1994ലാണ് ആദ്യമായി ഇതെഴുതുന്ന ആൾ ഗൾഫ് കാണുന്നത്. തൊഴിലന്വേഷണവുമായി ബന്ധപ്പെട്ട യു.എ.ഇയിലെ ആ അലച്ചിലിനിടയിൽ കണ്ട അനേകം കൗതുകങ്ങളിൽ പ്രധാനപ്പെട്ടത് അബൂദബിയിലെ ഒരു സംഘടന നടത്തിയ സാഹിത്യ ചർച്ചയായിരുന്നു. ഞാൻ യാദൃച്ഛികമായി എത്തിപ്പെട്ട ഒരു സദസ്യൻ മാത്രമായിരുന്നു. അന്നത്തെ പ്രസംഗത്തിെൻറ വിഷയം ഇതായിരുന്നു: കവിതയിൽ വൃത്തം വേണമോ വേണ്ടയോ? എൺപത്തിയേഴ് കാലത്ത് ബ്രണ്ണനിൽ മലയാള സാഹിത്യത്തെപ്പറ്റി പഠിച്ച പത്തൊമ്പതാം നൂറ്റാണ്ടിെൻറ ഒടുവിൽ എ.ആർ. രാജരാജവർമയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും നടത്തിയ സാഹിത്യസംവാദവും ദ്രുതകവനവുമൊക്കെ തലക്കുമുകളിലൂടെ കടന്നുപോയി. വൃത്തലംഘനമാവുന്നതിൽ വലിയ തെറ്റില്ല എന്ന് മൃദുവായി പറഞ്ഞ പേരറിയാത്ത ആ ചെറുപ്പക്കാരനെ മറ്റുള്ളവരൊക്കെ കണക്കിന് ആക്രമിച്ചു. ഭാഗ്യവശാൽ ഞാൻ സദസ്സിൽ യാദൃച്ഛികമായി വന്നുപെട്ട ആളായിരുന്നു. മൂവായിരം ദിർഹത്തിന് മുകളിൽ ശമ്പളം വാങ്ങിക്കുന്നവരുടെ ആ സംഘാടക ആൾക്കൂട്ടത്തിൽ എഴുനൂറ് ദിർഹം ശമ്പളം വാങ്ങുന്ന ഒരേയൊരാളെയേ ശ്രദ്ധയിൽപെട്ടുള്ളൂ. തലശ്ശേരി കതിരൂർ സ്വദേശിയായ ഒരു ഷുക്കൂർ. അയാൾ ഹാളിന് പുറത്ത് ഒരു മേശക്ക് പുറത്തിട്ട അനേകം ഗ്ലാസിൽ സദസ്യർക്കുള്ള ചായ പകരുകയായിരുന്നു. ചർച്ച അയാളുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാൽ ഷുക്കൂറിന് ഒന്നും മനസ്സിലായിരുന്നില്ല. രണ്ടരമാസത്തെ തൊഴിലന്വേഷണം പരാജയപ്പെട്ട് ഞാൻ നാട്ടിലേക്ക് തിരിച്ചുപോന്നു.
പിന്നീട്, 2004ൽ ഞാൻ വീണ്ടും യു.എ.ഇയിലെത്തി. ആറു വർഷക്കാലം തൊഴിലാളിയായി ജീവിച്ചു. സാഹിത്യ പത്രപ്രവർത്തനമായിരുന്നു അതിൽ അഞ്ചരവർഷത്തെ ജീവിതവും. അപ്പോഴേക്കും തങ്ങൾ ജീവിക്കുന്ന പരിസരങ്ങളെ ആധുനികമായി വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള ചെറുപ്പക്കാരുടെ ചെറുസംഘങ്ങൾ ഗൾഫിൽ പൊട്ടിമുളച്ചുകഴിഞ്ഞിരുന്നു. ആധുനികമായി ചിന്തിക്കുന്ന കവികളുടെയും കഥയെഴുത്തുകാരുടെയും ചെറുസംഘങ്ങളിലെ ചെറുപ്പക്കാർ തങ്ങൾ വന്നുപെട്ട ജീവിതത്തെ ചുറ്റുപാടും പരതിക്കൊണ്ടിരിക്കുന്നത് കാണാമായിരുന്നു. സത്യത്തിൽ ചുടുമരുഭൂമിയിൽ തണുകാറ്റടിക്കുന്ന, ചെറുതെങ്കിലും വളരെ ആശ്വാസകര നിമിഷങ്ങളായിരുന്നു അത്. അബൂദബിയിലായിരുന്നു എെൻറ ആദ്യ വർഷങ്ങൾ. ചാൻസലർ വാച്ച് കമ്പനിയിൽനിന്ന് ഇറങ്ങുന്ന സാംസ്കാരിക പ്രസിദ്ധീകരണത്തിെൻറ ചീഫ് എഡിറ്ററായി. എൻ.എം. നവാസ് എഡിറ്ററും. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും നോർക്ക അവാർഡ് ജേതാവുമായ എം.എം. മുഹമ്മദിെൻറ ശ്രമഫലമായിരുന്നു ആ ജോലി. എഴുത്തിനെയും സാഹിത്യാസ്വാദനത്തെയും വളരെ ഗൗരവപൂർവം കാണുന്ന കുറച്ചു സാഹിത്യകാരൻമാർ അബൂദബിയുടെ െഎശ്വര്യമായിരുന്നു.
സർജു, സി.വി. സലാം, കമറുദ്ദീൻ ആമയം, എസ്.എ. ഖുദ്സി, വി.ബി. േജ്യാതിരാജ്, അഷ്റഫ് പേങ്ങാട്ടയിൽ, അസ്മോ പുത്തൻചിറ, പുരുഷോത്തമൻ ടി.കെ, വിജയൻ, ദേവസേന എന്നിവരെ ഈ സന്ദർഭത്തിൽ ഓർത്തുപോവുകയാണ്. ഗൾഫ് പ്രവാസത്തിെൻറ രണ്ടാം തലമുറയിൽനിന്നുള്ളവരായിരുന്നു അവയിൽ ഏറെ പേരും. 2010ൽ ഞാൻ ഗൾഫ് ജീവിതം മതിയാക്കി തിരിച്ചുവരുേമ്പാൾ മലയാളി പ്രവാസി സമൂഹത്തിെൻറ മൂന്നാം തലമുറ ഉദയം ചെയ്തുകഴിഞ്ഞിരുന്നു. ഒരു പരിധിക്കപ്പുറം എനിക്കവർ അപരിചിതരായിരുന്നു. എങ്കിലും ഇതെഴുതുന്ന ആൾ ഉദ്വേഗത്തോടെ ഉറ്റുനോക്കിയിരുന്നത് ഗൾഫ് പ്രവാസത്തിെൻറ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ടിരിക്കുകയും അതിനെ സാമ്പത്തിക ശാസ്ത്രപരമായും സാംസ്കാരിക പരമായും ക്രമപ്രവൃദ്ധപരമായി അടയാളപ്പെടുത്തണം എന്നാഗ്രഹിക്കുന്ന ഒരു സമൂഹത്തെയാണ്. അത്രയൊന്നും പ്രതീക്ഷാജനകമായ വെളിച്ചം ഇതെഴുതുന്നതുവരെയും അവിടെ ഉദയം ചെയ്തിട്ടില്ല എന്നതാണ് യാഥാർഥ്യം. അനേകം സംഘടനകളുണ്ട്. ചിലപ്പോൾ കോടിക്കണക്കിന് രൂപതന്നെ പൊടിപൊടിച്ച ആഘോഷങ്ങൾക്ക് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ, മലയാളി പ്രവാസി ചരിത്രത്തിന് ആ ചെലവഴിക്കുന്നതിെൻറ 10 ശതമാനം മതിയായിരുന്നു എന്ന് മനസ്സിൽ കരുതിയിരുന്നു; പറഞ്ഞിരുന്നു. ആരും ശ്രദ്ധിക്കുകപോലും ചെയ്തിട്ടില്ല. എന്തിനാണ്, ഗൾഫ് പ്രവാസിക്കൊരു ചരിത്രമെന്നെങ്കിലും ഇനിയെങ്കിലും കൂടിയാലോചിക്കേണ്ടതല്ലേ.
02
അറബ് ഗൾഫ് രാജ്യങ്ങളിൽ ആദ്യമായിഎണ്ണ കണ്ടെടുക്കപ്പെടുന്നത് 1929ൽ കാനഡയിൽ സ്ഥാപിതമായ Bapco (Bahrain Petrolium Company)യുടെ ആഗമനത്തോടെയാണ്. 1932ൽ ആദ്യമായി എണ്ണഖനനം യാഥാർഥ്യമായി. ആറ് വർഷത്തിനു ശേഷം സൗദി അറേബ്യയിലെ തുറമുഖമണ്ണായ ദമ്മാമിൽ ആദ്യ എണ്ണഖനനം ആരംഭിച്ചു. സത്യത്തിൽ, 1908ൽ ഇറാനിൽ ബ്രിട്ടീഷ് കമ്പനി എണ്ണക്കിണർ കണ്ടെത്തിക്കഴിഞ്ഞെങ്കിലും വലിയ അർഥത്തിൽ വികസനസാധ്യതകളോ ആഘോഷപൂർവമായ വൻ തുടർച്ചകളോ ഇറാനിൽ ആ കാലങ്ങളിൽ സംഭവിച്ചില്ല. തുടർന്നുള്ള പല കാലങ്ങളിൽ ഇറാനിൽ രൂപപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങളുടെ പ്രത്യേക സ്വഭാവസവിശേഷതകൾ സങ്കീർണമായി തുടർന്നു. രാഷ്ട്രീയപരമായ പലവിധ കലങ്ങിമറിച്ചിലിന് ഇറാൻ പാത്രീഭൂതമായി. ഇന്നും ഇറാെൻറ ഗ്യാസ് ഖനനവും വ്യവസായവും ഉപരോധത്തിെൻറയും അന്താരാഷ്ട്ര വിലക്കിെൻറയും തുടർക്കഥയായി. ചെറിയവിലക്ക് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് കിട്ടാവുന്ന എണ്ണയും ഗ്യാസും പലവിധ നാടകങ്ങളിലൂടെ അമേരിക്കപോലുള്ള വലിയ രാജ്യങ്ങൾ തടസ്സപ്പെടുത്തുന്നത് നാം കാണുന്നു. 1932ൽ ബഹ്റൈനിൽ ആരംഭിച്ച എണ്ണഖനനമാകട്ടെ, കോളനിരാജ്യങ്ങളുടെ മേലുള്ള പിടിമുറുക്കങ്ങൾ അയഞ്ഞതിനെ തുടർന്നുള്ള വികസനമാണെന്ന് കരുതേണ്ടിവരും. ഏറ്റവും ചുരുങ്ങിയ ചെലവിലുള്ള ഇന്ധനലഭ്യത ഇന്നും പെട്രോൾ/ഗ്യാസ് ഖനനം വഴിതന്നെ. പക്ഷേ, കോർപറേറ്റ്/സാമ്രാജ്യത്വ താൽപര്യങ്ങളുടെ ലോക രാഷ്ട്രീയത്തിെൻറ പലവിധ സമവാക്യങ്ങളെയും അന്തർനാടകങ്ങളെയും ഇന്നും നിയന്ത്രിച്ചുനിർത്തുന്നു. ഭൂമിക്കടിയിലെ സമ്പത്തിനായി ആകാശത്ത് ഘടിപ്പിച്ചുവെച്ച സാമ്രാജ്യത്വ പോർവിമാനങ്ങളുടെ കഥകൂടിയാണത്.
എണ്ണഖനനത്തിെൻറ സാങ്കേതിക ചരിത്രം എല്ലാവരുടെ കൈയിലുമുണ്ട്. പ്രേത്യകിച്ച് പടിഞ്ഞാറൻ രാഷ്ട്രങ്ങളുടെ പക്കൽ. കിഴക്കിനെ അപേക്ഷിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾ ചരിത്രശേഖരണത്തിൽനിന്ന് വലിയൊരളവോളം ഐതിഹ്യകഥകളെയും ഫിക്ഷനുകളെയും മാറ്റിനിർത്തി. പടിഞ്ഞാറ് ഫിക്ഷനുകളെയും മിത്തുകളെയും ശാസ്ത്രമാക്കാൻ ബദ്ധപ്പെട്ട് അതിെൻറ അനേകം വിനാശങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. പടിഞ്ഞാറിന് എന്തൊക്കെ പറഞ്ഞാലും വസ്തുനിഷ്ഠതയുടെ ഊർജവും ചരിത്രഘടനയുമുണ്ട്. മുപ്പതുകളുടെ ആദ്യമാവുേമ്പാഴേക്കും കോംഗോയിലെ ചെമ്പ് ഖനനം നഷ്ടമായിത്തീർന്നതിെൻറ ഫലമാണ് അമേരിക്കൻ ജിയോളജിസ്റ്റും ഖനനവിദഗ്ധനുമായ തോമസ് സി. ബാർഗറിന് സൗദി അറേബ്യയിലേക്ക് വരേണ്ടിവന്നതെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് പ്രശസ്തമായ അരാംകോ കമ്പനിയുടെ സി.ഇ.ഒ ആയി റിട്ടയർ ചെയ്ത തോമസ് സി. ബാർഗർ എഴുതിയ ഓർമക്കുറിപ്പിെൻറ സ്വഭാവമുള്ള പുസ്തകം മിഡിൽ ഈസ്റ്റ് മരുഭൂമിയിലെ ഓയിൽ ഖനനത്തിെൻറ അവിസ്മരണീയമായ അടയാളങ്ങൾ ബാക്കിവെച്ച ഒന്നായി. out in the blue letters from Arabia എന്നാണ് പ്രസിദ്ധമായ ആ പുസ്തകത്തിെൻറ പേര്. അത് പെട്രോൾ ഖനനത്തിെൻറ ആദ്യകാല ഗൾഫ്രാജ്യ ചരിത്രം കൂടിയായിത്തീർന്നു. നമുക്ക് ഈ 2021 പിറക്കുന്ന നേരത്തും ഒരു ചരിത്രമില്ല. എത്ര മലയാളികൾ ഗൾഫ് രാജ്യങ്ങൾ പാർക്കുന്നുവെന്നതിെൻറ നേരെ ചൊവ്വെയുള്ള കണക്കുകൾ പോലുമില്ല. കേരളത്തിെൻറ അതിപ്രധാന വരുമാന സ്രോതസ്സാണതെന്നറിയാം. കേരളത്തിെൻറ സാമ്പത്തിക സാംസ്കാരിക വിദ്യാഭ്യാസ നവോത്ഥാന നായകൻ ഗൾഫ് മണിയാണ്. ഗൾഫ് മണി ഇല്ലായിരുന്നെങ്കിൽ ബിഹാറിൽനിന്നോ ബംഗാളിൽനിന്നോ ഒട്ടും വ്യത്യസ്തമായിരിക്കില്ല കേരളത്തിെൻറ അവസ്ഥ. പക്ഷേ, വളരെയേറെ ചരിത്രപ്രാമുഖ്യമുള്ള ഈ നവോഥാന പങ്കാളിത്തത്തെ അതിസമർഥമായി മൂടിവെക്കുന്നത് നമ്മുടെ ഒരു ശീലമായിരിക്കുന്നു, നമ്മുടെ വാർത്താ വിനിമയമാധ്യമങ്ങളായാലും ഇക്കണോമിക് അക്കാദമിഷ്യന്മാരായാലും പ്രവാസ പഠനവിദഗ്ധരായാലും. ഇതിൽ ഏറ്റവും ക്രൂരമായ തമാശ പ്രവാസികൾപോലും അതേപ്പറ്റി ലവലേശം ശ്രദ്ധചെലുത്തുന്നില്ല എന്നതാണ്.
ഒട്ടുമിക്ക യുദ്ധങ്ങളുടെയും കാരണങ്ങളിലൊന്ന് സാമ്പത്തികമാണ്. ഉൽപന്നങ്ങൾ വാങ്ങാനുള്ള ശേഷിക്കായുള്ള തൃഷ്ണയും അതിലൊന്നാണ്. രാജ്യത്തെ വന്നുമൂടിയ ഋണബാധ്യതകൾ, ദാരിദ്ര്യം എന്നിവ മറ്റൊരു കാരണം. പണം, സ്വത്ത് ഇവ കൈകാര്യം ചെയ്യാനുള്ള അധികാരത്തെത്തന്നെയാണ് പണസമ്പാദനം അഥവാ സ്വത്ത് സമ്പാദനം ലക്ഷ്യമാക്കുന്നത്. യുദ്ധത്തിെൻറ ശൈലിയും പലപ്പോഴും വിഭിന്നമാണ്. ആയുധങ്ങൾ മാത്രമല്ല, അതിെൻറ സഞ്ചാരവഴി. സമ്മർദങ്ങൾ വേറെ ഒരു വഴിയാണ്. സമ്മർദങ്ങളിൽനിന്നുള്ള മോചനത്തിനായും യുദ്ധങ്ങൾ വരുന്നു. പടിഞ്ഞാറൻ ശക്തികൾ ആരും പറഞ്ഞേൽപ്പിക്കാതെ കിഴക്കൻ രാജ്യങ്ങളിൽ നീതിനിർവാഹകരായി സ്വയം ചമഞ്ഞെത്തുന്നതിെൻറ കാരണങ്ങൾ സാമ്പത്തികാധിനിവേശവുമായി ബന്ധപ്പെട്ടുതന്നെയാണ്. അവർ സ്വയം എഴുതിയുണ്ടാക്കിയ നീതിപുസ്തകം പലപ്പോഴും തെമ്മാടിത്ത സാഹിത്യം മാത്രമാണ്. ഈ ബലപ്രയോഗങ്ങളെ യുദ്ധമെന്ന് സ്ഥിരമായി വിളിക്കാൻ വാർത്താമാധ്യമങ്ങളും ഏജൻസികളും എപ്പോഴും തയാർതന്നെ. ഇപ്പോഴും ഇറാഖ് കൈയേറ്റത്തെ യുദ്ധമെന്ന് വിശേഷിപ്പിക്കുന്നതിെൻറ കാരണം ഇതൊക്കെത്തന്നെ. ഇറാഖ് എന്ന രാജ്യത്തിെൻറ വീക്ഷണത്തിൽ മാത്രമാണ് യുദ്ധം. പ്രതിരോധത്തിനായുള്ള യുദ്ധം. മറുവശത്താകെട്ടെ നഗ്നമായ കൈയേറ്റവും ഗുണ്ടാവാഴ്ചയുമാണ്. എന്നിട്ടുംഏകപക്ഷീയമായ ആക്രമണങ്ങളെ അന്തർദേശീയ തലത്തിൽ നാം യുദ്ധമെന്ന് പേരിട്ട് വിളിക്കുന്നതിെൻറ കാരണം മറ്റൊന്നുമല്ല, ആയുധകുത്തകപോലെ വാർത്താ രൂപകൽപനയുടെ കുത്തകയും പടിഞ്ഞാറൻ ശക്തികളുടേതെന്നുതന്നെ. പറഞ്ഞുവരുന്നത് യുദ്ധത്തെപ്പറ്റിയല്ല, യുദ്ധലക്ഷണങ്ങളെപ്പറ്റിയാണ്. മലയാളി പ്രവാസത്തിന് സൂക്ഷിച്ചുനോക്കിയാൽ യുദ്ധലക്ഷണങ്ങളുണ്ട്. അത് മറ്റൊരു രാജ്യത്തോടല്ല. സ്വന്തം ദാരിദ്ര്യത്തോടാണ് എന്നുമാത്രം. തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി എന്നിവക്കെതിരെയുള്ള ആത്മയുദ്ധം മാത്രമായിരുന്നു ആദ്യകാല പ്രവാസം. മലയാളി, യുദ്ധം കണ്ടിട്ടില്ല എന്നുപറയുേമ്പാൾ ഗൾഫ് മലയാളിയുടെ ആദ്യകാല ജീവിതം അൽപനേരമെങ്കിലും പഠിക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. ലോഞ്ചുകളിൽ കയറിപ്പോയ സമൂഹത്തെ പഠിക്കേണ്ടിയിരിക്കുന്നു. ഒരു സുരക്ഷയുമില്ലാതെ ദിവസങ്ങളോളം അനിശ്ചിതമായ േലാഞ്ചിലെ അവരുടെ ആദ്യകാല യാത്രകൾ യുദ്ധമല്ലാതെ മറ്റെന്താണ്? ആ യാത്രക്കിടയിൽ അനവധി ആളുകൾ മൃതിയടഞ്ഞിട്ടുണ്ട്. മലപ്പുറത്തെ കൊടിഞ്ഞിയിൽനിന്നുള്ള 25 പേരെയും വഹിച്ചുകൊണ്ട് ബോംബയിൽനിന്ന് 1977 ജൂലൈ ഏഴിന് അർധരാത്രി പുറപ്പെട്ട ഉരു ഇന്നും തിരിച്ചുവന്നിട്ടില്ല. ഏതാണ്ട് 50 പേരടങ്ങിയ ആ യാത്രികർക്ക് പറ്റിയത് എന്ത് എന്ന് ഇന്നും അറിയില്ല. അവർ എന്നെങ്കിലും തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നു. ഇതേക്കുറിച്ച്, ഗഫൂർ കൊടിഞ്ഞി എഴുതിയ 'കൊടിഞ്ഞിയുടെ കുഴിക്കൂറുകൾ' എന്ന പുസ്തകത്തിലുണ്ട്. ബന്ധുക്കൾക്ക് പ്രായമേറിയിരിക്കുന്നു. ഇത് യുദ്ധമല്ലേ? വടക്കൻ വീരഗാഥ സിനിമ പോലെ വാളും പരിചയും കൊണ്ടു മാത്രം നടക്കുന്ന ഒരേർപ്പാടായി യുദ്ധത്തെ വിലയിരുത്താനാവുമോ?
2012ൽ ഞാൻ ചന്ദ്രിക ആഴ്ചപ്പതിപ്പിെൻറ എഡിറ്ററായി ജോലി ചെയ്യുേമ്പാൾ ഒരു പരമ്പര പ്ലാൻ ചെയ്തു. ലോഞ്ചിൽ പോയ ഗൾഫ് മലയാളികളായ കുറച്ചുപേരെ തേടിപ്പിടിച്ച് അവരുടെ കടൽയാത്രകളുടെ ഒാർമകൾ പങ്കുവെക്കുകയായിരുന്നു പരമ്പരയുടെ ലക്ഷ്യം. അതിനായി പത്രപ്രവർത്തകനും സുഹൃത്തുമായ മനുറഹ്മാനെ നിയുക്തനാക്കി. മനുവിെൻറ കഠിനപ്രയത്നത്തിെൻറ ഫലമായി നാൽപതോളം പേരെ കണ്ടെത്തി. പലർക്കും വാർധക്യത്താൽ ഒാർമകൾ മാഞ്ഞുപോയിരുന്നു. ചിലർക്ക് മങ്ങിയ ഒാർമകൾ. ചിലർ രോഗശയ്യയിൽ. എന്നിട്ട് കുറച്ചുപേരെ കിട്ടി.
യുദ്ധസമാനമായ അനുഭവം തന്നെയായിരുന്നു അത്. 'ലോഞ്ചിൽ പോയ കേരളം' എന്ന് ഞാൻ ടൈറ്റിലിട്ട് അത് പരമ്പരയായി പ്രസിദ്ധീകരിച്ചു. പിന്നീട്, 'കടൽകടന്നവർ' എന്ന പേരിൽ (പ്രസാധകനായ കൃഷ്ണദാസ് ആണ് പുസ്തകത്തിന് ആ പേരിട്ടത്!) ഗ്രീൻ ബുക്സ് അത് പുസ്തകവുമാക്കി. പതിവുപോലെ ഗൾഫുകാരാരും അത് കണ്ടതിന് തെളിവില്ല. കടൽയാത്ര കാൽപനികാനുഭവമാണെന്ന് വിചാരിക്കുന്ന ഇൗസി ചെയർ ബുദ്ധിജീവികൾ ആ പുസ്തകമൊന്ന് എടുത്ത് വായിച്ചാൽകൊള്ളാം. ലോഞ്ചിൽ ഗൾഫിൽ പോയ പയ്യന്നൂർക്കാരൻ മുസ്തഫ ഹാജി മുതൽ തിരുവനന്തപുരം സ്വദേശി സൈമൺ വരെയായി നീണ്ടുകിടക്കുന്ന കടൽ അനുഭവപാത. ഇനിയും വിപുലീകരിക്കാവുന്ന തീക്ഷ്ണാനുഭവശേഖരമാണ് ആ പുസ്തകം.
ഗൾഫുകാരെൻറ അടയാളപ്പെടുത്തിവെക്കാവുന്ന ജീവചരിത്രത്തിെൻറ നുള്ള് നുറുങ്ങുകളിൽ ചിലത് മാത്രമാണത്. മോഹൻ പാലക്കോട് എന്ന പഴയകാല പത്രപ്രവർത്തകൻ എഴുതിയ 'ലോഞ്ച് അനുഭവക്കുറിപ്പുകളും' വളരെ വിപുലമായ ഗൾഫ് യാത്ര/ ദുരിതാനുഭവങ്ങളുടെ, അതിജീവനത്തിനായുള്ള പോരാട്ടത്തിെൻറ അടയാളാക്ഷരങ്ങളാണ്.
ഗൾഫ് ജീവിതത്തെ ആധാരമാക്കി എഴുതപ്പെട്ട സർഗാത്മക കൃതികളുടെ ശേഖരണവും അതിെൻറ ഡോക്യുമെേൻറഷനായി കരുതേണ്ടതുണ്ട്. യു.എ.ഇയിൽ ആഞ്ഞുവീശിയ ഒന്നാം റെസഷൻ കാലത്തിെൻറ പശ്ചാത്തലത്തിൽ ശാഹുൽ വളപട്ടണം എഴുതിയ 'ദിർഹം' എന്ന നോവൽ മുതൽ ചെറുതും വലുതുമായ കൃതികൾ ഗൾഫ് രാജ്യങ്ങളിൽനിന്ന് എഴുതപ്പെട്ടിട്ടുണ്ട്. സാദിഖ് കാവിലിെൻറ 'ഒൗട്ട് പാസ്', അനിൽ ദേവസിയുടെ ' ഇലാഹി ടൈംസ്', ജോൺ മാത്യുവിെൻറ 'ഒരു പ്രവാസിയുടെ ഇതിഹാസം'... ഇങ്ങനെ എത്രയോ മികച്ച നോവലുകൾ എഴുതപ്പെട്ടിട്ടുണ്ട്. 'അറേബ്യയിലെ അടിമ' (നിസാമുദ്ദീൻ റാവുത്തർ), 'ഒരു തക്കാളികൃഷിക്കാരെൻറ മനോരാജ്യങ്ങൾ' (റഷീദ് പാറക്കൽ), 'ടെംപററി പീപ്പ്ൾ' (ദീപക് ഉണ്ണികൃഷ്ണൻ)... പട്ടിക ഇനിയും നീളുന്നു. ശ്രദ്ധയിൽപെട്ടത് എഴുതിയെന്നു മാത്രം. ബെന്യാമിെൻറ 'ആടുജീവിതം' എന്ന നോവലാണ് ഇത്തരമൊരു സമൂഹത്തെപ്പറ്റി ഏറ്റവും ഉച്ചത്തിൽ പറഞ്ഞ കൃതി. കൃഷ്ണദാസിെൻറ 'ദുബായ്പ്പുഴ' എടുത്തുപറയേണ്ടതു തന്നെ. നോൺ ഫിക്ഷൻ വിഭാഗത്തിൽ ഏറ്റവും മുന്നിൽ നടന്ന കൃതി തീർച്ചയായും ബാബു ഭരദ്വാജിെൻറ 'പ്രവാസിയുടെ കുറിപ്പുകൾ'തന്നെ; ഒപ്പം, 'പ്രവാസിയുടെ വഴിയമ്പലങ്ങളും'. അത് ഗൾഫെഴുത്തിന് പുതിയ മാനവും വ്യാപ്തിയും സമ്മാനിച്ചു. വി. മുസഫർ അഹമ്മദിെൻറ ഗൾഫ് ജീവിതത്തിെൻറ ചിത്രീകരണം അന്നോളം നാം കണ്ടിട്ടില്ലാത്ത സൂക്ഷ്മാന്വേഷണങ്ങളുടെ യാത്രയായിത്തീർന്നു. പത്രപ്രവർത്തകനായ മുസഫറിെൻറ ലേഖനങ്ങളും ആദ്യകാല ഉണർച്ചകളുടെ വഴിവിളക്കുകൾ തന്നെ.
ഇങ്ങനെ ഒറ്റക്കും തെറ്റക്കുമുള്ള അടയാളങ്ങൾ മാത്രം ബാക്കിവെച്ച് മലയാളി ഗൾഫ് ജീവിത ചരിത്രം കുറച്ചു മനുഷ്യരുടെ മാത്രം ഒാർമകളിൽ മാത്രം അവശേഷിക്കുകയും അവരുടെ കാലശേഷം ചരിത്രം തിരോഭവിക്കുകയും ചെയ്യുേമ്പാൾ അത് ഫലത്തിൽ മനുഷ്യവിരുദ്ധമായിത്തീരുന്നു. ഗൾഫ് മലയാളിക്കൂട്ടായ്മകൾ ഇൗ വൈകിയ വേളയിലെങ്കിലും തങ്ങളുടെ ചരിത്രത്തെ സൂക്ഷ്മമായി രേഖപ്പെടുത്തേണ്ടതുണ്ട്, പുസ്തകമായും മറ്റും. കേരള ചരിത്രത്തെ സാംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പാടെ അട്ടിമറിക്കുകയും പുനർനിർമിക്കുകയും ചെയ്ത ഒന്നിെന ആഴക്കടലിലിട്ട കല്ലുേപാലെ തിരോഭവിച്ച നിലയിൽ കാണേണ്ടിവരും.
ഇൗ ചരിത്രശേഖരണത്തിൽ തീർച്ചയായും ഗൾഫ് പ്രവാസത്തെ മൂന്ന് തലമുറകളായി വേർതിരിച്ചെടുക്കേണ്ടിവരും. ഒന്ന്, ലോഞ്ചിൽപോയ തലമുറ. രണ്ട്, പഴയ ബോംബെയിൽനിന്ന് ഗൾഫിലേക്ക് പോയിക്കൊണ്ടിരുന്ന തലമുറ. മൂന്ന്, കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് ഗൾഫിലേക്ക് നേരെ പോയ തലമുറ. അനുഭവലോകംകൊണ്ട് തീർത്തും വിഭിന്നമാണ് ഇൗ തലമുറകൾ. ചരിത്രവും പാടെ വ്യത്യസ്തമാണ്. ചരിത്രത്തിെൻറ പ്രാധാന്യം അറിയാത്ത തലമുറക്ക് തങ്ങളുടെ അവകാശങ്ങളെപ്പറ്റി പറയാനുള്ള ഭാഷ ഉണ്ടായിരിക്കില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഗൾഫ് മണിയുടെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുകയും അവരുടെ ചരിത്രത്തെയും സംഭാവനകളെയും ആരും അടയാളപ്പെടുത്താതെയും പറയാതെയും പോകെട്ടയെന്ന് നിശ്ശബ്ദം ആഗ്രഹിക്കുന്ന ചെറുന്യൂനപക്ഷമുണ്ട്. അവർ ചരിത്രത്തിെൻറ ആധികാരിക കേന്ദ്രങ്ങളിൽ നിർണായകമായി ഇടപെടാവുന്നവരുമാണ്.
ക്ഷണിക കാലത്തെ പ്രതിനിധാനം ചെയ്യുന്ന വാർത്തകൾകൊണ്ടു മാത്രം ഗൾഫ് ഒാർമകളുടെ പെരുങ്കടലിൽ തിരകൾ അടിക്കുകയില്ല തന്നെ. സമഗ്രമായ ഗൾഫ് കുടിയേറ്റ ചരിത്രത്തെപ്പറ്റിയും അതിെൻറ പ്രാധാന്യത്തെപ്പറ്റിയും ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. ആര് മുൻകൈയെടുക്കും? എങ്ങനെയായിരിക്കണം അത്? ഗൾഫുകാരാ, തീർച്ചയായും ഇന്ന് നിങ്ങളുടെ പാസ്പോർട്ട് മാത്രമേ ചോദിക്കൂ. നാളെ ചോദിക്കുന്നത് നിങ്ങളുടെ ചരിത്രം തന്നെയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.