ഒന്നു മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചാൽ ആർക്കാണതിഷ്ടമാകാത്തത്. ചിരിയിലലിഞ്ഞുപോകുന്ന സങ്കടങ്ങളും ചിരി തീർത്തുതരുന്ന പിണക്കങ്ങളും പരിഭവങ്ങളും ഒക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് നാം. മതിമറന്നുചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണെന്നാണ് പറയാറ്. മനസ്സിനെ എന്തൊക്കെ കാര്യങ്ങൾ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസ്സു തുറന്ന് ചിരിക്കാൻ കഴിഞ്ഞാൽതന്നെ വലിയ സമാധാനമാണത്. കുട്ടിക്കാലത്ത് നമ്മൾ കുടുകുടെ ചിരിച്ചത് ആരും പറഞ്ഞുതന്നിട്ടല്ലെങ്കിലും മുതിരുന്തോറും പലരും പുഞ്ചിരിക്കാൻപോലും മറക്കുകയാണ്.
ജീവിതവേഗക്കാലത്ത് ചിരികളിൽപോലും കാപട്യം നിറഞ്ഞുതുടങ്ങി. ചിരി പക്ഷേ, ചില്ലറ കാര്യമല്ല. ചിരിക്കുന്നതിനനുസരിച്ച് മാനസികാരോഗ്യം മാത്രമല്ല, ശാരീരികാരോഗ്യവും വർധിക്കുമെന്നാണ് പഠനങ്ങൾപോലും പറയുന്നത്. സിനിമകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചിരികൾ കുറച്ചൊന്നുമല്ല. എണ്ണിയാലൊടുങ്ങാത്ത തമാശകൾ ഒറ്റനിമിഷത്തിൽ ഓർത്തുപറയാനും മാത്രം ഉണ്ടാകും. എല്ലാ വേപഥുവും പ്രയാസവും മറന്ന് ഒന്ന് ആർത്തുചിരിക്കാൻ പലപ്പോഴും നാം ആശ്രയിക്കുന്നതും സിനിമകളെയാണല്ലോ. ജീവിതത്തിൽതന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സംഭവത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് മലയാളത്തിെൻറ പ്രിയപ്പെട്ട സംവിധായകൻ സിദ്ദീഖ്.
റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി, കാബൂളിവാല, ഫ്രണ്ട്സ്, ബോഡി ഗാർഡ്... മലയാളിയെ കുടുകുടെ ചിരിപ്പിച്ചിട്ടുള്ള സിനിമകളാണ് ഒക്കെയും. ഇത്രമേൽ ചിരി നിറച്ച് ഈ സിനിമകൾ സൃഷ്ടിച്ച സംവിധായകൻ സിദ്ദീഖിെൻറ ജീവിതത്തിലും ചിരിനിമിഷങ്ങൾ കുറവല്ല. കേവലാനന്ദത്തിനായി സിനിമകളിൽ ചിരി നിറച്ചതല്ലെന്ന് അദ്ദേഹം പറയും. തമാശയുടെ ബേസ് നിഷ്കളങ്കതയാണ്. അതുകൊണ്ടാണ് തമാശ കണ്ട് ഉള്ളറിഞ്ഞ് ചിരിക്കാൻ കഴിയുന്നത്. ഹ്യൂമറിെൻറ ഇംപാക്ട് എന്താണെന്ന് എനിക്ക് നന്നായറിയാം. ഫ്രണ്ട്സ് സിനിമയിൽ അനവസരത്തിൽ ചിരിക്കുന്ന ശ്രീനിവാസൻ തിയറ്ററുകളിൽ പൊട്ടിച്ചിരി പടർത്തി. ജനാർദനൻ വീണപ്പോൾ എല്ലാവരും ചിരിച്ചു. ശ്രീനിവാസന് ചിരി അടക്കാൻ കഴിഞ്ഞില്ല. അയാൾ കുറച്ചുകൂടുതൽ ചിരിച്ചു. അത് അയാളുടെ നിഷ്കളങ്കതയാണ്. കരച്ചിലും അതുപോലെയാണ്. ഇൻ ഹരിഹർ നഗർ സിനിമയിൽ ജഗദീഷിെൻറ കഥാപാത്രം അനവസരത്തിൽ കരയുന്നതും നിഷ്കളങ്കത കൊണ്ടാണ്. ജഗദീഷിെൻറതന്നെ കഥാപാത്രം ‘കാക്ക തൂറിയതാണെന്ന് തോന്നുന്നു’ എന്ന് പറയുന്ന സീൻ ഒഴിവാക്കാൻ പറഞ്ഞവരുണ്ട്. സ്ക്രിപ്റ്റ് വായിച്ചാൽ അതിലെ ഹ്യൂമർ തീരെ പിടികിട്ടില്ലായിരുന്നു. പക്ഷേ, അത് ഏറ്റവും നല്ല തമാശസീനുകളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു -സിദ്ദീഖ് പറയുന്നു.
താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ച നിമിഷത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഫ്രണ്ട്സ് സിനിമ റിലീസായ സമയത്തുണ്ടായ ഒരു സംഭവമാണ് ജീവിതത്തിൽ അങ്ങേയറ്റം ചിരിപ്പിച്ചിട്ടുള്ളത്. അത് ഓർത്ത് ഇപ്പോഴും ചിരി അടക്കാനാവാറില്ല. പത്തനംതിട്ടയിലെ ഒരു തിയറ്ററിൽ നടന്ന സംഭവമാണ്. ബി ക്ലാസ് തിയറ്ററാണ്. ഇന്നത്തെപ്പോലെ സൗകര്യങ്ങൾ ഒന്നുംതന്നെയില്ല. സിനിമ തുടങ്ങി. കാണികൾ ഇങ്ങനെ ഹരം പിടിച്ച് ഇരിക്കുകയാണ്. പാതി പിന്നിട്ടുണ്ടാകണം. അതിനിടയിൽ സ്ക്രീനിൽ ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. ‘ഫയർ പുറത്തുവരുക’ എന്നായിരുന്നു അത്. സന്ദേശം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകർ ആകെ ഇളകിമറിഞ്ഞു. തിയറ്ററിന് തീപിടിച്ചിരിക്കുന്നു എന്നുകരുതി എല്ലാവരുംകൂടി തിക്കും തിരക്കും കൂട്ടി പുറത്തേക്ക് ഓടി. പലർക്കും തിരക്കിനിടയിൽപെട്ട് പരിക്കുപറ്റി. തിയറ്ററിെൻറ വാതിൽ തല്ലിത്തകർത്ത് എല്ലാ കാണികളും ഒരുവിധം പുറത്തുകടന്നു. പുറത്തേക്ക് ഓടിയ ജനങ്ങൾ തിയറ്ററിെൻറ കുറച്ചുദൂരം മാറിനിന്നിട്ട് തീപിടിച്ച ദൃശ്യം കാണുന്നതിനായി പിന്തിരിഞ്ഞുനിന്നു. അവിടെയതാ, തിയറ്റർ ഉടമയും ഓപറേറ്ററും എന്താണ് സംഭവിക്കുന്നതെന്നറിയാതെ വാപൊളിച്ചുനിൽക്കുന്നു. തീ ഭയന്ന് ഇറങ്ങിയോടിയ ആളുകൾ കുറച്ചുകഴിഞ്ഞ് തിരികെയെത്തി. അവർ തിയറ്റർ ഉടമയോടും ഓപറേറ്ററോടും കാര്യങ്ങൾ തിരക്കി. പിന്നീട് പൂരത്തിന് അമിട്ട് പൊട്ടും കണക്കെ അടിപൊട്ടി. ഉടമയെയും ഓപറേറ്ററെയും പഞ്ഞിക്കിട്ട കാണികൾ തിയറ്ററും തല്ലിപ്പൊളിച്ചാണ് അവിടെനിന്ന് മടങ്ങിയത്.
ഫ്രണ്ട്സ് സിനിമ തിയറ്ററുകളിൽ നിറഞ്ഞോടുന്ന സമയമായിരുന്നു അത്. എങ്ങും ടിക്കറ്റുകൾ കിട്ടാനില്ല. ഹൗസ് ഫുൾ. നമ്മുടെ അടി നടന്ന തിയറ്ററിന്റെ തൊട്ടടുത്ത് ഒരു ഫയർ ഫോഴ്സ് ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ഒരുദിവസം മോണിങ് ഷോ കാണാൻ ഫയർ ഫോഴ്സ് ഓഫിസിലെ മുഖ്യ ഓഫിസർ അടക്കം മുഴുവൻ ജീവനക്കാരും തിയറ്ററിൽ എത്തി. എന്തെങ്കിലും സംഭവിച്ചാൽ തൊട്ടടുത്താണല്ലോ ഓഫിസ് എന്ന ധൈര്യമാകണം അവർ എല്ലാവരുംകൂടി ഒരുമിച്ച് സിനിമക്ക് എത്താൻ കാരണം. പടം തുടങ്ങി കുറച്ചുകഴിഞ്ഞ് കാണണം. അടിയന്തര ആവശ്യവുമായി ചിലർ ഫയർ ഫോഴ്സ് ഓഫിസിൽ എത്തി. അവിടെ ആരെയും കാണാത്തതിനെ തുടർന്ന് തൊട്ടടുത്തുള്ള തിയറ്ററിൽ എത്തി അന്വേഷിച്ചു.
തിയറ്റർ നിറഞ്ഞുകവിഞ്ഞ് ആളുകൾ ആയതിനാൽ അകത്തുകയറി ഫയർ ഫോഴ്സ് ഓഫിസർമാരെ വിളിക്കൽ പ്രായോഗികമല്ല. കാണികൾ പ്രശ്നമുണ്ടാക്കും. അവസാനം തിയറ്റർ ഉടമതന്നെ ഒരുപായം കണ്ടെത്തി. പ്രദർശനത്തിനിടയിൽ സുപ്രധാന വിവരങ്ങൾ പങ്കുവെക്കാൻ ൈസ്ലഡ് ഇടാൻ കഴിയും. സ്ക്രീനിൽ സിനിമ കാഴ്ചക്ക് തടസ്സം വരാതെതന്നെ വിവരം പങ്കുവെക്കാനും കഴിയും. ‘ഫയർ ഫോഴ്സ് ഓഫിസർമാർ പുറത്തുവരുക’ എന്ന് എഴുതി ൈസ്ലഡ് പ്രദർശിപ്പിക്കാൻ മുതലാളി ഓപറേറ്ററോട് പറഞ്ഞു. അദ്ദേഹം അത് ചുരുക്കി എഡിറ്റ് ചെയ്ത് ‘ഫയർ പുറത്തുവരുക’ എന്നാക്കി ൈസ്ലഡിൽ പ്രദർശിപ്പിച്ചു. ഇതാണ് പൊല്ലാപ്പിനെല്ലാം കാരണമായത്. തിയറ്ററിന് തീപിടിച്ചിരിക്കുന്നു. ഉടൻ പുറത്തുകടക്കണം എന്ന വിവരമാണെന്ന് തെറ്റിദ്ധരിച്ച കാണികൾ ഇറങ്ങി ഓടുകയായിരുന്നു. പിറ്റേന്ന് ഒട്ടുമിക്ക പത്രങ്ങളിലും ഇതിെൻറ ഹാസ്യാത്മക വിവരണം ഉണ്ടായിരുന്നു.
(മാധ്യമം കുടുംബം 2022 ജനുവരി പ്രസിദ്ധീകരിച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.