ആരാണ് കമ്യൂണിസ്റ്റുകളുടെ മുഖ്യശത്രു?; ചരിത്രത്തിന് പിന്നിലായിപോകുന്നുണ്ടോ കമ്യൂണിസ്റ്റുകൾ?

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്റ ഇന്നോളമുള്ള ചർച്ചകളിെലല്ലാം പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ആരാണ് മുഖ്യശത്രു? ഇതുവരെ കൃത്യമായ ഉത്തരങ്ങൾ കണ്ടെത്താതെ, ചരിത്രത്തിന് പിന്നിലായിപോകുന്നുണ്ടോ കമ്യൂണിസ്റ്റുകൾ? ഇന്ത്യയിലടക്കം സമാന പ്രശ്നങ്ങളിലാണോ കമ്യൂണിസ്റ്റുകൾ? സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്റ ചരിത്രം വിശകലനം ചെയ്തുകൊണ്ട് പാർട്ടികൾ നേരിട്ട പരാജയത്തിെന്റ കാരണം വ്യക്തമാക്കുന്നു.

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തന്നെ അണയാത്ത സംവാദാഗ്നിയുടെ പ്രഭവമായിരുന്നു, ഒരുകാലത്ത് 'മുഖ്യശത്രു'വെന്ന പ്രത്യയശാസ്ത്ര സങ്കൽപം. കമ്യൂണിസ്റ്റ് ആചാര്യനായ ലെനിൻ മുതൽ ലിയോൺ േട്രാട്സ്കി, എം.എൻ. റോയ്, അേന്റാണിയോ ഗ്രാംഷി, ജോർജി ദിമിേത്രാവ്, ജോസഫ് സ്റ്റാലിൻ, മാവോ സേതുങ് തുടങ്ങി നിരവധി കമ്യൂണിസ്റ്റ് നേതാക്കളും സൈദ്ധാന്തികരും ഈ സംവാദാഗ്നി ജ്വലിപ്പിക്കുന്നതിൽ നിർണായകസ്ഥാനത്തുണ്ടായിരുന്നു. ''വിപ്ലവങ്ങൾ സ്വന്തം കുഞ്ഞുങ്ങളെ വിഴുങ്ങുന്ന അമ്മമാരാണ്'' എന്നൊരു ഫ്രഞ്ച് പഴമൊഴിയുണ്ട്. ഈ പഴമൊഴിയെ അന്വർഥമാക്കുംവിധം ഈ ദുനിയാവിൽ നടന്ന വിപ്ലവങ്ങളിലും വിപ്ലവാനന്തര യുദ്ധങ്ങളിലും കൊലചെയ്യപ്പെട്ടവരിൽ ധാരാളംപേർ വിപ്ലവകാരികൾതന്നെയായിരുന്നു. ഏറ്റവും മിടുക്കന്മാരായ സന്തതികളെ മൃത്യുവിന് ഉപഹാരമായി നൽകുന്ന അനുഷ്ഠാനമായും ചരിത്രം രക്തംകൊണ്ടു രചിക്കുന്ന കവിതയായും വിപ്ലവങ്ങൾ വാഴ്ത്തപ്പെടുന്നു. രക്തസാക്ഷിത്വവും വധവും (ചാവലും കൊല്ലലും) പരസ്പരം രമിക്കുന്ന പ്രതിഭാസമായി തുടരുകയും ചെയ്യുന്നു. ഈ സ്വവർഗസമരാസക്തിയുടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിന് ഒരു പ്രധാന കാരണം 'മുഖ്യശത്രു' വിവാദത്തിെന്റ പേരിൽ രൂപപ്പെട്ട പ്രത്യയശാസ്ത്ര പിളർപ്പുകളായിരുന്നു.

എന്നാൽ മുഖ്യശത്രു വിവാദം ഒരൊറ്റപ്പെട്ട സൈദ്ധാന്തിക സമസ്യയായിരുന്നില്ല. ഒരു രാജ്യത്തിലെ വർഗബന്ധങ്ങളെ വിശകലനം ചെയ്ത് വർഗശത്രുക്കളുടെ വർഗസ്വഭാവത്തെ വിലയിരുത്തിയാണ് മുഖ്യശത്രുവിനെ കമ്യൂണിസ്റ്റുകൾ നിർണയിക്കുന്നത്. അങ്ങനെയാണ്, 'ശത്രുവിെന്റ ശത്രു മിത്രം', 'മുഖ്യ വൈരുധ്യം', 'പൊതുശത്രുവിനെതിരായ ഐക്യമുന്നണി' തുടങ്ങിയ കമ്യൂണിസ്റ്റ് വിപ്ലവതന്ത്രങ്ങളും അടവുനയങ്ങളും രൂപവത്കരിക്കപ്പെട്ടത്. മാർക്സിെന്റ വർഗസമര സിദ്ധാന്തത്തെ വർഗ ഉന്മൂലന പ്രയോഗമായി ആവിഷ്കരിക്കപ്പെട്ടതോടെ, ''ഞാനൊരു രക്തദാഹിയല്ല'' എന്ന മാർക്സിെന്റ തന്നെ വിഖ്യാതമായ പ്രസ്താവം അസാധുവായിത്തീരുകയും പൻഡോറയുടെ പേടകമെന്ന യവനപുരാവൃത്ത സങ്കൽപനത്തെ അനുസ്മരിപ്പിക്കുംവിധം, പ്രതീക്ഷ (വിപ്ലവം) പരകോടി ജനഹൃദയപേടകത്തിൽ അടക്കംചെയ്യപ്പെടുകയും രക്തച്ചൊരിച്ചിലും രക്താസക്തിയും ശാശ്വത വിനാശമായി ലോകത്തിൽ പ്രസരണം ചെയ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയത്തിൽ ശത്രുക്കളില്ല, എതിരാളികളേ ഉള്ളൂ എന്നും ശത്രുക്കൾ നിഗ്രഹിക്കപ്പെടേണ്ടവരാണെങ്കിൽ എതിരാളികൾ പരാജയപ്പെടുത്തേണ്ടവരാണെന്നുമുള്ള, വിപ്ലവത്തെ സംബന്ധിച്ച അടിസ്ഥാന കാഴ്ചപ്പാട് തമസ്കരിക്കപ്പെട്ടു. മാർക്സിസം സമൂഹത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച ശാസ്ത്രവും ദർശനവുമാണെന്ന മുഖ്യവാദം ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ അതിനെ പാടേ നിഷേധിക്കുന്ന വർഗശത്രു ഉന്മൂലന സിദ്ധാന്തം ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. സ്റ്റാലിെന്റ ഭരണകാലത്ത് 20 ദശലക്ഷത്തിലധികം ആളുകൾ റഷ്യയിൽ കൊലചെയ്യപ്പെട്ടിരുന്നുവെന്ന് പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനായ സൈമൺ സെബാഗ് വെളിപ്പെടുത്തുന്നു. സ്റ്റാലിൻ സോവിയറ്റ് യൂനിയനിൽ നടത്തിയ നരഹത്യയെക്കുറിച്ച് നൂറിലധികം ഗവേഷണപഠനങ്ങളും വിവരശേഖരങ്ങളും നിരവധി ഗ്രന്ഥങ്ങളുമുണ്ട്. മാവോ സേതൂങ്ങിന്റെ ഭരണകാലത്ത് ചൈനയിൽ സോവിയറ്റ് യൂനിയനിലേക്കാൾ ആളുകൾ വധിക്കപ്പെട്ടിരുന്നുവെന്നും ഇതിൽ സിംഹഭാഗവും സാംസ്കാരികവിപ്ലവകാലത്തായിരുന്നുവെന്നതും ഇതിനകം വെളിവാക്കപ്പെട്ടതാണ്. കമ്യൂണിസമെന്ന ആത്യന്തിക ലക്ഷ്യത്തിെന്റ പ്രാഗ് വസന്തകാലമായി വാഴ്ത്തപ്പെട്ട സാംസ്കാരികവിപ്ലവം, രക്താഭിഷിക്തമായ സ്വവർഗഹത്യയുടെ ഉത്സവമായിരുന്നു. വർഗശത്രുത, വർഗ എതിരായ്മക്കു കടവിരുദ്ധമാണെന്ന് തിരിച്ചറിയപ്പെടാതെ പോവുന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നും അഭിമുഖീകരിക്കുന്ന പ്രതിസന്ധി. വർഗശത്രുവിെന്റ ശരീരത്തെ ഉന്മൂലനം ചെയ്യുന്നതാണ് വർഗസമരം എന്ന കിരാത സങ്കൽപനം വർഗബന്ധങ്ങളെക്കുറിച്ചുള്ള മാർക്സിയൻ കാഴ്ചപ്പാടിനു വെല്ലുവിളിയാണ്. കാരണം, അധീശത്വവർഗത്തിെന്റ സർവാധിനിവേശം സമഗ്രമായ ഒരു രാഷ്ട്രീയ-സാംസ്കാരിക പ്രതിഭാസമായിരിക്കെ വർഗശത്രുവിെന്റ ജീവൻ നശിപ്പിച്ചാലും സമൂഹത്തിലെ അധിനിവേശ പ്രത്യയശാസ്ത്രം അവസാനിക്കുന്നില്ല.

ഒരു സാംസ്കാരിക വിപ്ലവകാല ചിത്രം

'ശത്രുവിെന്റ ശത്രു മിത്രം' എന്ന കമ്യൂണിസ്റ്റ് പഴമൊഴിക്കു പകരം 'ശത്രുവിെന്റ മിത്രം ശത്രു'വെന്ന പുതുമൊഴി ഡമോക്ലിസിെന്റ വാൾപോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്റ വളർച്ചയെ മുരടിപ്പിച്ചതിെന്റ ദയനീയദൃശ്യത്തിൽനിന്ന് പാഠം പഠിച്ചില്ല. ''ശത്രുവിെന്റ മിത്രം ശത്രു''വെന്നത് ഒരു രാഷ്ട്രീയ സംശയരോഗാവസ്ഥ ആയി വളരുകയും വർഗവഞ്ചകരെന്നു മുദ്രകുത്തി അനേകായിരങ്ങളെ ഉന്മൂലനം ചെയ്യുന്ന പ്രവണതയായി തുടരുകയും ചെയ്യുന്നു. ഇത്തരമൊരു മിഥ്യാഭ്രമത്തിലധിഷ്ഠിതമായ മാനസിക രോഗം കടുത്ത ഒരു വൈകാരികമൂർച്ഛയായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിലനിൽക്കുന്നുവെന്നതല്ല പ്രസക്തമായിരിക്കുന്നത്. മറിച്ച്, ഈ കടുത്ത വൈകാരിക വിഭ്രാന്തി സർവ രാഷ്ട്രീയ നയരൂപവത്കരണങ്ങളെയും നിർണയിക്കുന്നുവെന്നതാണ് അത്ഭുതകരമായിരിക്കുന്നത്. അങ്ങനെ തീക്ഷ്ണമായ വൈകാരിക വിഭ്രാന്തിക്കടിപ്പെട്ട കമ്യൂണിസ്റ്റ് നേതൃത്വം, മദയാനപ്പുറത്തേറിയ പാപ്പാനെപ്പോലെ വിറളിപൂണ്ടിരിക്കുമ്പോഴും മദയാനയുടെ പരാക്രമങ്ങളെ മുഴുവൻ ന്യായീകരിക്കുക മാത്രമല്ല, താനാണ് ആനയെ നയിക്കുന്നത് എന്ന് വീമ്പിളക്കുകയും ചെയ്യുന്നു. തീർന്നില്ല. സ്ഥലജലവിഭ്രാന്തിക്കും ശത്രുസംഹാരാസക്തിക്കുമടിപ്പെട്ട് ചിന്താശേഷിയും സാമാന്യബുദ്ധിയും നഷ്ടമായിട്ടും മാർക്സിസം ഒരു ശാസ്ത്രമാണെന്നും ചരിത്രത്തെയും സമൂഹത്തെയും സമഗ്രമായി അപഗ്രഥിക്കാൻ ശേഷിയുള്ള ദർശനമാണെന്നും ആവർത്തിച്ച് ആണയിടുകയും ചെയ്യുന്നു. യഥാർഥത്തിൽ ശത്രുവിെന്റ മിത്രമാണെന്ന സംശയമല്ല, തങ്ങളുടെ അധികാരഭദ്രത തകരുമെന്ന ഭയമാണ് സ്വർഗഹത്യാനുരാഗികളാക്കി പല രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മാറ്റിയത്. ഈ പ്രത്യയശാസ്ത്ര വിപരിണാമം (കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ലോകരാഷ്ട്രീയഭൂപടത്തിൽനിന്നും തീരെ ചെറിയ കോണുകളിലേക്കു മാറ്റി.

മുതലാളിത്ത സർവാധിനിവേശത്തിനു ബദൽ കണ്ടെത്താൻ കഴിയാത്തതിനുകാരണം കമ്യൂണിസത്തിെന്റ പ്രയോഗമാതൃകകളുടെ അഭാവമാണെന്ന ധാരണക്ക് ഇന്ന് വ്യാപകമായ സ്വീകാര്യതയുണ്ട്. ഫിദൽ കാസ്േട്രാ തെന്റ ആത്മകഥയിൽ, മുതലാളിത്തമാണ് ലെനിൻ സോവിയറ്റ് യൂനിയനിൽ വികസിപ്പിച്ചതെന്ന നിരീക്ഷണം, പക്ഷേ കമ്യൂണിസ്റ്റു വിമർശകർപോലും കണ്ടില്ല. മുതലാളിത്ത വികസന പാത വിനീതവിധേയരായി നടപ്പാക്കാനുള്ള കമ്യൂണിസ്റ്റ് ഭ്രമം മുതലാളിത്തത്തിനെതിരായ വിപ്ലവലക്ഷ്യത്തെ പരോക്ഷമായി റദ്ദ് ചെയ്തിരിക്കയാണ്.

കാലഹരണപ്പെടുന്ന സ്റ്റാലിനിസം

നിറംപിടിപ്പിച്ച മിത്തുകൾക്കുള്ളിലാണ് വലിയ യാഥാർഥ്യങ്ങൾ മുളപൊട്ടുന്നത്. സ്വർഗ, നരക കൽപനകൾ മതങ്ങളുടെ സുവർണവികാസത്തിന് ആസ്പദമാവുന്നതുപോലെ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്റ വളർച്ചക്ക് കാരണമായത് ചില ബലിഷ്ഠമായ മിത്തുകളാണ്. അതിൽ പ്രധാനപ്പെട്ട ഒന്ന് മുതലാളിത്തവും സോഷ്യലിസവും രണ്ട് പരസ്പര വിരുദ്ധമായ സാമ്പത്തിക വ്യവസ്ഥകളാണ് എന്നതാണ്. സോഷ്യലിസം എന്നത് യഥാർഥത്തിൽ ഒരു സാമ്പത്തികവ്യവസ്ഥയേ അല്ല. സമ്പത്ത് തുല്യമായി ഒരു സമൂഹത്തിൽ വിതരണം ചെയ്യപ്പെട്ടാലും മാർക്സ് 'മൂലധന'ത്തിൽ പ്രശ്നവത്കരിച്ച മൂലധനവ്യവസ്ഥ ആ സമൂഹത്തിൽ ഇല്ലാതാവുന്നില്ല. മാത്രമല്ല അത്തരമൊരു സമൂഹം നിലവിൽവന്നാൽപോലും അതിെന്റ ഉൽപാദനാടിത്തറ മൂലധനം തന്നെയായിരിക്കും. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ ഗതിവിഗതികൾതന്നെ അതിന് നിർണായക തെളിവുകളാണ്. മൂലധനത്തിെന്റ അടിസ്ഥാന സവിശേഷത അതിെന്റ കേന്ദ്രീകരണവും മിച്ചമൂല്യത്തിെന്റ ഉൽപാദനവുമാണ്. ഇതു രണ്ടിനെയും സാധ്യമാക്കുന്നതിൽ അടിസ്ഥാനപരമായ പങ്കുവഹിക്കുന്നത് കേന്ദ്രീകൃത ഭരണവ്യവസ്ഥയാണ്. സോഷ്യലിസത്തിെന്റ ജൈവയന്ത്രം കേന്ദ്രീകൃത ഭരണവ്യവസ്ഥതന്നെയായതിനാൽ മൂലധനകേന്ദ്രീകരണവും മിച്ചമൂല്യ ഉൽപാദനവും പൂർവാധികം ശക്തിപ്രാപിക്കുകയല്ലാതെ ക്ഷയിക്കുന്നില്ല. മാർക്സ് ആവട്ടെ തെന്റ ബൃഹത്തായ 'മൂലധന'ത്തിൽ, മുതലാളിത്തത്തെ സമഗ്രവും ആഴത്തിലും വിശകലനം ചെയ്യുന്നതല്ലാതെ, ഒരു വികേന്ദ്രീകൃത ഭരണ-രാഷ്ട്രീയവ്യവസ്ഥയെ സംബന്ധിച്ച അന്വേഷണം നടത്തുന്നുമില്ല. പകരം, ''ഓരോരുത്തനും അവെന്റ കഴിവിനനുസരിച്ച്'', ''ഓരോരുത്തനും അവെന്റ ആവശ്യത്തിനനുസരിച്ച്'' തുടങ്ങിയ ഉട്ടോപ്യൻ മുദ്രാവാക്യങ്ങൾ മുന്നോട്ടുവെക്കുകയാണ് മാർക്സ് ചെയ്തത്. ഇതാണ് ശാസ്ത്രീയ സോഷ്യലിസമെങ്കിൽ മതങ്ങൾ, ഉട്ടോപ്യൻ സോഷ്യലിസ്റ്റ് സ്കൂളുകൾ എന്നിവയും കമ്യൂണിസവും തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമൊന്നുമില്ലെന്നുതന്നെ പറയാം. എന്നാൽ ഇതംഗീകരിക്കാൻ കഴിയാത്തവിധം ആഴത്തിൽ വേരൂന്നിക്കഴിഞ്ഞതാണ്, 'ശാസ്ത്രീയസോഷ്യലിസ'ത്തെ സംബന്ധിച്ച മിത്തുകൾ.

മിത്തുകൾ ഇവിടെ അവസാനിക്കുന്നില്ല. കമ്യൂണിസ്റ്റുപാർട്ടികൾ ഇപ്പോഴും സ്റ്റാലിനിസത്തിെന്റ അടിവേരിൽ ഉറപ്പിക്കപ്പെട്ടതാണെന്നതാണ് ഒരു അംഗീകൃത മിത്ത്. കമ്യൂണിസ്റ്റുകൾ ഇതിൽ അഭിമാനിക്കുകയും ചെയ്യുന്നു. 30 വർഷം വിവിധ പീഡനങ്ങളിലൂടെ സ്വേച്ഛാധിപത്യം നിലനിർത്തിയ സ്റ്റാലിെന്റ സോഷ്യൽ ഫാഷിസത്തിൽനിന്ന് കമ്യൂണിസ്റ്റ് അധികാരയന്ത്രം ഏറെ വികസിച്ചിരിക്കുന്നുവെന്ന് കാണാത്തവരാണ്, 'സ്റ്റാലിനിസ്റ്റ് ഭൂതബാധ'യിൽ രമിക്കുകയും ഭീതിദരാവുകയും ചെയ്യുന്നത്. 'മാർക്സിയൻ ഭൂതങ്ങൾ' എന്ന ഗ്രന്ഥത്തിൽ ദെറിദ ഉപദർശിക്കുന്ന മാർക്സിെന്റ ഭൂതങ്ങളല്ല, സ്റ്റാലിെന്റ അധികാര ദൈവങ്ങളാണ് മാർക്സിസ്റ്റ് വിമർശകരെപ്പോലും ഇന്ന് ആവാഹിച്ചിരിക്കുന്നത്.

ജോസഫ് സ്റ്റാലിൻ

സ്റ്റാലിനിസത്തിെന്റ പീഡനമുറകൾ മൂർത്തമായ അധികാരപ്രമത്തതയുടെ ബൃഹത് രൂപങ്ങളായിരുന്നെങ്കിൽ, ഇന്ന് സോഷ്യൽ ഫാഷിസം വികസിച്ച് സങ്കീർണമായ ജൈവാധികാരശക്തിയായി പരിണമിച്ചിരിക്കുന്നു. പാർട്ടിസംഘടനയെ നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്ര യന്ത്രമെന്ന നിലയിലും സ്റ്റാലിനിസം കാലഹരണപ്പെട്ടിരിക്കുന്നു. സൈന്യത്തിന്റെയും രഹസ്യപൊലീസിെന്റയും തടങ്കൽപാളയങ്ങളുടെയും സഹായമില്ലാതെതന്നെ 'ശത്രുക്കളെ' നിഗ്രഹിക്കാനുള്ള സൂക്ഷ്മ ആയുധങ്ങളുടെ പ്രയോഗമാണ് സ്റ്റാലിനിസത്തെ കവച്ചുവെച്ച്, കമ്യൂണിസ്റ്റ് അധികാരം വികസിക്കാൻ കാരണം. ഉന്മൂലനം പൂർവാധികം ശക്തിപ്പെടുന്നു. ജീവനെ മാത്രമല്ല, ജീവിതങ്ങളെ തന്നെ നശിപ്പിക്കാനുള്ള നവംനവങ്ങളായ രാഷ്ട്രീയമുറകളിലൂടെയാണ് ഇത് നിലനിൽക്കുന്നത്. സ്റ്റാലിനിസം അധികാരശക്തി ഉപയോഗിച്ചാണ് അധിനിവേശം സ്ഥാപിച്ചതെങ്കിൽ 'നവസ്റ്റാലിനിസം' അധികാരത്തെ മൂലധനവുമായി വിളക്കിച്ചേർക്കുന്നു. സ്റ്റാലിൻ എല്ലാ അധികാരങ്ങളും തന്നിൽ കേന്ദ്രീകരിച്ചിരുന്നെങ്കിൽ, നവകമ്യൂണിസ്റ്റധികാരം, വ്യക്തിപ്രഭാവത്തെ, രാഷ്ട്രീയത്തിൽ പ്രസരണം ചെയ്ത്, അനേകം സ്റ്റാലിനിസ്റ്റ് സ്വരൂപങ്ങളെ സൃഷ്ടിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ നവകമ്യൂണിസ്റ്റ് സംഘടനാധികാരം ക്ലാസിക്കൽ സ്റ്റാലിനിസത്തിെന്റ മാതൃകയിലല്ല പ്രവർത്തിക്കുന്നത്. നവ കമ്യൂണിസ്റ്റ് അധികാരം പഴയ കേന്ദ്രീകരണവും കാർക്കശ്യവും മാറ്റി പാർട്ടി സംഘടനയെ നവ ലിബറൽകാലത്തിനനുസരിച്ച് അയവേറിയതാക്കുന്നു. അങ്ങനെ ഓജസ്സും തേജസ്സുമുള്ള വിധേയവ്യക്തിത്വങ്ങളെ വിന്യസിപ്പിക്കുന്നു. ഇതിനർഥം സ്വേച്ഛാധിപത്യപ്രവണതയും വിമതസ്വരനിരാസവും ഇല്ലാതായി എന്നല്ല.

വിഖ്യാത ജർമൻ മാർക്സിസ്റ്റും ഫെമിനിസ്റ്റുമായ റോസ ലക്സംബർഗ് ഇങ്ങനെ എഴുതി: ''സ്വാതന്ത്ര്യമെന്നത് എക്കാലവും പൂർണമായും വ്യത്യസ്തമായി ചിന്തിക്കുന്ന വ്യക്തിക്കുള്ള സ്വാതന്ത്ര്യമാണ്'' വിപ്ലവത്തിെന്റ പരുന്ത് എന്ന് ലെനിൻ വിശേഷിപ്പിച്ച റോസ, 1919ൽ അതിക്രൂരമായി കൊലചെയ്യപ്പെട്ടു.

ക്ലാസിക്കൽ സ്റ്റാലിനിസം വിമതസ്വരങ്ങളെ സമ്പൂർണമായി റദ്ദ് ചെയ്തിരുന്നതിനാൽ ഇന്നും ഈ പ്രവണത അതേപടി തുടരുന്നുവെന്നാണ് പൊതുവിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിമർശകർ കരുതുന്നത്. എന്നാൽ അത് ശരിയല്ല. ബദൽ ചിന്തകളെ ഉൾക്കൊള്ളാനുള്ള സൈദ്ധാന്തികതലത്തിലെ സർഗശേഷി ഇന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനില്ല എന്നത് യാഥാർഥ്യമാണ്. പക്ഷേ, വിയോജിപ്പുകളെയും വിമത സ്വരങ്ങളെയും പഴയരീതിയിൽ നിർമാർജനം ചെയ്യുകയല്ല, അവയെ പുതിയ അധികാരക്രമത്തിനനുസരിച്ച് പാകപ്പെടുത്തുകയാണ് ഇന്നു ചെയ്യുന്നത്. വിമതസ്വരം ആരുയർത്തുന്നു എന്നതാണ് പ്രശ്നം. ഇവിടെ വസ്തുനിഷ്ഠതയെക്കാൾ ആത്മനിഷ്ഠതക്കാണ് നവരാഷ്ട്രീയാധികാരം മുൻതൂക്കം കൊടുക്കുന്നത്. സജാതീയ ജന്തുക്കളോട് ഇണക്കവും വിജാതീയമായവയോട് എതിർപ്പും പ്രകടിപ്പിക്കുന്ന മൃഗസഹജമായ പ്രവണതക്കു സമാനമായ ഒരുതരം മാനസികപ്രതിഭാസത്തിനനുസരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വിജാതീയ വിഭാഗം എതിർസ്വരമുയർത്തിയില്ലെങ്കിലും അവർ സംഘടനയിൽ തമസ്കരിക്കപ്പെടുകയും സജാതീയർ വിമതസ്വരമുയർത്തിയാലും സംഘടനയിൽ ചിലപ്പോൾ ഉയർത്തപ്പെടുകയും ചെയ്യുന്ന ഒരു പുതിയ സംഘടനാപരമായ സാങ്കേതിക തന്ത്രത്തിലൂടെയാണ് നവരാഷ്ട്രീയാധികാരം പ്രവർത്തിക്കുന്നത്. നവലിബറൽ മുതലാളിത്തഘട്ടത്തിൽ പാർട്ടി സംഘടനയെ മരവിപ്പിച്ചു നിർത്തുന്ന ക്ലാസിക്കൽ സ്റ്റാലിനിസം പ്രായോഗികമല്ല.

ലെനിനും കൊളോണിയൽ തിസീസും

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ എക്കാലത്തെയും ഉന്നതനായ കമ്യൂണിസ്റ്റ് മനീഷി എം.എൻ. റോയ് ആയിരുന്നു. മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെയും (താഷ്കന്റ് ഗ്രൂപ്പ്) സ്ഥാപകനായിരുന്ന എം.എൻ. റോയ് ലെനിനുമായി സംവാദത്തിലേർപ്പെടുകയും, ലെനിെന്റ നിർദേശമനുസരിച്ച്, അദ്ദേഹം തയാറാക്കിയ, ''ദേശീയവും കൊളോണിയൽ സംബന്ധവുമായ പ്രശ്നത്തെ സംബന്ധിച്ച സിദ്ധാന്ത''ത്തിന് വിമർശനാത്മകമായ സിദ്ധാന്തം എഴുതി തയാറാക്കുകയും ചെയ്തു. കോളനിരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ അവിടത്തെ കൊളോണിയൽ വിരുദ്ധ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളോട് അവലംബിക്കേണ്ട രാഷ്ട്രീയനയം രൂപപ്പെടുത്തേണ്ടതിനെക്കുറിച്ചുള്ള ചരിത്രപ്രസിദ്ധമായ 'കൊളോണിയൽ തിസീസ്' തയാറാവുന്നത് അങ്ങനെയാണ്. റഷ്യയിൽനടന്ന, കോമിേന്റൺ (1920) നിർണായകമായിരുന്നു. കോളനിരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ആ രാജ്യങ്ങളിലെ 'ബൂർഷ്വാ ജനാധിപത്യവിമോചന' പ്രസ്ഥാനങ്ങളെ പിന്തുണക്കണമെന്ന ലെനിെന്റ നിലപാടിനോട് എം.എൻ. റോയ് ശക്തമായി വിയോജിച്ചു. വിപ്ലവസ്വഭാവമില്ലാത്ത ബൂർഷ്വാപ്രസ്ഥാനങ്ങളോട് ഐക്യപ്പെടാൻ കഴിയില്ലെന്ന് റോയ് വാദിച്ചു. അദ്ദേഹം ബൂർഷ്വാപ്രസ്ഥാനങ്ങളിലെ ശക്തികളെ നാലായി വർഗീകരിച്ചു. (1) ഫ്യൂഡൽ-സൈനിക ശക്തികൾ (2) ദല്ലാൾ ബൂർഷ്വകൾ (3) ദേശീയ ബൂർഷ്വ (4) ചെറുകിട ബൂർഷ്വ. ഇതിൽ ആദ്യത്തെ രണ്ടും പ്രതിലോമശക്തികളാണെന്ന റോയിയുടെ നിലപാട് ലെനിൻ അംഗീകരിക്കുകയും തെന്റ തിസീസ് അതിനനുസൃതമായി തിരുത്തുകയും ചെയ്തതാണ് കോമിേന്റൺ അംഗീകരിച്ച പ്രസിദ്ധമായ കൊളോണിയൽ തിസീസ്. മുഖ്യശത്രുവിനോടുള്ള കമ്യൂണിസ്റ്റ് നിലപാടിെന്റ ആദ്യത്തെ സൈദ്ധാന്തികരേഖയാണിത്. ഉയർന്ന ചിന്തകനായിരുന്നെങ്കിലും രാഷ്ട്രീയമേഖലയിൽ വലിയ പ്രവർത്തന പാരമ്പര്യമില്ലാതിരുന്ന റോയിയെ തെന്റ തിസീസിന് ബദലായി വിമർശനാത്മകമായ പഠനം തയാറാക്കാനും അതിലെ ചില പ്രധാന നിലപാടുകൾ സ്വീകരിക്കാനും തയാറായത് ലെനിെന്റ ഉന്നതമായ ജനാധിപത്യ വീക്ഷണമാണ് പ്രകടമാക്കിയത്. പക്ഷേ, സാർവദേശീയതലത്തിലെ മുഖ്യശത്രുവായ കൊളോണിയലിസത്തിനെതിരെ ഉയർന്നുവരുന്ന ദേശീയപ്രസ്ഥാനങ്ങളെ, അവയെ വർഗപരമായി വേർതിരിക്കാതെ പിന്തുണക്കണമെന്ന ലെനിെന്റ നിലപാടുതന്നെയായിരുന്നു ശാസ്ത്രീയ കാഴ്ചപ്പാട്. റോയിയുടേത്, ഇന്നും എന്നും പൊതുവിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്തുടരുന്ന സെക്ടേറിയൻ സമീപനമായിരുന്നു. ഇത് കാൾ മാർക്സിന്റെ രാഷ്ട്രീയനിലപാടിനുതന്നെ കടകവിരുദ്ധമായിരുന്നു. അയർലൻഡിെന്റ സ്വാതന്ത്ര്യസമരത്തിനും ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരത്തിനും മാർക്സും ഏംഗൽസും നൽകിയ നിരുപാധിക പിന്തുണതന്നെ ഉദാഹരണം. 1857ലെ ദേശീയകലാപത്തിൽ, റോയ് പ്രതിലോമകാരികളായി വർഗീകരിച്ച സൈനികശക്തികളും ഫ്യൂഡൽഭരണാധികാരികളുമായിരുന്നു നേതൃത്വം നൽകിയത്. ഇത് പക്ഷേ, മാർക്സിനെ പ്രസ്തുത കലാപത്തെ, 'ഒന്നാം സ്വാതന്ത്ര്യസമര'മെന്നു വിശേഷിപ്പിക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ചില്ല. 


ഇവിടെയാണ് മാർക്സിസവുമായി ബന്ധപ്പെട്ട മറ്റൊരു വലിയ മിത്ത് പ്രകടമാവുന്നത്. ''നാളിന്നുവരെയുള്ള (പ്രാകൃത കമ്യൂണിസത്തിെന്റ തകർച്ചക്കുശേഷം) ചരിത്രം വർഗസമരമാണ്'' എന്ന കമ്യൂണിസ്റ്റ് മാനിഫെേസ്റ്റായിലെ നിഗമനത്തെക്കുറിച്ചാണ് പറയുന്നത്. സമൂഹത്തിലെ വിരുദ്ധശക്തികൾ തമ്മിലുള്ള സംഘർഷം ചരിത്രത്തിലെ നിർണായകമായ ഒരു പ്രതിഭാസമാണ്. പക്ഷേ, ചരിത്രത്തെ നിർണയിക്കുന്നത് അതുമാത്രമല്ല. വിരുദ്ധ ശക്തികളേക്കാൾ സമാനശക്തികൾ തമ്മിലുള്ള സമരങ്ങളും സംഘർഷങ്ങളുമാണ് പലപ്പോഴും വിരുദ്ധശക്തികളുടെ വൈരുധ്യത്തെക്കാൾ നിയാമകശക്തിയായി ചരിത്രത്തിൽ ഉയർന്നുവന്നത്. അതിെന്റ ഉദാഹരണങ്ങളിലൊന്നാണ് ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരം. ഇന്ത്യയിൽ ബ്രിട്ടീഷ് കൊളോണിയലിസം സ്ഥാപിക്കപ്പെടാൻ കാരണം ഇന്ത്യയിലെ രാജാക്കന്മാർ പരസ്പരം നടത്തിയ യുദ്ധപരമ്പരയാണെന്ന് മാർക്സ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ലോകയുദ്ധം കൊള്ളമുതൽ പങ്കിടാൻ വേണ്ടി സാമ്രാജ്യത്വശക്തികൾ പരസ്പരം നടത്തിയ യുദ്ധമാണെന്ന് ലെനിനും നിരീക്ഷിക്കുകയുണ്ടായി. രണ്ടാം ലോകയുദ്ധത്തിന്റെ രാഷ്ട്രീയപരിസരവും ഇതുതന്നെയായിരുന്നു. വിരുദ്ധശക്തികളെക്കാൾ സമാനശക്തികൾ തമ്മിൽ സംഘർഷത്തിലേർപ്പെടുകയും വിരുദ്ധശക്തികളുമായി പരോക്ഷമോ പ്രത്യക്ഷമോ ആയ ഐക്യം സ്ഥാപിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇന്ന് സമൂഹത്തിൽ വളർന്നുവരുന്നത്. അമ്പതിലധികം കമ്യൂണിസ്റ്റ് (നക്സൽ-മാവോയിസ്റ്റ്) ഗ്രൂപ്പുകളും പാർട്ടികളും തമ്മിൽ നടക്കുന്ന നിശ്ശബ്ദ സംഘർഷങ്ങൾ സമാനശക്തികൾ തമ്മിലുള്ള വൈരുധ്യത്തിെന്റ ഒരു പ്രധാന ഉദാഹരണമാണ്. ദലിത്ജനതയുടെ വിമോചനത്തിനുവേണ്ടി പ്രവർത്തിക്കുന്ന അംബേദ്കറിസ്റ്റുകളും കമ്യൂണിസ്റ്റ് പാർട്ടികളും തമ്മിലുള്ള വൈരുധ്യമാണ് മറ്റൊന്ന്. പ്രത്യക്ഷത്തിൽ സമാനശക്തികളായിരിക്കുമ്പോഴും പരോക്ഷമായി ശാശ്വതസംഘർഷത്തിൽ വർത്തിക്കുകയും വിരുദ്ധശക്തികളുമായി സമാധാനം സ്ഥാപിക്കുകയും ചെയ്യുന്ന അഭിനവചാണക്യതന്ത്രം പക്ഷേ, സ്വന്തം ശവക്കുഴി തോണ്ടുന്ന ദുരന്തഗ്രസ്തമായ കർമമാണെന്ന് തിരിച്ചറിയാത്തതാണ് ഇന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന ദുർഘടസന്ധി. ഇതിെന്റ ഭാഗമായിട്ടാണ് ബി.ജെ.പിക്കെതിരായ വിശാലമായ ഐക്യമുന്നണിയെന്ന ലക്ഷ്യത്തെ തുരങ്കംവെക്കുന്ന രീതിയിൽ കോൺഗ്രസുമായി രാഷ്ട്രീയസമ്പർക്കവിലക്ക് ഏർപ്പെടുത്തണമെന്ന വാദത്തിന് പ്രാമുഖ്യം ലഭിക്കുന്നത്. ഈ വാദം കൊളോണിയൽ തിസീസിൽ ലെനിൻ ഉയർത്തിയ മുഖ്യശത്രുവിനെതിരായ വിശാല ജനാധിപത്യ ഐക്യമെന്ന രാഷ്ട്രീയ അടവുനയത്തിനെതിരാണെന്ന് തിരിച്ചറിയപ്പെടുന്നില്ല. ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടനാമൂല്യങ്ങൾ എന്നിവക്കെതിരെ സംഘ്പരിവാർ ശക്തികൾ പണിതുയർത്തുന്ന ആയുധപ്പുരകളുടെ തണലിൽ ഇരുന്നുകൊണ്ടാണ് കോൺഗ്രസിന്റെ 'രാഷ്ട്രീയചാരിത്ര'ത്തിനെതിരെയുള്ള കല്ലേറുകൾ തുടർച്ചയായി നടക്കുന്നത്. ഈ അഭിനവരാഷ്ട്രീയ സദാചാരവാദം എം.എൻ. റോയിയുടെ പഴയ സെക്ടേറിയൻ നയത്തിെന്റ കാർബൺ കോപ്പിയാണ്. ഇന്ത്യയിൽ ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പുപോലും രൂപംകൊള്ളാത്ത കാലത്താണ് റോയ് ഈ സെക്ടേറിയൻ വാദമുയർത്തിയതെന്നോർക്കണം. പിൽക്കാലത്ത് കമ്യൂണിസ്റ്റ് ഇന്റർനാഷനലിൽനിന്ന് പുറത്താവുകയും നവഹ്യൂമനിസത്തിെന്റ പ്രണേതാവ് ആവുകയും ചെയ്ത എം.എൻ. റോയിയുടെ ആദ്യകാലവാദം ഒരു ദുർഭൂതംപോലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇന്നും പിന്തുടരുകയാണ്.

േട്രാട്സ്കിയുടെ താക്കീതുകൾ

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ലെനിനു സമശീർഷനായ ചിന്തകനും വിപ്ലവകാരിയുമായ ലിയോൺ േട്രാട്സ്കിയാണ് മുഖ്യശത്രുവിനെതിരായ ഐക്യമുന്നണിയെന്ന ആശയം ലെനിനുശേഷം വികസിപ്പിച്ചത്. ലെനിെന്റ കൊളോണിയൽ തിസീസ് കൊളോണിയലിസത്തിനെതിരായ ദേശീയവിമോചന പ്രസ്ഥാനങ്ങളെ കോർത്തിണക്കിയതായിരുന്നുവെങ്കിൽ േട്രാട്സ്കിയുടേത് ഫാഷിസത്തിനെതിരായ ഐക്യമുന്നണിയുമായി ബന്ധപ്പെട്ടതായിരുന്നു. കോമിേന്റണിൽ (കമ്യൂണിസ്റ്റ് ഇന്റർനാഷനൽ) ഐക്യ മുന്നണിയെന്ന ആശയം തുടക്കം മുതൽ പരിപോഷിപ്പിച്ച േട്രാട്സ്കി, ഹിറ്റ്ലർ അധികാരത്തിൽ വരുന്നതിനു മുമ്പുതന്നെ ആ വരവ് പ്രവചിച്ചതിന് സമാനമായ ഒരു രാഷ്ട്രീയ പ്രവചനം ചരിത്രത്തിലില്ല. േട്രാട്സ്കി കൃതികൾ ഗഹനമായ ചിന്തയുടെ നിദർശനങ്ങളാണ്. ഫാഷിസം എന്ന സാമൂഹിക സൈക്കോ പാത്തോളജിയെ ആദ്യമായി നിർവചിച്ച മാർക്സിസ്റ്റ് സൈദ്ധാന്തികനാണ് േട്രാട്സ്കി.

ഹിറ്റ്ലർ അധികാരത്തിൽ വരാനുള്ള തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കെ റെഡ് ആർമിയുടെ സ്ഥാപകനായ േട്രാട്സ്കി, സോവിയറ്റ് യൂനിയൻ ഫാഷിസത്തിനെതിരെ പ്രതിരോധം തീർക്കണമെന്നാവശ്യപ്പെട്ടു. ഹിറ്റ്ലർ ലോകത്തെ ഒരു യുദ്ധത്തിലേക്കു വലിച്ചിഴക്കുമെന്ന് േട്രാട്സ്കി 1933ൽതന്നെ പ്രവചിക്കുകയുണ്ടായി. ഫാഷിസത്തിെന്റ രാഷ്ട്രീയ ജനിതകഘടനയെ സൂക്ഷ്മമായി േട്രാട്സ്കി വിശകലനം ചെയ്തത് ഇന്ത്യൻ സാഹചര്യത്തിലും പ്രസക്തമാണ്. തൊഴിലാളിവർഗത്തിെന്റ സംഘാടനത്തിനിടയിൽ അവഗണിക്കപ്പെടുന്ന പെറ്റിബൂർഷ്വാസിയാണ് ഫാഷിസത്തിെന്റ നിർണായക ചാലകശക്തിയെന്നും മുതലാളിത്തം അതിനെ നയിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. പെറ്റി ബൂർഷ്വാസിയെക്കൂടാതെ, കർഷകവർഗം, പാപ്പരീകരിക്കപ്പെട്ട തൊഴിലാളിവർഗം (തുടങ്ങിയ ജനവിഭാഗങ്ങളാണ് ഫാഷിസ്റ്റുകളുടെ വർഗാടിത്തറയെന്നുമുള്ള േട്രാട്സ്കിയുടെ വിശകലനം ഇന്ത്യൻ ഫാഷിസത്തെക്കുറിച്ചും പ്രസക്തമാണ്. സംഘ്പരിവാർ എന്നു പറഞ്ഞാൽ ബ്രാഹ്മണാധിപത്യത്തിെന്റ ഒറ്റക്കാലിൽ സഞ്ചരിക്കുന്ന രാഷ്ട്രീയ ശക്തിയാണെന്ന കാലഹരണപ്പെട്ട വർഗവിശകലനം കമ്യൂണിസ്റ്റുകൾക്കിടയിലും ദലിത്പ്രസ്ഥാനങ്ങളിലും കനപ്പെട്ടുനിൽക്കുന്നുണ്ട്. ഇത് ഫാഷിസ്റ്റുശക്തികളുടെ വളർച്ചയെ നേരിടുന്നതിൽനിന്നും അവരെ തടയുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്റ അമിതമായ ആത്മവിശ്വാസത്തിെന്റയും അവഗണിക്കപ്പെട്ട പെറ്റിബൂർഷ്വാ വിഭാഗങ്ങളുടെ നിരാശയുടെയും ഇടയിലെ ശൂന്യസ്ഥലിയിൽനിന്നാണ് ഫാഷിസം അണുരൂപികളായി വളർന്ന് തിടംവെച്ചത്. ജർമൻ കമ്യൂണിസ്റ്റ് പാർട്ടി, നാസിസത്തെ ഗൗരവപൂർണമായ ഒരു രാഷ്ട്രീയശക്തിയായി തിരിച്ചറിഞ്ഞില്ല. ഫാഷിസത്തിനെതിരായ ഐക്യമുന്നണിയെന്ന േട്രാട്സ്കിയുടെ ആവർത്തിച്ചുള്ള അഭ്യർഥന യൂറോപ്പിൽ ഒരു രാഷ്ട്രീയ വനരോദനം മാത്രമായി മാറി. 1933ൽ ഹിറ്റ്ലർ അധികാരത്തിൽ വരുമ്പോൾ മുപ്പതിലധികം രാഷ്ട്രീയ പാർട്ടികൾ ജർമനിയിലുണ്ടായിരുന്നു. ഇതിൽ മൂന്നോ നാലോ പാർട്ടികളുമായി ജർമൻ കമ്യൂണിസ്റ്റ് പാർട്ടി ഐക്യം സ്ഥാപിച്ചിരുന്നെങ്കിൽ ഹിറ്റ്ലർ എന്ന ദുരന്തം ലോകത്തിലുണ്ടാവുമായിരുന്നില്ല. മാത്രമല്ല സ്റ്റാലിനെതിരെ വിമർശനമുന്നയിച്ച േട്രാട്സ്കി കോമിേന്റണിൽനിന്ന് പുറത്താക്കപ്പെടുകയും നാടുകടത്തപ്പെടുകയും സ്റ്റാലിൻ നിയോഗിച്ച ഘാതകനാൽ ഐസ്കഠാരകൊണ്ട് അറുകൊല ചെയ്യപ്പെടുകയും ചെയ്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ, 'വിരുദ്ധശക്തികൾ തമ്മിലുള്ള സംഘർഷ'ത്തിെന്റയും സ്വവർഗരക്തദാഹത്തിെന്റയും കങ്കാളരൂപമായി ചരിത്രത്താളുകളിൽ മുദ്രചാർത്തപ്പെട്ടു. േട്രാട്സ്കിയുടെ ജീവൻ കവർന്ന ഐസ്കഠാര എന്നോ ഉരുകിപ്പോയെങ്കിലും അതിെന്റ ഘോരമായ മൂർച്ച മനുഷ്യമനഃസാക്ഷിയെ എക്കാലവും മുറിവേൽപ്പിച്ചുകൊണ്ടേയിരിക്കും.

അന്റോണിയോ ഗ്രാംഷിയും ഫാഷിസവും

ഫാഷിസ്റ്റ് ഭീകരതയുടെ രക്തസാക്ഷിയായ ഗ്രാംഷിയോളം യാതനാനിർഭരമായ ജീവിതം നയിച്ച ഒരു കമ്യൂണിസ്റ്റ് ചിന്തകനുണ്ടാവില്ല. ഇറ്റാലിയൻ ഫാഷിസത്തിനെതിരെ ഐക്യമുന്നണിയുണ്ടാക്കാൻ ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയായ പി.സി.ഐയോട് ആവശ്യപ്പെട്ട ഗ്രാംഷിയുടെ ശബ്ദവും േട്രാട്സ്കിയുടേതുപോലെ നിബിഡവനരോദനമായി ചരിത്രത്തിൽ അവശേഷിച്ചു. ഗ്രാംഷിയുടെ വിഖ്യാതമായ 'ജയിൽകുറിപ്പുകളി'ൽ ഫാഷിസത്തിെന്റ വർഗാടിത്തറയെ, സാമ്പത്തിക നിർണയവാദത്തിൽനിന്നും വിച്ഛേദിച്ച് വിശകലനം ചെയ്യുകയായിരുന്നു ഗ്രാംഷി. കമ്യൂണിസ്റ്റ് പാർട്ടിക്കുമാത്രമായി നടത്താൻ കഴിയുന്ന ഒറ്റയാൻ സമരമാണ് ഫാഷിസ്റ്റുവിരുദ്ധ മുന്നേറ്റമെന്ന മിഥ്യാബോധത്തെ തൊലിയുരിക്കുന്നതായിരുന്നു ഗ്രാംഷിയൻ വിചാരവിപ്ലവം. സ്റ്റാലിനിസത്തിെന്റ ശക്തനായ വിമർശകനായിരുന്ന ഗ്രാംഷിയുടെ ഫാഷിസ്റ്റുവിരുദ്ധ ഐക്യമുന്നണിയിൽ വർഗശുദ്ധിബാധ ഇല്ലായിരുന്നുവെന്നത് തിരിച്ചറിയപ്പെടാതെപോയതാണ് ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്രത്തിെന്റ പല നിർണായകഘട്ടങ്ങളിലും രാഷ്ട്രീയമായി സ്തംഭിച്ചുപോയതിെന്റ അടിസ്ഥാനകാരണം.

ജോർജി ദിമിേത്രാവിെന്റ ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണി സിദ്ധാന്തം തൊഴിലാളിവർഗത്തിെന്റ ഐക്യമുന്നണി രൂപപ്പെടുത്തുന്നതുവരെ വിശാല ജനകീയമുന്നണി രൂപവത്കരിക്കാൻ കഴിയില്ലെന്ന, സാർവദേശീയ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിലെ വേരുറച്ചുപോയ സെക്ടേറിയൻ കാഴ്ചപ്പാടിനെ ശക്തമായി വിമർശിച്ചുകൊണ്ടാണ് ജോർജി ദിമിേത്രാവ് ഫാഷിസത്തിനെതിരായ തെന്റ അടവുനയം രൂപവത്കരിച്ചത്. ഇവിടെ നാം കണ്ട സെക്ടേറിയൻ സമീപനം സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിൽ കൂടുതൽ ബലിഷ്ഠമായി.


കോൺഗ്രസിനെ ബൂർഷ്വാ പ്രതിലോമപ്രസ്ഥാനമായി അകറ്റിനിർത്തിക്കൊണ്ട്, ഇടതു-പുരോഗമന പാർട്ടികളുമായി മാത്രം ഐക്യമുണ്ടാക്കുകയെന്ന നയം ഫാഷിസത്തിെന്റ അപകടം തിരിച്ചറിയാതിരുന്ന യൂറോപ്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ പാളിച്ചകളുമായി സമീകരിക്കാൻ കഴിയുന്നതല്ല. ഫാഷിസത്തെ തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടല്ല, ഫാഷിസത്തിെന്റ അപകടം ഒരു രാഷ്ട്രം അനുഭവിച്ചറിഞ്ഞതിനു ശേഷം അതിനെ ശരിക്കും തിരിച്ചറിഞ്ഞതുകൊണ്ട്, തന്ത്രപൂർവം അതിനെ സംരക്ഷിച്ചുനിർത്താൻ വേണ്ടിയാണ് ഒരു വിഭാഗം കമ്യൂണിസ്റ്റുകൾ ഈ കാലഹരണപ്പെട്ട നയം പിന്തുടരുന്നത്.

ബൾഗേറിയൻ മാർക്സിസ്റ്റ് ആയിരുന്ന ജോർജി ദിമിേത്രാവിനെ 1934ൽ കോമിേന്റണിന്റെ തലവനായി നിയമിക്കുന്നത് സ്റ്റാലിനായിരുന്നു. ഫാഷിസത്തെക്കുറിച്ചുള്ള ദിമിേത്രാവിന്റെ സിദ്ധാന്തം സാമ്പത്തിക നിർണയവാദത്തിലധിഷ്ഠിതമായിരുന്നു. അതായത് ധനമൂലധനവ്യവസ്ഥയുടെ സൃഷ്ടിയായിട്ടാണ് ഫാഷിസത്തെ ദിമിേത്രാവ് വ്യാഖ്യാനിച്ചത്. സൈദ്ധാന്തികതലത്തിലെ ഈ ന്യൂനത നിലനിൽക്കുമ്പോഴും ദിമിേത്രാവിെന്റ വർണാഭമായ സംഭാവന ലോകമെങ്ങുമുള്ള ജനാധിപത്യശക്തികൾക്ക് ഇന്നും പ്രചോദനമാണ്. അത് ഫാഷിസത്തെ നേരിടാൻ കമ്യൂണിസ്റ്റ് പാർട്ടികൾക്കു മാത്രമായി അസാധ്യമാണ് എന്ന താക്കീതാണ്. അതിെന്റ ലളിതമായ പരിഭാഷയാണ് ഫാഷിസത്തിനെതിരായ ഐക്യമുന്നണിയെന്ന േട്രാട്സ്കിയും ഗ്രാംഷിയും അനേകം മാർക്സിസ്റ്റ് സൈദ്ധാന്തികരും മുന്നോട്ടുവെച്ച ആശയം.

ഫാഷിസത്തിനെതിരായ സമരത്തിൽ ആദ്യമായി വേണ്ടത് കമ്യൂണിസ്റ്റുപാർട്ടികൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുകയാണെന്നും അതിനുശേഷമാണ് ഫാഷിസത്തിനെതിരായ വിശാലമുന്നണി രൂപവത്കരിക്കേണ്ടതെന്നുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ അംഗീകൃത കാഴ്ചപ്പാടിനെ (ഇന്നും ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്കിടയിൽ പ്രാബല്യത്തിലുള്ള സെക്ടേറിയൻ, ഫാഷിസ്റ്റനുകൂല വാദം) ദിമിേത്രാവ് ശക്തിയായി നിരാകരിച്ചു. തൊഴിലാളിവർഗത്തിെന്റ ഐക്യമുന്നണിയും ഫാഷിസത്തിനെതിരായ വിശാലമുന്നണിയും പരസ്പരം ഇഴചേർന്നതാണെന്നും പ്രക്ഷോഭത്തിെന്റ ജീവിക്കുന്ന വൈരുധ്യശാസ്ത്രം ആണെന്നും ഇതു രണ്ടിനുമിടയിൽ ചൈനീസ് മതിൽ ഇല്ലെന്നും ദിമിേത്രാവ് സൈദ്ധാന്തികമായി വിശദമാക്കി.

"Evidently, both groups fail to understand that the united proletarian front and the anti-fascist popular front are connected by the 'living dilectics of struggle'; that they are interwoven, the one passing into the other in the process of the practical struggle against fascism, and that there is certainly no Chinese wall to keep them apart."

(Georgi Dimitrov - Unity of the working class against fascism - concluding speech before the 7th world congress of the communist international - 1935.)

ഫാഷിസ്റ്റുവിരുദ്ധ ഐക്യമുന്നണിയെന്നാൽ അത് തെരഞ്ഞെടുപ്പു മുന്നണി മാത്രമല്ല എന്നും സാന്ദ്രമായ വർഗബഹുജനപ്രക്ഷോഭങ്ങളിലെ ഐക്യനിരയിൽനിന്നും പക്ഷേ പാർലമെന്ററി പ്രവർത്തനം ഒഴിച്ചുനിർത്തേണ്ടതല്ല എന്നും ൈപ്രമറിസ്കൂൾ വിദ്യാർഥികൾക്കെന്നപോലെ ലളിതമായി ദിമിേത്രാവ് വിശദീകരിക്കുന്നത് ഇന്ത്യൻ സാഹചര്യത്തിൽ ഇന്നും പ്രസക്തമാണ്. ദിമിേത്രാവിെന്റ ഫാഷിസ്റ്റ് വിരുദ്ധ ഐക്യനിര സിദ്ധാന്തത്തിെന്റ മൂർത്തമായ സാക്ഷാത്കാരമാണ് രണ്ടാം ലോകയുദ്ധത്തിെന്റ മൂർധന്യതയിൽ ലോകം കണ്ടത്.

മാവോ സേതുങ്ങിന്റെ മുഖ്യവൈരുധ്യവും ഇന്ത്യൻ കമ്യൂണിസവും

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നും പലതായി പിളർക്കപ്പെട്ടുകിടക്കുന്നതിന്റെ സൈദ്ധാന്തികാടിത്തറ, വർഗവിശകലനം, വിപ്ലവമാർഗം എന്നിങ്ങനെ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്. ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് കുത്തകമുതലാളിത്തമാണോ ദേശീയ മുതലാളിത്തമാണോ, ദേശീയ മുതലാളിത്തം എത്രമാത്രം പുരോഗമനപരമാണ് തുടങ്ങിയ വിഷയങ്ങൾ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിലേക്കു നയിച്ചു. ഇന്ത്യൻ സമൂഹം അർധകൊളോണിയൽ-അർധ ഫ്യൂഡൽ ആണെന്നും ഭരണകൂടം കോബ്രഡോർ (ദല്ലാൾ) ആണെന്നും നക്സലിസ്റ്റുകളും വിലയിരുത്തി. ഇന്ത്യയിൽ നടക്കേണ്ടത് സോഷ്യലിസ്റ്റ് വിപ്ലവമാണെന്ന് ശിബ്ദാഷ് ഘോഷിന്റെ സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ എന്ന പാർട്ടിയും അടിവരയിടുന്നു. ഇത്തരത്തിലുള്ള വിയോജിപ്പുകളുടെ മുഖ്യകാരണം മുഖ്യശത്രുവിനെക്കുറിച്ചുള്ള സർഗാത്മകചിന്തയുടെ അഭാവമാണെന്നുള്ള യാഥാർഥ്യം അംഗീകരിക്കാനും സ്വയം പുനർവിചിന്തനം നടത്താനും കമ്യൂണിസ്റ്റു പാർട്ടികൾ തയാറാവാത്തതാണ്.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും

ഓരോ ചരിത്രസന്ദർഭത്തിലും സാമൂഹിക സന്ദർഭത്തിലും ഒരു മുഖ്യവൈരുധ്യമുണ്ടാവുമെന്നും എന്നാൽ വൈരുധ്യങ്ങളുടെ സ്വത്വത്തിൽ മാറ്റങ്ങൾ സംഭവിക്കുമെന്നും അങ്ങനെ മാറുന്ന ചരിത്ര-സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയ തന്ത്രങ്ങൾ രൂപപ്പെടുത്തണമെന്നും മാവോ സേതുങ് വിശദമാക്കി. ശത്രുതാപരമായ വൈരുധ്യം, ശത്രുതാപരമല്ലാത്ത വൈരുധ്യം, വൈരുധ്യങ്ങളുടെ സ്ഥാനം മാറൽ തുടങ്ങിയ നിരവധി വിഷയങ്ങൾ അദ്ദേഹം വിശകലനം ചെയ്തു. സ്റ്റാലിനിസത്തിന്റെ ആവാഹനത്തിൽ മുരടിച്ചുപോയ വൈരുധ്യശാസ്ത്രത്തെ ജീവനുള്ളതും ചലിക്കുന്നതുമായ ഒരു സാമൂഹികശാസ്ത്രമായി വികസിപ്പിക്കുകയായിരുന്നു മാേവാ സേതുങ്. എന്നാൽ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ പൊതുവിൽ പതിറ്റാണ്ടുകൾക്കുമുമ്പ് രൂപപ്പെടുത്തിയ സൈദ്ധാന്തിക നിർവചനങ്ങളുടെ ഭാരം പേറി സ്വയം അപചയിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അമ്പത്തിയേഴ് വർഷം മുമ്പ് അവിഭക്ത ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നും ഇറങ്ങിപ്പോരുമ്പോൾ, ബസവപുന്നയ്യ, രാമമൂർത്തി, ഹർകിഷൻ സിങ് സുർജിത് എന്നീ നേതാക്കൾ ചേർന്നെഴുതിയ ലേഖനത്തിൽ ഇങ്ങനെ എഴുതി:

"There is no question of building a general united front with the congress as a whole because the congress also includes reactionary elements" (Documents of the communist movement in India - Vol. X-A, 1964, National Book Agency, Calcutta).

ഇന്ത്യയിൽ ബി.ജെ.പി രൂപംകൊള്ളുന്നതിനും എത്രയോ വർഷം മുമ്പു രൂപപ്പെടുത്തിയ കോൺഗ്രസിനെ കൽപാന്തകാലത്തേക്ക് ഐക്യമുന്നണിയിൽനിന്നും ഒഴിച്ചുനിർത്തൽ തന്ത്രം, ഇതുവരെ വിശദീകരിച്ച മാർക്സ്, ലെനിൻ, േട്രാട്സ്കി, ഗ്രാംഷി, മാവോ സേതുങ്, ജോർജി ദിമിേത്രാവ് തുടങ്ങിയ മാർക്സിസ്റ്റ് സൈദ്ധാന്തികർ പ്രയോഗിച്ചതും സൈദ്ധാന്തികവത്കരിച്ചതുമായ നിലപാടിനു കടകവിരുദ്ധമാണെങ്കിൽ, ആ നിലപാടിനെ എന്തു പേരിട്ടു വിളിക്കണം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ – ഹിന്ദുത്വ ഫാഷിസ്റ്റ് അനുകൂല നയം.

l

Tags:    
News Summary - madhyamam weekly CPI(M) from 23rd Party Congress in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.