ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിലെ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ കേരളത്തിന് ലഭിച്ചത് അഞ്ചാം സ്ഥാനം. കിട്ടിയത് മൂന്നു സ്വർണം, ആറു വെള്ളി, രണ്ടു വെങ്കലം. തുടരെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയൊരു ടീമിന്റെ തകർച്ചയാണു കണ്ടത്. അതേസമയം, മൊത്തം മെഡൽ പട്ടികയിൽ കേരളം ആറാമതായിരുന്നു. കിട്ടിയത് 23 സ്വർണം. നീന്തലിൽ സാജൻ പ്രകാശിന്റെ മികവിൽ അഞ്ചു സ്വർണമുൾപ്പെടെ ഒമ്പതു മെഡൽ. എട്ടിലും സാജന്റെ ൈകയൊപ്പ്. 100 മീറ്റർ ബ്രസ്റ്റ് സ്േട്രാക്കിൽ അനൂപ് അഗസ്റ്റിനു വെള്ളി കിട്ടി. ഗെയിംസ് ഇനങ്ങളിൽ ഭേദപ്പെട്ട പ്രകടനം. വോളിബാളിൽ ഇരട്ട സ്വർണം. പക്ഷേ, ഈ ആകർഷക ഇനങ്ങൾക്കപ്പുറം കേരളം നേടിയ ഏതാനും തങ്കപ്പതക്കങ്ങളുടെ തിളക്കം കുറച്ചു കാണരുത്.
കനൂയിങ്, കയാക്കിങ്, റോവിങ് എന്നീ തുഴച്ചിൽ ഇനങ്ങളിലും ആർച്ചറി, ഫെൻസിങ്, ജൂഡോ ജിംനാസ്റ്റിക്സ് എന്നിവയിലും കേരളം മികച്ച പ്രകടനമാണു കാഴ്ചവെച്ചത്. തുഴച്ചിൽ ഇനങ്ങളിൽ കേരളത്തിനു വലിയൊരു ചരിത്രമുണ്ട്. അതിന്റെ തുടർച്ചയായി കാണാം. പക്ഷേ, ആർച്ചറിയിലും ഫെൻസിങ്ങിലും ജിംനാസ്റ്റിക്സിലും കേരളത്തിന്റെ പ്രകടനം വരാൻ പോകുന്നതിന്റെ സൂചനയായിവേണം കാണാൻ. ദേശീയ ഗെയിംസിന് അപ്പുറം രാജ്യാന്തര വിജയങ്ങളിലേക്കുള്ള ഒരു ചുവടുവെപ്പാണിത്.
അൽപം പിന്നോട്ടുപോകാം. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ ചകോറിത് ഗ്രാമത്തിലെ പിന്നാക്ക ജാതിയായ മീനാ ഗോത്രവർഗക്കാർ അന്നു നാലരലക്ഷത്തോളമുണ്ടായിരുന്നു. വെള്ളവും വൈദ്യുതിയുമില്ലാത്തൊരു കാട്ടുപ്രദേശം. അവർക്ക് അമ്പെയ്ത്ത് ജീവിതമാർഗമായിരുന്നു. ഒരുദിവസം ഗ്രാമമുഖ്യൻ മുബാറാ ഹുസൈൻ ഈ ഗോത്രത്തിലെ ഏതാനും ചെറുപ്പക്കാരെ വിളിച്ചുവരുത്തി അമ്പെയ്ത്തു മത്സരത്തിൽ പങ്കെടുക്കാൻ നിർദേശിച്ചു. ട്രയൽസിനെത്തിയ 15 പേരിൽനിന്ന് ശ്യാംലാൽ, ധുൽചന്ദ് ധാമർ, ലിംബാറാം എന്നിവരെ ഡൽഹിക്കു കൊണ്ടുപോയി. ഇവർ ഏതോ കുറ്റം ചെയ്തതിനു പിടിച്ചുകൊണ്ടുപോയതാണെന്നു നാട്ടുകാർ ഭയപ്പെട്ടു.
ഡൽഹി 'സായ്' സെന്ററിൽ എത്തിയപ്പോഴാണ് അമ്പെയ്ത്ത് ഒരു കായിക ഇനമാണെന്ന് ഇവർ അറിയുന്നത്. ലിംബാറാം ലോക റെക്കോഡിനൊപ്പമെത്തി; ഒളിമ്പ്യനായി; ഇന്ത്യയെ ഏഷ്യാ കപ്പ് ചാമ്പ്യൻമാരാക്കി. മേൽവസ്ത്രം ധരിക്കാത്ത നാട്ടുകാർക്കിടയിൽ ജീൻസും ടീഷർട്ടും അണിഞ്ഞെത്തുന്ന ലിംബയും കൂട്ടുകാരും താരങ്ങളായി. അവരുടെ വളർച്ചെക്കാപ്പം നാടും വളർന്നു. ലിംബാറാം സഹായിച്ചാണ് നാട്ടിൽ ആദ്യമായി കിണർ കുഴിച്ചത്. ഇന്ന് ഇന്ത്യ അമ്പെയ്ത്തിൽ ലോകം ശ്രദ്ധിക്കുന്ന ശക്തിയാണ്.
ഓരോ നാടിനും ഓരോ പ്രത്യേകതയുണ്ട്. നാട്ടുകാരിലും ആ പ്രത്യേകത കാണും. പ്രകൃതിക്കും കാലാവസ്ഥക്കും ചുറ്റുപാടുകൾക്കുമൊക്കെ അനുസൃതമായി ചില കഴിവുകൾ അന്നാടുകളിലെ മനുഷ്യരിൽ കാണും. നൈസർഗികമായ ഈ കഴിവുകൾ വളർത്തിയെടുത്താൽ നമുക്ക് ചില കായികതാരങ്ങളെ ലഭിക്കും. അവർ രാജ്യാന്തരതലത്തിൽ ഇന്ത്യക്കു മെഡലുകൾ നേടിത്തരും. ആത്യന്തിക ലക്ഷ്യം ഒളിമ്പിക് മെഡൽ തന്നെ.
ഒളിമ്പിക്സിലും മറ്റും ചില രാജ്യക്കാർ ചില ഇനങ്ങളിൽ അനിതരസാധാരണമായ പ്രതിഭ തെളിയിക്കാറുണ്ട്. പക്ഷേ, നാം ഒരിക്കലും അത്തരത്തിൽ ചിന്തിച്ചിരുന്നില്ല. എന്നാൽ, രാജീവ് ഗാന്ധി പ്രധാനമന്ത്രിയും മാർഗരറ്റ് ആൽവ കേന്ദ്ര സ്പോർട്സ് മന്ത്രിയുമായിരുന്ന കാലത്ത്, 1980കളുടെ മധ്യേ, അസം കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനും ഹൈദരാബാദ് സ്വദേശിയുമായ ബി.വി.പി. റാവു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി എത്തി. അദ്ദേഹത്തിന്റെ ചിന്ത മേൽപറഞ്ഞ വിധത്തിലായിരുന്നു. ആ ചിന്തയിൽ സ്പെഷൽ ഏരിയ ഗെയിംസ് എന്ന പദ്ധതി ഉരുത്തിരിഞ്ഞു. ഇന്ത്യൻ കായികവേദിയിൽ വിപ്ലവം സൃഷ്ടിച്ച പദ്ധതി.
ബി.വി.പി. റാവു ആസൂത്രണംചെയ്ത സ്പെഷൽ ഏരിയ ഗെയിംസ് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴയിൽ വാട്ടർ സ്പോർട്സിനും (കനൂയിങ്, കയാക്കിങ്, റോവിങ്) തലശ്ശേരിയിൽ ജിംനാസ്റ്റിക്സിനും ഫെൻസിങ്ങിനും വയനാട്ടിൽ ആർച്ചറിക്കും സായ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയത്. ആലപ്പുഴക്കു പുറമെ അന്തമാൻസിലെ പോർട്ട്ബ്ലെയറിലാണ് വാട്ടർ സ്പോർട്സ് കേന്ദ്രം തുടങ്ങിയതെന്നു കാണുമ്പോൾ 'സായ്' പദ്ധതി എത്ര ലക്ഷ്യബോധമുള്ളതായിരുന്നെന്നു വ്യക്തം. മാത്രമല്ല, ആർച്ചറിക്കു പുറമെ, ഗുസ്തി, ബോക്സിങ് ഇനങ്ങളിലും ഇന്ത്യ ഇന്നു കായികലോകത്ത് അറിയപ്പെടുന്ന എതിരാളികളായി വളർന്നതും ഈ പദ്ധതിയുടെ തുടർച്ചയാണ്.
വയനാട്ടിൽ ആർച്ചറിയിൽ (അമ്പെയ്ത്ത്) പരിശീലന കേന്ദ്രം പക്ഷേ, താൽക്കാലികമായിരുന്നു. ഇന്നത് ഇല്ല. നമ്മുടെ മുൻമന്ത്രി പി.കെ. ജയലക്ഷ്മി സംസ്ഥാനതലത്തിൽ വെള്ളിമെഡൽ നേടിയ ആർച്ചറി താരമാണ്. ബാക്കി കേന്ദ്രങ്ങളെല്ലാം നല്ലനിലയിൽ പ്രവർത്തിക്കുന്നു. അവിടങ്ങളിലെ താരങ്ങളുടെ പ്രകടനമാണ് ഇക്കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിന്റെ അഭിമാനം കാത്തത്.
ദേശീയ ചാമ്പ്യൻഷിപ്പിൽ 1991 മുതൽ തുഴച്ചിൽ ഇനങ്ങളിൽ തിളങ്ങുന്ന കേരളം ദേശീയ ഗെയിംസിൽ 1994ലാണ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. '94ലെ പുണെ ദേശീയ ഗെയിംസിൽ രണ്ടു സ്വർണവും എട്ടു വെള്ളിയും മൂന്നു വെങ്കലവുമായിട്ടായിരുന്നു തുടക്കം. '97ൽ ബംഗളൂരുവിൽ ഏഴു സ്വർണവും '99ൽ മണിപ്പൂരിൽ 16 സ്വർണവും കേരളം തുഴച്ചിലിൽ സ്വന്തമാക്കി.
1987 സെപ്റ്റംബറിലാണ് 18 ആൺകുട്ടികളുമായി ആലപ്പുഴയിൽ ജല കായിക കേന്ദ്രം തുടങ്ങിയത്. പെൺകുട്ടികൾ പിന്നീടാണ് പരിശീലനം തുടങ്ങിയത്. പക്ഷേ, ദേശീയ ഗെയിംസിൽ കേരളത്തിനുവേണ്ടി ഏറ്റവും അധികം മെഡൽ നേടിയത് കയാക്കിങ് താരം കെ. മിനിമോളാണ്. കുട്ടനാടിന്റെ തുഴച്ചിൽ പാരമ്പര്യവുമായി 1990ലാണ് കെ. മിനിമോൾ ആലപ്പുഴ ജല കായിക പരിശീലന കേന്ദ്രത്തിൽ ചേർന്നത്. ആലപ്പുഴ മുട്ടാർ ഏഴരയിൽ കുട്ടപ്പന്റെ പുത്രിക്കു ബാല്യത്തിൽ അച്ഛനെ നഷ്ടപ്പെട്ടു. പ്രാരബ്ധങ്ങൾ പഠിത്തത്തെ ബാധിച്ചു. പക്ഷേ, മിനിയിൽ ഒരു തുഴച്ചിൽ താരമുണ്ടായിരുന്നു. നൈസർഗികമായ ആ കഴിവ് 'സായ്' വളർത്തിയെടുത്തു. രാജ്യാന്തര താരമായി മാറിയ മിനി ദേശീയ ഗെയിംസിൽ കേരളത്തിനുവേണ്ടി നേടിയത് 32 സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമാണ്.
പുണെയിൽ, 1994ൽ രണ്ടു സ്വർണവുമായി തുടങ്ങിയ മിനി '97ൽ അഞ്ചു സ്വർണം കരസ്ഥമാക്കി. '99ലും 2001ലും പങ്കെടുത്ത ആറ് ഇനങ്ങളിലും തങ്കപ്പതക്കം നേടി. ജോലി കിട്ടിയിട്ടും അമ്മയായിട്ടും മത്സരരംഗത്തു തുടർന്ന കുട്ടനാടൻ വനിത ഏറ്റവും ഒടുവിൽ, 2015ൽ ഒരു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടി. മിനി ഇപ്പോൾ കൃഷിവകുപ്പിൽ, ആലപ്പുഴ കിടങ്ങറിയിൽ ജോലിചെയ്യുന്നു.
ആലപ്പുഴ ചമ്പക്കുളം ചങ്ങലംപറമ്പിൽ ചുമ്മാർ ദേവസ്യയുടെ പുത്രി ജെസിമോൾക്ക് ദേശീയ ഗെയിംസിൽ ലഭിച്ചത് 21 സ്വർണം. ഡ്രാഗൻ ബോട്ട് റേസിന്റെ സെലക്ഷൻ ഇടയ്ക്കു വന്നുപെട്ടതിനാൽ 2015ൽ മത്സരിക്കാനായില്ല, ഇന്ത്യൻ താരമായിരുന്ന ജെസിമോൾ ഇപ്പോൾ ആലപ്പുഴ രാമങ്കരിയിൽ വിദ്യാഭ്യാസവകുപ്പിൽ ജോലിചെയ്യുന്നു.
ഇതൊരു മിനിമോളുടെയോ ജെസിമോളുടെയോ മാത്രം കഥയല്ല. കുട്ടനാടിന്റെ മാത്രം കഥയുമല്ല. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽനിന്നും ആലപ്പുഴയിൽ എത്തി തുഴച്ചിൽ താരങ്ങളായവർ ഒട്ടേറെ. തീർത്തും ഗ്രാമീണരായ, ധനികരൊന്നുമല്ലാത്ത പലരും വളർന്നു വലുതായി. അതിനൊപ്പം അവരുടെ കുടുംബങ്ങളും രക്ഷപ്പെട്ടു. ഓട്ടത്തിലും ചാട്ടത്തിലും പന്തുകളികളിലും മാത്രമല്ല, മറ്റ് എത്രയോ കായിക ഇനങ്ങളിൽ പ്രതിഭ തെളിയിക്കാൻ കഴിയുന്നവർ നമ്മുടെ ഗ്രാമങ്ങളിലുണ്ട്. ആ നാടിന്റെ ചുറ്റുപാടുകൾക്കും ചരിത്രത്തിനും പ്രകൃതിക്കുമൊപ്പമുള്ള കായികവാസന അവരിൽ അന്തർലീനമാണ്. അതു കണ്ടെത്തി വികസിപ്പിക്കുകയാണ് സ്പെഷൽ ഏരിയ ഗെയിംസ് ലക്ഷ്യമിട്ടതും സാധ്യമാക്കിയതും.
ദേശീയ ഗെയിംസിൽ ഇത്തവണ കേരളത്തിലെ 'സായ്' പരിശീലന കേന്ദ്രങ്ങളിൽനിന്ന് 83 താരങ്ങൾ മത്സരിച്ചു. 37 മെഡൽ അവർ നേടി. ഇതിൽ അത്ലറ്റുകളും ഫുട്ബാൾ, വോളിബാൾ, സൈക്ലിങ്, വെയ്റ്റ്ലിഫ്റ്റിങ് താരങ്ങളുമുണ്ട്. പക്ഷേ, പ്രത്യേകം ശ്രദ്ധയാകർഷിച്ചത് റോവിങ്, കനൂയിങ്, കയാക്കിങ്, ഫെൻസിങ്, ജിംനാസ്റ്റിക്സ് തുടങ്ങിയ ഇനങ്ങളിലെ മെഡൽ നേട്ടമാണ്.
ആർച്ചറിയിൽ വനിത ഫൈനലിൽ മേഘ കൃഷ്ണ, എ.വി. ഐശ്വര്യ, ആർച്ച രാജൻ, കെ.ജെ. ജെസ്ന എന്നിവരടങ്ങിയ കേരള ടീം മണിപ്പൂരിനെ തോൽപിച്ചു (5–3). ജിംനാസ്റ്റിക്സിൽ പുരുഷന്മാരുടെ പൊമ്മൽ ഹോഴ്സിൽ ജെ.എസ്. ഹരികൃഷ്ണൻ നേടിയ വെള്ളി ശ്രദ്ധേയം. ഫെൻസിങ്ങിൽ സ്വർണം നേടിയ രാധിക പ്രകാശ്, ആവതി മഹാരാഷ്ട്രക്കാരിയെങ്കിലും തലശ്ശേരി 'സായ്'യുടെ താരമാണ്. വെങ്കലം നേടിയ ജോൽസ്ന ക്രിസ്റ്റി ജോസ് സെമിയിൽ തോറ്റത് ഇന്ത്യയുടെ ഏക ഫെൻസിങ് ഒളിമ്പ്യൻ ഭവാനി ദേവിയോടാണ്. ഭവാനി താരമായതും തലശ്ശേരിയിൽനിന്ന്, ടീം ഇനത്തിൽ ഫോയിൽ വിഭാഗത്തിൽ രാധികക്കൊപ്പം കനകലക്ഷ്മിയും എസ്.ജി. ആർച്ചയും ചേർന്ന് വെള്ളി നേടി. എപ്പീ വിഭാഗത്തിൽ എം.എസ്. ഗ്രീഷ്മക്ക് വെങ്കലം കിട്ടി.
റോവിങ്ങിൽ രണ്ടു സ്വർണവും ഒരു വെള്ളിയും കയാക്കിങ്ങിലും കനൂയിങ്ങിലും രണ്ടു സ്വർണം വീതവും 'സായ്' താരങ്ങൾ കരസ്ഥമാക്കി. ഇതിൽ കനൂയിങ്ങിൽ ഇരട്ട സ്വർണം നേടിയ മേഘ പ്രദീപ്, കയാക്കിങ്ങിൽ ഇരട്ടസ്വർണം നേടിയ ജി. പാർവതി, റോവിങ്ങിൽ രണ്ടു സ്വർണം കരസ്ഥമാക്കിയ കെ.ബി. വർഷ, വി.എസ്. മീനാക്ഷി, കനൂയിങ്ങിൽ ഒരു സ്വർണം നേടിയ അക്ഷയ സുനിൽ എന്നിവർ തനി കുട്ടനാട്ടുകാരും.
ആലപ്പുഴ കേന്ദ്രത്തിൽനിന്നു പങ്കെടുത്ത 31 പേരിൽ പന്ത്രണ്ടുപേരും തലശ്ശേരി കേന്ദ്രത്തിലെ 14 പേരിൽ നാലുപേരും മെഡൽ നേടിയതായാണ് 'സായ്'യുടെ കണക്ക്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് ഇപ്പോൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലായി കേരളത്തിൽ ആറു പരിശീലന കേന്ദ്രങ്ങളുണ്ട്.
''ആലപ്പുഴ ജല കായിക പരിശീലന കേന്ദ്രം ഏഷ്യയിൽതന്നെ ഏറ്റവും മികച്ചതാണ്. 50 കോടി രൂപയാണ് ആധുനിക സൗകര്യങ്ങൾക്കായി 'സായ്' മുടക്കിയിരിക്കുന്നത്'', 'സായ്' റീജനൽ ഡയറക്ടറും എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലുമായ ഡോ. ജി. കിഷോർ പറഞ്ഞു. തലശ്ശേരിയിൽ കളരിപ്പയറ്റ് അഭ്യസിച്ച പലരും ഫെൻസിങ് പരിശീലനത്തിനു വരുന്നുണ്ട്. തിരുവനന്തപുരത്ത് സൈക്ലിങ്ങിൽ പുതിയൊരു താരനിര വളരുന്നു. ജിംനാസ്റ്റിക്സിലും കൂടുതൽ താരങ്ങൾ എത്തുന്നു. എല്ലാം നല്ല സൂചനകളാണ്. ഡോ. കിഷോർ സംതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ, കേരളത്തിന്റെ താരങ്ങൾ സായ് കേന്ദ്രങ്ങളുടെ സാധ്യതകൾ ഇനിയും പൂർണമായി ഉൾക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാന പരിശീലന കേന്ദ്രം (എസ്.ടി.സി), ദേശീയ പരിശീലന കേന്ദ്രങ്ങൾ –എക്സലൻസ് (എൻ.സി.ഒ.ഇ) പിന്നെ എലീറ്റും ടോപ്പും (ടാർജറ്റ് ഒളിമ്പിക് പോഡിയം) കൂടുതൽ ഉയരങ്ങളിലെത്താൻ സാധ്യതകൾ ഏറെയാണ്.
നീരജ് ചോപ്ര ടോക്യോ ഒളിമ്പിക്സിൽ ജാവലിനിൽ സ്വർണം നേടിയത് അത്ലറ്റുകൾക്ക് പുത്തൻ പ്രതീക്ഷ നൽകുന്നെങ്കിലും ഗുസ്തി, ഭാരോദ്വഹനം, ബോക്സിങ് ഇനങ്ങൾക്കു പുറമെ റോവിങ്, ഫെൻസിങ്, ജിംനാസ്റ്റിക്സ്, ആർച്ചറി തുടങ്ങിയ ഇനങ്ങളിൽ ഭാവി ശോഭനമാണ്. ദീർഘകാല പദ്ധതിയിലൂടെ ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇനിയും മുന്നേറാം. 'സ്പെഷൽ ഏരിയ ഗെയിംസിൽ' കൂടുതൽ ശ്രദ്ധവേണം.
കേരളത്തിൽ ആദിവാസി ഗോത്രവിഭാഗങ്ങളിൽപെട്ട കുറിച്യരുടെ രക്തത്തിൽ ഉള്ളതാണ് അസ്ത്രവിദ്യ. തലയ്ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ കുറിച്യപ്പോരാളികളായിരുന്നു പഴശ്ശിരാജാവിന്റെ സൈന്യത്തിന്റെ ശകതി. കാലക്രമത്തിൽ കുറിച്യർക്ക് അമ്പെയ്ത്ത് പാരമ്പര്യ കലയായി. ഇത് കണക്കിലെടുത്താണ് ബിഹാറിലെയും രാജസ്ഥാനിലെയും ആദിവാസിമേഖലകൾക്കൊപ്പം വയനാടും പരിശീലന കേന്ദ്രമാക്കാൻ സായ് 1980കളിൽ തീരുമാനിച്ചത്. എന്നാൽ, അത് ഏതാനും ക്യാമ്പുകളിൽ ഒതുങ്ങി. ഇനിയും സാധ്യതകൾ ബാക്കിയാണ്. സംസ്ഥാന സർക്കാർ വയനാട്ടിൽ ആർച്ചറി അക്കാദമി തുടങ്ങിയത് യാഥാർഥ്യം. പക്ഷേ, സായ് അക്കാദമി എപ്പോഴും വേറൊരു തലത്തിലായിരിക്കും.
ഇക്വസ്ട്രിയൻ (അശ്വാഭ്യാസം) താരം കൂടിയായിരുന്ന ബി.വി.പി. റാവുവിന്റെ അഭിപ്രായത്തിൽ ആർച്ചറിക്കു കേരളത്തിന് വലിയ സാധ്യതകളാണുള്ളത്. ശരിയായ പഠനങ്ങൾക്കുശേഷമാണ് രാജസ്ഥാനിലെ ഉദയ്പൂർ ജില്ലക്കൊപ്പം കേരളത്തിലെ വയനാടും തിരഞ്ഞെടുത്തതെന്ന് റാവു പറഞ്ഞു.
താൻ 'സായ്'യിൽ ചുമതലവഹിച്ചിരുന്ന 1985–89 കാലത്ത് തുടക്കമിട്ട സ്പെഷൽ ഏരിയ ഗെയിംസ് പദ്ധതിയെ സായ് അവരുടെ െട്രയ്നിങ് സെന്ററുകളുമായി ചേർക്കുന്നതിനെ എതിർത്ത് 2020 മാർച്ചിൽ ബി.വി.പി. റാവു സായ് ഗവേണിങ് ബോഡിയിൽനിന്നു രാജിവെച്ചത് വലിയ വാർത്തയായിരുന്നു. 'സാഗ്' വേറിട്ടു നിൽക്കണമെന്നായിരുന്നു റാവുവിന്റെ പക്ഷം. എങ്കിലേ അതിലൂടെ ലക്ഷ്യമിട്ട പ്രവർത്തനം സാധ്യമാകൂവെന്ന് റാവു ഇപ്പോഴും വിശ്വസിക്കുന്നു. അതവിടെ നിൽക്കട്ടെ. വയനാട്ടിൽ 'സായ്' ആർച്ചറി പരിശീലന കേന്ദ്രം സ്ഥിരമായി തുടങ്ങണമെന്നതാണ് നമ്മുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.