മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയാക്കപ്പെട്ട് 31 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. കേസിൽ പേരറിവാളൻ ഉൾെപ്പടെയുള്ളവർ എങ്ങനെയാണ് പ്രതികളായത്? കുറ്റസമ്മതമൊഴി അടക്കം രേഖപ്പെടുത്തുന്നതിൽ വീഴ്ചകൾ സംഭവിച്ചുവോ?. ലക്കം 1024 പ്രസിദ്ധീകരിച്ച വിശകലനം
വളരെ യാദൃച്ഛികമായാണ് ഗോപാൽ ഗോദ്സെയുമായുള്ള അഭിമുഖം 'ബിഹൈൻഡ് ദ സീൻസ്' കണ്ടത്. ഗാന്ധിവധത്തിൽ അറസ്റ്റിലായ ഗോപാൽ ഗോദ്സെയുടെ പേരിലുള്ള കുറ്റം വധഗൂഢാലോചനയിൽ പെങ്കടുത്തു എന്നതായിരുന്നു. കേസിൽ ഏഴ് പ്രതികളെ കുറ്റക്കാരെന്ന് സ്പെഷൽ ജഡ്ജി വിധിച്ചു. നാഥുറാം വിനായക് ഗോദ്സെ, നാരായൺ ആപ്തെ, വിഷ്ണു കർക്കറെ, മദൻലാൽ പഹ്വ, ശങ്കർ കിസ്തയ്യ, ഗോപാൽ ഗോദ്സെ, വി.ഡി. സവർക്കർ, ദത്താേത്രയ പർച്ചുറേ എന്നിവരായിരുന്നു ഗാന്ധി വധക്കേസിലെ പ്രതികൾ. കുറ്റകൃത്യത്തിന് നാഥുറാം വിനായക് ഗോദ്സെക്കും നാരായൺ ആപ്തെക്കും വധശിക്ഷ വിധിച്ചപ്പോൾ മറ്റുള്ളവർക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ഹൈകോടതിയിലെ അപ്പീൽ വഴി മാപ്പുസാക്ഷികളായ ദത്താേത്രയ പർച്ചുറെയും ശങ്കർ കിസ്തയ്യും വിട്ടയക്കപ്പെട്ടു. മാപ്പുസാക്ഷിയുടെ മൊഴിക്ക് സ്ഥിരീകരണം ഇല്ല എന്ന കാരണത്താൽ വി.ഡി.സവർക്കറും വിട്ടയക്കപ്പെട്ടു.
1948 ഫെബ്രുവരി അഞ്ചിന് പുണെയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പട്ട നാഥുറാം വിനായക് ഗോദ്സെയുടെ സഹോദരനായ ഗോപാൽ ഗോദ്സെയെ 1964 നവംബറിൽ വിട്ടയച്ചു. ഒരു മാസത്തിനുശേഷം വീണ്ടും അറസ്റ്റ് ചെയ്യപ്പട്ട അദ്ദേഹം1965ൽ ജയിൽ മോചിതനായി. തുടർന്നുള്ള 20 വർഷക്കാലം അദ്ദേഹം ജീവിച്ചത് മഹാത്മാ ഗാന്ധിയെയും വധത്തെക്കുറിച്ചും മറാത്തിയിലും ഇംഗ്ലീഷിലും എഴുതിയ പുസ്തകങ്ങളുടെ റോയൽറ്റി സ്വീകരിച്ചായിരുന്നു.
വിട്ടയക്കപ്പെട്ടതിനുശേഷം ഗോപാൽ ഗോദ്സെയുടെ അഭിമുഖങ്ങൾ പല പ്രമുഖ പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചുവന്നു. തെൻറ സഹോദരൻ എന്തുകൊണ്ട് ഗാന്ധിജിയെ വധിച്ചു എന്ന് അദ്ദേഹം അതിലെല്ലാം വിശദമായി തന്നെ വ്യക്തമാക്കിയിരുന്നു. വെടിയേറ്റ് വീഴുമ്പോൾ ഗാന്ധിജി ''ഹേ റാം'' എന്ന് ഉച്ചരിച്ചിട്ടില്ല, അങ്ങനെയുള്ള പ്രചാരണങ്ങൾ കള്ളമാണ് എന്ന് വിവരിച്ചു. ഈ അഭിമുഖങ്ങളിലൊന്നും തനിക്ക് ഗാന്ധിജിയോടുള്ള വിയോജിപ്പും വധത്തിൽ വരെയെത്തിക്കാൻ കാഠിന്യമുള്ളയത്ര വിദ്വേഷവും തെല്ലുപോലും മറച്ചുവെക്കാൻ ശ്രമിക്കുന്നുമില്ല ഗോപാൽ ഗോദ്സെ.
തെൻറ ശവശരീരത്തിൽ കൂടി മാത്രമേ വിഭജനം നടക്കുകയുള്ളൂ എന്നാണ് അന്ന് ഗാന്ധിജി പറഞ്ഞത്. എന്നാൽ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ വിഭജനം നടന്നു. അതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ വധിച്ചത്. അദ്ദേഹം ജീവിച്ചിരിക്കുന്നത് ഇന്ത്യക്ക് ആപത്ത് വരുത്തിവെക്കുമായിരുന്നു. ഇക്കാര്യത്തിൽ ഞങ്ങൾ ഒരിക്കലും പശ്ചാത്തപിക്കുന്നില്ല. ഒരു കുറ്റബോധവും തോന്നിയിട്ടില്ല. ഇന്ത്യയിലെ ജനങ്ങളെ ഗന്ധിജി പറ്റിക്കുകയായിരുന്നു. ഫിർദോസ് സയിദ് അഷ്റഫിന് നൽകിയ അഭിമുഖത്തിൽ ഗോപാൽ ഗോദ്സെ പറയുന്നു. ഒരു രാജ്യത്തിെൻറ രാഷ്ട്രപിതാവിനോട് വിയോജിക്കാനും അത് വിശദീകരിക്കാനും ഉള്ള സ്വാതന്ത്ര്യം ഒരു ജനാധിപത്യ രാജ്യത്ത് തീർച്ചയായും ഉണ്ടാകേണ്ടതാണ്. എന്നാൽ ഈ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ചിലർക്ക് മാത്രം അവകാശപ്പെട്ടതാണോ എന്ന ഗൗരവതരമായ ഒരു ചോദ്യം കൂടി ഉയർത്തിക്കൊണ്ടുവരുന്നു ഇത്തരം അഭിമുഖങ്ങൾ.
'ബിഹൈൻഡ് ദ സീൻസി'ൽ അഭിമുഖം നടത്തുന്നയാളുടെ സഹായത്തോടെ ഗാന്ധിജിയെ വധിച്ചതെങ്ങനെ എന്ന് വളരെ ലാഘവത്തോടെ അഭിനയിച്ചുകാണിക്കുന്നുണ്ട് ഗോപാൽ ഗോദ്സെ. അഭിമുഖം നടത്തുന്നയാൾ ഗാന്ധിജിയും ഗോപാൽ ഗോദ്സെ നാഥുറാം ഗോദ്സെയുമായി അഭിനയിച്ച് വധം നടത്തിയതെങ്ങനെ എന്ന് േപ്രക്ഷകന് കാണിച്ചുതരുന്നത്. വെടിയൊച്ചകളെ ''ടിഷ്യും ടിഷ്യും'' എന്ന ശബ്ദത്തോടെ അനുകരിച്ച് വളരെ നിസ്സാരമായി ആ രംഗം അഭിനയിച്ചു കാണിക്കുമ്പോൾ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെക്കുറിച്ച് അഭിമാനമാണോ ആശങ്കയാണോ തോന്നേണ്ടത് എന്ന സംശയമുണ്ടാകുന്നു. മൂന്ന് ഭാഗങ്ങളായി യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത ഈ വിഡിയോയിൽ മറ്റൊരു പ്രധാന വെളിപ്പെടുത്തൽ കൂടിയുണ്ട്: ഗോപാൽ ഗോദ്സെയുടെ ഭാര്യ സിന്ധുവിന് ഗാന്ധി വധത്തെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും നേരത്തേ അറിയാമായിരുന്നു; സിന്ധു തന്നെ ഇത് തുറന്നു പറയുന്നുണ്ട്. പതിനഞ്ച് ദിവസം മുമ്പെങ്കിലും താൻ ഗൂഢാലോചന അറിഞ്ഞിരുന്നു എന്നാണവർ അവകാശപ്പെടുന്നത്. എങ്കിൽ പിന്നെ താങ്കളെ അറസ്റ്റ് ചെയ്യാതിരുന്നതെന്ത് എന്ന ചോദ്യത്തിന് ഗോപാൽ ഗോദ്സെയാണ് ഉത്തരം പറയുന്നത്: ''അക്കാര്യം ഞാൻ പൊലീസിനോട് പറഞ്ഞിരുന്നില്ല.'' യഥാർഥത്തിൽ ഈ വെളിപ്പെടുത്തലോടെ സിന്ധു തായ് ഗോദ്സെയും ഗാന്ധിവധത്തിൽ പ്രതിയാകുമായിരുന്നു. ജീവിച്ചിരുന്നെങ്കിൽ അറസ്റ്റ് ചെയ്യപ്പടുമായിരുന്നു. അതുകൊണ്ടുതന്നെയാകാം 2004ൽ ഗോപാൽ ഗോദ്സെ മരിക്കുന്നതിന് ഒരു വർഷം മുമ്പ് ചിത്രീകരിച്ച വിഡിയോ 2011ൽ മാത്രം യൂ ട്യൂബിൽ അപ് ലോഡ് ചെയ്തതും.
ഗാന്ധി വധവുമായി ബന്ധപ്പെട്ട മൂന്ന് പേരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല എന്നു പറയുന്ന നാഷനൽ ആർകൈവ്സ് രേഖകൾ മറ്റൊരു ദുരൂഹമായ വസ്തുതയാണ്. ഗംഗാധർ ദഹാവതെ, സൂര്യദേവ് ശർമ, ഗംഗാധർ യാദവ് എന്നിവരെയാണ് പിടികൂടാൻ കഴിയാതെ പോയത്. രാഷ്ട്രപിതാവിെൻറ ഘാതക സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെ പിടികൂടാതെ പോയതെന്തുകൊണ്ട്? അവരെ അറസ്റ്റ് ചെയ്യാൻ എന്തു ശ്രമമാണ് നടത്തിയത്? ഡൽഹി പൊലീസ് ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും വിവരാവകാശ കമീഷണറായിരുന്ന ശ്രീധർ ആചാര്യലു ഉത്തരവിട്ടെങ്കിലും അതിന് ഫലമൊന്നും ഉണ്ടായിട്ടില്ല.
ഇനി, മറ്റൊരു ഗാന്ധിയെ വധിച്ച കേസിലെ പ്രതിയുടെ അവസ്ഥയെന്താണെന്ന് നോക്കാം. രാജീവ് വധക്കേസ് പ്രതി പേരറിവാളൻ 26 വർഷമായി ജയിലഴിക്കുള്ളിലാണ്. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബെൽറ്റ് ബോംബിൽ ഉപയോഗിക്കാനായി രണ്ട് ബറ്ററികൾ വാങ്ങിച്ചുകൊടുത്തു എന്ന കുറ്റത്തിന് ഇദ്ദേഹത്തെ 1999ലാണ് വധശിക്ഷക്ക് വിധിച്ചത്. അപ്പീലുകൾക്കും ദയാഹരജികൾക്കുമെല്ലാം ഒടുവിൽ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവുണ്ടായത് 2013ൽ. തമിഴകം മുഴുവൻ കേന്ദ്രത്തിെൻറ തീരുമാനത്തിനെതിരെ അന്ന് തെരുവിലിറങ്ങി. ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നീ മൂന്ന് തമിഴരുടെ ജീവൻ ബലി നൽകരുതെന്നാവശ്യപ്പെട്ട് തമിഴ്സംഘടനകൾ പ്രക്ഷോഭം നടത്തി. സെങ്കൊടി എന്ന 25കാരി ഇവരുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തീകൊളുത്തി ആത്മാഹുതി ചെയ്തു. 23 വർഷം ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ വധിക്കുന്നത് ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നൽകുന്നതിന് തുല്യമാകുമെന്ന പ്രതികളുടെ വാദം അംഗീകരിച്ച കോടതി ഇവരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.
സാധാരണയായി ജീവപര്യന്തം ശിക്ഷയെന്ന് കണക്കാക്കപ്പെടുന്ന 14 വർഷം പിന്നിട്ടതിനാൽ പിന്നീട് സംസ്ഥാനത്തിെൻറ പ്രത്യേക അധികാരം ഉപയോഗിച്ച് ജയലളിത സർക്കാർ ഇവരെ വെറുതെ വിടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും കേന്ദ്രസർക്കാറിന് മാത്രമേ ഇതിന് അധികാരമുള്ളൂ എന്ന വാദവുമായി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഭരണാഘടന ബെഞ്ച് പരിഗണിച്ചുവെങ്കിലും പിന്നീട് മൂന്നംഗബെഞ്ചിന് കൈമാറുകയായിരുന്നു. കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്ന ഏഴുപേരും നൽകിയ ഹരജി ഇപ്പോഴും തീർപ്പാകാതെ കിടക്കുന്നു. കുറ്റം ചുമത്തപ്പെട്ടവർ അനന്തമായി ജയിലിലും.
1999ൽ സുപ്രീംകോടതി കേസ് ടാഡാ നിയമത്തിെൻറ പരിധിയിൽ നിന്നും ഒഴിവാക്കിയെങ്കിലും ടാഡാ നിയമപ്രകാരം രേഖപ്പെടുത്തപ്പെട്ട പ്രതികളുടെ കുറ്റസമ്മത മൊഴി റദ്ദ് ചെയ്തില്ല. 26 പ്രതികളുണ്ടായിരുന്ന കേസിൽ മുഴുവൻ പേരെയും 1998ൽ ടാഡാ കോടതി വധശിക്ഷക്ക് വിധിച്ചു. ടാഡാ കോടതി പരിഗണിച്ച കേസായതിനാൽ പ്രതികൾക്ക് ഹൈകോടതിയിൽ അപ്പീൽ നൽകാൻ അവസരം ലഭിച്ചില്ല. 1999ൽ സുപ്രീംകോടതി 19 പേരെ വെറുതെവിട്ടു. ആറാം പ്രതിയായ റോബർട്ട് പയസ്, 10ാം പ്രതിയായ എസ്. ജയകുമാർ, 16ാം പ്രതിയായ പി. രവിചന്ദ്രൻ എന്നിവരെ ജീവപര്യന്തം തടവിന് വിധിച്ചു. എന്നാൽ ഒന്നും രണ്ടും മൂന്നും പ്രതികളായ നളിനി, മുരുകൻ, ശാന്തൻ എന്നിവരോടൊപ്പം 18ാം പ്രതിയായ പേരറിവാളനും വധശിക്ഷ വിധിച്ചു.
പേരറിവാളെൻറ കുറ്റസമ്മതമൊഴി എടുത്തതെങ്ങനെയെന്ന് സി.ബി.ഐയിലെ എസ്.പിയായിരുന്ന വി. ത്യാഗരാജൻ പിന്നീട് പരസ്യമായി വിശദീകരിച്ചു. മറ്റ് ചില സാധനങ്ങൾക്കൊപ്പം ശിവരശന് ബാറ്ററി വാങ്ങിക്കൊടുത്തെന്ന് അറിവ് സമ്മതിച്ചതായാണ് പൊലീസ് രേഖപ്പെടുത്തിയ മൊഴി. അതെന്തിനാണെന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് അറിവ് പറഞ്ഞതെന്നും കേസ് നടന്നുകൊണ്ടിരിക്കുന്ന ഘട്ടമായതിനാൽ എന്തിനാണെന്ന് അറിയില്ലായിരുന്നു എന്ന കാര്യം കുറ്റസമ്മതമൊഴിയിൽ നിന്ന് താൻ മനപ്പൂർവം ഒഴിവാക്കുകയായിരുന്നു എന്നുമാണ് ത്യാഗരാജൻ പറഞ്ഞത്. ഇക്കാര്യം ഏത് കോടതിയിലും പറയാനുള്ള സന്നദ്ധതയും ത്യാഗരാജൻ പ്രകടിപ്പിച്ചു.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ച് മറ്റാർക്കും അറിയില്ലെന്ന് ശിവരശനും എൽ.ടി.ടി.ഇയും തമ്മിലുള്ള വയർലസ് സന്ദേശങ്ങളിൽ നിന്ന് വ്യക്തമാണ്. അറിവിെൻറ വിധിയോർത്ത് തനിക്ക് എല്ലായ്പോഴും കുറ്റബോധം തോന്നിയിരുന്നു. നിയമം അനുശാസിക്കുന്നത് കുറ്റസമ്മതമൊഴിയിലെ ഓരോ വാചകവും അതേപടി രേഖപ്പെടുത്തണമെന്നാണ്. എന്നാൽ പലപ്പോഴും ഇത് സംഭവിക്കാറില്ല. ബാറ്ററി വാങ്ങിനൽകി എന്ന കാരണത്താൽ അറിവിന് വധത്തെക്കുറിച്ച് നേരത്തേ അറിയാമായിരുന്നു എന്ന നിഗമനത്തിലെത്തുകയായിരുന്നു വിധികർത്താക്കൾ. അത്തരം ഉൗഹങ്ങളിലേക്ക് എടുത്തുചാടുന്നത് ഒരിക്കലും ശരിയല്ല എന്നും ത്യാഗരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതേ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് 18ാം പ്രതിയായ പേരറിവാളനെ വധശിക്ഷക്ക് വിധിച്ചത് എന്നുകൂടി ഓർക്കണം.
സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ ശേഷം പുറത്തിറങ്ങിയ 26ാം പ്രതി ജയറാം രംഗനാഥൻ (കർണാടകയിൽ ശിവരശനും ശുഭക്കും താമസസൗകര്യം ഏർപ്പെടുത്തിക്കൊടുത്തയാളാണ് രംഗനാഥൻ) ഒരു എ.ഐ.സി.സി മെംബർക്കും ആൾദൈവം ചന്ദ്രസ്വാമിക്കും രാജീവ് ഗാന്ധി വധത്തിൽ പങ്കുണ്ടെന്ന് ശിവരശൻ തന്നോട് പറഞ്ഞിരുന്നതായി ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ചന്ദ്രസ്വാമി വിദേശത്തേക്ക് കടക്കാൻ സഹായം നൽകാം എന്ന് പറഞ്ഞതനുസരിച്ചാണ് താൻ ബംഗളൂരുവിലെത്തിയതെന്നും ശിവരശൻ പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടും അതൊന്നും പുറത്ത് പറയേണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു എസ്.ഐ.ടി ചീഫ് കാർത്തികേയൻ. എൽ.ടി.ടി.ഇ ഒഴിച്ച് മറ്റാരേയും കേസുമായി ബന്ധപ്പെടുത്താനോ ശിവരശനെയും സംഘത്തെയും മരണത്തിനുമുമ്പ് പിടികൂടാനോ എസ്.ഐ.ടിക്ക് താൽപര്യമുണ്ടായിരുന്നില്ല എന്നും രംഗനാഥൻ പറഞ്ഞു. വധത്തിന് ശേഷം പ്രധാന പ്രതികളുമായി അടുത്ത ബന്ധം പുലർത്താനും സംസാരിക്കാനും അവസരം ലഭിച്ചവരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിട്ടും രംഗനാഥെൻറ ആരോപണങ്ങളെക്കുറിച്ച് ആരും അന്വേഷിച്ചില്ല.
രാജീവ് ഗാന്ധി വധത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളും സിനിമകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. അന്വേഷണ സംഘത്തിെൻറ തലവനായിരുന്ന രാധാ വിനോദ് രാജുവും ഡി.ആർ. കാർത്തികേയനും ചേർന്നെഴുതിയ പുസ്തകത്തിന് ('The triumph of truth: the Rajiv Gandhi Assasination– The Investigation') പുറമെ അന്വേഷണ ചുമതല വഹിച്ച ഡിവൈ.എസ്.പി രഘൂത്തമനും('Conspiracy to kill Rajiv Gandhi–From cbi files') എഴുതിയ പുസ്തകങ്ങൾ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. ബോംബ് നിർമിച്ചതാരെന്ന് പോലും എസ്.ഐ.ടിക്ക് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് രഘൂത്തമൻ തെൻറ പുസ്തകത്തിൽ തുറന്നു സമ്മതിക്കുന്നു. അന്നത്തെ ഇൻറലിജൻസ് ബ്യൂറോ ചീഫ് ആയിരുന്ന എം.കെ. നാരായണൻ അന്വേഷണ സംഘത്തിെൻറ പക്കൽ നിന്ന് വാങ്ങിക്കൊണ്ടുപോയ വിഡിയോ ടേപ്പ് തിരികെ തന്നില്ലന്നെ ഗുരുതര ആരോപണവും പുസ്തകത്തിലൂടെ രഘൂത്തമൻ ഉന്നയിച്ചു. ശ്രീപെരുമ്പത്തൂരിലെ സമ്മേളനവേദിയിൽ ശിവരശൻ, ശുഭ, ബെൽറ്റ് ബോംബായിരുന്ന തനു എന്നിവർ എങ്ങനെ കയറിപ്പറ്റി എന്നതിനെക്കുറിച്ചും അതീവ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് രാജീവ് ഗന്ധിക്ക് മാലയിടാൻ അവർക്ക് അവസരം ലഭിച്ചതെങ്ങനെ എന്നതിനെക്കുറിച്ചും നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ടേപ്പായിരുന്നു അത്. സംഭവത്തിൽ ഉൾപ്പെട്ട കോൺഗ്രസ് നേതാക്കളുടെ പേര് പുറത്തുവരാതിരിക്കാനായിരുന്നു ഈ നടപടി എന്നായിരുന്നു ആരോപണം. വിവാദം കൊഴുക്കുകയും പുസ്തകത്തിെൻറ പ്രചാരം വർധിക്കുകയും ചെയ്തെങ്കിലും കേസിൽ ഉൾപ്പെട്ട് ജയിലിലായവരുടെ ജീവിതത്തിൽ ഇതൊന്നും ഒരു വ്യത്യാസവും ഉണ്ടാക്കിയില്ല. വിവാദങ്ങൾ ആഘോഷിച്ച മാധ്യമങ്ങളും പ്രതികൾ അനുഭവിച്ച കൊടിയ മനുഷ്യാവകാശ ലംഘനങ്ങളും കടുത്ത അനീതിയും ചർച്ച ചെയ്യാൻ മറന്നുപോയി.
തന്നെ ദയാവധത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാളായ റോബർട്ട് പയസ് 2016ൽ സുപ്രീംകോടതിയെ സമീപിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുമെന്ന് നേരിയ പ്രതീക്ഷപോലും ഇല്ലെന്നും അതിനാൽ ദയാവധത്തിന് വിധേയമാക്കണം എന്നുമായിരുന്നു റോബർട്ട് പയസിെൻറ ആവശ്യം. തമിഴ്നാട് സർക്കാർ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും കേന്ദ്രം ഭരിച്ച യു.പി.എ, എൻ.ഡി.എ സർക്കാറുകളുടെ നിലപാട് നിരാശയുണ്ടാക്കുന്നു. ശ്രീലങ്കൻ പൗരനായ തന്നെ ജയിലിൽ സന്ദർശിക്കാൻ പോലും കുടുബാംഗങ്ങൾ വരാറില്ല. ഇങ്ങനെ ജീവിച്ചിരിക്കണമെന്ന് യാതൊരു ആഗ്രഹവുമില്ലാത്തതിനാൽ ദയാവധത്തിന് ശേഷം തെൻറ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കണം എന്നായിരുന്നു റോബർട്ട് പയസിെൻറ ആവശ്യം. ഭക്ഷണം ഉപേക്ഷിച്ച് ജീവസമാധിയടയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പ്രതിയായ മുരുകനും ജയിലിൽ നിരാഹാരവ്രതം ആരംഭിച്ചു. ജയിൽ അധികൃതർ ഇടപെട്ട് മുരുകനെ ഇതിൽ നിന്നും പിന്നീട് പിന്തിരിക്കുകയായിരുന്നു.
അന്വേഷണത്തിൽ എസ്.ഐ.ടി തമസ്കരിച്ച നിരവധി മേഖലകളുണ്ടെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച െജയ്ൻ കമീഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ബോംബ് നിർമിച്ചത് എവിടെയാണെന്നോ അതിെൻറ വിശദാംശങ്ങളോ കേസ് അന്വേഷിച്ച സംഘം കണ്ടെത്തിയിരുന്നില്ല. കൂടാതെ കൊലപാതകത്തിന് കാരണമായ മറ്റ് രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും കമീഷൻ നിരവധി സംശയങ്ങൾ ഉയർത്തിയിരുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എം.ഡി.എം.എ ( Multi dimensional monitoring agency) എന്ന സംഘത്തെ സി.ബി.ഐക്ക് കീഴിൽ നിയോഗിച്ചു. 1999ൽ പ്രവർത്തനമാരംഭിച്ച എം.ഡി.എം.എയുടെ കണ്ടെത്തലുകളും നിഗമനങ്ങളും ആർക്കും പിടിയില്ല. ഓരോ മൂന്ന് മാസം കൂടുമ്പോഴും ടാഡാ കോടതിക്ക് കേസ് സംബന്ധിച്ച് വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകിക്കൊണ്ടിരിക്കുന്നുണ്ട് എ.ഡി.എം.എ. എന്നാൽ ഇത് ആരും തറന്നുപോലും നോക്കുന്നില്ല എന്ന പരാതിയും നിലനിൽക്കുന്നു.
1998ൽ രൂപവത്കരിക്കപ്പെട്ട് 2009 വരെയുള്ള ഒമ്പത് വർഷത്തെ കാലയളവിൽ മാത്രം എം.ഡി.എം.എ ചെലവഴിച്ചത് 12 കോടി രൂപയാണ്. പ്രതികളുടെ വിദേശബന്ധം പരിശോധിക്കാനായി എം.ഡി.എം.എ ഉദ്യോഗസ്ഥർ നിരവധി തവണ വിദേശ പര്യടനം നടത്തി. എന്നിട്ടും ഇതുവരെ ഈ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാനായിട്ടില്ല. 18 വർഷം പിന്നിട്ടിട്ടും റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അതിനുള്ള കാരണം എന്തായിരിക്കാം?
2013ൽ ബെൽറ്റ് ബോംബിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളൻ വധശിക്ഷ വിധി പുറപ്പെടുവിച്ച ടാഡാ കോടതിയെ സമീപിച്ചു. എം.ഡി.എം.എ മുദ്ര വെച്ച കവറിൽ കോടതിക്ക് നൽകുന്ന വിവരങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. താൻ നൽകിയ ബാറ്ററി തന്നെയാണോ ബോംബ് സ്ഫോടനത്തിന് ഉപയോഗിക്കപ്പെട്ടത് എന്ന സംശയവും പേരറിവാളൻ ഉന്നയിച്ചു. എന്നാൽ ഈ വിവരങ്ങൾ പ്രതിക്ക് അറിയാനുള്ള അവകാശമിെല്ലന്നായിരുന്നു ടാഡാ കോടതിയുടെ വിധി (1995ൽ ഇന്ത്യൻ സർക്കാർ റദ്ദാക്കിയ നിയമത്തിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോഴും ഈ കോടതി പ്രവർത്തിക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം). ടാഡാകോടതി വിധിക്കെതിരെ പേരറിവാളൻ സുപ്രീംകോടതിയെ സമീപിച്ചു. എം.ഡി.എം.എ അധികൃതർ മുദ്ര വെച്ച കവറിൽ നൽകുന്ന വിവരങ്ങൾ തുറന്നെങ്കിലും നോക്കണമെന്നായിരുന്നു പേരറിവാളെൻറ വാദം. ഇത് അംഗീകരിച്ച് കോടതി വിവരങ്ങൾ പേരറിവാളന് നൽകണമെന്ന് ഉത്തരവിട്ടു. എം.ഡി.എം.എയുടെ അന്വേഷണത്തിന് സുപ്രീംകോടതിയോ ഹൈകോടതിയോ മേൽനോട്ടം വഹിക്കണമെന്ന പേരറിവാളെൻറ ആവശ്യത്തിൽ ഇതുവരെ കോടതി തീരുമാനമെടുത്തിട്ടില്ല.
മറ്റ് പ്രശ്നങ്ങളെല്ലാം മാറ്റിവെച്ചാലും കുറ്റസമ്മതമൊഴി തെറ്റായാണ് രേഖപ്പെടുത്തപ്പെട്ടത് എന്ന് ഇതിന് നിയുക്തനായ സി.ബി.ഐ ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തിയതിന് ശേഷമെങ്കിലും പേരറിവാളനെ പുറത്തുവിടേണ്ടതായിരുന്നില്ലേ എന്ന് നീതിയിലും നിയമത്തിലും വിശ്വസിക്കുന്ന ചിലർക്കെങ്കിലും ഉണ്ടാകുന്ന തോന്നൽ അർഥവത്താണ്. തങ്ങൾ വംശത്തിെൻറ പേരിൽ ഭാഷയുടെ പേരിൽ വഞ്ചിക്കപ്പെടുകയാണെന്ന തമിഴ് ജനതയുടെ വാദത്തെ പിന്തുണക്കാനെ ഇത്തരം നിയമലംഘനങ്ങൾ വഴിതെളിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.