നാടക ചരിത്രം നിലമ്പൂർ അയിഷ എന്ന നടിയുടെ ജീവിതം കൂടിയാണ്. യാഥാസ്ഥിതിക പിൻവലിക്കലുകളെ നിഷ്കരുണം തള്ളി ശാരീരികവും മാനസികവുമായ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് അവർ സൃഷ്ടിച്ചെടുത്ത ചരിത്രം കൂടിയാണ് നാടകത്തിന് പറയാനുള്ളത്. സമൂഹത്തിെൻറ കെട്ടുപാടുകളെ മുറിച്ചുനീക്കിയൊഴുകിയ ആയിഷക്ക് പക്ഷേ, കൂടെയുള്ളവരുടെ അസഹിഷ്ണുതകളെ താണ്ടാനായില്ല. നിലമ്പൂർ അയിഷ ജീവിതംപറയുന്നു. ചരിത്രവും. മാധ്യമം ‘മുദ്ര’ പ്രസിദ്ധീകരിച്ചത്
ആദ്യഭാഗം വായിക്കാൻ - വധശ്രമം, കല്ലേറ്, ഭ്രഷ്ട്, 13ാം വയസ്സിലെ ആദ്യ വിവാഹം: നിലമ്പൂർ ആയിഷ ജീവിതം പറയുന്നു
ഡോ. ഉസ്മാന് ചില കുടുംബ പ്രശ്നങ്ങൾ കാരണം നാടകത്തിൽനിന്നും വിട്ടുനിൽക്കേണ്ടിവന്നു. അദ്ദേഹത്തിെൻറ പിന്മാറ്റം സമിതിയെ ഉലച്ചു. നാടകം ഇല്ലാതായതോടെ ഒന്നും ചെയ്യാനില്ല എന്ന അവസ്ഥയായി. ആകെ ശൂന്യത. ഒന്നര വർഷത്തോളം വെറുതെയിരുന്നു. സി.എൽ. ജോസിെൻറ നാടകങ്ങളിൽ അഭിനയിച്ചത് ഇക്കാലത്താണ്. പല അമേച്വർ നാടകങ്ങളുടെയും ഭാഗമായി. പിന്നീട് നിലമ്പൂർ ബാലനും ഇ.കെ. അയ്മുവും ഞാനും ചേർന്ന് ‘നിലമ്പൂർ ആർട്സ് ക്ലബ്’ എന്ന പേരിൽ മറ്റൊരു ട്രൂപ്പ് ആരംഭിച്ചു. ഇ.കെ. അയ്മു മതിലുകൾ എന്ന നാടകം എഴുതി. ലക്ഷ്മി അമ്മയെന്ന കഥാപാത്രമായിരുന്നു എേൻറത്. ഒരുവിധം വിജയംനേടി വരുന്നതിനിടെ ഇ.കെ. അയ്മുവിെൻറ പെെട്ടന്നുള്ള മരണത്തോടെ നിലമ്പൂർ ആർട്സ് ക്ലബും തകർന്നു. നിലമ്പൂർ ബാലന് ‘കളിത്തറ’ എന്ന പേരിൽ നാടകം പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാനും അതിനെ േപ്രാത്സാഹിപ്പിച്ചു. പക്ഷേ നടന്നില്ല. അദ്ദേഹം കോഴിക്കോട് കളിത്തറ എന്ന പേരിൽ ട്രൂപ്പ് തുടങ്ങി. ഭാര്യയെയും മക്കളും തന്നെ അഭിനേതാക്കളായി. ‘ജ്ജ് ഒരു മന്സനാവാൻ നോക്ക്’ എന്ന നാടകം പലയിടത്തും കളിച്ചു. പക്ഷേ വലിയ വിജയം കണ്ടില്ല. എെൻറ ജ്യേഷ്ഠൻ മാനു മുഹമ്മദും സ്വന്തമായി നാടകമെഴുതി നിലമ്പൂരിലും സമീപപ്രദേശങ്ങളിലുമൊക്കെ അവതരിപ്പിച്ചു. അക്ഷയപാത്രം, ധൂമകേതു, സ്നേഹബന്ധം തുടങ്ങിയ നാടകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിെൻറ ‘ൻറുപ്പൂപ്പാക്കൊരാേനണ്ടാർന്നു’ എന്ന നാടകത്തിൽ ഞാൻ അഭിനയിച്ചിരുന്നു. കോഴിക്കോട് ആ നാടകം കളിച്ചപ്പോൾ ബഷീർ നാടകം കാണാനെത്തിയിരുന്നു. നാടകം കഴിഞ്ഞപ്പോൾ അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.
ഇതിനിടക്ക് ചില റേഡിയോ നാടകങ്ങളിലും അഭിനയിച്ചിരുന്നു. തിക്കോടിയനെയും കെ.എ. കൊടുങ്ങല്ലൂരിനെയുമൊക്കെ പരിചയമായി. എൻ.പി. മുഹമ്മദിെൻറ എണ്ണപ്പാടം എന്ന കൃതിയുടെ നാടകാവിഷ്കാരത്തിെൻറ ഭാഗമായിരുന്നു. എന്നാൽ വെറുതെ നിന്ന് ശബ്ദംകൊണ്ട് മാത്രമുള്ള അഭിനയം എനിക്ക് പൂർണ സംതൃപ്തി നൽകിയില്ല. കൂടുതൽ പണം ലഭിക്കും എന്നതായിരുന്നു റേഡിയോ നാടകങ്ങളുടെ ഗുണം.
കെ.ടി എന്ന ഗുരു
1970കളിലാണ് കെ.ടി. മുഹമ്മദിെൻറ സംഗമം തിയറ്റേഴ്സിൽ എത്തുന്നത്. അദ്ദേഹം എനിക്ക് ഗുരുവും സഹോദരനുമായി. സംഭാഷണം എങ്ങനെ പറയണമെന്നതടക്കം ഓരോന്നും കെ.ടി വ്യക്തമാക്കിതരും. നാടകത്തിെൻറ പാഠശാലയായിരുന്നു എനിക്ക് കെ.ടി. ‘സൃഷ്ടി’, ‘സ്ഥിതി’, ‘നാൽക്കവല’, ‘അസ്തിവാരം’, ‘മേഘസന്ദേശം’ തുടങ്ങിയ നാടകങ്ങളുടെ ഭാഗമായി. നാൽക്കവലയിലും അസ്തിവാരത്തിലും കവലപ്പാറു എന്ന വേശ്യയുടെ വേഷമായിരുന്നു. ആദ്യമായി നാടകത്തിന് പ്രതിഫലം കിട്ടിയത് കെ.ടിയുടെ കൈയിൽനിന്നാണ്^ 30 രൂപ.
1961ൽ കെ.ടി. മുഹമ്മദ് തിരക്കഥയെഴുതി ടി.ആർ. സുന്ദരം സംവിധാനംചെയ്ത ‘കണ്ടംബെച്ച കോട്ട്’ എന്ന സിനിമയിലാണ് ഞാൻ ആദ്യമായി മലയാളത്തിൽ മുഖംകാണിക്കുന്നത്. മലയാളത്തിലെ ആദ്യ കളർചിത്രം. സിനിമയിൽ അഭിനയിക്കുന്ന ആദ്യ മുസ്ലിം സ്ത്രീയും ഞാനായിരുന്നു. വീട്ടിൽ വലിയ പ്രശ്നങ്ങൾ നടക്കുമ്പോൾ എരിതീയിലേക്ക് എണ്ണപകരുന്ന തരത്തിലുള്ള ബീത്താത്ത എന്ന കഥാപാത്രമായിരുന്നു എേൻറത്. ‘കുട്ടിക്കുപ്പായം’, ‘സുബൈദ’, ‘കുപ്പിവള’, ‘കാത്തിരുന്ന നിക്കാഹ്’ തുടങ്ങിയ സിനിമകളുടെ ഭാഗമായി പിന്നീട്. സത്യത്തിൽ ഞാൻ ആദ്യമായി സിനിമക്കുവേണ്ടി അഭിനയിച്ചത് ഒരു ഇംഗ്ലീഷ് ചിത്രത്തിലാണ്. ‘ദ എലഫൻറ് ക്വീൻ’. ഹെലനും ആസാദുമൊക്കെയായിരുന്നു അതിെൻറ ഭാഗമായിരുന്നത്. പിന്നീടാണ് ‘കണ്ടംബെച്ച കോട്ടി’ൽ അഭിനയിക്കുന്നത്.
മൂന്നുവർഷത്തോളം കെ.ടിയുടെ നാടകങ്ങളിൽ സജീവമായി. ജ്യേഷ്ഠത്തിയുടെ മകൾ സീനത്തിനെയും (സീരിയൽ , സിനിമ താരം) ശോഭ എന്ന പെൺകുട്ടിയെയും ഞാൻ നാടകത്തിലെത്തിച്ചു. നല്ല തിരക്കുള്ള സമയം. ദിവസവും രണ്ടും മൂന്നും കളികൾ. അങ്ങനെയിരിക്കെ ഒരുദിവസം തിരക്കുകൾക്കിടയിൽ നിന്ന് അലക്കി കുളിക്കാൻ വീട്ടിലേക്കുപോയി. തിരിച്ച് റിഹേഴ്സലിന് എത്താനുള്ള ധൃതിയിലാണ് ഞങ്ങൾ. അപ്പോൾ കെ.ടി. സെയ്ദിെൻറ ഒരു കത്ത് വന്നു. ‘ഇതുവരെ സഹകരിച്ചതിന് നന്ദി. ഇനി നിങ്ങളുടെ സഹകരണം ആവശ്യമില്ല’ എന്നായിരുന്നു അതിലെ ഉള്ളടക്കം. ഞങ്ങളെ മൂന്നുപേരെയും ഒരുമിച്ച് നാടകത്തിൽനിന്ന് പുറത്താക്കി. പിന്നീട് സീനത്ത് കെ.ടിയെ വിവാഹം കഴിക്കുകയും അവർക്ക് മകനുണ്ടാവുകയും ഒക്കെ ചെയ്തു. ചില തെറ്റിദ്ധാരണയുടെ പേരിലാണ് ഞങ്ങളെ നാടകത്തിൽനിന്ന് പുറത്താക്കിയത്. കെ.ടിയുടെ ട്രൂപ്പിന് സ്ത്രീകളെ കിട്ടാനില്ലാതിരുന്ന കാലത്താണ് ഞങ്ങൾ സഹകരിച്ചിരുന്നത്. പെെട്ടന്ന് ഒരുദിവസം ആവശ്യമില്ലെന്ന് വന്നപ്പോൾ ഞാൻ നാടകത്തെതന്നെ വെറുത്തു. നാടകംകൊണ്ട് എന്തുണ്ടാക്കി എന്നായി ചിന്ത. എെൻറ കുട്ടികൾക്ക് നല്ല ഭക്ഷണമോ വസ്ത്രമോ കിട്ടിയിട്ടില്ല. ഒരു ചായ കിട്ടിയിരുന്നെങ്കിൽ എന്ന് മോഹിച്ച് പാർട്ടി ഓഫിസിന് മുന്നിൽ മണിക്കൂറുകൾ ഇരുന്ന ദിവസമുണ്ട്. 16ാം വയസ്സ് മുതൽ നാടകത്തിലൂടെ ലോകം നന്നാക്കാൻ ഇറങ്ങിയ ഞാൻ ഒന്നുമായില്ല. അങ്ങനെ നാടകം തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ജീവിക്കാൻ മറ്റ് വഴികൾ തേടിയപ്പോൾ ഒരു സുഹൃത്തുവഴി ഗൾഫിൽ പോവാൻ അവസരമൊരുങ്ങി.
പ്രവാസകാലം
മകളുടെ മകളെ വളർത്തണമെന്ന ആഗ്രഹത്തോടെയാണ് ഞാൻ റിയാദിലേക്ക് പോവാൻ തീരുമാനിച്ചത്. ആദ്യം ഇവിടെ നിന്ന് ബോംബെയിലേക്ക് പോയി. അവിടെ ഒരു മുറിയിൽ താമസമാണ്. നേരെ ഭക്ഷണമോ വെള്ളമോയില്ല. ഉടുക്കാൻ രണ്ട് സാരി മാത്രമാണ് ഉള്ളത്. പുഷിങ് നടക്കാതെ മാസങ്ങൾ ബോംബെയിൽ നിൽക്കേണ്ടിവന്നു. ഭക്ഷണം കഴിക്കാനില്ലാതെ ഉണങ്ങി ചുക്കിച്ച് പേക്കോലമായി. ഒരുദിവസം ചില രേഖകൾ ശരിയാക്കാൻ ഏജൻറ് എന്നോട് ഡൽഹിയിലേക്ക് പോവാൻ ആവശ്യപ്പെട്ടു. മറ്റ് മൂന്നുപേരുടെ പണംകൂടി കിഴികെട്ടി എെൻറ കൈയിൽ ഏൽപിച്ചു. പണം നൽകേണ്ട സ്ഥലത്തെ വിലാസവും ഏൽപിച്ചു. അങ്ങനെ ബോംബെയിൽനിന്ന് ഡൽഹിയിലേക്ക് യാത്ര ആരംഭിച്ചു. ഞാൻ കയറിയ കമ്പാർട്ട്മെൻറിൽ നാല് പേരുണ്ട്. പുതപ്പിനുള്ളിൽ മൂടി പുതച്ച് കിടക്കുകയാണ് അവർ. ആണാണോ പെണ്ണാണോ എന്നൊന്നും അറിയില്ല. പേടിച്ചരണ്ട് ഞാൻ ഇരുന്നു. മധുര വഴി കടന്നുപോവുമ്പോൾ ചമ്പൽക്കാടുകളിൽനിന്ന് ഒരു കൊള്ള സംഘം തോക്കും മാരക ആയുധങ്ങളുമായി കമ്പാർട്ട്മെൻറിൽ കയറിപ്പറ്റി. ഉള്ളിൽ കിടുകിടാ വിറക്കുന്നുണ്ട്. പക്ഷേ, പണം സാരിക്കുള്ളിൽ ഒളിപ്പിച്ചുവെച്ച് ആകെ മൂടി അവിടെ കിടക്കുന്നവരുടെ പുതപ്പിനുള്ളിലേക്ക് കാൽ കയറ്റിവെച്ച് ഞാൻ ഇരുന്നു. മെലിഞ്ഞ് പേക്കോലമായ എെൻറ കൈയിൽ പണമുണ്ടെന്ന് അവർ ഉൗഹിച്ച് കാണില്ല. നാല് സ്റ്റേഷനുകൾ കഴിഞ്ഞപ്പോൾ കൊള്ള സംഘം ഇറങ്ങിപ്പോയി. ശ്വാസം നേരെവീണു.
ഡൽഹിയിൽ െട്രയിൻ ഇറങ്ങി വിലാസവും കൈയിൽ പിടിച്ച് ഒരു തൂണും ചാരിനിന്നു. കൊടും തണുപ്പ്. എങ്ങോട്ട് പോവണമെന്ന് അറിയില്ല. തണുത്തുവിറച്ച് മണിക്കൂറുകൾ അങ്ങനെ നിന്നു. ദൂരെനിന്നും ഒരാൾ വരുന്നതുകണ്ടു. അയാളെ അടുത്തെത്തി മലയാളിയല്ലേ എന്ന് ചോദിച്ചു. കുറച്ച് സമാധാനം തോന്നി. അയാൾ കാര്യങ്ങൾ ചോദിച്ചു. എെൻറ കൈയിലുള്ള വിലാസവും വാങ്ങി അയാൾ നടന്നുനീങ്ങി. അപ്പോൾ കൂടുതൽ പേടിതുടങ്ങി. ആകെ പിടിവള്ളിയായി കൈയിലുണ്ടിയിരുന്ന വിലാസം കൂടി നഷ്ടപ്പെട്ടു. പക്ഷേ, എന്നോട് വിലാസവും വാങ്ങി നടന്ന ആ നല്ല മനുഷ്യൻ ഡൽഹിയിലെ ഏജൻറിനെ കണ്ടെത്തി എെൻറ അടുത്തെത്തി. അയാളെ കണ്ടപ്പോഴേക്കും ഞാൻ ആകെ തളർന്നിരുന്നു. എത്രനേരമായി ഇവിടെ നിങ്ങൾക്കുവേണ്ടി നിൽക്കുന്നുവെന്ന് ഞാൻ അയാളോട് ചോദിച്ചു. ഇതിനിടക്ക് പലതവണ അയാൾ അവിടെ തിരഞ്ഞിരുന്നെങ്കിലും എന്നെ പോലെ കണ്ടിരുന്നില്ലെന്ന് അയാൾപറഞ്ഞു. പണം അയാളെ ഏൽപിച്ചു. അവർ ഭക്ഷണം വാങ്ങിത്തന്നു. താമസിക്കാൻ ഒരു റൂം തന്നു. രണ്ടുദിവസം അവിടെ സ്വസ്ഥമായി നിന്നു. പിന്നീട് ബോംബെയിലേക്ക് തന്നെ മടങ്ങി. ഇതിനിടക്ക് വീട്ടിൽ ഒരു വിവരം അറിയിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അതിെൻറ പിരിമുറുക്കം കലശലായിരുന്നു. എന്നാൽ, മടങ്ങിപ്പോവില്ലെന്ന് ഞാൻ ശപഥംചെയ്തിരുന്നു. നാട്ടിൽ ചെന്നാൽ നാടകമല്ലാതെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഒരുവിധം പുഷിങ് നടന്ന് 1982ൽ റിയാദിലെത്തി. എെൻറ കൂടെ ഗദ്ദാമയായി ഒരു ഗുജറാത്തി പെൺകുട്ടി കൂടിയുണ്ടായിരുന്നു. അവൾക്ക് അൽപസ്വൽപം ഹിന്ദിയും ഇംഗ്ലീഷും അറബിയുമറിയാം. എനിക്ക് ആകെ അറിയാവുന്നത് മലയാളവും തമിഴും. ആകെ വേവലാതികൾ. പക്ഷേ മൂന്നുമാസം കൊണ്ട് ഭാഷ പഠിക്കുമെന്ന് ഞാൻ ശപഥംചെയ്തു. കാണാൻ സുന്ദരിയും ഭാഷ വശമുള്ളവളുമായതിനാൽ ഗുജറാത്തി പെൺകുട്ടിക്കായിരുന്നു ഞങ്ങൾനിന്ന വീട്ടിൽ പ്രാധാന്യം കൂടുതൽ. ആദ്യ മൂന്നുമാസം പ്രയാസമുണ്ടായി. ഞാൻ കഠിനമായി അവഗണിക്കപ്പെട്ടു. പക്ഷേ, അവൾ ഓരോ വാക്ക് പറയുമ്പോഴും ഞാൻ അത് മലയാളത്തിലെഴുതിവെച്ച് ഹിന്ദിയും ഇംഗ്ലീഷും അറബികും ഒരുവിധം വശത്താക്കി. മൂന്നുമാസം കൊണ്ട് ആ വീട്ടിൽ ഞാൻ കുടുംബാംഗത്തെ പോലെയായി. അവിടത്തെ മുതിർന്ന ഉമ്മയെ പരിചരിക്കലായിരുന്നു എെൻറ ജോലി. ഉമ്മക്കെെന്ന വലിയ പ്രിയമായിരുന്നു. ആശുപത്രിയിൽ പോവുമ്പോൾ ഞങ്ങൾ ഒരുമിച്ചായിരുന്നു പോയിരുന്നത്. പലപ്പോഴും ഡോക്ടർമാരായോ ആശുപത്രി ജീവനക്കാരായോ മലയാളികളുണ്ടാകും. അല്ലെങ്കിൽ തമിഴിലോ അറബിയിലോ ഇംഗ്ലീഷിലോ സംസാരിച്ച് ഞാൻ രോഗവിവരങ്ങൾ അറിയും. രോഗത്തെ കുറിച്ചുള്ള എെൻറ അറിവ് കണ്ട് ഉമ്മ ഞാൻ ഡോക്ടറാവാൻ വേണ്ടി പഠിച്ചവളാണെന്ന് വിശ്വസിച്ചു. അത് എനിക്ക് ആ വീട്ടിൽ കൂടുതൽ സ്നേഹവും സൗഹൃദവും ലഭിക്കുന്നതിന് കാരണമായി.
മലയാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പിൽ പോവണമെന്ന് ഒരുദിവസം ഞാൻ വീട്ടുകാരോട് ആവശ്യപ്പെട്ടു. അവിടെയുള്ളവരെല്ലാം ചീത്തയാണെന്നും അങ്ങോട്ട് പോവേണ്ടെന്നുമായിരുന്നു മറുപടി. എെൻറ നിർബന്ധം സഹിക്കാതെ ഒരു വണ്ടിയെടുത്ത് പോവാൻ അനുമതി നൽകി. ൈഡ്രവറും ഞാനും വണ്ടിയിൽ പുറപ്പെട്ടു. എന്നാൽ, സംശയം തോന്നിയ വീട്ടിലെ ഒരു അംഗം ഞങ്ങളെ മറ്റൊരു കാറിൽ പിന്തുടർന്നു. മലയാളികൾക്കിടയിൽ എത്തിയപ്പോൾ എന്നെ തിരിച്ചറിഞ്ഞു. ‘ആയിഷത്താ എന്താ ഇവിടെയെന്ന്’ ചോദിച്ച് അവർ ചുറ്റും കൂടി. ഞാൻ ഇവിടെ ഗദ്ദാമയാണെന്ന് പറഞ്ഞപ്പോൾ നിങ്ങൾ വേലക്കാരിയാവേണ്ടവളല്ല, കലാകാരിയാണെന്ന് അവർ ഒരേ സ്വരത്തിൽ പറഞ്ഞു. നാടകമാണ് എനിക്ക് ആ അനുഗ്രഹം തന്നത്. ഞങ്ങളെ പിന്തുടർന്നവരും ഈ കാഴ്ച കാണുന്നുണ്ടായിരുന്നു. മലയാളികളുടെ സ്നേഹം കണ്ടപ്പോൾ ഞാനൊരു സൂപ്പർ സ്റ്റാറാണെന്ന് അവർ തെറ്റിദ്ധരിച്ചു. വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കൂടുതൽ സ്നേഹത്തോടെയും ആരാധനയോടെയും പെരുമാറി. അതും കലാകാരിയായതിെൻറ ബഹുമാനമായിരുന്നു. പിന്നീട് എെൻറ സഹോദരിമാരുടെ മക്കളെയും കുടുംബാംഗങ്ങളെയും ഞാൻ ആ വീട്ടിലെത്തിച്ചു. ആദ്യത്തെ മൂന്നുമാസം ഒഴിച്ചുനിർത്തിയാൽ പ്രവാസം നല്ല ഓർമ മാത്രമാണ് പകർന്നത്. 19 വർഷത്തെ നീണ്ട ഗൾഫ് വാസം കഴിഞ്ഞ് 2001ൽ നാട്ടിൽ തിരിച്ചെത്തി. ഓരോ മാസവും കിട്ടിയതൊക്കെ ഞാൻ വീട്ടിലേക്ക് അയച്ച് കൊടുത്തിരുന്നു. മടങ്ങിയെത്തിയപ്പോൾ കൈയിലുണ്ടായിരുന്നത് 500 റിയാലും 500 രൂപയുടെ നോട്ടും മാത്രം. മനസ്സിൽ വീണ്ടും ശൂന്യത നിറഞ്ഞു. ഒന്നും ചെയ്യാനില്ലാതായി.
നാടകത്തിലേക്ക് വീണ്ടും
2001ലാണ് നാട്ടിൽ തിരിച്ചെത്തുന്നത്. നാട്ടിൽ തിരിച്ചെത്തിയപ്പോൾ നിലമ്പൂരിൽ എനിക്കും കെ.ടി. മുഹമ്മദിനും സ്വീകരണമുണ്ടായിരുന്നു. കെ.ടിയുടെ ‘ഇത് ഭൂമി’യാണ് നാടകത്തിെൻറ അമ്പതാം വാർഷികമായിരുന്നു. ഈ നാടകത്തിൽ അഭിനയിക്കാൻ എന്നെ നിർബന്ധിച്ചു. നിലമ്പൂർ ബാലെൻറ മകൻ സന്തോഷും എെൻറ സഹോദരൻ മാനുപ്പയും കുഞ്ഞാലനുമെല്ലാം നിർബന്ധിച്ചു. അങ്ങനെ ആ നാടകത്തിൽ അഭിനയിച്ചു.നിലമ്പൂർ ബാലെൻറ പേരിലുള്ള പുരസ്കാരവും ലഭിക്കും. നാടകത്തിലേക്ക് മടങ്ങി വരണം എന്ന് അന്നും തീരുമാനിച്ചിരുന്നില്ല. നിർബന്ധത്തിന് വഴങ്ങി ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തിൽ അഭിനയിച്ചുവെന്ന് മാത്രം. എന്നാൽ നാടകത്തിനോട് വെറുപ്പില്ലെങ്കിൽ തെൻറ ട്രൂപ്പിെൻറ ഭാഗമാവണമെന്ന് ഇബ്രാഹിം വെങ്ങര ആവശ്യപ്പെട്ടു. പണ്ട് അഭിനയിച്ചിരുന്നപ്പോൾ വിലക്കിയിരുന്നവർ പലരും നിർബന്ധിക്കാൻ തുടങ്ങി. അതോടെ വീണ്ടും അരങ്ങിലെത്താൻ തീരുമാനിച്ചു. 2002 ആഗസ്റ്റിലാണ് ഇബ്രാഹിം വെങ്ങരയുടെ ‘ഉള്ളത് പറഞ്ഞാൽ’ എന്ന നാടകത്തിൽ ഉമ്മയെന്ന മാനസിക സംഘർഷം അനുഭവിക്കുന്ന കഥാപാത്രമായി നാടക ലോകത്തേക്ക് തിരിച്ചെത്തിയത്. കോഴിക്കോട് ടൗൺഹാളായിരുന്നു വേദി. വലിയ ആവേശത്തോടെയാണ് അന്ന് എല്ലാവരും എന്നെ വരവേറ്റത്. മാധ്യമങ്ങളും തിരിച്ച് വരവിന് വലിയ പ്രാധാന്യംനൽകി. നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. പിന്നീട് ഖാൻകാവിൽ നിലയത്തിെൻറ കരിങ്കുരങ്ങ് എന്ന നാടകത്തിൽ അഭിനയിച്ചു. മൂന്നുതരം കഥാപാത്രമായിരുന്നു ഇതിൽ. ഒരേ കഥാപാത്രത്തിെൻറതന്നെ മൂന്ന് ഘട്ടങ്ങൾ.
മടങ്ങിവരവിന് ശേഷമാണ് നാടകത്തിെൻറ രൂപവും ഭാവവുമാകെ മാറിയത് ഞാൻ അറിയുന്നത്. ഒരു കൂട്ടായ്മയുടെ ഉൽപ്പന്നമായിരുന്ന നാടകം കച്ചവടമായി മാറിയിരുന്നു അപ്പോഴേക്കും. നാടക മുതലാളിമാർ ഉണ്ടായിതുടങ്ങി. കലയിൽ മൂല്യമുണ്ടാവണമെന്നാണ് എെൻറപക്ഷം. വിനോദം മാത്രമല്ല കല, അത് സമൂഹത്തോട് എന്തെങ്കിലും സംവദിക്കണം. ഇന്നത്തെ നാടകങ്ങളിൽ അതൊന്നും കാണാനില്ല. പകരം കുതികാൽവെട്ടും പാരവെപ്പും. ഓരോ നാടകങ്ങളുടെ റിഹേഴ്സലിനായി ചെല്ലുമ്പോൾ എനിക്ക് പ്രാധാന്യം ലഭിക്കുന്നത് സഹനാടകക്കാരെ അസ്വസ്ഥരാക്കി. എല്ലാവരും നാടകം തന്നെ അല്ലേ ചെയ്യുന്നത് എന്നിട്ട് ഇവർക്ക് മാത്രം എന്താ ഇത്ര പ്രാധാന്യം എന്ന തരത്തിലൊക്കെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അതോടെ നാടകം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പിന്നീട് സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്ന കാലത്ത് അക്കാദമിക്ക് വേണ്ടി ഒരു നാടകം കളിച്ചിട്ടുണ്ട്.
മലബാറിൽ നിലമ്പൂർ യുവജന കലാസമിതി സജീവമായിരുന്നപ്പോൾതന്നെ തിരുവിതാംകൂറിൽ കെ.പി.എ.സി വളർച്ചയുടെ പാതയിലായിരുന്നു. കെ.പി.എ.സിക്ക് കിട്ടിയ പ്രാധാന്യം ഞങ്ങൾക്ക് ലഭിച്ചില്ല. പാർട്ടിപോലും കെ.പി.എ.സിയുടെ വളർച്ചക്കാണ് പ്രാധാന്യം നൽകിയത്. അവർ പ്രഫഷനൽ രീതിയിൽ തന്നെയായിരുന്നു ട്രൂപ്പ് നടത്തിയത്. നാടകപ്രവർത്തകർക്ക് നല്ല പ്രതിഫലം കൊടുത്തുപോന്നു. ഞങ്ങൾ തബലയും ഹാർമോണിയവും വേഷവിധാനങ്ങളും തലച്ചുമടെടുത്ത് നടന്നു. ഇങ്ക്വിലാബ് സിന്ദാബാദ് വിളിയോടെ നടന്നാണ് പല സ്ഥലത്തും എത്തിയത്. പക്ഷേ, അതിെൻറ പ്രാധാന്യം ഞങ്ങൾക്ക് ലഭിച്ചില്ല. ഇന്നും കെ.പി.എ.സി എന്ന വിലാസം പലർക്കും അഭിമാനമാണ്. അവിടെ നാടകം കളിക്കുമ്പോൾ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും റിഹേഴ്സൽ ക്യാമ്പിലുണ്ടാകും. അതുകൊണ്ട് അവർക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു. ഇ.എം.എസും കെ.പി.ആർ. ഗോപാലനുമെല്ലാം ഞങ്ങളുടെ ക്യാമ്പിലും എത്തിയിരുന്നു. തിരുവിതാംകൂറുകാർക്ക് മലബാറിെൻറ ഭാഷ മനസ്സിലാവില്ലെന്ന് പറഞ്ഞ് നിരവധി നാടകങ്ങൾ കാൻസൽ ചെയ്യേണ്ടിവന്നിട്ടുണ്ട്. കെ.പി.എ.സിയുടെ നാടകങ്ങൾ കേരളമുടനീളം അറിയപ്പെട്ടു. പുണെ, മദ്രാസ്, കോയമ്പത്തൂർ തുടങ്ങി കേരളത്തിന് പുറത്തും വേദികൾ ലഭിച്ചിട്ടും ഞങ്ങൾ മലബാറിൽ മാത്രം അറിയപ്പെട്ടു. കെ.പി.എ.സിയുടെ നാടക ഗാനങ്ങൾ ഇപ്പോഴും ചുണ്ടുകളിൽ തത്തിക്കളിക്കുന്നു. എന്നാൽ, ഞങ്ങൾ അത്തരത്തിൽ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയി. വിദ്യാസമ്പന്നർ തിരുവിതാംകൂർ ഭാഗത്തേക്ക് കൂടുതലായിരുന്നുവെന്നതും കെ.പി.എ.സിയുടെ പ്രചാരം വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.
ഐക്യകേരള രൂപീകരണം, ഭാഷയുടെയും സംസ്കാരത്തിെൻറയും വളർച്ച എന്നിങ്ങനെ പലതിനുവേണ്ടിയും ഞങ്ങൾ നാടകത്തിലൂടെ മുന്നിട്ടിറങ്ങിയെങ്കിലും കെ.പി.എ.സി മാത്രമാണ് എന്തെങ്കിലും ചെയ്തത് എന്ന തരത്തിലുള്ള പരാമർശങ്ങൾ വേദനിപ്പിക്കാറുണ്ട്. കെ.പി.എ.സിയെ കുറച്ച് കാണുന്നില്ല, എങ്കിൽപോലും.
സിനിമയിൽ വീണ്ടും
മടങ്ങി വരവിനുശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു. ‘പരദേശി’, ‘അമ്മക്കിളിക്കൂട്’, ‘പാലേരി മാണിക്യം’, ‘ഉൗമക്കുയിൽ പാടുമ്പോൾ’, ‘അലിഫ്’ തുടങ്ങി നിരവധി ചിത്രങ്ങൾ. ‘ഉൗമക്കുയിൽ പാടുമ്പോൾ’ എന്ന ചിത്രത്തിന് 2011ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. എസ്.എൽ പുരം സദാനന്ദൻ അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ് എന്നിങ്ങനെ പുരസ്കാരങ്ങൾ ഒരുപാട് വന്നു. 81ാമത്തെ വയസ്സിലും അഭിനയകളരിയിൽതന്നെയാണ്. ആദിൽ നായകനായുന്ന ‘ഹലോ ദുബായ്ക്കാരാ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോൾ.
സ്ത്രീയെന്ന നിലയിൽ ഒരു കുടുംബത്തിെൻറ സുഖം ഞാൻ അനുഭവിച്ചിരുന്നില്ല. എങ്കിലും ജീവിതത്തിലുടനീളം ഏതെങ്കിലും ഒരു കുടുംബത്തിെൻറ ഭാരം എന്നിലുണ്ടായിരുന്നു. വിവാഹത്തോടെ സ്ത്രീകളെ പിന്നോട്ട് വലിക്കുന്നതാണ് സമൂഹത്തിെൻറ പൊതുവായ അവസ്ഥ. ചിലർ സ്വയം പിൻവാങ്ങുകയും ചെയ്യുന്നു. പത്തും പതിമൂന്നും വയസ്സുള്ളപ്പോൾ വിവാഹം കഴിച്ചയക്കുന്നതിനെതിരെയും മൈസൂർ കല്യാണം, അറബി കല്യാണം തുടങ്ങിയ ഏർപ്പാടിനെതിരെയും ഞാൻ പല വേദികളിലും സംസാരിച്ചിട്ടുണ്ട്. 13 വയസ്സ് കളിച്ചും കഥപറഞ്ഞും നടക്കേണ്ട പ്രായമാണ്. വിവാഹത്തിനുള്ളതല്ല. പെൺമക്കളെ വിവാഹിതരാക്കി സുരക്ഷിതരാക്കാം എന്ന ധാരണ തെറ്റാണ്. കുടുംബം എന്ന ചട്ടക്കൂടിൽ ഒതുങ്ങാത്തതുകൊണ്ടാവും എനിക്ക് സ്ത്രീയെന്ന നിലയിൽ ഇത്ര സ്വാതന്ത്ര്യം ലഭിച്ചത്. സ്വതന്ത്രമായി എവിടെയും സഞ്ചരിക്കാം സംസാരിക്കാം. അത് എല്ലാ സ്ത്രീകൾക്കും ലഭിക്കണമെന്നില്ല. എെൻറ അഭിപ്രായത്തിൽ എഴുതാനും പ്രസംഗിക്കാനും നാടകം കളിക്കാനുമൊക്കെ എളുപ്പമാണ്. പക്ഷേ, പ്രവർത്തിയിൽ കൊണ്ടുവരാൻ എളുപ്പമല്ല. വളരെ അടുപ്പമുള്ളവർതന്നെ എഴുതിയതിന് നേർ വിപരീതമായി ജീവിക്കുന്നത് കണ്ടിട്ടുണ്ട്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.