മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് മാർച്ച് 26ന് കോഴിക്കോട്ട് സംഘടിപ്പിച്ച 'പോപ്പുലിസത്തിന്റെയും മഹാമാരിയുടെയും കാലത്തെ മാധ്യമങ്ങളുടെ പ്രതിസന്ധികൾ' (Crisis of Media at the Time of Populism and Pandemic) മാധ്യമ സെമിനാറിന്റെ ലിഖിതരൂപം.
കോവിഡ് മഹാമാരിയുടെയും ഭരണകൂട അടിച്ചമർത്തലുകളുടെയും കാലത്ത് മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ ചർച്ചചെയ്യപ്പെട്ട വേദിയിൽ ഉയർന്നുകേട്ടത് സമഗ്രവും വ്യക്തവുമായ കാഴ്ചപ്പാടുകളാണ്. ഭരണകൂട വെല്ലുവിളികളിൽ പതറാത്ത പത്രാധിപന്മാരുടെ ഉറച്ച ശബ്ദം അവിടെ മുഴങ്ങി. മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച 'പോപ്പുലിസത്തിന്റെയും മഹാമാരിയുടെയും കാലത്തെ മാധ്യമപ്രതിസന്ധികൾ' (Crisis of Media at the Time of Populism and Pandemic) മാധ്യമ സെമിനാർ ആണ് ജനങ്ങളുടെ പ്രതിഷേധശബ്ദത്തിന്റെ വേദിയായത്.
'ദ വയർ' സ്ഥാപക എഡിറ്റർ എം.കെ. വേണു, 'ഏഷ്യാനെറ്റ് ന്യൂസ്' എഡിറ്റോറിയൽ ഉപദേശകൻ എം.ജി. രാധാകൃഷ്ണൻ, 'ദ ടെലിഗ്രാഫ്' എഡിറ്റർ ആർ. രാജഗോപാൽ, സ്വതന്ത്ര മാധ്യമപ്രവർത്തക എം. സുചിത്ര, 'കാരവൻ' എക്സിക്യൂട്ടിവ് എഡിറ്റർ വിനോദ് കെ. ജോസ്, 'മാധ്യമം' അസോസിയേറ്റ് എഡിറ്റർ ഡോ. യാസീൻ അശ്റഫ് എന്നിവരാണ് സെമിനാറിൽ പെങ്കടുത്തത്. 'മീഡിയവൺ' എഡിറ്റർ പ്രമോദ് രാമൻ മോഡേററ്ററായിരുന്നു. ചർച്ചയുടെ പ്രസക്ത ഭാഗങ്ങൾ:
എം.ജി. രാധാകൃഷ്ണൻ, എം. സുചിത്ര, ആർ. രാജഗോപാൽ, പ്രമോദ് രാമൻ, എം.കെ. വേണു, വിനോദ് കെ. ജോസ്, ഡോ. യാസീൻ അശ്റഫ് എന്നിവർ സെമിനാർ വേദിയിൽ
വെറുപ്പ് രാഷ്ട്രശരീരത്തിലെ അണുക്കളായി മാറിയിരിക്കുന്നു
പ്രമോദ് രാമൻ: മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒരുമിച്ച് കൂടാൻ സാധിച്ചതിൽ വലിയ സന്തോഷം. കഴിഞ്ഞ ദിവസങ്ങളിൽ നാം വായിച്ച ഒരു സംഭവമുണ്ട്. രാജ്യത്ത് വ്യാപകമായി പടരുന്ന വെറുപ്പിനെതിരെ ഭരണഘടനാ സ്ഥാപനങ്ങൾ കണ്ണുതുറക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന പത്രാധിപന്മാർ ഒരു പ്രസ്താവന പുറത്തിറക്കി എന്നതായിരുന്നു അത്. ഇക്കാലഘട്ടത്തിൽ മാധ്യമപ്രവർത്തനരംഗത്തുനിന്ന് ഉയർന്നുവരാവുന്ന ഏറ്റവും ഉറച്ച ശബ്ദമാണത്. അതിന് കൈയൊപ്പു ചാർത്തിയ മൂന്ന് പത്രാധിപന്മാർ ഉൾപ്പെടെയാണ് ഇൗ സെമിനാർ വേദി തയാറാക്കപ്പെട്ടിട്ടുള്ളതെന്നത് വളരെ ആഹ്ലാദകരവും അഭിമാനകരവുമാണ്. മലയാളത്തിൽനിന്നുള്ള മാധ്യമങ്ങളുടെ പത്രാധിപന്മാരാരും അതിൽ ഒപ്പുവെച്ചിട്ടില്ലല്ലോ എന്ന ചോദ്യം ഉയരുന്നുണ്ട്. മലയാള മാധ്യമങ്ങളിലെ പത്രാധിപന്മാർ ഒപ്പുവെച്ചില്ലെങ്കിലും മലയാളികളും ദേശീയ പത്രാധിപന്മാരുമായ ആർ. രാജഗോപാൽ, വിനോദ് കെ. ജോസ് എന്നിവരടക്കമുള്ളവർ കൈയൊപ്പുവെച്ചു എന്നത് സന്തോഷകരമാണ്. മാധ്യമപ്രവർത്തനത്തിലെ ഈ ധർമയുദ്ധ പോരാളികളായ ചിലർ ഇവിടെയുണ്ടെന്നത് അഭിമാനകരവുമാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ അത്തരം എത്രപേർ ഉണ്ടാകുമെന്ന് അറിയില്ല.
വെറുപ്പിനെ എങ്ങനെ നേരിടണം എന്ന ചോദ്യമാണ് ഇന്ന് ഏറ്റവുമധികം ഉയരുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പല ഘട്ടങ്ങൾ പരിശോധിച്ചാൽ വെറുപ്പ് കടന്നുവന്നത് എങ്ങനെയെന്ന് മനസ്സിലാകും. വെറുപ്പിന്‍റെ വക്താക്കൾ ആരായിരുന്നുവെന്ന് നിർണയിക്കാൻ കഴിയുംവിധം വ്യക്തമായ രൂപം എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും രണ്ടായിരത്തിലെ ആദ്യത്തെ ദശാബ്ദത്തിലുമൊക്കെയുണ്ടായിരുന്നു. അക്കാലത്ത് അവയെ വസ്തുനിഷ്ഠമായി പറയാൻ കഴിയുമായിരുന്നു. വെറുപ്പിന്‍റെ രാഷ്ട്രീയ സ്വരൂപങ്ങൾ അയോധ്യ മൂവ്മെന്റിലൂടെയും മറ്റും തിരിച്ചറിയാനും കഴിഞ്ഞു. എന്നാൽ കാലങ്ങൾക്കിപ്പുറം രാഷ്ട്രശരീരത്തിൽ കടന്നുകൂടിയ അണുക്കളായി വെറുപ്പ് മാറ്റപ്പെട്ടിരിക്കുന്നു. മുസ്‍ലിംകളെ ആട്ടിയോടിക്കുകയും കൊലചെയ്യുകയും വേണമെന്ന ശബ്ദം ഹരിദ്വാറിൽനിന്ന് ഉച്ചരിക്കപ്പെട്ടപ്പോൾ വെറുപ്പ് എവിടെയാണെന്ന് കൃത്യമായി നമുക്ക് നിർണയിക്കാൻ കഴിയാത്ത അവസ്ഥയെയാണ് കാണുന്നത്. അത് വ്യാപകമായി രാഷ്ട്രശരീരത്തിൽ ഉൾച്ചേർന്നിരിക്കുന്നു. മാധ്യമങ്ങളിലേക്കും സാംസ്കാരിക തലത്തിലേക്കുമെല്ലാം വെറുപ്പ് വ്യാപിച്ചപ്പോൾ കണ്ടെത്താൻ പ്രയാസപ്പെടുന്ന സാഹചര്യമാണ്. വെറുപ്പ് ഉത്ഭവിക്കുന്നതും വ്യാപിച്ചതും എങ്ങനെ അടയാളപ്പെടുത്തണമെന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്.
മാധ്യമസ്വാതന്ത്ര്യത്തിന്‍റെ സംരക്ഷണമാണ് ഉയരുന്ന മറ്റൊരു ചോദ്യം. നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നവിധം പുതിയ സംഭവവികാസങ്ങൾ നടമാടുന്നു. മീഡിയവൺ ചാനലിന് വിലക്ക് ഏർപ്പെടുത്തിയ സന്ദർഭം അതിന്‍റെ വ്യക്തമായ സൂചനയാണെന്ന് രാജ്യത്തൊട്ടാകെ മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. വലിയ വെല്ലുവിളിയാകുന്നതിനൊപ്പം അവിടെയൊരു സാധ്യതകൂടി രൂപപ്പെടുന്നുണ്ട്. ഹൈകോടതിയിൽ 'മീഡിയവൺ' കേസ് എങ്ങനെ കൈകാര്യംചെയ്യപ്പെട്ടുവെന്നതും സുപ്രീംകോടതിയിൽ വന്നപ്പോഴുണ്ടായ മാറ്റങ്ങളും നമുക്ക് വ്യക്തമാണ്. ജുഡീഷ്യറിയെക്കുറിച്ച് പല വേവലാതികളുമുള്ളപ്പോൾ തന്നെ പ്രതീക്ഷകളുമുണ്ട്. ആ പ്രതീക്ഷകൾ വികസിപ്പിക്കുകയും സാധ്യതകളെക്കുറിച്ച് ചർച്ചചെയ്യപ്പെടുകയും വേണം. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നതിനൊപ്പം സ്വാതന്ത്ര്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന ട്രിവിയൽ ജേണലിസം വ്യാപകമാകുന്നതും ചർച്ചയാകണം. 'മീഡിയവണി'ന് വിലക്ക് ഏർപ്പെടുത്തപ്പെട്ടപ്പോൾ, വലിയ അന്വേഷണാത്മക മാധ്യമപ്രവർത്തകരാണെന്ന് സ്വയം അവകാശപ്പെട്ടുപോലും ചില ആളുകൾ നടത്തിയ പരാമർശങ്ങൾ പൊതു മണ്ഡലത്തിൽ കണ്ടു. അതിലൂടെ ഏത് നിലക്കുള്ള ദൗത്യമാണ് നിർവഹിക്കപ്പെടുന്നതെന്ന് ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. 1950ൽ രണ്ട് കേസുകളിലൂടെ സുപ്രീംകോടതി വഴി സ്ഥാപിതമാക്കപ്പെട്ട മാധ്യമസ്വാതന്ത്ര്യം എന്ന ആശയം ദൗത്യം നിർവഹിക്കപ്പെടുമ്പോൾ തന്നെ അതിനോട് എതിരിടേണ്ടത് സമൂഹത്തിന്റെതന്നെ ധർമമാണ്.
അതിനോടൊപ്പം സ്വതന്ത്ര മാധ്യമങ്ങളെകൂടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് എന്ത് ചെയ്യേണ്ടിവരും എന്നതിനെക്കുറിച്ചും ചിന്തിക്കണം. യുക്രെയ്നിൽ റഷ്യയുടെ അധിനിവേശം നടക്കുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഏറ്റവുമധികം ശ്രദ്ധിച്ചത് നൊവായ ഗസറ്റേയുടെ പത്രാധിപർ ദിമിത്രി മുറടോവ് എന്ന നൊബേൽ സമ്മാന ജേതാവിന്‍റെ വാക്കുകളിലേക്കായിരുന്നു. യുദ്ധം എന്ന് പറയാൻ പാടില്ലെന്നും ൈസനിക നടപടിയെന്ന് മാത്രമേ വിശേഷിപ്പിക്കാവൂ എന്നും ഗവണ്മെന്റ് ഉത്തരവിട്ടപ്പോൾ, അത് ലംഘിച്ചുകൊണ്ടേ തങ്ങൾ മാധ്യമപ്രവർത്തനം നടത്തുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. വരുംവരായ്കകൾ പിന്നീട് നോക്കാം എന്ന് പറയുന്ന ആ മാധ്യമപ്രവർത്തനത്തിന്‍റെ ആർജവത്തിൽനിന്ന് നമുക്ക് എന്ത് സ്വീകരിക്കാമെന്നതും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്.
മാധ്യമങ്ങൾ നേരിടുന്നത് ആശയപരവും സാമ്പത്തികവുമായ വെല്ലുവിളികൾ
എം.കെ. വേണു: മാധ്യമങ്ങൾ സമകാലിക സാഹചര്യത്തിൽ നേരിടുന്നത് ആശയപരവും സാമ്പത്തികവുമായുള്ള പ്രതിസന്ധികളാണ്. ആദ്യകാലങ്ങളിൽ ചോദ്യങ്ങളുയർത്തുന്ന മാധ്യമപ്രവർത്തനം സാധാരണമായിരുന്നു. എന്നാൽ പോപ്പുലിസത്തിന്‍റെ ഇക്കാലഘട്ടത്തിൽ ഇതേ മാധ്യമങ്ങൾ ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുകയാണ്. അവർക്കെതിരെ കേസുകൾ ചുമത്തപ്പെടുകയും ചോദ്യങ്ങളെ ഇല്ലാതാക്കാൻ ശ്രമം നടക്കുകയുമാണ്. ഉത്തർപ്രദേശ് സർക്കാറിൽനിന്ന് 'ദ വയർ' ഓൺലൈന് മൂന്ന് ക്രിമിനൽ കേസുകൾ നേരിടേണ്ടിവന്നു. ഉത്തർപ്രദേശിലെ ബരാബാൻകി മസ്ജിദ് തകർക്കപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തു എന്നത് മാത്രമാണ് ഉത്തർപ്രദേശ് സർക്കാർ കേസെടുക്കാൻ കണ്ടെത്തിയ കാരണം. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ ഇപ്പോൾ അലഹബാദ് ഹൈകോടതിയിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്. സി.ആർ.പി.സി സെക്ഷൻ 153 -എ ചുമത്തപ്പെട്ടുവെന്നത് ഞെട്ടിക്കുന്നതാണ്. ഉത്തർപ്രദേശിലുണ്ടായ ഒരു സംഭവം റിപ്പോർട്ട് ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തത്. എന്നാൽ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നടപടി സ്വീകരിച്ചിരിക്കുന്നു. നിയമങ്ങളെ ഭരണാധികാരികൾ ഏതൊക്കെ വിധത്തിൽ ദുരുപയോഗം െചയ്യുന്നുവെന്നത് ഇതിലൂടെ വ്യക്തമാണ്.
രാജ്യത്ത് വെറുപ്പ് പടരുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരു പ്രസ്താവന ഭരണഘടനാ സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് നൽകി. ഇതുമായി ബന്ധപ്പെട്ട് മാധ്യമം ദിനപത്രം വിശദമായ ഒരു എഡിറ്റോറിയൽ എഴുതി എന്നതിൽ വലിയ സന്തോഷമുണ്ട്. ഓരോ ദിവസവും ന്യൂനപക്ഷങ്ങൾക്കെതിരായ വെറുപ്പ് പടരുമ്പോൾ ഒരു പോപ്പുലിസ്റ്റ് സർക്കാർ എങ്ങനെ അതിനെ നോക്കിക്കാണുന്നുവെന്നത് വളരെ ഗൗരവകരമായ കാര്യമാണ്. മുമ്പ് കാണാത്ത കാര്യങ്ങൾ ഇന്ന് രാജ്യത്തെ മാധ്യമരംഗത്ത് നടക്കുകയാണ്. ഭരണപക്ഷത്തെ വെറുതെവിട്ട് പ്രതിപക്ഷത്തെ എതിർക്കുകയാണ് മാധ്യമങ്ങൾ. ഹിജാബ് വിവാദമടക്കമുള്ള പ്രശ്നങ്ങൾ സമൂഹത്തിൽ നടക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ ഇത്തരം പ്രശ്നങ്ങളിൽ ഒരു നിലപാട് സ്വീകരിക്കണം.
ഒരു കാര്യത്തിൽ എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്. രാഷ്ട്രീയ വെറുപ്പ് പ്രധാനമായും കൂടുതലായി പ്രചരിക്കുന്നത് ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലൂടെയാണ്. കേരളം, തമിഴ്നാട്, ഒഡിഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ മാധ്യമങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ കഴിയുന്നുണ്ട്.
മഹാമാരിയുടെ കാലത്ത് വെറുപ്പ് പ്രചാരണം ശക്തമായി നടന്നു. തബ് ലീഗ് ജമാഅത്തിനെതിരെ നടന്ന മാധ്യമപ്രചാരണങ്ങൾ സമൂഹം കണ്ടതാണ്. ന്യൂനപക്ഷ വിരുദ്ധ കാമ്പയിനാണ് അവിടെ വ്യക്തമായത്. സാമ്പത്തിക പ്രതിസന്ധികളും ഇതിനോടൊപ്പം മാധ്യമങ്ങൾ അഭിമുഖീകരിക്കുകയാണ്. ചില ദേശീയ മാധ്യമ ഉടമകൾ സർക്കാറിൽനിന്നുതന്നെ ധനസഹായം സ്വീകരിക്കുകയാണ്. കോവിഡ് കാലത്തിന് ശേഷം പരസ്യ വരുമാനം പരമ്പരാഗത മാധ്യമങ്ങളിൽനിന്ന് സമൂഹ മാധ്യമങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ടെന്നതാണ് വസ്തുത.
അരാഷ്ട്രീയവത്കരിക്കപ്പെട്ട ന്യൂസ് റൂമുകൾ
ആർ. രാജഗോപാൽ: നേരിട്ട് ഇടപെടാതെ സംഘ്പരിവാർ സംഘടനകളെയും അനുകൂലികളെയും ഉപയോഗിച്ച് ഭരണകൂടം മാധ്യമങ്ങൾക്കെതിരെ നിയമ നടപടികളിലേക്ക് പോകുന്ന സംഭവം വളരെ വ്യാപകമായിരിക്കുകയാണ്. കർണാടകയിൽ ഹിജാബ് വിവാദം ഉണ്ടായപ്പോൾ ഒരു സംഭവം നമ്മൾ കണ്ടിരുന്നു. ഒരു വിദ്യാർഥിനി ഹിജാബ് ധരിച്ച് നടക്കുന്നു, പിന്നാലെ ചെന്നായ്ക്കളെപോലെ ഒരുപറ്റം കാവിധാരികൾ വന്ന് അലറുന്നു. ഈ സംഭവം എങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെടേണ്ടത്? ഇത്തരമൊരു സംഭവം കണ്ടപ്പോൾ ഞെട്ടിപ്പോയി. അന്ന് ''നിങ്ങളുടെ മര്യാദ പുരുഷോത്തമന്മാർ ഇങ്ങനെയാണോ പെരുമാറുന്നതെ''ന്ന ചോദ്യവുമായി 'ടെലിഗ്രാഫ്' തലക്കെട്ടിട്ടു. അടുത്തദിവസം മഹാരാഷ്ട്രയിൽ ഒരു വിഭാഗം, പത്രത്തിനെതിരെ രാജ്യവ്യാപകമായി കേസ് നൽകണമെന്ന തുറന്ന ആഹ്വാനം നടത്തുന്ന സ്ഥിതിയുണ്ടായി. എല്ലായിടത്തും കേസുകൾ നൽകൂ എന്നായിരുന്നു അവരുടെ ആഹ്വാനം. മര്യാദ പുരുഷോത്തമനായി കണക്കാക്കുന്ന ശ്രീരാമനെ 'ടെലിഗ്രാഫ്' അവഹേളിക്കാൻ ശ്രമിച്ചുവെന്നതായിരുന്നു അവർ അതിന് ന്യായീകരണമായി പറഞ്ഞത്. രാജ്യത്തെ മുക്കിലും മൂലയിലും ഇത്തരത്തിൽ പരാതികൾ നൽകുന്ന സാഹചര്യമാണുള്ളത്. ഇങ്ങനെ കേസ് നൽകുന്നത് പലപ്പോഴും മാധ്യമങ്ങൾക്ക് അറിയാൻപോലും കഴിയില്ല. കേസ് നിലനിൽക്കുന്നതറിയാതെ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനത്തിനെത്തുമ്പോഴായിരിക്കും വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുക.
കേസ് വിവരം ഇനി മാധ്യമങ്ങൾ അറിഞ്ഞു എന്നിരിക്കട്ടെ, ഓരോ സംസ്ഥാനത്തേക്കും അഭിഭാഷകരെ അയച്ച് നിയമനടപടികൾ നടത്താനുള്ള ചെലവ് ഭീമമായിരിക്കും. സാധാരണ വായനക്കാർ ഇതൊന്നും അറിയാറില്ലെന്നതാണ് വസ്തുത. 'മീഡിയവണി'ന് നേരെ വിലക്കുണ്ടായപ്പോൾ പലരും അത് ആഘോഷിച്ചു. സ്വതന്ത്ര ചിന്തകർ, സ്വതന്ത്ര നിരീക്ഷകർ എന്നൊക്കെ പറയുന്നവർ സംഭവത്തെ ന്യായീകരിക്കുകയാണ്. ഇത്തരം അഭിപ്രായങ്ങൾ പറയുന്നവർ വീണ്ടും പൊതുസമൂഹത്തിൽ സ്വതന്ത്ര നിരീക്ഷകർ എന്നു പറഞ്ഞ് രംഗത്തെത്തുകയും ചെയ്യുന്നു. കേസുകളെടുക്കുന്നതിൽ ഭയമില്ല, നമ്മൾ അറിയാതെ കേസ് വരുമ്പോഴാണ് ബുദ്ധിമുട്ടുകളുണ്ടാകുന്നത്. നിയമനടപടികൾ വഴിയുള്ള വെല്ലുവിളികൾ മാത്രമല്ല, സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന പലരെയും ഉപയോഗപ്പെടുത്തി മാധ്യമനിലപാടുകൾക്കെതിരെ കുറ്റപ്പെടുത്തലുകൾ നടത്തുന്നുവെന്നതാണ് മറ്റൊന്ന്. എന്നാൽ ഇത്തരം വഴികളിലൂടെയൊന്നും തങ്ങളെക്കൊണ്ട് ഖേദം പ്രകടിപ്പിക്കാൻ കഴിയില്ല.
കൃത്യമായ നിലപാടെടുത്തതിന്‍റെ പേരിൽ സർക്കുലേഷൻ കുറഞ്ഞാൽ നമ്മൾ ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ തിരിച്ചറിയണം. എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ രാഷ്ട്രീയവത്കരിക്കുന്നുവെന്നാണ് കുറ്റപ്പെടുത്തലുകൾ വരുന്നത്. രാഷ്ട്രീയവത്കരിക്കുന്നതിൽ എന്ത് തെറ്റാണുള്ളതെന്നാണ് ചോദിക്കാനുള്ളത്. ജനിച്ച് വീഴുമ്പോൾ മുതൽ നമ്മൾ രാഷ്ട്രീയത്തിലാണ്. രാഷ്ട്രീയവത്കരണമാണ് നമ്മുടെ ജോലി. ന്യൂസ് റൂമുകളെ മുഴുവനായി അരാഷ്ട്രീയവത്കരിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയ കാഴ്ചപ്പാടുകളില്ലാത്ത, കുറച്ച് നന്നായി ഭാഷ കൈകാര്യംചെയ്യാൻ മാത്രം അറിയാവുന്നവരുടെ അതിപ്രസരമാണ് പല ന്യൂസ് റൂമുകളിലും. ക്രിക്കറ്റും ബോളിവുഡും കൊണ്ടുമാത്രം പത്രങ്ങളും ചാനലുകളും രക്ഷപ്പെടുമെന്ന് തൊണ്ണൂറുകളിൽ ആരോ കണ്ടെത്തിയ ചിന്തയാണ് അവരെ നയിക്കുന്നത്. യുദ്ധംപോലെയാണ് ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തൊണ്ണൂറുകളിലെ അന്നത്തെ അരാഷ്ട്രീയ ന്യൂസ് റൂമുകളിലുണ്ടായിരുന്ന പലരുമാണ് ചില മുഖ്യധാരാ മാധ്യമങ്ങളിൽ ഇന്ന് എഡിറ്റർ സ്ഥാനത്ത് ഇരിക്കുന്നത്. അവർക്ക് രാഷ്ട്രീയപരമായ ഒരു അഭിപ്രായവുമില്ലെന്നതാണ് വാസ്തവം. പറയുന്ന ജോലി ചെയ്യും. പാത്രത്തിൽ വെള്ളമൊഴിക്കുന്നതുപോലെയാണ് അവരുടെ നിലപാട്. പാത്രത്തിന്റെ രൂപത്തിലേക്ക് അത് മാറും. ന്യൂസ് പേപ്പറിലെ എഡിറ്ററുടെ അധികാരമാണ് തലക്കെട്ടിടുകയെന്ന് മനസ്സിലാക്കണം.
പ്രമോദ് രാമൻ: വാർത്ത എങ്ങനെ നൽകണമെന്നുള്ളത് പത്രാധിപസമിതിയുടെ തീരുമാനമാണ്. 'ടെലിഗ്രാഫി'ന്റെ തലക്കെട്ടുകളാണ് ഇക്കാലയളവിൽ നമ്മൾ ആഘോഷിച്ചത്. അത് ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിക്ക് എതിരാകുന്നതുകൊണ്ടല്ല. അതിനുള്ളിൽ ഉൾക്കൊണ്ടിട്ടുള്ള കൃത്യമായ വാർത്താദിശ കാരണമാണ്. 'മീഡിയവൺ' വിലക്ക് സിംഗിൾബെഞ്ച് ശരിവെച്ചപ്പോൾ അത്രിസംഹിത ഉദ്ധരിക്കാനോ ജഡ്ജി അവിടെ ഇരിക്കുന്നത് എന്നായിരുന്നു 'ടെലിഗ്രാഫി'ന്റെ തലക്കെട്ട്. അങ്ങനെ 'ടെലിഗ്രാഫി'ന്‍റെ തലക്കെട്ടുകളിലൂടെ ഒരു കാഴ്ചപ്പാടുകൂടെയാണ് കേൾക്കുന്നത്.
വികസന ഭീകരവാദവും നടക്കുന്നു
എം. സുചിത്ര: 2020 വലിയ പ്രതിസന്ധിയുണ്ടാക്കിയ ഒരു കാലഘട്ടമായിരുന്നു. മനുഷ്യവംശം ഇത്രയും കാലം പടുത്തുയർത്തിയ അഹന്തയുടെ ഗോപുരങ്ങൾ ഒരു സൂക്ഷ്മ ജീവി ശീട്ടുകൊട്ടാരംപോലെ തകർത്ത വർഷം. സമൂഹം മുഴുവൻ തകർച്ച നേരിട്ടപ്പോൾ മാധ്യമരംഗത്തെയും അത് ബാധിച്ചു. ലോക് ഡൗൺ കാലത്ത് ആളുകൾ വീടകങ്ങളിലായിരുന്നപ്പോൾ മാധ്യമപ്രവർത്തകർ കർത്തവ്യനിർവഹണത്തിലായിരുന്നു. മാധ്യമസ്ഥാപനങ്ങൾ ഇക്കാലയളവിൽ അടച്ചുപൂട്ടലിലേക്ക് നീങ്ങി. ശമ്പളം വെട്ടിക്കുറക്കുന്നതടക്കം പ്രശ്നങ്ങളെ നേരിടേണ്ടി വന്നു. മഹാമാരി വന്നപ്പോൾ മാത്രമല്ല, 2014 മുതൽ ഇന്ത്യയിലെ മാധ്യമരംഗം വലിയ തകർച്ചയിലാണ്. ഒരു ഹിന്ദുത്വ ദേശീയ പോപ്പുലിസം ഭരണകൂടത്തിന്‍റെ പ്രത്യേക ആഖ്യാനം രൂപവത്കരിക്കുന്നു. ഹിന്ദുക്കൾ, മുസ്‍ലിംകൾ എന്നിങ്ങനെയുള്ള വിഭജനം കൃത്യമായി നടപ്പാക്കുകയാണ് അവർ. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ 'അവർ' എന്ന് വിശേഷിപ്പിച്ച് മാറ്റിനിർത്തുന്നു. ഇക്കാലത്ത് സമൂഹത്തിലെന്നപോലെ മാധ്യമങ്ങളിലും പ്രതിസന്ധികൾ കടന്നുവരുകയാണ്.
2017 മുതൽ മാധ്യമപ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചതായി പഠനങ്ങളിലൂടെ കാണാൻ കഴിയും. 2010ൽ പത്ത് മാധ്യമപ്രവർത്തകർക്ക് നേരെയാണ് കടന്നാക്രമണമുണ്ടായത്. 2014 വരെ അത്തരം അതിക്രമങ്ങൾ കുറഞ്ഞുവന്നു. പിന്നീട് അത് 2020 ആകുമ്പോൾ അഞ്ചിരട്ടിയായി വർധിച്ചിരിക്കുന്നു. നമ്മുടെ ഇടയിൽനിന്നുള്ള സിദ്ദീഖ് കാപ്പനടക്കം ആറ് മാധ്യമപ്രവർത്തകർ ജയിലിലാണ്. ഇതുവരെ അദ്ദേഹത്തിന് നീതി ലഭിച്ചിട്ടില്ല. ഉത്തർപ്രദേശിലെ ഒരു ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകനെ അവിടെയെത്തുന്നതിന് മുമ്പേ അറസ്റ്റ് ചെയ്യുകയാണ്. സംശയത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്യുകയും തുടർന്ന് നിരവധി കുറ്റങ്ങൾ ചുമത്തപ്പെടുകയുമാണ്. എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാത്തവിധം ഭരണകൂട കടന്നുകയറ്റമുണ്ടായിരിക്കുന്ന സമയമാണിത്.
കോവിഡ് കാലത്ത് പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളോട് പോസിറ്റിവ് വാർത്തകൾ മാത്രം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും മേൽ മുമ്പേയുള്ള നിയന്ത്രണം മഹാമാരിയുടെ അവസരത്തിൽ കൂടുതൽ കടുപ്പിച്ചുകൊണ്ട് മുതലാക്കുന്ന നടപടികളാണുണ്ടായത്.
ഭരണത്തിലിരിക്കുന്നവരുടെ വികസന ഭീകരവാദമാണ് മറ്റൊരു പോപ്പുലിസമായി ചൂണ്ടിക്കാട്ടാനുള്ളത്. ഇവിടെ ഭീകരവാദം എന്ന വാക്ക് അറിഞ്ഞുകൊണ്ട് തന്നെ പ്രയോഗിക്കുകയാണ്. വികസനം എന്ന വാക്ക് ഉപയോഗിച്ച് വമ്പൻ പദ്ധതികൾക്ക് വേണ്ടി സാധാരണ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നു. പല സംസ്ഥാനങ്ങളിലും ആദിവാസികൾ ഇത്തരത്തിൽ പലായനം ചെയ്യപ്പെടുകയാണ്. കുടിയേറ്റ തൊഴിലാളികളിൽ വലിയൊരു ഭാഗം പല സ്ഥലങ്ങളിൽനിന്ന് ഓടിയെത്തിയിട്ടുള്ള ആദിവാസികളാണ്. അവർക്ക് അവരുടെ നാടുകളിൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാകുന്നു. ഒഡിഷയിലെ ജയിലുകളിൽ മുഖമില്ലാത്ത എത്രയോ ആദിവാസികൾ കിടക്കുന്നുണ്ട്.
ഇങ്ങനെയുള്ള അവസരത്തിൽ മാധ്യമങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഇത്തരം പോപ്പുലിസത്തെ വളർത്തുന്നതിൽ മാധ്യമങ്ങൾക്ക് പങ്കുണ്ട്. പല മാധ്യമങ്ങളും വിവിധ കാരണങ്ങളാൽ ഭരണകൂടത്തോട് ചേർന്നുനിൽക്കുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തക എന്ന രീതിയിൽ ഒരു സ്ഥാപനത്തിന്‍റെ തണലില്ലാതെ പ്രവർത്തിക്കുമ്പോൾ തീർത്തും ഒറ്റക്കാണ്. ഒരു തരത്തിലുമുള്ള സുരക്ഷയും നമുക്ക് ലഭിക്കുന്നില്ല.
മാധ്യമപ്രവർത്തനത്തിന്‍റെ പഴയ സ്കൂളിൽപെട്ട വ്യക്തിയായതിനാൽ, ഉയർന്നുനിൽക്കുക എന്നതിനോടൊപ്പംതന്നെ ആത്മപരിശോധന നടത്തുകയും വേണമെന്ന് ചിന്തിക്കുന്നു. സത്യമെന്താണെന്ന് ബോധ്യമുള്ള കാര്യങ്ങളിൽ ഊന്നിനിന്ന് മുന്നോട്ടുപോകുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്.
ഒരു തെരഞ്ഞെടുപ്പുകൊണ്ട് ഇല്ലാതാകുന്നതല്ല വെല്ലുവിളികൾ
വിനോദ് കെ. ജോസ്: വ്യക്തമായ നിലപാടുകൾ പറഞ്ഞുകൊണ്ടാണ് 'മാധ്യമം' ഇക്കാലമത്രയും നിലകൊണ്ടത്. ഒരു പത്രപ്രവർത്തകനായി ഡൽഹിയിലേക്ക് പുറപ്പെടുമ്പോൾ മുഖ്യധാരാ മാധ്യമങ്ങൾക്ക് അകത്തുനിന്നുകൊണ്ടുതന്നെ ആത്മവിമർശനാത്മകമായി പത്രപ്രവർത്തനം നടത്താനുള്ള പ്രചോദനം എനിക്ക് 'മാധ്യമ'ത്തിൽനിന്നുണ്ടായിട്ടുണ്ട്. കേരളം കേരളമാക്കി സൂക്ഷിക്കുന്നതിൽ ഒരു പങ്ക് 'മാധ്യമ'ത്തിനും അവകാശപ്പെടാനുണ്ട്. വയനാട്ടിലെ സാധാരണ സ്കൂളിൽ പഠിച്ച് ഡൽഹിയിലേക്ക് പോകുമ്പോൾ സ്വാതന്ത്ര്യസമര സേനാനിയായ ഒരു കുറുപ്പുമാഷ് മുമ്പു പറഞ്ഞ കാര്യമായിരുന്നു മനസ്സിൽ. ''വെള്ളക്കാർക്ക് ഒരു അഹങ്കാരമുണ്ട്, അവർക്ക് മാത്രമാണ് സയൻസിലും എഴുത്തിലും സാംസ്കാരിക മേഖലകളിലും മുൻപന്തിയിൽ നിൽക്കാൻ കഴിയുള്ളൂവെന്നതാണ് അവരുടെ അഹങ്കാരം. തൊലിവെളുപ്പില്ലാത്ത നമുക്കും നല്ല ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയും. ആ രാഷ്ട്രം സയൻസിലും സാംസ്കാരിക തലത്തിലും ഉൾപ്പെടെ തുല്യ അവകാശങ്ങളും നീതിയും ജനങ്ങൾക്ക് കൊടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു രാഷ്ട്രമായിരിക്കണമെന്ന വാശിയിലാണ് ഇന്ത്യക്ക് അടിത്തറ പാകിയത്''- ഇതായിരുന്നു അദ്ദേഹം പറഞ്ഞത്. പല പ്രതിസന്ധികളുണ്ടാകുമ്പോഴും എന്തിന് പൊരുതണമെന്ന കാര്യത്തിൽ വ്യക്തത തരുന്നത് ആ വാക്കുകളാണ്.
മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം മാധ്യമ സെമിനാറിൽ പങ്കെടുക്കാനെത്തിയ കാരവൻ എക്സിക്യൂട്ടിവ് എഡിറ്റർ വിനോദ് കെ. േജാസുമായി സംഭാഷണത്തിൽ
ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്നത് 2014ൽ തുടങ്ങിയ മാറ്റമാണെന്ന് കരുതുന്നില്ല. തൊണ്ണൂറുകളുടെ അവസാനത്തിൽ കോർപറേറ്റ് താൽപര്യങ്ങൾ കടന്നുകൂടിയ സ്ഥിതിയായിരുന്നു മാധ്യമങ്ങളിൽ കണ്ടത്. പൈസ കൊടുക്കുന്നവർ പത്രങ്ങളിൽ വാർത്തയുടെ ഇടം എവിടെയാണെന്ന് തീരുമാനിക്കുന്ന സ്ഥിതി. ഇപ്പോൾ പൊളിറ്റിക്കൽ ഹിന്ദുയിസം സമൂഹത്തിലെ ഓരോ സ്ഥാപനങ്ങളെയും കടപുഴക്കുന്ന രീതിയിൽ വളർന്നിട്ടുണ്ട്. 1952ലെ ആദ്യ തെരഞ്ഞെടുപ്പിൽ മൂന്ന് ശതമാനം മാത്രം വോട്ട് നേടിയവർ ഇന്ന് 37 ശതമാനം വോട്ടോട് കൂടി ഒരു ഭൂരിപക്ഷ നാഷനലിസത്തിന്‍റെ വക്താക്കളായിരിക്കുന്നു. വെറും ഒന്നോ രണ്ടോ ഓർഗനൈസേഷനുകൾ മാത്രമുണ്ടായിരുന്ന ആർ.എസ്.എസ് ഇന്ന് അറുപതിൽപരമായി വിവിധ തലങ്ങളിൽ പിടിമുറുക്കിയിരിക്കുന്നു. അദ്വൈത പരിഷത്തിലൂടെ കടന്നുവന്നിരിക്കുന്ന പലരും ഇന്ന് ജഡ്ജിമാരാണ്. എ.ബി.വി.പിയിലൂടെ വന്നിട്ടുള്ള പലരും മുഖ്യധാരാ മാധ്യമങ്ങളിൽ പലതിലും എഡിറ്റർ ഇൻ ചീഫുമാരാണ്. ശാസ്ത്ര ഉപദേഷ്ടാക്കളിലും സിവിൽ സർവിസിലുമടക്കം എല്ലാ മേഖലകളിലും അവർ കടന്നെത്തി പൊളിറ്റിക്കൽ ഹിന്ദുയിസത്തിലൂടെ രാജ്യത്തിന്‍റെ സ്വഭാവം മാറ്റിയിരിക്കുന്നു.
മാധ്യമങ്ങളിലെ പരസ്യം മുതൽ നീതിന്യായ വ്യവസ്ഥയിലെ തീരുമാനങ്ങളിൽ വരെ പിടിമുറുക്കിയിരിക്കുന്നു. 1931ലെ സെൻസസിൽ വെറും 13 ശതമാനം വരെയുള്ള ഉയർന്ന സമുദായത്തിൽനിന്നുള്ളവർ മാധ്യമങ്ങളിൽ വരെ 90 ശതമാനം പദവികളും കൈയടക്കിയിരിക്കുന്നു. എന്തിന് ഇന്ത്യ നിലകൊള്ളുന്നുവെന്ന കാരണത്തിന് കടകവിരുദ്ധമായ പ്രവർത്തനങ്ങൾ അതിലൂടെ നടക്കുകയാണ്.
സാധാരണ ജനങ്ങളുടെ പിന്തുണയിൽ ആരംഭിച്ചിട്ടുള്ള മാധ്യമ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയെന്നത് ഇത്തരം ഐഡിയോളജിക്കൽ ഇന്ത്യയുടെ ആവശ്യകതയാണ്. ഒരു തെരഞ്ഞെടുപ്പുകൊണ്ട് ഇല്ലാതാക്കാവുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്ന് ചിന്തിച്ചാൽ, ആർക്കെതിരെയാണ് നമ്മൾ പൊരുതുന്നത് എന്ന് മനസ്സിലാക്കാതെ തലതല്ലി മരിക്കുന്ന ഒരു അവസ്ഥയുണ്ടാകും. സത്യത്തിനും നീതിക്കും വേണ്ടി പൗരന്മാർ ശബ്ദിക്കുന്നത് നിലനിൽപ്പിന് വേണ്ടിയുള്ള പൊരുതലാണ്.
നൂറ് വർഷം മുമ്പ് ഇന്ത്യയിൽ നടന്ന അതേ സംവാദങ്ങളാണ് ഇപ്പോഴും ഇന്ത്യയിൽ നടക്കുന്നത്. ഗാന്ധിയും നെഹ്റുവും അംബേദ്കറും തമ്മിൽ പലകാര്യങ്ങളിലും എതിർപ്പുകളുണ്ടായിരുന്നു. എന്നാൽ വിവിധ ഭക്ഷണം കഴിക്കുന്ന, വിവിധ ഭാഷക്കാരായ ജനങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന കാര്യത്തിൽ അവർക്ക് ഒരുമയുണ്ടായിരുന്നു. മറുഭാഗത്ത് സവർക്കർ വെച്ചിരുന്ന തിയറി ഹിന്ദുത്വയായിരുന്നു. ഇതൊരു ഭൂരിപക്ഷത്തിന്‍റെ രാജ്യമായിരിക്കണമെന്ന് പറഞ്ഞ അന്നത്തെ സവർക്കറുടെ തിയറി അന്നേ പരാജയപ്പെട്ടതാണ്.
ഒരു ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദീഖ് കാപ്പന് കിട്ടിയത് ജയിലാണ്. നിരവധി മാധ്യമപ്രവർത്തകർക്കെതിരെ കേസുകളുണ്ട്. മാധ്യമസ്വാതന്ത്ര്യം രാഷ്ട്രീയത്തിൽനിന്ന് മാറ്റി കാണാവുന്ന ഒരു കാലമല്ല. അതിനാൽ നേതൃത്വത്തിന്‍റെ സ്വഭാവം പ്രധാനപ്പെട്ടതാണ്. നമ്മുടെ നേതൃത്വം പലപ്പോഴും ഒരു സമൂഹത്തിനെ പിറകെ നിർത്തി എന്ത് ആവശ്യമുണ്ടെന്നത് ചോദിക്കുന്ന സാഹചര്യമാണ്. നേതാക്കൾ തിരിച്ചുനിന്ന് ബാക്കിയുള്ള സമൂഹത്തോടുകൂടി ഒരുമിച്ച് പ്രവർത്തിക്കേണ്ടവരായിരിക്കണം. കേരളത്തിൽ ശ്രീനാരായണ ഗുരു, ചാവറ കുര്യാക്കോസ് തുടങ്ങിയവരൊക്കെ അത്തരത്തിലുള്ളവരായിരുന്നു. ഓരോ നേതൃത്വവും അത്തരത്തിലായിരുന്നു. അതുകൊണ്ട് തന്നെയാണ് മാറ്റങ്ങളുണ്ടായിട്ടുള്ളത്.
ഭൂരിപക്ഷ മതാധിപത്യത്തിന് വേണ്ടി 'കർസേവ'
എം.ജി. രാധാകൃഷ്ണൻ: കഴിഞ്ഞ 25 വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമായ വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും കാലഘട്ടമായിരുന്നു. ഒരു പുതിയ റിപ്പബ്ലിക്കിലേക്ക് പോലും ഇന്ത്യ നീങ്ങിതുടങ്ങുകയും സ്വാതന്ത്ര്യസമര കാലം മുതൽ നമ്മളെ ഭരിച്ച മൂല്യങ്ങൾക്ക് തകിടംമറിച്ചിലുണ്ടാകുകയും ചെയ്ത കാലഘട്ടത്തിൽ 'മാധ്യമം ആഴ്ചപ്പതിപ്പ്'പോലെ ഒരു പ്രസിദ്ധീകരണം 25ാം വർഷത്തിലേക്ക് എത്തിയതുതന്നെ ഒരു വലിയ പ്രതിരോധമാണെന്നതിൽ സംശയമില്ല. മറ്റ് പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ- സാമൂഹിക സാഹചര്യമാണ് കേരളത്തിൽ. ബഹുസ്വരതക്ക് കൂടുതൽ ഇടം നൽകുന്ന സമൂഹമാണെന്നത് പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഭരണകൂടങ്ങളെ ചോദ്യംചെയ്യാനുള്ള നമ്മൾ ഓരോരുത്തരുടെയും ധൈര്യത്തിനും ചങ്കൂറ്റത്തിനുമൊക്കെ സാധിക്കുന്ന ഇടമുള്ളതാണ് കേരളം. അതിൽനിന്ന് വ്യത്യസ്തമാണ് മറ്റ് സ്ഥലങ്ങൾ. അതിനാൽ കൂടെയാണ് വിനോദ് ജോസിനെയും എം.കെ. വേണുവിനെയും പോലെ പ്രവർത്തിക്കുന്നവർ വെല്ലുവിളി നേരിടുന്നത്. ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ പകർച്ചവ്യാധിയുടെ കാലത്ത് അത് കൂടുതൽ ഗുരുതരമാക്കുകയാണ് ചെയ്തത്. വലിയ ആഘാതത്തിലൂടെയാണ് ലോകം മുഴുവൻ ജനാധിപത്യം കടന്നുപോകുന്നത്. 86ഓളം രാജ്യങ്ങളിൽ ഐക്യരാഷ്ട്ര സഭയും മറ്റും സമീപകാലത്ത് നടത്തിയ പഠനങ്ങളിൽ വ്യക്തമാകുന്നത് ജനാധിപത്യ വിരുദ്ധ സ്വഭാവമുള്ളവർ ഇക്കാലഘട്ടത്തിൽ ശക്തിയാർജിച്ചുവെന്നാണ്.
ദേശീയദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഭരണാധികാരികൾ കൂടുതൽ അധികാരങ്ങൾ പ്രയോഗിക്കുന്നു. സമൂഹം ഈ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഭരണാധികാരികൾക്ക് കൂടുതൽ അധികാരം കൈയാളുന്നതിന് അംഗീകാരവും സമ്മതിയും നൽകുന്നു. അതിലൂടെ അടിസ്ഥാനപരമായ അവകാശങ്ങൾക്ക് പോലും സമൂഹത്തിന്റെ അനുമതിയോടെ കടന്നുകയറാൻ അധികാരികൾക്ക് വഴിയൊരുങ്ങുന്നു. അത് എല്ലാ പകർച്ചവ്യാധികാലത്തും സംഭവിച്ചിട്ടുള്ളതാണ്. സമൂഹത്തിൽ നിലനിൽക്കുന്ന മുൻവിധികളും പക്ഷപാതങ്ങളും രൂക്ഷമാക്കുന്ന സ്ഥിതിയുമുണ്ടാകുന്നു. മുൻകാലങ്ങളിൽ ജൂതന്മാരാണ് പകർച്ചവ്യാധികൾ സൃഷ്ടിക്കുന്നത് എന്ന പ്രചാരണവും വേട്ടയാടലുമുണ്ടായിട്ടുണ്ട്. കോവിഡ് കാലത്ത് കൊറോണ ജിഹാദ് എന്ന രീതിയിൽ മുസ്‍ലിം വിഭാഗങ്ങൾക്കെതിരെ സാമുദായിക ലക്ഷ്യത്തോടെ പ്രചാരണമുണ്ടായി. ഇത്തവണ ജനാധിപത്യവിരുദ്ധമായ സാഹചര്യം നിലനിൽക്കുമ്പോൾ അത് കൂടുതൽ വഷളാക്കി. ആഗോളപഠനങ്ങളിൽ കാണിക്കുന്നത് ഇന്ത്യ, തുർക്കി, സൗത്ത് കൊറിയ, ഫിലിപ്പീൻസ്, ഹംഗറി എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ ഇത് കൂടുതൽ വഷളായിരിക്കുന്നുവെന്നാണ്.
മാധ്യമങ്ങൾതന്നെ സ്വയം സന്നദ്ധമായി ഒരു ഭരണകൂടത്തിനും ഭൂരിപക്ഷ മതാധിപത്യത്തിനും അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് ആദ്യമായിട്ടായിരിക്കും. സമൂഹം അത്തരത്തിൽ പരുവപ്പെട്ടിരിക്കുന്നു. സമൂഹത്തെ ഭരിക്കുന്ന പക്ഷപാതങ്ങളുടെ ആധിപത്യം ആർക്കാണ് എന്നറിഞ്ഞുതന്നെയാണ് എല്ലാകാലത്തും മാധ്യമങ്ങൾ പ്രവർത്തിച്ചിട്ടുള്ളത്. അതിനെതിരെ ഒരു ന്യൂനപക്ഷം മാത്രമായിരിക്കും സംസാരിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഒരുകാലത്തുമില്ലാത്തതുപോലെ മാധ്യമങ്ങൾ ഭൂരിപക്ഷ മതാധിപത്യത്തിന് വേണ്ടി 'കർസേവ' നടത്തുന്ന അസാധാരണകാലമാണ്. അടിയന്തരാവസ്ഥക്കാലത്ത് അടിച്ചമർത്തൽ നേരിട്ട് ഭയപ്പാടോടുകൂടിയാണ് മാധ്യമങ്ങൾ വഴങ്ങിയതെങ്കിൽ ഇന്ന് അങ്ങനെയല്ല എന്നതാണ് വ്യത്യസ്തത. മാധ്യമങ്ങളും സമൂഹം ആകെയും സ്വയം വഴങ്ങുകയാണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ ഇതിന് എതിരായ പ്രതിരോധപ്രവർത്തനത്തെക്കുറിച്ച് ആലോചിക്കാനെങ്കിലും കഴിയുകയുള്ളൂ. കാരണം, പലപ്പോഴും പ്രതിരോധം നടത്തുന്നവരുടെ ധാരണ അവരുടെ മൂല്യബോധംകൊണ്ടുള്ള പ്രചാരണംകൊണ്ട് ഫലമുണ്ടെന്നാണ്. എന്നാൽ നേരെ എതിരാണ് ഫലമെന്ന് മനസ്സിലാക്കണം.
ഉദാഹരണത്തിന്, ഭരണകൂടം മുസ്‍ലിം വിരുദ്ധമാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് ഭരണകൂടം തന്നെയായിരിക്കും. ഇത് മനസ്സിലാക്കാതെ സെക്കുലറിസത്തിനും മുസ്‍ലിം സമൂഹത്തിനും എതിരാണ് ഭരണകൂടം എന്ന് ആവർത്തിക്കുമ്പോൾ അവർ ആഹ്ലാദിക്കുകയാണ്. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിൽ ഒരു മുസ്‍ലിം സ്ഥാനാർഥിയെപോലും നിർത്തിയില്ലെന്നത് കൃത്യമായ സന്ദേശമാണ്. മുസ്‍ലിം വിരുദ്ധരും സെക്കുലറിസ വിരുദ്ധരുമാണെന്ന പ്രഖ്യാപനം തന്നെയാണ് അവരുടെ ശക്തിയും സമ്മതിയും വർധിപ്പിക്കാനുള്ള പ്രധാന മാർഗം. ഈ രാഷ്ട്രീയ ആശയവിനിമയത്തിന്‍റെ അസാധാരണ കാലഘട്ടത്തെ മനസ്സിലാക്കാതെയാണ് പ്രതിരോധം ഉയർത്തുന്നത്. ഗൗരി ലങ്കേഷിനെയും ഗോവിന്ദ് പൻസാരെയെയും കൊലപ്പെടുത്തി എന്ന് ആവർത്തിക്കുമ്പോൾ അത് ചെയ്തവർ സന്തോഷിക്കുന്നുണ്ട്. സമൂഹം കൂടുതൽ ഫാഷിസ്റ്റ്‍വത്കരിക്കപ്പെട്ട കാലമാണിത്.
മാധ്യമങ്ങൾക്ക് എക്കാലത്തും സ്വയംഭരണത്തിന്‍റെ അടിസ്ഥാനമുണ്ടായിരുന്നു. പക്ഷപാതപരമായ മാധ്യമങ്ങളെ സമൂഹം തന്നെ തിരസ്കരിച്ചിരുന്നു. അതായിരുന്നു സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്‍റെ ശക്തി. രാഷ്ട്രീയ പാർട്ടികളുടെ പത്രവും ടെലിവിഷൻ ചാനലുകളും അതിന് ഉദാഹരണമാണ്. സമൂഹത്തിൽ ഏറ്റവും ശക്തിയുള്ള രാഷ്ട്രീയ പാർട്ടിയുടെ മാധ്യമം എന്തുകൊണ്ട് താഴേക്കിടയിൽ നിൽക്കുന്നുവെന്ന് ചിന്തിച്ചാൽ കാരണം വ്യക്തമാകും. ആ പാർട്ടിയിലും പ്രത്യയശാസ്ത്രത്തിലും നിൽക്കുന്നവർപോലും മാധ്യമങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത് സ്വതന്ത്ര പ്രവർത്തനവും നിഷ്പക്ഷ നിലപാടുമാണ്. കേരളത്തിൽ ഇന്നും ഏറക്കുറെ അങ്ങനെ തന്നെയാണ്. പക്ഷേ അതിന് ആദ്യമായി മാറ്റം വന്നിരിക്കുകയാണ് ഇപ്പോൾ. ദേശീയതലത്തിൽ ഏത് ചാനലിലാണ് റേറ്റിങ് കൂടുതൽ ലഭിക്കുന്നത് എന്ന് നോക്കിയാൽ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാനാകും. അങ്ങേയറ്റം പക്ഷപാതിയായ, വൃത്തികെട്ട വിദ്വേഷം പ്രചരിപ്പിക്കുന്ന, മറുപക്ഷത്തിന് ഒരു ഇടവും നൽകാത്ത, ഭ്രാന്തൻ മാധ്യമപ്രവർത്തനം നടത്തുന്ന മാധ്യമത്തിനാണ് കൂടുതൽ. ഓരോ ദിവസവും തീവ്രത കൂട്ടുമ്പോൾ റേറ്റിങ് വർധിക്കുകയാണ്.
മുതലാളിമാരുടെ അഭിപ്രായം മാത്രം പറഞ്ഞുകൊണ്ടിരുന്നാൽ ഒരു മാധ്യമവും വിജയിക്കില്ല. ഇന്ന് ആദ്യമായി അതിന് വ്യത്യാസമാകുന്നു. അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ദൂരദർശൻ, ആകാശവാണി തുടങ്ങിയ ഭരണകൂട നിയന്ത്രണത്തിലുള്ള മാധ്യമങ്ങളാണ് ഇത്തരം നിലപാടുകളിലേക്ക് നീങ്ങിയിരുന്നത്. എന്നാൽ ഇന്ന് സ്വകാര്യമേഖല നടത്തുന്ന മാധ്യമങ്ങളാണ് പൂർണമായ പക്ഷപാതനിലപാട് സ്വീകരിക്കുന്നത്. തെറ്റായ വാർത്തയാണെന്ന് എല്ലാവർക്കും അറിയാവുന്ന വാർത്ത തങ്ങളുടെ പക്ഷമാണെന്ന് വിശ്വസിച്ച് പ്രചരിപ്പിക്കുന്ന സ്വഭാവം മാധ്യമങ്ങൾക്കും വിപണിക്കും ലഭിച്ചിരിക്കുന്നു. പരസ്യങ്ങൾ കൊടുക്കുന്ന മൂലധനത്തിന്‍റെ ഉടമസ്ഥർപോലും അവരുടെ മതത്തെയും രാഷ്ട്രീയത്തെയുമാണോ പ്രചരിപ്പിക്കുന്നത് എന്ന് ചിന്തിക്കുന്നു. പഴയ കളിനിയമങ്ങളും കളി ആയുധങ്ങളും ഇവിടെ ഫലിക്കാൻ പോകുന്നില്ല. അവിടെയാണ് ആശയങ്ങളുടെ ആവശ്യം. അങ്ങനെയുള്ള ചർച്ചകളാണ് മാധ്യമപ്രവർത്തകരുടെയും ജനാധിപത്യ പ്രവർത്തകരുടെയും ഇടയിൽനിന്ന് ഉയർന്നുവരേണ്ടത്.
വെറുപ്പിനെതിരെ മാധ്യമ കലക്ടിവ് വേണം
യാസീൻ അശ്റഫ്: ഡൽഹി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 'ഏഷ്യാനെറ്റി'നും 'മീഡിയവണി'നും വിലക്ക് നേരിടേണ്ടി വന്ന സാഹചര്യം, വർഗീയ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിന് 'ദ വയറി'ന് നേരിടേണ്ടി വന്ന നിയമനടപടി, സിദ്ദീഖ് കാപ്പനെ ജയിലിൽ അടച്ച സംഭവം എന്നിവയൊക്കെ റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾ നേരിടുന്ന പ്രതിസന്ധികളാണ്. എന്നാൽ അത് മാത്രമല്ല, രാജ്യത്തിന്‍റെ ഭാവിയെ നിർണയിക്കാൻ പോകുന്ന ഗൗരവമുള്ള കാര്യങ്ങളുണ്ട്. ഓരോരുത്തരെയും നേരിട്ട് ബാധിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണത്. ഒരു വലതുപക്ഷ ഇൻഫർമേഷൻ ഇക്കോസിസ്റ്റം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. വലതുപക്ഷം എന്നതിലൂടെ ഉദ്ദേശിക്കുന്നത് വർഗീയതയിലൂടെ ഊന്നിയ നിലപാടുള്ളവരെയാണ്. എന്നാൽ ഇടത് എന്ന് മനസ്സിലാക്കുന്നവർ പോലും ഇപ്പോൾ അതിൽ ഉൾപ്പെടുന്നുണ്ട്. കേരളത്തിൽ ഭരണകൂടം തീരുമാനിച്ച പദ്ധതികൾക്കെതിരായി സംസാരിക്കുന്നവരെ നേരിടുന്നത് നോക്കിയാൽ അവർക്ക് വലതുപക്ഷവുമായുള്ള സാമ്യം വേഗത്തിൽ മനസ്സിലാകും.
കശ്മീർ ഫയൽസ് എന്ന സിനിമ പ്രധാനമന്ത്രിയാൽതന്നെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സംസ്ഥാനങ്ങൾ അത് കാണാൻ അവധിയും നികുതിയിളവും നൽകുന്നു. ഓരോ തരത്തിലുള്ള അപരവത്കരണത്തിനും അധികാരത്തിന്‍റെ പ്രചാരണത്തിനും വേണ്ടിയുള്ള ആഖ്യാനങ്ങളാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. കശ്മീർ ഫയൽസ് വസ്തുതാപരമല്ല എന്ന് പറയുമ്പോഴും അത് കണ്ടുകൊണ്ടിരിക്കുന്നവർക്ക് മുന്നിൽ ഇത്തരം ആഖ്യാനം വളരെ കാര്യമായി പ്രചരിക്കുന്നുണ്ട്. ഇവിടെ സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസാരിക്കുമ്പോൾ ലഭിക്കുന്ന മറുപടി വിമോചന സമരത്തിന്‍റെ സഖ്യം തുടങ്ങിയിരിക്കുന്നു എന്നതാണ്. ഇത്തരത്തിൽ ഭിന്നിപ്പിച്ചുകൊണ്ട് അധികാരം നടത്തുകയെന്ന തന്ത്രമാണ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. മുമ്പ് ഇല്ലാത്തവിധം പൗരസഞ്ചയം കൂടി അതിനൊപ്പം ഉൾപ്പെട്ടുവെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. മുമ്പ് ഭരണകൂടം മാത്രം ചെയ്തിരുന്ന കാര്യം ഇപ്പോൾ വളരെ വ്യാപകമായി നടത്തപ്പെടുന്നു. കോർപറേറ്റ്, ജാതീയത എന്നിവയൊക്കെ മാധ്യമങ്ങളെ ഭരിക്കുന്നുണ്ട്. വർഷങ്ങളായി രൂപപ്പെടുത്തിയെടുത്ത ഒരു പൊതുബോധം കൂടി മാധ്യമങ്ങളെ ഇപ്പോൾ ഭരിക്കുന്നുണ്ട്. അത് ഇപ്പോൾ നിയന്ത്രിക്കുന്നത് അധോരാഷ്ട്രം എന്ന് പറയുന്ന ബോധപൂർവം കൊണ്ടുനടക്കുന്ന പ്രവർത്തന രീതിയാണ്. കശ്മീർ ഫയൽസ് പോലുള്ള ആഖ്യാനങ്ങൾ ഉണ്ടാകുന്നത് ബോധപൂർവമുള്ള ഇത്തരം പ്രവർത്തനത്തിന്‍റെ ഭാഗമാണ്.
ഇത് ഇങ്ങനെ പോയാൽ പോരാ എന്ന് തീരുമാനിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഇവിടെ കൂടിയിരിക്കുന്നത്. വിശാലമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. ചിന്തകൾ കൈമാറാൻ കഴിയുന്ന ഒരു മീഡിയ കലക്ടിവ് ആവശ്യമാണ്. നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു. അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ വളരെക്കുറവാണ്. രാഷ്ട്രീയ സമരങ്ങൾ ഉണ്ടാകേണ്ടതാണെങ്കിലും നടക്കുന്നില്ല. നിയമപരമായി തന്നെ ദുരുപയോഗങ്ങളെ ചെറുക്കാനുള്ള വഴി ആലോചിക്കേണ്ടതുണ്ട്. പൊതുബോധത്തിന്‍റെ സ്വാധീനത്തിൽ മാധ്യമങ്ങളുടെ ഭാഷ മലിനപ്പെട്ടിരിക്കുന്നു.
അംബാനിയുടെ പേരക്കുട്ടി നഴ്സറി സ്കൂളിൽ ചേർന്നത് മൂന്ന് കോളം വാർത്തയാക്കുന്ന മാധ്യമങ്ങൾ കോർപറേറ്റ് ദാസ്യമല്ല കാണിക്കുന്നത്, മറിച്ച് പേഴ്സനാലിറ്റി കൾട്ട് വളർത്തുന്ന അന്തരീക്ഷത്തെയാണ്. ഭരണാധികാരികളെക്കുറിച്ച് വ്യക്തിപൂജ സൃഷ്ടിക്കപ്പെടുന്നു. ഭരണാധികാരി രാജാവും ബാക്കിയുള്ളവർ പ്രജകളുമാകുന്നു. മാധ്യമങ്ങളുടെ ഭാഷയിലൂടെ േപഴ്സനാലിറ്റി കൾട്ടിന്‍റെ അന്തരീക്ഷം ഇന്ത്യയിൽ വളർന്നുവന്നിട്ടുണ്ട്.
കാണാൻ പറ്റാത്ത ഒരു വൈറസ് വേഗം ആളുകളിലേക്ക് വ്യാപിച്ചത് പോലെ മാധ്യമ രംഗത്ത് വ്യാജ വാർത്തകളും വെറുപ്പും വേഗത്തിൽ പടരുന്നു. കോവിഡിനെ നേരിടാൻ മാസ്ക്കും സാമൂഹിക അകലവുമാണ് സ്വീകരിച്ച വഴി. അതുപോലെ മാധ്യമരംഗത്തെ ഈ മഹാമാരിയെ നേരിടാനും സാമൂഹിക അകലവും മാസ്ക്കും വേണ്ടിവരും. പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നിയമപരവും രാഷ്ട്രീയവുമായ വഴികൾ തേടണം. സ്വയം തിരുത്തുന്നതിനൊപ്പം സമൂഹത്തെയും തിരുത്തണം. മാധ്യമങ്ങൾ കാണികളാണെന്ന് പണ്ട് പറയാറുണ്ടായിരുന്നു. എന്നാൽ ഇക്കാലത്ത് അത് പോരാ. കണ്ടുനിൽക്കുകയല്ല, ഇടപെടുകയാണെന്നത് മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ മുദ്രാവാക്യമാണ്. ടെലിഗ്രാഫ് പത്രത്തിന്‍റെ ഓരോ ഒന്നാം പേജ് തലക്കെട്ടും ഓരോ ഇടപെടലാണ്. അത് ഇല്ലാതെ വന്നാൽ സംഭവിക്കുന്നത് അധോരാഷ്ട്രത്തിന്‍റെ ആഖ്യാനങ്ങൾ കൂടുതൽ ആളുകളിലേക്ക് പടരുന്നതും പ്രതിരോധമില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുകയുമായിരിക്കും. ബോധപൂർവമായ ശ്രമങ്ങൾ നടത്തി അറിവിന്‍റെ അതിരുകൾ കൂട്ടുകയുമാണ് വേണ്ടത്. അറിവിന്‍റെ തലത്തിലേക്ക് മാധ്യമങ്ങൾ മാറ്റപ്പെടുകകൂടി വേണം.
എഴുത്ത്: ഷംനാസ് കാലായിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.