പ്രകാശ് ചെന്തളം

മധുവും വിശ്വനാഥനും അവസാനത്തെ ഇരകളല്ല -ഗോത്രകവി പ്രകാശ് ചെന്തളം എഴുതുന്നു

ശ്രദ്ധേയ ഗോത്രകവികളിലൊരാളാണ് ലേഖകൻ. കാസർകോട് ജില്ലയിലെ ബളാൽ അത്തിക്കടവ് ഊരുകാരനായ പ്രകാശ് മലവേട്ടുവ ഭാഷയിലാണ് കവിതയെഴുതുന്നത്. 

പ്പോഴും ആദിവാസിയോട് അകലം കാണിക്കുന്നവരുണ്ട്. തൊടുന്നതിലും കഴിക്കുന്ന പാത്രത്തിലും അയിത്തം കാണിക്കുന്നവരുണ്ട്. രാജഭരണ കാലത്തെപ്പോലെ നമ്മുടെ കോളനികളെ വെറുപ്പോടെ നോക്കി കാണുന്നവരുണ്ട്. നമ്മുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മടിയാണ്. പക്ഷേ മദ്യം കുടിച്ച ഗ്ലാസ്സിൽ തന്നെ നക്കാൻ ഒരു മടിയും ഇല്ല താനും.

ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ജനം അറിയുന്നത് ചിലതു മാത്രമാണ്. അറിയാത്ത ഒരുപാട് അതിക്രമങ്ങൾ പിന്നാമ്പുറങ്ങളിൽ നടക്കുന്നുണ്ട്. ശബ്ദിക്കാൻ ഭയമുള്ളവരുടെ നിലവിളികൾ പുറം ലോകം അറിയുന്നില്ല എന്ന് മാത്രം. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ അവരെ തല്ലി കൊന്നൊടുക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വഞ്ചന കുറ്റങ്ങളും കളവുകളും വെച്ചുകെട്ടി അവരെ ഇല്ലാതാക്കുന്നു. നീതിയും നിയമവും കാറ്റിൽ പറത്തിയാണ് ഇവയെല്ലാം നടക്കുന്നത്. ഇവിടെ ഇല്ലാതാകുന്നത് ഒരു വംശം തന്നെയാണെന്നോർക്കണം. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന ഗൂഢ തന്ത്രം പയറ്റുകയാണ് ഇവിടുത്തെ സവർണ സമൂഹം. മധുവും വിശ്വനാഥനും അവസാനത്തെ ഇരകളല്ല. നിയമം നടപ്പിലാക്കേണ്ടവർ ഊമകളായ് നിന്നാൽ അരുംകൊലകൾ ഇനിയും നടക്കും.

എടുത്ത പണിയുടെ കൂലി ചോദിച്ചതിനുപോലും മർദ്ദനമാണ് ആദിവാസികൾക്ക് നേരി​ടേണ്ടിവരുന്നത്. ആദിവാസികൾ ശബ്ദിക്കരുത്. ശബ്ദമുയർത്താൻ പാടില്ല, വെറും പാവകളെ പോലെ എല്ലാം സഹിച്ച് നിൽക്കണം. കാട് കട്ട് മുടിക്കാൻ കാട്ടിൽ നിന്ന് പുറത്താക്കി. എന്നിട്ടും കലി തീരാതെ ഇന്ന് നാട്ടിൽ നിന്നും കൊന്നൊടുക്കുന്നു. കള്ളം വെച്ചുകെട്ടിക്കൊണ്ടുള്ള നരബലികളാണ് ഇതും. ഇവിടെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്ന് പറയുന്നത് സത്യമാണ്. ഇവിടുത്തെ നിയമവ്യവസ്ഥ ഞങ്ങളെ ഇനിയും പരിഗണിക്കുന്നില്ല.

ആൾകൂട്ടമർദനത്തിനിരയായതിന് പിന്നാലെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ വിശ്വനാഥൻ

ചില സത്യങ്ങൾ മൂടിവെക്കാനും ചില കുറ്റങ്ങൾ അടിച്ചേൽപ്പിക്കാനും ഇവിടുത്തെ ആദിവാസി സമൂഹത്തെ ​തിരഞ്ഞുപിടിക്കുന്നു. എത്ര മാറിയെന്ന് പറഞ്ഞാലും ‘സാക്ഷര കേരള’ത്തിൽ ആദിവാസിയോടുള്ള വെറുപ്പ് മാറാൻ പോകുന്നില്ല. കൊന്നൊടുക്കുവാൻ തീരുമാനിച്ചിറങ്ങിയവരോട് പറഞ്ഞിട്ട് കാര്യവുമില്ല. ഈ മണ്ണിൽ ഞങ്ങടെ മക്കൾക്കും ജീവിക്കണം. നിയമം കാക്കുന്നവർ ഇനിയും കൺ തുറന്നില്ലെങ്കിൽ നാളെയും ആരും കൊലകളുണ്ടാകും. മധുവും വിശ്വനാഥനും ഇനിയുമുണ്ടാകും. ഞങ്ങളുടെ വംശം മാഞ്ഞുപോകും.

വിദ്യാഭ്യാസം, കല, സാഹിത്യം അടക്കമുള്ള എല്ലാ മേഖലകളിലും താഴെ തട്ടിലെ ആദിവാസി സമൂഹം ഉയർന്നിട്ടുണ്ട്. പക്ഷേ അപ്പോഴും മലയാളിയുടെ മനസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ഇവിടുത്തെ ആദിവാസി സമൂഹം ഒരുമിക്കുന്നത് ചിലർ ഭയക്കുന്നു. അവരുടെ വാക്കുകളെ ഭയക്കുന്നു. ഞങ്ങൾക്കൊപ്പമുണ്ട് എന്ന് പറയുന്നവരിൽ എത്രത്തോളം സത്യമുണ്ടെന്ന് കാത്തിരുന്നു കാണണം. മനുഷ്യരെല്ലാം ഒന്നാണെന്ന് പ്രസംഗിച്ചു നടക്കുന്നവർ പോലും ജാതി കറ മാറാത്തവരാണ്.

ആൾകൂട്ടം മർദിച്ചുകൊന്ന അട്ടപ്പാടിയിലെ മധു

ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ആദിവാസി കോളനികൾ എന്ന് കേൾക്കുമ്പോൾ തന്നെ ചിലരുടെ മുഖഭാവം മാറിത്തുടങ്ങും. മദ്യപാനികൾ, മോഷ്ടാക്കൾ, പിടിച്ചുപറിക്കാർ അങ്ങനെ പല കേസുകളിലും ഞങ്ങളിലുള്ളവരെ പ്രതിയാക്കും. മറ്റുള്ളവർ പൊലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുന്നതും ഒരു ആദിവാസി പോയി കേസ് കൊടുക്കുന്നതും തമ്മിൽ വ്യത്യാസങ്ങളുണ്ട്. പൊലീസുകാരിൽ മാത്രമല്ല, പല ഓഫീസുകളിലും ഇതേ വ്യത്യാസങ്ങളുണ്ട്. മറ്റുചിലരാകട്ടെ, ആദിവാസി കുട്ടികളോട് പറയുന്നത് ഇങ്ങനെയാണ് ‘‘നിങ്ങൾ പഠിച്ചിട്ട് വലിയ കാര്യമില്ല. നിങ്ങൾക്ക് 10ാം ക്ലാസ് കഴിഞ്ഞാൽ എന്തെങ്കിലും ജോലി കിട്ടും’’. യഥാർഥത്തിൽ ഇത് ആദിവാസിയെ അപമാനിക്കുകയാണ്. മലയാളി സ്വന്തം മനസ്സിലെ ജാതിക്കറ കഴുകിക്കളയാത്തിടത്തോളം കാലം ഞങ്ങളുടെ അവസ്ഥ മാറാൻ പോകുന്നില്ല. 

Tags:    
News Summary - Prakash Chenthalam about kerala tribal problems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.