സിനിമാ വിമർശകയും ക്യൂറേറ്ററും സിനിമാതെക്ക് ഫ്രാങ്കെയിസ് എന്ന പ്രസ്ഥാനത്തിന്റെ സഹസ്ഥാപകയുമായ ലോട്ടെ ഐസ്നർ എഫ്.ഡബ്ല്യു.മുർണോയെ വിശേഷിപ്പിക്കുന്നത് 'ദി േഗ്രറ്റ് അൺനോൺ' എന്നാണ്. റീഹ് സിനിമ, വെയ്മർ സിനിമ എന്നെല്ലാം അറിയപ്പെടുന്ന 1918 മുതൽ 1933 വരെയുള്ള ജർമൻ സിനിമ ലോക സിനിമാ ചരിത്രത്തിൽ തന്നെ വളരെ സവിശേഷമായ ഒരു സ്ഥാനമാണ് അലങ്കരിക്കുന്നത്. രാഷ്ട്രീയവും സിനിമയും ഇത്രമേൽ ഇഴപിരിഞ്ഞു കിടക്കുന്ന ഒരു തദ്ദേശീയ സിനിമയോ സിനിമാ കാലമോ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടില്ല. റോബർട്ട് വീൻ, ഫ്രിറ്റ്സ് ലാംഗ് എന്നിവർക്കൊപ്പം പേരെടുത്തുപറയാവുന്ന മുർണോ സിനിമയുടെ ഭാഷയിൽ ഉണ്ടാക്കിയ പുതുമ എക്കാലത്തും സ്മരണീയമാണ്. അത് കേവലം ഒറ്റവാക്കിൽ സൂചിപ്പിച്ച് ഉപേക്ഷിക്കാവുന്ന ഒന്നല്ല.
മുർണോവിെൻ്റ സർഗാത്മക ജീവിതം തന്നെ ഒരു റീഹ് സിനിമ പോലെ സംഭവ ബഹുലമാണ്. നിഴലുകളും വെളിച്ചവും ഇടകലർന്ന ഒന്ന്. െഫ്രഡറിക് വിൽഹെം പ്ലംപ് എന്ന് പേരുള്ള സംവിധായകൻ താൻ വളർന്ന ബവേറിയയിലെ ചെറുപട്ടണമായ മുർണോ ആം സ്റ്റേഫിൾസീ എന്ന സ്ഥലപ്പേരിൽ നിന്നാണ് മുർണോ എന്ന പേര് സ്വീകരിച്ചത്. അങ്ങനെയാണ് െഫ്രഡറിക് വിൽഹെം മുർണോ എന്ന എഫ്.ഡബ്യു.മുർണോ ഉണ്ടായത്. ബെർലിൻ തിയറ്ററിൽ അപ്രന്റിസായി സർഗാത്മക ജീവിതം ആരംഭിച്ചുവെങ്കിലും ഒന്നാം ലോകമഹായുദ്ധത്തിൽ പൈലറ്റായി സൈനിക സേവനം ചെയ്യാനായി വിളിക്കപ്പെട്ടു.
പറക്കലിനിടെ വിമാനത്തിന് ദിശ തെറ്റി സ്വിറ്റസർലൻഡിൽ ഇടിച്ചിറങ്ങിയ മുർണോവിന് യുദ്ധം അവസാനിക്കുന്നതുവരെ അവിടെ കരുതൽ തടങ്കലിൽ കഴിയേണ്ടി വന്നുവെങ്കിലും ചെറുനാടകങ്ങൾ സംവിധാനം ചെയ്യുകയും ജർമൻ എംബസിക്കായി പ്രചരണ ചിത്രങ്ങൾ തയാറാക്കുകയും ചെയ്തു. ബെർലിനിൽ തിരിച്ചെത്തിയ ഉടനെ സ്വതന്ത്രമായി സ്റ്റേജ് നാടകങ്ങൾ നിർമിക്കുകയും നടനും പഴയ സഹപ്രവർത്തകനുമായ കോൺറാഡ് വീദിത്തുമായി ചേർന്ന് ഒരു ചലചിത്ര നിർമ്മാണ കമ്പനി തുടങ്ങുകയും ചെയ്തു. 1919 ൽ ആദ്യ സിനിമയായ ദി ബോയ് ഇൻ ബ്ലൂ സംവിധാനം ചെയ്തതോടെ നിശബ്ദ സിനിമാ ചരിത്രത്തിലെ ഒരു പ്രതിഭാശാലി ജനിച്ചു. തോമസ് ഗെയ്ൻ ബറോയുടെ ഒരു ഗോഥിക് മെലോഡ്രാമ പെയിന്റിങ്ങിൽ നിന്ന് പ്രചോദനം കൊണ്ടാണ് മുർണോ ഈ സിനിമ ആവിഷ്കരിക്കുന്നത്. തുടർന്ന് ഗ്രിഫിത്തിെൻ്റ ഇൻടോളറൻസ് എന്ന സിനിമയെ മാതൃകയാക്കി ചെയ്ത സാറ്റാനാസ് മൂന്നു ഭാഗങ്ങളിലായാണ് നിർമിച്ചത്. ഈജിപ്ത്, നവോത്ഥാന ഇറ്റലി, സോവിയറ്റ് യൂനിയൻ എന്നീ മൂന്നിടങ്ങളിൽ ലൂസിഫർ മനുഷ്യമനസ്സുകളെ വിമലീകരിക്കുന്നതായിരുന്നു പ്രമേയം. ഈ സിനിമയിലാണ് കാൾ ഫ്രീയുന്ത് എന്ന പ്രസിദ്ധ ബായാഗ്രാഹകൻ മുർണോയ്ക്കൊപ്പം സഹകരിച്ചു തുടങ്ങുന്നത്. തൊട്ടുപിന്നാലെ 1920 ൽ 'ദി ഹഞ്ച് ബാക്ക് ആൻ്റ് ദി ഡാൻസർ', കാൾ മെയറിന്റെ തിരക്കഥയിൽ സംവിധാനം ചെയ്തു. ഷൂട്ടിംഗ് സ്ക്രിപിന്റെ വിശദാംശങ്ങളോടെ തിരക്കഥ തയ്യാറാക്കുന്ന കാൾ മെയറുമൊത്ത് മുർണോ ഒമ്പത് സിനിമകൾ ചെയ്തു. 1920 നും 22 നും ഇടയിൽ വ്യത്യസ്ത ശൈലിയിൽ, വ്യത്യസ്ത പ്രമേയങ്ങളിൽ മുർണോ ചെയ്ത ഏഴു സിനിമകളിൽ എക്സ്പ്രഷനിസ്റ്റ് സ്വഭാവമുള്ളവയായിരുന്നു മിക്കതും. 1922 ൽ സംവിധാനം ചെയ്ത 'നൊസ്ഫെറാതു' ആണ് മുർണോയ്ക്ക് ആദ്യമായി അന്താരാഷ്ട്ര പ്രശസ്തി നേടികൊടുക്കുന്നത്. ബ്രാംേസ്റ്റാക്കറുടെ ഡ്രാക്കുള എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ. ഭീതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ജർമൻ നിശബ്ദ എക്സ്പ്രഷനിസ്റ്റ്, ഹൊറർ സിനിമയുടെ ആദ്യ മാതൃകയായിരുന്നു നൊസ് ഫെറാതു : എ സിംഫണി ഓഫ് ഹൊറർ.
കാർപാത്യൻ മലനിരകളിലെ കൊട്ടാരത്തിൽ ഏകാന്തവാസം നയിക്കുന്ന ഹെർ ഓർലോക് പ്രഭുവിന്റെയടുത്ത് പ്രദേശവാസികളായ കർഷകരുടെ മുന്നറിയിപ്പ് വകവെക്കാതെ റിയൽ എസ്റ്റേറ്റ് ഏജന്റായ തോമസ് ഹട്ടർ എത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. വിരുന്നിനിടെ ഹട്ടറിന്റെ വിരൽ മുറിഞ്ഞ് ചോരയൊഴുകുന്നത് പ്രഭു വലിച്ച് കുടിക്കുന്നതോടെ ഭീതിയുടെ ഇരുൾ കയങ്ങൾ സിനിമയിൽ നിറയുകയായി. പ്രഭാതത്തിൽ തന്റെ കഴുത്തിൽ കാണപ്പെടുന്ന മുറിപ്പാടുകൾ കൊതുക് കടിച്ചതായിരിക്കും എന്നാണ് അയാൾ ആദ്യം കരുതുന്നത്. പക്ഷേ പിറ്റേന്ന് ഭാര്യ എല്ലന് കത്തെഴുതി ഒരു കുതിരവണ്ടിക്കാരന്റെ കൈയ്യിൽ കൊടുത്ത് അയച്ച് മടങ്ങവെ സത്രത്തിൽ നിന്ന് ലഭിക്കുന്ന ഒരു പുസ്തകത്തിൽ നിന്ന് വാമ്പയറുകളെക്കുറിച്ചറിയുന്നതോടെ അയാൾ പ്രഭുവിനെ സംശയിക്കാൻ തുടങ്ങുന്നു. അന്നു രാത്രി ചെറുത്തുനില്പുശ്രമങ്ങളെല്ലാം തകർത്ത് വാമ്പയർ രൂപത്തിൽ പ്രഭു അയാളം ആക്രമിയ്ക്കുന്നു. പിറ്റേന്ന് െബ്രമനിലേക്ക് യാത്ര ചെയ്യുന്നതിനായി പ്രഭു സ്വയമൊരു ശവപ്പെട്ടിയിൽ കയറി കിടക്കുന്നത് കാണുന്നതോടെ ഹട്ടറിന് അയാളുടെ സ്വത്വം ബോധ്യപ്പെടുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ വീണ് പരിക്കേറ്റ് ഹട്ടർ ആശുപത്രി കിടക്കയിലാവുകയാണ്.
പ്രഭുവിന്റെ ശവപ്പെട്ടി വഹിച്ചുകൊണ്ടുള്ള കപ്പൽ തുറമുഖത്തണയുമ്പോഴേക്കും അതിലുള്ളവർ കൊല്ലപ്പെടുകയും രോഗാതുരരാവുകയോ ചെയ്യപ്പെടുന്നു. അധികാരികളെ പ്ലേഗിെൻ്റ ആശങ്കയിലാക്കി കൊണ്ട് തുറമുഖ പട്ടണത്തിലും മരണങ്ങൾ നൃത്തമാടുന്നു. നിഗൂഡമായി ഒളിപ്പിച്ചുവെച്ച വാമ്പയറുകളെകുറച്ചു പ്രതിപാദിയ്ക്കുന്നൊരു പുസ്തകത്തിന്റെ താളുകളിൽ നിന്ന് ഹട്ടറിന്റെ ഭാര്യ എല്ലന് പക്ഷേ കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്. ഹൃദയത്തിൽ വിശുദ്ധിയുള്ള ഒരു സ്ത്രീക്ക് രാത്രിയിൽ പ്രഭുവിനെ ആനന്ദിപ്പിച്ച് മയക്കി നിർത്തി പ്രഭാതത്തിലെ സൂര്യവെളിച്ചത്തിലേക്ക് ആനയിക്കാനായാൽ ആ വാമ്പയറെ നശിപ്പിക്കാൻ ആവുമെന്ന് അവൾ വായിക്കുന്നു. അതുപ്രകാരം സ്വന്തം ജീവനെ അപയാപ്പെടുത്തിയവൾ ആ നിതാന്തഭീതിയെ എന്നന്നേക്കുമായി നശിപ്പിക്കുകയാണ്.
കോപ്പിറൈറ്റ് നിയമവുമായി ബന്ധപ്പെട്ട് ബ്രാംേസ്റ്റാക്കറുടെ വിധവ കോടതിയിൽ കേസ് ഫയൽ ചെയ്തതതിനെ തുടർന്നാണ് വാമ്പയറിനെ നൊസ്ഫെറാതുവും ഡ്രാക്കുള പ്രഭുവിനെ ഓർലോക്ക് പ്രഭുവുമാക്കി തിരുത്തിയത്. പ്രഭുവായി അഭിനയിച്ചത് മാക്സ് െഫ്രക്ക് ആയിരുന്നു. ജർമൻ എക്സ്പ്രഷനിസത്തിെൻ്റ സംഭാവനകളിലൊന്നായ മെയ്ക്കപ്പിലൂടെ നടനെ ഭീകരസ്വത്വമായി മാറ്റിയത് ചലച്ചിത്ര ചരിത്രത്തിൽ ശ്രദ്ധേയമായി. കോടതി ഉത്തരവിനെ തുടർന്ന് ഈ സിനിമയുടെ പ്രിൻ്റുകൾ നശിപ്പിക്കാൻ ഉത്തരവായതിെൻ്റ ഫലമായി ജർമനിയിൽ ഉണ്ടായിരുന്ന ഫിലിം പ്രിൻ്റുകൾ നശിപ്പിക്കപ്പെട്ടു. പിന്നീട് പല കഷ്ണങ്ങൾ ഏച്ചുകൂട്ടിയാണ് ആ രാജ്യത്ത് സിനിമ പ്രദർശനത്തിന് തയ്യാറാക്കിയത് എങ്കിലും വിദേശത്തേക്ക് കയറ്റി അയക്കപ്പെട്ട ഒറ്റ പ്രിൻ്റിൽ നന്നാണ് അതിന്റെ ഒറിജിനൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. ഇതിലെ വാമ്പയർ (രകതരക്ഷസ്സ്) കഥാപാത്രത്തിന് ഹിറ്റലറുടെ പ്രതിബായ ഉണ്ടെന്ന ആരോപണം ഉയർന്നത് മുർണോവിന് പിൽക്കാലത്ത് രാജ്യത്ത് തുടരുന്നതിൽ പ്രശ്നങ്ങളുണ്ടാക്കിയെന്ന നിരീക്ഷണവും ഉണ്ട്. സിനിമാ ചരിത്രത്തിലെ ഒരു ഇതിഹാസമായി രകതരക്ഷസിന്റെ കഥ മാറിയെങ്കിലും മുർണോ തെൻ്റ പ്രതിഭയെ അതിൽ തളച്ചിട്ടില്ല.
1924 ലെ 'ദി ലാസ്റ്റ് ലാഫ്' നിശബ്ദ സിനിമായിൽ തന്നെ ഒരു വിപ്ലവമാണ്. ഇൻ്റർ ടൈറ്റിൽ കാർഡുകളില്ലാതെ ഒരു സിനിമ മുഴുവനായി ചിത്രീകരിക്കുക എന്നത് മാത്രമല്ല അത് ഫലപ്രദമായി സംവേദനത്്മാകമാക്കുക എന്ന വലിയ ദൗത്യം നിർവ്വഹിച്ചതോടെ മുർണോ എക്കാലത്തേയും ചലച്ചിത്രാചാര്യന്മാരിൽ ഒരാളായി അടയാളപ്പെടുത്തപ്പെട്ടു.
കഥാപാത്രത്തിന് പകരമായി ക്യാമറയുടെ സബ്ജക്ടീവ് മൂവ്മെൻ്റ്, എഡിറ്റിംഗ് ഒഴിവാക്കി ദീർഘമായ ക്യാമറ ചലനങ്ങൾ എന്നിവ വഴി മിസ് എൻ സീനിന്റെ ഫലപ്രദമായ ഉപയോഗം ഇവ ആദ്യമായി പരീക്ഷിക്കപ്പെട്ട സിനിമ എന്ന നിലയിൽ ലാസ്റ്റ് ലാഫ് ഒരു മാതൃകാ ടെക്സ്റ്റ് ആയി മാറി. പാനിംഗ്, ടിൽറ്റിംഗ്, സൂമിംഗ്, ട്രാക്കിംഗ് എന്നിവയുടെ സർഗാത്മക ഉപയോഗവും സ്റ്റുഡിയോക്കകത്ത് ഒരുക്കിയ സെറ്റിലെ പൂർണമായ ചിത്രീകരണവും ക്യാമറാചലനങ്ങൾകൊണ്ട് പുതിയൊരു ദൃശ്യഭാഷ രൂപീകരിക്കാൻ സഹായിച്ചു. ദൃശ്യങ്ങൾ പകർത്തുക എന്നതിനപ്പുറം ക്യാമറ കഥപറയാനുള്ള പ്രധാന ടൂൾ ആയി മാറി എന്നതാണ് ഈ സിനിമയെ നിശബ്ദ സിനിമാ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറ്റിയത്.
ടോയ്ലറ്റ് വൃത്തിയാക്കുന്ന ജോലിയിലേക്ക് പൊടുന്നനെ തരംതാഴ്ത്തപ്പെടുന്ന വലിയ ഒരു ഹോട്ടലിലെ റൂം ബോയ് ആണ് കഥാ നായകൻ. വൃദ്ധനായതിനാൽ ഹോട്ടലിലെ അതിഥികളെ സ്വീകരിക്കുന്ന പദവിക്ക് അയാൾ പോരെന്നതായിരുന്നു കാരണം. വലിയ അഭിമാനിയും മാന്യനുമായ അയാൾ തന്റെ ദുര്യോഗത്തിൽ തകർന്നു പോകുന്നു. സുഹൃത്തുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും അയാൾ സ്ഥാനകുറച്ചിൽ മറച്ചുവെക്കാൻ ശ്രമിക്കുന്നുവെങ്കിലും അത് പിടിക്കപ്പെടുന്നുണ്ട്. കളം പറഞ്ഞതിനും പുതിയ ജോലിയുടെ നാണക്കേടിനുമായി അവർ അയാളെ തിരസ്കരിക്കുകയാണ്. നിരാശനായി അയാൾ ഹോട്ടലിലെ ടോയ്ലറ്റിൽ തന്നെ കിടന്നുറങ്ങുന്നു. അയാളെ ഉറക്കത്തിൽ തന്റെ കോട്ടുകൊണ്ട് പുതപ്പിക്കുക പതിവുള്ള രാത്രി കാവൽക്കാരൻ മാത്രമാണ് അയാളെ തിരിച്ച് അറിയുന്നത്. ഇവിടെ സത്യത്തിൽ കഥ അവസാനിക്കുന്നുവെങ്കിലും ചലച്ചിത്രക്കാരൻ ഒരു ഇന്റർ ടൈറ്റിലിലൂടെ (സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഒരേയൊരു ഇൻ്റർ ടൈറ്റിൽ ഇതാണ് : 'യഥാർഥ ജീവിതത്തിൽ കഥ ഇവിടെ അവസാനിക്കുകയാണെങ്കിലും ജീവിതത്തിൽ മരണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത ഈ വയസ്സന് കാരുണ്യത്തിന്റെ സ്പർശം നൽകി കഥാകൃത്ത് അസംഭാവ്യമായൊരു ഉപസംഹാരം കഥക്ക് നൽകുകയാണ്') കഥക്കൊരു ശുഭാന്ത്യം നൽകുന്നു. ഒരു ദിനം പത്രത്തിൽ നിന്ന് വൃദ്ധൻ വായിച്ചറിയുന്നത് മുമ്പ് ഹോട്ടലിലെ ബാത്ത്റൂമിൽ തന്റെ കൈകളിൽ കിടന്ന് മരിച്ച മെക്സിക്കൻ കോടീശ്വരനായ യു.ജി.മോനൻ എന്നയാളുടെ വിൽപ്പത്രത്തിൽ തനിക്കായി വലിയൊരു തുക നീക്കിവെച്ചിരിക്കുകയാണെന്നാണ്. തന്നെ തിരസ്കരിച്ച അതേ ഹോട്ടലിൽ ധനികനായി പിന്നീട് മടങ്ങിയെത്തുന്ന വൃദ്ധൻ രാത്രി കാവൽക്കാരനോടൊപ്പം അത്താഴം പങ്കിടുന്നിടത്ത് കഥ തീരുന്നു.
മോളിയറുടെ നാടക കൃതിയെ അടിസ്ഥാനപ്പെടുത്തി ചെയ്ത 1925 ലെ താർത്തൂഫ്, ഗൊയ്ഥെയുടെ കൃതിയെ അവലംബിച്ച് എടുത്ത 1926 ലെ ഫൗസ്റ്റ് എന്നിവയും ശ്രദ്ധേയമായിരുന്നു. ദൃശ്യഭംഗിയാലും അഭിനയത്തികവിനാലും നൊസ്ഫറാതുവിനേക്കാളും മികച്ച സിനിമ 'ഫൗസ്റ്റ്' ആണ് എന്ന് കരുതുന്നവരുണ്ട്.
നാസി ജർമനിയിൽ സർഗാത്മക സ്വാതന്ത്ര്യത്തിന് കൊടും വിലക്കുകളുള്ളതിനാൽ അമേരിക്കയിലേക്ക് ചേക്കേറിയ നിരവധി പ്രതിഭകളിൽ മുർണോയും ഉൾപ്പെടുന്നു. ഫോക്സ് സ്റ്റുഡിയോയുമായി സഹകരിച്ച് ഹോളിവുഡിൽ മുർണോ 1927 ൽ സൺറൈസ് സംവിധാനം ചെയ്തു. ഹോളിവുഡിന്റെ പതിവ് നിബന്ധനകൾക്ക് വിപരീതമായി കാസ്റ്റിംഗിലും ജർമൻ സാങ്കേതിക വിദഗ്ദരെ തന്നെ ഉപയോഗിക്കുന്നതിലും സ്വാതന്ത്ര്യം ലഭിച്ച മുർണോ ഹോളിവുഡ് സിനിമകളിൽ അക്കാലത്ത് നിർമ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമയായി സൺറൈസിനെ മാറ്റി. മികച്ച സിനിമയുൾപ്പെടെ മൂന്ന് ഓസ്കാർ അവാർഡുകൾ ആ സിനിമക്ക് ലഭിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തെങ്കിലും ബോക്സ് ഓഫീസിൽ ഈ സിനിമ പരാജയമായിരുന്നു. സ്റ്റുഡിയോയിലെ 20 ഏക്കറിൽ ഒരുക്കിയ നഗരത്തിേൻ്റയും നാട്ടിൻ പുറത്തിന്റെയും സെറ്റുകൾക്ക് വൻ മുതൽ മുടക്ക് വേണ്ടി വന്നിരുന്നു. ഇതോടെ സ്റ്റുഡിയോ അദ്ദേഹത്തിന്റെയും മുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തുടർന്ന് ചെയ്ത ഫോർ ഡെവിൾസ്, സിറ്റി ഗേൾ തുടങ്ങിയ ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ശബ്ദ സിനിമയുടെ കടന്നു വരവിൽ പിടിച്ചു നിൽക്കാനായി സംവിധായകന്റെ എതിർപ്പിനെ വക വെക്കാതെ സംഭാഷണ സീനുകളിൽ ശ്രദ്ധ കൂടാതെ ഏച്ചുകൂട്ടലുകൾ നടത്തിയതോടെ മുർണോയുടെ നിശബ്ദ സിനിമയുടെ സൗന്ദര്യമാണ് നഷ്ടമായത്. ഹെർമൻ ബാംഗിന്റെ നോവലിനെ ആസ്പദമാക്കി കാൾ മെയർ തിരക്കഥ രചിച്ച ഫോർ ഡെവിൾസ് രകതരക്ഷസിന്റെ ആക്രമണത്തിനിരയായി മരിക്കുന്ന ഇണകളുടെ ദുരന്തകഥയായിരുന്നു. അതിനെ സംവിധായകന്റെ എതിർപ്പിനെ അവഗണിച്ച് ശുഭാന്ത്യമാക്കി കൃത്രിമമാക്കി. സിറ്റി ഗേൾ യഥാർഥത്തിൽ അവർ ഡെയ്ലി െബ്രഡ് എന്ന പേരിൽ മുർണോ ചിത്രീകരിച്ച നിശബ്ദ ചിത്രമായിരുന്നു. മുർണോയുടെ യഥാർഥ സിനിമയുടെ 88 മിനുട്ട് നേരമുള്ള പ്രിന്റ് ഇന്ന് കാണുമ്പോൾ സംവിധായകന്റെ മാന്ത്രികസ്പർശം അനുഭവിക്കാനാകും. ഗോതമ്പു പാടത്തിലൂടെയുള്ള പ്രണയത്തിന്റെ നീണ്ട ട്രാക്കിംഗ് ദൃശ്യം ഒരു പ്രാവശ്യം കണ്ട ആർക്കും മറക്കാനാവാത്തതാണ്. എന്നാൽ ശബ്ദ സിനിമകളോട് മത്സരിക്കാനായി മറ്റൊരു സംവിധാകനെ കൊണ്ട് തിരക്കുപിടിച്ച് അധികമായി ചിത്രീകരിച്ചു ചേർത്ത ദൃശ്യങ്ങളും, അതിനോടൊപ്പം ചേർന്ന അവ്യകതമായ സൗണ്ട് ട്രാക്കും ചേർന്ന് മുർണോയെ അക്ഷരാർഥത്തിൽ കൊല്ലുകയാണ് ചെയ്തത്. സ്വർണനൂലിനോട് വാഴനാര് ചേർക്കുക എന്ന നാടൻ പ്രയോഗത്തിെൻ്റ പ്രയോഗവത്കരണമായിരുന്നു ഇവിടെ കണ്ടത്.
ഇതോടെ ഫോക്സ് കമ്പനിയുമായി പിരിഞ്ഞ് 1928 ൽ പ്രശസ്ത ഡോക്യുമെൻ്റി സംവിധായകനായ റോബർട്ട് ഫ്ളാഹർട്ടിയുമായി ചേർന്ന് മുർണോ ഒരു നിർമാണ കമ്പനി രൂപീകരിച്ചു. മുർണോ തന്നെ മൂലധനമിറക്കി കമ്പനിയെ സജീവമാക്കിയെങ്കിലും ഫ്ളാഹർട്ടിയുമായുണ്ടായ സർഗാത്മക അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സ്വന്തമായി 'താബു : എസ്റ്റോറി ഓഫ് സൗത്ത് സീസ്' എന്ന ഡോക്യുഫിക്ഷൻ സിനിമ സംവിധാനം ചെയ്തു. സാമ്പത്തിക വിജയം നേടിയ മുർണോയുടെ ഏക അമേരിക്കൻ സിനിമയാണ് ഇത്. എന്നാൽ ഈ വിജയം അനുഭവിക്കാൻ മുർണോ ഉണ്ടായില്ല. സ്വവർഗാനുരാഗിയായിരുന്ന മുർണോ ൈഡ്രവിംഗിൽ വേണ്ടത്ര വൈദഗ്ധ്യമില്ലാത്ത തന്റെ ഒരു കാമുകൻ ഓടിച്ച കാറിടിച്ച് അന്ത്യശ്വാസം വലിച്ചു. പാരമൗണ്ടുമായി പത്തുവർഷത്തെ കരാറുണ്ടാക്കി തനിക്കിഷ്ടപ്പെട്ട സിനിമകൾ ഉണ്ടാക്കാനും അമേരിക്കയിൽ നിയമവിധേയമായ സ്വവർഗാനുരാഗത്തിന്റെ ഉപഭോകതാവ് ആവാനും ഉള്ള ആഗ്രഹങ്ങൾ അവശേഷിപ്പിച്ച് മുർണോ മറ്റൊരു ലോകത്തേക്ക് യാത്രയായി.
ജർമനിയിലെ വിഖ്യാത എക്സ്പ്രഷനിസ്റ്റ് സിനിമകൾ സ്റ്റുഡിയോകൾക്കകത്ത് വക്രീകരിക്കപ്പെട്ട കൂറ്റൻ സെറ്റുകളിൽ ചിത്രീകരിക്കപ്പെട്ടപ്പോൾ മുർണോ പ്രകൃതിയുടെ പരുക്കൻ പർവ്വത പ്രാന്തങ്ങളിലും തിരക്കേറിയ തെരുവുകളിലും അവയുടെ ദൃശ്യഭംഗി ചോരാതെ ആവിഷ്കരിച്ചു. മുർണോ സിനിമകൾ ജർമൻ വ്യവസ്ഥാപിത എക്സ്പ്രഷനിസ്റ്റ് സിനിമക്കേറ്റ ഷോക്ക് ആയിരുന്നു. യാഥാർഥ്യത്തിത്തിനും സ്വപ്നങ്ങൾക്കുമിടയിലെ സ്ൈഥലികളിലായിരുന്നു മുർണോ സിനിമകൾ സ്ഥാനമുറപ്പിച്ചത്.
അദ്ദേഹം നിർമിച്ച ആദ്യകാല സിനിമകളിൽ പലതും കാലം കഴിയവേ നശിച്ചുപോയി. ഏറ്റവും മികച്ച സിനിമകളിലൊന്നായി നിരൂപകർ കണക്കാക്കുന്ന 'ഫോർ ഡെവിൾസ് ഉൾപ്പെടെ പലതും ഒറിജിനൽ രൂപത്തിൽ ഇന്ന് അവശേഷിക്കുന്നുമില്ല. അതിനാൽ തന്നെ നൊസ്ഫെറാതുവിന് മുമ്പും പിമ്പുമുള്ള യൗവ്വന തീക്ഷണമായ അദ്ദേഹത്തിെൻ്റ സർഗാത്മക ജീവിതത്തെക്കുറിച്ച് ഏറെയൊന്നും അറിയില്ല. ആധുനിക ജർമൻ സിനിമയിലെ പ്രമുഖനായ ഹെർസോഗ് നൊസ്ഫെറാതു എന്ന സിനിമ എടുത്തത് മുർണോയുടെ പിൻഗാമി ആയിട്ടു തന്നെയാണ്. ഹോളിവുഡിലും വിശേഷിച്ച് ആൽഫ്രഡ് ഹിച്ച്കോക്കിനേയും മറ്റും മുർണോയുടെ ഹൊറർ സിനിമകൾ സ്വാധീനിച്ചിട്ടുണ്ട് എന്നത് വിഖ്യാതമാണ്.
ഒരു സർഗാത്മക കലാകാരനെ സംബന്ധിച്ച് ഫാഷിസ്റ്റ് ജർമനിയിൽ നിന്ന് മുതലാളിത്ത ഹോളിവുഡിലേക്ക് വലിയ ദൂരമില്ല എന്ന യഥാർഥ്യമാണ് മുർണോയുടെ സൃഷ്ടികളിലൂടെ സഞ്ചരിച്ചാൽ മനസ്സിലാവുക. ഇത് പറയാൻ മുർണോയുടെ കുറച്ച് സിനിമകളെങ്കിലും നമുക്ക് മുന്നിൽ ബാക്കിയുണ്ട്. അത്രയും നല്ലത്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.