ഫെബ്രുവരി 16ന് പശുക്കടത്ത് ആരോപിച്ച് രാജസ്ഥാൻ സ്വദേശികളായ ജുനൈദ്, നാസിർ എന്നിവരെ ഹരിയാനയിൽവെച്ച് ഗോരക്ഷക ഗുണ്ടകൾ പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നു. രാജസ്ഥാനിലെ ഭരത്പുർ ജില്ലയിലെ ഘാത്മീക ഗ്രാമവാസികളാണ് ജുനൈദും നാസിറും. അവരുടെ വീടുകൾ സന്ദർശിച്ച ലേഖകൻ അവിടെ കണ്ട കാര്യങ്ങൾ എഴുതുന്നു.
ജുനൈദിന്റെ ഇളയമകന് രണ്ടുവയസ്സേയുള്ളൂ. ഒരു മാസം മുമ്പാണ് അവൻ ആദ്യമായി ജുനൈദിനെ ‘അബ്ബാ’യെന്ന് വിളിച്ചത്. ഇനി അവന്റെ വിളികേൾക്കാൻ ജുനൈദില്ല. ഭാര്യ സാജിദക്ക് അടുത്ത പെരുന്നാളിനായി സ്നേഹവാഗ്ദാനം നൽകിയിരുന്നു ജുനൈദ്. കടയിൽനിന്ന് ലഭിക്കുന്ന വരുമാനംകൊണ്ടൊരു സ്വർണക്കമ്മലായിരുന്നു അത്. പക്ഷേ, കൈയിലാകെയുണ്ടായിരുന്ന അൽപം പൊന്ന് വിറ്റ് സാജിദക്ക് ജുനൈദിന്റെ സംസ്കാരച്ചടങ്ങുകൾ നടത്തേണ്ടിവന്നു. പശുക്കടത്ത് ആരോപിച്ച് ഭർത്താവ് കൊല്ലപ്പെട്ടപ്പോൾ സാജിദ വിധവയായി, അവരുടെ ആറുമക്കൾ അനാഥരായി.
ജുനൈദിനൊപ്പം കൊല്ലപ്പെട്ട ബന്ധു നാസിറിന്റെ ഭാര്യ പർമീനയുടെയും അവസ്ഥ സമാനം. മരിച്ചുപോയ സഹോദരന്റെ രണ്ട് മക്കളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു നാസിർ. വാഹനമോടിച്ച് കിട്ടിയിരുന്ന വരുമാനംകൊണ്ടായിരുന്നു നാസിർ കുടുംബത്തിന് തണലായിരുന്നത്. എന്നാൽ, സകല ആഗ്രഹങ്ങളും നിമിഷനേരംകൊണ്ട് ചുട്ട്ചാമ്പലാക്കുകയായിരുന്നു അവർ. രണ്ടു പേരെയും തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ച്, മൂത്രം കുടിപ്പിച്ചശേഷം വാഹനത്തിലിട്ട് പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നു. കൊലയുടെ കാരണവും കൊല ചെയ്തവരും സുപരിചിതരാണ്. രാജ്യംഭരിക്കുന്ന സംഘ്പരിവാറിന്റെ ഭാഗമായ ബജ്റംഗ് ദളാണ് കൊലനടത്തിയത്. കാരണം പശുക്കടത്തും. രണ്ട് ജീവനുകളെ മാത്രമല്ല അവർ ചുട്ടെടുത്തത്. അവരുടെ കുടുംബത്തെ കൂടിയാണ്.
ജുനൈദിന്റെ സഹോദരൻ ജാഫറിന്റെ മകളുടെ വിവാഹാലോചനക്കായി നാസിറിനെയും കൂട്ടി ജുനൈദ് കഴിഞ്ഞ 15നാണ് ഹരിയാനയിൽ പോയത്. ബന്ധുവായ ഹസീന്റെ വെളുത്ത ബൊലേറോയിലായിരുന്നു യാത്ര. രാവിലെ വീട്ടിൽനിന്നും പോയ ഇരുവരും രാത്രിയായിട്ടും തിരികെയെത്തിയില്ല. ജുനൈദിന്റെ ഫോണിലേക്ക് ഭാര്യ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ, ആരും ഫോൺ എടുത്തില്ല. ഭയം നിറഞ്ഞ ആ രാത്രി സാജിദ ഉറങ്ങാതെ കാത്തിരുന്നു. നേരം വെളുത്തിട്ടും ഇരുവരും ഗ്രാമത്തിലെത്തിയില്ല. തുടർന്ന്, ബന്ധുക്കളെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഗ്രാമം ഒന്നാകെ രണ്ട് യുവാക്കൾക്കായി അന്വേഷണം തുടങ്ങി. പലരെയും വിളിച്ചു. ഒരു വിവരവും ലഭിച്ചില്ല.
രാവിലെ ഒമ്പതു മണിയോടെ ഗ്രാമവാസികൾ അടുത്തുള്ള പിരാകു ഗ്രാമത്തിലെത്തി, അവിടത്തെ ചായക്കടയിൽനിന്നൊരു വിവരം ലഭിച്ചു. കഴിഞ്ഞ രാത്രി രണ്ടുപേരെ ആക്രമിച്ച് കാറിൽ കൊണ്ടുപോകുന്നത് താൻ കണ്ടതായി ഒരാൾ പറഞ്ഞു. ഇതോടെ പൊലീസുമായി ബന്ധപ്പെട്ടു. ഉച്ചയോടെ കുടുംബത്തിന്റെ കാത്തിരിപ്പും നാട്ടുകാരുടെ തിരച്ചിലുകളുമെല്ലാം വിഫലമായി ഇരുവരും കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചു. ഭിവാനിയിലെ ലൊഹാരുവിൽനിന്ന് ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹമാണ് പൊലീസിന് കിട്ടിയത്. തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. എന്നാൽ, കൊലപാതകത്തിന് മുമ്പ് ഇരുവരെയും ക്രൂരമായി മർദിച്ച് ഹരിയാനയിലെ ജിർക്കി പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായും പൊലീസ് ഇവരെ രക്ഷിച്ചില്ലെന്നും പിടിയിലായ പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴിനൽകി. ഇതോടെ, പൊലീസിനെതിരെയും പ്രതിഷേധം ഉയർന്നു. ജിർക്കി പൊലീസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊലക്ക് പിന്നിൽ ബജ്റംഗ്ദൾ, പ്രതിക്കൂട്ടിൽ പൊലീസും
സംഘ്പരിവാർ സംഘടനയായ ബജ്റംഗ് ദളിന്റെ ഹരിയാനയിലെ നേതാവും പശുസംരക്ഷണ ടാസ്ക് ഫോഴ്സിന്റെ ചുമതലയുള്ള മോനു മനേസിറിന്റെ നേതൃത്വത്തിലെ സംഘമാണ് തട്ടിക്കൊണ്ടുപോയതിനും കൊലക്കും പിന്നിലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം നിരന്തരമായി ആരോപിക്കുന്നു. രാഷ്ട്രീയ-പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി മോനുവിന് വലിയ ബന്ധങ്ങളുണ്ട്..........................,
ലേഖനത്തിന്റെ പൂർണരൂപം വായിക്കാൻ -പശു കുത്തുേമ്പാൾ, മരിച്ചുവീഴുന്നവർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.