കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ ആരംഭിച്ചതാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി. കോവിഡ് അതിനെ അങ്ങേയറ്റം തീവ്രമാക്കി. വിദേശനാണ്യ സമ്പാദ്യത്തിൽ വന്ന ഇടിവ് ആയിരുന്നു അടിയന്തരമായും ഉണ്ടായത്. 2019 ഏതാണ്ട് 400 കോടി ഡോളർ വിദേശനാണയം വിനോദസഞ്ചാരമേഖല വഴി ലഭിച്ചിരുന്നുവെങ്കിൽ 2021 ആയപ്പോഴേക്കും അത് 50 കോടിയായി ചുരുങ്ങി. വിദേശത്തുപോയി പണിയെടുക്കുന്ന തൊഴിലാളികൾ നാട്ടിലേക്ക് അയച്ചുകൊടുക്കുന്ന സമ്പാദ്യവും ഇടിഞ്ഞു. ഇതിന്റെയെല്ലാം ഫലമായി വിദേശനാണയ ശേഖരം കുത്തനെ കുറയുകയും അത് ഇറക്കുമതിക്ക് തികയാതെ വരുകയും ചെയ്തു. ഇതിനിടെ രാസവള ഇറക്കുമതി നിർത്തിവെച്ച് പൂർണമായും ജൈവകൃഷിയിലേക്ക് മാറിയത് ഭക്ഷ്യോൽപാദനത്തെയും സാരമായി ബാധിച്ചു. വേണ്ടത്ര തയാറെടുപ്പില്ലാതെയെടുത്ത തീരുമാനമായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ചൈനയിൽനിന്ന് കൊണ്ടുവരുകയായിരുന്ന ടൺ കണക്കിന് ജൈവവളം വിഷലിപ്തമാണെന്ന കാരണത്താൽ ഇറക്കുമതി ചെയ്യാനാവാതെ മടക്കി അയക്കേണ്ടിവന്നതും കാര്യങ്ങളെ ഒന്നുകൂടി വഷളാക്കി.
50 ശതകോടി ഡോളറിന്റെ താങ്ങാവുന്നതിനപ്പുറമുള്ള വിദേശകടമാണ് ശ്രീലങ്കയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണമായി പലരും പറയുന്നത്. 2022ൽ ഇതിന്റെ പലിശ അടക്കാൻ 7 ശതകോടി ഡോളർ വേണ്ട സ്ഥാനത്ത് ഇക്കഴിഞ്ഞ മാർച്ചിൽ ആ രാജ്യത്തിന്റെ വിദേശനാണയശേഖരം 1.6 ശതകോടി ഡോളർ മാത്രമായിരുന്നു. ഏപ്രിലിൽ അത് 0.5 ശതകോടിയായി ചുരുങ്ങി. ഈ കടബാധ്യതക്ക് മുഖ്യ ഉത്തരവാദി ചൈനയാണെന്ന് പാശ്ചാത്യ മാധ്യമങ്ങളും അവയെ പിൻപറ്റി പല ഇന്ത്യൻ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതല്ല വാസ്തവം. ശ്രീലങ്കയുടെ വിദേശകടത്തിൽ 81 ശതമാനവും പാശ്ചാത്യ ധനകാര്യസ്ഥാപനങ്ങളുടേതാണ്. ചൈനയുടെ പങ്ക് 10 ശതമാനമേ വരൂ. കടമെടുത്ത് അടിസ്ഥാനഘടന വികസിപ്പിക്കുന്ന നയമാണ് ശ്രീലങ്ക പിന്തുടർന്നുവരുന്നത്. എന്നാൽ, ഇത് അവിടത്തെ ഭരണാധികാരികളുടെ ബുദ്ധിയിൽ ഉദിച്ച നയമല്ല. 1948ൽ ബ്രിട്ടീഷ് കോമൺവെൽത്തിലെ സ്വയംഭരണമുള്ള ഡൊമീനിയൻ രാജ്യമാവുകയും 1972ൽ ഔപചാരികമായ പരമാധികാര പ്രഖ്യാപനം നടത്തുകയും ചെയ്ത ഈ രാജ്യത്തിന് ഇതുവരെ 16 പ്രാവശ്യം ഐ.എം.എഫിന്റെ ഉപാധികൾക്കനുസരിച്ച് സമ്പദ്ഘടനയെ പുനർഘടനക്ക് വിധേയമാക്കേണ്ടി വന്നിട്ടുണ്ട്. ഈ വിധേയത്വമാണ് ശ്രീ ലങ്കൻ പ്രതിസന്ധിയുടെ അടിസ്ഥാനം. കയറ്റുമതിയെ ആശ്രയിച്ചുനിൽക്കുന്ന, വിദേശവിപണിയെ ആശ്രയിച്ച് നിൽക്കുന്ന, ഒരു സമ്പദ്ഘടനയാണ് ശ്രീലങ്കയുടേത്. അതിന്റെ ദുർബലമായ സാമ്പത്തിക അവസ്ഥക്ക് അടിസ്ഥാനപരമായ കാരണവും ഇതാണ്. അത് നൽകുന്ന സേവനങ്ങൾക്കും തോട്ടം ഉൽപന്നങ്ങൾക്കും വസ്ത്രങ്ങൾക്കും വിദേശവിപണിയിൽ ആവശ്യം കുറയുന്നതോടെ കാര്യങ്ങൾ ആകെ അവതാളത്തിൽ ആകുന്നു. ആഗോള സാമ്രാജ്യത്വവ്യവസ്ഥ 2007 മുതൽ നേരിടുന്ന പ്രതിസന്ധിയും മാന്ദ്യവും ശ്രീ ലങ്കയുടെ ആശ്രിത സമ്പദ്ഘടനയിൽ അടിച്ചേൽപിച്ച ആഘാതമിതാണ്. ആനുഷംഗികമായി പറയട്ടെ, ശ്രീലങ്കയുടെ ഈ ദുരന്താനുഭവം കേരളത്തിനും ഒരു താക്കീതാണ്. കടംവാങ്ങി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന സാമ്രാജ്യത്വ നിർദേശിത നയമാണല്ലോ ഇവിടെ സി.പി.എം പിന്തുടരുന്നത്. അവിടത്തെപോലെ വിദേശ ആവശ്യത്തെ ആശ്രയിച്ചുനിൽക്കുന്ന വിനോദസഞ്ചാരം, ഐ.ടി സേവനം, ആരോഗ്യസേവനംപോലുള്ള മേഖലകളുടെ സുഗമമായ പ്രവർത്തനമാണ് ഇവിടെയും ലക്ഷ്യംവെക്കുന്നത്. പ്രതീക്ഷിക്കുന്നപോലെ വിദേശ ആവശ്യം ഉണ്ടായില്ലെങ്കിൽ അവിടത്തെപോലെ ഇവിടെയും കടം വീട്ടാൻ കഴിയാതെ സംസ്ഥാനം പാപ്പരാകും. ജനങ്ങൾക്ക് ലഭിക്കേണ്ട പ്രാഥമിക സൗകര്യങ്ങൾപോലും നിലക്കും. ഒടുവിൽ സേവനചെലവുകൾ അടിച്ചേൽപിക്കുന്ന 'അനിവാര്യ' പരിഹാരവുമുണ്ടാകും.
ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം കടഭാരവും അതിന് വഴിവെച്ച ആശ്രിത സമ്പദ്ഘടനയും മാത്രമല്ല ഇന്നത്തെ അവസ്ഥക്ക് കാരണം. ഇതോടൊപ്പം അധികാരത്തിന്റെ ഏറക്കുറെ എല്ലാ സ്ഥാനങ്ങളും കൈയടക്കിവെച്ചിരുന്ന രാജപക്സ കുടുംബത്തിന്റെയും അവരുടെ ശിങ്കിടികളുടെയും അഴിമതിയും ധൂർത്തും ദേശീയ താൽപര്യങ്ങൾക്ക് ഒരുവിധ പരിഗണനയും നൽകാതെ ശ്രീലങ്കയുടെ വിഭവങ്ങളും പൊതു ആസ്തികളും വിദേശശക്തികൾക്ക്, തീറെഴുതി കൊടുത്ത ഭരണവും ചേർന്നതിന്റെ ദുരന്തമാണ് ശ്രീലങ്ക അനുഭവിക്കുന്നത്.
ഇന്ത്യക്കുള്ള മുൻതൂക്കം ചുരുക്കി കൊണ്ടുവന്ന് സ്വന്തം ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് സോഷ്യൽ സാമ്രാജ്യത്വത്തിന്റെ നീക്കങ്ങളും, ഇന്ത്യയെ മുൻനിർത്തി ചൈനീസ് സ്വാധീനം നിയന്ത്രിക്കാനും തടയാനും അമേരിക്ക നടത്തുന്ന ശ്രമങ്ങളും ഇതിലൊക്കെ അടിയൊഴുക്കായുണ്ട്. ഇന്ത്യാ സമുദ്രത്തെ കേന്ദ്രീകരിച്ച് ചൈന, അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ എന്നീ സാമ്രാജ്യത്വ ശക്തികളും അവയോട് ഒട്ടിനിന്ന് ഇന്ത്യയും നടത്തിക്കൊണ്ടിരിക്കുന്ന മത്സരത്തിൽ ശ്രീലങ്കക്ക് നിർണായക സ്ഥാനമുണ്ട്. ഇന്ത്യാ സമുദ്രത്തിലെ കപ്പൽഗതാഗത മാർഗങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ശ്രീലങ്കയുടെ തന്ത്രപരമായ സ്ഥാനം നിയന്ത്രിക്കാനും ഉപയോഗിക്കാനുമുള്ള താൽപര്യങ്ങൾ ഇതിൽ വലിയ പങ്കുവഹിക്കുന്നു. ചൈനയോട് കൂടുതൽ അടുത്തുനിൽക്കുന്ന രാജപക്സ കുടുംബത്തെ അധികാരത്തിൽനിന്ന് നീക്കണമെന്ന താൽപര്യം അമേരിക്കൻ ചേരിക്കും അതിനോട് ചാഞ്ഞുനിൽക്കുന്ന ഇന്ത്യൻ ഭരണാധികാരികൾക്കുമുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി മുതലെടുത്ത് പല ആസ്തികളും വാങ്ങിക്കൂട്ടാൻ ഇതിനകംതന്നെ അമേരിക്കൻ രാജ്യാന്തര കുത്തകകളും ഇന്ത്യൻ ദല്ലാൾ കുത്തകകളും നീങ്ങിയിട്ടുണ്ട്. ചൈനക്ക് നൽകാമെന്ന് ഏറ്റ കരാറുകൾ ഇന്ത്യക്ക് നൽകാൻ രാജപക്സ ഭരണത്തെ നിർബന്ധിക്കുകയും അദാനിക്കുവേണ്ടി വക്കാലത്തു പറയാൻ ഇന്ത്യൻ ധനകാര്യ മന്ത്രിതന്നെ പോവുകയും ചെയ്തു.
ഇങ്ങനെ, പല കാരണങ്ങൾകൊണ്ടും രൂക്ഷമായതും രൂക്ഷമാക്കിയതുമായ ഒരു സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയിലെ ഇന്നു കാണുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് പശ്ചാത്തലം ഒരുക്കിയത്. മാർച്ച് മാസത്തിൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ അങ്ങിങ്ങായി ചെറിയതോതിൽ ഒത്തുകൂടിയ പ്രതിഷേധക്കാരുടെ പ്രകടനങ്ങൾ മാസാവസാനം ആയപ്പോഴേക്കും ആയിരങ്ങളായി. ഒടുവിൽ ഏപ്രിൽ രണ്ടിന് ദേശവ്യാപകമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അതിനെ നേരിടാനാണ് ഗോടബയ ശ്രമിച്ചത്. എന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപനം ജനങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചു. ഭയപ്പെടുന്നതിനു പകരം കൂടുതൽ വലിയ സംഖ്യയിൽ അവർ ഒത്തുകൂടാൻ തുടങ്ങി. അങ്ങനെയാണ് ഏപ്രിൽ 9ന് കൊളംബോയിലെ ഗാൽ ഫേസിൽ ലക്ഷങ്ങളുടെ കേന്ദ്രീകരണം ഉണ്ടായത്. പ്രസിഡന്റിന്റെ ഓഫിസിന്റെ പ്രധാനകവാടം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കൈയടക്കി അവർ അവിടെ സ്ഥിരതാമസമാക്കി.
വിലക്കയറ്റം നിയന്ത്രിക്കണം മുതലായ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം അതിനുമുമ്പ് നടന്നിരുന്നത്. ഏപ്രിലിലെ കൈയടക്കലോടെ പ്രസിഡന്റ് ഗോടബയ രാജിവെച്ച് ഒഴിയണമെന്ന ആവശ്യം പ്രധാനമായി. അവർ കൈയടക്കിയ പ്രദേശത്തെ ഗോഗോട്ടഗാമ എന്ന് പേരിടുകയും ചെയ്തു (സിംഹളത്തിൽ ഗോട്ട ഗ്രാമത്തിലേക്ക് പോകൂ). ഇവിടെ ജനകീയ കൂട്ടായ്മയുടെ വലിയൊരു ആവാസവ്യവസ്ഥതന്നെ രൂപംകൊണ്ടു. കൂട്ടായ അടുക്കള, ചികിത്സാകേന്ദ്രം, മാധ്യമകേന്ദ്രം, ജനങ്ങൾക്ക് ഒത്തുകൂടി വിവിധ വിഷയങ്ങൾ ചർച്ചചെയ്ത് തീരുമാനമെടുക്കാനുള്ള സമ്മേളനസ്ഥലം, വായനശാല, സിനിമ തിയറ്റർ, തുറന്ന നാടകവേദി, ചിത്രകലാ വേദി, സംവാദങ്ങൾക്കുള്ള ഇടങ്ങൾ, പൊതു സർവകലാശാല, കുട്ടികൾക്കുള്ള കേന്ദ്രം എന്നിങ്ങനെ പലതുമുള്ള ജനകീയമായ ഒരു മുന്നേറ്റമായി അത് മാറി. കടുത്ത പ്രതിസന്ധിക്കു നടുവിൽ സർഗാത്മക ചെറുത്തുനിൽപിന്റെ, തങ്ങൾ എങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്ന് പ്രതിഷേധിച്ച് ജീവിച്ച് കാട്ടിക്കൊടുക്കുന്നതിന്റെ, കേന്ദ്രമായി അത്.
ഈ പ്രക്ഷോഭത്തിൽ അവിടത്തെ പ്രമുഖ ട്രേഡ് യൂനിയനുകളും അതേപോലെ തന്നെ ഇടത് ചായ്വുള്ള പല ചെറിയ രാഷ്ട്രീയ പാർട്ടികളും പങ്കാളികളായിട്ടുണ്ട്. പ്രക്ഷോഭത്തിന് ഒരു നേതൃത്വമോ ഗോടബയ ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യത്തിനപ്പുറം വ്യക്തമായ ദിശയോ ഉള്ളതായി ഇതുവരെ കണ്ടിട്ടില്ല. ഏതുതരത്തിലുള്ള പുതിയ ഭരണസംവിധാനമാണ് വേണ്ടത് എന്നതിനെക്കുറിച്ച് ഒട്ടേറെ ചർച്ചകളും അഭിപ്രായങ്ങളും അവിടെ തീർച്ചയായും ഉയർന്നുവന്നിട്ടുണ്ടാകും. അതിനിയും പക്ഷേ സമൂർത്തമായി ഉരുത്തിരിഞ്ഞുവന്നിട്ടില്ലെന്നു വേണം കരുതാൻ. അതേസമയം, ശ്രീലങ്കയിൽ ഏറെക്കാലമായി വളരെ ശക്തമായി നിലനിൽക്കുന്ന ദേശീയ, വംശീയ വേർതിരിവുകളെ ശ്രദ്ധേയമായ അളവിൽ മറികടക്കാൻ ഈ ജനകീയപ്രക്ഷോഭം ഇതിനകം സഹായിച്ചിട്ടുണ്ട്. പങ്കാളികളിൽ ഭൂരിപക്ഷവും സിംഹളരാണെങ്കിലും എല്ലാ ദേശീയ ജനവിഭാഗങ്ങളിൽനിന്നും, മതവിഭാഗങ്ങളിൽനിന്നും പങ്കാളിത്തമുണ്ട്. യുവജനങ്ങളാണ് മുൻപന്തിയിൽ. സ്ത്രീകളും അതിൽ വലിയതോതിൽ അണിനിരന്നിരിക്കുന്നു. അടിത്തട്ടിലുള്ള കൂലിപ്പണിക്കാരും മത്സ്യത്തൊഴിലാളികളും മുതൽ മധ്യവർഗം വരെ സന്നിഹിതരാണ്. കടുത്ത വലതുപക്ഷത്തുള്ള സങ്കുചിത സിംഹള വംശീയാധിപത്യത്തിന്റെ വക്താക്കളായ ബുദ്ധഭിക്ഷു സംഘങ്ങളും പ്രക്ഷോഭത്തിൽ പങ്കാളിയാണെങ്കിലും അത്തരമൊരു ദിശയിലേക്ക് അത് ഇതുവരെ തിരിഞ്ഞിട്ടില്ല. ഗോഗോട്ടഗാമ എന്ന മുദ്രാവാക്യത്തിന് പല അർഥതലങ്ങളുമുണ്ട്. അഴിമതി അവസാനിപ്പിക്കുക, മതപരവും ദേശീയവുമായ ഐക്യം സ്ഥാപിച്ചെടുക്കുക, ഒരു വ്യക്തി എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്ന അവസ്ഥ അവസാനിപ്പിക്കുക, പുതിയൊരു ഭരണഘടന അംഗീകരിക്കുക എന്നിങ്ങനെ തെരുവിലിറങ്ങിയ വിവിധ വിഭാഗങ്ങളുടെ താൽപര്യാനുസരണം അതിന്റെ അർഥവും ഊന്നലും മാറുന്നു.
ഏപ്രിൽ 28ന് പ്രമുഖ ട്രേഡ് യൂനിയനുകൾ പ്രക്ഷോഭത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ച് ദേശവ്യാപകമായ ഹർത്താലിന് ആഹ്വാനംചെയ്തു. അത് പൂർണവിജയമായിരുന്നു. മേയ് ആറാം തീയതി മുതൽ ഒരു പൊതുപണിമുടക്ക് ആരംഭിച്ചു. മേയ് 9ന് പ്രധാനമന്ത്രിയായ മഹിന്ദ രാജപക്സ തന്റെ അനുയായികളെ പ്രകോപിപ്പിച്ച് ഗാൽ ഫേസിലെ ഗോഗോട്ടഗാമ പ്രക്ഷോഭകേന്ദ്രത്തെ ആക്രമിപ്പിച്ചു. നിരവധിപേർക്ക് പരിക്കുപറ്റി. പൊലീസും മറ്റും നോക്കിനിന്നു. രോഷാകുലരായ ജനങ്ങൾ രാത്രിക്ക് രാത്രിതന്നെ രാജപക്സയുടെയും അതുപോലെതന്നെ സർക്കാർ അനുകൂല രാഷ്ട്രീയ നേതാക്കന്മാരുടെയും ഒട്ടേറെ വീടുകളും സ്വത്തുക്കളും നശിപ്പിച്ചു. രാജപക്സയുടെ സ്വന്തം നാട്ടിൽ അവരുടെ തറവാട് വീട് തകർക്കുകയും അഴിമതി പണം ഉപയോഗിച്ച് അവർ കുന്നുകൂട്ടിയ സ്വത്തുക്കൾക്ക് തീയിടുകയുംചെയ്തു. അത്യാധുനിക ആഡംബര കാറുകളുടെ വലിയ ഒരു നിരതന്നെ ചാമ്പലായി. രാജപക്സയെ സ്തുതിക്കുന്ന പ്രതിമകൾ തകർത്തു. അതോടുകൂടി പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് പട്ടാളക്യാമ്പിലെ സുരക്ഷയിലേക്ക് വലിയാൻ മഹിന്ദ രാജപക്സ നിർബന്ധിതനായി. കുറച്ചു സങ്കുചിത ദേശീയ വികാരങ്ങളുടെ പരിമിതി വെളിപ്പെടുത്തുന്നതായിരുന്നു വർഷങ്ങൾക്ക് മുമ്പ് എൽ.ടി.ടിയെ മൃഗീയമായി അടിച്ചമർത്തി സിംഹളവീരനായി ഞെളിഞ്ഞുനിന്നയാൾക്ക് അതേ സിംഹളജനങ്ങൾ നൽകിയ ഈ സമ്മാനം!
രാജപക്സ കുടുംബത്തിന്റെ അധികാരം എങ്ങനെയെങ്കിലും നിലനിർത്തണം എന്ന ലക്ഷ്യത്തോടുകൂടിയാണ് മഹിന്ദ രാജപക്സയെക്കൊണ്ട് രാജിവെപ്പിച്ചത്. ജനങ്ങളെ സമാധാനിപ്പിച്ച് അധികാരം നിലനിർത്തി കാലക്രമത്തിൽ മഹിന്ദക്ക് മടങ്ങിവരാമെന്നായിരുന്നു കണക്കുകൂട്ടൽ. തുടർന്ന് മുൻ പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇന്ത്യൻ സർക്കാറിന്റെയും പൂർണപിന്തുണയുണ്ടായിരുന്ന റനിൽ പരമ്പരാഗതമായ ഒരു സവർണ ഭൂപ്രഭു കുടുംബത്തിന്റെ സന്തതിയാണ്. ശ്രീലങ്കയിലെ ഭരണവർഗങ്ങളുടെ മാത്രമല്ല ബൗദ്ധ മഠാധിപതികളുടെയും പിന്തുണ നേടിയെടുക്കാൻ ഇത് ഉപകരിക്കും എന്നായിരിക്കണം ഈ തെരഞ്ഞെടുപ്പിന് പ്രേരണ. രാജപക്സ കുടുംബവും ഭൂപ്രഭുക്കളാണെങ്കിലും ജാതിയിൽ കീഴ്്സ്ഥാനത്താണ്. റനിൽ സർക്കാർ പേരിന് ചില ഭരണഘടനാപരമായ നീക്കങ്ങൾ നടത്തുകയുണ്ടായി. പ്രത്യേകിച്ചും പ്രസിഡന്റിന്റെ ഏകപക്ഷീയമായ അധികാരങ്ങൾ നിയന്ത്രിക്കുന്ന ഭേദഗതികൾ നടപ്പാക്കി. പക്ഷേ, പലതരത്തിലുമുള്ള അഴിമതി ആരോപണങ്ങൾക്ക് വിധേയരായവരാണ് പുതിയ മന്ത്രിമാരായി വന്നവരിൽ പലരും. മാത്രമല്ല, ഐ.എം.എഫ് കടമെടുപ്പിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിലാണ് ഈ സർക്കാർ കേന്ദ്രീകരിച്ചത്.
നികുതിനിരക്കുകൾ കുത്തനെ കൂട്ടി. തന്മൂലം വിലക്കയറ്റം വർധിച്ചു. ജനങ്ങളുടെ കടഭാരവും കൂടി. മറുവശത്ത് സമ്പന്നർക്ക് കുറെക്കൂടി മെച്ചപ്പെട്ട അവസ്ഥ ഉണ്ടായി. ഇന്ധനക്ഷാമത്തിൽ ജനങ്ങൾ വലഞ്ഞപ്പോൾ അവർ ചുരുങ്ങിയ സമയംകൊണ്ട് ഇൻവർട്ടറുകളും ഇലക്ട്രിക് കാറുകളും സൈക്കിളുകളും മറ്റും വാങ്ങിക്കൂട്ടി. ഭക്ഷണവും ഇന്ധനവും ഇറക്കുമതി ചെയ്യാൻ ലഭ്യമല്ലാത്ത വിദേശനാണ്യം ഇതിനൊക്കെ യഥേഷ്ടം കിട്ടി. വിദേശനാണയ കമ്മി നേരിടുന്ന സാഹചര്യത്തിൽ വലിയ ദല്ലാൾ കമ്പനികൾ അവരുടെ കയറ്റുമതിയിലൂടെ സമ്പാദിച്ച വിദേശനാണയം ശ്രീലങ്കയിലേക്ക് കൊണ്ടുവരാതെ വിദേശത്തുതന്നെ നിക്ഷേപിച്ചു. ഇത് അറിഞ്ഞിട്ടും അതിൽ ഇടപെടാനോ നിർബന്ധിച്ച് ആ പണം ശ്രീലങ്കയിലേക്ക് എത്തിക്കാനോ ഒരു നീക്കവും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ചുരുക്കത്തിൽ ധനികർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞുകൂടാൻ പറ്റുന്ന ഒരു സംവിധാനം ഈ ചുരുങ്ങിയ സമയംകൊണ്ട് ഒരുക്കുകയായിരുന്നു റനിൽ സർക്കാർ. പക്ഷേ ഇത്തരം കണക്കുകൂട്ടലുകളെ ഒക്കെ മറികടക്കുന്നതായിരുന്നു ജനകീയരോഷം.
ബഹുജനപ്രക്ഷോഭത്തെ സിംഹളഭാഷയിൽ 'അരഗലയ' എന്നാണ് പറയുന്നത്. പുതിയ സർക്കാർ വന്ന ശേഷവും ഗാൽ ഫേസിലും മറ്റ് നഗരകേന്ദ്രങ്ങളിലും അത് തുടർന്നു. ഗോടബയ സർക്കാർ രാജിവെച്ച് പോകുന്നതിന്റെ ഒരു ലക്ഷണവും കാണാതിരിക്കുകയും ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് പുതിയ സർക്കാർ പരിഹാരം ഒന്നും ചെയ്യാതിരിക്കുകയും മറിച്ച് പ്രക്ഷോഭകരെ അടിച്ചമർത്താൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശക്തമായ പുതിയൊരു നീക്കം വേണമെന്ന ധാരണയിൽ ഗാൽ ഫേസിലെ ജനകീയ അസംബ്ലി ജൂലൈ ഒമ്പതാം തീയതി തീരുമാനിക്കുന്നത്. ഈ പ്രക്ഷോഭത്തിൽ പങ്കാളികളാകാൻ രാജ്യവ്യാപകമായി ജനങ്ങളെ ക്ഷണിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഒരു കാമ്പയിൻ നടത്തി. സാമ്പത്തിക പ്രതിസന്ധി രാജ്യവ്യാപകമായി നിലനിൽക്കുന്നതുകൊണ്ടുതന്നെ ഇതിന് വമ്പിച്ച പ്രതികരണമുണ്ടായി. ദ്വീപിന്റെ മുക്കിലും മൂലയിലുംനിന്ന് കിട്ടുന്ന വണ്ടിയിൽ കയറി ജനങ്ങൾ കൊളംബോയിലേക്ക് പ്രവഹിച്ചു. അത് തടയാൻ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്ധനവിതരണം പൂർണമായി നിർത്തിവെക്കുകയും വരുന്നവരെ തടഞ്ഞുവെക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്തിട്ടും അതൊന്നും ഫലിച്ചില്ല. ഭക്ഷണ, ഇന്ധനക്ഷാമത്തിലും വിലക്കയറ്റത്തിലും വലഞ്ഞ പൊലീസുകാർ പ്രക്ഷോഭകരെ തടയാനുള്ള ഉത്തരവുകൾ പലയിടത്തും നടപ്പാക്കിയില്ല. ലക്ഷക്കണക്കിനുള്ള ജനങ്ങൾ അങ്ങനെ ശ്രീലങ്കയുടെ ഭരണകേന്ദ്രമായ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു. പ്രധാനമന്ത്രിയുടെ സ്വകാര്യവസതിക്ക് തീയിടുകയും ചെയ്തു.
ഇതോടുകൂടി ഗോടബയ ഗത്യന്തരമില്ലാതെ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇതെഴുതുമ്പോഴും അത് നടന്നിട്ടില്ല. കൂടിയാലോചനകൾ നടക്കുകയാണ്. പാർലമെന്റ് സ്പീക്കർ താൽക്കാലിക പ്രസിഡന്റായി അധികാരമേൽക്കുകയും അതിനുശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുമെന്നാണ് വാർത്ത. പക്ഷേ കൃത്യമായി കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്ന് വ്യക്തമല്ല. ഈ പ്രക്ഷോഭം അതിശക്തമായി മുന്നേറിയെങ്കിലും അടിസ്ഥാനവിഭാഗങ്ങളിൽപെട്ട ജനങ്ങൾ വലിയതോതിൽ അതിൽ പങ്കാളികളായെങ്കിലും അതിന് വ്യക്തമായ ഒരു ദിശയും നേതൃത്വവും ഇനിയും ഉണ്ടായിട്ടില്ല. പുതിയ പ്രസിഡന്റ് അധികാരത്തിൽ വന്നാൽതന്നെ ഇനിയെന്ത് എന്ന ചോദ്യം ബാക്കിനിൽക്കുന്നു.
ഈ സന്ദർഭത്തിൽ വന്ന പട്ടാളതലവന്റെ ഒരു പ്രസ്താവന ശ്രദ്ധേയമാണ്. കാര്യങ്ങളൊക്കെ ഏറക്കുറെ ജനങ്ങൾ ആഗ്രഹിച്ച ദിശയിൽ എത്തിയ സ്ഥിതിക്ക് ഇനിയും പ്രക്ഷോഭം തുടരാതെ സമാധാനം നിലനിർത്താൻ ഭരണകൂടശക്തികളെ സഹായിക്കണം എന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതിന്റെ സൂചന അപകടകരമാണ്. പുതിയ പ്രസിഡന്റ് അധികാരത്തിൽ വന്നതിനുശേഷവും പ്രക്ഷോഭകാരികൾ പിരിഞ്ഞുപോകാതിരിക്കാൻ നല്ല സാധ്യതയുണ്ട്. എന്താണ് വരാൻപോകുന്നത് എന്നുള്ള ആശങ്ക അവർക്കുണ്ടാകും. അതുംകൂടി കണ്ടിട്ട് പോയാൽ മതി, എങ്കിൽ മാത്രമേ മാറ്റമുണ്ടാകുമെന്ന് ഉറപ്പാക്കാനാകൂ, അതല്ലെങ്കിൽ കാര്യങ്ങൾ പഴയപടിയാകും എന്നൊരു ധാരണ അവർക്കിടയിൽ ഉയർന്നുവരാൻ സകലസാധ്യതയുമുണ്ട്. അവർ പിരിഞ്ഞു പോകാതിരിക്കുകയും അവിടെ തുടരുകയും ചെയ്താൽ, രാജ്യവ്യാപകമായി വിവിധ നഗരങ്ങളിൽ നടക്കുന്ന പ്രക്ഷോഭം തുടർന്നാൽ പട്ടാളം അധികാരം പിടിച്ചെടുത്തേക്കാം. ഇതിന് എല്ലാ സാധ്യതയുമുണ്ട്. നിലവിൽ ഒരു ഭരണവർഗ രാഷ്ട്രീയ പാർട്ടിയോടും ജനങ്ങൾക്കിടയിൽ മതിപ്പില്ല. അതുകൂടി മുതലെടുത്തായിരിക്കും ഇങ്ങനെയൊരു നീക്കമുണ്ടാവുക. ഇത്തരമൊരു നീക്കത്തിന് അമേരിക്കൻ സാമ്രാജ്യത്വവും ഇന്ത്യൻ സർക്കാറും കൂട്ടുനിൽക്കും. പ്രത്യക്ഷത്തിൽ ജനാധിപത്യത്തിന്റെ ലംഘനം അപലപിക്കുകയും തെരഞ്ഞെടുത്ത സർക്കാറിനെ പുനഃസ്ഥാപിക്കണമെന്ന് പ്രത്യക്ഷത്തിൽ പറയുകയും ചെയ്യുമെങ്കിലും ഉള്ളിൽകൂടി പട്ടാളഭരണത്തെ പിന്തുണക്കാനാണ് എല്ലാ സാധ്യതയുമുള്ളത്. ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം ഉടനെ അവസാനിപ്പിച്ചില്ലെങ്കിൽ, ഏതെങ്കിലും സർക്കാറിന് എതിരെയല്ലാതെ, മൊത്തം ഭരണവർഗങ്ങൾക്കുതന്നെ എതിരായി അത് മാറിയേക്കാം എന്നവർ തീർച്ചയായും ഭയപ്പെടുന്നുണ്ട്.
വാൽക്കഷണം: പുതിയ ഇടക്കാല പ്രസിഡന്റായി നിർദേശിക്കപ്പെടുന്ന സജിത്ത് പ്രേമദാസ, മുൻ പ്രസിഡന്റ് റണസിംഗെ പ്രേമദാസന്റെ മകനാണ്. അമേരിക്കൻ ഭരണവൃത്തങ്ങളുമായി അടുത്തബന്ധമുള്ള ഇയാൾ കുറച്ചുകാലം ഒരു അമേരിക്കൻ കോൺഗ്രസ് അംഗത്തിന്റെ സ്റ്റാഫിലെ അംഗമായി പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.