2003ലെ റമദാൻ നോമ്പുകാലം. അന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്. നോമ്പുകാലമായതിനാൽ സ്കൂൾ 2.30ന് അവസാനിക്കും. ബെല്ലടിച്ചാൽ നേരെ പോവുക സമീപത്തെ ബസ്സ്റ്റാൻഡിന് മുന്നിലുള്ള ഓടിട്ട കെട്ടിടത്തിലേക്കാണ്. അവിടെ ഡോ. മുസ്തഫ കമാൽ പാഷയും ഡോ. പി.കെ. അബ്ദുറസാഖ് സുല്ലമിയും ചേർന്ന് ഒരുക്കിയ 'ഖുർആനിലെ ചരിത്ര ഭൂമികളിലൂടെ' എന്ന വിഡിയോ സമാഹാരത്തിന്‍റെ പ്രദർശനമുണ്ട്. ഇരുട്ടുമൂടിയ ആ മുറിയിലെ 14 ഇഞ്ച് ടി.വിയിലൂടെയാണ് ആദ്യമായി ലോകത്തിന്‍റെ കാഴ്ചകളിലേക്ക് പ്രകാശം ലഭിക്കുന്നത്. (അന്ന് വിഡിയോ കാസറ്റിലായിരുന്നു പ്രദർശനം. ഇപ്പോൾ ഈ വിഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്). സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങളുടെ കാഴ്ചകൾ ഒപ്പിയെടുത്ത് ചരിത്ര സഹിതം അവർ വിവരിച്ചു. ചാവുകടലിൽ കിടന്ന് പുസ്തകം വായിക്കുന്നവരുടെ ദൃശ്യമെല്ലാം അന്നത്തെ 14കാരന്‍റെ മനസ്സിൽ അത്ഭുതമുളവാക്കി. '90കളുടെ അവസാനത്തിൽ ഒരുക്കിയ ഈ പരമ്പര മലയാളത്തിലെ ആദ്യകാല ദൃശ്യയാത്ര വിവരണങ്ങളിലൊന്നയിരുന്നു.
അന്നുറപ്പിച്ചതാണ്, ഈ മനോഹര നാടുകളിലൂടെ സഞ്ചരിക്കണമെന്നത്. ചരിത്രം സ്പന്ദിക്കുന്ന വഴികളിലൂടെ നടന്ന് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് നിർമിച്ച അത്ഭുതങ്ങൾക്ക് മുന്നിൽ ചെന്നുനിൽക്കണം. ജീവികൾക്ക് അധിവസിക്കാൻ കഴിയാത്ത, മുങ്ങിപ്പോകാത്ത ചാവുകടലിൽ നീന്തിത്തുടിക്കണം. മരുഭൂമിയുടെ വരണ്ട മണ്ണിൽ ജീവിതത്തിന്‍റെ പച്ചപ്പ് തീർക്കുന്ന മനുഷ്യരെ കാണണം. പിന്നീട് പാഠപുസ്തകങ്ങളിലൂടെയും യാത്രാവിവരണങ്ങളിലൂടെയും ആ നാടുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി. ലോകാത്ഭുതമായ പെട്ര, ഭൂമിയിലെ ചൊവ്വയെന്നറിയപ്പെടുന്ന വാദി റം എന്നിവയെല്ലാം ജോർദാന്‍റെ മണ്ണിലാണെന്നറിഞ്ഞു. കുഞ്ഞുനാളിൽ തുടങ്ങിയ ആ ആഗ്രഹത്തിന് ചിറകുമുളക്കാൻ പിന്നെയും 20 വർഷം പിടിച്ചു. അങ്ങനെയാണ് 2022 സെപ്റ്റംബർ 19ന് കൊച്ചിയിൽനിന്ന് ജോർദാനിലെ അമ്മാനിലേക്ക് സുഹൃത്ത് വിഷ്ണുവിനൊപ്പം പറക്കുന്നത്.
തലസ്ഥാനമായ അമ്മാനിലെ ക്വീൻ അലിയ എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ സമയം രാത്രി എട്ട് മണി. ഇന്ത്യക്കാർക്ക് ജോർദാനിൽ വിസ ഓൺ അറൈവലാണ്. ഏകദേശം 6000 രൂപ വരും വിസയുടെ നിരക്ക്. പക്ഷെ, ജോർദാനിൽ മൂന്ന് രാത്രിയോ അതിലധികമോ തങ്ങുന്ന ടൂറിസ്റ്റുകൾക്ക് ജോർദാൻ പാസ് ലഭിക്കും. ഇത് നാട്ടിൽനിന്ന് ഓൺലൈനായി എടുക്കണം. ഇതിന് ഏകദേശം 70 ജോർദാൻ ദിനാർ (ഏകദേശം 8000 രൂപ) വരും. വിസയുടെ ചാർജ്, പെട്രയടക്കമുള്ള ജോർദാനിലെ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. അതിനാൽ ജോർദാൻ പാസ് നേരത്തെ തന്നെ എടുത്തുവെച്ചിരുന്നു. ഇതിന്‍റെ ധൈര്യത്തിലാണ് എയർപോർട്ടിലെ കൗണ്ടറിൽ ഓൺ അറൈവൽ വിസ ലഭിക്കാനായി പോകുന്നത്.
പക്ഷെ, വിസ സ്റ്റാമ്പ് ചെയ്ത് തരുന്നതിന് പകരം തൊട്ടപ്പുറത്തുള്ള ഓഫിസറുടെ മുറിയിൽ പോകാനാണ് നിർദേശിച്ചത്. ഞങ്ങൾ ചെല്ലുമ്പോൾ പഞ്ചാബിൽനിന്നുള്ള യുവാവും യുവതിയും അവരുടെ മകളും അവിടെയിരിപ്പുണ്ട്. അവരെയും പുറത്തിറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെച്ചിരിക്കുകയാണ്. എയർപോർട്ടിൽ ചിലപ്പോൾ ഇങ്ങനെ സംഭവിക്കാമെന്ന് മുമ്പ് പോയവർ പറഞ്ഞിരുന്നു. അതിനാൽ തന്നെ അതിനുള്ള മുൻകരുതലുമായിട്ടാണ് ഞങ്ങൾ വന്നിറങ്ങിയത്. കഴിഞ്ഞകാലങ്ങളിലായി ഇന്ത്യയിൽനിന്ന് ടൂറിസ്റ്റ് വിസയിൽ വരുന്ന പലരും ജോർദാനിലും സമീപത്തെ അധിനിവേശ രാജ്യമായ ഇസ്രായേലിലും അനധികൃതമായി കുടിയേറുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ കർശന പരിശോധന. അതേസമയം, ട്രാവൽ ഗ്രൂപ്പുകൾക്ക് ഒപ്പം വരുന്നവർ, യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ റെസിഡന്‍റ് പെർമിറ്റ് ഉള്ളവർ എന്നിവർക്കൊന്നും ഈ ചോദ്യം ചെയ്യലിന് വിധേയരാകേണ്ട ആവശ്യമില്ല. ഇന്ത്യയിൽനിന്ന് വിദേശങ്ങളിലേക്ക് കുടിയേറിയവരെല്ലാം തിരികെയെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കാണ് അപ്പോൾ ഓർമ വന്നത്. മെച്ചപ്പെട്ട ജീവിതസാഹചര്യം ലക്ഷ്യമിട്ട് പുതുതലമുറ വലിയ രീതിയിൽ വിദേശരാജ്യങ്ങളിലേക്ക് അനധികൃതവും അല്ലാതെയുമായി കുടിയേറുകയാണ്. ഇതിന്‍റെ അനുരണനം തന്നെയാണ് ഇവിടെയും കാണാനാവുന്നത്. ഇതിനാൽ യൂറോപ്പ് പോലുള്ള രാജ്യങ്ങളിലേക്ക് സഞ്ചാരികളായി പോകുന്നവർ പോലും വിസ കിട്ടാൻ ബുദ്ധിമുട്ടുകയാണ്.
ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ജോർദാൻ പാസ്, ഹോട്ടൽ ബുക്കിങ് വിവരങ്ങൾ, നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് എന്നിവയെല്ലാം എയർപോർട്ടിലെ ഓഫിസർമാർക്ക് കാണിച്ചുകൊടുത്തു. എന്നാൽ, അവർ ഇതിലൊന്നും തൃപ്തരായില്ല. നിങ്ങൾ ഇവിടെ ജോലിക്ക് വന്നതല്ലേ എന്ന് ഒരു ഓഫിസർ പച്ചക്ക് തന്നെ ചോദിച്ചു. നാട്ടിൽ ജോലി ചെയ്യുന്നതിന്‍റെ ഐഡൻറിറ്റി കാർഡ് കാണിച്ചുകൊടുത്ത് ഇതിന് മറുപടി നൽകി. ജോർദാനിലെ സ്ഥലങ്ങൾ സന്ദർശിക്കാൻ കൈയിൽ പണമുണ്ടോ എന്ന ചോദ്യമായി അടുത്തത്. ഇതിന് നാട്ടിൽനിന്ന് കൊണ്ടുവന്ന യു.എസ് ഡോളറടക്കം കാണിച്ചുകൊടുക്കേണ്ടി വന്നു. ഏകദേശം രണ്ട് മണിക്കൂർ വിവിധ ഓഫിസുകളിൽ ഞങ്ങളെ കൊണ്ടുപോയി അറബിയിലും മുറി ഇംഗ്ലീഷിലുമായി ചോദ്യങ്ങൾ ചോദിച്ചു. കുടെ പഞ്ചാബിൽനിന്നുള്ള കുടുംബവുമുണ്ടായിരുന്നു. അവസാനം ഞങ്ങളുടെ പേരും യാത്ര വിവരങ്ങളുമെല്ലാം അടങ്ങിയ അറബിയിലുള്ള ഒരു പേപ്പറിൽ ഉന്നത ഉദ്യോഗസ്ഥൻ ഒപ്പിട്ടതോടെ വിസയടിച്ച് പുറത്തിറങ്ങാൻ സമ്മതിച്ചു. അപ്പോഴാണ് ശ്വാസം നേരെവീണത്. ആദ്യം തന്നെ കണ്ട ടാക്സിയിൽ കയറി അമ്മാൻ നഗരം ലക്ഷ്യമാക്കി കുതിച്ചു.
നഗരത്തിന്‍റെ ഹൃദയഭാഗമായ ഡൗൺടൗണിലെ ഒരു ഹോസ്റ്റലിലാണ് റൂം ബുക്ക് ചെയ്തിരുന്നത്. 11 മണിയായിട്ടുണ്ട് അവിടെ എത്തുമ്പോൾ. സാധാരണ ഹോട്ടലുകളിൽനിന്ന് വ്യത്യസ്തമായി ഇവിടെ റൂമുകൾക്ക് നമ്പറില്ല. പകരം പ്രശസ്ത വ്യക്തികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. ജമൈക്കൻ ഗായകൻ ബോബ് മാർലിയുടെ പേരിലുള്ള റൂമാണ് ഞങ്ങൾക്ക് ലഭിച്ചത്. ചെഗുവേര, നെൽസൺ മണ്ടേല, ഡീഗോ മറഡോണ തുടങ്ങിയവരുടെ പേരിലും റൂമുകളുണ്ട്. കഴിഞ്ഞ മേയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ - അമേരിക്കൻ മാധ്യമ പ്രവർത്തക ഷിറീൻ അബു അഖ്ലഹിന്റെ പേരിലും ഒരു മുറിയുണ്ട്. ഹോസ്റ്റലിൽ ഇന്ത്യക്കാരായി ഞങ്ങൾ മാത്രമേയുള്ളൂ. മിക്കവരും യൂറോപ്പിൽനിന്നുള്ളവരും ആഫ്രിക്കക്കാരുമാണ്. പരസ്പരം കാണുമ്പോൾ ഒരു മടിയും കൂടാതെ അവർ നമ്മെ അഭിവാദ്യം ചെയ്യുന്നു. ഒന്ന് ഫ്രഷായപ്പോഴേക്കും ജോർദാനിലെ മലയാളി സുഹൃത്ത് രാജീവേട്ടൻ ഹോസ്റ്റലിലെത്തി. ജോർദാൻ ടൈംസ് എന്ന പത്രത്തിൽ ജോലി ചെയ്യുന്ന അദ്ദേഹം വർഷങ്ങളായി അമ്മാനിലുണ്ട്. അദ്ദേഹത്തിന്‍റെ പിതാവിനും ഇതേ പത്രത്തിൽ തന്നെയായിരുന്നു ജോലി.
രാജീവേട്ടൻ ഞങ്ങളെയും കൂട്ടി ഡൗൺടൗണിലേക്കിറങ്ങി. പാതിരാത്രിയായെങ്കിലും തെരുവുകൾ സജീവമാണ്. നാട്ടുകാരും വിദേശികളുമെല്ലാം തെരുവീഥികളിലൂടെ ഒഴുകുന്നു. കടകളിൽനിന്നുള്ള അറേബ്യൻ സംഗീതം ആ രാവിനെ ധന്യമാക്കുന്നു. ഈജിപ്ഷ്യൻ ഗായിക ഉമ്മ് ഖുൽതുമിന്‍റെ മെലഡികളാണ് അതിലധികവുമെന്ന് രാജീവേട്ടൻ പറഞ്ഞു. ഇന്ത്യക്കാർക്ക് ലതാ മങ്കേഷ്കർ എങ്ങനെയാണോ, അതുപോലെയാണ് ഇവിടുത്തുകാർക്ക് ഉമ്മ് ഖുൽതും. ചില കടകളിൽനിന്ന് ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്യുന്നതും കേൾക്കാം.
തൊട്ടടുത്തുള്ള സീഫുഡ് റെസ്റ്ററന്റിലേക്കാണ് അദ്ദേഹം കൊണ്ടുപോയത്. പേരറിയാത്ത വലിയൊരു മീൻ ഞങ്ങൾക്കായി തെരഞ്ഞെടുത്തു. അൽപസമയം കൊണ്ട് അതിനെ പരത്തി ചുട്ടെടുത്ത് തീൻമേശയിലെത്തിച്ചു. ഒലീവ് കായ അരച്ച ചാറിൽ ഖുബ്ബൂസും കൂട്ടി മീൻ കഴിക്കുമ്പോൾ വല്ലാത്ത രുചിയായിരുന്നു. കാര്യമായ മസാലയൊന്നും ചേർത്തിട്ടില്ല. തുർക്കി ശൈലിയിലാണ് അതിന്‍റെ പാചകം. മീൻ കൊണ്ടുവന്നിട്ടുള്ളതും തുർക്കിയിൽനിന്നാണ്.
ജോർദാനിൽ കടലായി അഖബയിലെ ചെങ്കടലിന്‍റെ ചെറിയ ഭാഗം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ മീനെല്ലാം പുറത്തുനിന്ന് കൊണ്ടുവരണം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രാജീവേട്ടൻ ജോർദാന്‍റെ രാഷ്ട്രീയവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ കാര്യങ്ങൾ വിശദീകരിച്ചു. രാജഭരണമാണ് അമ്മാനിൽ. അതിന് കീഴിൽ പ്രധാനമന്ത്രിയടക്കം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുമുണ്ട്. രാജ്യത്തെ പ്രധാന ഗോത്രങ്ങൾക്കായി മന്ത്രിസ്ഥാനങ്ങളടക്കമുള്ള ഉന്നത പദവികൾ വീതിച്ചുനൽകിയിരിക്കുന്നു. 1999 മുതൽ അബ്ദുല്ല രണ്ടാമാനാണ് ഹാഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാന്‍റെ രാജാവ്. 47 വർഷം രാജ്യം ഭരിച്ച ഹുസൈൻ രാജാവിന്‍റെ മകനാണ് ഇദ്ദേഹം. ഇരുവരുടെയും അബ്ദുല്ല രാജാവിന്‍റെ മകനും കിരീടാവകാശിയുമായ ഹുസൈന്‍റെയും ചിത്രങ്ങൾ നഗരത്തിൽ എവിടെയും കാണാം. പ്രവാകൻ മുഹമ്മദ് നബിയുടെ കുടുംബ പരമ്പരയിൽ പെട്ടവരാണ് ഇവരെന്ന് പറയപ്പെടുന്നു. മുഹമ്മദ് നബിയുടെ പിതാമഹനായ അബ്ദുല്ലയുടെ പിതാവ് ഹാഷിമിൽനിന്നാണ് ഈ പരമ്പര തുടങ്ങുന്നത്. ഇതിലെ 41ാം വംശപരമ്പരയിൽ വരുന്നയാളാണ് ഇപ്പോഴത്തെ രാജാവ് അബ്ദുല്ല രണ്ടാമൻ.
ഭക്ഷണം കഴിച്ച് പുറത്തിറങ്ങി. ഡൗൺടൗണിലെ നിരത്തുകളിൽ പാതിരാത്രിയും പൊലീസ് വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. ഇതിനുപുറമെ മഫ്തിയിലും പൊലീസുകാരുണ്ട്. രണ്ട് ലക്ഷ്യങ്ങളാണ് ഇവർക്ക് പ്രധാനമായുമുള്ളത്. ഒന്ന് ടൂറിസ്റ്റുകളടക്കമുള്ളവരുടെ സുരക്ഷ. മറ്റൊന്ന് മയക്കുമരുന്ന് ഇടപാടുകൾ പോലുള്ള കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുക. അയൽ രാജ്യമായ സിറിയയിൽ ഉൽപ്പാദിപ്പിക്കുന്ന ഹഷീഷടക്കമുള്ള മയക്കുമരുന്നുകൾ മറ്റു രാജ്യങ്ങളിലേക്ക് കടത്തുന്നതിന്‍റെ ഇടത്താവളമാണ് അമ്മാൻ. പലപ്പോഴും ഇവിടത്തെ തെരുവുകളിൽ പൊലീസും മയക്കുമരുന്ന് മാഫിയയും തമ്മിൽ വെടിവെപ്പ് നടക്കാറുണ്ടെന്ന് രാജീവേട്ടൻ പറഞ്ഞപ്പോൾ മനസ്സൊന്ന് നടുങ്ങി. പക്ഷെ, പേടിക്കേണ്ടെന്നും അതൊന്നും സഞ്ചാരികളെ ഒരു നിലക്കും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സമയം ഒരു മണിയായി. അപ്പോഴും സമീപത്തെ ഹോട്ടലുകളിൽ സ്ത്രീപുരുഷ ഭേദമന്യേ ആളുകൾ ഷീസ് വലിച്ചിരിക്കുന്നുണ്ട്. നാട്ടുകാരുടെ പ്രധാന ശീലങ്ങളിൽ ഒന്നാണിത്. അതുപോലെ മറ്റൊരു ശീലമാണ് പുകവലി. തെരുവിലൂടെ നടക്കുന്ന ആരുടെയും ചുണ്ടിൽ എരിയുന്ന സിഗരറ്റ് കുറ്റികൾ ഉണ്ടാകും. ലോകത്തിൽ തന്നെ ഏറ്റവുമധികം പുകവലിക്കാരുള്ള രാജ്യങ്ങളിൽ മുൻപന്തിയിലാണ് ജോർദാൻ. നേരത്തെ എയർപോർട്ടിൽ ചോദ്യം ചെയ്ത ചെറുതും വലുതുമായ ഓഫിസർമാർ വരെ പുകവലിച്ചാണ് ഞങ്ങളോട് സംസാരിച്ചത്. അവരുടെ ചോദ്യശരങ്ങളേക്കാൾ അസഹനീയമായിരുന്നു സിഗരറ്റിന്‍റെ ഗന്ധവും പുകയും.
അമ്മാനിലെ ആദ്യ പ്രഭാതം. തലേന്നത്തെ യാത്രാക്ഷീണം കാരണം ഒരൽപ്പം വൈകിയാണ് ഉണർന്നത്. ഹോസ്റ്റലിന്‍റെ തൊട്ടുമുന്നിൽ തന്നെയാണ് നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഹാഷെം റെസ്റ്ററന്റുള്ളത്. അവിടേക്ക് വെച്ചുപിടിച്ചു. കഴിഞ്ഞദിവസം പാതിരാത്രി കണ്ട തിരക്കൊന്നും എട്ട് മണിയായിട്ടും തെരുവിൽ കാണാനില്ല. നഗരം സജീവമായി വരുന്നതേയുള്ളൂ. ഹുമ്മൂസ്, ഫലാഫിൽ, ഫൂൽ എന്നിവ ചേർന്നുള്ള കോമ്പിനേഷനാണ് റെസ്റ്ററന്റിലെ പ്രധാന വിഭവം. വളരെ ലഘുവായ രീതിയിലുള്ള ഭക്ഷണം. 24 മണിക്കൂറും തുറക്കുന്ന ഈ ഹോട്ടലിൽ ഏതുസമയത്തും തിരക്കാണ്. ജോർദാൻ രാജാവ് അടക്കമുള്ള പ്രമുഖർ ഭക്ഷണം കഴിക്കാൻ വരുന്ന ഹോട്ടലാണിത്.
ഏകദേശം 70 വർഷം മുമ്പാണ് ഈ ഹോട്ടൽ ആരംഭിക്കുന്നത്. ഫലസ്തീനികളാണ് ഇവരുടെ പൂർവീകർ. വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത ഹോട്ടൽ. കെട്ടിടത്തിന് ഇടയിലെ വരാന്തയിലാണ് ഞങ്ങളിരുന്നത്. ഒലീവിൽ തീർത്ത ഹുമ്മൂസും ഫലാഫീലും ഫൂലുമെല്ലാം എത്തി. കൂടെ വലിയ റൊട്ടിയും സലാഡും. റൊട്ടിയുടെ ഒരു കഷണമെടുത്ത് ഫലാഫീൽ അതിനുള്ളിലാക്കണം. എന്നിട്ട് ഹുമ്മൂസിലോ ഫൂലിലോ മുക്കി കഴിക്കണം. അതാണ് രീതി. ജോർദാൻകാരുടെ പ്രധാന ഭക്ഷണമായിട്ട് ഇതിനെ വിശേഷിപ്പിക്കാം. ഓരോരുത്തർക്കും കഴിക്കാൻ പാത്രമൊന്നുമില്ല. മേശയിൽ വലിയൊരു പ്ലാസിറ്റിക് കവറിടും. അതിലാണ് റൊട്ടി വെക്കുക. ഇതോടൊപ്പം ഒരു കട്ടൻ ചായയും കുടിച്ചതോടെ രാവിലെത്തെ ഭക്ഷണം അടിപൊളിയായി. ഇത്രയെല്ലാം കഴിച്ചിട്ടും മൂന്നുപേർക്ക് രണ്ടര ജോർദാൻ ദിനാർ മാത്രമാണ് ആയത്. ഡൗൺടൗണിലെ മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.
പൈസ കൊടുക്കാൻ പോയപ്പോൾ അകത്തുനിന്ന് ഒരു ചോദ്യം, ഇന്ത്യക്കാരാണോ എന്ന്. കാഷ്യറിലിരിക്കുന്ന ജോർദാനി പഠിച്ചത് മദ്രാസിലാണത്രെ. ഏകദേശം 30 വർഷം മുമ്പ് എയറോനോട്ടിക്കൽ എൻജിനീയറിങ് ആണ് പഠിച്ചത്. പിന്നീട് പല മേഖലകളിൽ ജോലി ചെയ്ത അദ്ദേഹം ഒന്നര വർഷമായി ഈ റെസ്റ്റോറന്റിലെത്തിയിട്ട്. മദ്രാസിന്റെ പേര് ചെന്നൈ ആയതൊന്നും അദ്ദേഹം അറിഞ്ഞിട്ടില്ല.
റെസ്റ്ററന്റിൽനിന്ന് പുറത്തിറങ്ങി ഒരു ടാക്സി പിടിച്ചു. നഗരത്തിന് പുറത്തെ 'കേവ് ഓഫ് ദെ സെവൻ സ്ലീപ്പേഴ്സ്' കാണലാണ് ആദ്യ ലക്ഷ്യം. ഫലസ്തീൻകാരനായ അബ്ദുല്ല എൽകാതബ് ആണ് ടാക്സി ഡ്രൈവർ. പ്രായം 70നോട് അടുത്തിട്ടുണ്ട്. ഇംഗ്ലീഷ്, കണക്ക് അധ്യാപകനായിരുന്ന ഇദ്ദേഹം ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി ഇപ്പോഴും ടാക്സി ഓടിക്കുകയാണ്. അമ്മാനിലും ഒമാനിലെ സലാലയിലുമായി ഏകദേശം 35 വർഷത്തോളമാണ് ഇദ്ദേഹം അധ്യാപകവൃത്തിയിൽ ഏർപ്പെട്ടത്. സലാലയുടെ ഭൂപ്രകൃതി കേരളത്തിനോട് സമാനമാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ, തനിക്ക് മലയാളികളായ സുഹൃത്തുക്കൾ അന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു.
ഭാര്യയും നാല് പെൺമക്കളും ഒരു മകനും അടങ്ങിയതാണ് കുടുംബം. മകൻ പഠനം കഴിഞ്ഞ് കാനഡയിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്. മറ്റുള്ളവർക്കൊന്നും ജോലിയില്ല. പൊതുവെ തൊഴിലില്ലാഴ്മ നിരക്കും ജീവിത ചെലവും കൂടുതലാണ് ജോർദാനിൽ. ഇതെല്ലാമാണ് ചുളിവ് വീണ കൈകളുമായി ഇദ്ദേഹത്തെ വളയം പിടിക്കാൻ നിർബന്ധിതനാക്കുന്നത്. നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുകൂടിയുള്ള യാത്രയിൽ അദ്ദേഹം തന്‍റെ ജീവിതം ഞങ്ങൾക്ക് മുന്നിൽ തുറന്നിട്ടു. യേശു ക്രിസ്തു പിറന്ന ഫലസ്തീനിലെ ബത്ലഹേമിലാണ് അബ്ദുല്ലയും ജനിക്കുന്നത്.
ദുരിതം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ചെറുപ്പക്കാലം. 1960കളിൽ ഇസ്രായേൽ അധിനിവേശം തീപിടിക്കുന്ന കാലം. അക്കാലത്ത് തന്നെ കുട്ടികളെയും ചെറുപ്പക്കാരെയുമാണ് ഇസ്രായേൽ സേന ഉന്നംവെച്ചിരുന്നതെന്ന് അബ്ദുല്ല ഓർക്കുന്നു. കൂട്ടക്കൊലകളാണ് അവർ നടത്തിയത്. തന്‍റെ മക്കളുടെയും ജീവൻ ഈ ക്രൂരഹൃദയർ ഇല്ലാതാക്കുമെന്ന് ഭയന്ന അദ്ദേഹത്തിന്‍റെ മാതാവ് ഇവരുമൊത്ത് ജോർദാനിലേക്ക് പലായനം ചെയ്യുകയായിരുന്നു. കാൽനടയായി മലനിരകൾ താണ്ടിയുള്ള ആ യാത്ര ദിവസങ്ങൾ നീണ്ടു. ഈ സമയത്ത് അബ്ദുല്ലയുടെ പിതാവ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്‍റെ മുൻനിര പോരാളിയായിരുന്നു. അഹമ്മദ് ഷുകൈരി ചെയർമാനായ ആദ്യ കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം. ഒടുവിൽ അബ്ദുല്ലയുടെ പിതാവിനെ ഫലസ്തീനിൽനിന്ന് ഹോണ്ടുറാസിലേക്ക് നാടുകടത്തി. അവിടെ അദ്ദേഹം പൊലീസ് സേനയിൽ ഉന്നത ഉദ്യോഗസ്ഥനായി മാറി. കൂടാതെ അവിടെ വിവാഹം കഴിച്ച് പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു.
അദ്ദേഹത്തിന് തിരികെവരാൻ കഴിയാത്തതിനാൽ അബ്ദുല്ലക്ക് ഒരിക്കലും തന്‍റെ പിതാവിനെ പിന്നീട് കാണാനായിട്ടില്ല. ഏതാനും വർഷം മുമ്പ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. തന്‍റെ പിതാവ് ഒരു പോരാളിയായിരുന്നതിനാൽ അബ്ദുല്ലായെയും സഹോദരങ്ങളെയും പിറന്നമണ്ണിലേക്ക് ഒരിക്കൽ പോലും മടങ്ങിപ്പോകാൻ ഇസ്രായേൽ അനുവദിച്ചിട്ടില്ലെന്ന ദുഃഖവും അദ്ദേഹം പങ്കുവെച്ചു. അതേസമയം, ഹോണ്ടുറാസിലെ അർധസഹോദരങ്ങളുമായി നല്ല ബന്ധമാണെന്നും അവർ ഇടക്ക് ജോർദാനിൽ വരാറുണ്ടെന്നുമുള്ള സന്തോഷവും അദ്ദേഹത്തിനുണ്ട്.
അബ്ദുല്ലയുടെ ജീവതം കേട്ട് കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നു. ഖുർആനിലെ സൂറത്തുൽ കഅ്ഫിൽ പറയുന്ന ഗുവാവാസികൾ താമസിച്ചു എന്ന് കരുതപ്പെടുന്ന സ്ഥലത്താണുള്ളത്. അൽ റാജിബ് എന്ന സ്ഥലത്തെ മലഞ്ചെരുവിലാണ് ഈ ഗുഹ. ഇതിനകത്ത് നടുത്തളവും നാല് ഭാഗത്തും തുറന്ന ചെറിയ മുറികളുമുണ്ട്. ഇതിനോട് ചേർന്ന് തന്നെ വലിയൊരു പള്ളിയും നിർമിച്ചിരിക്കുന്നു. ഖുർആനിൽ പറയപ്പെടുന്ന സ്ഥലം ഇത് തന്നെയാണെന്ന് എങ്ങനെ ഉറപ്പിച്ചുവെന്ന് അവിടെയുള്ള ജീവനക്കാരനോട് ഞാൻ ചോദിച്ചു. യുനൊസ്കോയടക്കം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ഉറപ്പാക്കിയതെന്ന് അദ്ദേഹം മറുപടി നൽകി. കൂടാതെ ഇവിടെനിന്ന് മനുഷ്യരുടെയും നായയുടെയും എല്ലുകളും ലഭിച്ചിട്ടുണ്ട്. ഗുഹാവാസികൾ താമസിച്ചു എന്ന് പറയപ്പെടുന്ന വേറെയും സ്ഥലങ്ങൾ ഗൂഗിളിൽ കാണാനാകും. അതേസമയം, ഈ ഗുഹ ജോർദാനിൽ തന്നെയാണെന്നാണ് ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായം.
1951ലാണ് ഈ സ്ഥലം കണ്ടെത്തുന്നതും പര്യവേക്ഷണം തുടങ്ങുന്നതും. ജോർദാനിൽ പോകുന്ന മലയാളി തീർഥാടകരടക്കമുള്ളവർ സന്ദർശിക്കുന്ന പ്രധാന കേന്ദ്രമാണിത്. അൽപ്പനേരം അവിടെ ചെലവഴിച്ച് ടാക്സിയിൽ കയറി വീണ്ടും നഗത്തിലേക്ക് മടങ്ങി. വളരെ വൃത്തിയായി സൂക്ഷിക്കുന്ന നഗരം. കെട്ടിടങ്ങൾക്കെല്ലാം ഒരോ രൂപം, നിറം. മലഞ്ചെരുവിൽ ഇളം മഞ്ഞനിറത്തിൽ കോൺഗ്രീറ്റ് സൗധങ്ങൾ ഉയർന്നുനിൽക്കുന്നു. പോകുന്ന വഴിയിൽ ഒരു മലഞ്ചെരുവിലെ കെട്ടിടം ചൂണ്ടിക്കാട്ടി അബ്ദുല്ല പറഞ്ഞു, 'അവിടെയാണ് ഞാനും കുടുംബവും താമസിക്കുന്നത്'. സമയം 11 മണിയായിട്ടുണ്ട്. നഗരത്തിലെ ഒരു പ്രധാന കുന്നായ ജബൽ അൽ ഖലയിലേക്കാണ് അബ്ദുല്ല ഞങ്ങളെ കൊണ്ടുപോയത്. ഇവിടെയാണ് അമ്മാൻ സിറ്റാഡൽ (കോട്ട) അടക്കമുള്ള നൂറ്റാണ്ടുകളുടെ കഥപറയുന്ന ചരിത്ര സ്മാരകങ്ങളുള്ളത്.
തുടരും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.