ഒരേ സിനിമയിൽ ഒന്നു മുതൽ പത്തു കഥാപാത്രങ്ങളെ വരെ അഭിനയിച്ചു ഫലിപ്പിച്ച ആളാണ് കമൽഹാസൻ. ‘രാഷ്ട്രീയ നടന’ത്തിൽ പുതിയ വേഷത്തിൽ പ്രത്യക്ഷപ്പെടുമോ ഉലകനായകൻ?. മാധ്യമം തമിഴ്നാട് സ്പെഷ്യൽ റിപ്പോർട്ടർ കെ. രാജേന്ദ്രൻ എഴുതുന്നു
ചിന്നം, കൊടി, കച്ചി എല്ലാം താണ്ടിയത് ദേശം. ജനനായകം വഴിയാകവും സർവാധികാരം വന്തതുക്ക് പല സാൻറുകൾ ഇരുക്കിറത്. ഇൻട്ര് ഇന്ത്യാവിലും അത് നടന്തു കൊണ്ടിരിക്കിറത്. എൻ പയനത്തെ പാറുങ്കൾ..., പാതൈ പുരിയും.നാളൈ നമതേ’. (ചിഹ്നത്തിനും കൊടിക്കും പാർട്ടിക്കുമതീതമാണ് ദേശീയ താൽപര്യം. ജനാധിപത്യത്തിന്റെ മറവിൽ സർവാധികാരം വന്നതിന് നിരവധി തെളിവുകളുണ്ട്. ഇന്ന് ഇന്ത്യയിലും അത് നടന്നുകൊണ്ടിരിക്കുന്നു. എന്റെ യാത്ര നോക്കൂ... പാത മനസ്സിലാകും. നാളെ നമ്മുടേതാണ്’). ഈറോഡ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിയിലെ കോൺഗ്രസ് സ്ഥാനാർഥി ഇ.വി.കെ.എസ് ഇളങ്കോവന് വോട്ടഭ്യർഥിച്ച് നടൻ കമൽഹാസൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലെ വാചകങ്ങളാണിത്. ഭിന്നതകൾ മാറ്റിവെച്ച് മതനിരപേക്ഷത ശക്തിപ്പെടുത്താൻ ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്ന് ശക്തമായി ഓർമിപ്പിച്ചാണ് നിലക്കാത്ത കരഘോഷങ്ങൾക്കിടയിൽ കമൽ വേദി വിട്ടിറങ്ങിയത്.
ഡി.എം.കെ മുന്നണിയുടെ ഭാഗമല്ല അദ്ദേഹം. പക്ഷേ, രാജ്യത്തെ പല ബി.ജെ.പി ഇതര രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും കൈവന്നിട്ടില്ലാത്ത വിവേകം കമലിനുണ്ടായിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ഭാരത് ജോഡോ യാത്രയുടെ ഡൽഹി യോഗത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടതും ഈറോഡിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗവും.
അഞ്ചു വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2018 ഫെബ്രുവരി 21ന് രൂപവത്കൃതമായ ‘മക്കൾ നീതി മയ്യം’ എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനും ജീവാത്മാവുമാണ് കമൽ. അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ഓഫിസ് കേന്ദ്രീകരിച്ച് ന്യൂജെന്‍ പ്രവര്‍ത്തകരുമായി ചിട്ടയായ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും തമിഴ് മക്കളുടെ പ്രിയതാരത്തിന് രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ജനമനസ്സുകളിൽ ഇടംകിട്ടിയില്ല. ജനകീയ പ്രശ്നങ്ങളോട് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതൊഴിച്ചാൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ പാർട്ടിക്കായില്ല. കമല്ഹാസൻ അല്ലാതെ ജനങ്ങളെ സ്വാധീനിക്കാനാവുന്ന ഒരു നേതാവ് പോലും അന്നും ഇന്നും സംഘടനയിലില്ല. ഒരുഘട്ടത്തിൽ രജനികാന്തും കമൽഹാസനും ഒന്നിച്ചു നീങ്ങി ദ്രാവിഡ കക്ഷികൾക്ക് ബദലായി മാറുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവേശനത്തിൽനിന്ന് രജനികാന്ത് പിൻവാങ്ങിയതോടെ അത്തരമൊരു സാധ്യത അടഞ്ഞു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച് 3.72 ശതമാനം വോട്ട് മാത്രമാണ് നേടിയതെങ്കിലും ചെന്നൈ, കോയമ്പത്തൂർ, മധുര തുടങ്ങിയ നഗരപ്രദേശങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു മക്കൾ നീതി മയ്യം. സ്റ്റാലിൻ തരംഗം അലയടിച്ച 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ അവസ്ഥ അതി ദയനീയമായിരുന്നു. കമൽഹാസനെങ്കിലും ജയിച്ചു കയറുമെന്നൊരു പ്രതീക്ഷ പാർട്ടി അണികൾക്കും രാഷ്ട്രീയ ജ്യോതിഷികൾക്കുമുണ്ടായിരുന്നു. പക്ഷേ, കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബി.ജെ.പിയിലെ വാനതി ശ്രീനിവാസനോട് രണ്ടായിരത്തിൽ താഴെ വോട്ടിന് അദ്ദേഹം തോറ്റു. പിറകെ പാർട്ടിയുടെ മുഖ്യ ഭാരവാഹികളെല്ലാം രാജിവെച്ചു. കൂടാരം കാലിയാവുന്നുവെന്ന് പരിഹാസമുയർന്നെങ്കിലും ജീവനുള്ളിടത്തോളം കാലം താൻ രാഷ്ട്രീയത്തിലുണ്ടാവുമെന്നും ‘മക്കൾ നീതി മയ്യം’ നിലനിൽക്കുമെന്നും കമൽഹാസൻ പ്രഖ്യാപിച്ചു.
ഇടതുപക്ഷത്തിന് സമാനമായ അഭിപ്രായ പ്രകടനങ്ങളാണ് കമൽഹാസൻ നടത്താറെങ്കിലും ബി.ജെ.പിയുടെ ബി ടീം എന്ന ആക്ഷേപം പേറുന്നുണ്ട് അദ്ദേഹത്തിന്റെ പാർട്ടി. തമിഴ്നാട്ടിലെ ഓരോ നിയമസഭ മണ്ഡലത്തിലും അയ്യായിരം മുതൽ പതിനായിരം വരെ വോട്ടുകൾ നേടുന്ന മക്കൾ നീതി മയ്യത്തിന് ജയപരാജയങ്ങളിൽ നിർണായക പങ്ക് വഹിക്കാനാവും. ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈറോഡ് മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കമലിന്റെ സ്ഥാനാർഥി പിടിച്ചത് പതിനായിരത്തിലേറെ വോട്ടുകളാണ്.
അണ്ണാ ഡി.എം.കെയുടെ കെ.എസ്. തെന്നരസുവും കോൺഗ്രസിന്റെ ഇളങ്കോവനും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ സീമാന്റെ നാം തമിഴർ കക്ഷിയുടെയും വിജയ്കാന്തിന്റെ ഡി.എം.ഡി.കെയുടെയും ഉൾപ്പെടെ 77 സ്ഥാനാർഥികൾ കളത്തിലിറങ്ങിയപ്പോൾ അതിന് മുതിരാതിരുന്ന കമലിന്റെ തീരുമാനത്തെ രാഷ്ട്രീയ വിവേകം എന്നു തന്നെ വിളിക്കണം.
മതേതര സഖ്യത്തോട് യോജിച്ച് പ്രവർത്തിക്കാൻ കമൽഹാസനെ കോൺഗ്രസ് നേതൃത്വം കുറച്ചു മുമ്പേക്ഷണിച്ചിരുന്നു. ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമായി നിലകൊള്ളണമെന്ന ആവശ്യം മക്കൾ നീതി മയ്യം ഭാരവാഹികളുടെ ഭാഗത്തുനിന്നും ഉയർന്നു. അത്തരമൊരു സാഹചര്യത്തിലാണ് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കമൽഹാസൻ അണിചേർന്നത്. ഡി.എം.കെ നേതൃത്വം നൽകുന്ന മതേതര മുന്നണിയിൽ ചേരുന്നതിന്റെ മുന്നോടിയാണ് ആ ഐക്യദാർഢ്യമെന്ന് വിലയിരുത്തപ്പെട്ടു. ആ അഭ്യൂഹം സ്ഥിരീകരിക്കുന്നതാണ് ഈറോഡ് നിയമസഭ തെരഞ്ഞെടുപ്പിലെ കമലിന്റെ വോട്ടഭ്യർഥന. ഇതാദ്യമായാണ് താൻ മറ്റൊരു പാർട്ടിക്കുവേണ്ടി വോട്ട് തേടുന്നതെന്ന് പറഞ്ഞ അദ്ദേഹം രാജ്യം മതേതരമായി തുടരണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണിത് ചെയ്യുന്നതെന്നും വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് ‘ഈസ്റ്റ് ഇന്ത്യ കമ്പനി’ക്കെതിരായാണ് ജനത പോരാടിയതെങ്കിൽ ഇപ്പോൾ ‘നോർത്ത് ഇന്ത്യ കമ്പനി’ക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടേണ്ട സാഹചര്യമാണെന്ന കമൽഹാസന്റെ പ്രസ്താവന ബി.ജെ.പിയെ ഏറെ ചൊടിപ്പിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ സംസ്ഥാന ഭരണകക്ഷിക്ക് അനുകൂലമാവുകയാണ് തമിഴ്നാട്ടിലെ പതിവ്. അതിൻ പ്രകാരം ഡി.എം.കെ മുന്നണി സ്ഥാനാർഥി വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് കമൽഹാസനുമായി പങ്കുവെക്കാൻ സ്റ്റാലിനോ കോൺഗ്രസോ മടികാണിക്കുകയുമില്ല. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണി സ്ഥാനാർഥിയായി കമൽഹാസൻ അങ്കത്തിനിറങ്ങുമെന്നുപോലും പ്രവചിക്കപ്പെടുന്നുണ്ട്.
ഒരേ സിനിമയിൽ ഒന്നു മുതൽ പത്തു കഥാപാത്രങ്ങളെ വരെ അഭിനയിച്ചു ഫലിപ്പിച്ച ആളാണ് കമൽഹാസൻ. അതിനായി അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളും പരിശീലനങ്ങളും പരീക്ഷണങ്ങളും ആരെയും അത്ഭുതപ്പെടുത്തും. ക്ഷമാപൂർവമുള്ള രാഷ്ട്രീയ പരീക്ഷണങ്ങൾക്കൊടുവിൽ എടുത്തണിയുന്ന മറ്റൊരു വ്യത്യസ്തവേഷമെന്ന് വിശേഷിപ്പിക്കാം സകലകലാവല്ലഭന്റെ പുതിയ ചുവടുമാറ്റത്തെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.