കേവലം വ്യക്തിപ്രകൃതത്തിലോ ജനിതക പൈതൃകത്തിലോ മാത്രമല്ല, വെറുപ്പിന്റെ വേരുകൾ കിടക്കുന്നതെന്നും അത് സാംസ്കാരിക ചരിത്രത്തിലും രാഷ്ട്രീയ ചരിത്രത്തിലും കൂടിയുള്ളതാണെന്ന് ലേഖകൻ എഴുതുന്നു.നമുക്കൊരു ദേശീയ ഭംഗിവാക്കുണ്ട് -മനുഷ്യരിൽ വെറുപ്പില്ല, അതു ചിലർ പടച്ചുണ്ടാക്കുന്നതാണെന്ന്. അഹിംസയുടെ അപ്പോസ്തലന്മാർ മുതൽ ഹിംസയുടെ മൊത്തവ്യാപാരികൾവരെ ഈ ഭംഗിവാക്ക് സൗകര്യംപോലെ ഉരുവിടുന്നു. എന്നുവെച്ചാൽ, പച്ചവെള്ളം ചവച്ചു മാത്രം കുടിക്കുന്ന പരമനിഷ്കളങ്കരായ പൗരാവലിയെ ചില സൃഗാലവിരുതർ കുത്തിത്തിരിപ്പുണ്ടാക്കി കൂട്ടിത്തല്ലിക്കുന്നു. കുത്തിയാലുടൻ തിരിപ്പുണ്ടാവാൻ അത്രക്ക് ശിശുശിരസ്കരാണോ മനുഷ്യർ?...
കേവലം വ്യക്തിപ്രകൃതത്തിലോ ജനിതക പൈതൃകത്തിലോ മാത്രമല്ല, വെറുപ്പിന്റെ വേരുകൾ കിടക്കുന്നതെന്നും അത് സാംസ്കാരിക ചരിത്രത്തിലും രാഷ്ട്രീയ ചരിത്രത്തിലും കൂടിയുള്ളതാണെന്ന് ലേഖകൻ എഴുതുന്നു.
നമുക്കൊരു ദേശീയ ഭംഗിവാക്കുണ്ട് -മനുഷ്യരിൽ വെറുപ്പില്ല, അതു ചിലർ പടച്ചുണ്ടാക്കുന്നതാണെന്ന്. അഹിംസയുടെ അപ്പോസ്തലന്മാർ മുതൽ ഹിംസയുടെ മൊത്തവ്യാപാരികൾവരെ ഈ ഭംഗിവാക്ക് സൗകര്യംപോലെ ഉരുവിടുന്നു. എന്നുവെച്ചാൽ, പച്ചവെള്ളം ചവച്ചു മാത്രം കുടിക്കുന്ന പരമനിഷ്കളങ്കരായ പൗരാവലിയെ ചില സൃഗാലവിരുതർ കുത്തിത്തിരിപ്പുണ്ടാക്കി കൂട്ടിത്തല്ലിക്കുന്നു. കുത്തിയാലുടൻ തിരിപ്പുണ്ടാവാൻ അത്രക്ക് ശിശുശിരസ്കരാണോ മനുഷ്യർ? ആണെന്നു സമ്മതിക്കില്ല, ഒരു കുഞ്ഞാടും. പക്ഷേ, 'നിസ്സഹായത'യുടെ നൂൽപ്പരിചകൊണ്ട് ഉടനടി ന്യായീകരണവും പടുക്കും, ഇരവത്കരണത്തിന്റെ. പ്രേരകമൊന്നു മുഖപ്പാതി കാട്ടാത്ത താമസം ഇതേ ഇര വീണ്ടുമിറങ്ങുകയായി, അടുത്ത വേട്ടക്ക്. അപ്പോഴും അന്തരീക്ഷവൃഷ്ടി തുടരുകതന്നെ ചെയ്യും, ഭംഗിവാക്ക്.
വേറിടലാണ് വെറുപ്പിന്റെ ഗർഭബിന്ദു. വേറിടൽ ആദ്യം ഭയമുണ്ടാക്കുന്നു. ഭയത്തിൽനിന്നു വെറിയും വെറിയിൽനിന്ന് വെറുപ്പും. അങ്ങനെയാണതിന്റെ ജാതകം -ആരിലും എവിടെയും. വെറുപ്പിന് വാർവില്ലിന്റെ വർണരാജിയാണ്. അതിൽ ഏഴല്ല നിറം, ഏഴിനുമുള്ളിൽ ഏറെയേറെ. ഓരോ നിറത്തിനുമുണ്ടല്ലോ ലീനമായ ഛായാഭേദങ്ങൾ വേറെയും. വെറുപ്പിനുണ്ട് സാത്വികവും രാജസവും താമസവും. പേറുന്ന വെറിയുടെ ഏറ്റക്കുറവനുസരിച്ച് ആവിഷ്കരണ തീവ്രത വ്യത്യാസപ്പെട്ടിരിക്കും. അങ്ങനെ ഓരോ വെറുപ്പിനും ഓരോരോ ഭാവം കൽപിക്കപ്പെടുന്നു. ഈ ഭാവാന്തരങ്ങൾക്കപ്പുറം സ്ഥായി, വേറിടൽ സൃഷ്ടിച്ച വെറി തന്നെ.
വേറ്, സർവം വെവ്വേറെയാക്കുന്നു. വെവ്വേറെയിൽ ഒരിക്കലും ഒന്നില്ല, പലതു മാത്രം. ആ പലതിൽ ഒരുമയുടെ സംഘഭാവം ചമയ്ക്കക്കലാണ് അനന്തരം. അതൊരു അനിവാര്യതയാണ്, വേറിട്ടതിന്റെ നിലനിൽപിന്. സ്വന്തം വേറിനും വെറിക്കും ബലന്യായങ്ങൾ പകരാൻ സമാനഹൃദയരെ ആവശ്യമുണ്ട്. ആത്മബലമല്ല ഇവിടെ, ആത്മവിശ്വാസക്കുറവിന്റെ ഇളച്ചെടുക്കലാണ്. കാരണം, വേറിടൽ സദാ അരക്ഷിതത്വമാണ്. ശരിയായ രക്ഷോപാധി വേറിടലിൽനിന്നുള്ള വിമോചനമാണെന്നിരിക്കെ പക്ഷേ, മനസ്സിനെ വിപരീതദിശയിൽ ഉന്തുന്നു, വെറി. കൂടുതൽ വേറിടാൻ. അങ്ങനെ കൂടുതൽ വെറിയിലേക്ക്, കൂടുതൽ വെറുപ്പിലേക്ക്, അതോടെ പിന്നെ വെറുപ്പിലാണഭയം. മടങ്ങിപ്പോക്ക് ഒരു പിൻമരീചിക മാത്രം.
വിരോധാഭാസമെന്നു തോന്നാം -പിൻനോട്ടവും ഇന്ധനമാണ്, വെറുപ്പിന്. ഭൂതകാലത്തിൽനിന്ന് സസൂക്ഷ്മം പിരിച്ചടർത്തിയെടുത്ത ആസ്തി ഖണ്ഡങ്ങൾ ചുരത്തും, ആളിപ്പിടിക്കാൻ ശേഷിയുറ്റ ഫോസിൽഫ്യൂവൽ. പിൻകാലത്തിൽനിന്നാണ് അതെന്നുവെച്ച് സ്രോതസ്സിലേക്ക് നോട്ടമെറിയുന്ന സ്വഭാവമല്ല, വെറുപ്പിന്. കാരണം പണ്ടേ പറഞ്ഞിട്ടുണ്ട്, ഷോപ്പനോവർ: Hatred is an affair of the heart, contempt that of the head. ആളുന്ന നെഞ്ചിനെന്ത് ആലോചന?
ജാതിമതവെറി, രാഷ്ട്രീയവെറി ഇവ കൂട്ടിത്തുന്നിയ മറ്റൊരിനം -അമ്മാതിരി റിഫൈനറി പ്രവർത്തനങ്ങൾക്കുമേലാണ് വെറുപ്പിന്റെ ചരിത്രരചന, മിക്കവാറും. ഒരു നിമിഷം... തൃശൂരിലെ ചിയ്യാരത്ത് കൂട്ടുകാരിയുമൊത്ത് ബൈക്കിൽവന്ന കൗമാരക്കാരൻ വണ്ടി തെന്നി നിലംപതിക്കുന്നു. പതിവുപോലെ ആളുകൂടുന്നു. പരിക്കേറ്റവരെ ആശുപത്രിയിലാക്കാനല്ല ശ്രമം, അമിതവേഗത്തിന് തല്ലുകൊടുക്കാനാണ്. കൂട്ടംകണ്ട ഒരു വഴിപോക്കൻ അവധാനതയോടെ ചെന്ന് ഒരു കല്ലെടുക്കുന്നു. നിലത്തുകിടന്ന് ചവിട്ടുകൊള്ളുന്ന ചെക്കന്റെ തല തിരഞ്ഞു പിടിച്ച് കല്ലുകൊണ്ട് ഒരടി; ഭാവഭേദമേതുമില്ലാതെ നടന്നകലുന്നു. മാ ഫലേഷു കദാചന! മകന്റെ പ്രായമുള്ള ഒരജ്ഞാതനെ ആക്രമിക്കുന്ന ആൾക്കൂട്ടത്തിന് അച്ഛന്റെ പ്രായമുള്ള ധർമപുത്രരുടെ നിഷ്കാമവിഹിതം. ഈ ധർമാചരണത്തിന്റെ ചേതോവികാരസ്രോതസ്സ് ഏതാണ്? രാഷ്ട്രീയ സൃഗാലന്മാരുടെ പ്രേരണയോ മതസ്പർധയോ ജാതിചിന്തയോ വ്യക്തി വിരോധമോ ഒന്നുമല്ല. സിവിക്സെൻസിന്റെ തിരതള്ളലോ അദമ്യമായ ഗതാഗതനിയമത്വരയോ ആരോപിക്കാനും വകുപ്പില്ല. പ്രശാന്തമായ ആ അക്രമവെറി എവിടന്നുവരുന്നു?
വ്യക്തിസാത്മ്യപ്പെടുന്ന കൂട്ടരോട്, അവർ ചെയ്യുന്ന പ്രവൃത്തിയോട് ഉള്ളാലെയുള്ള പ്രിയമാണ് ഇവിടെ ഒന്നാം ഘടകം. സ്വന്തം മനോനിലയുടെ പുലർച്ചയ്ക്കുള്ള സംവിധാനമാണത്. കൂട്ടത്തിന്റെ പ്രവൃത്തി പുറത്തുള്ള ഒരാളോടാ മറ്റൊരു കൂട്ടത്തോടോ ആവാം. ആ പ്രവർത്തനത്തിലെ ആക്രമണോത്സുകതയാണ് രണ്ടാംഘടകം. മറ്റുള്ളവരിൽ വെറുക്കാനിഷ്ടപ്പെടുന്നതത്രയും വാസ്തവത്തിൽ സ്വന്തം ഉള്ളിലെ ഇഷ്ടപ്പെടാത്ത ഘടകങ്ങൾതന്നെയാണ്. അവയെ പുറത്തുള്ളൊരു വെള്ളിത്തിരയിലേക്ക് പ്രൊജക്ട് ചെയ്യുകയാണ്. ആ വെള്ളിത്തിരയാണ് ടാർഗറ്റ് ചെയ്യപ്പെടുന്ന വ്യക്തി അല്ലെങ്കിൽ കൂട്ടം. ആശയം ഇത്രേയുള്ളൂ: ഞാനല്ല ഭീകരം, നീയാണ്. ഈ പ്രൊജക്ഷൻ ഒരു സുരക്ഷാവാൽവാണ്. അതാണ് വെറുപ്പുകൊണ്ട് അതുള്ളവനുള്ള ഗുണം. ഇത് മനുഷ്യജീവി വികസിപ്പിച്ചെടുത്ത പരിണാമാത്മകമായ ഒരു മനോസംവിധാനമാണ്. കാരണം, ഉള്ളിൽപേറുന്ന ഏത് 'തിന്മയും' സാമൂഹികമായി ഒറ്റപ്പെടുത്താൻ ഇടയൊരുക്കാം. അതുകൊണ്ട്, അതിനെ അമർത്തിവെക്കുന്നു, അത് മറ്റുള്ളവരിലാണെന്ന് ആരോപിക്കുന്നു. സ്വാഭാവികമായും അതിന് ഇപ്പറയുംവിധം ചില മറ്റുള്ളവർ വേണം -അപരർ.
ഈ സംവിധാനം മറ്റൊരു ഗുണംകൂടി പകർന്നുകൊടുക്കുന്നുണ്ട്. വെറുപ്പിന്റെ അച്ചുതണ്ടിൽ ഭ്രമിക്കുന്ന ഒരു സംഘത്തിൽ പങ്കാളിയാവുമ്പോൾ ഒരു സഖ്യഭാവം കൈവരുന്നു. അത് വ്യക്തിയുടെ ഐഡന്റിറ്റിയിലുള്ള ഒരു ശൂന്യത നികത്തിക്കൊടുക്കുന്നു. സ്വന്തം ഐഡന്റിറ്റി നിർമിക്കുക എന്ന കഠിനയത്നത്തിൽനിന്ന് വ്യതിചലിക്കാനുള്ള ഫലപ്രദമായ ഉപായം. വെറുപ്പിന്റേതായ കൃത്യങ്ങൾ ഇൗ വ്യതിചലനത്തിനുള്ള ശ്രമങ്ങളാണ്. ദൗർബല്യങ്ങൾ, നിസ്സഹായത, അപര്യാപ്തതകൾ, അനീതി തുടങ്ങി ജാള്യംവരെ ഉള്ളിലുള്ള സ്വന്തം വികാരങ്ങളിൽനിന്ന് മനസ്സിന്റെ ശ്രദ്ധ മാറ്റാനുള്ള എളുപ്പവഴിയാണ് ഓരോ വ്യതിചലന കർമവും. കൽപിതേമാ സാങ്കൽപികമോ ആയ പുറംഭീഷണികളിലാണ് വെറുപ്പിന്റെ നങ്കൂരം. അതിൽനിന്നുളവാകുന്നു സ്പർധകൾ, അക്രമങ്ങൾ. സ്വന്തം ആന്തരികയാതനക്കുള്ള ഏക സംഹാരി മറ്റുള്ളവരെ ആക്രമിക്കലാണെന്ന് വെറുപ്പ് വിഴുങ്ങിയ മനസ്സ് സ്വയം വിശ്വസിപ്പിക്കുന്നു. ഈ അവസ്ഥയിൽ വെറുപ്പിന്റെ ഓരോ നിമിഷവും ആന്തരികയാതനക്കുള്ള ഓേരാ തൽക്കാലാശ്വാസമാകുന്നു. ഈ വിരേചന സൗഖ്യത്തിന്റെ ശൗചാലയങ്ങളാണ് നമ്മുടെ പ്രിയങ്കര സോഷ്യൽ മീഡിയ.
വെറുപ്പിന്റെ വേരുകൾ കേവലം വ്യക്തിപ്രകൃതത്തിലോ ജനിതക പൈതൃകത്തിലോ മാത്രമല്ല, സാംസ്കാരിക ചരിത്രത്തിലും രാഷ്ട്രീയ ചരിത്രത്തിലുംകൂടിയുള്ളതാണ്. ജീവിക്കുന്ന സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം മുൻതൂക്കം നൽകുന്ന സാംസ്കാരിക മനോഭാവങ്ങൾക്ക് അനുസൃതമാവും വ്യക്തിയുടെ ജീവിതാഭിമുഖ്യം, പൊതുവേ. ഉദാഹരണത്തിന്, സിരകളിൽ അഡ്രീനലിന്റെ കുതിപ്പ് പ്രോത്സാഹിപ്പിക്കുന്ന യുദ്ധാന്തരീക്ഷത്തിലാണ് സമൂഹമെങ്കിൽ കടുത്ത മാൽസര്യത്തിലാവും ജീവിതരീതി. 'ശത്രു'വിനെ വെറുക്കാനാവും സാംസ്കാരികാഹ്വാനം. ശത്രു എന്നത് നമ്മിൽനിന്ന് വ്യത്യസ്തമായ ആരുമാകാം. ആ പരിതഃസ്ഥിതിയിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമത്തേക്കാൾ ആക്രമണോത്സുകമായി മല്ലടിക്കാനാവും വ്യക്തികൾ കൂടുതൽ സന്നദ്ധരാവുക. സമാധാനം അവിടെയൊരു ലക്ഷ്യമേയല്ല, പിന്നല്ലേ പരിഹാരം?
മുെമ്പാക്കെ പറയുമായിരുന്നു, അകലം വെറുപ്പേറ്റുമെന്ന്. യാത്രാനൗകകൾ, ഫോൺ, ഇന്റർനെറ്റ്...ഓരോന്നായി വന്നപ്പോൾ അകലം മാഞ്ഞു. അടുപ്പത്തിന്റെ പരിരംഭ ണത്തിൽ മനുഷ്യർ കൂടുതൽ പാരസ്പര്യം വരിക്കേണ്ടതാണ് -ഈ പരിണതിയുടെ യുക്തിപ്രകാരം. പക്ഷേ, ദൂരം കുറയുന്തോറും അകലം കൂടുന്നതാണ് അനുഭവ നേര്. വ്യത്യസ്തമായ സമൂഹങ്ങളോട് ശാരീരികമായി അടുക്കുമ്പോഴും മനുഷ്യൻ മനുഷ്യനെ സംശയത്തോടെ നോക്കുന്നു. ഓരോ ദേശവും പിറുപിറുക്കുന്നു, ശത്രു വീട്ടുപടിക്കലായെന്ന്. കുടിയേറ്റക്കാരന്റെ അല്ലെങ്കിൽ അഭയാർഥിയുടെ അതുമല്ലെങ്കിൽ വ്യത്യസ്ത വിശ്വാസങ്ങളുടെ ആൾരൂപത്തിൽ. ഇന്ത്യയുടെ പുത്തൻ നാഗരികത നമ്മുടെ ഓരോ പട്ടണത്തിലും പരത്തുന്ന ഈ മനക്കൂറിന് ഭൂമിയിൽ ഏതു കോണിലുമുണ്ട് സോദരങ്ങൾ. ജർമനിയിൽ തുർക്കികൾ, അമേരിക്കയിൽ മെക്സിക്കന്മാർ, ബ്രിട്ടനിൽ പോൾസ് (പോളണ്ടിനെപ്പറ്റി മിണ്ടരുതെന്നല്ലേ പ്രമാണം!). വർഗീയതയുടെ വെറുപ്പിനും ദേശീയതയുടെ വെറുപ്പിനും കമ്പോളമൂല്യം കൂടുകതന്നെയാണ് -തെരുവിൽ എത്ര മെഴുകുതിരി എത്രയാൾ തെളിച്ചാലും വെറുപ്പിന്റെ ഇരുട്ടിന് ഗാഢതയൊട്ടും കുറയുന്നില്ല. ക്രിക്കറ്റ്കളത്തിൽ ഒരു കളിയൊന്നു ജയിച്ച പാകിസ്താന് കൈയടിച്ചവർക്ക് രാജ്യദ്രോഹക്കുറ്റം ചാർത്തുന്നതാണിപ്പോൾ സനാതന ഭാരതീയ സ്പിരിറ്റ്. കാരണം, ദേശവെറിയും മതവെറിയും സമാസമം ചേർത്ത് മേൽച്ചൊന്ന ഫോസിൽ ഫ്യൂവൽ മേമ്പൊടി തൂവിയ വീര്യമേറിയ കോക്ടെയ്ൽ. ആ മത്തുപിടിക്കലായിരുന്നു പൊളിറ്റിക്കലി കറക്ടായ സ്പോർട്സ്മാൻ സ്പിരിറ്റ്.
കാൽനൂറ്റാണ്ടു മുമ്പുവരെ സാമ്പത്തിക മണ്ഡലത്തിൽ വെറുപ്പ് സംവരണം ചെയ്തിരുന്നത് ചില പ്രാദേശിക രൂപങ്ങൾക്കായിരുന്നു. കമ്പനിയിൽ ബോസ്, ഫാക്ടറിയിൽ മുതലാളി, പാടത്ത് ജന്മി... അങ്ങനെയങ്ങനെ. വെറുപ്പ്, ക്ഷോഭതാപങ്ങൾ ജനിപ്പിക്കണമെങ്കിൽ അപരസ്വത്വം കൺവെട്ടത്തു വേണ്ടിയിരുന്നു. തൊഴിലാളി വർഗ ചരിതങ്ങളിൽ ശാശ്വത വില്ലൻ മുതലാളിയായിരുന്നു. ശീതീകരിച്ച പുരയിൽ വസിച്ച്, കാറിൽ വന്നിറങ്ങി മറ്റുള്ളവരുടെ വിയർപ്പിന്റെ മിച്ചമൂല്യം കൊയ്യുന്ന സ്യൂട്ടുധാരി. വേഷഭാഷകൾ വ്യത്യസ്തമെങ്കിലും നാട്ടിടയിലെ ജന്മിക്കും കുടിയാന്മാർ കരുതിെവച്ച മനോബിംബം സമാനം. എത്രപെട്ടെന്നാണ് ആ വില്ലൻ അദൃശ്യനായി മാറിയത്. എങ്ങോ മറഞ്ഞിരിക്കുന്ന കോർപറേറ്റ് ബോർഡ്റൂമിന്റെ എത്താക്കൊമ്പിലാണയാൾ. അയാളുടെ കൽപനാസ്വരം പരമായപ്പോൾ യാഥാർഥ്യം ലോപിച്ച് പ്രതീതിയായി. അയാളുടെ ജീവിതവും താൽപര്യങ്ങളും മഹാഭൂരിപക്ഷം മനുഷ്യരിൽനിന്നു പാടേ വേറിട്ടുനിൽക്കുന്നു. ഇന്ത്യയിലെ കോർപറേറ്റുകൾ മാത്രമെടുക്കുക. ഉന്നത എക്സിക്യൂട്ടിവുകളുടെ ശരാശരി വരുമാനം തൊഴിലാളികളുടേതിന്റെ സുമാർ 200 മടങ്ങ്. ബ്ലൂകോളർ ചൂടിന് പാടേ അപ്രാപ്യമാണ് ഇന്ന് മാനേജ്മെന്റുകൾ. അതുകൊണ്ട് തൊഴിലിടത്തെ വെറുപ്പ് പുതിയ ടാർഗറ്റ് കണ്ടുപിടിച്ചു: വരത്തൻ, അന്യമതസ്ഥൻ, അപരജാതീയൻ.
ജന്മി, ഗ്രാമീണർക്കിടയിൽ അടുത്തുതന്നെയുണ്ടായിരുന്നു. അയാൾ അവിടൊരു നിത്യസാന്നിധ്യമായിരുന്നു. പാവം ഗ്രാമീണരെ ദ്രോഹിക്കുന്ന അയാളെ നമ്മുടെ സാഹിത്യവും സിനിമയും ഇന്നും കൈയൊഴിഞ്ഞിട്ടില്ല, പാടേ. പക്ഷേ, സമകാലിക ഗ്രാമീണപ്രക്ഷോഭങ്ങൾ വേറെ വഴിക്കാണ്. പ്രാദേശിക അധികാരവൃന്ദത്തിന് നേരെയല്ല അവയൊന്നും. പകരം, സ്റ്റേറ്റിന്റെ ഉദ്യോഗസ്ഥർക്കുനേരെ, മന്ത്രിമാർക്കു നേരെ. പക്ഷേ, അവരുടെ ആവാസസ്ഥാനങ്ങൾ അങ്ങുദൂരെയാണ്. ഭരണഘടനാ രാഷ്ട്രീയത്തിന്റെ പരിരക്ഷയുണ്ടുതാനും. ഇന്ത്യയിൽ ഇന്ന് 86 ശതമാനം ഭൂമിക്കും ഉടമകൾ ചെറുകിട, ഇടത്തരം കർഷകരാണ്. അവരുടെ വെറുപ്പിന്റെ ലക്ഷ്യവേദിയാകാൻ പഴയ ജന്മിയില്ല, സമീപത്ത്. തൊഴിലാളിവർഗത്തിന്റെ ഗതികേടാണ് കൂടുതൽ ദാരുണം. ലോകത്ത് പൊതുവിൽത്തന്നെ ഈ വർഗത്തിൽ ആദ്യം ക്ഷയിച്ചത് കൃഷിപ്പണിക്കാരാണ്. പിന്നാലെ ഉൽപന്നെത്താഴിലാളികളും. ഇന്നിപ്പോൾ ഏറ്റവും കൂടുതൽ തൊഴിലാളികളെ നിയോഗിക്കുന്നത് സേവനമേഖല. ഇന്ത്യ മാത്രമെടുക്കുക. ജി.ഡി.പിയിലേക്ക് കൃഷിയുടെ സംഭാവന വെറും 13 ശതമാനം. സേവനമേഖലയുടേതോ? 57 ശതമാനം. ഈ മേഖലയുടെ ശക്തമായ മേൽക്കൈയാണ് സാമ്പത്തിക വർഗങ്ങൾക്കിടയിലെ പരമ്പരാഗത ശത്രുത ദുർബലപ്പെടുത്തിയത്. മാർക്സ് പോട്ടെ, ഈഗ്ൾടൺ തൊട്ട് സിസേക് വരെ സ്വപ്നത്തിൽ നിനക്കാത്ത പാരവെപ്പ്. സേവനദാതാക്കൾ മഹാഭൂരിപക്ഷവും അനൗപചാരികമേഖലയിലാണ്. തൊഴിലുടമ ഒരാേളാ ഒരാൾക്കൂട്ടമോ ആയിരിക്കും. സംരംഭത്തിൽ ദീർഘകാല ചേതമൊന്നുമില്ലാത്ത അവർ വരും, പോകും. സേവനസ്ഥാപനം ഏതു നിമിഷവും പൂട്ടാം, ലയിപ്പിക്കാം, എവിടെയും വിലയംകൊള്ളാം. അതിനിപ്പോ ചെറുകിട സാമഗ്രി യൂനിറ്റോ വഴിയോര കാപ്പിക്കടയോ ദല്ലാൾപീടികയോ ഒന്നുമാകണമെന്നില്ല. പത്രാസുള്ള ഐ.ടി മേഖലയെടുക്കുക. ഔട്ട്സോഴ്സിങ്ങാണ് ഇവിടെ കച്ചോടത്തിന്റെ പ്രാഥമിക പടി തന്നെ. അതുതന്നെയാവും മിക്കവാറും ആത്യന്തികപടിയും. ഉടമ ആര്, എവിടെ, ആസ്തി വല്ലതുമുണ്ടോ, വരായ്കയെത്ര -ഇതൊന്നും പണിക്കാരറിയുന്നില്ല. എന്നാലും പണിയിൽ അവർ സദാ മുൾമുനയിലാണ്. നടുവൊടിക്കുന്ന ടാർഗറ്റ്, നടുവൊന്നു നിവർത്തിവരുമ്പഴേക്കും ഫയറിങ്. നിന്നനിൽപിൽ താഴിട്ട് കമ്പനിഉടമകൾക്ക് പിരിയാം. താഴിടാതെതന്നെ തൊഴിലാളിയെ പിരിക്കാം. അതൊരു അംഗീകൃത തൊഴിൽ നയംതന്നെയായിരിക്കുന്നു -ഫയറിങ് പോളിസി. ഒാരോ തട്ടിലെയും ജീവനക്കാരോട് തൊട്ടു താഴെത്തട്ടിൽനിന്നു പിരിച്ചുവിടാനുള്ള വാർഷിക ടാർഗറ്റ് കൊടുക്കും. പിരിക്കാനുള്ള ന്യായം മേൽത്തട്ടുകാർ കണ്ടെത്തിക്കോളണം. ഈ കൽപന ശുഷ്കാന്തിയോടെ ശിരസാ വഹിക്കുന്നവന്റെ ആരാച്ചാർ തൊട്ടുമീതെയുള്ള തട്ടിലുണ്ടാവും, സമാന ശുഷ്കാന്തിയോടെ. ചുരുക്കിയാൽ അദൃശ്യകരങ്ങൾ വലിക്കുന്ന ചരടിലെ ഈ തോൽപ്പാവക്കൂത്തിൽ വർഗചിന്ത ആവിയാവുന്നു, പ്രോലിറ്റേറിയറ്റ് അതിന്റെ തന്നെ ശത്രുവാകുന്നു. ചരിത്രപരമായി മുതലാളിത്തത്തിന് സംവരണം ചെയ്തുവെച്ച വെറുപ്പ്, സിദ്ധാന്തങ്ങളുടെ ഏട്ടിൻപുറം വിട്ടിറങ്ങി സഹയാത്രികർക്കിടയിലെ പാരമ്പര്യമാവുന്നു.
ബോധവികാസത്തിനുശേഷം ഇദഃപര്യന്തമുള്ള മനുഷ്യന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറിയകൂറും വലതുപക്ഷത്തിനാണ് പ്രകടമായ മേൽക്കൈ. ആ കീഴ്വഴക്കത്തിന് വല്ലപ്പോഴും സംഭവിക്കുന്ന തൽക്കാല വ്യതിയാനം മാത്രമാണ് മധ്യസ്ഥായിയിലെയും അവിടന്ന് ഇടത്തേക്കുമുള്ള ചാഞ്ചാട്ടങ്ങൾ. ഭൂരിപക്ഷം സാധാരണ മനുഷ്യരുടെയും ഹൃദയപക്ഷം വലത്തേക്ക് ചരിഞ്ഞിട്ടായതുകൊണ്ടല്ല ഈ സാമാന്യസ്ഥിതി. മറിച്ച്, അധികാരശക്തി എന്നും ഒരു ന്യൂനപക്ഷത്തിന്റെ പക്കലായിരിക്കുന്നതിന്റെ ഫലമാണ് -അതിപ്പോ ഫ്യൂഡലിസത്തിലായാലും രാജവാഴ്ചയിലായാലും മുതലാളിത്തത്തിലായാലും. എന്തിനേറെ, ജനാധിപത്യത്തിൽപോലും. 1960കളിലും 70കളിലുമുണ്ടായ മേപ്പടി വ്യതിയാനങ്ങൾക്കുശേഷം 1990കളോടെ ഭൂമിയിൽ വലതുപക്ഷം അച്ചുതണ്ട് തിരികെ പിടിച്ചുതുടങ്ങി. ഈ പുനരാരോഹണത്തിൽ മുഖ്യ ചാലകശക്തി ഒന്നുമാത്രം -വെറുപ്പ്. വംശം, മതം, ദേശീയത, ഉപദേശീയത, ഭാഷ തുടങ്ങി ഇന്ധനോൽപാദനത്തിന് എൻജിൻ പലതുണ്ടെങ്കിലും. പുതിയ നൂറ്റാണ്ടിൽ അത് പൊതുപ്രവർത്തനത്തിന്റെ സാമാന്യനാണയംതന്നെയായിരിക്കുന്നു. പ്രഖ്യാപിത വലതുകക്ഷികൾക്കും തീവ്ര ഇടതുപക്ഷത്തിനും അക്കാര്യത്തിൽ ഒരു സുതാര്യതയുണ്ട്. മറ്റിടതുപക്ഷങ്ങൾക്കും മാധ്യമപദക്കാർക്കുമാണ് വേഷംകെട്ട്. 'ഉൾക്കൊള്ളൽ -രാഷ്ട്രീയ'ത്തിന്റെ ഭാവാഭിനയം. മൂർച്ചപ്പെടുത്തിയ വെറുപ്പിന്റെ രാഷ്ട്രീയം. ആദ്യകൂട്ടർ മറയില്ലാതെ ആവിഷ്കരിക്കുമ്പോൾ മുനതേഞ്ഞ പ്രതിബാണങ്ങളാൽ അതേ വെറുപ്പിന്റെ അലസമായ പ്രത്യാവിഷ്കരണം നടത്തുകയാണ് രണ്ടാം കൂട്ടർ. കോപ്പിബുക്ക് മാതൃക: രാഹുൽഗാന്ധിയുടെ 'ഹിന്ദുരാജ്യ' പ്രസംഗം. വെറുപ്പിന്റെ രാഷ്ട്രീയം കൽപിത പ്രതിയോഗികളെ കൂടി എത്ര ഭംഗ്യന്തരേണ വഴറ്റിയെടുക്കുന്നു, അതിന്റെ മൈൻഡ് സ്കേപ്പിലേക്ക്. സർവതോമുഖമായ ഈ ആവാഹനത്തിൽ നമ്മുടെ പൊതുമണ്ഡലം ചുട്ടുപഴുത്ത വെട്ടിരുമ്പായിരിക്കുന്നു -ആക്രമണോത്സുകം, ഹിംസാത്മകം സദാ. മാർഗം, ലക്ഷ്യത്തെ സാധൂകരിക്കുമെന്നോതിയ അഹിംസാപ്രവാചകനെ പെറ്റ അതേ മണ്ണുതന്നെ ആധുനികേന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യക്കും പിറവിയേകി -'ഗുജറാത്ത് 2002'. അതിന് അധ്യക്ഷത വഹിച്ച അതേയാൾ ഇന്ന് രാജ്യത്തിന്റെ അധ്യക്ഷമഹോദയ്. രാജ്യത്തെതന്നെ ക്രമാനുഗതമായി ഗുജറാത്തായി വികസിപ്പിച്ചുകൊണ്ട് -'ഗുജറാത്ത് മോഡൽ'. സഫലമായ മാതൃക. വന്ന വഴി മറന്നുകൂടാ. ലക്ഷ്യം സാധ്യമാക്കിയ വഴിയെങ്കിൽ വിശേഷിച്ചും. ആപ്തവാക്യപ്രകാരം മാർഗമല്ലോ സാധൂകരിക്കേണ്ടത്, ലക്ഷ്യത്തെ? ആയതിനാൽ, ഇരകൾ വേട്ടയെ സാധൂകരിച്ചുകൊടുക്കുന്നു. അവരും സ്വന്തം നിലക്ക് വേട്ടക്കാർതന്നെയാണല്ലോ, മനസ്സിന്റെ അമാവാസിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.