''ചരിത്രം നിനക്ക് ഇഷ്ടമാണെന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ടെന്നാൽ അത് ജീവിക്കുന്ന മനുഷ്യരെക്കുറിച്ചുള്ളതാണല്ലോ.''
ഗ്രാംഷി (മുസോളിനിയുടെ തടവറയിൽനിന്ന് അന്തോണിയോ ഗ്രാംഷി തന്റെ മകൻ ജ്യൂലിയാനൊവിന് എഴുതിയ കത്തിൽനിന്ന്)
ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോദ്സെ രാജ്യസ്നേഹിയാകുന്ന സ്വേച്ഛാഭരണത്തിലെ രാജ്യദ്രോഹക്കുറ്റത്തെക്കുറിച്ച് അടുത്തകാലത്തായി പലതരം ചർച്ചകൾ ഉണ്ടാകുന്നുണ്ട്. മനുഷ്യരെ ചുട്ടുകൊടുക്കപ്പെടും, പശുവിന്റെ പേരിൽ ദലിതരെയും മുസ്ലിംകളെയും പച്ചക്ക് കത്തിച്ചുകൊടുക്കപ്പെടും, മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കിക്കൊടുക്കപ്പെടും തുടങ്ങിയ വിളംബരങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന കാലത്താണ് ഇൗ ചർച്ച.
മാധ്യമപ്രവര്‍ത്തകരുടെയും നിയമജ്ഞരുടെയും വൈജ്ഞാനികരുടെയും മറ്റും ഗവേഷക കൂട്ടായ്മയായ 'Article 14' ഇന്ത്യയില്‍ രാജ്യദ്രോഹ നിയമം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് 'ഒരു ഇരുണ്ട പതിറ്റാണ്ട്' (A Decade of Darkness: How a Law Discarded By Most Democracies is Misused in India) എന്ന പേരില്‍ പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളില്‍ രാജ്യമെമ്പാടും നടത്തിയ പഠനത്തില്‍ ശ്രദ്ധേയമായ വിവരങ്ങളാണ് അതിലൂടെ പുറത്തുവന്നത്. 13,000 പേരാണ് 876 കേസുകളിലായി രാജ്യദ്രോഹ (Sedition) കേസില്‍ നടപടി നേരിട്ടത്. ഒരു മോട്ടോര്‍ ബൈക്കില്‍ സൈലന്‍സര്‍ വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മുതൽ ടീഷര്‍ട്ട് ധരിച്ചതിന്റെ പേരിൽവരെ രാജ്യദ്രോഹ േകസായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടത്രേ! ഫേസ്ബുക്ക് പോസ്റ്റ്, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നിവയൊക്കെ രാജ്യദ്രോഹം ചാര്‍ത്തപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു.
2016-2021 കാലഘട്ടത്തിലെ രാജ്യദ്രോഹ കേസുകളുടെ എണ്ണം 190 ശതമാനം വര്‍ധിച്ചെന്ന് നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളും 'ഇരുണ്ട പതിറ്റാണ്ട്' എന്ന പഠനവും സൂചിപ്പിക്കുന്നു.
എസ്.ജി. വോംബാത്കരെ vs യൂനിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ത്യൻ പീനൽകോഡിലെ രാജ്യദ്രോഹകുറ്റം ചുമത്തുന്ന സെക്ഷൻ 124 A വകുപ്പ് റദ്ദാക്കി ഉത്തരവിടുകയുണ്ടായി. സ്വാതന്ത്ര്യപൂർവ കൊളോണിയൽ ഭരണകൂടവും സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങളും വിരോധാഭിപ്രായങ്ങളെ നിശ്ശബ്ദമാക്കാൻ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഈ കിരാതനിയമം പൗരനുമേൽ പ്രയോഗിച്ചുവരുന്നുണ്ട്.
അത്തരത്തിൽ നിരവധിപേരാണ് വിവിധ സംസ്ഥാനങ്ങളിൽ ജയിലിൽ കഴിയുന്നത്. വിചാരണക്കിടയിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് കാലത്തിന് അനുരൂപമല്ലാത്തതും കൊളോണിയൽ അവശിഷ്ടവുമാണ് ഈ നിയമം എന്ന് സൂചിപ്പിക്കുകയുണ്ടായി. ഇപ്പോൾ മേയ് 11ലെ ഈ കോടതിവിധിയോടെ കേന്ദ്രസർക്കാറും സംസ്ഥാനസർക്കാറുകളും 124 A രാജ്യദ്രോഹവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തൽക്കാലം മരവിപ്പിച്ച് ഉത്തരവായിരിക്കുന്നു.
ഇന്ത്യൻ പീനൽകോഡിന്റെ പിതാവ് എന്നറിയപ്പെടുന്ന ചരിത്രകാരനും രാഷ്ട്രീയ പ്രവർത്തകനുമായ തോമസ് ബാബിങ്ടൺ മെക്കാളെ 1837ൽ തയാറാക്കിയതാണ് 124 A. പിന്നീട് 1870ലാണ് അതിൽ രാജ്യദ്രോഹക്കുറ്റം കൂടി ഉൾപ്പെടുത്തി ഭേദഗതി ചെയ്ത് നടപ്പിൽ വരുത്തിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ അധ്യായങ്ങളിൽ മനുഷ്യാവകാശ ലംഘനത്തിന്റെ കയ്പേറിയ അക്ഷരങ്ങളിൽ പതിഞ്ഞുകിടക്കുന്ന, ദേശത്തിന് അപരാധമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട 124 A വകുപ്പ് ദേശവിരുദ്ധതയെ നിർവചിച്ചിരിക്കുന്നത് ഏതെങ്കിലും പ്രവർത്തനംകൊണ്ടോ വാക്കുകൊണ്ടോ പ്രത്യക്ഷമായ പ്രതിനിധാനംകൊണ്ടോ ദൃശ്യമായ വർണനകൊണ്ടോ അടയാളംകൊണ്ടോ വിദ്വേഷമോ അവജ്ഞയോ കൊണ്ടോ നിയമപ്രകാരം സ്ഥാപിതമായ ഇന്ത്യൻ ഭരണകൂടത്തിനെതിരെ വെറുപ്പും വിരോധവും ഉണർത്തിവിടുന്നത് ശിക്ഷാർഹമാണ് എന്നാണ്. വിരോധം (disaffection) എന്ന വാക്ക് ഈ വകുപ്പിൽ വ്യാഖ്യാനിക്കുന്നത് രാജ്യദ്രോഹം, ശത്രുഭാവം (disliability and enmity) എന്നിങ്ങനെയാണ്. കുറ്റാരോപണത്തിന്റെ ആരംഭം മുതൽ തന്നെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിചാരണ നടക്കുക. അതായത്, ഒരാൾ അറസ്റ്റുചെയ്യപ്പെട്ടു കഴിഞ്ഞാൽ സ്വാഭാവികമായ ജാമ്യത്തിന് അർഹനല്ലാതായിത്തീരുന്നു.
വിയോജിപ്പുകളെയും എതിർശബ്ദങ്ങളെയും നിശ്ശബ്ദമാക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ധർമവും ഈ നിയമത്തിന് നിർവഹിക്കാനില്ല. ഈ മർദകനിയമത്തിന്റെ സവിശേഷ സാധ്യതകൾ ഉപയോഗിച്ചാണ് ബാലഗംഗാധരതിലകനും മോഹൻദാസ് ഗാന്ധിയും ഉൾപ്പെടെ നിരവധിപേർ സ്വാതന്ത്ര്യ സമരത്തിൽ തുറുങ്കിലടക്കപ്പെട്ടത്. അത് ചൂണ്ടിക്കാട്ടിയാണ് കെ.എം. മുൻഷി ഭരണഘടനാ നിർമാണസഭയിൽ സന്ദിഗ്ധാർഥമായ (equivocal) വാക്ക് 'രാജ്യദ്രോഹം' (sedition) അഭിപ്രായ സ്വാതന്ത്ര്യത്തിന് അധികാരംകൊണ്ട് അതിരിടുന്നതാണെന്നും അതുകൊണ്ടുതന്നെ ആ പ്രയോഗം നീക്കംചെയ്യണമെന്നും ശക്തമായി വാദിച്ചത്.
മുൻഷിയുടെ ഭേദഗതി പ്രയാസമേതുമില്ലാതെ അംഗീകരിക്കപ്പെട്ടു. തുടർന്ന് രാജ്യദ്രോഹത്തിന്റെ പേരിൽ അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങളെ നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും അനുവദിക്കില്ലെന്ന തീരുമാനം ഭരണഘടന കൈക്കൊണ്ടു. എന്നാൽ, പിന്നീട് നാം കണ്ടത് ഇന്ത്യയിലുടനീളം ഭരണകൂടങ്ങൾ രാജ്യദ്രോഹത്തിന്റെ പേരിൽ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചുവീഴ്ത്തിക്കൊണ്ട് ജനങ്ങൾക്കുമേൽ കടുത്ത ശിക്ഷകൾ അടിച്ചേൽപിച്ചുകൊണ്ടിരിക്കുന്നതാണ്.
1950കളിൽ രണ്ട് ഹൈകോടതികൾ 124 A വകുപ്പ് കർശനമായി റദ്ദാക്കാൻ ഉത്തരവിടുകയുണ്ടായി. പക്ഷേ, 1962ൽ കേദാർനാഥ് vs സ്റ്റേറ്റ് ഓഫ് ബിഹാർ കേസിൽ സുപ്രീംകോടതി വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. ഭരിക്കുന്ന ഗവൺമെന്റിനെ വിലയിരുത്താനും വിമർശിക്കാനും അഭിപ്രായസ്വാതന്ത്ര്യം അനിവാര്യമാണെന്ന് പറയുമ്പോൾതന്നെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള എഴുത്തുകളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാമെന്ന് ഭരണഘടനാ നിർമാണസഭയിലെ മുൻഷിയുടെ ഭേദഗതിയെ പരിഗണനയിൽ എടുക്കാതെ സുപ്രീംകോടതി വ്യാഖ്യാനിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ ബിനായക് സെന്‍ കേസിലും സമാന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.
ഗവൺമെന്റിനോടുള്ള വിരോധം (disaffection towards government) പോലെയുള്ള അടിസ്ഥാനപരമായി അനിർണിതമായ, തുമ്പില്ലാത്ത വാചകങ്ങൾ ശിക്ഷാ നിയമവ്യവസ്ഥയിൽ കൊണ്ടുവരുന്നത്, വിയോജിക്കാനുള്ള പൗരാവകാശത്തെ അടിച്ചൊതുക്കാനാണെന്ന് അംഗീകരിക്കുന്നതിൽ സുപ്രീംകോടതിയും നാളിതുവരെ പരാജയപ്പെട്ടു. മാത്രമല്ല, വിസമ്മതത്തിനും ഭിന്നാഭിപ്രായത്തിനും കാരണമാകുന്ന സാമൂഹിക സാഹചര്യം ഒരിക്കലും ചർച്ചചെയ്യപ്പെടാനാകാതെ അടഞ്ഞ അധ്യായമായി മാറുന്നു.
കേദാർനാഥ് സിങ് കേസിനുശേഷം, രാജ്യദ്രോഹ നിയമം നിറവേറ്റുന്നതിന്റെ ഭാഗമായി സാമൂഹികപ്രവർത്തകർ ഇരകളാകുന്ന ഇത്തരം കേസുകളിൽ ജാമ്യഹരജിയിൽപോലും കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തുടങ്ങി. താരതമ്യേന തീവ്രതരമല്ലാത്ത സാമാന്യമായ എതിരഭിപ്രായങ്ങൾപോലും 124 A നടപടിക്ക് വിധേയമാക്കപ്പെട്ടു. പ്രധാനമന്ത്രിക്ക് ഒരു പരാതി അയച്ചതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ കലാകാരന്മാരും ചിന്തകരും എഴുത്തുകാരുമായ 49 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ശ്രമിച്ചത് അതിന്റെ ഉദാഹരണമാണ്. കടുത്ത ദാരിദ്ര്യവും അവഗണനകളും നേരിടുന്ന ദലിത് ആദിവാസി വിഭാഗങ്ങളുടെ പ്രതികരണങ്ങളെ ഈ നിയമം ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടിരുന്നു.
ദുരുപയോഗംമാത്രം കണക്കിലെടുത്ത് ഒരു നിയമത്തെ അസാധുവാക്കാൻ കഴിയില്ലെന്ന വാദം ഉന്നയിച്ചുകൊണ്ട് രാജ്യദ്രോഹ നിയമത്തിന്റെ കാര്യത്തിൽ ന്യായീകരണമില്ലാത്ത കിരാത അധികാര പ്രയോഗമാണ് ഇപ്പോൾ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.
1962ലെ കേദാർനാഥ് കേസിൽ സുപ്രീംകോടതി ന്യായാധിപരുടെ തീർപ്പുകൽപിക്കലോടെ മൗലികാവകാശങ്ങളെ കുറിച്ചുള്ള സുപ്രീംകോടതിയുടെ സമീപനങ്ങളിൽ അടിസ്ഥാനപരമായ രൂപമാറ്റം ആരംഭിച്ചെന്നു പറയേണ്ടിവരും. സ്വതന്ത്ര അഭിപ്രായപ്രകടനങ്ങളെ ഈ വകുപ്പിലെ അവ്യക്തമായ നിർവചനങ്ങൾകൊണ്ട് വരിഞ്ഞുകെട്ടുന്നത് പതിവായിത്തീർന്നു.
1973 മുതൽ നിയമപരമായ ഉത്തരവ് (warrant) പോലും ഇല്ലാതെ പൊലീസിന് സംശയത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാവുന്ന (cognisable offence) രീതിയിൽ 124 A പരിഗണിക്കപ്പെട്ടുതുടങ്ങി. ''ജനാധിപത്യത്തിന്റെ അന്തസ്സത്ത ഭരണകൂടത്തെ വിമർശിക്കുന്നതിലാണ്'' എന്ന് മുൻഷി ഭരണഘടന നിർമാണ സഭയിൽ അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ഈ രാജ്യദ്രോഹ നിയമം ജനാധിപത്യത്തിന്റെ അതിജീവനശേഷിയെ സ്തംഭിപ്പിക്കുന്നതാണ്. പ്രതികൂല അഭിപ്രായങ്ങളെയും വിമർശനങ്ങളെയും എതിർവാദങ്ങളെയും അപരാധമായും ശിക്ഷാർഹമായും പരിഗണിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തെ ഏറ്റവും ക്ഷയോന്മുഖമാക്കുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഒന്നര നൂറ്റാണ്ടോളമായി നിലവിലുള്ള ഈ വകുപ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപയോഗിച്ചതിനെക്കാള്‍ കൂടുതല്‍ പ്രയോഗിച്ചത് ഇന്ത്യന്‍ സര്‍ക്കാറുകളാണ് എന്നതാണ് വിചിത്രം. ഇപ്പോൾ ഈ വകുപ്പിനെതിരെ സുപ്രീംകോടതിയുടെ താൽക്കാലിക വിലക്ക് എത്രമാത്രം ഫലപ്രദമായിരിക്കും? ഇനി 124 A വകുപ്പ് പൂർണമായി അസാധുവാക്കിയാൽപോലും ഭരണകൂടത്തിന് തനിപ്പകർപ്പായ നിരവധി ശാസനങ്ങളും ചട്ടങ്ങളും നിയമങ്ങളും അതിന്റെ ആയുധപ്പുര കരുതിവെച്ചിട്ടുണ്ട്. 1876ൽ 'ഡ്രമാറ്റിക് പെർഫോമൻസ് ആക്ട്' 1878ൽ 'വെർനാകുലർ പ്രസ് ആക്ട്' എന്നിവ കൊണ്ടുവന്ന് ബ്രിട്ടീഷുകാർ മുഴുവൻ സമരമാർഗങ്ങളും കൊട്ടിയടച്ചതുപോലെ എന്നെന്നേക്കുമായി നിവാരണത്തടങ്കലിൽ അടക്കാൻ, എല്ലാ മനുഷ്യാവകാശങ്ങളും റദ്ദുചെയ്യാൻ പലതരം നിയമങ്ങൾ ഇന്ത്യൻ പീനൽ കോഡിൽ നിലവിലുണ്ട്. UAPA (Unlawful Activities Prevention Act) പോലുള്ള കരിനിയമങ്ങൾ ആവർത്തിച്ച് നിരപരാധികൾക്കുമേൽപോലും ചുമത്തിക്കൊണ്ടിരിക്കുന്നു. പൗരത്വനിയമം വിവേചനപരമാണെന്ന് വാദിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു.
രാഷ്ട്രീയ-സാമൂഹിക പ്രവർത്തനം, പ്രഭാഷണം, പുസ്തകങ്ങൾ, ലഘുലേഖനങ്ങൾ കൈവശംവെക്കൽ മുതലായ അടിസ്ഥാന ജനാധിപത്യ അവകാശങ്ങൾ രാഷ്ട്രത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം, യശസ്സ് എന്നിവ തകർക്കുമെന്ന് പൊലീസിന് തോന്നിയാൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യാം. ഭരണകൂടത്തിന് ഏതു സംഘടനയെയും വ്യക്തിയെയും തീവ്രവാദികളായി പ്രഖ്യാപിക്കാൻ ഏകപക്ഷീയമായ അധികാരവും ഈ നിയമം നൽകുന്നുണ്ട്. ക്രിമിനൽ നടപടിക്രമത്തിലെ കസ്റ്റഡി 15 ദിവസത്തേക്ക് പരിമിതപ്പെടുത്തുമ്പോൾ യു.എ.പി.എ പ്രകാരം 30 ദിവസംവരെ കസ്റ്റഡി കാലാവധി നീളും. ക്രിമിനൽ നടപടി പ്രകാരമുള്ള അധിക കസ്റ്റഡി 30 ദിവസമാകുമ്പോൾ യു.എ.പി.എ പ്രകാരം 90 ദിവസമാണ്. ഇപ്രകാരം 180 ദിവസം വരെ ജാമ്യമില്ലാതെയും വിചാരണയില്ലാതെയും തുറങ്കിലടക്കാം. ജാമ്യം എന്നത് ഒരു അവകാശമായി ഈ നിയമം അംഗീകരിക്കുന്നില്ല. അതുകൊണ്ട് കുറ്റാരോപിതർ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവരും.
ഈ നിയമംമൂലം വര്‍ഷങ്ങളായി ബംഗളൂരു ജയിലിൽ അടക്കപ്പെട്ടവരാണ് അബ്ദുൽ നാസർ മഅ്ദനിയും പരപ്പനങ്ങാടിയിലെ സകരിയ്യയും. അങ്ങനെ രാജ്യത്ത് എത്രയോ പേർ.
രണ്ടാം ബി.ജെ.പി ഗവൺമെന്റ് അധികാരത്തിലേറി പാർലമെന്റ് സമ്മേളിച്ചപ്പോൾതന്നെ സംഘ്പരിവാർ ആശയങ്ങൾ നടപ്പാക്കാനുള്ള വ്യഗ്രത പ്രകടമായിരുന്നു. എൻ.ഐ.എക്ക് (National Investigation Agency) അമിതാധികാരം നൽകുന്ന ഭേദഗതി ബിൽ നിഷ്പ്രയാസം പാസായി. അന്വേഷണ ഏജൻസികളെ സ്വതന്ത്രമായി വിഹരിക്കാൻ വിടും എന്ന ബി.ജെ.പി സർക്കാറിന്റെ പ്രകടനപത്രികയിലെ നയങ്ങളുടെ നടപ്പാക്കലിന്റെ ഭാഗമാണ് യു.എ.പി.എ ഭേദഗതി. തീവ്രവാദ കേസുകളുടെ അന്വേഷണത്തിലും പ്രോസിക്യൂഷനിലും ചില നിയമപരമായ ബലഹീനതകൾമൂലം ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നാണ് സംഘടനകളെയും വ്യക്തികളെയും തീവ്രവാദികളാക്കുന്ന ഈ ഭേദഗതിയെ ന്യായീകരിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞത്. ഒരു സംഘടനയുടെയോ വ്യക്തിയുടെയോ ആസ്തി തീവ്രവാദവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കരുതുന്നപക്ഷം അവ കണ്ടുകെട്ടുന്നതിനും കൈമാറ്റം ചെയ്യപ്പെടുന്നത് തടയാനുമുള്ള ഉത്തരവിറക്കാനും എൻ.ഐ.എ ഡയറക്ടർ ജനറലിന് ഈ ഭേദഗതിയിലൂടെ അധികാരം ലഭിക്കുന്നുണ്ട്.
ചുരുക്കത്തിൽ ഒരു രഹസ്യാന്വേഷണ ഏജൻസി ക്രമസമാധാന രംഗത്ത് പ്രവർത്തിക്കുന്ന പൊലീസ് വകുപ്പിന്റെ അധികാരം കൈയാളുന്നു. ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും സാമൂഹികപ്രവർത്തകർക്കുമെതിരെയാണ് ഈ നിയമം ഏറ്റവും കൂടുതൽ പ്രയോഗിക്കുന്നത്.
മഹാത്മാ ഗാന്ധി, ഡോ. ബിനായക് സെന്‍, അരുന്ധതി റോയ്, ഹാര്‍ദിക് പട്ടേല്‍, തമിഴ് നാടോടി ഗായകന് എസ്. കോവന്, ഗുജറാത്തിലെ 'ടൈംസ് ഓഫ് ഇന്ത്യ' ജേണലിസ്റ്റുകൾ, വിദ്യാർഥി നേതാവ് കനയ്യകുമാർ എന്നിവർക്ക് പൊതുവായ ലക്ഷ്യം എന്താണെന്നു മനസ്സിലാക്കിയാൽ അവർക്കുമേൽ രാജ്യദ്രോഹ കുറ്റം ചുമത്തിയതിന്റെ പൊരുൾ മനസ്സിലാക്കാൻ കഴിയും.
നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ 149 പേരെയേത്ര ദേശദ്രോഹക്കേസില്‍ ഭരണകൂടം പൂട്ടിയത്. യോഗി ആദിത്യനാഥിനെതിരെ സംസാരിച്ചതിന് 144 രാജ്യദ്രോഹ കേസുകള്‍. രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ചതിന് രാജ്യദ്രോഹക്കുറ്റം ചാര്‍ത്തിയ കേസുകളുടെ 96 ശതമാനവും 2014നു ശേഷം ഉണ്ടായതാണെന്നും റിപ്പോർട്ടുകളുണ്ട്.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്റെ വീഴ്ചകളെ വിമര്‍ശിച്ചതിനാണ് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിനോദ് ദുവക്കെതിരെ 124 A ചുമത്തിയത്. 8856 ഗ്രാമീണര്‍ക്കെതിരെ കൂടംകുളം ആണവനിലയത്തിനെതിരെ പ്രതിഷേധിച്ചതിന് കേസെടുത്തിരുന്നു.
ഗ്രെറ്റ തുൻബർഗിന്റെ 'ടൂള്‍കിറ്റ്' പ്രചരിപ്പിച്ചു എന്ന കേസില്‍ ദിഷ രവി, അരുന്ധതി റോയി, ബിനായക് സെൻ, കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി, കര്‍ഷകസമരം സംബന്ധിച്ച വ്യാജ വിഡിയോ പ്രചരിപ്പിച്ചു എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മിനാല്‍ പാണ്ഡെ, അനന്ത് നാഥ്, പരേഷ് നാഥ്, സഫര്‍ ആഘ, വിനോദ് ദുവ തുടങ്ങി പ്രമുഖരും അല്ലാത്തവരുമായ ഒട്ടനേകര് ഈ വകുപ്പിന്റെ ഇരകളാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിനെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചെന്ന് ആരോപിച്ചാണ് ലക്ഷദ്വീപിലെ നടിയും സംവിധായികയുമായ ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
2019ലെ കണക്കുകള്‍മാത്രം പരിശോധിച്ചാൽ ഒരു തെളിവുമില്ലാത്ത ഈ കേസുകളിൽ കോടതിശിക്ഷക്ക് വിധേയമായത് 3.3 ശതമാനം മാത്രമാണ്. എന്നാൽ, കാലങ്ങൾ നീണ്ട വിചാരണാ നടപടികള്‍തന്നെ കുറ്റാരോപിതര്‍ക്ക് വലിയ ശിക്ഷയായി, ഭീതിയായി പലപ്പോഴും ജീവിതംതന്നെ തകരുന്ന അവസ്ഥയായിത്തീരുന്നു.
ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 19 (1) പ്രകാരം മൗലികാവകാശങ്ങളുടെ സംരക്ഷണം ഭരണഘടന ഉറപ്പുനല്‍കുന്നു. ഇതില്‍ 19 (1) (എ) ആവിഷ്കാരത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യമാണ്. അഭിനവരാജ്യസ്നേഹികളും പാരമ്പര്യവാദികളും ഭരണഘടനയെ തിരസ്കരിക്കാനും തമസ്കരിക്കാനും നിരന്തരം അവസാനംവരെ ശ്രമം തുടരും.
ജനാധിപത്യത്തിന്റെ ആധുനിക മൂല്യബോധത്തിലെത്താൻ ഇനിയും നിരവധി സമരവഴികള്‍ ഏറെ താണ്ടാനുള്ള ഇന്ത്യയില്‍, രാജ്യദ്രോഹം എന്നത് ഭരണകൂടങ്ങൾ നാനാതരത്തിൽ വീണ്ടും വീണ്ടും പ്രയോഗിക്കും എന്നുറപ്പാണ്. ഭീമ കൊറേഗാവ് കേസില്‍ തടവിലായ റോണാ വിൽസനും സുധ ഭരദ്വാജും അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തപ്പെട്ട് തടവിലിടപ്പെട്ട നാടാണിത്. രാജ്യദ്രോഹക്കുറ്റം ചാർത്തി ആരെ കൈയാമം വെച്ച് പിടിച്ചുകൊണ്ടു ചെന്നാലും കോടതി ഉടൻ ജയിലിലേക്ക് പറഞ്ഞുവിടും എന്ന അവസ്ഥ ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നുണ്ട്.
ദേശസ്നേഹികളെ തിരഞ്ഞുപിടിച്ച് ചുമത്തുന്ന ഈ നിയമം തനിക്ക് ബഹുമതിയാണെന്ന് ഗാന്ധി ഒരിക്കൽ പറയുകയുണ്ടായി. പ്രക്ഷോഭങ്ങളും ചെറുത്തുനിൽപുകളുമാണ് ഏതൊരു സമൂഹത്തിന്റെയും നീതിയുടെ സഞ്ചാരപഥങ്ങളെ വെട്ടിത്തുറക്കുന്നത്. അത്തരം സംഘർഷങ്ങള്‍ സൃഷ്ടിക്കുന്ന സമ്മർദത്തിലൂടെ മാത്രമാണ് ഭരണകൂടത്തിന്റെ ഹിംസാത്മകത അടിത്തട്ടിൽനിന്ന് ഇടറിത്തുടങ്ങുക.
ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണഘടന ഉറപ്പുതരുന്ന വ്യക്തിസ്വാതന്ത്ര്യം, ആവിഷ്കാരസ്വാതന്ത്ര്യം തുടങ്ങിയ നൈസർഗിക അവകാശങ്ങൾ വൃഥാവിലാവില്ലെന്ന് ഉറപ്പുവരുത്തണം. അതിലൂടെ വ്യക്തിനിയമങ്ങൾക്ക് ജീവൻ നൽകുകയും നീതിയും സമത്വവും ന്യായവും പുലരാൻ ഭരണകൂട ഭീഷണികളെ വകവെക്കാതെ ജനാധിപത്യപ്രക്രിയയിൽ സജീവമായി നാം ഇടപെടുകയും വേണം. ഏത് ഹിംസാത്മക ഭരണകൂടവും ആ മുന്നേറ്റത്തിൽ അടിത്തറ ദ്രവിച്ച് മറിഞ്ഞുവീഴുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.