‘India: The Modi Question’.
ബി.ബി.സിയുടെ രണ്ടു എപ്പിസോഡുകളിലായി വന്ന ഡോക്യൂമെന്ററി ബി.ജെ.പിയെയും അത് നയിക്കുന്ന കേന്ദ്രസർക്കാറിനെയും ഇത്രമേൽ പ്രകോപിതരാക്കുന്നതെന്തുകൊണ്ടാണ്?. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കൃത്യമായി ഓർത്തെടുത്തിരുന്ന ഗുജറാത്ത് വംശഹത്യ ഏതാനും ആഴ്ചകൾക്ക് ശേഷം ബി.ജെ.പിക്ക് ഓർക്കാനിഷ്ടമില്ലാത്ത ഒന്നായി മാറിയോ?.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ വംശഹത്യയെ ഓർമിപ്പിക്കാൻ മറന്നിരുന്നില്ല. 2002ൽ അക്രമികളെ പാഠംപഠിപ്പിച്ചെന്നും അതോടെ ഗുജറാത്തിൽ 'ശാശ്വത സമാധാനം' കൈവന്നുവെന്നുമായിരുന്നു അമിത് ഷാ പറഞ്ഞതിന്റെ കാതൽ. ബിൽകീസ് ബാനുവിനെ സമാനതകളില്ലാത്ത ക്രൂരതകൾക്കിരയാക്കിയ നീചരായ പ്രതികൾക്ക് സ്വീകരണമൊരുക്കിയ ബി.ജെ.പി പ്രതികളിലൊരാളായ സി.കെ റൗൾജിക്ക് നിയമസഭയിലേക്ക് ടിക്കറ്റ് നൽകുകയും ചെയ്തു. നരോദ്യപാട്യ കൂട്ടക്കൊല കേസിലെ പ്രതിയായ മനോജ് കുൽക്കർണിയുടെ മകൾ പായൽ കുൽകർണിയെ പാർട്ടികോട്ടയിൽ വലിയ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി വിജയിപ്പിച്ചെടുത്തത്. ഗുജറാത്ത് വംശഹത്യയുടെ ഓർമകളിൽ നിന്നും വർഗീയത ആളിക്കത്തിക്കാനുള്ള വേറെയും ശ്രമങ്ങൾ കാണാം.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കായും ഹിന്ദുത്വ ആൾക്കൂട്ടത്തെ ഉന്മാദരാക്കാനും ഉപയോഗിക്കുന്ന ഗുജറാത്ത് വംശഹത്യയെ ആഗോളതലത്തിൽ മറച്ചുപിടിക്കാൻ ബി.ജെ.പിയും കേന്ദ്രസർക്കാറും എപ്പോഴും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഡോക്യൂമെന്ററി പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിയും കേന്ദ്രസർക്കാറും ചാടിവീണത്.
ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ ഇതുവരെ പുറത്തുവിടാത്ത രഹസ്യരേഖ അടങ്ങുന്നതാണ് പുതിയ ഡോക്യുമെന്ററി. പരിണിത പ്രജ്ഞരായ റിചാർഡ് കുക്സണും മൈക് റാഡ്ഫോഡും നിർമിച്ച ഡോക്യുമെന്ററി ബി.ബി.സി ടുവിലൂടെ ചൊവ്വാഴ്ച 9 മണിക്കാണ് ആദ്യമായി പ്രക്ഷേപണം ചെയ്തത്. ബുധനാഴ്ച പുനസംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ലക്ഷണയുക്തമായ വംശഹത്യയിലേക്ക് സംഘർഷവും കലാപവും മാറ്റിത്തീർത്തതെങ്ങനെയെന്ന അന്വേഷണമാണ് ഡോക്യൂമെന്ററിയുടെ ഇതിവൃത്തം. വംശഹത്യക്കു പിന്നാലെ ബ്രിട്ടീഷ് സർക്കാർ രൂപംനൽകിയ അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ പല ഭാഗങ്ങളും ഈ ചിത്രത്തിലുണ്ട്. ‘ഗുജറാത്തിലെ സംഭവങ്ങളിൽ ഞാൻ ഏറെ അസ്വസ്ഥനായിരുന്നുവെന്നും നമുക്ക് വലിയ ബന്ധമുള്ള രാജ്യമാണ് ഇന്ത്യയെന്നതിനാൽ വിഷയം അതി ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതായി വന്നു’വെന്നും അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്ട്രോ ഡോക്യുമെന്ററിയിൽ പറയുന്നു. ബ്രിട്ടീഷ് അന്വേഷണസംഘം അന്ന് ഗുജറാത്ത് സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പൊലീസിനെ പിറകോട്ടുവലിക്കുന്നതിലും രഹസ്യമായി ഹിന്ദുത്വ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിലും മുഖ്യമന്ത്രി നരേന്ദ്ര മോദി സജീവമായെന്നും ജാക് സ്ട്രോ ഡോക്യൂമെന്ററിയിൽ പറയുന്നുണ്ട്.
എന്നാൽ ഡോക്യുമെന്ററി പ്രൊപഗൻഡയിലധിഷ്ഠിതമാണെന്നും കൊളോണിയൽ മനോഭാവം തുടരുന്നതിന്റെ ഉദാഹരണമാണെന്നുമാണ് ഇന്ത്യ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ച്ചിയുടെ നിലപാട്. ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കുകയില്ലെന്നും വ്യക്തമാക്കി. വംശഹത്യകാലത്തെ സമാധാന ദൂതനായി മോദിയെ അവതരിപ്പിക്കുന്ന ‘പി.എം മോദി’, തികഞ്ഞ പ്രൊപഗൻഡ ഉൽപന്നങ്ങളായ കശ്മീർ ഫയൽസ്, ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നീ ചിത്രങ്ങളെ പാർട്ടിയുടെയും സർക്കാറിന്റെയും ചെലവിൽ പരിപോഷിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് ആശങ്കകളില്ലെങ്കിൽ ഡോക്യുമെന്ററിയെ വസ്തുതപരമായി ഖണ്ഡിച്ചുകൂടേ?.
രണ്ടായിരത്തിലധികം മനുഷ്യജീവനുകളെ ഇല്ലാതാക്കിയ, പതിനായിരങ്ങൾ കുടിയിറക്കപ്പെട്ട, നൂറുകണക്കിന് സ്ത്രീകൾ ബലാത്സംഗംചെയ്യപ്പെട്ട ഒരു വർഗീയാതിക്രമം മാത്രമായി ഗുജറാത്ത് വംശഹത്യയെ വിലയിരുത്താനാവില്ല. അതിനപ്പുറം, ഇന്ത്യയിൽ മുസ്‍ലിംന്യൂനപക്ഷത്തിന്‍റെ ജീവിതംതന്നെ വലിയ ചോദ്യചിഹ്നമായി മാറിയ നിർണായക ചരിത്രസന്ധി എന്നുകൂടി അതിനെ നിരീക്ഷിക്കാവുന്നതാണ്. ബഹുസ്വര, മതേതര ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവിനെ അത്യധികം കളങ്കപ്പെടുത്തിയ ഇരുണ്ട ദിനങ്ങൾ. 2002 ഫെബ്രുവരി 27നായിരുന്നു ഗോധ്രയിൽ സബർമതി എക്സ്പ്രസിന് അക്രമികൾ തീവെച്ചതിനെ തുടർന്ന് അയോധ്യയിൽനിന്നു മടങ്ങുകയായിരുന്ന കർസേവകരടക്കം 59 പേർ ദാരുണമായി കൊല്ലപ്പെട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. തീർത്തും ആസൂത്രിതമായ മുസ്‍ലിംവിരുദ്ധ ആക്രമണങ്ങളായിരുന്നു അതൊക്കെയും. ഗുജറാത്തിലെ 26 ജില്ലകളിൽ 20ലും ഗോധ്ര സംഭവത്തിന്റെ പിന്നാലെ ആക്രമണമുണ്ടായി എന്നു വരുമ്പോൾ, അതൊട്ടും യാദൃച്ഛികമാകില്ല. ഇക്കാര്യം പിന്നീട് വിവിധ വസ്തുതാന്വേഷണ സംഘങ്ങളും സ്വതന്ത്ര അന്വേഷണ ഏജൻസികളുമെല്ലാം കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും വെളിച്ചത്തിൽ തെളിയിച്ചതാണ്. സമാനതകളില്ലാത്ത വംശഹത്യയുടെ ചേതോവികാരമെന്തായിരുന്നുവെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു; കൂട്ടക്കുരുതിക്ക് നേതൃത്വം നൽകിയവരെക്കുറിച്ചും അണിയറയിൽ ചരടുവലിച്ചവരെക്കുറിച്ചും ജനസാമാന്യത്തിന് കൃത്യമായ ധാരണയുമുണ്ട്. എന്നിട്ടും, വംശഹത്യയെ അതിജീവിച്ച ഇരകൾ ഇപ്പോഴും നീതിക്കായി അലയുകയാണ്. വേട്ടക്കാരാവട്ടെ, അധികാരത്തിന്റെ ശീതളിമയിൽ 'ഗുജറാത്ത് മോഡൽ' രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു.
90കളുടെ ഒടുവിൽ ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയശേഷം, ആ സംസ്ഥാനത്തിന് ഹിന്ദുത്വ ഫാഷിസത്തിന്റെ പരീക്ഷണശാല എന്നൊരു വിശേഷണം പല സാമൂഹികശാസ്ത്രജ്ഞരും അക്കാദമിക പണ്ഡിതരും ചാർത്തിക്കൊടുത്തിരുന്നു. ബാബരിധ്വംസനശേഷം രാജ്യത്ത് രൂപപ്പെട്ട മുസ്‍ലിംവിരുദ്ധ മനോഭാവംതന്നെയായിരുന്നു പശ്ചാത്തലം. വിദ്വേഷത്തിന്റെയും മുസ്‍ലിം അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമുറകൾ ഹിന്ദുത്വയുടെ വക്താക്കളും പ്രചാരകരും സ്വീകരിച്ചുതുടങ്ങിയത് ആ സമയം മുതലാണ്. ആ രാഷ്ട്രീയപരീക്ഷണങ്ങൾ കൃത്യമായി നടപ്പാക്കിയ സംസ്ഥാനമായിരുന്നു ഗുജറാത്ത്. കേശുഭായ് പട്ടേലിനുശേഷം നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിപദത്തിൽ വന്നപ്പോൾ അതിന് വേഗംവെച്ചുവെന്നു മാത്രം. അതുകൊണ്ടുതന്നെ, രാജ്യത്തെ പല സംസ്ഥാനങ്ങളിലും അരങ്ങേറിയതുപോലൊരു വർഗീയ കലാപമായി ഇതിനെ കാണാനാവില്ല. വെറുപ്പിന്റെ വൈറസുകൾ വിതച്ച്, മുസ്‍ലിം അപരവത്കരണത്തിന് കൃത്യമായ പാതയൊരുക്കിയശേഷമായിരുന്നു ഉന്മാദികളായ ഹിന്ദുത്വപ്പട അവിടെ അഴിഞ്ഞാടിയത്. ആദ്യം മുസ്‍ലിംകളെ നിന്ദ്യന്മാരും കൊള്ളരുതാത്തവരും അധാർമികരുമായി ചിത്രീകരിച്ചു. മാംസം ഭക്ഷിക്കുന്നവർ സ്വാഭാവികമായും ധർമദീക്ഷയില്ലാത്തവരാകുമെന്ന് പ്രചരിപ്പിക്കപ്പെട്ടു. ഈ പ്രചാരണങ്ങൾക്ക് അവിടത്തെ മുഖ്യധാരാ മാധ്യമങ്ങളും ഏതാനും ഗാന്ധിയന്മാരുംവരെ കുടപിടിച്ചുവെന്നതാണ് വസ്തുത. ഇത്തരം പ്രചാരണങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട വെറുപ്പിന്റെ സ്വാഭാവിക പരിണതിയായിരുന്നു ആ വംശഹത്യ.
നരോദ്യപാട്യയിലും ഗുൽബർഗ് സൊസൈറ്റിയിലുമൊക്കെ അരങ്ങേറിയ ആൾക്കൂട്ടത്തിന്റെ തേർവാഴ്ച ഇന്നിപ്പോൾ രാജ്യമെങ്ങും നിർബാധം നടന്നുകൊണ്ടിരിക്കുന്നു. ഗുജറാത്തിലെ ഹിന്ദുത്വ പരീക്ഷണം രാജ്യം മുഴുവനും ഇങ്ങനെ വ്യാപിക്കപ്പെട്ടതിന് പല കാരണങ്ങളുമുണ്ട്. തീർച്ചയായും, അന്ന് ഗുജറാത്തിനെ നയിച്ച മോദി പ്രധാനമന്ത്രിക്കസേരയിലെത്തിയത് അതിലൊന്നാണ്. അതുവരെയും സമാന്തര ഭരണകൂടമായി മാത്രമായി പ്രവർത്തിച്ചിരുന്ന സംഘ്പരിവാറിന് രാജ്യത്തിന്റെ പ്രത്യക്ഷഭരണം കൈവന്നു. അതോടെ, അജണ്ടകളിലേക്ക് നേരിട്ടു കടക്കുന്നതിന് അവർക്ക് പ്രത്യേകിച്ച് തടസ്സമൊന്നുമില്ലാതായി. പൗരത്വ നിയമഭേദഗതിയടക്കം എത്രയെത്ര നിയമങ്ങളാണ് ആ ദിശയിൽ ഇക്കഴിഞ്ഞ ഏഴു വർഷത്തിനിടെ ചുട്ടെടുക്കപ്പെട്ടത്! സംഘ്പരിവാർ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങൾ മതപരിവർത്തന നിരോധന നിയമമടക്കം ജനാധിപത്യവിരുദ്ധമായ എത്രയോ ഇടപെടലുകളും ഇതേ കാലത്ത് നടത്തി. ആൾക്കൂട്ട കൊലപാതകങ്ങളും വടക്കുകിഴക്കൻ ഡൽഹിയിൽ നടന്നതുപോലുള്ള വംശഹത്യകളും നേതാക്കളുടെ കലാപാഹ്വാന പ്രസംഗങ്ങളുമെല്ലാം നിത്യസംഭവങ്ങളായി. സംഘ്പരിവാറിന്റെ ഈ വഴിയിലുള്ള പ്രയാണത്തിന്റെ തുടക്കവും പ്രചോദനവുമെല്ലാം വിരൽചൂണ്ടുന്നത് 20 വർഷം മുമ്പത്തെ ആ സംഭവത്തിലേക്കാണ്. പാർലമെന്റിൽ മൃഗീയ ഭൂരിപക്ഷമുെള്ളാരു പാർട്ടിയുടെ പ്രത്യയശാസ്ത്രം വംശഹത്യയുടെയും അപരവത്കരണത്തിന്റേതുമാകുമ്പോൾ, രാജ്യത്തിന്റെ ഗതിയും ഭാഗധേയവും അതേ ദിശയിലായിരിക്കും.
യാഥാർഥ്യം ഇതാണെങ്കിലും, ജനാധിപത്യസമൂഹത്തിന് നിസ്സംഗരായിരിക്കാൻ സാധ്യമല്ല. ഈ ഘട്ടത്തിൽ പോരാട്ടത്തിന്റെയും സംവാദത്തിന്റെയും പുതിയ വേദികൾ തുറക്കേണ്ടത് അവരുടെ ബാധ്യതതന്നെയാണ്. ഏറെ പ്രതീക്ഷാനിർഭരമായ കാര്യം അരികുവത്കരിക്കപ്പെട്ടവർ സ്വന്തം അഭ്യുദയത്തിനു മറ്റാരെയും കാത്തുനിൽക്കാതെ മുന്നോട്ടുവരുന്നു എന്നതാണ്. ഗുജറാത്തിലെ ഇരുളനുഭവങ്ങളിൽനിന്നു സ്വയം ശാക്തീകരണത്തിന്‍റെ വെളിച്ചത്തിലേക്ക് ഇരകൾ മത്സരിക്കുന്ന ശുഭവാർത്തകളും ഗുജറാത്തിൽനിന്നു വരുന്നുണ്ട്. ഗുജറാത്ത് വംശഹത്യക്കാലത്ത് ഇരകളുടെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട, കൈകൂപ്പി യാചിക്കുന്ന കുത്ബുദ്ദീൻ അൻസാരിയും ബിൽക്കീസുമൊക്കെ അതിജീവനത്തിന്‍റെ ക്രിയാത്മക മാതൃകകൾ രചിക്കുകയാണിേപ്പാൾ. അക്രമികൾ ചവിട്ടിമെതിച്ചിട്ടും ഭരണകൂടം അതിനു പാകത്തിൽ പാർശ്വവത്കരിച്ചിട്ടും വിധിയെ പഴിച്ചു നിൽക്കാതെ അതിന്‍റെ ഗതി മാറ്റാൻ ജനാധിപത്യവഴിയിൽ അവർ പ്രതിരോധം തീർത്തുകൊണ്ടിരിക്കുന്നു. ആ മാറുന്ന മുഖങ്ങളാണ് പുതിയ കാലത്തിന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.