രാമാനന്ദ സാഗറിന്റെ ‘രാമായണം’ ഭൂരിഭാഗം ആളുകളും അന്ന് ടെലിവിഷനിൽ കണ്ടത് നിർദോഷമായാണ്. ഭക്തി എന്നനിലക്കല്ല. ഒരു മാസ് എന്റർടെയ്നർ എന്ന നിലക്കാണ് തുടക്കത്തിൽ ആ സീരിയൽ പോപുലർ കൾചറിന്റെ ചരിത്രത്തിൽ ഇടംപിടിച്ചിരുന്നത്. സ്വന്തമായി ടി.വി ഇല്ലാത്ത ഹിന്ദുക്കൾ ഇതര മതസ്ഥരുടെ വീടുകളിൽ പോയി ‘രാമായണം’ കാണുന്ന അവസ്ഥയുണ്ടായിരുന്ന സമയം. ജനകീയവിനോദം എന്ന നിലയിലുള്ള രാമായണത്തിന്റെ പ്രചാരം സംഘ്പരിവാർ തങ്ങളുടെ പ്രത്യയശാസ്ത്ര സ്വീകാര്യതക്ക് ഉപയോഗിക്കാൻ തുടങ്ങിയതാണ് ഇന്ത്യൻ പോപുലർ കൾചറിലെ ആദ്യത്തെ കാവിവത്കരണം. രാമനായി അഭിനയിച്ച അരുൺ ഗോവിൽ എന്ന നടനെ ദൈവമായി കാണുന്ന തരത്തിലേക്കു കാര്യങ്ങൾ വളർന്നു. അമ്പും വില്ലും വിഭാഗീയതയുടെ ടൂൾ ആയി മാറ്റിയെടുത്തു. ശരാശരി ഇന്ത്യാക്കാരന്റെ വറുതിപാത്രത്തിലേക്കു ഭക്തിയുടെ രാഷ്ട്രീയം വന്നുനിറഞ്ഞു. ഗാഡ്ജറ്റുകളും ആപ്പും ഒന്നും ഇല്ലാത്ത കാലമായതിനാൽ, തങ്ങളുടെ വിനോദങ്ങളിൽ കുട്ടികൾ അമ്പും വില്ലും ഉണ്ടാക്കി കളി തുടങ്ങി. ആപത്കരമായ ആ കളിയിൽ അനേകം കുട്ടികൾക്ക് കണ്ണുകൾ നഷ്ടപ്പെട്ടു. ഒരു പിന്തിരിപ്പൻ പ്രത്യയശാസ്ത്രം ഉണ്ടാക്കിയ ആ അന്ധതയാണ് ഇന്ന് സംഘ്പരിവാർ ബിഗ്സ്ക്രീനിലും പയറ്റാൻ പോകുന്നത്.
ഭരണകൂടംതന്നെ നേരിട്ട് പങ്കാളിയാവുന്ന പ്രൊപഗാൻഡ സിനിമകൾ വരുന്നു. ഇന്ത്യൻ സിനിമയുടെ കമേഴ്സ്യൽ കാപിറ്റലായ ബോളിവുഡിനെ, മുംൈബയിൽനിന്ന് യു.പിയിലേക്കു പറിച്ചുനടാനുള്ള വലിയ പ്രയത്നങ്ങൾ നടക്കുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ആദിത്യനാഥ് അക്ഷയ് കുമാർ അടക്കമുള്ള വൻ താരങ്ങളെ നേരിട്ടു പോയി കാണുന്നു. ഖാൻ ത്രയങ്ങൾക്ക് എതിരെ വരുന്ന സംഘടിത ആക്രമണങ്ങൾ മാത്രമല്ല, ബോളിവുഡിനെ തകർക്കാനും സിനിമയിൽ ഹിന്ദു മേധാവിത്വം ഊട്ടിയുറപ്പിക്കാനുമാണ് സംഘ്പരിവാർ ഉപയോഗിക്കുന്നത്.
പാർലമെന്റ് മന്ദിരം പുതിയത് നിർമിക്കുന്നതുപോലെ യു.പിയിൽ പുതിയൊരു ബോളിവുഡ് നിർമിക്കുന്നു. ചരിത്രത്തെ മാറ്റി എഴുതുന്നതുപോലെ സിനിമയുടെ ഇന്നെലകളിലുള്ള ഇതര മതസ്ഥരുടെ സംഭാവനകളെ പൂഴ്ത്തിവെക്കാനുള്ള അജണ്ട കൂടി ഇതോടൊപ്പം നടപ്പാകും. മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ചുരുങ്ങിയപക്ഷം ആകാശവാണിയിൽനിന്നും ഫിലിം ആർക്കൈവ്സിൽനിന്നും നിലച്ചുപോകും. മൻ കി ബാത്തിന്റെ നൂറാമത്തെ എപ്പിസോഡ് യു.പിയിലെ 100 മദ്റസകളിലും മഹല്ലുകളിലും കേൾപ്പിക്കണമെന്ന് തീട്ടൂരം ഇറക്കിയതുപോലെ സ്ക്രീനിൽ ഇനി നമ്മൾ എന്ത് കാണണമെന്ന് ഭരണകൂട ഭീകരത നിശ്ചയിക്കുമ്പോൾ മഹത്തായ നമ്മുടെ സിനിമ പാരമ്പര്യമാണ് അസ്തമിക്കുക.
2024ൽ ആർ.എസ്.എസിന്റെ നൂറാം വാർഷികാഘോഷം തുടങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇരുപതോളം സിനിമകളാണ് നിർമിക്കപ്പെടുന്നത്. അതിൽ പ്രധാനമായി പുറത്തുവരുന്ന സിനിമ ആർ.എസ്.എസിന്റെ ചരിത്രം പറയുന്ന സിനിമയാണ്. ‘ബാഹുബലി’യുടെ സംവിധായകൻ രാജമൗലിയുടെ പിതാവ് വിജേന്ദ്രപ്രസാദ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചാന്ദ്രയാൻ ദൗത്യത്തിന് ചെലവഴിച്ചതിനേക്കാൾ വലിയ തുകയാണ് ഈ ചിത്രത്തിന്റെ ബജറ്റ് എന്ന് പറയപ്പെടുന്നു. ഇതുകൂടാതെ, സംഘ്പരിവാർ സ്ഥാപകരുടെയും നേതാക്കളുടെയും ബയോപിക്കുകൾ വെള്ളിത്തിരയിൽ എത്തുന്നുണ്ട്. ഹിന്ദി സിനിമയിൽ മാത്രമല്ല ഈ മാറ്റം. പ്രാദേശിക സിനിമകളിലും ഹൈന്ദവവത്കരണം നടത്താനായി ഫണ്ട് നൽകപ്പെടുന്നു. സത്യാനന്തര കാലത്തെ സിനിമകളിലും ഇനി ബോധമലിനീകരണത്തിന്റെ 'കല'യാണ് നാം ദർശിക്കാൻ പോകുന്നത്. മലയാളം സ്ക്രീനിൽതന്നെ ‘മാളികപ്പുറം’ പോലുള്ള സിനിമ സംഭവിച്ചത് നാം കണ്ടു. അത് വിജയിപ്പിക്കുകയും പബ്ലിക് ഡൊമൈനിൽ ചർച്ചയാക്കുകയും ചെയ്തു. ഇതേസമയം ‘വാരിയംകുന്നൻ’പോലുള്ള ഒരു സിനിമയുടെ നിർമാണപ്രഖ്യാപനം വന്നപ്പോഴുണ്ടായ പുകിൽ നാം കണ്ടതാണ്. മലബാർ കലാപത്തെക്കുറിച്ച് സവർക്കർ എഴുതിയ നോവലിനെ ആസ്പദമാക്കിയും തിരക്കഥ ഒരുങ്ങുന്നുണ്ട്.
പ്രാദേശികമായ വിഷയങ്ങളെ ദേശീയതലത്തിൽ പ്രതിലോമകരമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രങ്ങളും നിർമിക്കപ്പെടുന്നു. സുദീപ്തോ സെൻ സംവിധാനംചെയ്ത ‘കേരള സ്റ്റോറി’ അങ്ങനെയുള്ള ഒരു ചിത്രമാണ്. നുണ പറഞ്ഞു പരത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ വിവാദമായി കഴിഞ്ഞു. നാല് മലയാളി സ്ത്രീകൾ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട് ഐ.എസിൽ (ISIS) ചേരുന്നതാണ് കഥാതന്തു. കേരളംപോലുള്ള മതസൗഹാർദം നിലനിൽക്കുന്ന ഒരു സ്റ്റേറ്റിനെതന്നെ അപമാനിക്കുന്ന ചിത്രമായാണ് ഇത് അവതരിപ്പിക്കുന്നത്. ഇതിന്റെ സംവിധായകൻ സുദീപ്തോ സെൻ നേരത്തേയും ഇതേ വിഷയത്തെ ആസ്പദമാക്കി ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. വലിയ രാഷ്ട്രീയലക്ഷ്യത്തോടെയാണ് ഇത്തരം ചിത്രങ്ങൾ റിലീസ് ചെയ്യപ്പെടുന്നത്. ഇസ്ലാം തീവ്രവാദത്തിന്റെ ഹബാണ് കേരളം എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ മതസൗഹാർദം തകർക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് കേരളത്തിൽ തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഒരു ജേണലിസ്റ്റ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
’80കളിലും ’90കളിലും മലയാള ചിത്രങ്ങൾ അന്തർ സംസ്ഥാനങ്ങളിൽ സെക്സ് ബിറ്റുകളോടുകൂടിയാണ് പ്രദർശിപ്പിച്ചിരുന്നത്. ഈ കാരണംകൊണ്ട് തന്നെ മലയാള ചിത്രങ്ങളുടെ സംസ്കാരം മറുനാട്ടുകാർ തെറ്റിദ്ധരിച്ചിരുന്നു. മലയാളികൾ അല്ലാത്ത സംവിധായകർ കേരളത്തെക്കുറിച്ച് ‘കേരള സ്റ്റോറി’ പോലുള്ള സിനിമകൾ പടച്ചുവിടുമ്പോൾ, കേരള ജനതയുടെ മൂല്യബോധത്തെയും സാമൂഹിക അവസ്ഥയെയുമാണ് വികൃതമാക്കുന്നത്. മുമ്പ് ബിറ്റ് സിനിമകൾ ചെയ്തതിനേക്കാൾ വലിയ അപകടം അതുണ്ടാക്കും. ഇത് വിനോദ സിനിമകളല്ല. വിഷം പുരട്ടിയ കാഴ്ചകളാണ്. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ്.
സിനിമ ആസ്വാദനം എല്ലാവരുടേതുമായിരുന്ന ഒരു സംസ്കാരത്തിൽനിന്ന് വിദ്വേഷത്തിന്റെ രാഷ്ട്രീയം സംസാരിക്കാൻ തുടങ്ങുമ്പോൾ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രതിലോമകരമായ സ്വാധീനം ഫാഷിസത്തിന് കൂടുതൽ വേരോട്ടമുണ്ടാക്കും. സാംസ്കാരിക ദേശീയതയുടെ തിരക്കഥയാണ് ഇപ്പോൾ ഒരുങ്ങുന്നത്.
ഇന്ത്യൻ സ്ക്രീനിൽ റീൽ ചേഞ്ച് നടക്കുന്ന കാലമാണിത്. 2025ൽ ആർ.എസ്.എസ് സെഞ്ച്വറി അടിക്കുകയാണ്. സ്ക്രീനിൽ ഈ ആഘോഷം എങ്ങനെയാണ് ആഘാതമാവുക എന്ന് നോക്കാം. പോപുലർ കൾചറിന്റെ കാവിവത്കരണത്തിന്റെ ഭാഗമായി ഒരുങ്ങുന്നത് മുഴുവനും പ്രൊപഗാൻഡ ചിത്രങ്ങളാണ്. ‘മേ ദീൻ ദയാൽ ഹും’, ‘സ്വതന്ത്ര വീർ സവർക്കർ’, ‘മേ അടൽ ഹും’, ‘ഡോക്ടർ ഹെഡ്ഗേവാർ’, ‘ഭാഗ്വാ ധ്വജ്’ എന്നിവയാണ് അതിൽ ചിലത്. സംവിധായകൻ രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് ആണ് ആർ.എസ്.എസിന്റെ ചരിത്രം പറയുന്ന ‘ഭാഗ്വാ ധ്വജ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മുമ്പും ആര്യരക്തം തുടിക്കുന്ന സിനിമകൾ എഴുതിയിട്ടുള്ള അദ്ദേഹം ഈ അപനിർമാണ ദൗത്യം ഏറ്റെടുത്തതിൽ അത്ഭുതപ്പെടാനില്ല. നിലവിലെ ബി.ജെ.പി സർക്കാർ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതും പ്രചാര വേലക്കുള്ള പാരിതോഷികമാണെന്ന് ആരെങ്കിലും കരുതിയാലും തെറ്റ് പറയാനാവില്ല. െസലിബ്രിറ്റികൾ കാവിവത്കരണത്തിന്റെ അംബാസഡർമാരാവുന്നു. കങ്കണയെപ്പോലുള്ളവർ നടത്തുന്ന ശ്രമങ്ങൾ സംഘ്പരിവാറിന്റെ ആശയങ്ങൾക്ക് സോഷ്യൽ പ്രൂഫ് ഉണ്ടാക്കാൻ വേണ്ടികൂടിയാണെന്ന് ആർക്കാണ് അറിയാത്തത്. സാംസ്കാരിക ദേശീയത ജനകീയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇത്തരം സെലിബ്രിറ്റികളെ സംഘ്പരിവാർ കൂടെനിർത്തിയിട്ടുണ്ട്. പാകിസ്താനിൽനിന്നുള്ള ഒരു നടിക്കോ ഗായകനോ ഇനി ഹിന്ദി സിനിമയിൽ അഭിനയിക്കാനോ പാടാനോ പറ്റുമോ? അതിരുകൾ ഇല്ലാതാക്കുന്ന കലയുടെ സൗന്ദര്യത്തെക്കൂടിയാണ് ഇത്തരം മാസ്റ്റർപ്ലാനുകൾ ഇല്ലാതാക്കുന്നത്. ഈയിടെ ഒരു സിനിമാ ചർച്ചയുടെ ഭാഗമായി പേർഷ്യൻ സന്തൂർ പശ്ചാത്തല സംഗീതത്തിന് ഉപയോഗിക്കാമെന്ന് സംഗീത സംവിധായകനോട് നിർദേശിച്ചപ്പോൾ അത് കുഴപ്പം ആവുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഹിന്ദുത്വ ദേശീയത ഒരു കലാകാരന്റെ ക്രിയാത്മക സ്വാതന്ത്ര്യത്തെ കൂടിയാണ് നശിപ്പിക്കുന്നത്.
പ്രൊപഗാൻഡ സിനിമകൾ ഹിറ്റ്ലറുടെ കണ്ടുപിടിത്തമാണ്. ഇന്ത്യൻ ഫാഷിസം സിനിമയുടെ കാര്യത്തിലും ഹിറ്റ്ലറെ കോപ്പിയടിക്കുന്നു. വംശീയവാദം നാസികളിൽനിന്ന് പകർത്തിയപോലെ ഇതും ആസൂത്രിതമായാണ് നടപ്പാക്കുന്നത്. ‘പി.എം. നരേന്ദ്ര മോദി’ എന്ന സിനിമ ഒരു ഒറ്റപ്പെട്ട സംഭവമല്ലായിരുന്നു എന്ന് പുതിയ ചിത്രങ്ങളുടെ ചിത്രീകരണം സാക്ഷ്യംനിൽക്കുന്നു. നേരത്തേ സൂചിപ്പിച്ച അപകടകരമായ സ്ക്രീൻ ചേഞ്ച് ഇതാണ്. ഇത്തരം സിനിമകളുടെ നിർമാതാക്കൾ പലതും സ്വകാര്യ വ്യക്തികളോ നിർമാണ കമ്പനികളോ ആണെങ്കിലും ഭരണകൂടത്തിന്റെ സകല ഒത്താശകളുമുണ്ട്. ‘ഡോ. ഹെഡ്ഗേവാർ’ എന്ന ചിത്രത്തിന്റെ ക്ലാപ് അടിച്ചത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ്. അദ്ദേഹം ആർ.എസ്.എസിന്റെ പൊന്നോമന പുത്രൻ ആണെന്ന് ആർക്കാണറിയാത്തത്. ഇതു മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതംകൂടി വെള്ളിത്തിരയിൽ വീണ്ടും എത്തുന്നുണ്ട്. നേരത്തേ യൂട്യൂബ് റിലീസ് ആയിരുന്നു. പുണെയിൽനിന്നുള്ള അനുരാഗ് ബുസാരിയാണ് സംവിധാനം. നിതിൻ ഗഡ്കരിയായി അഭിനയിക്കുന്നത് രാഹുൽ ചോപ്രയാണ്. ഇനി ന്യൂസ് റീലും മടങ്ങിവരാൻ പോവുകയാണ്. സവർക്കർ പാഠപുസ്തകമായതുപോലെ ഇത്തരം ഹ്രസ്വചിത്രങ്ങളിലും വ്യാജ ബിംബങ്ങൾ നിറയും.
ഈയിടെ ‘മേ ദീൻ ദയാൽ ഹും’ എന്ന ചിത്രത്തിലെ നായകനായ അന്ന കപൂറും സംവിധായകനും നിർമാതാവും ഡൽഹിയിൽ ചെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവായ ഇേന്ദ്രഷ് കുമാറിനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ഹിന്ദുത്വ ദേശീയതയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരം ചിത്രങ്ങൾ നിർമിക്കപ്പെടുന്നതെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
നടൻ രൺദീപ് ഹൂഡ സംവിധാനം ചെയ്യുന്ന ‘വി.ഡി. സവർക്കർ’ എന്ന ചിത്രം ഉടനെ റിലീസ് ആവും. ഈ ചിത്രത്തിൽ സവർക്കർ ആയി വേഷമിടുന്നത് രൺദീപ് ഹൂഡതന്നെയാണ്. വലിയ വാർത്താപ്രാധാന്യമാണ് ഈ സിനിമക്ക് കൊടുക്കുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പിനെയും ഈ ചിത്രത്തിന്റെ റിലീസ് ലക്ഷ്യംവെക്കുന്നുണ്ട്.
‘മേ അടൽ ഹും’ എന്ന ചിത്രം ഡിസംബറിൽ റിലീസ് ചെയ്യാനാണ് അണിയറക്കാർ ശ്രമിക്കുന്നത്. പങ്കജ് ത്രിപാഠിയാണ് മുൻ പ്രധാനമന്ത്രിയുടെ വേഷമിടുന്നത്. ഇത്തരം ചിത്രങ്ങളുടെ അണിയറക്കാർ മിക്കവാറും തന്നെ ഹിന്ദുത്വ ദേശീയത പേറുന്നവരാണ്. ബോധമലിനീകരണം മാത്രമല്ല, നുണ നിർമിതമായ കെട്ടുകഥകൾ ചരിത്രമായി അവതരിപ്പിക്കുന്ന ക്രാഫ്റ്റ് കൂടി ഇത്തരം ചിത്രങ്ങൾ സാധ്യമാക്കുന്നുണ്ട്. ഈയിടെ ഇറങ്ങിയ രാജ് കുമാർ സന്തോഷിയുടെ 'ഗാന്ധി-ഗോദ്സെ ഏക് യുദ്’ എന്ന ചിത്രം പരിശോധിച്ചാൽ നമുക്കതു വ്യക്തമാകും. വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട ഗാന്ധി, ജയിലിൽ കഴിയുന്ന ഗോദ്സെയെ ചെന്നു കണ്ട് സംസാരിക്കുന്ന ഒരു രംഗമുണ്ട്. അതിഭാവന, ഒരു അജണ്ടയുടെ പേരിൽ ചരിത്രയാഥാർഥ്യത്തെ എങ്ങനെയാണ് കശാപ്പുചെയ്യുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ രംഗം.
ഭരണകൂടത്തെ പ്രീതിപ്പെടുത്താനും, ഭയംകൊണ്ടും ഹൈന്ദവ സിനിമകൾ നിർമിക്കാൻ പ്രൊഡക്ഷൻ കമ്പനികൾ തയാറാവുന്നുണ്ട്. ബോളിവുഡിലെ വലിയ നിർമാണ കമ്പനികൾ ഭരണകൂടത്തിന്റെ ഇ.ഡിയെ പേടിച്ചിട്ടോ സംഘ്പരിവാറിന്റെ പ്രീതി നേടാനോ മറ്റു താൽപര്യങ്ങളോ മുൻനിർത്തി ഹിന്ദുത്വ ദേശീയതയെ പ്രകീർത്തിക്കുന്ന ചിത്രങ്ങൾ നിർമിക്കാൻ മുന്നോട്ടുവരുന്നു. ബിഗ് സ്ക്രീനിൽ നുണയുടെ ആഖ്യാനം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. യഷ് രാജ് ഫിലിംസ് നിർമിച്ച, അക്ഷയ് കുമാർ നായകനായ ‘സമ്രാട്ട് പൃഥ്വിരാജ്’ അത്തരത്തിലുള്ള ഒരു ചിത്രമാണ്. കരൺ ജോഹർ നിർമിക്കുന്ന ‘താക്കത്ത്’, മുഗൾ ചക്രവർത്തി ഷാജഹാന്റെ മകൻ ദാരാ ശികോഹിന്റെ കഥയാണ് പറയുന്നത്. ഇത്തരം ചിത്രങ്ങളുടെ വരവ് സാംസ്കാരിക ദേശീയത ഊട്ടിയുറപ്പിക്കാനുതകും എന്നാണ് സംസ്കാര ഭാരതി പോലുള്ള സംഘടനകളുടെ വിശ്വാസം. ഇന്ത്യൻ കലയെയും സംസ്കാരത്തെയും പ്രചരിപ്പിക്കാൻ ആർ.എസ്.എസിന്റെ സാംസ്കാരിക വിഭാഗമായി പ്രവർത്തിക്കുന്ന പോഷക സംഘടനയാണ് സംസ്കാര ഭാരതി. ‘സമ്രാട്ട് പൃഥ്വിരാജ്’ സംവിധാനം ചെയ്ത ചന്ദ്രപ്രകാശ് ദ്വിവേദി സംസ്കാര ഭാരതി പ്രവർത്തകനാണ്. ‘കശ്മീർ ഫയൽസ്’ പോലുള്ള സിനിമകളുടെ വിജയം ഇത്തരം കാവി ചിത്രങ്ങളുടെ മാർക്കറ്റിനെയും വിപുലപ്പെടുത്തിയിട്ടുണ്ട്. സംഘ്പരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ‘കശ്മീർ ഫയൽസ്’ പോലുള്ള ചിത്രങ്ങൾക്ക് നികുതിയിളവും നൽകിയിരുന്നു.
ഇങ്ങനെയുള്ള ഒരു സ്ക്രീൻ കാലാവസ്ഥയിൽ മഹത്തായ സാമൂഹിക ഓർമ പേറുന്ന ചിത്രങ്ങൾ നിർമിക്കപ്പെടേണ്ടതുണ്ട്. മനുഷ്യപക്ഷത്തു നിൽക്കുന്ന വലിയ ഫിലിം മേക്കേഴ്സ് ധീരതയോടെ സിനിമ എടുക്കേണ്ട ചരിത്രസന്ധിയാണിത്. അത് മാനവികതയുടെ മുദ്രാവാക്യംകൂടിയാണ്.
സഹജീവി സ്നേഹവും സമരവും ന്യൂനപക്ഷ ജീവിതവും മതനിരപേക്ഷതയും നമ്മുടെ സ്ക്രീനിൽനിന്ന് അപ്രത്യക്ഷമാകാൻ ഇനി അവർ സെഞ്ച്വറി അടിക്കുന്നതുവരെയേ കാത്തുനിൽക്കേണ്ടതുള്ളൂ. ബോധമലിനീകരണംകൊണ്ടും, പ്രതിലോമകരമായ പൊതുബോധനിർമിതികൊണ്ടും നമ്മുടെ സിനിമാ സംസ്കാരത്തെ, കാഴ്ചാശീലങ്ങളെ, സൗന്ദര്യശാസ്ത്രത്തെ, സെൻസിബിലിറ്റിയെ കാവികൊണ്ട് മൂടുന്ന കാലത്ത് മനുഷ്യപക്ഷത്ത് നിൽക്കുന്ന സിനിമക്കുവേണ്ടി നാം നിലകൊള്ളേണ്ടതുണ്ട്. ഇന്ത്യൻ വെള്ളിത്തിര ഫാഷിസത്തിന്റെ ചരിത്രം മാത്രമല്ല, നാനാത്വത്തിൽ ഏകത്വം നമുക്ക് സ്ക്രീനിലും നിലനിർത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.