''സചിനേക്കാൾ പ്രതിഭയെന്ന് പരിശീലകനടക്കം വിശ്വസിച്ചയാൾ ഇന്നും മുംബൈ ചേരിയിലുണ്ട്''; തുല്യനീതിയെക്കുറിച്ചുള്ള ചില വിചാരങ്ങൾ

മാകാന്ത് അച്‍രേക്കറുടെ ശിക്ഷണത്തിലാണ് സചിന്‍ തെണ്ടുല്‍ക്കറുടെ പ്രതിഭ പുറംലോകം അറിഞ്ഞുതുടങ്ങിയത്. ട്രെയിനിങ്ങിനിടെ അച്‍രേക്കർ തനിക്കു തന്നിരുന്ന ഒരു ചലഞ്ചിനെ കുറിച്ചു സചിന്‍ പലപ്പോഴും വാചാലനായിട്ടുണ്ട്. സചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ ഒരു രൂപ നാണയം സ്റ്റംപിനു മുകളില്‍ വെക്കുമായിരുന്നു. നിശ്ചിത സമയം ഔട്ടാകാതെ ബാറ്റു ചെയ്താല്‍ സചിനു സമ്മാനമായി ആ ഒരു രൂപ എടുക്കാം. ബോള്‍ ഉയര്‍ത്തി അടിച്ചു ആരെങ്കിലും ക്യാച്ച് ചെയ്താല്‍ ഔട്ടാണ്, ക്യാച്ച് ചെയ്യുന്നത് ഫീല്‍ഡര്‍ തന്നെയാവണമെന്നില്ല. ആര് ക്യാച്ച് ചെയ്താലും ഔട്ടാണ്. അതിനി ഗ്രൗണ്ടിൽ കപ്പലണ്ടി വിൽക്കാൻ വന്നയാളോ കളി കാണാൻ വന്നയാളോ ആര് ചെയ്താലും ഔട്ടാണ്. ഈയൊരു പരിശീലനം തന്നെ വളരെയധികം പ്രചോദിപ്പിക്കുകയും, സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന് സചിന്‍ പറയാറുണ്ട്. സത്യത്തില്‍ അച്‍രേക്കർ ഇതു തന്‍റെ പ്രാക്ടീസ് സെഷനില്‍ ആദ്യമായി ഉള്‍പ്പെടുത്തിയതു സചിനു വേണ്ടിയായിരുന്നില്ല, മറിച്ച് തന്‍റെ പ്രിയ ശിഷ്യനായ അനില്‍ ഗുരാവിനു വേണ്ടിയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും ദൗര്‍ഭാഗ്യവാനായ ക്രിക്കറ്റ് പ്രതിഭയെന്ന പേരില്‍ അനില്‍ ഗുരാവിനെ കുറിച്ചു നിങ്ങളില്‍ ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. ഗാവസ്കറിന് ശേഷം ബോംബെയില്‍ നിന്നുമെത്തുന്ന മഹാനായ ക്രിക്കറ്റ് താരം അനില്‍ ആയിരിക്കുമെന്ന് പലരും പ്രവചിച്ചിരുന്നു. 'ബോംബെയുടെ വിവ് റിച്ചാര്‍ഡ്സ്' എന്നുപോലും വിശേഷിപ്പിക്കപ്പെട്ടു. അനിലിന്‍റെ കളി കാണാന്‍, ജോലിക്കു പോകാതെ കാണികള്‍ എത്തുമായിരുന്നു. സചിനും കാംബ്ലിയുമൊക്കെ അക്കാദമിയില്‍ എത്തിയ സമയത്തു രമാകാന്ത് അച്‍രേക്കറു പ്രിയ്യപ്പെട്ട ശിഷ്യന്‍ അനിലായിരുന്നു. അനിലിന്‍റെ ബാറ്റിങ്ങു സസൂക്ഷ്മം നിരീക്ഷിച്ചു പഠിക്കുക എന്നതായിരുന്നു സചിനെ പോലുള്ള യുവതാരങ്ങള്‍ക്ക് കോച്ച് നൽകിയിരുന്ന നിര്‍ദ്ദേശം. സച്ചിന്‍ തന്‍റെ ആദ്യ സെഞ്ചുറി നേടുന്നത് ടീം ക്യാപ്റ്റന്‍ കൂടിയായിരുന്ന അനിലിന്‍റെ ബാറ്റ് ഉപയോഗിച്ചായിരുന്നു.

സചിനും അച് രേക്കറും

അർധ സഹോദരൻ അജിത്താണ് സചിനു വേണ്ടി അച്‍രേക്കറെ കോച്ചായി തിരഞ്ഞെടുക്കുന്നത്. നല്ലൊരു ക്രിക്കറ്റ് കളിക്കാരനായ അജിത് പിന്നീടങ്ങോട്ടുള്ള സചിന്‍റെ വളര്‍ച്ചയിലെ നിർണായക ഘട്ടങ്ങളില്‍ എല്ലാം കൂടെ നിന്നിട്ടുണ്ട്. സ്വന്തം ക്രിക്കറ്റ് കരിയറും, ജോലിയുമൊക്കെ സചിന്‍റെ കൂടെ നില്‍ക്കാനായി അജിത് ഉപേക്ഷിക്കുകപോലും ചെയ്തു. തന്‍റെ വിജയത്തിനു അജിജ് നല്കിയ സംഭാവനകളെ കുറിച്ചു സച്ചിന്‍ നന്ദിപൂര്‍വ്വം സ്മരിക്കാറുണ്ട്.

അനില്‍ ഗുരാവിനും അജിതെന്ന പേരിൽ ഒരു സഹോദരൻ ഉണ്ടായിരുന്നു. എന്നാല്‍ അനിലിന്‍റെ സഹോദരന്‍ അജിത് എത്തിച്ചേര്‍ന്നത് കുപ്രസിദ്ധമായ ബോംബെ അധോലോകത്തിലാണ്. ക്രിമിനല്‍ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട അജിതിനെ തേടി പൊലീസ് നിരന്തരം അനിലിന്‍റെ വീട്ടിലെത്തി. ഓരോതവണയും അജിത്തിനെ കിട്ടാതാവുമ്പോള്‍, അനിലിനെയോ അമ്മയേയോ പൊലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കും. നിരന്തരമായ ഇത്തരം സംഭവങ്ങൾ കൊണ്ട് അനിലിന് ക്രിക്കറ്റ് കളി ഉപേക്ഷിക്കേണ്ടി വന്നു. ഇന്ത്യ ക്രിക്കറ്റിലെ ഭാവി വാഗ്ദാനം എന്ന് അയാളുടെ കളി കണ്ട എല്ലാവരും ഉറപ്പിച്ചിരുന്ന സമയത്താണ്, നന്നേ ചെറുപ്പത്തിലേ അദ്ദേഹത്തിന് ക്രീസ് വിടേണ്ടി വന്നത്.

എന്നെ സംബന്ധിച്ച്, പ്രതിഭയുടെയും പാഷന്‍റെയും കഠിനദ്ധ്വാനത്തിന്‍റെയുമൊക്കെ ആള്‍രൂപമാണ് സചിന്‍ തെണ്ടുല്‍ക്കര്‍. അഥവാ സചിന്‍ അര്‍ഹിക്കുന്ന വിജയങ്ങൾ തന്നെയാണ് അയാള്‍ നേടിയിട്ടുള്ളത്. എന്നാല്‍ അനിലിന്‍റെ ജീവിതവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാണ്. അനിലിന് ഇല്ലാതെപോയ പല പ്രിവിലേജുകളും സചിനുണ്ടായിട്ടുണ്ട്. സചിനെപ്പോലെ കഴിവും അര്‍പ്പണബോധവുമുള്ള ഒരാളുടെ വിജയത്തിനു പിറകില്‍ പോലും, സചിനറിയാതെ ലഭിച്ച പ്രിവിലേജുകളുടെ അനുഗ്രഹം നമുക്ക് കാണാന്‍ കഴിയും.

നിര്‍ഭാഗ്യകരമായ ജീവിത സാഹചര്യങ്ങള്‍ അല്ലായിരുന്നെങ്കില്‍, അനിലും സച്ചിനെപ്പോലെ മഹാനായ കളിക്കാരന്‍ ആകുമായിരുന്നുവെന്നതിന് നമുക്ക് ഉറപ്പില്ല. അതു കാലത്തിനു മാത്രം തെളിയിക്കാന്‍ കഴിയുന്ന ഒന്നാണു. പക്ഷേ ഒന്നുണ്ട്, അനിലിനും സചിനും തുല്യ പരിശീലനമല്ല ലഭിച്ചതു. അനിലിന് മികച്ച പരിശീലനം ലഭിക്കാത്തത് അയാളുടെ കുഴപ്പവുമില്ല. ഇതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല

ഇനി ഒരു കാര്യം വെറുതെയൊന്നു സങ്കല്‍പ്പിച്ചു നോക്കൂ. അനിലിന് ക്രിക്കറ്റ് പരിശീലനം ലഭിച്ചത് താമസ സൗകര്യമുള്ള ഒരു ക്യാമ്പില്‍ ആയിരുന്നുവെങ്കിലോ?. അങ്ങിനെയൊരു ഹോസ്റ്റലില്‍ താമസിക്കുന്ന അനിലിനെ പൊലീസ് നിരന്തരമായി മർദിക്കുമായിരുന്നില്ല. പാതിവഴിക്ക് ക്രിക്കറ്റിനെ അയാള്‍ക്ക് ഉപേക്ഷിക്കേണ്ടിയും വരുമായിരുന്നില്ല. അച്‍രേക്കറുടെ ക്യാമ്പില്‍ നിന്നും പോയ അനില്‍ പിന്നീട് ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇപ്പോഴും പഴയ ആ ചേരിയില്‍ തന്നെയാണ് അയാള്‍ ജീവിക്കുന്നത്. ഒരു മുഴുക്കുടിയനായി. സചിനെ പോലെ ആകാൻ സാധിച്ചിരുന്നില്ലെങ്കിലും, ഇതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതവും അവസരങ്ങളും അനില്‍ എന്ന പ്രതിഭ അര്‍ഹിച്ചിരുന്നു.

സമത്വം അഥവാ തുല്യത എന്നാല്‍ അനിലിന് താമസ സൗകര്യം കൊടുത്തു പരിശീലിപ്പിക്കുന്നതാണ്. ആ പ്രത്യേക പരിഗണനയെ സചിനോടുള്ള അനീതിയായി മനുഷ്യത്വമുള്ളവര്‍ക്ക് തോന്നില്ല. കാരണം ഒരാളുടെ വളര്‍ച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ജീവിതസാഹചര്യങ്ങളാണ്. ഒരേ കോച്ചിന്‍റെ പ്രിയ ശിഷ്യരായിരുന്ന രണ്ടു താരങ്ങളുടെ ജീവിതം നമ്മള്‍ കണ്ടുകഴിഞ്ഞു. ഒരു കോച്ചിന് കീഴില്‍ പരിശീലിക്കാന്‍ അവസരം ലഭിച്ച, തുല്യ പ്രതിഭകളെന്ന് വിലയിരുത്തിയ രണ്ടുപേരാണ് രണ്ടു ധ്രുവങ്ങളില്‍ എത്തിച്ചേര്‍ന്നത്. അതിനു പ്രധാന കാരണം ഒരു തരത്തിലും അനില്‍ ഉത്തരവാദിയല്ലാത്ത അയാളുടെ ജീവിത സാഹചര്യങ്ങളാണ്.

അനിൽ ഗുരാവ്    ചിത്രം: indian express

തന്‍റേതല്ലാത്ത കുറ്റം കൊണ്ടു നിര്‍ഭാഗ്യകരമായ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നവര്‍ എല്ലാ സമൂഹത്തിലുമുണ്ട്. ഒരു പുരോഗമന സമൂഹം ആ അനീതിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കും. കഴിയാവുന്ന പരിഗണനകള്‍ അവരുടെ അവകാശമായി കണ്ട് അവര്‍ക്ക് നൽകും. ഇതിനു നേര്‍ വിപരീതമായ സമൂഹങ്ങളും പ്രാകൃതചിന്തകളുമുണ്ട്. മുന്നിലുള്ള യാഥാർഥ്യമായ ഈ സാമൂഹ്യാവസ്ഥ ഒരു അനീതിയാണെന്നു പോലും അംഗീകരിക്കാത്ത കൂട്ടരുണ്ട്. സ്വയം അതിജീവിക്കുന്നവര്‍ക്ക് മാത്രമേ ജീവിക്കാനുള്ള അവകാശമുള്ളൂവെന്നു കരുതുന്നവര്‍ മുതല്‍ ഈ അനീതി ദൈവവിധിയാണെന്നു വിശ്വസിക്കുന്നവര്‍ വരെ ആ കൂട്ടരിൽ ഉൾപ്പെടും.

ആധുനിക മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. അഥവാ ഓരോ മനുഷ്യനും അവന്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ കൂടി ഉല്‍പ്പന്നമാണ്. അതുകൊണ്ടാണ് പലപ്പോഴും ഒരു വ്യക്തിയുടെ മോശം ജീവിതസാഹചര്യങ്ങൾക്ക് സമൂഹം ഉത്തരവാദിയാകുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ മോശം ജീവിതസാഹചര്യത്തിന് ജാതി ഒരു കാരണമാവും. കാലങ്ങളായി ശക്തമായി ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിന്‍റെ ഫലമായി ജാതിശ്രേണിയില്‍ താഴെയുള്ള സമുദായങ്ങള്‍ക്ക് ഉന്നതസ്ഥാനങ്ങളില്‍ പ്രാതിനിധ്യം ലഭിക്കാതെ പോവുന്നുണ്ട്. ഇതു വെറുമൊരു സിദ്ധാന്തമോ ചരിത്രമോ അല്ല. ഇതുവരെയുള്ള എല്ലാ കണക്കുകളും ശരിവെക്കുന്ന നിലനില്‍ക്കുന്ന ഒരു വസ്തുതയാണ്.

ജാതി വിവേചനത്തിന്‍റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സമുദായങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്ന വസ്തുത അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു തയ്യാറാവാത്തിടത്തോളം കാലം പ്രത്യേക പരിഗണനകളെ അനീതിയായും, അസമത്വമായും നമുക്ക് തോന്നും. നമ്മള്‍ കൂടി ഭാഗമായിട്ടുള്ള നമ്മുടെ സമൂഹത്തിനു നേരെ വിരല്‍ചൂണ്ടുന്ന സത്യമായതു കൊണ്ട്, ഈ വസ്തുത അംഗീകരിക്കാന്‍ സ്വഭാവികമായും നമ്മള്‍ മടിക്കും. അതാണ് എളുപ്പവും, സൗകര്യവും.

അതേസമയം വസ്തുത മനസിലാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്താനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍, വളരെയെളുപ്പം മനസിലാക്കാന്‍ കഴിയുന്ന അനീതിയാണ് ഇത്. ഈ അനീതിയെ അടിവരയിടുന്ന കണക്കുകളും ലഭ്യമാണ്. ഇങ്ങനെ ഒരു അനീതി സമൂഹത്തില്‍ സംഭവിക്കുന്നുണ്ടെന്ന ഉത്തമബോധ്യം ഉണ്ടെങ്കില്‍ മാത്രമേ, തെറ്റു തിരുത്താനുള്ള ശ്രമങ്ങളെയും നമുക്ക് മനസിലാക്കാന്‍ കഴിയൂ.

അനിൽ ഗുരാവ് സമീപവാസികളായ കുട്ടികൾക്കൊപ്പം

എന്തുകൊണ്ട് ജാതി സംവരണം?. ജനിക്കുന്ന ജാതി ശാപമാവുന്ന ഒരു സമൂഹത്തില്‍ അര്‍ഹതപ്പെട്ടവരെ പ്രത്യേകമായി പരിഗണിക്കേണ്ടത് ആവശ്യമാണ് എന്നാണുത്തരം. എന്തുകൊണ്ട് ജാതി സംവരണം പാടില്ല, എന്ന മറുചോദ്യമാണ് ഇതിനുള്ള ആദ്യത്തെ ഉത്തരം. ജാതി സംവരണത്തിന് പകരം ഇന്ത്യ പോലൊരു രാജ്യത്ത് "പ്രായോഗികമായി" നടപ്പിലാക്കാന്‍ കഴിയുന്ന മറ്റൊരു ബദല്‍ എന്താണ്?. അങ്ങിനെയൊരു ബദല്‍ നമുക്കില്ല എന്നതാണു സത്യം. ഇനി ഉണ്ടെങ്കില്‍ തന്നെയും ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ജാതി വിവേചനം നേരിടുന്ന സമുദായക്കാര്‍ക്ക് ലഭിച്ചതിനു ശേഷം മാത്രം മതി. സമാന്തരമായി മറ്റു പരിഗണനകളും ആകാവുന്നതാണ്, പക്ഷേ അതു നിലവിലെ സംവരണത്തെ ദുര്‍ബലപ്പെടുത്തികൊണ്ടാവരുതെന്ന് മാത്രം.

ഇതുവരെയുള്ള സംവരണവിരുദ്ധ വാദങ്ങളുടെ ചരിത്രം നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ്. അവരെ പ്രാഥമികമായും ആകുലപ്പെടുത്തുന്നത് കുറെപ്പേര്‍ക്ക് നീതി കിട്ടാത്തതിലല്ല. മറിച്ചു ചിലര്‍ക്ക് നീതി നല്‍കാനുള്ള സമൂഹത്തിന്‍റെ ശ്രമങ്ങളാണ് അവര്‍ക്ക് ദഹിക്കാത്തത്. ഉദാഹരണത്തിന് അനില്‍ ഗുരവിന് സൗജന്യമായി ഹോസ്റ്റല്‍ സൗകര്യം കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നു കരുതുക. എന്തുകൊണ്ട് സച്ചിന്‍ തെണ്ടുല്‍ക്കറിന് കൊടുക്കുന്നില്ല എന്ന നിലവിളികളുയരും. നികുതി പണത്തെ കുറിച്ചുള്ള ആകുലതയും മെറിറ്റ് ഉപന്യാസങ്ങളും നുരഞ്ഞുപൊങ്ങും. സത്യത്തില്‍ തുല്യനീതി നടപ്പിലാക്കാനുള്ള സമൂഹത്തിന്‍റെ ശ്രമമാണ് ആ പരിഗണനയെന്നു തിരിച്ചറിയാനാവാത്തതാണ് ആത്യന്തികമായ പ്രശ്നം. 

Tags:    
News Summary - Meet Anil Gurav,Mumbai’s brightest star before Sachin Tendulkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.