1987..
ഹോ എന്തൊരു വർഷമായിരുന്നത് ?!
ഞാനന്ന് ഒന്നാം ക്ലാസിൽ പഠിക്കുകയാകണം. സത്യൻ അന്തിക്കാടും, ശ്രീനിവാസനും, മോഹൻലാലും കൂടി ദാസനേയും, വിജയനേയും മദ്രാസ് നഗരത്തിലെ നിരത്തുകളിലേക്ക് അറബി വേഷത്തിൽ ഇറക്കി വിട്ട വർഷം. ഒ.എൻ.വിയും, എം.ജി.രാധാകൃഷ്ണനും ചേർന്ന് ഒരു ദളം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളത്തെ നമ്മളിലേക്ക് പടർത്തിയ വർഷം. സുനിൽ ഗവാസ്കർ ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ചതും, റിലയൻസ് ലോകകപ്പ് ഫൈനലിൽ മൈക്ക് ഗാറ്റിങ് അലൻ ബോർഡറിനെതിരെ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച് ആ കപ്പ് ഓസീസിന് അടിയറ വെച്ചതും അതേ വർഷം തന്നെ. മൈക്കൽ ചാംഗെന്ന പതിനഞ്ചുകാരൻ യു.എസ്. ഓപൺ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ അതേ 87 ൽ തന്നെയാണ് ആദ്യ റഗ്ബി ലോകകപ്പ് നടന്നതും. സ്കൂളിനടുത്തുള്ള അബൂന്റെ കടയിലെ കടിച്ചാ പറിച്ചി മിഠായി വായിലിട്ട് ഞാൻ ഓടിക്കളിച്ചു കൊണ്ടിരിക്കുന്ന ആ മഴക്കാലത്താണ് അവൻ അങ്ങു ദൂരെ ഞാനന്നോളം കേട്ടിട്ടില്ലാത്ത ഒരു രാജ്യത്ത് ജനിക്കുന്നത്.
വല്യേട്ടൻ ഗൾഫീന്ന് കൊണ്ടുവന്ന ചുവന്ന ടേപ് റിക്കോർഡറിൽ 'കൽപാന്തകാലത്തോളം' എന്ന പാട്ട് റിപീറ്റ് മോഡിൽ ഞാൻ കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ തെരുവിൽ തന്റെ ഇടം കാൽ ആദ്യമായി പതിപ്പിക്കുകയായിരുന്നു. തൊണ്ണൂറുകളുടെ പകുതിയിൽ ഞാൻ പെരിന്തൽമണ്ണ ഹൈസ്കൂൾ ഗ്രൗണ്ടിന്റെ മുള ഗാലറിയിലിരുന്ന് കാദറലി ട്രോഫിയിൽ ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനു വേണ്ടി കയ്യടിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ ന്യൂവെൽസ് ബോയ്സിനു വേണ്ടി പന്തു തട്ടാൻ തുടങ്ങിയിരുന്നു.
ഒരു കുഞ്ഞു മൂക്കുത്തിയിൽ ഞാൻ ലോകത്തെ മുഴുവൻ ഒതുക്കിയിരുന്ന 2000 ന്റെ തുടക്കത്തിൽ അവൻ ഒരു തൂവാലപ്പുറത്തെ ഒപ്പിനാൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകളിലൊന്നുമായി കരാറൊപ്പിട്ടിരുന്നു.2003ൽ മക്ഗ്രാത്തിനെതിരെ ലോകകപ്പ് ഫൈനലിൽ ഒരു അഗ്ലി സ്ലോഗിൽ ടെൻഡുൽക്കർ അയാൾക്ക് ക്യാച്ച് നൽകി മടങ്ങിയ വർഷം കണ്ണീരിനാൽ ഞാനെന്റെ തലയിണ മെഴുകുമ്പോൾ അവൻ FC പോർട്ടോക്കെതിരായ ഒരു സൗഹൃദ മത്സരത്തിൽ ആ നീല ജേഴ്സി ആദ്യമായണിഞ്ഞിരുന്നു..
2004 ൽ അവൻ ഔദ്യോഗികമായി ആ ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഞാൻ ബാങ്കിൽ ജോലിക്ക് കയറിയിട്ട് മാസമൊന്ന് തികയുന്നേ ഉണ്ടായിരുന്നുള്ളൂ. 2005 ൽ അവൻ ആദ്യ കരിയർ ഗോൾ സ്കോർ ചെയ്യുമ്പോൾ ഞാൻ എന്റെ പി.സി.യിൽ ഫിഫ 2004 ഇൻസ്റ്റാൾ ചെയ്യുന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നീടങ്ങോട്ട് ഞാനും അവനും ഗാഢ പ്രണയത്തിലായി.
അവന്റെ ഇടം കാൽ തീ പിടിപ്പിച്ച പുൽമൈതാനങ്ങളുടെ വീഡിയോ ഫുട്ടേജുകളിൽ ഞാനൊരു ഭ്രാന്തനെപ്പോലെ അലഞ്ഞു. അതു വരെയും കേട്ടിട്ടില്ലാത്ത ഒരു സ്പാനിഷ് നഗരത്തിലെ കഫേകളിലൊന്നിൽ അവനെതിർ വശമിരുന്ന് കാപ്പി മൊത്തിക്കുടിക്കുന്നത് സ്വപ്നം കണ്ടു. "നമ്മടെ പയ്യനാ " ന്ന് കണ്ടിൽക്കണ്ടവരോടൊക്കെ പറഞ്ഞു. അവനെ ടി.വിയിൽ കാണുമ്പോഴൊക്കെ ഞാൻ അച്യുതൻ നായരായി, അവനെന്റെ സേതുമാധവനും.
എന്റെ പങ്കപ്പാടുകൾക്കിടയിലും അവൻ ഗോളടി തുടർന്നുകൊണ്ടേയിരുന്നു. റൊണാൾഡീന്യോയുടെ ശിഷ്യനെന്ന പേരിൽ നിന്നും അവൻ സ്വന്തം നിലയിലേക്ക് ചിറകുകൾ വിടർത്തി. അഞ്ച് ഗെറ്റാഫെ ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്ത് വകഞ്ഞു മാറ്റി അവനാ ഗോൾ സ്കോർ ചെയ്ത ദിവസം ഞാൻ ഫുട്ബാൾ മൈതാനത്ത് ദൈവം പന്തുതട്ടുന്നത് കണ്ടു. ആനന്ദക്കണ്ണീരിനാൽ എന്റെ കണ്ണു മൂടിയിരുന്നു.
2010..
പ്രണയക്കൊടുങ്കാറ്റിൽ ഞാൻ ദിക്കറിയാതെ ഒഴുകിക്കൊണ്ടിരിക്കുന്ന കാലം. ആ മാർച്ചിൽ തുടർച്ചയായി രണ്ടാഴ്ചകളിൽ അവൻ വീണ്ടും ദൈവരൂപം പൂണ്ടു . വലൻസിയക്കെതിരായ മത്സരം. ഒരു ആനിമേറ്റഡ് കാർട്ടൂൺ ചിത്രത്തിലെ ഫ്രെയിം പോലെയായിരുന്നു ആ ഗോൾ. വലതു വിങ്ങിൽ നിന്നും ഒരു സിഗ് സാഗ് മൂവ്മെന്റിനൊടുവിൽ ഗോൾകീപ്പറെയും വെട്ടിയൊഴിഞ്ഞ് പോസ്റ്റിന്റെ വലതുമൂലയിൽ പന്ത് നിക്ഷേപിക്കുമ്പോൾ അത് ആ ദശകത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ നിമിഷമാണെന്ന് വിലയിരുത്തപ്പെട്ടു. തലക്ക് കൈ വെച്ചു പോയ നിമിഷമായിരുന്നു തൊട്ടടുത്തയാഴ്ച്ച സരഗോസക്കെതിരെ അയാൾ സമ്മാനിച്ചത്. അലസമായ നിൽപ്പിനൊടുവിൽ ഒരു സ്കൂപ്പ് ... 3 ഡിഫൻഡർമാരിൽ നിന്നുമുള്ള കുതറി മാറ്റം, അപ്രവചനീയമായ പാറ്റേണിലെ സ്പ്രിന്റ്, റാഷ് ടാക്കിളിംഗിനുള്ള അവസാന ഡിഫൻഡറുടെ ശ്രമത്തെ അപഹസിക്കുന്ന ഡ്രിബിളിംഗ് , ഒടുവിൽ നിസ്സഹായനായ ഗോൾകീപ്പറെ സാക്ഷിയാക്കി ഒരു സബ് ലൈം ടച്ച് ഫിനിഷും. എല്ലാ ഫുട്ബാൾ ഫിസിക്സിനെയും അയാൾ ആ നിമിഷം പരിഹസിക്കുകയായിരുന്നു ..
2012 മാർച്ചിൽ അയാൾ ബയർ ലെവർകൂസണെതിരെ അഞ്ച് തവണ വല കുലുക്കുമ്പോൾ വർഷങ്ങൾ നീണ്ട പ്രണയയാത്രയിൽ ഞാനും, അവളും ഒരു മോതിരവിരലിൽ പരസ്പരം ചേർത്തു പിടിച്ചു കഴിഞ്ഞിരുന്നു. ഞങ്ങളുടെ സന്തോഷത്തിൽ പങ്കുകൊണ്ടിട്ടെന്നോണം അയാളാ വർഷം അടിച്ചു കൂട്ടിയ ഗോളുകളുടെ എണ്ണം 91 ആയിരുന്നു ; ഏതു നിലയ്ക്കും ഇൻസെയ്നായ സ്റ്റാറ്റിസ്റ്റിക്സ് !!
അതിനിടയിലും വെള്ളയും, നീലയും കലർന്ന ജേഴ്സിയിൽ അയാളുടെ കണ്ണീര് വീണു കൊണ്ടേയിരുന്നു. 3 ലോകകപ്പുകളും, നാലഞ്ച് കോപ്പ അമേരിക്കയും അയാളുടെ കൈവിരൽത്തുമ്പിലൂടെ ഊർന്നു പോയി. 2014 ലെ ഫൈനലിനോളം കരയിപ്പിച്ചവ കുറവായിരുന്നു.2014ലെ ലോകകപ്പ് ഫൈനലിനു ശേഷം നിരാശയുടെ കാർമേഘം മൂടിയ മുഖത്തോടെ, ആ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബാൾ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ അയാം നോട്ട് എ ചാമ്പ്യൻ.. അയാം നോട്ട് എ ചാമ്പ്യൻ" എന്ന് അവ്യക്തമായി പിറുപിറുക്കുന്ന അയാളെ സെപ് ബ്ലാറ്റർ പിന്നീടൊരിക്കൽ ഓർത്തെടുക്കുന്നുണ്ട്. ദുർബലമായ ഒരു ടീമിനെയും കൊണ്ട് ഗോളടിച്ചും, കളി മെനഞ്ഞും, ഗോളടിപ്പിച്ചും അയാൾ ഫൈനൽ വരെയെത്തി. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നിട്ടും അയാൾ താൻ ചാമ്പ്യനല്ലെന്നു തന്നെ കരുതി. തനിക്കു കിട്ടുന്ന അവാർഡല്ല തന്നെ ചാമ്പ്യനാക്കുന്നതെന്ന ആ തിരിച്ചറിവാണ് ഇന്റർനാഷണൽ ലെവലിൽ കപ്പുകളില്ലാതിരുന്നിട്ടും അയാളെ ഒരു ചാമ്പ്യൻ പ്ലെയർ ആക്കുന്നത്.
മറ്റു പല കളിക്കാരെയും പോലെ ഗാലറിക്കു വേണ്ടി കളിക്കുന്നവനല്ല അയാൾ. ട്രിക്കുകളൊരുപാട് കാലുകളിലൊളിഞ്ഞു കിടക്കുമ്പോഴും അയാൾ ടീമിന്റെ വിജയത്തിനു വേണ്ടി മാത്രമാണ് കളിച്ചത്. ഒന്നു കർവ് ചെയ്തെടുത്താൽ ഗോളിന് 50% സാധ്യതയുള്ള ഒരു ഷൂട്ടിംഗ് സ്പോട്ടിൽ 60% സാധ്യതയിൽ നിൽക്കുന്ന സഹകളിക്കാരന് ആ പന്ത് പാസ് ചെയ്യുന്നതിൽ അയാൾ ഒരിക്കലും വിമുഖത കാണിച്ചിട്ടില്ല. കാലിൽ പന്തു കിട്ടുമ്പോൾ മാജിക് കാണിക്കാനേ അയാൾക്കറിയൂ.ആ മാജിക്കിന്റെ അർഥവും പൂർണ്ണതയുമൊക്കെ അയാളെ സംബന്ധിച്ചിടത്തോളം ടീം നേടുന്ന ഗോളാണ്. സോളോ റണ്ണിനൊടുവിൽ സുവാരസിനും, നെയ്മറിനും തളികയിൽ വെച്ചെന്നോണം നീട്ടിക്കിട്ടുന്ന പാസ്സുകൾ അതിനു തെളിവായിരുന്നു.
അയാൾക്കറിയാവുന്ന ഏറ്റവും നല്ല ഭാഷ ഫുട്ബാളിന്റേതാണ്. മറഡോണ മുതൽ ചായക്കടക്കാരൻ കുട്ടൻ വരെ അയാളെ ശകാരിക്കുമ്പോഴും, പരിഹസിക്കുമ്പോഴും അയാൾ നിശ്ശബ്ദനായിരുന്നു. അയാൾക്കു പറയാനുള്ളത് ആ ഇടം കാലുകളായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. അതിനിയും അങ്ങനെത്തന്നെയായിരിക്കും.
ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു ഫ്രീ കിക്കെടുത്തു വെച്ച് ,നിങ്ങൾക്കേറ്റവും വിശ്വാസമുള്ള ഒരാളെ കൊണ്ട് ഈ കിക്കെടുപ്പിക്കാം; ഗോളടിച്ചാൽ ജീവിതം ഇല്ലെങ്കിൽ മരണം എന്ന ഒരു ഓഫർ വന്നാൽ ഞാൻ കിക്കെടുക്കാൻ തിരഞ്ഞെടുക്കുക ലയണൽ മെസ്സിയെ തന്നെയായിരിക്കും. അയാൾ ഗോളടിച്ചാലുമില്ലെങ്കിലും, അയാളുടെ ഇടം കാലിനാൽ ചുംബിക്കപ്പെടുന്ന പന്തിന്റെ സഞ്ചാരപഥം കാണുന്നതിലും മനോഹരമായ കാഴ്ച്ചകൾ ഭൂമിയിൽ തന്നെ കുറവാണ്. ഫുട്ബാൾ ഗ്രൗണ്ടിലാകട്ടെ ഇല്ലെന്നു തന്നെ പറയണം.
ലിയോ, നീ വിട പറയുന്ന ദിവസം ഈ ഗെയിം എത്രത്തോളം ദരിദ്രമായി മാറുമെന്ന് നിന്നെ പരിഹസിക്കുന്നവർക്ക് ഇന്നുമറിയില്ല. തൊടുന്നതെല്ലാം റെക്കോഡുകളായി മാറുന്ന നിന്റെ കരിയറിൽ ഈ 1000 ഗോൾ സംഭാവനയുടെ സ്റ്റാറ്റിസ്റ്റിക്സ് മറ്റൊരു പൊൻ തൂവൽ മാത്രമാണ്. പക്ഷേ ഈ ഗെയിം കണ്ട ഏറ്റവും മികച്ച കളിക്കാരനെന്ന് നിന്നെ നോക്കി കണ്ണുകളിൽ സ്നേഹം നിറച്ചു പറയുമ്പോൾ കളിയാക്കുന്നവരെ നിശ്ശബ്ദരാക്കാൻ ഞങ്ങൾക്കിതു വേണം. ലിയോ, നീ നൽകുന്ന ഈ നിമിഷങ്ങൾ തന്നെയാണ് ഞങ്ങളുടെ സന്തോഷം. നീ തന്നെയാണ് എക്കാലത്തെയും ഏറ്റവും മികച്ച ഫുട്ബോളറും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.