രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതിനെതിരെ രാജ്യമെങ്ങും കോൺഗ്രസ് പ്രതിഷേധത്തിലാണ്. എന്നാൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ അയോഗ്യത നടപടിക്കെതിരെ കോൺഗ്രസ് ഇരട്ടത്താപ്പ് സമീപനം സ്വീകരിക്കുന്നുവോ?. കല്‍പേനി ദ്വീപ് സ്വദേശിയും എൻ.സി.പി അനുകൂല സംഘടന ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറിയുമായ ഇത്തിഹാദ് കെ.ഐ എഴുതുന്നു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ അസാധാരണമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോവുകയാണ്. പ്രതിപക്ഷപാർട്ടികളുടെ പ്രതിഷേധത്താലും കേന്ദ്ര സർക്കാറിന്റെ ജനാധിപത്യവിരുദ്ധതക്കെതിരെയുമുള്ള പോരാട്ടങ്ങളാലും രാജ്യം സജീവമാണ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ഒറ്റപ്പെട്ട സംഭവമല്ല എന്ന് നാം തിരിച്ചറിയണം.
സ്വന്തമായി നിയമനിർമാണ സഭയോ ജനാധിപത്യ സഭകളോ ഇല്ലാത്ത ഇന്ത്യയിലെ ഒറ്റപ്പെട്ട പ്രദേശമായ ലക്ഷദ്വീപിലെ ഏക എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കുകയും നിയമ പോരാട്ടത്തിനൊടുവിൽ അദ്ദേഹത്തെ യോഗ്യനാക്കുകയും ചെയ്തിരിക്കുന്നു. രാഹുൽ ഗാന്ധിയെ അയോഗ്യൻ ആക്കിയപ്പോൾ എല്ലായിടങ്ങളിലും പ്രതിഷേധിക്കുന്ന കോൺഗ്രസിന്റെ ലക്ഷദ്വീപ് ഘടകവും ഇപ്പോൾ പ്രതിഷേധത്തിലാണ്. എന്നാൽ എൻ.സി.പി യുടെ മുഹമ്മദ് ഫൈസലിനെ അയോഗ്യൻ ആക്കിയപ്പോൾ ലക്ഷദ്വീപിലെ മുഴുവൻ ദ്വീപുകളിലും പടക്കം പൊട്ടിച്ച് ആഘോഷിച്ചവരാണ് കോൺഗ്രസുകാർ. ഇവിടെയാണ് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് നാം മനസ്സിലാക്കേണ്ടത്.
ദ്വീപിലെ കോൺഗ്രസുകാർ പറയുന്നത് രണ്ടും രണ്ട് കേസുകൾ ആണെന്നാണ്. എന്നാൽ ധൃതിപിടിച്ച് ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന പ്രവണത രണ്ടിലും നാം ഒരുപോലെ കണ്ടു. കാലങ്ങളോളം കോൺഗ്രസിന്റെ എതിരാളികളെ തല്ലിച്ചതച്ച് അധികാരത്തിന്റെ സ്വാധീനത്തിൽ കേസുകൾ ഒതുക്കി തീർത്ത പി.എം സഈദിന്റെ മരുമകനുമായി 2009 ൽ നടന്ന ഒരു രാഷ്ട്രീയ അടിപിടി കൊലപാതക ശ്രമം ആക്കി കോൺഗ്രസ് കേസ് ഫയൽ ചെയ്യുന്നു. ഈ കേസ് ഒരു കച്ചിത്തുരുമ്പായി ലക്ഷദ്വീപിൽ ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്ട്രേറ്റർ കാണുകയും തനിക്കെതിരെ പ്രത്യക്ഷത്തിൽ ജനങ്ങൾക്കൊപ്പം നിന്ന് സമരം നയിക്കുന്ന ലക്ഷദ്വീപ് എം.പിയെ കുരുക്കിക്കളയാം എന്ന് വ്യാമോഹിക്കുകയും ചെയ്യുന്നു.
മുപ്പതോളം പ്രതികളുണ്ടായിരുന്ന ഒരു കേസിൽ ലക്ഷദീപ് എം.പിയും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളും അടങ്ങുന്ന നാല് പേരെ പ്രതിയാക്കി ശിക്ഷ നടപ്പാക്കുന്നു. ലക്ഷദ്വീപിൽ ഇതിനുമുമ്പും കേസുകൾ നടന്നിട്ടുണ്ട്. അന്നൊക്കെ പ്രതികളെ കൊണ്ടുപോയത് കപ്പലിൽ ആയിരുന്നു എന്നാൽ ഈ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായി കണ്ണൂരിലേക്ക് ഹെലികോപ്റ്റർ മുഖാന്തരം കൊണ്ടുപോകുന്നു. തുടർന്ന് കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സമയത്ത് ലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തരവ് വരുന്നു. ദിവസങ്ങൾക്കുള്ളിൽ ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു. അതിന്റെ പ്രചാരണാർഥം ഇന്ത്യയിൽ മറ്റൊരു പ്രദേശത്തും കാണാത്ത പ്രാദേശിക ഭാരത് ജോഡോ യാത്ര ലക്ഷദീപ് കോൺഗ്രസ് അധ്യക്ഷൻ ഹംദുല്ല സഈദിന്റെ നേതൃത്വത്തിൽ നടത്തുന്നു. കോൺഗ്രസ് ഭരിച്ചിരുന്ന ജില്ല പഞ്ചായത്ത് അടക്കമുള്ള ലക്ഷദ്വീപിലെ പ്രാദേശിക ഭരണ സംവിധാനങ്ങൾ മുഴുവനും അതിന്റെ കാലാവധി കഴിഞ്ഞ് പിരിച്ചുവിട്ട സാഹചര്യത്തിലാണ് പൊടുന്നനെയുള്ള ഈ തെരഞ്ഞെടുപ്പ് എന്ന് നാം ഓർക്കണം. ഇന്ന് രാഹുൽ ഗാന്ധിയുടെ അയോഗ്യത അദ്ദേഹം അഭിമാനത്തോടെ വിളിച്ചു പറയുമ്പോൾ അത് പൊക്കിപ്പിടിച്ച് നടക്കുന്ന ദ്വീപിലെ കോൺഗ്രസുകാരും കോൺഗ്രസ് പ്രസിഡൻറ് ഹംദുല്ല സഈദും അന്ന് നാടുനീളെ ലക്ഷദ്വീപ് എം.പിയെ അയോഗ്യൻ ആക്കിയതിന് പരിഹസിച്ചു നടക്കുകയായിരുന്നു.
ലക്ഷദ്വീപ് എം.പി ബി.ജെ.പിയെ പിന്തുണക്കുന്ന ആളാണെന്ന് നാഴികക്ക് 40 വട്ടം പറഞ്ഞു നടന്ന കോൺഗ്രസുകാർ ബി.ജെ.പിയുടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലുമായി സഹകരിച്ചു പോകുന്നതിന് ഒരുപാട് തെളിവുകളുണ്ട്.
പ്രഫുൽ പട്ടേലിന്റെ അധികാരപരിധിയിലുള്ള മറ്റു കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ, ദിയു തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കാൻ ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് ക്ഷണം ലഭിക്കുന്നു. എൻ.സി.പി അംഗങ്ങൾ ക്ഷണം നിരസിക്കുന്നു. പഞ്ചായത്ത് അധ്യക്ഷനും ഉപാധ്യക്ഷരും അടങ്ങുന്ന കോൺഗ്രസ് അംഗങ്ങൾ അവിടങ്ങളിൽ പോയി ബി.ജെ.പിയുടെയും പ്രഫുൽ പട്ടേലിന്റെയും വികസനങ്ങളെ വാനോളം പുകഴ്ത്തുകയും അവിടത്തെ പത്രങ്ങളിൽ അത് അച്ചടിച്ചു വരികയും ചെയ്തു. കോൺഗ്രസും ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടിയ ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയിലാണ് ഈ സന്ദർശനം എന്നത് ഓർക്കണം.
പ്രഫുൽ പട്ടേലിനെതിരെ പ്രത്യക്ഷ സമരമോ പ്രതിഷേധമോ നടത്താത്തവരാണ് ലക്ഷദ്വീപിലെ കോൺഗ്രസുകാർ. ലക്ഷദ്വീപിലെ ജനങ്ങൾക്ക് അവകാശപ്പെട്ട പണ്ടാര ഭൂമി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉടമസ്ഥതയിൽ ഉള്ളതാണെന്ന പ്രഫുൽ പട്ടേലിന്റെ വാദങ്ങളെ അംഗീകരിച്ചു കൊടുക്കുന്ന നിലപാടാണ് ഹംദുല്ലാ സഈദ് സ്വീകരിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ മുന്നണി പോരാളിയായി താൻ ഉണ്ടാകുമെന്ന് വീണ്ടും ഉറക്കെ പ്രഖ്യാപിക്കുകയാണ് മുഹമ്മദ് ഫൈസൽ. അതേസമയം ലക്ഷദ്വീപിലെ കോൺഗ്രസുകാർ വരാനിരിക്കുന്ന സുപ്രീംകോടതിവിധി ഫൈസലിന് പ്രതികൂലമായാൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പും പ്രതീക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.