസിന് കഴിയുന്നുണ്ട്. പ്രേക്ഷകർക്ക് ഇഷ്ടമുള്ള രീതിയിൽ ഒരു കഥാപാത്രമായി മത്സരം മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് മത്സരാർഥികൾക്കുള്ള കർത്തവ്യം. അകത്തുള്ള അവരുടെ ജീവിതത്തെ പൂർണമായും വിലയിരുത്താനും വിധിപ്രസ്താവം നടത്താനും പ്രേക്ഷകർക്ക് ഷോ നിർമാതാക്കൾതന്നെ നൽകുന്ന അധികാരം പക്ഷേ ഷോക്ക് ശേഷമുള്ള മത്സരാർഥികളുടെ ജീവിതത്തിലും കയറി അഭിപ്രായം പ്രകടിപ്പിക്കാനുള്ള ലൈസൻസ് ആയി പലപ്പോഴും മാറുകയും ഷോയിൽ പങ്കെടുത്ത പല മത്സരാർഥികൾക്കും അതിനുശേഷം വലിയതോതിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവരുകയും ചെയ്യുന്ന സാഹചര്യവും മലയാളം ബിഗ് ബോസിൽ ഉണ്ടായിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അഭിപ്രായപ്രകടനങ്ങളാണ് ബിഗ് ബോസ് പ്രേക്ഷകരുടെ, ഷോക്കു മേലുള്ള നിരന്തര ജാഗ്രത അടയാളപ്പെടുത്തുന്ന മറ്റൊരു ഘടകം. വാരാന്ത്യത്തിൽ മോഹൻലാൽ ചോദ്യം ചെയ്യേണ്ട വിഷയങ്ങൾ മുതൽ ആക്രമണോത്സുകമായ ചേരിപ്പോരിലേക്കുവരെ ഇത്തരം പ്രേക്ഷക പ്രതികരണങ്ങൾ പലപ്പോഴും എത്താറുണ്ട്. സംപ്രേഷണം ചെയ്യപ്പെടുന്ന രണ്ടു മണിക്കൂർ മാത്രമല്ല ബിഗ് ബോസ് എന്ന പരിപാടിയുടെ സമയം. മത്സരാർഥികൾക്കെന്നപോലെ പ്രേക്ഷകരെ സംബന്ധിച്ചും നൂറു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു വിനോദ ഉൽപന്നമാണ് ബിഗ് ബോസ്. ഒരേസമയം മത്സരം നടക്കുന്നത് ബിഗ് ബോസ് വീടിന്റെ അകത്തു മാത്രമല്ല പുറത്തുകൂടിയാണ്. നൂറു ദിവസവും മത്സരത്തിൽ പങ്കെടുക്കുന്നത് മത്സരാർഥികളാണെങ്കിലും ഓരോ പ്രേക്ഷകനും തങ്ങൾകൂടി ഈ മത്സരത്തിൽ പങ്കെടുക്കുകയാണെന്ന ശക്തമായ തോന്നൽ പരിപാടി നൽകുകയും ആ വിധം വളരെ വൈകാരികമായി ഷോ ഓരോരുത്തരെയും സ്വാധീനിക്കുകയുംചെയ്യുന്നു.
പ്രേക്ഷകർക്കിടയിൽ പരിപാടിയെ മുന്നോട്ടു കൊണ്ടുപോകുന്നത് അതിലെ മത്സരാർഥികളായിരിക്കും. തങ്ങളുടെ സ്വകാര്യതയാണ് ഈ പരിപാടിയുടെ പ്രധാന വിൽപനവസ്തു എന്ന കൃത്യമായ ബോധ്യം ഓരോ മത്സരാർഥിക്കുമുണ്ടായിരിക്കും. 24 മണിക്കൂറിലെ സംഭവങ്ങളിൽ രണ്ടു മണിക്കൂർ മാത്രമാണ് കൂടുതൽ പ്രേക്ഷകർ കാണുക എന്നതു വളരെ പ്രധാനമാണ്. 24x7 തത്സമയ സംപ്രേഷണം നടക്കുമ്പോൾപോലും എഡിറ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങളാണ് അപ്പോഴും കാണുന്നത്. ആ രണ്ടു മണിക്കൂറിൽ തങ്ങളിലേക്ക് പ്രേക്ഷകരുടെ (കാമറയുടെ) നോട്ടത്തെ എത്തിക്കുക എന്നത് മത്സരത്തിൽ തുടരാൻ ഓരോ മത്സരാർഥിയെ സംബന്ധിച്ചും വളരെ ആവശ്യമാണ്. തങ്ങളുടെ പ്രവൃത്തികൾ കാമറയുടെ ശ്രദ്ധ/പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നതിലൂടെയാണ് മത്സരാർഥികൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാകുന്നത്. ചുരുക്കത്തിൽ, നിരീക്ഷിക്കപ്പെടുക എന്നതാണ് ബിഗ് ബോസിൽ തുടരാനുള്ള യോഗ്യത. കൂടുതൽ പ്രേക്ഷകരാൽ നിരീക്ഷിക്കപ്പെടുകയും കൂടുതൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്ന ഒരു മത്സരാർഥിയാകും അന്തിമവിജയം നേടുക. ബിഗ് ബോസ് വീടിന്റെ ഉള്ളിലെ വ്യക്തിയെയാണ് പ്രേക്ഷകർക്ക് ആവശ്യം. അതിനു പുറത്ത് ആ വ്യക്തി നേടിയ ഒരുതരത്തിലുള്ള നേട്ടവും പ്രേക്ഷകരുടെ പരിഗണനയിലുണ്ടാവില്ല. പുറംലോകവുമായി ഒരുബന്ധവുമില്ലാത്ത ഒരിടത്ത് ഒരു വ്യക്തി എങ്ങനെ അതിജീവിക്കുന്നു, അങ്ങനെയൊരിടത്ത് മനുഷ്യരുടെ വ്യക്തിജീവിതം എങ്ങനെയായിരിക്കും എന്ന് വിധികർത്താക്കളുടെ പദവിയിലിരുന്ന് കാണാനുള്ള ഇടമൊരുക്കുകയാണ് മലയാളി പ്രേക്ഷകർക്ക് വേണ്ടി ബിഗ് ബോസ് ചെയ്യുന്നത്.
വീടുകളാണ് ടെലിവിഷന്റെ ആവാസവ്യവസ്ഥ. ഏറ്റവും ചെലവ് കുറഞ്ഞ ഒരു വിനോദ ഉപകരണംകൂടിയാണ് അത്. മിക്കവാറും ഒരു വീട്ടിൽ ടെലിവിഷന്റെ സ്ഥാനം ആ വീട്ടിൽ എല്ലാവർക്കും ഒരുമിച്ചിരുന്നു കാണാൻ സാധിക്കുന്ന തുറസ്സായ ഒരിടമായിരിക്കും (പ്രധാനമായും സ്വീകരണമുറി). ബിഗ് ബോസ് ഓരോ വീട്ടിലേക്കും മറ്റൊരു വീട്ടിലേക്കുള്ള വാതിൽ തുറന്നുകൊടുക്കുന്നു. ഒരു വീട്ടിനുള്ളിൽ എത്രത്തോളം സദാചാരനിഷ്ഠയോടെ വ്യക്തികൾ പെരുമാറുന്നു എന്നതാണ് പ്രേക്ഷകർ പ്രധാനമായും വിലയിരുത്തുന്നതും കാണാൻ ആഗ്രഹിക്കുന്നതും. സംഘർഷങ്ങളാണ് ആ വീടിനുള്ളിൽ പ്രേക്ഷകർക്ക് കൂടുതൽ താൽപര്യമുള്ള സംഗതി. ബിഗ് ബോസ് വീട്ടിൽ നടക്കുന്ന ഓരോ സംഘർഷവും പ്രേക്ഷകർക്ക് ഇതിനേക്കാൾ സമാധാനം നിറഞ്ഞതാണ് തന്റെ വീട് എന്ന ഉപബോധ ധാരണ നൽകുന്നുണ്ട്.
കുടുംബം എന്ന സ്ഥാപനത്തിന് ഏറ്റവുമധികം വേരുറപ്പുള്ള മധ്യവർഗ സമൂഹത്തിന് വളരെ വേഗം താദാത്മ്യം പ്രാപിക്കാനുള്ള എളുപ്പത്തിനുവേണ്ടിത്തന്നെയാണ് 'ബിഗ് ബോസ്' റിയാലിറ്റി ഷോയെ ഒരു മത്സരം എന്നതിനപ്പുറം ഒരു കുടുംബം എന്ന നിലയിൽ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. മത്സരം നടക്കുന്ന വേദിയെ വീട് (Big Boss House) എന്നും മത്സരാർഥികളെ കുടുംബാംഗങ്ങൾ (Housemates) എന്നുമാണ് വിളിക്കുന്നത്. തങ്ങളുടെ മുന്നിൽ ദിവസവും പ്രത്യക്ഷപ്പെടുന്ന അതിഥികൾ എന്ന വൈകാരികമായ ഇഴയടുപ്പം പ്രേക്ഷകരും മത്സരാർഥികളും തമ്മിൽ ഉണ്ടാക്കാനുള്ള ഒരു വിൽപനതന്ത്രംകൂടിയാണ് അത്. ബിഗ് ബോസ് വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടം അതിന്റെ സ്വീകരണമുറിയും അതിനോടു ചേർന്ന് തുറസ്സായ രീതിയിൽ കാണാനാവുന്ന അടുക്കളയുമാണ്. ഒരു വീട്ടിനുള്ളിൽ കഴിയുന്നവർ പുലർത്തേണ്ട കൂട്ടുത്തരവാദിത്തം മത്സരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു നിയമമാണ്. വീട്ടിലെ ജോലികൾ കൃത്യമായി ചെയ്യാത്ത വീട്ടുകാർ അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ അപ്രീതി നേടുന്നു. തങ്ങൾ കാണുന്നത് ഒരു വീടിന്റെ ഉള്ളാണെന്ന് പ്രേക്ഷകരെ നിരന്തരം ഓർമപ്പെടുത്തുന്നത് ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന (കാണാനാവുന്ന) അടുക്കളയാണ്. സ്ത്രീ-പുരുഷഭേദമന്യേ എല്ലാ മത്സരാർഥികളും അവിടെ ജോലിയെടുക്കുകതന്നെ വേണം. ഒരു അന്യവീടിന്റെ ഉള്ളിൽ നടക്കുന്ന സംഭവങ്ങൾ നേരിട്ടു കാണുന്ന ഗൂഢസംതൃപ്തി പ്രേക്ഷകരുടെ അബോധതലത്തിൽ സൃഷ്ടിച്ചെടുക്കാൻകൂടി വീട് എന്ന വേദിയെ പശ്ചാത്തലമാക്കുക വഴി സാധിക്കുന്നു.
ഒരു സാമൂഹിക പരീക്ഷണം എന്നാണ് ഈ ഷോയെക്കുറിച്ച് നിർമാതാക്കൾ അവകാശപ്പെടുന്നതെങ്കിലും വ്യക്തമായും കച്ചവടതാൽപര്യങ്ങളാണ് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് എളുപ്പത്തിൽ മനസ്സിലാകും. ഒരു വിൽപനച്ചരക്കെന്ന നിലയിലാണ് ബിഗ് ബോസിന്റെ രൂപകൽപന തന്നെ. പൂർണമായും ഒരു വിപണിയെയും പ്രേക്ഷകരെന്നതിലുപരി കൂടുതൽ ഉപഭോക്താക്കളെയുമാണ് ഷോ ലക്ഷ്യംവെക്കുന്നത്. മലയാളത്തിൽ 'ബിഗ് ബോസ്' പ്രഖ്യാപിക്കുന്നതുതന്നെ മോഹൻലാലിന്റെ താരപ്രഭയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ടുള്ള പരസ്യത്തോടെയാണ്. സംപ്രേഷണം ആരംഭിക്കുന്നതിനു മുമ്പുതന്നെ ബിഗ് ബോസ് എന്ന ഷോയെ പ്രേക്ഷകർക്ക്/ഉപഭോക്താക്കൾക്ക് ഇടയിൽ ചർച്ചാവിഷയമാക്കാൻ അതിന്റെ നിർമാതാക്കൾ ശ്രദ്ധിക്കുന്നു. ആരൊക്കെയാണ് ഇത്തവണ വീടിനുള്ളിൽ ഉണ്ടാവുക എന്നതാണ് ആ ചർച്ചകൾ. ആരൊക്കെയാണ് മത്സരാർഥികൾ എന്നത് അവസാനനിമിഷം വരെ രഹസ്യമാക്കിവെച്ചുകൊണ്ട് പ്രേക്ഷകരെ ആകർഷിക്കുന്ന വിപണനതന്ത്രം തുടക്കം മുതൽക്ക് തന്നെ പരിപാടി പയറ്റുന്നു. സമൂഹമാധ്യമങ്ങളെയാണ് ബിഗ് ബോ സ് തങ്ങളുടെ പ്രചാരണത്തിനായി ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നത്. ടെലിവിഷൻ സംപ്രേഷണത്തിന് പുറമെ ഒ.ടി.ടി പ്രദർശനത്തിലൂടെ യുവജനങ്ങൾക്കിടയിൽകൂടി സ്വീകാര്യത നേടാൻ ബിഗ് ബോസ് ശ്രമിക്കുന്നു. പ്രചാരണമാണ് (Publicity) ബിഗ് ബോസ് ഏറ്റവുമധികം ഉപയോഗിക്കുന്നത്. അത് ഗുണാത്മകമോ നിഷേധാത്മകമോ ആകാം. അതിനാൽതന്നെ വിവാദങ്ങൾ 'ബിഗ് ബോസ്' എന്ന പരിപാടിയുടെ ഉപോൽപന്നമായിരിക്കും.
ഓരോ സീസൺ കഴിയുംതോറും കൂടുതൽ പ്രേക്ഷകരിലേക്ക് തങ്ങളുടെ ഉൽപന്നത്തെ എത്തിക്കാൻ ബോധപൂർവംതന്നെ നിർമാതാക്കൾ ശ്രമിക്കും. പുരോഗമനവിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ദൃശ്യത നൽകുകയും അവർക്ക് സമൂഹത്തിൽ താരപരിവേഷം നൽകുകയും ചെയ്യുന്ന പിന്തിരിപ്പൻ ടെലിവിഷൻ പരിപാടി എന്ന പലരുടെയും വിമർശനം മറികടക്കാൻ, സീസൺ 4ൽ ലൈംഗിക ന്യൂനപക്ഷങ്ങളായ മത്സരാർഥികളെക്കൂടി ഉൾപ്പെടുത്തി 'New Normal' എന്ന രീതിയിൽ പരിപാടിയെ അവതരിപ്പിച്ച് കൂടുതൽ ജനകീയമാക്കാൻ നിർമാതാക്കൾ ശ്രമിച്ചത് പൂർണമായും കച്ചവടതാൽപര്യങ്ങൾ മുൻനിർത്തിയാണ്. വലിയ ചർച്ചകൾക്ക് തിരിതെളിച്ച ആ സീസൺ അവസാനിച്ചപ്പോൾ നിർമാതാക്കൾ ലക്ഷ്യംവെച്ച രീതിയിലുള്ള പ്രചാരം ഷോക്ക് ലഭിക്കുകയും കൂടുതൽ പുതിയ പ്രേക്ഷകരെ (ഉപഭോക്താക്കളെ) ലഭിക്കുകയും ചെയ്തു.
കേരളീയ പൊതുസമൂഹത്തിൽ 'ബിഗ് ബോസ്' ഏറെ വിവാദമായി മാറിയത് ഷോയുടെ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സഹമത്സരാർഥിയെ കൈയേറ്റം ചെയ്തതിന്റെ പേരിൽ ഏറ്റവും കൂടുതൽ ജനപ്രിയരായ മത്സരാർഥികൾ പുറത്താക്കപ്പെട്ട സമയത്താണ്. 2020ൽ രജിത് കുമാർ എന്ന മത്സരാർഥി ഇത്തരത്തിൽ പുറത്താക്കപ്പെട്ടപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് സ്വീകരിക്കാനെത്തിയ ആൾക്കൂട്ടം പിന്നീടും സമാനമായ മറ്റൊരു സാഹചര്യത്തിലും ആവർത്തിച്ചു എന്നത് ബിഗ് ബോസ് എന്ന പരിപാടി പ്രേക്ഷകസമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എത്രത്തോളമാണെന്നതിന്റെ തെളിവാണ്. ഇങ്ങനെ സംഭവിക്കുമ്പോൾ ഷോ കാണാത്ത ആൾക്കാർക്കിടയിൽകൂടി ഈ പരിപാടി ചർച്ചാവിഷയമായി ഉയർന്നുവരുന്നു. പരിപാടി ലക്ഷ്യംവെക്കുന്ന വിപണനതന്ത്രവും അത് തന്നെയാണ്. ഈ വിവാദങ്ങൾ എല്ലാം ഉണ്ടാക്കുന്ന ഇന്ധനവുമായി ഓരോ സീസണിലും കൂടുതൽ പ്രേക്ഷകരെ ഷോ നേടുന്നു. ഇന്ത്യയിൽ മറ്റുഭാഷകളെക്കാൾ ഏറ്റവും കൂടുതൽ റേറ്റിങ് ലഭിക്കുന്ന ബിഗ് ബോസ് ഷോയും മലയാളം ബിഗ് ബോസ് ആണ്.
ഏറ്റവുമധികം ഗുണഭോക്താക്കളുള്ള ഒരു പരിപാടി കൂടിയാണിത്. ബിഗ് ബോസിന്റെ ഗുണഭോക്താക്കൾ എന്നാൽ കേവലം ആ ഷോയുടെ നിർമാതാക്കൾ മാത്രമല്ല. ഈ റിയാലിറ്റി ഷോയെ പിൻപറ്റി നിൽക്കുന്ന അനേകം യൂട്യൂബ് ചാനലുകൾ, ഓൺലൈൻ മാധ്യമങ്ങൾ, സമൂഹമാധ്യമ പേജുകൾ എന്നിവകൂടി പരിപാടി സംപ്രേഷണം ചെയ്യുന്ന കാലയളവിൽ വലിയ സാമ്പത്തികലാഭം നേടുന്നുണ്ട്. പ്രേക്ഷകരെ ലക്ഷ്യംവെച്ച് അവർ കൂടുതൽ ഉൽപന്നങ്ങൾ (പരിപാടിയുമായി ബന്ധപ്പെട്ട വാർത്തകൾ, യൂട്യൂബ് വിഡിയോകൾ, പരിപാടിയുടെ വിലയിരുത്തലുകൾ) വിപണിയിൽ ലഭ്യമാക്കുന്നു. സംപ്രേഷണം ചെയ്യപ്പെടുന്ന നൂറുദിവസവും ബിഗ് ബോസ് വാർത്തകൾ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള /വായിക്കപ്പെടുന്ന വിനോദവാർത്തകളായി മാറുന്നു. ഷോ കാണുന്ന പ്രേക്ഷകർക്ക് അഭിപ്രായം എഴുതാനും ഷോയിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാനും പല മാധ്യമങ്ങളും ജാഗരൂകരായിരിക്കും. ഇവർക്കൊന്നും ഷോയുടെ നിർമാതാക്കളുമായി ഒരു ബന്ധവും ഉണ്ടാകുകയില്ല. എന്നാലും, വലിയ സാമ്പത്തികനേട്ടം ഷോകൊണ്ട് അവരും നേടുന്നു. മലയാള ടെലിവിഷൻ വിനോദപരിപാടികളിൽ ഇത്രയധികം പേർക്ക് സാമ്പത്തികനേട്ടം നേടിക്കൊടുക്കുന്ന മറ്റൊരു റിയാലിറ്റി ഷോ വേറെയില്ല.
ഓരോ സീസണും ഓരോ ടാഗ് ലൈനോടുകൂടിയാണ് പ്രേക്ഷകർക്കു മുന്നിൽ വരുന്നത്. ഒരു പുതിയ ഉൽപന്നം സമൂഹത്തിൽ അവതരിപ്പിക്കുന്ന രീതിശാസ്ത്രത്തിലൂടെയാണ് ബിഗ് ബോസിന്റെയും മുന്നോട്ടുപോക്ക്. അടിമുടി ഒരു 'പരസ്യവീടാണ്' വേദി. എങ്ങോട്ട് കാമറ തിരിഞ്ഞാലും പശ്ചാത്തലത്തിൽ ഏതെങ്കിലും ഒരു ഉൽപന്നത്തിന്റെ പരസ്യം പ്രേക്ഷകർ കാണും. എല്ലാ ദിവസവും ഒരു ഉൽപന്നത്തിന്റെ പരസ്യത്തിനായുള്ള പ്രത്യേക മത്സരവും (Sponsored Task) ഉണ്ടാകും. അതിലൂടെ ഷോയിലെ മത്സരാർഥികൾ തങ്ങളുടെ സ്വകാര്യതയെ വിൽപന നടത്തി നേടിയെടുക്കുന്ന ജനകീയതയെക്കൂടി പരസ്യങ്ങളുടെ വിശ്വാസ്യതക്കായി ഉപയോഗിക്കുന്നു. കടുത്ത നിയമങ്ങളുള്ള വീടായ ബിഗ് ബോസിൽ മത്സരാർഥികൾക്ക് അടുക്കളയിൽ മിക്സി ഉപയോഗിക്കാൻ സാധിക്കുകയില്ല (അതിനുവേണ്ടിയുള്ള സംവിധാനവും അടുക്കളയിൽ സജ്ജമാക്കിയിട്ടില്ല), പക്ഷേ ഷോയുടെ പ്രധാന പരസ്യദാതാവായ ഒരു പ്രശസ്ത കമ്പനിയുടെ മിക്സി സദാ അടുക്കളയിൽ പ്രദർശനവസ്തുവായി പ്രേക്ഷകർക്ക് കാണാൻ സാധിക്കും! ചുരുക്കത്തിൽ പ്രേക്ഷകരുടെ ഒളിഞ്ഞുനോട്ടത്വരയെ ചൂഷണംചെയ്തു നൂറുദിവസത്തോളം നീണ്ടുനിൽക്കുന്ന ഒരു പരസ്യപ്രദർശന പരിപാടി കൂടിയാണ് ബിഗ് ബോസ്. മുതൽമുടക്കിന്റെ ഇരട്ടിലാഭം നേടുന്നു എന്നതുകൊണ്ടുകൂടിയാണ് ആ പരിപാടി നാലു സീസണുകൾ കഴിഞ്ഞും പിന്നെയും പിന്നെയും പ്രേക്ഷകരുടെ മുന്നിൽ വരുന്നത്.
അടിസ്ഥാനപരമായി ഒളിഞ്ഞുനോട്ടത്വരയെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ് ബിഗ്ബോസ് ഷോ ബഹുജനങ്ങൾക്കിടയിൽ ശ്രദ്ധ നേടുന്നതെങ്കിലും 'ബിഗ് ബ്രദർ' അടക്കമുള്ള പരിപാടികളുടെ ജനകീയത വിശകലനം ചെയ്തുകൊണ്ട് റോബിൻ ലാബി നടത്തിയ ഒരു പഠനത്തിൽ ഇത്തരം റിയാലിറ്റിഷോകളിൽ ഒരു മത്സരാർഥി വിജയിക്കുന്നത് പലപ്പോഴും ഭൂരിപക്ഷം പ്രേക്ഷകരുടെയും സഹഭാവം (Empathy) നേടുകയും അവർക്കു സ്ക്രീനിൽ ആ വ്യക്തിയോട് ഒരു സ്വാത്മഭാവം (Self Reflection) നേടാൻ കഴിയുന്നതുംകൊണ്ടാണെന്ന് നിരീക്ഷിക്കുന്നുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സാബുമോൻ, ഡോ. രജത് എന്നിവർ നേടിയ ബഹുജനപ്രീതിയും താരപരിവേഷവും മലയാളി പൊതുബോധത്തിന്റെകൂടി പ്രതിഫലനമാണെന്ന് പറയാം. പുരുഷന്മാർ ഏറ്റവും കൂടുതൽ വിജയിയായിട്ടുള്ള ഷോയിൽ 2022ൽ ആദ്യമായി ഒരു വനിതാ മത്സരാർഥിയായ ദിൽഷ പ്രസന്നൻ വിജയിയാകുന്നെങ്കിലും അത് ഷോയിൽ പുറത്താക്കപ്പെട്ട ഒരു പുരുഷ മത്സരാർഥിയുടെ ആരാധകരുടെ വോട്ടുകൊണ്ടുകൂടിയായിരുന്നു (ഈ പുരുഷമത്സരാർഥിയുടെ സുഹൃത്തും സംരക്ഷകയുമായാണ് ഷോയിലുടനീളം ദിൽഷ സ്വയം അവതരിപ്പിച്ചത്). മലയാളികൾക്കിടയിലെ പുരുഷാധിപത്യബോധങ്ങളുടെ പ്രതിഫലനംകൂടിയാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ. ഒരു വിനോദ ടെലിവിഷൻ റിയാലിറ്റി ഷോ എന്നതിനപ്പുറത്തേക്ക് ബിഗ് ബോസ് മലയാളി പ്രേക്ഷകരിൽ സൃഷ്ടിക്കുന്ന ദൃശ്യസംസ്കാരവും വിനോദ സംസ്കാരവും ഗൗരവമായ വിശകലനങ്ങൾക്ക് വിധേയമാകേണ്ടതുണ്ട്.
നാല് സീസൺ പിന്നിട്ടു കഴിയുമ്പോൾ പരിപാടിയുടെ ജനപ്രിയത കൂടിയിട്ടേയുള്ളൂ. എല്ലാ വർഷവും ഒരു സീസൺ എന്ന നിലയിൽ കൂടുതൽ പ്രേക്ഷകരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള വിപണിയുടെ വലിയ കളികളുടെ തുടക്കംമാത്രമാണ് ഇതുവരെയുള്ള ബിഗ് ബോസ് സീസണുകളുടെ വിജയം. നിങ്ങൾ ഇത് കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. പക്ഷേ, ഇതിനെക്കുറിച്ച് ചർച്ചചെയ്യാതെ നിങ്ങൾക്ക് പോകാൻ സാധിക്കില്ല എന്ന വിപണിയുടെ പരുക്കൻ യാഥാർഥ്യമാണ് ഈ മത്സരം അടിവരയിട്ട് ഉറപ്പിക്കുന്നത്. കേരളത്തിൽ വർധിച്ചുവരുന്ന ഉപഭോഗസംസ്കാര ശീലങ്ങളിൽ മനുഷ്യരുടെ വൈകാരികതയെയും സ്വകാര്യതയെയും ഏറ്റവും ആദായകരമായ നിലയിൽ വിപണിവത്കരിക്കാൻ കഴിഞ്ഞു എന്നതാണ് പരിപാടിയുടെ വിജയത്തിന്റെ അടിസ്ഥാന കാരണം. ലോകമെമ്പാടും പ്രേക്ഷകപ്രീതി നേടിയ ഒരു റിയാലിറ്റി ഷോക്ക് കേരളത്തിലെ വിനോദവിപണിയിലും വിജയം നേടാൻ സാധിച്ചത് ആഗോളീകരണം കേരളത്തിന്റെ വിനോദമേഖലയിൽ നേടിയ അപ്രമാദിത്തത്തിന്റെ കൂടി ദൃഷ്ടാന്തമാണ്.
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1276 പ്രസിദ്ധീകരിച്ച ‘മലയാളിയുടെ ബിഗ്ബോസ് ജീവിതം’ എന്ന വിശകലനത്തിൽ നിന്നുള്ള ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.