മലയാള സിനിമയുടെ ചരിത്രം തിരുത്തിയ പേരാണ് നഞ്ചിയമ്മ. സച്ചി സംവിധാനംചെയ്ത പൃഥ്വിരാജ്-ബിജുമേനോൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അയ്യപ്പനും കോശിയും' എന്ന സിനിമയുടെ ടൈറ്റിൽ സോങ്ങാണ് ആ ചരിത്രം തിരുത്തിയത്. അട്ടപ്പാടി ഇരുള സമുദായത്തിെൻറ നക്കുപതി പിരിവ് ഉൗരിലെ 62കാരി നഞ്ചിയമ്മ രചിച്ച പാട്ട്, അത് പാടി അഭിനയിച്ചതും അവർ. ''കെലക്കാത്ത സന്ദനമരം വെഗാ വെഗാ പൂത്തിറിക്ക്...'' എന്ന് പാടി തുടങ്ങുേമ്പാൾ ലിപിപോലുമില്ലാത്ത അവരുടെ വാമൊഴി ഭാഷയിലാണ് ആ പാട്ടിെൻറ വരികൾ മുഴുവനും. ''എെൻറ ചെറുപ്പത്തിൽ ഇവിടെ സ്കൂളില്ലായിരുന്നു, ഉണ്ടായിരുന്നെങ്കിൽ ഞാനിപ്പോൾ ആരായേനെ'' എന്ന് തമാശ കലർത്തി ചോദിക്കുന്നുണ്ട് ഇന്ന് നഞ്ചിയമ്മ. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതതാളത്തിലുണ്ടായ പുതുമകളുടെയും മറവികളുടെയും ചരിത്രംകൂടിയാണ്. പാട്ടിനെ പറ്റി, കാടില്ലാതാകുന്ന ആദിവാസി ജീവിതത്തിലെ മാറ്റങ്ങളെ പറ്റിയൊക്കെ നഞ്ചിയമ്മ സംസാരിക്കുന്നു.
* * * *
പാട്ടും ആട്ടവും ഞങ്ങളുടെ ജീവിതത്തിെൻറ ഭാഗമായിരുന്നു. ആ പാട്ടുകളുടെ താളമാണ് ഞങ്ങളുടെ ഉൗരിന്, ആ താളവും ഇൗണവും ഇവിടത്തെ കുട്ടികളിൽ മാത്രമല്ല, ഞങ്ങളുടെ ചുറ്റുമുള്ള എല്ലാത്തിനുമുണ്ട്.
ഊരിലെ എല്ലാവരുമൊന്നിച്ച് കൃഷിപ്പണിയിലേര്പ്പെടുന്ന ഉത്സവമായ കമ്പളത്തിനും കൊയ്ത്തിനും വിവാഹവും മരണത്തിനും അടിയന്തരത്തിനും ഞങ്ങൾ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു. പൊറേ, ദവിൽ, കൊകൽ, ജാൾട്ര തുടങ്ങിയ ആദിവാസി സംഗീതവാദ്യോപകരണങ്ങളുടെ സംഗീതത്തോടെയായിരുന്നു അതൊക്കെ അന്ന് നടന്നിരുന്നത്.
കുഞ്ഞായിരുന്നപ്പോൾ തൊട്ട് കേൾക്കുന്നത് പാട്ടുകളാണ്. ആ പാട്ടുകളാണ് എന്നെ പാട്ടുകളിലേക്ക് എത്തിച്ചത്. പണ്ട് പണ്ട് മുതലേ ഞങ്ങളുടെ ഉൗരിലും ഗോത്രത്തിലും പാട്ടുകൾ ഉണ്ട്, അതിങ്ങനെ പാടിപ്പാടിയാണ് ഒാരോ തലമുറയിലേക്കും എത്തുന്നത്. അവ പാടിയാണ് ഞാനും പാട്ടിെൻറ ലോകത്തെത്തുന്നത്. അതല്ലാതെ ഞാൻതന്നെ ഉണ്ടാക്കിയ പാട്ടുകളുമുണ്ട്. അതൊക്കെയാണ് ഞാൻ ഒാരോ സ്റ്റേജിലും പാടുന്നത്. എന്നാലും പഴയ പാട്ടുകൾതന്നെയാണ് ഞാൻ കൂടുതലും പാടുന്നത്. ഉൗരിെൻറ പാട്ടുകൾ എത്രയെന്നതിന് കണക്കൊന്നുമുണ്ടാകില്ല. എങ്ങും ആരും എഴുതിയൊന്നും വെച്ചിട്ടില്ല. പാടി പാടി തന്നെയാണ് പുതിയ തലമുറയിലേക്ക് പാട്ട് എത്തുന്നത്. ഇപ്പോഴുള്ള യുവ തലമുറയുടെ പുതിയ പാട്ടുകളും പാടുന്നുണ്ട്.
ഞാനുണ്ടാക്കിയ പാട്ടുകൾ അതങ്ങ് സംഭവിച്ചുപോകുന്നതാണ്. അതിൽ എെൻറ ജീവിതവും കാഴ്ചയും അനുഭവങ്ങളുമാണുള്ളത്. ആരേലും പാടാൻ പറയുേമ്പാൾ ഞാനങ്ങ് പാടും. ചിലപ്പോൾ പഴയ പാട്ടായിരിക്കും, അല്ലെങ്കിൽ അപ്പോൾ മനസ്സിൽ വരുന്ന വരികൾ വെച്ച് ഞാനുണ്ടാക്കിയ പാട്ടുകളായിരിക്കും. 'അയ്യപ്പനും കോശിയിലും' പാടിയത് ഞാൻ സ്വന്തമായി ഉണ്ടാക്കിയ പാട്ടാണ്. ഒരു പേപ്പർ വെച്ചിേട്ടാ, അല്ലെങ്കിൽ എവിടെനിന്നെങ്കിലും കേട്ടിേട്ടാ അല്ല പാടുന്നത്. ഞാൻ പാടുന്ന പാട്ടുകൾ എെൻറ സ്വന്തം മനഃസാക്ഷി പാട്ടുകളാണ്. മൈക്ക് കൈയിൽ കിട്ടിയാൽ എെൻറ പാട്ടങ്ങ് വരും. ഞാൻ പാടും, അവരൊക്കെ കളിക്കും. കാട്ടിലും മേട്ടിലുമെല്ലാം ആട്ടിൻപറ്റങ്ങളുമായി പോകുേമ്പാഴോ അല്ലെങ്കിൽ ജോലി ചെയ്യുമ്പോേഴാ മനസ്സിൽ നിറയുന്ന വരികൾക്ക് ഇൗണമിട്ട് പാടും. ഞാൻ കാട്ടിലാണല്ലോ അതുകൊണ്ട് തന്നെ മരത്തെ പറ്റിയും പൂവിനെ പറ്റിയും കാടുകളെ പറ്റിയും, കുടുംബത്തെ പറ്റിയുമൊക്കെയാണ് പാടുന്നത്. ആ പാെട്ടാന്നും എങ്ങും എഴുതിയിട്ടില്ല, സ്റ്റേജിൽ കയറി അങ്ങ് പാടും. കളിക്കുേമ്പാൾ ഞാൻ നടുക്ക് നിക്കും, ബാക്കിയുള്ളവർ ചുറ്റും നിന്നും കളിക്കും. ഇൗ പാട്ടുകളുമായി 14 ജില്ലകളും ചുറ്റിയിട്ടാണ് ഞാനിവിടെ വന്നിരിക്കുന്നത്. അട്ടപ്പാടിയാണ് എെൻറ ഉൗര്. അട്ടപ്പാടിയിലാണ് ഞാൻ താമസിക്കുന്നത്. അതുകൊണ്ട് എവിടെ പോയാലും ഞാൻ ഇവിടെതന്നെ തിരികെ വരും. ഒരു പരിപാടിക്ക് വിളിച്ചാൽ ഞങ്ങൾ 25 പേര് ഒരുമിച്ചാണ് പോകുന്നത്. ഇരുള സമുദായത്തിെൻറ പല ഉൗരിൽനിന്നുള്ളവരടങ്ങിയവരാണ് അതിലുണ്ടാവുക. ഇരുള നൃത്തം, പാട്ട് എല്ലാമുണ്ടാകും. ഞാൻ കളിക്കാൻ നിൽക്കില്ല, എന്നെ ചുറ്റിനിന്നാണ് അവർ കളിക്കുക.
പണ്ട് മുതലുള്ള പാട്ടുകൾ നിരവധിയുണ്ട്. ഏത് ചടങ്ങും അവസാനിക്കുേമ്പാൾ ഉള്ള പാട്ടുകൾ ഉണ്ട്. മരണാനന്തര ചടങ്ങിലാണ് പാട്ടുകൾ കൂടുതലും ഉപയോഗിക്കുന്നത്. മരിച്ചയാളുടെ മൃതദേഹത്തിന് ചുറ്റും കളിക്കും. പിന്നെ അടിയന്തരങ്ങളിലും ഉപയോഗിക്കും. ഒരു മരണം സംഭവിച്ചാൽ നാലഞ്ച് ദിവസത്തോളം നടക്കുന്ന ചടങ്ങാണ് ഉണ്ടായിരുന്നത്.
എന്നെ ഇപ്പോൾ കുറേ പേർ അറിയുന്ന പാട്ടുകാരിയാക്കിയതിന് പിന്നിൽ ചലച്ചിത്രനടനും കലാസാംസ്കാരിക പ്രവർത്തകനുമായ പഴനി സ്വാമിയാണ്. അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള ആസാദ് കലാസമിതിയിലൂടെയാണ് അട്ടപ്പാടിക്ക് പുറത്തേക്കും കേരളത്തിന് പുറത്തേക്കും പാടാനായത്. അതുവഴി തന്നെ റാസി മുഹമ്മദ് സംവിധാനം ചെയ്ത 'വെളുത്ത രാത്രികൾ' എന്ന സംസ്ഥാന അവാർഡ് നേടിയ ചിത്രത്തിൽ അഞ്ചുപാട്ടുകൾ പാടിയിട്ടുണ്ട്. പാലക്കാട് ജില്ല പഞ്ചായത്തും അഗളി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളും ചേർന്നു നിർമിച്ച് സിന്ധു സാജൻ സംവിധാനം ചെയ്ത 'അഗ്ഗെദ് നായാഗ' എന്ന ഹ്രസ്വചിത്രത്തിലും പാടി അഭിനയിച്ചിട്ടുണ്ട്.
* * * *
നാലതിരുകൾക്കുള്ളിലെ ലോകത്തെ പറ്റി കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാൻ വേണ്ടിയാണ് ആ പാട്ടുണ്ടാക്കിയത്. കാട് കയറി പാട്ട് പാടിയും മരങ്ങളെയും പൂക്കളെയും കാണിച്ച് കൊടുത്തും അവയുടെ കഥകൾ പറഞ്ഞ് കൊടുത്തുമാണ് കുട്ടിക്ക് ചോറ് കൊടുത്തിരുന്നത്. അങ്ങനെ കഥകൾ പറയുന്നതിനടിയിൽ അവർക്കായി ഉണ്ടാക്കിയ പാട്ടാണ് പലതും.
നിങ്ങൾക്ക് റോഡും വണ്ടികളും വീടുകളുമൊക്കെയുണ്ട്, കരയുന്ന കുട്ടിക്ക് കാണിച്ച് കൊടുക്കാനും ഭക്ഷണം കൊടുക്കാനും ചിരിപ്പിക്കാനും. ഞങ്ങൾക്ക് അമ്പിളിയമ്മാവനും, ഇൗ കാടും മരവും പൂവുമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ കാണുന്ന, എെൻറ കുഞ്ഞിന് കാണാൻ പറ്റുന്ന ഞങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങളെ പറ്റിയേ എനിക്ക് എെൻറ കുഞ്ഞിനോട് പറഞ്ഞ് കൊടുക്കാനറിയുള്ളൂ. അങ്ങനെ കഥ പറഞ്ഞ് കൊടുക്കുേമ്പാഴായിരിക്കും അവനൊരു ഉരുള ചോറുണ്ണുന്നത്. അവൻ ചിരിക്കുന്നതും, ഉറങ്ങുന്നതും. അതുകൊണ്ടാണ് എെൻറ പാട്ടിൽ അവർ വിഷയമാകാൻ കാരണം.
കുടുംബം എന്നത് വലിയ കാര്യമല്ലേ. കുറെ കാലം കുട്ടിയില്ലാതെ ഇരിക്കുന്ന ഒരാൾക്ക് ഒരു കുഞ്ഞ് ജനിക്കുേമ്പാൾ ഉണ്ടാകുന്ന സന്തോഷം വലുതാണിവിടെ. ആടും മാടും മേച്ചാണ് ആ കുഞ്ഞിനെ വളർത്തി വലുതാക്കുന്നത്. ഒരു ഘട്ടം കഴിയുേമ്പാൾ അത് ഞങ്ങളെ പിരിഞ്ഞ് പോകുേമ്പാൾ അനുഭവിക്കുന്ന വേദന എങ്ങനെയാണ് പറയുക.
അതൊക്കെയാണ് എെൻറ പാട്ടുകൾ. ആടിനെയും മാടിനെയും മേച്ചും പറമ്പിൽ വിളയിറക്കാനും പോയാണ് കുടുംബങ്ങൾ സന്തോഷത്തോടെ ജീവിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, പറമ്പിൽ കാര്യമായ പണിയില്ല. പണിയെടുത്താൽ കാര്യമായതൊന്നും കിട്ടുന്നില്ല. ഞാൻ വളർന്ന് വന്ന എല്ലാ സാഹചര്യവും മാറി. അങ്ങനെ പലതരത്തിലുള്ള സങ്കടങ്ങൾ ഉണ്ട്. വലിയ സങ്കടമാണ് ഉള്ളത്. കൂടുതൽ പാട്ടും സങ്കടപ്പാട്ടുകളാണ്. സന്തോഷ പാട്ട് വന്നാൽ, ആ പാട്ടും വെച്ച് പത്താളുകൾക്കൊപ്പം പാടി കളിക്കും. കളിക്കാനും പാടാനും പോകുേമ്പാൾ സന്തോഷം തന്നെയാണ്. കുട്ടികളൊന്നും അടുത്തില്ലാതെ തനിച്ചായി പോകുന്ന നേരങ്ങളിലാണ് ആ സങ്കട പാട്ടുകൾ ഉണ്ടാകുന്നത്.
അതെല്ലാം എെൻറ മനഃസാക്ഷി പാട്ടുകളാണ്, ഞാൻ ഒരുപാടിടത്ത് പാടിയിട്ടുണ്ട്. പേക്ഷ ആ പാട്ടുകൾ ആരൊക്കെയോ റെക്കോഡ് ചെയ്ത് പാടിയിട്ട് അവരുടെ പാട്ടാണെന്ന് പറഞ്ഞ് ഇൻറർനെറ്റിലിട്ടു. ഞാൻ ആരുടെയും പാട്ടുകൾ എടുക്കാറില്ല, പിന്നെ അവരെന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്. ഇൗയടുത്ത് വയനാട്ടിലുള്ള ചിലരും അതുപോലെ ചെയ്തു. സങ്കടമാണ്. ആ പാട്ട് മൊത്തം എെൻറ പാട്ടാണ്. ഇൗ അട്ടപ്പാടിയുടെ പാട്ടുകളാണ് അത്. അതിന് അട്ടപ്പാടിയുടെ ഇൗണമാണ്. എന്നാൽ ഇൗ പാെട്ടാന്നും എഴുതി സൂക്ഷിക്കാനുള്ള എഴുത്തും വായനയൊന്നും എനിക്കില്ല. ആര് കേട്ടാണ്ട് പോയാലും ഞങ്ങളുടെ (ഇരുള വിഭാഗത്തിെൻറ) ഈണങ്ങൾ മലയാളത്തിനും തമിഴിനുമൊന്നും അതേ സൗന്ദര്യത്തോടെെയാന്നും പാടിത്തീർക്കാനാകില്ല. അതുകൊണ്ട് എെൻറ പാട്ടിെൻറ സൗന്ദര്യമില്ലാതാക്കാൻ ആരും ശ്രമിക്കരുതെന്നാണ് പറയാനുള്ളത്.
* * * *
ഭർത്താവ് നഞ്ചപ്പൻ. മരിച്ചിട്ട് അഞ്ചാറ് വർഷമായി. മോൻ ഏഴാം ക്ലാസിൽ പഠിക്കുേമ്പാഴാണ് അദ്ദേഹം മരിക്കുന്നത്. ഞാൻ പഠിച്ചിേട്ടയില്ല. ഞാൻ ജനിക്കുേമ്പാൾ സ്കൂളേ ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഞാൻ പഠിച്ചിട്ടുണ്ടാകില്ലേ. പക്ഷേ എെൻറ രണ്ട് കുട്ടികളുടെ കാലമായപ്പോ സ്കൂളൊക്കെയായി, അതുകൊണ്ട് രണ്ട് പേരെയും പഠിക്കാൻ വിട്ടു. എനിക്ക് പഠിക്കാൻ പറ്റിയില്ല, അതുകൊണ്ട് ഞാനിങ്ങനെയായി. രണ്ട് കുട്ടികളാണ് എനിക്ക്. രണ്ട് പേരെയും പഠിപ്പിച്ചു. മകൻ, ശ്യാം കുമാർ അവനിപ്പോൾ ഒരു മൊൈബൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ ഇതാ മൂന്ന് മാസമായിേട്ടയുള്ളു ജോലി കിട്ടിയിട്ട്. മകൾ, ശാലിനി അവൾ പത്താം ക്ലാസ് വരെ പഠിച്ചു. ഇപ്പോൾ അവളെ കെട്ടിച്ചു വിട്ടു. തമിഴ്നാട്ടിലെ എെൻറ സ്വന്തം നാട്ടിലായ ആലങ്കണ്ടി പുതൂരിലേക്കാണ് കെട്ടിക്കൊടുത്തത്. ആട് മാട് മേച്ചും തൊഴിലുറപ്പിനൊക്കെ പോയുമാണ് പഠിപ്പിച്ചത്. ആട്ടം പാട്ടിനൊക്കെ പോകുന്നത്കൊണ്ടുണ്ടാക്കിയ കാശ് കൊണ്ടാണ് അവരെ ഇവിടെവരെയെത്തിച്ചത്.
ഇതിനുമുമ്പ് ഒരു ചിന്ന വീടായിരുന്നു. പുല്ല് മേഞ്ഞ വീടായിരുന്നു. കുടുംബ സ്വത്തായിട്ട് കിട്ടിയതാണ് ഇൗ പറമ്പ്. പത്ത് പേർക്ക് വീട് വെക്കാൻ മാമൻ കൊടുത്തതാണ് ആറേക്കർ അറുപത് സെൻറ്. അവിടെ തന്നെയാണ് ഞങ്ങളും അങ്ങ് വീട് വെച്ചത്. ഇപ്പോൾ മുപ്പതിലേറെ വീടുകൾ ഉണ്ട്.
ഇപ്പോഴത്തെ കാലമാണ് ഇഷ്ടം
പണ്ടത്തെ ആദിവാസികളല്ല, ഇപ്പോഴത്തേത്. അന്ന് അവർക്ക് ആദിവാസികളല്ലാത്തവരെ ഭയമായിരുന്നു, വിധേയത്വവുമായിരുന്നു. പുറത്ത് നിന്ന് ഒരാൾ വന്നാൽ ആദിവാസി പെണ്ണുങ്ങൾ കുടിയുടെ പുറത്ത് പോലും ഇറങ്ങില്ലായിരുന്നു. ഒരുതരം പേടിയായിരുന്നു ഞങ്ങൾക്ക് എല്ലാവരെയും, എല്ലാത്തിനോടും. ഞങ്ങളുടെ അപ്പനപ്പൂപ്പന്മാർക്ക് ഒന്നും തെരിയാലേ. എന്താണ് നടക്കുന്നതെന്നോ, എന്താണ് ചെയ്യേണ്ടതെന്നോ ഒന്നും അറിയില്ലായിരുന്നു. അവർ അന്ന് നാട്ടിലുള്ള ആൾക്കാരെ ദൈവത്തെപോലെയായിരുന്നു കണ്ടിരുന്നത്. സാമിയെന്നോ പണ്ണാടിയെന്നൊക്കെേയാ ആണ് വിളിച്ചിരുന്നത്. ഒരാൾ വന്ന് ജോലിക്ക് വിളിച്ചാൽ ഒപ്പമങ്ങ് പോവുകയായിരുന്നു. തരുന്ന കൂലി വാങ്ങി തിരികെ പോരും അതായിരുന്നു. ഇപ്പോൾ അങ്ങനെയല്ല, ഒരാൾ വന്നാൽ പെണ്ണുങ്ങൾപോലും നേരെനിന്ന് അവരോട് സംസാരിക്കും. നീ ആരാണ്, എന്തിനാണ് വന്നത്, എന്ത് ജോലിക്കാണ് വിളിക്കുന്നത്, എവിടേക്കാണ് എന്നതൊക്കെ ചോദിക്കും. എത്ര കൂലിയാണ് എന്ന് വരെ ഉറപ്പിക്കും. അതും ധൈര്യത്തോടെ തന്നെയാണ് ചോദിക്കുക. പണ്ടത്തെ കാലത്ത് ഞങ്ങൾക്കിവിടെ ഒരു വിലയും ഇല്ലായിരുന്നു. ഭാഷയുടെ പ്രശ്നം ഉണ്ടായിരുന്നു. അവർ പറയുന്നത് എന്താണെന്ന് ഞങ്ങൾക്കോ, ഞങ്ങൾ പറയുന്നത് എന്താണെന്ന് അവർക്കോ അറിയില്ലായിരുന്നു. ഇപ്പോ ഞങ്ങളിലെ എല്ലാവർക്കും കഴിവുണ്ട്. ധൈര്യേത്താടെ എന്തും ചോദിക്കാനുള്ള കഴിവും അറിവും ഉണ്ട്. അഹാഡ്സ് വന്നതോടെയുണ്ടായ മാറ്റങ്ങളാണിത്. അതിന് ശേഷം നമ്മുടെ വസ്ത്രം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ എല്ലാം മാറ്റമുണ്ടായിട്ടുണ്ട്. പണ്ട് കാലത്ത് വസ്ത്രങ്ങളൊന്നും അങ്ങനെയില്ലല്ലോ, ഒരൊറ്റ തുണികൊണ്ട് മാറുൾെപ്പടെ മറയ്ക്കുക മാത്രമാണുണ്ടായിരുന്നത്. പഠിത്തവും ജോലിയുമൊക്കെയുള്ളവർ വന്നതോടെ, ഞങ്ങൾക്ക് പൊതുസമൂഹവുമായി കൂടുതൽ ഇടപെടേണ്ടി വന്നു. സർക്കാർ ആപ്പീസുകളിൽ പോകേണ്ടി വന്നു. ആ ഒരു ഇടപാടുകൾ ഞങ്ങൾക്കിടയിലുണ്ടായത് തന്നെയാണ് ഞങ്ങളുടെ ജീവിതം മാറ്റിയത്.
സർക്കാർ ആപ്പീസുകളിൽ പോകുേമ്പാ അവിടുത്തെ സാറന്മാർ പറയും ഇങ്ങനെയുള്ള വസ്ത്രമല്ല ധരിക്കേണ്ടത്, സാരിയും ബ്ലൗസുമൊക്കെയാണെന്ന് പറഞ്ഞ് തരും, മുടി അന്ന് ഞങ്ങൾ കെട്ടിയിരുന്ന രീതിയിൽനിന്ന് നാട്ടിലുള്ളവർ കെട്ടുന്നത് പോലെ ആയതും അങ്ങനെയാണ്. പുതിയ ഡ്രസ്സൊക്കെ ഞങ്ങൾക്ക് അന്നവർ വാങ്ങിത്തന്നിരുന്നു. ഇപ്പോൾ ഞങ്ങൾ പഴയതുപോലെ വസ്ത്രം ധരിക്കുന്നത് ആട്ടം കളിക്കാൻ വേണ്ടി മാത്രമൊക്കെയാണ്. അല്ലാത്തപ്പോൾ സാധാരണക്കാർ കെട്ടുന്ന രീതിയിൽതന്നെയാണ് കെട്ടുന്നത്. ഇപ്പോൾ ആദിവാസിയുടെ വേഷം ആട്ടം കളിക്കുേമ്പാഴും ചടങ്ങുകളുടെ നേരത്തൊക്കെ മാത്രേമള്ളൂ... ഇപ്പോൾ ആദിവാസിയെന്ന് പറഞ്ഞാൽ മലയാളത്തുകാരാണ്. അതായത് നാട്ടിലുള്ളവരെപോലെയാണെന്ന്. നിങ്ങളുടെ ആണുങ്ങളൊക്കെ വന്ന് ഞങ്ങളുടെ പെണ്ണുങ്ങളെ കെട്ടുന്നുണ്ട്. നിങ്ങളുടെ പെണ്ണുങ്ങളെ ഞങ്ങളുടെ ആണുങ്ങളും കല്യാണം കഴിക്കുന്നുണ്ട്. അപ്പോൾ പിന്നെയെന്തിന് ആദിവാസി എന്ന് വിളിക്കണം. നിങ്ങൾക്കൊപ്പം സ്കൂളിൽ പഠിക്കുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണം തന്നെ കഴിക്കുന്നു, ജോലി ചെയ്യുന്നു, കഴിവുകളിൽപോലും നിങ്ങൾക്കൊപ്പമാണ്. അത്രത്തോളം മാറിക്കഴിഞ്ഞു ആദിവാസി സമൂഹം. അവർ പഠിക്കാൻ പോകുന്നു, അവർക്കിഷ്ടപ്പെട്ടവരെ കല്യാണം കഴിക്കുന്നു. അതുകൊണ്ട് ഞങ്ങളിപ്പോ മലയാളത്തുകാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.