പ്രണയ ദിനമായ ഫെബ്രുവരി 14 പശുവിനെ കെട്ടിപ്പിടിക്കാനുള്ള ദിനമായി ആചരിക്കാൻ കേന്ദ്ര മൃഗക്ഷേമ വകുപ്പ് ആഹ്വാനം ചെയ്തത് വിവാദമായിരിക്കുന്നു. എന്താണ് സംഘ്പരിവാറിന്റെ ഈ പശുപ്രേമത്തിന് പിന്നിലുള്ളത്?. കശാപ്പിനായുള്ള കന്നുകാലികളുടെ വിൽപനയിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1006 പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളിലെ പ്രസക്തഭാഗങ്ങൾ പുന:പ്രസിദ്ധീകരിക്കുന്നു.
സംഘ്പരിവാർ സൈദ്ധാന്തിക ഗ്രന്ഥമായ വിചാരധാര പറയുന്നത് പശുവിനെ മനുഷ്യരിൽ ചിലർ ഭക്ഷിക്കുന്നത്, മനുഷ്യരിൽത്തന്നെയുള്ള മറ്റുചിലർ അതിനെ ആരാധിക്കുന്നതിനോടുള്ള വിദ്വേഷം നിമിത്തമാണെന്നാണ്! നാം പശുവിനെ പൂജിക്കുമ്പോൾ, അവനതിനെ കൊന്ന് തിന്നുന്നതിലാണ് താൽപര്യം എന്നേത്ര വിചാരധാരയുടെ തീർപ്പ്! ഇതെന്തുതരം താരതമ്യമാണ്? ഇത് പശുക്കളുടെ രാജ്യമാണെന്ന് സ്വാമി നരേന്ദ്രനാഥ് സരസ്വതിയുടെ വാക്കുകൾക്ക് വേറൊരർഥത്തിൽ ഇതിലേറെ വ്യക്തതയുണ്ട്. സ്വയം അധഃപതിച്ച ഒരുവനല്ലാതെ അന്യരെ വെറുക്കാനാവില്ല എന്ന് വിവേകാനന്ദൻ.
1948ൽ അംബേദ്കർ അവതരിപ്പിച്ച കരട് ഭരണഘടനയിൽ പശുവുണ്ടായിരുന്നില്ല. പിന്നീട് അതിനുമാത്രമൊരു തൊഴുത്ത് നമ്മുടെ ഭരണഘടനക്കകത്ത് എങ്ങനെ ഒത്തുകിട്ടി എന്നാലോചിക്കാനാണ്, പലർക്കുമിപ്പോഴും കഴിയാതിരിക്കുന്നത്. ബ്രാഹ്മണന് പശുവിനെ ദാനം ചെയ്താൽ ശരീരത്തിൽ എത്ര രോമങ്ങളുണ്ടോ അത്രയും വർഷം സ്വർഗസുഖമനുഭവിക്കാമെന്ന് വേദവിധിയുണ്ടെത്ര! പശുമാഹാത്്മ്യം ഇതിലുമേറെ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ, അതിലൊരിടത്തും മനുഷ്യരെ േദ്രാഹിച്ചുവേണം പശുപൂജ നിർവഹിക്കാൻ എന്ന് വായിച്ചതോർക്കുന്നില്ല.
ജെ.എൻ.യുവിൽനിന്ന് എ.ബി.വി.പി ആക്രമണത്തെ തുടർന്ന് കാണാതായ യുവപ്രതിഭയായ നജീബേ... നീയൊരു പശുവായി ജനിച്ചിരുന്നെങ്കിൽ! സഹസ്രാബ്ദങ്ങൾക്കുമുമ്പ് വറ്റിപ്പോയതായി സങ്കൽപിക്കപ്പെടുന്ന ആ സരസ്വതി നദി കണ്ടെത്താൻ കോടികളുടെ േപ്രാജക്ടാണ് പൊടിപൊടിക്കുന്നത്! എന്നാൽ ജീവിച്ചിരുന്ന മനുഷ്യർ പെെട്ടന്ന് അപ്രത്യക്ഷരാവുമ്പോൾ, ഒന്നന്വേഷിച്ച് കിട്ടണമെങ്കിൽതന്നെ നാട്ടുകാരും കുടുംബവും ഏറെ ഇടികൊള്ളണം!
സവർണസംസ്കാരത്തെ ഔദ്യോഗികമായിത്തന്നെ ദേശീയമാക്കാനുള്ള ശ്രമമാണ് ജന്തുസ്നേഹമെന്ന വ്യാജേന സജീവമാകുന്നത്. സി.ഇ. ഏഴാം നൂറ്റാണ്ടിൽ ശശാങ്കരാജാവ് പിഴുതെടുത്ത ബോധിവൃക്ഷം ചരിത്രത്തിെൻറ ദുഃഖസ്മൃതിയാണ്. ഒന്നാമത്തെ സ്വാതന്ത്ര്യസമരചരിത്രം ആവേശത്തോടെ അനുസ്മരിക്കുന്ന ബാബാരാമചന്ദ്രദാസിനെയും അമീറലിയെയും സാമുദായിക സൗഹാർദത്തിനു വേണ്ടി പ്രവർത്തിച്ചതിെൻറ പേരിൽ ബ്രിട്ടീഷുകാർ ആ മഹാന്മാരെ തൂക്കിക്കൊന്ന പുളിമരവും അവരുടെ ജ്വലിക്കുന്ന സ്മരണകളെ ഇല്ലാതാക്കാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം ആ പുളിമരത്തെ വേരോടെ പിഴുതെടുത്തതും ഇന്നും മതനിരപേക്ഷതയുടെ ആവേശമാണ്. എന്നാൽ, 2002ൽ കദ്രആലം എന്ന ബിഹാറി തെരുവു വിൽപനക്കാരൻകുട്ടിയെ മുസ്ലിമാണെന്ന ഒരൊറ്റ കാരണത്താൽ 2002ലെ വംശഹത്യയിൽ ഒരരയാലിൽ കെട്ടിയിട്ട് കത്തിച്ചത്, ഒരുപക്ഷേ മലയാളിയായ കടമ്മെൻറ ‘അശ്വത്ഥം’ എന്ന കവിതയിലെ ഒരു നേർത്ത ഓർമ മാത്രമാണ്. പക്ഷേ, അപ്പോഴും സംഘ്പരിവാർ ഭരിക്കുന്ന ഝാർഖണ്ഡിലെ ലത്തേഹോൾ ജില്ലയിലെ ബലമൂഡിലെ വൃക്ഷത്തിൽ പശുവിെൻറ പേരിൽ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയ പന്ത്രണ്ടുകാരനായ ഇംതിയാസ്ഖാൻ, മുപ്പത്തിരണ്ടുകാരനായ മജുലൂം അൻസാരിയും അത്രപോലും ഓർക്കപ്പെടുന്നതേയില്ല. മുമ്പ് വിദ്യാധനം സർവധനാൽ പ്രധാനം എന്ന് കുട്ടികൾ വളഞ്ഞുപോവാതിരിക്കാൻവേണ്ടി വിദ്യാലയങ്ങളിൽ കോപ്പിയെഴുതിപ്പിച്ചിരുന്നു. ഇന്ന് നേരെനിന്ന് പിഴക്കണമെങ്കിൽ പശുധനം പരമപ്രധാനം എന്ന് തിരുത്തിയെഴുതേണ്ട ഒരവസ്ഥയിലേക്കാണ് നാമെത്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യപ്പറ്റിനായിരുന്നു മുമ്പ് മഹത്ത്വം. എന്തുണ്ടെങ്കിലും മനുഷ്യപ്പറ്റില്ലെങ്കിൽ മനുഷ്യരെ ഒന്നിനും കൊള്ളില്ലെന്നാണ് മുമ്പൊക്കെ നാം നെഞ്ചംകീറി പറഞ്ഞത്. അക്കാലമൊക്കെയും ഒരോർമക്കും സ്പർശിക്കാനാവാത്ത അകലങ്ങളിലേക്ക് ഓടിമറയുകയാണോ?
മഹാഭാരതത്തിലെ വ്യാധഗീത വിശദീകരിക്കുന്നത്, ബ്രാഹ്മണകുമാരന് ബ്രഹ്മജ്ഞാനം പകർന്നുനൽകുന്ന ഒരിറച്ചിവെട്ടുകാരെൻറ മഹത്ത്വമാണെത്ര. എന്നാലിവിടെ കാലിച്ചന്ത നിയന്ത്രണ മറവിൽ മനുഷ്യവെട്ടുകാരുടെ നൃശംസനൃത്തങ്ങളാണ് നടക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും ജന്തുസ്നേഹത്തിെൻറ പേരിൽ കൊലചെയ്യപ്പെട്ടവരുടെയും ആക്രമിക്കപ്പെട്ടവരുടെയും ചോരയിലാണ്, പുതിയ കാലി ഉത്തരവ് ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. മുമ്പൊക്കെ പാലം ഉറയ്ക്കാൻ കുരുതിവേണമെന്നൊരു മിത്തുണ്ടായിരുന്നു! എന്നാലിന്ന് പാലംകണക്ക് ഉറപ്പുള്ള ഉത്തരവുകൾ ഉണ്ടാവുന്നതുതന്നെ ചോരയിലാണ്. ഇനി അതിന് നിലനിൽക്കാനും കൊഴുക്കാനും എത്ര കുരുതികൾ വേണ്ടിവരുമെന്ന് ആർക്കറിയാം!
മുമ്പ് ജാതിമേൽക്കോയ്മയുടെ പശുഭക്തിമറവിൽ വളർന്ന മനുഷ്യദ്രോഹത്തെ മൗലികമായ അഞ്ച് ചോദ്യങ്ങൾകൊണ്ടായിരുന്നു അംബേദ്കർ നിലംപരിശാക്കിയത്. ആ ചോദ്യങ്ങൾ ഇവയാണ്: ഹിന്ദുക്കൾ ഒരിക്കലും ഗോമാംസം ഭക്ഷിച്ചിട്ടില്ലേ? ഹിന്ദുക്കൾ ഗോമാംസഭക്ഷണം ഉപേക്ഷിക്കാൻ ഇടയാക്കിയതെന്താണ്? ബ്രാഹ്മണർ സസ്യഭുക്കുകളായിത്തീരാൻ ഇടയാക്കിയതെന്താണ്? ഗോമാംസഭക്ഷണം എന്തുകൊണ്ടാണ് അസ്പൃശ്യത സൃഷ്ടിച്ചത്? അസ്പൃശ്യത ജനിച്ചതെന്നാണ്?
ഇതിനോടൊന്നും നിവർന്നുനിന്ന് പ്രതികരിക്കാനാവാത്ത ജാതിമേൽക്കോയ്മയാണ്, എത്രനല്ല ഹിന്ദുവും ഗോമാംസം കഴിച്ചാൽ സാംസ്കാരികമായി മുസ്ലിമാവും എന്നുറപ്പ് നൽകുന്ന ഗോൾവൾക്കറാണ്, പുതിയ കാലി ഉത്തരവിന് പിറകിൽനിന്ന് അലറുന്നത്. ജന്തുസ്നേഹം, മനുഷ്യർക്ക് നല്ലമാംസം, കർഷകർക്ക് സുരക്ഷ, കോടതിവിധി നടപ്പിലാക്കൽ തുടങ്ങിയ കാര്യങ്ങൾ നിർവഹിക്കാനാണ് പുതിയ ഉത്തരവെന്ന കാലിനിയമ പ്രശംസകൾക്കിടയിൽ, മനുഷ്യജീവിതമാണ് വെല്ലുവിളിക്കപ്പെടുന്നത്. പിന്നെ ബാക്കിയാവുന്നത് കോഴിയെ തിന്നുന്നവരോട്, നിനക്കെന്താ മയിലിനെ തിന്നുകൂടെ എന്ന് ചോദിക്കുന്ന, ആടിനെ തിന്നുന്നവരോട് നീയെന്താ ആനയെ തിന്നാത്തതെന്ന് ചോദിക്കുന്ന, മാട്ടിറച്ചി തിന്നുന്നവരോട് ഇന്ന് നിനക്ക് മാനിറച്ചി കഴിക്കാനാഗ്രഹിച്ചാൽ അതിന് കഴിയുമോ എന്ന് ചോദിക്കുന്ന തരത്തിലുള്ള തമാശകൾ മാത്രമാണ്! അപ്പം ചോദിച്ചാർത്ത് കരഞ്ഞ ഫ്രഞ്ച് ജനതയോട്, മുമ്പൊരു രാജകുമാരി നിങ്ങൾക്കെന്തുകൊണ്ട് കേക്ക് കഴിച്ചുകൂടാ എന്ന് ചോദിച്ചത് വിവരക്കേടുകൊണ്ടാണെങ്കിലും ആത്്മാർഥമായിട്ടായിരുന്നു. എന്നാലിവരാകട്ടെ, തങ്ങൾ തിന്നുന്നത് തങ്ങൾക്ക് വിലക്കരുതെന്ന് നിവർന്നുനിന്ന് ആവശ്യപ്പെടുന്നവരോട് നിങ്ങൾ അത് തിന്ന്, ഇത് തിന്ന് എന്നാജ്ഞാപിക്കുകയാണ്. എന്ത് തിന്നണം, തിന്നരുത് എന്ന് തീരുമാനിക്കാനുള്ള ഒരു ജനതയുടെ അവകാശം ഒരു ഗോരക്ഷകരുടെയും സൗജന്യമല്ല. മൂന്ന് നാല് വർഷം മുമ്പ്, ഉസ്മാനിയാ സർവകലാശാലാ വിദ്യാർഥികൾ ബീഫ്ഗീതം കൂടി പാടിക്കൊണ്ടാണ്, ഞങ്ങളും ഇന്ത്യക്കാർ എന്നുറക്കെ പ്രഖ്യാപിച്ചത്. ഇന്ന് നാം അതോടൊപ്പം പ്രതിരോധത്തിെൻറ പുതിയ ചുവടുവെപ്പുകൾക്ക് കരുത്തും കാന്തിയും പകരുന്ന ബീഫ് ഡാൻസിനും രൂപം നൽകണം.
മനുഷ്യർ തമ്മിലുള്ള പലതരം അകൽച്ചകളിൽ നിന്നും സാമ്പത്തിക ചൂഷണങ്ങളിൽനിന്നും, സാമൂഹിക വിവേചനങ്ങളിൽനിന്നും ആശയവിനിമയങ്ങളുടെ അപര്യാപ്തതയിൽനിന്നും വ്യത്യസ്തതരത്തിലുള്ള അധികാര പ്രയോഗങ്ങളിൽനിന്നുമാണ് ആധിപത്യ–വിധേയത്വ ബന്ധങ്ങളിലധിഷ്ഠിതമായ അപരർ നിർമിക്കപ്പെടുന്നത്. വർഗം, മതം, ജാതി, രാഷ്ട്രീയം തുടങ്ങിയ എന്തും ഏതും അപരവത്കരണത്തിെൻറ േസ്രാതസ്സാവാം. സാധാരണഗതിയിൽ സ്വയം സ്വതന്ത്രമായിരിക്കുമ്പോൾ ഒന്നും അപരമാവില്ല. തൊഴിൽ, ഭാഷ, ഭക്ഷണം, വിശ്വാസം, വസ്ത്രം, ആചാരം, ആഘോഷം, ലിംഗം, ജാതി, മതം, നിറവ്യത്യാസം തുടങ്ങി ഒന്നും പരസ്പരം ഏറ്റുമുട്ടേണ്ട ഒരു കാര്യവുമില്ല. എന്നാൽ ഒന്നിനെ മറ്റൊന്നിെൻറ എതിരാക്കി ഏതെങ്കിലും വിധത്തിൽ മാറ്റാൻ കഴിഞ്ഞാൽ, അങ്ങനെ മാറുന്നൊരു സാമൂഹിക–രാഷ്ട്രീയാവസ്ഥ തടയാതിരുന്നാൽ എല്ലാം എല്ലാറ്റിനും എതിരായി മാറും. തുല്യസാധ്യതകളെയും സ്വയം ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യത്തെയും വ്യത്യസ്തമായിരിക്കാനുള്ള അവകാശത്തെയും ജനാധിപത്യ–മതേതര മൂല്യബോധ്യങ്ങളെയുമാണ് അപരവത്കരണം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഇന്നത്തെ ഇന്ത്യനവസ്ഥയിൽ ഭക്ഷണസംഘർഷങ്ങൾക്കും കൊലകൾക്കും കാരണമാവുന്നത് അപരനിർമിതിയുടെ ഭാഗമാണ്.
മാംസം തീനികളും കശാപ്പുകാരും ഇന്നും സാമാന്യബോധത്തിൽ അധമരും ക്രൂരരും ഭീകരരുമാണ്. ഭാഷാപ്രയോഗം മുതൽ സാഹിത്യകലാസൃഷ്ടികൾ വരെ ഇതിന് സാക്ഷ്യംവഹിക്കും. അതുകൊണ്ട് ഭക്ഷണജനാധിപത്യം തന്മാത്രതലത്തിലുള്ള സാംസ്കാരിക സമരമാണ് ആവശ്യപ്പെടുന്നത്. അപ്പം സ്വാദ് മാത്രമല്ല സ്വാതന്ത്ര്യവും കൂടിയാണ് എന്ന തിരിച്ചറിവാണ് പ്രധാനം.
ജീവിതത്തിെൻറ ‘ആവിഷ്കാരവഴി’ തന്നെ വൈവിധ്യമാണെന്ന് ആഴത്തിൽ തിരിച്ചറിയാൻ കഴിഞ്ഞാൽ, മനുഷ്യർക്ക് പരസ്പരം വിനയമുള്ളവരാവാനും വ്യത്യസ്തതകളെ വിരോധങ്ങളാക്കാതിരിക്കാനും കഴിയും. പ്രപഞ്ച വിസ്തൃതിയിലേക്ക് ഒന്ന് കണ്ണ് തുറക്കാൻ കഴിഞ്ഞാൽ, മനുഷ്യരാശിയെ മുന്നോട്ട് നയിക്കാൻ സഹായിക്കാത്ത സർവകലഹങ്ങളോടും വിട ചോദിക്കാനുള്ള കരുത്ത് നമുക്കാർജിക്കാൻ കഴിയും.
ജാതി മേൽക്കോയ്മ മുന്നോട്ട് നിർത്തിയ പശു ഇന്ത്യയിലെ അടിസ്ഥാന ജനത പുല്ലും സ്നേഹവും കൊടുത്ത് വളർത്തുന്ന ‘പശു’ വല്ല! ഒരിക്കൽ ഗോരക്ഷാണി സഭയുടെ പ്രവർത്തകർ, ഒരു ഇടയബാലനോട് പശുവിെൻറ മാഹാത്്മ്യത്തെപ്പറ്റി വാചാലരായപ്പോൾ, ആ ഇടയബാലൻ, ആ ഗോരക്ഷാണിസഭയുടെ പ്രവർത്തകരോട് ഒരു ചോദ്യം മാത്രം ചോദിച്ചു. പശുവിന് മേൽവരിയിൽ എത്ര പല്ലുണ്ട് എന്നായിരുന്നു ചോദ്യം. അവർ ആദ്യം ഇരുപത്തിനാലെന്ന് പറഞ്ഞു. പിന്നെ എണ്ണം കുറച്ചു പറഞ്ഞു. അധികം പരീക്ഷിക്കാതെ ബാലൻ പറഞ്ഞു. പശുവിന് മേൽവരിയിൽ പല്ലുകളില്ല. അപ്പോൾ സന്ന്യാസിമാർ, അവൻ പറഞ്ഞതും അവർ പറഞ്ഞതും ശരിയാണെന്ന് സമർഥിച്ചു. മുമ്പ് പശുവിന് മേൽവരിയിലും പല്ലുണ്ടായിരുന്നുവെന്നും, വിശ്വാമിത്രനുമായുള്ള യുദ്ധത്തിൽ നഷ്ടപ്പെട്ട് പോയതാണെന്നും അവരവനെ വിശ്വസിപ്പിച്ചു. വിശദാംശങ്ങളിലേക്ക് കടക്കാതെ ഒരു കാര്യം വ്യക്തമാക്കാൻ കഴിയും. ഗോരക്ഷാണി സഭ പ്രവർത്തകരുടെയും അവരുടെ പിന്മുറക്കാരുടെയും പശു ‘വിശ്വാസങ്ങളിലും സങ്കൽപങ്ങളിലും’ മാത്രം ജീവിക്കുന്ന പശുവാണ്. അത് പുല്ലുതിന്നുകയോ പാല് ചുരത്തുകയോ ചെയ്യുകയില്ല. ഇടക്ക് വേണമെങ്കിൽ ‘ചോരപ്പുഴകൾ’ ഒഴുക്കാൻ അതിനെ ചിലർ ഉപയോഗിക്കുമെന്ന് മാത്രം. അവരെയാണ് വിവേകാനന്ദൻ മുമ്പ് ‘മാടിെൻറ മക്കൾ’ എന്ന് വിളിക്കാതെ വിളിച്ചത്! പുരാണമനുസരിച്ച് നിലത്തുപതിച്ച ‘അമൃതബിന്ദുക്കളാണ്’ ആദ്യ ഗോക്കൾ! അതിനെയാണ് കാളകൂട പുഴകളാക്കാൻ അധികാര നേതൃത്വത്തിൽ ശ്രമം നടക്കുന്നത്. ‘മാട്ടിറച്ചി’ തിന്നുന്നതിനാൽ നെഹ്റുവിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് പ്രഖ്യാപിച്ചവർ ഇന്ന്, ഹിന്ദുക്കൾ ഇറച്ചി തിന്നാറുണ്ടെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവിന് മുഴുഭ്രാന്താണെന്ന് ആേക്രാശിക്കാൻ മാത്രം വളർന്നിരിക്കുന്നു. ‘മുഴുഭ്രാന്തി’ന് ഇറച്ചി തിന്നുന്നവർ എന്ന നവ നിർവചനം നൽകിയത് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ്! പശുവിനെ തിന്നുന്നവരെ കൊല്ലണമെന്ന് യജുർവേദത്തിൽ വിധിയുണ്ടെന്ന് അച്ചടിച്ചുവന്നത് ആർ.എസ്.എസ് താത്ത്വിക പ്രസിദ്ധീകരണമായ പാഞ്ചജന്യത്തിലാണ്. അതെ സുഹൃത്തേ, രണ്ടായിരത്തി പതിനഞ്ചിൽ!
പുതിയ കാലി ഉത്തരവ് സംവാദം എന്നിട്ടും ആ കാലി നിയമത്തിനുള്ളിലെ നീതിയെക്കുറിച്ചാണ് വാചാലമാവുന്നത്. കുഴിച്ചുമൂടപ്പെട്ടവരുടെയും വെട്ടേറ്റവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെയും ഹൃദയരക്തത്തിലാണ് കാലി ഉത്തരവിെൻറ വേരുകൾ ആഴ്ന്ന് കിടക്കുന്നതെന്ന സൂക്ഷ്മസത്യമാണവർ കാലിനിയമ സ്തുതികൾക്കിടയിൽവെച്ച് കലക്കുന്നത്. ബീഫ്ഫെസ്റ്റും ബീഫ് ആൻതവും അനിവാര്യമായും പുതുതായി തുടങ്ങേണ്ട ബീഫ്ഡാൻസും പ്രതീകാത്്മക സമരത്തിെൻറ പ്രാഥമിക ചുവടുവെപ്പുകൾ എന്ന നിലയിൽ പ്രസക്തമായിരിക്കും. എന്നാൽ കാലിനിയമം അതിനുമപ്പുറം ജനാധിപത്യ മതേതര ജീവിതത്തിന് മൂക്കുകയറിടാനുള്ള ഫാഷിസ്റ്റ് നീക്കമാണെന്ന് തിരിച്ചറിയലും പ്രതിരോധിക്കലും മുന്നേറലുമാണ് പ്രധാനം.
രവീന്ദ്രൻ രാവണേശ്വരം
പശു, മാട്ടിറച്ചി വിവാദങ്ങളുടെ ഭൂമിക ഉത്തരേന്ത്യയിലായിരുന്നു. ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കേരള-തമിഴ്നാട് ഭൂപ്രദേശങ്ങളില്‍ 1992വരെ അതുവരെ ഇതിന് സ്ഥാനമേയുണ്ടായിരുന്നില്ല. കൃഷിയും വിശ്വാസവും പരസ്പരപൂരകമായി നീങ്ങിയ ഒന്നായിരുന്നു ദക്ഷിണേന്ത്യയിലെ സാമൂഹികജീവിതം. റോബര്‍ട്ട് ക്ലൈവ് മുതല്‍ മോദി വരെയുള്ള ഇന്ത്യന്‍ ഭരണത്തില്‍ ദക്ഷിണേന്ത്യ പശുരാഷ്ട്രീയ കാര്യമായി ഇടപെട്ടതായി കാണാനാവില്ല. ആര്യനിര്മിതപുരാണത്തില് എല്ലാ ദൈവങ്ങള്‍ക്കും വാഹനങ്ങളുണ്ട്. സുബ്രഹ്മണ്യന് മയില്‍ എന്നപോലെ ഗണപതിക്ക് മൂഷികന് എന്നറിയപ്പെടുന്ന എലിയാണ് വാഹനം. പറശ്ശിനിക്കടവ് മുത്തപ്പന് സന്നിധിയില്‍ നായയെ കല്ലെറിയാന്‍ പാടില്ല എന്ന സാമാന്യയുക്തി രൂപപ്പെടുന്നത് അത് മുത്തപ്പന്റെ വാഹനമായതുകൊണ്ടോ അനുയായി ആയതുകൊണ്ടോ ആണ്. മുത്തപ്പ വിശ്വാസി മടപ്പുര പിന്നിട്ടാല്‍ എതിരെ വരുന്ന പട്ടിയെ കല്ലെറിഞ്ഞ് ഓടിക്കുന്നത് കാണാം. ഈ ആപേക്ഷികതയാണ് പുരാണവും പുരാവൃത്ത ജീവികളും വിശ്വാസവും തമ്മിലുള്ളത്.
സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠ മഹര്‍ഷിയുടെ പശുവാണ് കാമധേനു. ദിവ്യശക്തിയുള്ള മൃഗം എന്ന് പുരാണത്തില്‍ പറയും. അത് കാമധേനുവില്മാത്രം ആരോപിക്കപ്പെടുന്ന വൈശിഷ്ട്യമാണ്. കാമധേനുവിെൻറ കുഞ്ഞാണ് നന്ദിനി. പുരാണത്തില്‍ കാണുന്ന ലക്ഷോപലക്ഷം മൃഗങ്ങളും ഇഴജന്തുക്കളും പുരാവൃത്തവുമായി ബന്ധപ്പെട്ട് കഥാസാഗരം തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ആര്യവര്‍ത്ത സൃഷ്ടികളാണ്. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗമായ ദ്വിജേന്ദ്ര നാരായണ്‍ ഝാ 2009ല്‍ പുറത്തിറക്കിയ ‘The Myth of the Holy Cow’ എന്ന പുസ്തകം പശുവും മനുഷ്യനും തമ്മിലുള്ള സാമൂഹിക ബന്ധത്തിെൻറ വികാസ പരിണാമം പറയുന്നു. മനുഷ്യന് സാമൂഹിക ജീവിയായി പരിണമിക്കുകയും കാര്‍ഷിക വൃത്തിയിലേക്ക് മാറുകയും ചെയ്ത കാലംമുതല്‍ പശു ഉൾപ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ പാലിനും കിടാവിനും കൃഷിക്കും വേണ്ടിയുള്ള ഉപയോഗം കഴിഞ്ഞാല്‍ മാംസത്തിനാണ് ഉപയോഗിച്ചത് എന്നാണ് പറയുന്നത്. ഇത്രയും വലിയമൃഗം ഈ രീതിയില്‍ പരിണമിക്കുമ്പോള്‍ മാത്രമേ അത് ഉപജീവനത്തോട് സമ്പൂർണമായി ചേര്ന്നുനില്ക്കുകയുള്ളൂ. കാലിവളര്‍ത്തല്‍ തൊഴിലായി മനുഷ്യന് സ്വീകരിച്ചുപോന്ന കാലം മുതല്‍ തന്നെ അവയുടെ മാംസം ഭക്ഷണമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. യാഗവും യജ്ഞവും തുടങ്ങിയ കാലം മുതല്‍ അവയെ ബലിയര്‍പ്പിക്കുകയും ചെയ്തുവരുന്നു. ഝായുടെ പുസ്തകത്തില്‍ പറയുന്നു. ബ്രിട്ടീഷ് ഭരണവും വാണിജ്യവത്കരണവും സജീവമായ കാലത്ത് മാട്ടിറച്ചി വ്യാപാരം തുടങ്ങിയിടത്തുനിന്നാണ് ഗോമാംസ വിഷയം ചര്‍ച്ചയിലേക്ക് വരുന്നത്.
1760ല്‍ ഗവര്‍ണര്‍ റോബര്‍ട്ട് ക്ലൈവ് ആദ്യ അറവുശാല ബംഗാളില്‍ തുറന്നു. ഇത് മാട്ടിറച്ചി വ്യാപാരത്തിെൻറ വാതിൽ തുറന്നിട്ടു. വ്യാപാരം വിജയകരമാകുകയും അറവുശാലകള്‍ കൂടുതല്‍ തുറക്കപ്പെടുകയും ചെയ്തു. അതിനിടയില്‍ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം രൂപപ്പെട്ടു. ഹിന്ദു-മുസ്ലിം രാഷ്ട്രീയ നേതൃത്വങ്ങളില്‍ അസ്വസ്ഥതകളുണ്ടായി. ദേശീയ സ്വാതന്ത്ര്യസമരത്തില്‍നിന്ന് മുസ്ലിംകളെ അകറ്റാന്‍ മുംബൈ കേന്ദ്രമാക്കിയ സവര്‍ണ ചിത്പാവന്‍ ബ്രാഹ്മണ നേതൃ സമൂഹം ഉയര്‍ത്തിക്കൊണ്ടുവന്ന ചിഹ്നമാണ് പശു. മുംബൈയിലെ ചിത്പാവന്‍ ബ്രാഹ്മണ ഗോത്രത്തിെൻറ തടവറയില്‍ നിന്ന് കോണ്‍ഗ്രസിനെ ഗാന്ധി മോചിപ്പിച്ച് ഡല്‍ഹിയിലേക്ക് പറിച്ചുനടുകയും മുസ്ലിംകളെ സ്വാതന്ത്ര്യസമരത്തിെൻറ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് കോണ്‍ഗ്രസിനെ ശരിയായ ദിശയില്‍ ദേശീയ പ്രസ്ഥാനമാക്കുകയും ചെയ്തത് ഗാന്ധിയാണ്. അതുവരെ കോണ്‍ഗ്രസിനെ ഹിന്ദു കോണ്‍ഗ്രസ് ആക്കിയ മുംബൈ ബ്രാഹ്മണ നേതൃത്വംതന്നെയാണ് പശുവിെൻറ പ്രശ്നവത്കരണത്തിന് കാരണമായത്. ബ്രിട്ടീഷുകാരുടെ ഏജൻറായി അറിയപ്പെട്ട ലാലാ ലാല്‍ ചന്ദ് എന്ന ചരിത്രകാരന് ഗോമാതാ ചിന്ത അവതരിപ്പിക്കുന്ന ‘Self Abnegation in Politics’ എന്ന ഗ്രന്ഥം ഇതിെൻറ ഭാഗമാണ്. അപ്പോഴേക്കും ഹിന്ദുമത മൗലികവാദം സംഘടിത പ്രസ്ഥാനത്തിന് പുെണയില് തുടക്കമിട്ടിരുന്നു.
സെന്‍ട്രല്‍ ഹിന്ദു യുവക് സഭ 1938ല്‍ ‘Self Abnegation in Politics’ പ്രസിദ്ധപ്പെടുത്തുമ്പോഴുള്ള രാഷ്ട്രീയ കാലാവസ്ഥ ശ്രദ്ധിച്ചാല്‍ തന്നെ അതിെൻറ ഗൂഢലക്ഷ്യം മനസ്സിലാകും. 1925ല്‍ രൂപപ്പെട്ട ആര്.എസ്.എസിന് ആശയ പരിസരം ഒരുക്കിയ ഗോള്‍വള്‍ക്കറുടെ ‘We or Our Nationhood Defined’ എന്ന കൃതി പ്രസിദ്ധപ്പെടുത്തുന്നത് 1939ലാണ്. ദേശീയ സ്വാതന്ത്ര്യ സമരത്തിെൻറ മുഖ്യധാരയില്‍നിന്ന് ഇതര ദേശീയ പ്രസ്ഥാനങ്ങളെ മാറ്റിനിര്‍ത്താനും സ്വാതന്ത്ര്യസമരത്തെ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള വഴിതുറക്കാനും പശുവിനെ ദേശീയ ചിഹ്നമാക്കിയത് സംഘടിത ഹിന്ദു മതമൗലികവാദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.