ആഗസ്റ്റ് പതിമൂന്നിന് രാവിലെ ഏേഴാടെ എന്റെ ഫോണ്‍ റിങ് ചെയ്തുതുടങ്ങി.
കഴിഞ്ഞ നാല്പത്തിയെട്ട് മണിക്കൂറുകളിലെ മാനസികാഘാതവും ശാരീരികാധ്വാനവും കാരണം തളര്‍ന്നിരുന്നതിനാല്‍ ''ഇതിനി എന്തിനാണ്'' എന്ന അമ്പരപ്പായിരുന്നു.
വിളിച്ചത് എച്ച്.ഒ.ഡി ഡോ. മഹിമാ മിത്തല്‍ ആണ്. ''എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളജിലേക്ക് വരണം'', അവര്‍ പറഞ്ഞു. ''മുഖ്യമന്ത്രിയും കേന്ദ്ര ആരോഗ്യമന്ത്രിയും ഇന്ന് മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുന്നുണ്ട്.''
മകള്‍ അപ്പോഴും കൈകളില്‍ ഉറക്കമായിരുന്നു, ശാബിസ്തയും ഉറങ്ങുകയായിരുന്നു. ഞാന്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും നെറ്റിയില്‍ ഉമ്മകൊടുത്ത് ആശുപത്രിയിലേക്ക് പോകാന്‍ തയാറായി. അവരെ ഉണര്‍ത്താതിരിക്കാന്‍ വേഗത്തില്‍ കുളിക്കുകയും ഉടുപ്പുമാറുകയും ചെയ്ത് ഞാന്‍ താഴേക്കിറങ്ങി. നിര്‍ബന്ധത്തിന് ഉമ്മക്കൊപ്പം ചായയും നാസ്തയും കഴിച്ച് ഞാന്‍ ഇറങ്ങി.
വീടിന് പുറത്തേക്ക് നടക്കുമ്പോള്‍ പത്രം വായിച്ചിരിക്കുകയായിരുന്ന അദീല്‍ ഭായ് എന്നെ ചില വാര്‍ത്തകളുടെ തലക്കെട്ടുകള്‍ കാണിച്ചു. ''പതിനൊന്ന് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു'' എന്നതായിരുന്നു പ്രധാന വാര്‍ത്ത, ലിക്വിഡ് ഓക്സിജന്‍ വിതരണം പുനഃസ്ഥാപിച്ച ശേഷമായിരുന്നു ഇത്. ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിയുടെ ''എല്ലാവര്‍ഷവും ആഗസ്റ്റില്‍ കുഞ്ഞുങ്ങള്‍ മരിക്കാറുണ്ട്'' എന്ന പ്രസ്താവന എല്ലാ മാധ്യമപ്രവര്‍ത്തകരും വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു.
ഞാനാ വാര്‍ത്തകളെല്ലാം ഓടിച്ചുവായിച്ചു, അതില്‍ പലതും ഞാനെങ്ങനെ കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചു എന്നതിനെപ്പറ്റിയാണ്. എന്നെ 'ഹീറോ' എന്നും 'മിശിഹ' എന്നും 'മാലാഖ' എന്നും വിശേഷിപ്പിച്ചു. ആ സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന ഒരു ദൃക്സാക്ഷിയുടെ പ്രതികരണവും ഒരു റിപ്പോര്‍ട്ടില്‍ ഉണ്ട്.
''മറ്റു ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടപ്പോള്‍ ഡോ. ഖാന് സ്വകാര്യ നഴ്സിങ് ഹോമുകളില്‍നിന്ന് ഓക്സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിച്ച് ഓക്സിജന്‍ പ്രതിസന്ധിയെ നേരിട്ടു. സമയോചിതമായ ശ്രമങ്ങളും മനസ്സാന്നിധ്യവുംകൊണ്ട് കുറെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞു'', ഗൗരവ് ത്രിപാഠി എന്നയാള്‍ പറഞ്ഞു.
മറ്റൊരു തലക്കെട്ട് ഇങ്ങനെയായിരുന്നു: ''ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ അഞ്ചു ദിവസങ്ങള്‍ക്കിടയില്‍ മരിച്ചത് അറുപത്തിമൂന്നോളം കുഞ്ഞുങ്ങള്‍.'' ''പന്ത്രണ്ടോളം ഓക്സിജന്‍ സിലിണ്ടറുകള്‍ ഖാന് ശേഖരിച്ചു. ശിശുരോഗവിദഗ്ധനായ ഡോക്ടര്‍ ഖാന് സ്വന്തം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട കുഞ്ഞുങ്ങളെ ചികിത്സിക്കാന്‍ നാല് ട്രിപ്പുകളിലായാണ് സിലിണ്ടറുകള്‍ കൊണ്ടുവന്നത്.''
എല്ലാം വിശദമായി വായിക്കാന്‍ സമയം കിട്ടിയില്ലെങ്കിലും എനിക്ക് സന്തോഷം തോന്നി. ഉമ്മയോടും സഹോദരനോടും ഭാര്യയോടും യാത്രപറഞ്ഞ് നല്ല മൂഡിലാണ് ആശുപത്രിയിലേക്ക് തിരിച്ചത്. യാത്രക്കിടയില്‍ അഭിനന്ദനങ്ങളറിയിച്ചുള്ള നിരവധി കോളുകള്‍ വന്നു, വേഗം ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ടുള്ള കോളുകളും വന്നു.
''ഇതിലും വേഗത്തില്‍ എങ്ങനെയാണ് പോകുക? എനിക്ക് പറക്കാനൊന്നും കഴിയില്ലല്ലോ!''
രാവിലെ എട്ട് മുപ്പതോടെ കാമ്പസിലെത്തിയപ്പോള്‍ പ്രധാന ഗേറ്റ് അടച്ചിട്ടുണ്ട്, ഐഡി കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് അകത്തേക്ക് പ്രവേശനമുള്ളത്. നൂറുകണക്കിന് റിപ്പോര്‍ട്ടര്‍മാരും പൊലീസും അവിടെ തിങ്ങിക്കൂടി. പല പ്രാദേശിക ബി.ജെ.പി നേതാക്കളും ആ പരിസരത്തുണ്ടായിരുന്നു, പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങളുയര്‍ത്തി. പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളുള്‍പ്പെടെ എല്ലാ മാധ്യമങ്ങളും ഇതിനകം ഓക്സിജന്‍ വിതരണകമ്പനിക്ക് കൊടുക്കാനുള്ള വന്‍തുക കുടിശ്ശികയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തു.
ഐഡി കാണിച്ചശേഷം ഞാന്‍ വാര്‍ഡിലേക്ക് കടന്നു, പരിശോധനക്കായി നില്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നോട് ബഹുമാനത്തോടെയാണ് ഇടപെട്ടത്. കാറില്‍നിന്നിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്റെയടുത്തേക്ക് ഓടിയെത്തി, ഞാനവരോട് സംസാരിച്ചില്ല. നടക്കുമ്പോള്‍ നൂറുകണക്കിന് കാമറകള്‍ എന്നെ ക്ലിക് ചെയ്യുന്നതായി കേട്ടു. റൗണ്ട്സിനുശേഷം നഴ്സുമാരോട് ബെഡ്ഷീറ്റ് മാറ്റാന്‍ പറഞ്ഞു, വെന്റിലേറ്റര്‍ ട്യൂബിങ് പരിശോധിച്ചു. സ്വീപ്പര്‍മാര്‍ തിരക്കിട്ട് വാര്‍ഡുകള്‍ വൃത്തിയാക്കുന്നുണ്ടായിരുന്നു.
ജെ.പി. നഡ്ഡക്ക് രക്ഷിതാക്കളോട് ചോദിക്കാനുള്ള ചോദ്യങ്ങളും അതിന് അവര്‍ നല്കേണ്ടുന്ന മറുപടികളും ഒരു പ്രാദേശിക രാഷ്ട്രീയ നേതാവ് തയാറാക്കുന്നുണ്ടായിരുന്നു. ഓക്സിജന്‍ പ്രശ്നത്തെക്കുറിച്ച് സംസാരിച്ചിരുന്ന ചില രക്ഷിതാക്കളെ ആറാം വാര്‍ഡിലേക്ക് മാറ്റി, അവര്‍ മുഖ്യമന്ത്രിയെ കാണരുത് എന്നതാണ് മാറ്റിനിര്‍ത്തിയതിന്റെ ഉദ്ദേശ്യം. കമീഷണര്‍, സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, ചീഫ് മെഡിക്കല്‍ ഓഫിസര്‍, അഡീഷനല്‍ ഡയറക്ടര്‍ ഓഫ് ഹെൽത്ത്, ഡയറക്ടര്‍ ജനറല്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ തുടങ്ങി എല്ലാവരും എത്തി. എച്ച്.ഒ.ഡി, ഡി.ജി.എം.ഇ, സൂപ്രണ്ട് ഇന്‍ ചാര്‍ജ് എന്നിവരുടെ യോഗം ഇതിനകം നടന്നു. പ്രിന്‍സിപ്പൽ സസ്പെന്‍ഡ് ചെയ്യപ്പെട്ടു, ഇനി ആരാണ് ഈ കുറ്റത്തിന്റെ ഭാരമേല്‍ക്കാന്‍ പോകുന്നത്? എല്ലാവരുടെയും മനസ്സിലുള്ള ചോദ്യം അതായിരുന്നു.
പീഡിയാട്രിക് ഐ.സിയുവിലെ ഓരോ കിടക്കയിലും ഓരോ കുഞ്ഞുങ്ങളെയാണ് അന്ന് ഡ്യൂട്ടിക്കെത്തിയ നഴ്സ് കണ്ടത്. നോട്സ് തയാറാക്കിയ ശേഷം നഴ്സ് ഒന്നാമത്തെ ക്യൂബിക്കിളിലേക്ക് പോയി. കിടക്കയില്‍ വിരിച്ച, വലിഞ്ഞുനില്ക്കുന്ന കിടക്കവിരിയും കുഞ്ഞിന്റെ നെറ്റിയിലേക്ക് വൃത്തിയായി ചീകിവെച്ചിരിക്കുന്ന മുടിയും ഈ നഴ്സ് ശ്രദ്ധിച്ചു. അവരുടെ മകനും അന്ന് പനിയുണ്ടായിരുന്നു, ഉന്നതാധികാരികളുടെ അന്വേഷണം നടക്കുന്നതിനാല്‍ മകനെ നോക്കാന്‍ വേണ്ടി അവധിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
കാമ്പസിലെ ഒരു അസാധാരണ ദിവസമാണിത്. മുനിസിപ്പാലിറ്റിയില്‍നിന്നുള്ള ട്രക്ക് മാലിന്യമെടുക്കാന്‍ കാമ്പസിലെത്തി. പീഡിയാട്രിക്സ് വാര്‍ഡില്‍ മൊത്തം സ്റ്റാഫിന്റെ വലിയൊരു ഭാഗം ജോലിചെയ്യുന്നുണ്ടായിരുന്നു. ഫാര്‍മസിയില്‍ എല്ലാ മരുന്നുകളും ലഭ്യമായി, മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് മുഖ്യമന്ത്രി എന്തെങ്കിലും ചോദിച്ചാല്‍ എല്ലാ മരുന്നുകളും സൗജന്യമായി ലഭിക്കുന്നുണ്ട് എന്ന് മറുപടി പറയണമെന്നതായിരുന്നു എല്ലാവര്ക്കും കിട്ടിയ നിർദേശം. ശല്യമായി ഭരണാധികാരികള്‍ നോട്ടമിട്ട രക്ഷിതാക്കളെയും മറ്റു സന്ദര്‍ശകരെയും അവിടെനിന്ന് പറഞ്ഞയച്ചു.
നൂറാം വാര്‍ഡിലെ റൗണ്ട്സ് കഴിഞ്ഞശേഷം മുഖ്യമന്ത്രി കോളജ് ഓഡിറ്റോറിയത്തില്‍വെച്ച് മാധ്യമങ്ങളെ കാണുമെന്ന് തീരുമാനിച്ചിരുന്നു. എന്നോട് കാബിനില്‍തന്നെ ഇരിക്കാനാണ് നിർദേശിച്ചത്, മുഖ്യമന്ത്രിയുമായി അകലം സൂക്ഷിക്കണമെന്നും. മുഖ്യമന്ത്രിയെ അനുഗമിക്കേണ്ട ചുമതല വകുപ്പ് മേധാവിക്കാണ്.
ഒടുവില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ വലിയ ബഹളമുണ്ടായി. എസ്.യു.വിയില്‍നിന്ന് മുഖ്യമന്ത്രിയും ജെ.പി. നഡ്ഡയും ഇറങ്ങിയത് മൈക്കുമായി തയാറായ മാധ്യമപ്രവര്‍ത്തകരുടെ ഇടയിലേക്കാണ്. മുഖ്യമന്ത്രി അവരെയെല്ലാം അവഗണിച്ച് നൂറാം വാര്‍ഡിലേക്ക് നടന്നു, പക്ഷേ, മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പിന്നാലെ ഓടി. മുഖ്യമന്ത്രിയും അനുയായികളും അകത്തുകടന്നയുടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാതിലുകളടച്ചു. മുഖ്യമന്ത്രി, ജെ.പി. നഡ്ഡ, രാജ്യസഭാംഗം ശിവപ്രതാപ് ശുക്ല, കമീഷണര്‍, ജില്ല മജിസ്ട്രേറ്റ്, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ക്ക് മാത്രമാണ് അകത്തേക്ക് പ്രവേശനം. എന്നാല്‍, അകത്തുകടക്കാന്‍ തന്നെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ തീരുമാനം. ഇതിനിടയില്‍ അവര്‍ പീഡിയാട്രിക് ഐ.സി.യുവിന്റെ ചില്ലുവാതില്‍ തകര്‍ത്തു.
മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞു, അവരോട് അലറി. പിന്നീട് ഇങ്ങനെ പറഞ്ഞു: ''കഴിഞ്ഞ മുപ്പതു വര്‍ഷമായി ഞാന്‍ എൻസെഫലൈറ്റിസ് രോഗികള്‍ക്കു വേണ്ടി പോരാടുകയാണ്, എന്നിട്ട് നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുന്നോ? ഇതൊരു ഗൂഢാലോചനയാണ്! ഞാനെല്ലാം നിങ്ങളോട് വിശദീകരിക്കാം. ക്ഷമയോടെ നില്ക്കൂ, നിങ്ങളെ ഞാന്‍ രോഗികളെയും അവരുടെ രക്ഷിതാക്കളെയും കാണിക്കാം, ആദ്യം ഞാനവരെ കാണട്ടെ.''
ജില്ല മജിസ്ട്രേറ്റും പൊലീസുകാരും ഇത് അവിടെ കൂടിനിന്നവരെ പുറത്താക്കാനുള്ള ഒരു നിർദേശമായി ഏറ്റെടുത്തു. ക്യൂബിക്കിളിലേക്ക് കടന്ന് മുഖ്യമന്ത്രി രോഗിയുമായി സംസാരിച്ചു.
എവിടെനിന്നാണ്? എപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്? പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ? മരുന്ന് കിട്ടിയില്ലേ? പത്താം തീയതി രാത്രി എന്താണ് സംഭവിച്ചത്? ഓക്സിജന്‍ ക്ഷാമം ഉണ്ടായിരുന്നോ?
മറ്റൊരു ബെഡിലേക്ക് ചെന്ന് അവരോടും അതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. മൂന്ന് രോഗികളോട് സംസാരിച്ചശേഷം മുഖ്യമന്ത്രി ജെ.പി. നഡ്ഡയോട് പറഞ്ഞു, നോക്കൂ, ഈ രോഗികള്‍ ഇവിടെ കഴിഞ്ഞയാഴ്ച തൊട്ട് ചികിത്സയിലുള്ളവരാണ്. ഓക്സിജന്‍ കുറവുണ്ടായിരുന്നെങ്കില്‍ ഇവരും മരിക്കുമായിരുന്നില്ലേ? നഡ്ഡ തലകുലുക്കി.
പെട്ടെന്ന് എച്ച്.ഒ.ഡിയോട് മുഖ്യമന്ത്രി ചോദിച്ചു: ''ആരാണ് ഡോ. കഫീല്‍?''
മറ്റൊരു കാബിനില്‍ ആയിരുന്നെങ്കിലും ഞാന്‍ ഈ ചോദ്യം കേട്ടു. നിമിഷങ്ങള്‍ക്കകം ഒരു ജൂനിയര്‍ ഡോക്ടര്‍ വന്ന് എന്നെ വിളിച്ചു, എച്ച്.ഒ.ഡി എന്നെ വിളിക്കുന്നതായി അറിയിച്ചു. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് ഒന്നുമറിയാതെ വി.ഐ.പികള്ക്കിടയിലേക്ക് നടന്നുകയറി എല്ലാവരെയും അഭിസംബോധന ചെയ്തു. ഞാന്‍ പ്രതീക്ഷിച്ചത് അഭിനന്ദനങ്ങളായിരുന്നു. പക്ഷേ, എന്നെ നേരിട്ടത് കനത്ത നിശ്ശബ്ദത. എല്ലാവരും എന്നെ തുറിച്ചുനോക്കുന്നു.
മുഖ്യമന്ത്രി എന്റെ അഭിസംബോധനയെ മാനിക്കാതെ എന്നെ തുറിച്ചുനോക്കുകയായിരുന്നു, മുഖം ദേഷ്യംകൊണ്ട് പുകയുകയും ചുവന്നുതുടുക്കുകയും ചെയ്തു.
''അപ്പോള്‍ നീയാണ് ഡോ. കഫീല്‍?''
''അതെ സര്...''
''നീയാണോ സിലിണ്ടറുകള്‍ സംഘടിപ്പിച്ചത്?''
''അതെ സര്'', ഞാന്‍ അറിയിച്ചു. ബഹുമാനക്കുറവു സൂചിപ്പിക്കുന്ന 'നീ' എന്നു വിളിച്ചുകൊണ്ടുള്ള സംസാരരീതി, എന്നെ കൂടുതല്‍ അസ്വസ്ഥനാക്കി. എന്തോ പ്രശ്നമുള്ളതായി എനിക്കുതോന്നി.
പിന്നീട് ഒരു കണ്സൽട്ടന്റിനോട് മുഖ്യമന്ത്രി ചോദിച്ചു: ''ഈ നാലഞ്ച് സിലിണ്ടറുകള്കൊണ്ട് എത്രപേരുടെ ജീവന് രക്ഷിച്ചിട്ടുണ്ടാവും?''
ആരും ആ ചോദ്യത്തിന് മറുപടി നല്‍കിയില്ല. എന്റെയുള്ളില്‍ ഞാന്‍ അലറുകയായിരുന്നു: ''നാലും അഞ്ചുമൊന്നുമല്ല, അമ്പത്തിയാറ് മണിക്കൂറില്‍ ഞങ്ങള്‍ അഞ്ഞൂറു സിലിണ്ടറുകളാണ് സംഘടിപ്പിച്ചത്!''പക്ഷേ ഞാനൊന്നും ഉറക്കെ പറഞ്ഞില്ല.
''സിലിണ്ടറുകള്‍ കൊണ്ടുവന്ന് ഹീറോ ആകാമെന്ന് നീ വിചാരിച്ചോ?'' മുഖ്യമന്ത്രി ചോദിച്ചു. ഇതിന് എന്തു മറുപടി പറയണം എന്നറിയാത്തതിനാല്‍ ഞാന്‍ ഒന്നും മിണ്ടാതെ നിന്നു.
''നിനക്ക് ഞാന്‍ കാണിച്ചുതരാം...''
എന്റെ ജീവിതത്തെ അതിവേഗത്തില്‍ കീഴ്മേല്‍ മറിക്കുന്ന ആ നാല് വാചകങ്ങള്‍ എന്റെ ബോധത്തില്‍ ആഴത്തില്‍ തറഞ്ഞു, അന്നു ഞാനത് അറിഞ്ഞിരുന്നില്ലെങ്കിലും.
ആരോ എന്റെ ചുമലില്‍ കൈവെച്ച് എന്നെ ക്യൂബിക്കിളില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയി വാര്‍ഡില്‍ കാത്തുനില്ക്കാന് ആവശ്യപ്പെട്ടു. എനിക്ക് ഒന്നും മനസ്സിലായില്ല, ഭീകരമായ ഭയവും ആശങ്കയും എന്നില്‍ നിറഞ്ഞു. എന്താണ് സംഭവിക്കുന്നത്? എന്നോടെന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്? എല്ലാവരും എന്നെ സഹതാപത്തോടെ നോക്കുന്നു, എന്നാല്‍ ആരും വന്ന് എന്നോട് സംസാരിക്കുന്നില്ല. ഒരു സീനിയര്‍ നഴ്സ് എനിക്കൊരു ഗ്ലാസ് വെള്ളം തന്നു. ഞാനത് കുടിച്ചു. എനിക്ക് വിയര്‍ക്കാന്‍ തുടങ്ങി, എന്റെ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി, മുഖ്യമന്ത്രിയുടെ വിചിത്രമായ ചോദ്യംചെയ്യലിന്റെ അർഥമെന്തെന്ന് കുറെ ആലോചിച്ചു.
മുഖ്യമന്ത്രി ക്യൂബിക്കിളില്‍നിന്ന് പുറത്തേക്കിറങ്ങി, എന്നെ അവഗണിച്ചു.
പിന്നീടവര്‍ പന്ത്രണ്ടാം വാര്‍ഡിലേക്ക് പോയി. ഞാനും അവര്‍ക്കൊപ്പം പോയി. പക്ഷേ എച്ച്.ഒ.ഡിയും ഡോ. ശര്‍മയുമായിരുന്നു ഒപ്പം. എന്നെ പൂര്‍ണമായും മാറ്റിനിര്ത്തിത്തുടങ്ങി. റൗണ്ട്സിനു ശേഷം അവര്‍ നൂറാം വാര്‍ഡിലെ ഓഫിസില്‍ ഇരുന്നു. മുഖ്യമന്ത്രിയും ജെ.പി. നഡ്ഡയും ശിവ്പ്രതാപ് ശുക്ലയും ഇരുന്നപ്പോള്‍ മറ്റെല്ലാവരും അവര്‍ക്കു ചുറ്റുമായി നിന്നു. എന്നോട് പുറത്തുകാത്തിരിക്കാന് പറഞ്ഞു. പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം എന്നെ അകത്തേക്ക് വിളിച്ചു.
''ഓക്സിജന്‍ തീര്‍ന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത് നീയാണോ?'' മുഖ്യമന്ത്രി എന്നോട് ചോദിച്ചു.
''അല്ല സര്! അവര്‍ ആ സമയത്ത് ഗേറ്റിനടുത്ത് ഉണ്ടായിരുന്നു.''
ജില്ല മജിസ്ട്രേറ്റ് എന്റെ നേര്‍ക്ക് തിരിഞ്ഞ് മിണ്ടാതിരിക്കണമെന്ന് പറഞ്ഞു.
''ആരാണ് ഡോ. സതീഷ്?'' മുഖ്യമന്ത്രി ചോദിച്ചു, അയാളെ വിളിക്കൂ, ലീവെടുക്കാതെ എങ്ങനെയാണ് അയാള്‍ മാറിനില്‍ക്കുന്നത്?''
ആരോ ഡോ. സതീഷിനെ വിളിച്ച് എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തണമെന്ന് അറിയിച്ചു.
''ആദ്യം ഡോ. കഫീലിനെ നൂറാം വാര്‍ഡിന്റെ സൂപ്രണ്ട് പോസ്റ്റില്‍നിന്നും നീക്കണം.''
''എന്ത്!'' എനിക്ക് ഉറക്കെ അലറണമെന്ന് തോന്നി. ''ഞാന്‍ നൂറാം വാര്‍ഡിലെ സൂപ്രണ്ട് അല്ല!'' ഈ വാക്കുകള്‍ പുറത്തേക്കു വന്നില്ല.
ഇപ്പോളവരുടെ ചര്‍ച്ച പുതിയ പ്രിന്‍സിപ്പൽ ആരാകും എന്നതിനെപ്പറ്റിയാണ്. ഒബ്സ്റ്റട്രിക്സ് ഗൈനകോളജി ഡിപ്പാർട്മെന്റ് മേധാവി ഡോ. റീന ശ്രീവാസ്തവ പ്രിന്‍സിപ്പൽ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. വിരമിച്ച പ്രിന്‍സിപ്പൽ ഡോ. കെ.പി. ഖുശ് വാഹയുടെ പേര് ആരോ നിർദേശിച്ചു. മുഖ്യമന്ത്രി ഡോ. ഖുശ് വാഹയെ ഫോണില്‍ വിളിച്ചു: ''സുഖമല്ലേ?'' മുഖ്യമന്ത്രി ചോദിച്ചു.
''ഒരു തവണകൂടി നിങ്ങള്‍ പ്രിന്‍സിപ്പൽ പദവി ഏറ്റെടുക്കുമോ?''
''ഈ ജോലിക്ക് ഏറ്റവും യോജിച്ചയാള്‍ ഖുശ് വാഹയാണ്'', ഫോണ്‍കാള്‍ അവസാനിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഡോ. ഖുശ് വാഹ തയാറാണെന്ന് അതില്‍നിന്നും നമ്മള് അനുമാനിച്ചു.
ഡോ. സതീഷ് അപ്പോഴേക്കും ആശുപത്രിയിലെത്തി. പക്ഷേ, സതീഷിനെ വിളിച്ച കാര്യം മുഖ്യമന്ത്രി പാടേ മറന്നു. ആരോ അയാളെ മുന്നിലേക്ക് പിടിച്ചുതള്ളിക്കൊണ്ട് പറഞ്ഞു: ''സര്, ഡോ. സതീഷ് എത്തിയിട്ടുണ്ട്.''
''ഇങ്ങനെയൊരു പ്രശ്നം നടക്കുമ്പോള്‍ ആരെയും അറിയിക്കാതെ നിങ്ങള്‍ എന്തിനാണ് ലീവില്‍ പോയത്?'' -മുഖ്യമന്ത്രി ചോദിച്ചു.
''സര് എനിക്കെന്റെ മകന്റെ...''
''മിണ്ടരുത്! എന്താണ് എ.സിക്ക് പ്രശ്നം?''
ഡോ. സതീഷിന് പറയാനുണ്ടായിരുന്നതും പറയാന്‍ പറ്റാത്ത കാര്യമായി അവശേഷിച്ചു. ജില്ല മജിസ്ട്രേറ്റും മറ്റുള്ളവരും ഡോ. സതീഷിനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. മുന്നില്‍നിന്ന് വലിച്ചു പിന്നോട്ട് നിര്‍ത്തി.
എല്ലാം വൃത്തിയാക്കാന്‍ മുഖ്യമന്ത്രി എച്ച്.ഒ.ഡിക്ക് നിർദേശം നല്കി. ''എല്ലാം ഞാന്‍ പരിശോധിക്കുന്നുണ്ട്'', മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
പിന്നീട്, എന്നോട് മറ്റൊരു മുറിയില്‍ ചെന്ന് കാത്തിരിക്കാന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മറ്റു വി.ഐ.പികളും പുറത്തിറങ്ങിയശേഷം, റിപ്പോര്‍ട്ടര്‍മാര്‍ക്ക് രക്ഷിതാക്കളോട് സംസാരിക്കാന്‍ അവസരം കൊടുത്തു.
ഒടുവില്‍ കോളജ് ഓഡിറ്റോറിയത്തില്‍വെച്ച് മുഖ്യമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ ഈ സമയങ്ങളില്‍ ഒന്നും സംസാരിച്ചിരുന്നില്ല.
ഓക്സിജന്‍ കുറവു കാരണം ഒരു മരണംപോലും സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞു, ഈ മരണങ്ങളെല്ലാം ജാപ്പനീസ് എൻസഫലൈറ്റിസും വൃത്തിഹീനമായ ജീവിതസാഹചര്യങ്ങളും കാരണം ഉണ്ടായതാണെന്നും. തന്നെയും തന്റെ ഗവൺമെന്റിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഓക്സിജന്‍ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കത്തോടെ ജോലിചെയ്യാന്‍ മറ്റുള്ളവര്‍ക്ക് പാഠമാകുന്ന തരത്തില്‍, ഈ ഗൂഢാലോചനക്ക് പിന്നിലുള്ളവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറ്റൊരു അന്വേഷണ കമ്മിറ്റിയെ നിയമിക്കാന്‍ ഉത്തരവിട്ടു, ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.
നടന്ന മുഴുവന്‍ സംഭവങ്ങളെയും ''ആഗസ്റ്റിലെ പതിവുമരണങ്ങള്'' എന്നതിന്റെ മറവില്‍ നിര്‍ത്താനായിരുന്നു സര്‍ക്കാറിന് താല്പര്യം. നമ്മള് ജീവിക്കുന്നത് സത്യാനന്തര യുഗത്തിലാണ്. എന്നാല്‍, അനിഷേധ്യ വസ്തുതയായ യഥാർഥ മരണക്കണക്കുകള്‍ ഈ താല്പര്യത്തിന് തടസ്സമായപ്പോള്‍ അപവാദ പ്രചാരകരും രാഷ്ട്രീയ വക്താക്കളും ട്രോളുകളും അവരുടെ ജോലി തുടങ്ങി. സമൂഹമാധ്യമങ്ങളില്‍ എനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ രൂപപ്പെട്ടു, ഒട്ടും വൈകാതെ വസ്തുതകള്‍ പരിശോധിക്കാന്‍ ശ്രമിക്കാതെ ഇലക്ട്രോണിക് മാധ്യമങ്ങളും ഈ പ്രചാരണങ്ങള്‍ ഏറ്റെടുത്തു.
കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ സഹോദരന് ഫോണില്‍ വിളിച്ചു, ചില റിപ്പോര്‍ട്ടര്‍മാര്‍ എന്റെ ഭാര്യയുടെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട് എന്ന് അറിയിച്ചു.
''ഒരാള്‍ക്കൂട്ടം ഇഷ്ടികകള്‍ എറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ട്, അവര്‍ എന്റെ ഓഫിസിലും എത്തിയിട്ടുണ്ട്'', അദീല്‍ ഭായ് പറഞ്ഞു. ഈ ആക്രമണത്തിനുശേഷം അവര്‍ അദീല്‍ ഭായിയുടെ ഇലക്ട്രോണിക്സ് ഷോറൂമില്‍നിന്നും ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീന്, ഇന്‍വര്‍ട്ടര്‍ ബാറ്ററി തുടങ്ങിയ വിലയേറിയ ഉപകരണങ്ങള്‍ കൊള്ളയടിച്ചു.
'' ജീവനുംകൊണ്ട് ഓടേണ്ടിവന്നു'', അദീല്‍ ഭായ് എന്നോടു പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ എന്നെ കുറിച്ച് പല വ്യാജകഥകളും പ്രചരിക്കുന്നുവെന്ന് ഭായ് പറഞ്ഞു. ചിലര്‍ അവകാശപ്പെട്ടത് ഞാന്‍ ഒരു ക്ലിനിക്കിന് വേണ്ടി ഓക്സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചു എന്നാണ്, ചിലര്‍ പ്രചരിപ്പിച്ചത് ഞാന്‍ പ്രിന്‍സിപ്പലിന്റെ ഭാര്യക്കൊപ്പം ഗൂഢാലോചന നടത്തിയെന്നാണ്, എനിക്ക് രാഷ്ട്രീയക്കാരുമായും കൊള്ളസംഘങ്ങളുമായും ബന്ധമുണ്ടെന്ന് മറ്റു ചിലര്‍ പ്രചരിപ്പിച്ചു.
ഒട്ടും അടിസ്ഥാനമില്ലാത്ത ഈ ആരോപണങ്ങളും സിദ്ധാന്തങ്ങളും എന്നെ ഞെട്ടിച്ചു. ഉച്ച കഴിഞ്ഞതോടെ ഇതെല്ലാം ടെലിവിഷനിലും പ്രത്യക്ഷമായിത്തുടങ്ങി.
ഡല്‍ഹിയിലെയും മുംബൈയിലെയും വലിയ മാധ്യമസ്ഥാപനങ്ങളിലെ അവതാരകര്‍ വസ്തുതകള്‍ കണ്ടെത്താന്‍ ഗോരഖ്പൂരിലേക്ക് വന്നില്ല. അവര്‍ സമൂഹമാധ്യമങ്ങളില്നിന്നെടുത്ത ഈ സ്റ്റോറി കൊടുത്തു, അധികം വൈകാതെ ഞാന്‍ പീഡിയാട്രിക്സ് വിഭാഗത്തിന്റെ മേധാവിയും വൈസ് പ്രിന്‍സിപ്പലും സൂപ്രണ്ടും എല്ലാമായി. മുഴുവന്‍ മെഡിക്കല്‍ കോളജും ഒരു സൂപ്പര്‍മാനെപോലെ ഞാന്‍ നോക്കിനടത്തുന്നുവെന്ന്! ടെലിവിഷന്‍ സ്ക്രീനുകളില്‍ അവര്‍ അലറിവിളിക്കാന്‍ തുടങ്ങി, ''ഗോരഖ്പൂരിലെ എഴുപതു കുഞ്ഞുങ്ങളുടെ കൊലപാതകി ആരാണ്?''
പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഓക്സിജന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്, വലിയ ജനശ്രദ്ധ നേടിയ, ഓക്സിജന്‍ ലഭിക്കാതെയുണ്ടായ മരണങ്ങള്. മറ്റൊന്ന് അഴിമതിയും, മെഡിക്കല്‍ കോളജിലെ പണമിടപാടില്‍ നടക്കുന്ന കമീഷന് ഡീലുകളും.
പക്ഷേ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവും തുടര്‍ന്നുള്ള പ്രസ് മീറ്റും മുഴുവന്‍ സംഭവങ്ങളുടെയും ഗതിമാറ്റി. കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചര്‍ച്ച വഴിമാറി ആരെയൊക്കെയാണ് ബലിയാടുകളാക്കേണ്ടത് എന്നതായി. ഈ സംഭവങ്ങളിലെല്ലാം തുടര്‍ച്ചയായി ഉയര്‍ന്നുവന്ന പേര് എന്റേതുതന്നെ ആയിരുന്നു. ചുരുങ്ങിയ നേരത്തേക്ക് ഒരു ഹീറോ ആയി വാഴ്ത്തപ്പെട്ടെങ്കിലും പിന്നെ ഒരധ്യായത്തിലേക്ക് മുഴുവനായും ഞാന്‍ വില്ലനായി ലേബല്‍ ചെയ്യപ്പെട്ടു.
പൊതുകാഴ്ചയില്‍ ഹീറോയില്‍നിന്ന് വില്ലനിലേക്കുള്ള പരിണാമം പൊടുന്നനെ സംഭവിക്കുന്നതാണെന്ന് മനസ്സിലായി.
മുഖ്യമന്ത്രി വാര്‍ഡുകള്‍ വിട്ട് പോയശേഷം നഴ്സുമാരും ജൂനിയര്‍ ഡോക്ടര്‍മാരും വാര്‍ഡ് ബോയിമാരും എനിക്കടുത്തുവന്ന് പറഞ്ഞു: ''ഞങ്ങള്‍ കൂടെയുണ്ട് സര്. സര് ജോലി ചെയ്തത് ഞങ്ങള്‍ക്കറിയാം, എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ സമരം ചെയ്യും.''
''അതുവേണ്ട. നിങ്ങള്‍ സമരം ചെയ്താല്‍ വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എന്തു സംഭവിക്കും?'' ഞാന്‍ അവരോട് പറഞ്ഞു. ''നിങ്ങള്‍ പോയി ജോലി തുടരൂ, എനിക്കൊന്നും പറ്റില്ല. ദൈവം സാക്ഷിയാണ്.''
ഒരു റിപ്പോര്‍ട്ടര്‍ക്ക് നല്കിയ അഭിമുഖത്തില്‍ ഒരു രക്ഷിതാവ് പറഞ്ഞത് ഇങ്ങനെയാണ്:
''മുഖ്യമന്ത്രിയുടെ യോഗം നടക്കുന്നതിനാല്‍ ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരെ വിളിച്ച്, പിന്‍വാതിലിലൂടെ മക്കളുടെ മൃതദേഹങ്ങള്‍ വാങ്ങി, മിണ്ടാതെ പോകാനാണ് പറഞ്ഞത്. വാര്‍ഡ് ബോയ്സ് മൃതദേഹങ്ങള്‍ കിടക്കവിരികളില് പൊതിഞ്ഞു, അറ്റൻഡര്‍ ശബ്ദമുണ്ടാക്കാതെ അത് പുറത്തെത്തിച്ചു. മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കാതിരിക്കണം എന്ന നിലപാടായിരുന്നു.'' മെഡിക്കല്‍ കോളജിന്റെ നടത്തിപ്പ് മുഴുവനും ഇപ്പോള്‍ ജില്ല മജിസ്ട്രേറ്റിന്റെയും സീനിയര്‍ പൊലീസ് സൂപ്രണ്ടിന്റെയും നിയന്ത്രണത്തിലായി, ആശുപത്രിയധികൃതര്‍ അവരുടെ ഉത്തരവുകള്‍ പിന്തുടരുക മാത്രം ചെയ്തു. മാസ്കുകളും ഷൂ കവറുകളും തൊപ്പികളും കൈയുറകളും ട്രേകളും എല്ലാം അണുമുക്തമാക്കി, പുതുമയോടെ കാണപ്പെട്ടു.
മുഖ്യമന്ത്രി ലഖ്നോവിലേക്ക് മടങ്ങിപ്പോയതോടെ മറ്റൊരു വാതിലിലൂടെ പുറത്തുകടക്കാന്‍ എന്നോടു പറഞ്ഞു; മാധ്യമങ്ങളോടോ മറ്റാളുകളോടോ സംസാരിക്കരുതെന്നും.
മുഖ്യമന്ത്രി ക്ഷുഭിതനും അസ്വസ്ഥനുമാണെന്ന് ഞാന്‍ കേട്ടു, കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് എനിക്ക് വീണ്ടും ആശുപത്രിയിലേക്ക് വരാന്‍ കഴിയുമെന്നും എന്നെ അറിയിച്ചു.
എന്റെ തൊട്ടടുത്ത് നിന്നിരുന്ന മെഡിസിന് വിഭാഗം എച്ച്.ഒ.ഡിയോട് ഞാന്‍ ചോദിച്ചു: ''പക്ഷേ ഇതെങ്ങനെയാണ് എന്റെ കുറ്റമാകുന്നത്?''
''പേടിക്കേണ്ട, ഇതിപ്പോള്‍ ഇത്രയധികം മാധ്യമസമ്മർദമുണ്ടായതിലുള്ള പ്രതികരണമായിരിക്കും. എല്ലാം ഒന്ന് അടങ്ങുമ്പോള്‍ ആരും ഇതൊന്നും ഓര്‍ത്തിരിക്കാന്‍ പോകുന്നില്ല.'' പക്ഷേ എനിക്കതില്‍ വിശ്വാസ്യത തോന്നിയില്ല.
''അപ്പോള്‍ മരിച്ച കുഞ്ഞുങ്ങളോ? അവരുടെ രക്ഷിതാക്കള്‍ക്കൊന്നും ഇതത്ര എളുപ്പം മറക്കാന്‍ കഴിയുകയില്ല'', ഞാന്‍ പറഞ്ഞു.
''അതില്‍ അത്ര ശ്രദ്ധ കൊടുക്കേണ്ട'' എന്നതായിരുന്നു ഉപദേശം. ''ഡോക്ടര്‍ കുറേപ്പേരുടെ ജീവന് രക്ഷിച്ചു- അതാണ് പ്രധാനം. കുറച്ചു ദിവസത്തേക്ക് ഇവിടെനിന്നും മാറിനില്‍ക്കുന്നത് നന്നായിരിക്കും.''
''ഞാനെന്തായാലും ലഖ്നോവിലേക്ക് പോകുന്നുണ്ട്, ഉമ്മയും സഹോദരനും ഹജ്ജിന് പോകുകയാണ്, പതിനാറാം തീയതിയാണ് അവരുടെ ൈഫ്ലറ്റ്, അത് ലഖ്നോവില്‍നിന്നാണ്'', ഞാന്‍ പറഞ്ഞു. ''അത് നന്നാവും. ഇന്നുതന്നെ പോകുന്നതാണ് നല്ലത്.''
എന്തുകൊണ്ടാണ് മെഡിസിന് എച്ച്.ഒ.ഡി ഇതെല്ലാം ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. പീഡിയാട്രിക്സ് എച്ച്.ഒ.ഡിയായ ഭാര്യയെ സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് എന്നാണ് തോന്നിയത്. ഇതുവരെയും അവരെ ചോദ്യംചെയ്തിട്ടില്ല. മെഡിസിന് വാര്‍ഡ് ഐ.സി.യുവില്‍ ആഗസ്റ്റ് പത്ത്, പതിനൊന്ന് തീയതികള്‍ക്കിടയില്‍ പതിനെട്ട് മരണങ്ങള് ഉണ്ടായെങ്കിലും ഒരു തരത്തിലുള്ള അന്വേഷണവും മെഡിസിന് എച്ച്.ഒ.ഡിക്ക് നേരിടേണ്ടിവന്നിട്ടില്ല. മെഡിസിന് എച്ച്.ഒ.ഡിയും ജില്ല മജിസ്ട്രേറ്റും അവര്‍ക്ക് നല്കിയ വിവരങ്ങള്‍ മാധ്യമങ്ങള്‍ അതേപടി വിശ്വസിച്ചു.
വളരെ പെട്ടെന്ന് സംഭവങ്ങളുടെ ഗതിതന്നെ മാറിയത് ഇങ്ങനെയാണ്. ആഗസ്റ്റ് പതിനൊന്നിനും പന്ത്രണ്ടിനും എല്ലാവരും ചോദിച്ച ചോദ്യങ്ങള്‍ എന്റെ ഓര്‍മയിലുണ്ട്:
എന്തുകൊണ്ടാണ് ഓക്സിജന്‍ ക്ഷാമമുണ്ടായത്?
എന്തുകൊണ്ടാണ് ഓക്സിജന്‍ വാങ്ങിയതിന്റെ പണമടക്കാഞ്ഞത്?
എന്തുകൊണ്ടാണ് ഇത്രയധികം കുഞ്ഞുങ്ങള്‍ മരിച്ചത്?
എന്തുകൊണ്ടാണ് ആരോഗ്യമന്ത്രി അത്രയും നിർവികാരമായ പ്രസ്താവന നടത്തിയത്?
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവെക്കണം, ജനം ആവശ്യപ്പെട്ടു. ജീവന് രക്ഷിക്കാന്‍ ഞാന്‍ സഹായിച്ചിരുന്നു എന്ന് അവരും അംഗീകരിച്ചു. പക്ഷേ ഇപ്പോള്‍ ആവര്‍ത്തിച്ചു പറയുന്നത് ഡോ. കഫീല്‍ ഖാന് കൊലപാതകിയാണെന്ന്.
പ്രതിപക്ഷ പാര്‍ട്ടികളും ചില മുസ്ലിം നേതാക്കളും എന്നെ പ്രശംസിച്ചപ്പോള്‍ സ്ഥിതി മോശമാകുകയാണ് ചെയ്തത്, സംഭവങ്ങള്‍ക്ക് വര്‍ഗീയനിറം കൊടുക്കുന്നു എന്നായി. മതത്തിന്റെ പേരില്‍ ആളുകള്‍ തമ്മില്‍ വേര്തിരിച്ചുതുടങ്ങിയതോടെ രാജ്യത്തെങ്ങും അതൊരു പ്രധാന ചര്‍ച്ചാവിഷയമായി. ചിലര്‍ എന്റെ കരിയര്‍ അവസാനിച്ചതായി കണക്കുകൂട്ടി; ചിലരതിനെ ദാരുണമായ ഒരു പേടിസ്വപ്നമെന്ന് വിശേഷിപ്പിച്ചു.
വിധിനിര്‍ണായകമായ ആ രാത്രിയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായി ഞാന്‍ നെട്ടോട്ടമോടിയപ്പോള്‍, ദൈവനാമത്തില്‍ പറയട്ടെ എന്റെ രോഗികളില്‍ ആരൊക്കെ ഹിന്ദുക്കളാണ് എന്നോ ആരൊക്കെ മുസ്ലിംകളാണ് എന്നോ ഞാന്‍ ചിന്തിച്ചിരുന്നില്ല. അവരുടെ ജാതി എന്താണെന്നോ അവരില്‍ ആരാണ് ദരിദ്രര്‍, ആരാണ് ധനികര്‍ എന്നോ ആലോചിച്ചിരുന്നില്ല.
ഞാനൊരു ഡോക്ടറാണ്. അത്തരം ചിന്തകള്‍ ഔദ്യോഗിക ജീവിതത്തിലോ വ്യക്തിജീവിതത്തിലോ ഇന്നുവരെയും ഉണ്ടായിട്ടില്ല. കാരണം, കുടുംബം എന്നെ പഠിപ്പിച്ചത് എല്ലാ മതങ്ങളെയും ബഹുമാനിക്കാനാണ്. എനിക്ക് മതം ആത്മീയതയും മാനവികതയും എന്നേക്കാളുയര്ന്നൊരു ശക്തിയിലുള്ള വിശ്വാസവുമാണ്. ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു, അതെന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഞാന്‍ എല്ലാ മതങ്ങളെയും ജനതയെയും ബഹുമാനിക്കുന്നു, അവരുടെ വിശ്വാസം എനിക്കതിന് തടസ്സമാകാറില്ല.
ഹീറോയിസം ഒരാളുടെ പ്രവൃത്തികളെക്കുറിച്ചുള്ളത് അല്ലാതാവുകയും അയാളുടെ വിശ്വാസത്തിന്റെ പേരില്‍ നല്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒന്നായി മാറിയോ?
അന്ന് വീട്ടിലെത്തിയപ്പോള്‍ മുഴുവന്‍ കുടുംബവും എന്നെ കാത്തുനില്ക്കുകയായിരുന്നു. സഹോദരന്മാര് അവരുടെ ഷോറൂമുകള്‍ അടച്ചിട്ടു, ഭാര്യ അവരുടെ ആശുപത്രി അടച്ചിട്ടു, ആരും ആരോടും സംസാരിക്കാത്തനിലയില് എല്ലാവരും ഭയന്നിരുന്നു. എന്റെ സഹോദരന്മാര് ചിലയാളുകള്‍ വഴി മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ, അദ്ദേഹം സംസാരിക്കാന്‍ തയാറായില്ല.
റിപ്പോര്‍ട്ടര്‍മാര്‍ എന്നെ വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞാന്‍ ആരോടും സംസാരിച്ചില്ല. ഇപ്പോള്‍ പ്രതികരിക്കാന്‍ നില്‍ക്കേണ്ടെന്നും എല്ലാം ശരിയാകുമെന്നുമായിരുന്നു എനിക്ക് കിട്ടിയ ഉപദേശം.
മകൾ സബ് എന്റെ മേല്‍ മുഴുവന്‍ കയറിക്കളിക്കുകയായിരുന്നു, അവളോട് സന്തോഷത്തോടെ പെരുമാറാന്‍ ഞാന്‍ ശ്രമിച്ചു.
സംഭവിച്ചതിനെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ ന്യൂസ് തുറക്കുകയോ സോഷ്യല്‍ മീഡിയയില്‍ ലോഗ് ഇന്‍ ചെയ്യുകയോ ചെയ്താല്‍ അസ്വസ്ഥപ്പെടുത്തുന്ന വിദ്വേഷം അതിലെല്ലാം കണ്ടു. എവിടെയാണ് പിഴച്ചതെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലായില്ല. ഒരു വര്‍ഷം മുമ്പ് 2016 ആഗസ്റ്റ് എട്ടിനാണ് ഞാന്‍ സ്ഥിര പദവിയില്‍ ബി.ആർ.ഡി മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്റെ പ്രൊബേഷന്‍ കാലയളവില്‍ ആണ് ഈ സംഭവം നടക്കുന്നത്. എങ്ങനെയാണ് ഒരാള്‍ക്ക് ഞാന്‍ സൂപ്രണ്ടും വൈസ് പ്രിന്‍സിപ്പലും എച്ച്.ഒ.ഡിയുമൊക്കെ ആണെന്ന് വിശ്വസിക്കാനാവുക?
ഞാന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചു എന്ന വ്യാജ ആരോപണവും ഉണ്ടായി. സാധാരണഗതിയില്‍ കേന്ദ്രീകൃതമായ വലിയൊരു ടാങ്കിലാണ് ഓക്സിജന്‍ സംഭരിക്കുന്നത്, ഇതില്‍നിന്നുമാണ് പൈപ്പുകളിലൂടെ രോഗികളിലേക്ക് എത്തിക്കുന്നത്. ടാങ്കിലെ ഓക്സിജന്‍ തീര്‍ന്നതോടെ നമ്മള് സിലിണ്ടറുകള്‍ റീഫില്‍ ചെയ്ത് ഓക്സിജന്‍ സംഭരിക്കുകയാണ് ചെയ്തത്. അയല്‍വീട്ടിലെ വാട്ടര്‍ടാങ്ക് ആരുമറിയാതെ കട്ടുകൊണ്ടുപോയി എന്നുപറയുന്നതിന് സമാനമായ ആരോപണമായിരുന്നു അത്. ഇതെന്നെ കരയിച്ചില്ലായിരുന്നെങ്കില് ഉറപ്പായും ഞാന്‍ പൊട്ടിച്ചിരിക്കുമായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വ്യാജവാര്‍ത്താ മെഷിനറി എന്നെ കുറിച്ച് പ്രചരിപ്പിക്കുന്ന നുണകള്‍ ജനങ്ങള്‍ വിശ്വസിക്കുന്നതിനേക്കാള്‍ ഭീകരമായി, അതെന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. വിദ്വേഷ വാര്‍ത്തകളും മാധ്യമവിചാരണകളും അധികം വൈകാതെ എന്നെ ജയിലിലടയ്ക്കും, എനിക്കെന്റെ തൊഴില്‍ ചെയ്യാനുള്ള സാധ്യതകള്‍ നിഷേധിച്ച്, എന്റെ സ്വാതന്ത്ര്യം മുഴുവനായി കവര്‍ന്നെടുത്തുകൊണ്ട്.
വിദ്വേഷത്തിന്റെയും നുണകളുടെയും വ്യാജാരോപണ പ്രചാരണങ്ങളുടെയും ചുഴികള്‍ക്കിടയില്‍ ചുരുക്കംചില മാധ്യമപ്രവര്‍ത്തകര്‍ നീതിപൂർവം വാര്‍ത്തയെഴുതാന്‍ ശ്രമിച്ചു.
എനിക്കുമേല്‍ സിലിണ്ടര്‍ മോഷണം ആരോപിച്ചതിനെക്കുറിച്ച് സഹോദരനുമായി സംസാരിക്കുമ്പോള്‍ മനോജ് പറഞ്ഞു: ''ഓക്സിജന്‍ സിലിണ്ടറിന് നല്ല ഭാരമുണ്ട്, അത് ഉയര്ത്തണമെങ്കില്ത്തന്നെ നാലോ അഞ്ചോ ആളുകള്‍ വേണം. ഡോ. കഫീല്‍ എന്തിനാണത് ചെയ്യുന്നത്? ഒരു ജംബോ ഓക്സിജന്‍ സിലിണ്ടറിന്റെ വില ഇരുനൂറു രൂപയോ മറ്റോ ആണ്. ഇരുനൂറു രൂപ വിലവരുന്ന ഒരു ഓക്സിജന്‍ സിലിണ്ടര്‍ മോഷ്ടിച്ച് ഒരു ഡോക്ടര്‍ എന്തിനാണ് സ്വന്തം പേരും പദവിയും നശിപ്പിക്കുന്നത്? ഡോ. കഫീല്‍ ഒരു വലിയ ഗൂഢാലോചനയില്‍ കരുവാക്കപ്പെടുകയാണ് ചെയ്തത്, ഒരു മുസ്ലിം ആയതുകൊണ്ടാണ് ഇത്തരത്തില്‍ ഇരയാക്കപ്പെട്ടതും.''
ആരോഗ്യമേഖലയില്നിന്നുള്ളവരും എനിക്കെതിരെയുള്ള ആരോപണങ്ങളെ തള്ളിക്കളയുകയാണ് ചെയ്തത്. എൻസഫലൈറ്റിസ് നിര്‍മാര്‍ജന കാമ്പയിനിന്റെ കണ്‍വീനര്‍ ഡോ. ആർ.എന്‍. സിങ്, ''സിലിണ്ടര്‍ മോഷ്ടിച്ചു'' എന്ന ആരോപണം നുണയാണെന്ന് പറഞ്ഞു. ''ഡോ. കഫീല്‍ കള്ളനാണ് എന്ന തരത്തിലുള്ള ആരോപണങ്ങളെല്ലാം നുണകളാണ്. അദ്ദേഹം ശിക്ഷ നേരിടാനുള്ള കാരണം തികച്ചും വ്യത്യസ്തമായ മറ്റൊന്നാണ്'', സിങ് പറഞ്ഞു.
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ റെസിഡന്റ് ഡോക്ടര്‍മാരുടെ നിലപാട് ഞാൻ ബലിയാടാക്കപ്പെട്ടതാണ് എന്നതായിരുന്നു. ''വളരെ വേദനയോടെ ഞങ്ങള്‍ പറയുകയാണ്, ഒരിക്കല്‍ക്കൂടി ഒരു ഡോക്ടര്‍ വ്യവസ്ഥാപിതമായ അലംഭാവത്തിന്റെയും സര്‍ക്കാര്‍ പരാജയത്തിന്റെയും ബലിയാടാക്കപ്പെട്ടു'', റെസിഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റ് ഹര്‍ജിത് സിങ് ഭാട്ടി പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ, പൊതുജനാരോഗ്യമേഖലയില്‍ കാണിച്ച ക്രൂരമായ അവഗണനയെ അവരുടെ കത്തില്‍ കുറ്റപ്പെടുത്തി.
സശസ്ത്ര സീമാബലിന്റെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഞാന്‍ ആ പ്രതിസന്ധിയെ നേരിടാന്‍ സൈനികസഹായം തേടിയതിനെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയുടെ നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ് അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സശസ്ത്ര സീമാബല്‍, സെന്‍ട്രല്‍ പൊലീസ് എന്നിവിടങ്ങളില്‍നിന്ന് സൈനികസഹായം തേടിയ എന്റെ ശ്രമങ്ങള്‍ പ്രശ്നത്തെ നേരിടാന്‍ സഹായിച്ചെന്ന് അവര്‍ തുറന്നുപറഞ്ഞു.
''ബി.ആർ.ഡി മെഡിക്കല്‍ കോളജില്‍ ആഗസ്റ്റ് 11ന് സംഭവിച്ചത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ഡോ. കഫീല്‍ ഖാന് എസ്.എസ്.ബി ഡി.ഐ.ജിയെ കാണുകയും പലയിടങ്ങളില്‍നിന്നായി ശേഖരിക്കുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരാന്‍ ട്രക്ക് ചോദിക്കുകയും ചെയ്തിരുന്നു'', എസ്.എസ്.ബിയുടെ പബ്ലിക് റിലേഷന്‍സ് ഓഫിസറായ ഒ.പി. സാഹു ന്യൂസ് 18നോട് പ്രതികരിച്ചു.
''ബി.ആർ.ഡി മെഡിക്കല്‍ കോളജിലെ സ്റ്റാഫിനെ സഹായിക്കാന്‍ പതിനൊന്ന് ജവാന്മാരെയും ഡി.ഐ.ജി അയച്ചു. ഖലീലാബാദിലെ ഒരു ഗോഡൗണില്‍നിന്ന് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍നിന്ന് ഞങ്ങളുടെ ട്രക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ചു, ഗുരുതരമായ പ്രശ്നത്തില്‍ തുടരുന്ന മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.''
തുടര്‍ന്നുള്ള ദിവസങ്ങളിലും മാധ്യമങ്ങളില്‍ പലതരം ആരോപണങ്ങളുയര്‍ന്നു, കൈക്കൂലി, കുഞ്ഞുങ്ങളുടെ മരണകാരണം ഉറപ്പിക്കാന്‍ േപാസ്റ്റ്മോർട്ടം ചെയ്യാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നത്, കുടിശ്ശികയെപ്പറ്റി അറിയുന്ന മുഖ്യമന്ത്രി അതേപ്പറ്റി അറിയില്ലെന്ന് അവകാശപ്പെടുന്നത്, ഇതില്‍നിന്നെല്ലാം ശ്രദ്ധതിരിക്കാന്‍ സംഘടിതമായി നടക്കുന്ന ട്രോളിങ്ങും വ്യാജവാര്‍ത്തകളുടെ പ്രചാരണവും, ഏറ്റവുമൊടുവില്‍, കാതടപ്പിക്കുന്നൊരു ബഹളം സൃഷ്ടിക്കാന്‍ ബലിയാടുകളെ കണ്ടെത്തലും.
ഡോ. കഫീൽ ഖാൻ രചിച്ച 'The Gorakhpur Hospital Tragedy: A Doctor's Memoir of A Deadly Medical Crisis' എന്ന പുസ്തകത്തിൽനിന്നുള്ളതാണ് ഇൗ ഭാഗം. ആ പുസ്തകത്തിന്റെ മൊഴിമാറ്റം 'ഒാക്സിജൻ: ഒരു ഡോക്ടറുടെ ഒാർമക്കുറിപ്പുകൾ' എന്ന പേരിൽ 'മാധ്യമം ബുക്സ്' അടുത്തയാഴ്ച പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.