2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ ഈ മാസമാദ്യം ഹൈദരാബാദിൽ ചേർന്ന ബി.ജെ.പി ദേശീയ നിർവാഹകസമിതിയുടെ പ്രധാന പ്രഖ്യാപനമായിരുന്നു 'ഹർ ഘർ തിരങ്ക' (എല്ലാ വീട്ടിലും ത്രിവർണ പതാക). സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 20 കോടി വീടുകൾക്ക് മുകളിൽ ദേശീയപതാക ഉയർത്തുന്ന പരിപാടിവഴി രാജ്യമൊട്ടുക്കുമുള്ള കുടുംബങ്ങളിലേക്ക് കടന്നുചെല്ലാൻ കഴിയുന്ന പാർട്ടി കർമപദ്ധതിയായാണ് ഇത് വിശദീകരിക്കപ്പെട്ടത്.
മൂന്നാഴ്ച കഴിഞ്ഞപ്പോൾ രാജ്യത്തെ എല്ലാ വീടുകളിലും ആഗസ്റ്റ് 13 മുതൽ 15വരെ ദേശീയപതാക ഉയർത്തുന്ന 'ഹർ ഘർ തിരങ്ക' പദ്ധതിയിൽ പങ്കുചേരാൻ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആഹ്വാനംചെയ്തു. അതോടെ സംഭവം കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക പരിപാടിയെന്ന മട്ടിലായി. ബി.ജെ.പി കേന്ദ്രനേതാക്കളും കേന്ദ്രമന്ത്രിമാരും സമൂഹമാധ്യമങ്ങളിൽ ഇതൊരു കാമ്പയിനാക്കി മാറ്റുകയും ചെയ്തു. പിന്നാലെ ദേശീയപതാക ഉയർത്തുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ ശനിയാഴ്ച വൈകീട്ട് പുറത്തിറക്കിയപ്പോഴാണ് മാസങ്ങൾ മുമ്പെ നടത്തിയ ആസൂത്രണങ്ങൾ ചർച്ചയിലേക്ക് വരുന്നത്.
കൈത്തറിയിൽ ഒരുക്കിയ ഖാദി കൊണ്ടു മാത്രമേ ദേശീയപതാകയുണ്ടാക്കാവൂ എന്നായിരുന്നു തുടക്കംമുതലേയുള്ള വ്യവസ്ഥ. ഇത് കഴിഞ്ഞ ഡിസംബർ 30ന് കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു. അത് പ്രകാരം മെഷീൻ നിർമിത കോട്ടണും സിൽക്കും പോളിസ്റ്ററും ഉപയോഗിച്ച് ദേശീയപതാകകൾ ഉണ്ടാക്കാമെന്ന വ്യവസ്ഥ വന്നു. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമേ ദേശീയപതാക പാറിക്കാവൂ എന്ന വ്യവസ്ഥ, പതാക രാവും പകലും പാറിക്കാം എന്നാക്കി ജൂലൈ 20ന് പതാകചട്ടം വീണ്ടും ഭേദഗതി ചെയ്തു.
ഈയടുത്ത കാലം വരെ നാഗ്പുരിലെ കേന്ദ്ര കാര്യാലയത്തിൽ ഉയർത്താൻ തയാറാവാത്ത ദേശീയപതാകയോട് സംഘ്പരിവാറിന് പൊടുന്നനേ സ്നേഹം തോന്നാൻ കാരണമെന്താണ്? ദേശീയപതാകയേന്തി, സർഫറോഷി കി തമന്ന ആലപിച്ച് സമാധാനപരമായി സമരം നടത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള പൗരത്വസമരക്കാർക്കുനേരെ വെടിയുതിർക്കാൻ ആളെ പറഞ്ഞയച്ചവർ ഇപ്പോൾ രാപ്പകൽ ദേശീയപതാകയെക്കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണ്? ഏറെ പണിപ്പെട്ടിട്ടും കാവിക്കൊടിയോട് അടുക്കാൻ കൂട്ടാക്കാത്ത രാജ്യത്തെ വലിയൊരുവിഭാഗത്തെ തങ്ങളിലേക്ക് അടുപ്പിക്കുകയാണ് ഈ കാമ്പയിൻ കൊണ്ട് അവർ ഉദ്ദേശിക്കുന്ന രാഷ്ട്രീയലക്ഷ്യം. എന്നാൽ, അതിനപ്പുറമുള്ള സാമ്പത്തിക താൽപര്യങ്ങളും ഈ കാമ്പയിനിലും അതിനു മുന്നോടിയായി നടത്തിയ ചട്ടഭേദഗതിയിലുമുണ്ട്. എന്നാൽ, ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു 'ഹർ ഘർ തിരങ്ക' കാമ്പയിനോടുള്ള പ്രതിപക്ഷ പ്രതികരണങ്ങൾ.
ഖാദിമേഖലക്ക് എക്കാലവും ഉണർവുപകരാറുണ്ട് സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന വേളകൾ. ഖാദിയുടെ പിന്നിലെ ലാളിത്യ ആദർശത്തെ കൈയൊഴിഞ്ഞുവെങ്കിലും ചട്ടത്തിലെ നിബന്ധനമൂലം കൈത്തറി ഖദർ തുണിയിൽ തയാറാക്കിയ ദേശീയപതാക ചേർത്തുപിടിക്കാൻ നിർബന്ധിതരായിരുന്നു രാജ്യത്തെ സകലരാഷ്ട്രീയക്കാരും. പിന്നീട് ഖദർ സിൽക്കിലും വൂളിലും പതാക നിർമിക്കാൻ അനുമതി നൽകിയിരുന്നുവെങ്കിലും കൃത്രിമത്തുണിത്തരങ്ങൾകൊണ്ട് ദേശീയപതാക അനുവദനീയമായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ഇപ്പോൾ പോളിസ്റ്ററിലും പതാക നിർമിക്കാൻ അനുമതി നൽകിയത്? ഖാദിത്തുണി ആവശ്യത്തിന് കിട്ടാഞ്ഞിട്ടാണോ എന്ന ചോദ്യത്തിന് പ്രസക്തിയേ ഇല്ല. രാജ്യത്തെ ആയിരക്കണക്കിന് ഖാദി ഭണ്ഡാറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഖദർ തുണിശേഖരം അത്രയേറെയുണ്ട്.
പോളിസ്റ്ററിന് അനുമതി നൽകിയ പതാകചട്ട ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെങ്കോട്ടയിലും രാഷ്ട്രപതി ഭവനിലുമടക്കം ഉയർത്താനുള്ള ദേശീയപതാക തയാറാക്കുന്ന, ബ്യൂറോ ഓഫ് ബിസിനസ് സ്റ്റാന്റേഡ്സ് (ബി.ഐ.എസ്) അംഗീകാരമുള്ള ഏക ദേശീയപതാക യൂനിറ്റായ ഹുബ്ബള്ളി ബെൻഗേരിയിലുള്ള കർണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘം പ്രവർത്തകർ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മാസങ്ങൾക്ക് മുമ്പേ കത്തയച്ചിരുന്നു. ഒരു പ്രതികരണവുമുണ്ടായില്ല. വർഷംതോറും രണ്ടരക്കോടി രൂപയുടെ പതാക തയാറാക്കാൻ ഓർഡർ ലഭിക്കുന്ന സംഘത്തിന് സ്വാതന്ത്ര്യദിനവും ഹർ ഘർ തിരംഗ പദ്ധതിയും പടിവാതിൽക്കൽ നിൽക്കുമ്പോഴും സാധാരണ ലഭിക്കുന്ന ഓർഡറിന്റെ പകുതി പോലും ലഭിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിമൂലം ഏറെ തകർച്ച നേരിട്ട ഖാദി- സ്ത്രീശാക്തീകരണ സംരംഭങ്ങൾ ദേശീയപതാക നിർമാണത്തിലൂടെ പിടിച്ചുനിൽക്കാൻ ശ്രമിക്കവെയാണ് ഇങ്ങനെയൊരു തിരിച്ചടി.
കാർഷികനയങ്ങളാവട്ടെ, ഇറക്കുമതി നയങ്ങളാവട്ടെ ഓരോ തീരുമാനങ്ങളും ഭേദഗതികളും തങ്ങളുടെ ചങ്ങാതിമാരായ മുതലാളിമാർക്ക് നേട്ടവും ലാഭവും സമ്മാനിക്കുന്നതാവണമെന്ന് കേന്ദ്രസർക്കാറിന് നിർബന്ധമുണ്ട്.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് 29,500 കോടി രൂപയുടെ കുടിശ്ശിക വരുത്തിയ മുംബൈയിലെ അലോക് ഇൻഡസ്ട്രീസ് എന്ന തുണി ഉൽപാദക കമ്പനിയെ കേന്ദ്രസർക്കാറിന്റെ ഹെയർകട്ട് എന്ന ചുളുവില കച്ചവടം വഴി വെറും 5000 കോടി രൂപക്ക് സ്വന്തമാക്കിയോടെ രാജ്യത്തെ ഏറ്റവും വലിയ പോളിസ്റ്റർ ഉൽപാദകരായി മാറിയിരിക്കുന്നു അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പോളിസ്റ്റർ പതാകകളിൽ ഭൂരിഭാഗവും എവിടെ നിന്നായിരിക്കുമെന്നതിനെപ്പറ്റി ഇനി കൂടുതൽ പറയേണ്ടതില്ലല്ലോ.
കാമ്പയിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ കൊടി സർക്കാറും വിവിധ സർക്കാർ വകുപ്പുകളും അർധസർക്കാർ സ്ഥാപനങ്ങളും വിലകൊടുത്തുവാങ്ങി വിതരണം ചെയ്യും. ദേശീയപതാകയോടുള്ള ആദരവുമൂലം നിർമാണ യൂനിറ്റിൽ കയറുന്നതിന് മുമ്പ് ചെരിപ്പുപോലും അഴിച്ച് പുറത്തിടുന്ന ഗ്രാമീണസ്ത്രീകൾ നിർമിക്കുന്ന പതാകകൾ ഖാദി ഭണ്ഡാറിൽ കെട്ടിക്കിടക്കുമ്പോൾ സർക്കാർ ഖജനാവിൽനിന്ന് കോടികൾ കുത്തക മുതലാളിയുടെ ഭണ്ഡാരത്തിലേക്ക് പോകുമെന്ന് സ്പഷ്ടം. ഒപ്പം ശത്രുക്കളെ നേരിടുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി വീമ്പുപറയുന്ന നേരത്ത് ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറി റോഡും ഗ്രാമങ്ങളും വരെ നിർമിച്ച ചൈനയിൽ ഉൽപാദിപ്പിക്കപ്പെട്ട കണ്ടെയിനർ കണക്കിന് പതാകകളും ഇന്ത്യയിൽ പാറിക്കളിക്കും. മുവർണക്കൊടിയെ മുഖത്ത് പറ്റിയ വിയർപ്പ് തുടക്കാനുള്ള തുണിക്കണ്ടമാക്കാൻ മടിയില്ലാത്തവർക്ക് അതിലൊക്കെ എന്ത് പ്രയാസം തോന്നാൻ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.