പ്രമേഹത്തിന് ബദൽ ചികിത്സ തേടുന്നവരുടെ എണ്ണം അത്ര കുറവല്ല നമ്മുടെ നാട്ടിൽ. ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിവിശേഷമല്ല. അമേരിക്കയിൽ മൂന്നിലൊന്ന് പേരും ചൈനയിൽ നാലിലൊന്ന് പേരും പ്രമേഹ ചികിത്സക്ക് ബദൽ വൈദ്യത്തെയാണ് ആശ്രയിക്കാറുള്ളത്. മെക്സിക്കോ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത് 60 ശതമാനത്തിനും മുകളിലാണ്.
കേരളത്തിൽ പ്രമേഹ രോഗത്തിന്റെ വ്യാപന തീവ്രത എത്രത്തോളമാണെന്ന് ‘ഒരു രോഗം കേരളത്തെ വിഴുങ്ങുന്നവിധം’ എന്ന ലേഖനത്തിൽ (https://www.madhyamam.com/weekly/web-exclusive/diabetes-in-kerala-1186152) വിശദീകരിക്കുകയുണ്ടായി. കേരളത്തിലെ പ്രമേഹ നിരക്ക് ദേശീയ ശരാശരിയേക്കാൾ മൂന്ന് മടങ്ങാണെന്നും പ്രീ ഡയബറ്റിക് ഘട്ടത്തിലുള്ളവരിൽ 65 ശതമാനം പേരും വർഷങ്ങൾക്കുള്ളിൽതന്നെ പ്രമേഹത്തിന് കീഴ്പ്പെടുന്നതായും വിവിധ പഠനങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ രോഗവ്യാപനത്തിന് ഗ്രാമ, നഗര വ്യത്യാസമില്ലെന്നതും (മറ്റു സംസ്ഥാനങ്ങളിൽ അതുണ്ട്) ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ, സവിശേഷമായൊരു ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിൽ പ്രമേഹത്തെയും അനുബന്ധ രോഗങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. എന്നാൽ, സമഗ്രമായൊരു നയം ഇക്കാര്യത്തിലില്ലാത്തതുകാരണം പലരും പ്രമേഹത്തിന് തെറ്റായ ചികിത്സ തേടുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്.
വാസ്തവത്തിൽ, പ്രമേഹം (ടൈപ്പ് 2) പൂർണമായും മാറ്റിയെടുക്കാവുന്ന ഒരു രോഗമല്ല. മറിച്ച്, അവയെ ഭക്ഷണക്രമീകരണത്തിലൂടെയും മരുന്നിലൂടെയും കൃത്യമായ പരിശോധനയിലൂടെയുമെല്ലാം നിയന്ത്രിക്കാനാവും. സാധാരണക്കാരിൽനിന്നും തികച്ചും വ്യത്യസ്തമായ ജീവിത ശൈലി അവലംബിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കൃത്യമായ ഇടവേളകളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുക, അതിനനുസൃതമായ രീതിയിൽ മരുന്ന് കഴിക്കുക, ഭക്ഷണം ക്രമീകരിക്കുക, കൃത്യമായി വ്യായാമം ചെയ്യുക തുടങ്ങി രോഗി അയാളുടെ ജീവിത ശീലങ്ങളെ വേറിട്ട രീതിയിൽ ചിട്ടപ്പെടുത്തുന്നതോടെ വലിയ അളവിൽ പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാം. ഇതിൽ ഏതെങ്കിലുമൊരു ഘടകത്തെ മാറ്റിനിർത്തുക സാധ്യവുമല്ല. ആധുനിക വൈദ്യം നിഷ്കർഷിക്കുന്ന ചികിത്സാ രീതിയാണിത്.
അതേസമയം, ഹോമിയോ, ആയുർവേദം തുടങ്ങിയ ബദൽ ചികിത്സകരും ഇതേ രീതി അവരുടേതായ രീതിയിൽ അവലംബിക്കാറുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ, മേൽ സൂചിപ്പിച്ച മൂന്ന് രീതികളും അംഗീകൃതമാണ്. എന്നല്ല, നിലവിൽ ഈ മേഖലകളിലെ ചികിത്സകരെല്ലാം ആധുനിക വൈദ്യത്തിന്റെ അടിസ്ഥാന തത്വം മനസിലാക്കിയവരുമാണ്. അതുകൊണ്ടുതന്നെ, പ്രമേഹത്തിന് ബദൽ ചികിത്സ തേടുന്നവരുടെ എണ്ണം അത്ര കുറവല്ല നമ്മുടെ നാട്ടിൽ.
ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിവിശേഷമല്ല. അമേരിക്കയിൽ മൂന്നിലൊന്ന് പേരും ചൈനയിൽ നാലിലൊന്ന് പേരും പ്രമേഹ ചികിത്സക്ക് ബദൽ വൈദ്യത്തെയാണ് ആശ്രയിക്കാറുള്ളത്. മെക്സിക്കോ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത് 60 ശതമാനത്തിനും മുകളിലാണ്. അതേസമയം, ബ്രിട്ടനിലിത് 17 ശതമാനം മാത്രമാണ്. ഇന്ത്യയിലിത് ശരാശരി 30 ശതമാനമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഏതാനും വർഷങ്ങൾക്ക് മുമ്പ്, ഉത്തർ പ്രദേശിൽ നടന്ന ഒരു പഠനത്തിൽ, സംസ്ഥാനത്തെ ഗ്രാമങ്ങളിലുള്ള പ്രമേഹ രോഗികളിൽ 60 ശതമാനത്തിലേറെ പേരും ബദൽ ചികിത്സ തേടുന്നതായി കണ്ടെത്തി.
സർവ ആരോഗ്യ സംവിധാനങ്ങളുമുള്ള കേരളത്തിൽ, ബദൽ ചികിത്സ തേടുന്നവരുടെ എണ്ണമെത്രയായിരിക്കും? ഇതുസംബന്ധിച്ച്, തിരുവനന്തപുരം അച്യുതമേനനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ ഗവേഷകർ വിശദമായൊരു പഠനം തന്നെ നടത്തുകയുണ്ടായി (2017). കൊല്ലം ജില്ലയിലാണ് സംഘം പഠനം നടത്തിയത്. ഈ പഠനഫല പ്രകാരം, 61 ശതമാനം പേരും ആധുനിക വൈദ്യ ചികിത്സയാണ് തേടുന്നത്. ഒമ്പത് ശതമാനം പേർ മാത്രമാണ് ബദൽ വൈദ്യത്തെ ആശ്രയിക്കുന്നത്.
അതേസമയം, 30 ശതമാനം ആളുകൾ മോഡേൺ മെഡിസിനും ബദൽ വൈദ്യവും ഒന്നിച്ചുപയോഗിക്കുന്നു. എന്തുകൊണ്ട് ബദൽ വൈദ്യം തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് പല ഉത്തരങ്ങളാണ് കിട്ടിയത്: ആധുനിക വൈദ്യം ഫലപ്രദമാകുന്നില്ല (37 ശതമാനം), രാസ മരുന്നുകൾ വിഷലിപ്തമാണ് (13 ശതമാനം), ബദൽ മരുന്നുകൾ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നു (24 ശതമാനം), പാർശ്വഫലം കുറവ് (21 ശതമാനം), ചുരുങ്ങിയ ചെലവ് (1 ശതമാനം) ഇങ്ങനെ പോകുന്നു ഉത്തരങ്ങൾ. അതേസമയം, ബദൽ ചികിത്സ തേടുന്നവരിൽ 39 ശതമാനം പേർ മാത്രമാണ് അതാതു ഡോക്ടർമാരെ കാണുന്നത്. ഇതിൽ തന്നെ മൂന്നിലൊന്നുപേരും ഒരിക്കൽ മാത്രമേ ഡോക്ടറെ കണ്ടിട്ടുള്ളൂ.
മേൽ സൂചിപ്പിച്ച പഠനത്തിൽ, ബദൽ ചികിത്സകരിൽ 90 ശതമാനത്തിലധികം പേരും അംഗീകൃത ചികിത്സരാണ്. അഥവാ, ആയുഷ് വകുപ്പിന് കീഴിലുള്ള ചികിത്സകർ. അതേസമയം, ആയുഷ് വിഭാഗം നിർദേശിക്കുന്ന ചികിത്സാമുറകൾക്കപ്പുറമുള്ള മറ്റു ചില ‘ബദൽ വൈദ്യ’ങ്ങളും ഇവിടെ നിലനിൽക്കുന്നുണ്ട്. അതിൽ പലതും തീർത്തും അശാസ്ത്രീയവും വലിയ അളവിൽ വ്യാജവുമാണ്. അത്തരത്തിലൊന്നാണ് ‘അക്യൂപങ്ചർ’ എന്ന പേരിൽ നടത്തപ്പെടുന്ന വിവിധ ചികിത്സാ പദ്ധികൾ. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഒരു ചികിത്സാ പദ്ധതിയാണ് അക്യൂപങ്ചർ.
നിരവധി രാജ്യങ്ങളിൽ ഔദ്യോഗിക ചികിത്സാരീതികളിൽ ഒന്നായി അവലംബിക്കുന്ന ചൈനീസ് പശ്ചാത്തലമുള്ള അക്യൂപങ്ചർ എന്ന ഒരു ചികിത്സാ ക്രമം ഇവിടെയുണ്ട്. ഇന്ത്യയിൽ ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലൂം (അംഗീകാരം സംബന്ധിച്ച ബിൽ പാർലമെന്റിന്റെ മേശപ്പുറത്തുണ്ട്) മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമെല്ലാം ചികിത്സാനുമതിയുണ്ട് അക്യൂപങ്ചറിന്. ദേശീയതലത്തിൽ, കൃത്യമായ മാനദണ്ഡങ്ങളോടെ അക്യൂപങ്ചർ പ്രാക്ടീസ് ചെയ്യാനും അനുമതിയുണ്ട്. ഈ അനുമതിയുടെ മറവിൽ അക്യൂപങ്ചർഎന്ന വ്യാജേന പുത്തൻ ചികിത്സാരീതികൾ കേരളത്തിലെങ്ങും വ്യാപകമാണിപ്പോൾ.
കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിൽ ഇത്തരത്തിലൊരു ചികിത്സാരീതി വലിയ തോതിൽ കണ്ടുവരുന്നുണ്ട്. വലിയ അവകാശവാദങ്ങളാണ് ഇക്കൂട്ടരുടെ പ്രത്യേകത. ഏത് രോഗവും മാറ്റിത്തരുമെന്നാണ് വാഗ്ദാനം. മലയാള മാധ്യമങ്ങളുടെ ക്ലാസ്ഫൈഡ് പേജുകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിൽക്കുയാണ് ഇക്കൂട്ടർ. ചികിത്സകരാകട്ടെ, പലപ്പോഴും അടിസ്ഥാന ശാസ്ത്രത്തിൽ പോലും വേണ്ടത്ര വിവരമില്ലാത്തവരുമായിരിക്കും. ഈ ചികിത്സരുടെ മുന്നിൽ വരിനിൽക്കുന്ന നുറുകണക്കിന് പ്രമേഹ രോഗികളുണ്ട് നമ്മുടെ നാട്ടിൽ.
ഏതാനും വർഷങ്ങൾക്ക് മുമ്പ്, കോയമ്പത്തൂരിൽ നടന്ന ഒരു സംഭവം ഇവിടെ ഉദ്ധരിക്കാം: ടൈപ്പ് 1 പ്രമേഹരോഗിയായ ഒരു 17 കാരൻ ഒരു വ്യാജ അക്യൂപ്രാക്ടീഷനറുടെ അടുത്തേക്ക് ചികിത്സക്കായി വന്നു. അഞ്ചു വർഷമായി അയാൾ ഇൻസുലിൻ കുത്തിവെക്കുന്നുണ്ട്; അതും ദിവസത്തിൽ രണ്ടു നേരം. അത്രയും കൂടുതലാണ് പ്രമേഹമെന്നർഥം. ആദ്യമൊക്കെ അത് നാലു തവണയായിരുന്നുവത്രെ. പിന്നീട് ചികിത്സയിലൂടെ കുറച്ചുകൊണ്ടുവന്നതാണ്. ‘കുത്തിവെച്ച്’ മടുത്തതുകൊണ്ടാണ് ബദൽ കുത്തിവെപ്പില്ലാത്ത ബദൽ ചികിത്സ തേടി അയാൾ വന്നിരിക്കുന്നത്. ‘അക്യൂ ഡോക്ടർ’ ആദ്യം നിർദേശിച്ചത് ഇൻസുലിൻ നിർത്താനാണ്; ഒപ്പം മരുന്നുകളും. പ്രമേഹത്തിന് കാരണം ഈ ഇൻസുലിനാണെന്നാണ് ‘ഡോക്ടറുടെ’ വാദം. അങ്ങനെ മരുന്നില്ലാത്ത അക്യൂ ചികിത്സ തുടങ്ങി.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ രോഗിക്ക് പ്രമേഹം മൂർച്ഛിച്ചു. ഒരുദിവസം ബോക്ഷയം സംഭവിച്ചപ്പോൾ ‘ഡോക്ടറെ’ വിളിച്ചു. അപ്പോഴേക്കും അയാളുടെ മട്ടുമാറിയിരുന്നു; താനറിയാതെ രോഗി അലോപതി മരുന്ന് കഴിച്ചതുകൊണ്ടാണ് പ്രമേഹം മൂർച്ഛിച്ചതെന്നായി അയാൾ. അതിനിടെ, ആ രോഗി മരണപ്പെടുകയും ചെയ്തു. ഏറെക്കുറെ സമാനമായ സംഭവങ്ങൾ കേരളത്തിലുമുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മാറാഞ്ചാരേയിൽ കേരളത്തിലെ പ്രശസ്തനായ ഒരു ‘അക്യൂ പ്രാക്ടീഷനറു’ടെ ചികിത്സതേടിയ ഒരാൾ താൻ വഞ്ചിക്കപ്പെട്ടതെങ്ങനെയെന്ന വാർത്താസമ്മേളനം വിളിച്ച് വിശദീകരിച്ചത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. തുടർന്ന്, സമാനഅനുഭവസ്ഥരായ പലരും രംഗത്തുവന്നു. പ്രമേഹം കലശലായി കാൽ വിരൽ മുറിച്ചുമാറ്റേണ്ടിവന്ന രോഗികൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. കാലങ്ങളായി പ്രമേഹത്തിന് മരുന്ന് കഴിക്കുന്ന രോഗികളാണ് ഇവരുടെ വലയിൽ വീഴുന്നത്. മരുന്ന് കഴിക്കുന്നതുകൊണ്ടാണ് പ്രമേഹം മാറാത്തതെന്നാണ് ഇവർ ആദ്യം രോഗികളെ ബോധ്യപ്പെടുത്തും. തുടർന്നാണ് ‘ചികിത്സ’ ആരംഭിക്കുക. വാസ്തവത്തിൽ ചികിത്സയൊന്നുമില്ല, മരുന്ന് നിഷേധമാണ് ഇവിടെ ചികിത്സ. അതാകട്ടെ, കടുത്ത അപകടത്തിലേക്കും നയിക്കുന്നു.
വാസ്തവത്തിൽ, അക്യൂപങ്ചറിൽ പ്രമേഹത്തിന് ചികിത്സയുണ്ടോ? ഉണ്ട് എന്നതാണ് ഉത്തരം. മെഡിക്കൽ ബിരുദം നേടിയശേഷം അക്യൂപങ്ചറിൽ സവിശേഷ ബിരുദം നേടി ഈ ചികിത്സാരീതി പ്രാക്ടീസ് ചെയ്യുന്നവരും കേരളത്തിലുണ്ട്, അവർ എണ്ണത്തിൽ കുറവാണെന്ന് മാത്രം. അക്യൂപങ്ചറിലെ ഏറ്റവും പുതിയ ഗവേഷണങ്ങളെ അവലംബിക്കുന്ന ഇവർ പ്രമേഹ ചികിത്സ കൃത്യമായി നടത്തുന്നുണ്ട്. അത് ഏതെങ്കിലും അംഗീകൃത മെഡിക്കൽ ടെക്സ്റ്റുകളെ ആശ്രയിച്ചായിരിക്കുമെന്നതും ശ്രദ്ധേയമാണ്.
അത്തരത്തിലൊരു ക്ലിനിക്കൽ പുസ്തകമാണ്, ബെയ്ജിങ് കോളജ് ഓഫ് അക്യൂപങ്ചറിലെ ഗവേഷകനും അധ്യാപകനുമായ ബെയ് സിൻഗ്വ രചിച്ച ‘അക്യൂപങ്ചർ ഇൻ ക്ലിനിക്കൽ പ്രാക്ടിസസ്’. ഇതിൽ പ്രമേഹത്തെ സംബന്ധിച്ച പാഠത്തിൽ പറയുന്നത്, ഇൻസുലിൻ അധിഷ്ഠിതമല്ലെങ്കിൽ മാത്രമാണ് അക്യൂപങ്ചർ ഫലപ്രദം എന്നാണ്. അതായത്, ടൈപ് 1 പ്രമേഹത്തിൽ വലിയൊരളവും അക്യൂപങ്ചറിലൂടെ ചികിത്സിക്കാൻ കഴിയില്ല; ചികിത്സിച്ചാൽതന്നെയും രോഗാവസ്ഥക്കനുസൃതമായി മാത്രമേ ഇൻസുലിന്റെ അളവിൽ കുറവ് വരുത്താവൂ. എന്നുവെച്ചാൽ, മേൽസൂചിപ്പിച്ച രോഗിയുടെ കാര്യത്തിൽ ചെയ്തതുപോലെ, ആദ്യ കൂടിക്കാഴ്ചയിൽതന്നെ ഇൻസുലിൻ കുത്തിവെപ്പ് നിർത്താൻ ആവശ്യപ്പെടുന്നത് ഈ ചികിത്സയുടെ ഭാഗമല്ല. മാത്രമല്ല, ആധുനിക വൈദ്യം നിർദേശിക്കുന്നതരത്തിലുള്ള ഭക്ഷണക്രമങ്ങൾ തുടരണമെന്നും ‘റിമാർക്സി’ൽ പ്രത്യേകം നിർദേശിക്കുന്നു.
ഇതിൽനിന്ന് വ്യക്തമാകുന്ന കാര്യങ്ങൾ ഇവയാണ്: ഒന്ന്, ആധുനിക വൈദ്യത്തിന്റെ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി രോഗനിർണയം നടത്തിവേണം അക്യൂപങ്ചർ ചികിത്സ തുടങ്ങാൻ. രണ്ട്, രോഗത്തിന്റെ പുരോഗതി അറിയാൻ ഇതേ സങ്കേതങ്ങൾതന്നെ പിന്നെയും ഉപയോഗപ്പെടുത്തണം. ഉദാഹരണമായി, ഒരു പ്രമേഹരോഗിക്ക് ചികിത്സ നിർദേശിക്കുന്നതിന് മുമ്പായി കൃത്യമായ ഡയഗണോസിസ് നടന്നിരിക്കണം; രക്തപരിശോധന നിർബന്ധമെന്നർഥം. ഇനി രോഗം മാറിയോ ഇല്ലയോ എന്നറിയാൻ കൃത്യമായ ഇടവേളകളിൽ വീണ്ടും രക്തപരിശോധന നടത്തുകയും വേണം. വ്യാജ ചികിത്സകരുടെ കാര്യത്തിൽ രക്ത പരിശോധനയും സകല മരുന്നുകളും നിഷിദ്ധവുമാണ്. എന്തുമാത്രം അപകടത്തിലേക്കായിരിക്കും അപ്പോൾ ഈ ചികിത്സ നയിക്കുക!
അക്യൂപങ്ചർ മാത്രമല്ല; മലയാളിയുടെ പ്രബുദ്ധതയെ പല്ലിളിച്ചുകാട്ടുന്ന മറ്റനേകം പ്രമേഹ ചികിത്സ മുറകൾ നമ്മുടെ നാട്ടിൽ കാണാം. അതിലൊന്നാണ് മൂത്ര ചികിത്സ. സ്വന്തം മൂത്രം പല നേരങ്ങളിൽ പല അളവിൽ സേവിക്കുന്ന വിചിത്ര ചികിത്സ രീതി! കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ് ഈ ചികിത്സരീതി. ‘നെവർ ട്രീറ്റ് ഡയബെറ്റിസ്’ എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് തന്നെയുണ്ട് ഈ ചികിത്സകർക്കും രോഗികൾക്കുമായി.
വ്യാജ അക്യൂപങ്ചറിലെന്നപോലെത്തന്നെ, ഇക്കൂട്ടരും പറയുന്നത് പ്രമേഹത്തിന് ആധുനിക വൈദ്യവും മറ്റും നിർദേശിക്കുന്നതുപോലുള്ള ചികിത്സ വേണ്ടതില്ല എന്നാണ്. രക്തം പരിശോധിച്ചാൽ പ്രമേഹത്തിന്റെ തീവ്രത അറിയാനാവില്ലെന്നും അവർ വാദിക്കുന്നു. ആകെ വേണ്ടത് രണ്ടു കാര്യങ്ങളാണ്: ഒന്ന്, നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ മരുന്നുകളും നിർത്തിെവക്കുക. രണ്ട്, ചികിത്സകർ പറയും പ്രകാരം മൂത്രപാനം ചെയ്യുക. മുദ്ര തെറാപ്പി, റെയ്ക്കി, സുജോക് തുടങ്ങിയ അശാസ്ത്രീയ ചികിത്സ മുറകളും സമാനമായ രീതിയിൽ ഇവിടെ അരങ്ങുതകർന്നുണ്ട്. ഇത്തരം വ്യാജ ചികിത്സകരെ അടിയന്തരമായി പിടിച്ചുകെട്ടേണ്ടതുണ്ട്. ഇക്കൂട്ടരുടെ ചികിത്സ സംബന്ധിച്ച് കൃത്യമായ റെഗുലേഷനുകൾ കൊണ്ടുവരാനും സർക്കാർ തയാറാവേണ്ടതുണ്ട്. നിർഭാഗ്യവശാൽ, ആരോഗ്യവകുപ്പ് ഇതിൽ വലിയ താൽപര്യം കാണിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.