സിനിമാസംഗീതം എന്ന കലയെ ജനഹൃദയങ്ങളിലേക്ക് വൈകാരികമായി പങ്കുവെക്കുന്നതിലും ഒപ്പം അതിെൻറ സാധാരണീകരണത്തിലുമായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യം എന്ന ഗായകൻ അനശ്വരനാവുന്നത്. എസ്.പി.ബി അന്തരിച്ചപ്പോൾ അനാഥരായി പോയത് തികച്ചും സാധാരണക്കാരായ തൊഴിലാളികൾ, ഡ്രൈവർമാർ, ചെറിയ ഗാനമേളകളിൽ ദിവസക്കൂലിക്ക് പാടുന്നവർ, തബല വായിക്കുന്നവർ, അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരുപാട് മനുഷ്യർ എന്നിവരാണ്. അവർക്കിടയിലാണ്, അവർക്കൊപ്പമാണ് എസ്.പി.ബിയും അദ്ദേഹത്തിെൻറ പാട്ടുകളും ഉണ്ടായിരുന്നത്. മറ്റൊരു കലാകാരനും ഇന്നേവരെ കിട്ടാത്ത ജനകീയ പിന്തുണ എന്തുകൊണ്ടാണ് ഈ ഗായകന് ഇത്രമാത്രം കിട്ടിയത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ജീവിതത്തെ അയത്നലളിതമായി വായിച്ചെടുക്കാനുള്ള ഒരു പാട്ടുകാരെൻറ ശ്രമംതന്നെയാണ് ക്ലാസിക്കൽ സംഗീതത്തിെൻറ ജ്ഞാനമോ അകമ്പടിയോ ഇല്ലാതെതന്നെ ഏതുതരം ഗാനങ്ങളിലേക്കും കടന്നുചെല്ലാനും അത് ആലപിക്കാനും ഉള്ള ധൈര്യം എസ്.പി.ബിക്ക് നൽകിയത്. വൈവിധ്യവും ബഹുസ്വരതയും പ്രസംഗത്തിൽ പറയാനല്ലാതെ സ്വജീവിതത്തിൽ പ്രവൃത്തിയിലൂടെ കാണിച്ചു തന്ന മഹാനുഭാവലു ആയിരുന്നു എസ്.പി.ബി. വാക്കുകളും വരികളും ഹൃദയത്തിൽ നിക്ഷേപിച്ച് ഹൃദയംകൊണ്ടുതന്നെ പാടിയ ഇസൈ അമരൻ. അതുകൊണ്ടുതന്നെ അദ്ദേഹം തൊണ്ടയെ ഭയക്കാത്ത ഏക ഗായകനായിരുന്നു. മഹാഗായകന്മാർ ഭയപ്പെട്ടിരുന്ന ഐസ്ക്രീമും മറ്റും ഒക്കെ ആവോളം ആസ്വദിച്ച് അപഥസഞ്ചാരിയായി ജീവിച്ച് പാടിയ മനുഷ്യൻ. ജീവിതത്തിലും സംഗീതത്തിലും അറിവിെൻറയും അനുഭവത്തിെൻറയും ത്രികാലജ്ഞാനം കൊണ്ടുനടന്ന ആൾ. പഠിച്ചറിവിനെക്കാൾ പകുത്തറിവിെൻറ ഉടമസ്ഥൻ.
ഒരിക്കൽ, കാണുന്ന സമയത്ത് ഐസ്ക്യൂബുകളിട്ട് തണുപ്പിച്ചെടുത്ത ഭംഗിയുള്ള ചഷകം ഒരു കൈയിലും മറുകൈയിൽ എരിയുന്ന സിഗരറ്റുമായി സ്റ്റുഡിയോക്ക് പുറത്തു നിൽക്കുന്ന എസ്.പി.ബിയെ ഗായകൻ വേണുഗോപാൽ ആപാദചൂഡം ലളിതമായി സ്വന്തം വാക്കുകളിൽ രേഖപ്പെടുത്തുന്നുണ്ട്. കുറ്റബോധമോ അതിലുപരി ജീവിതത്തിെൻറ ഉറച്ച തീരുമാനമോ അതിലേതോ ഒന്ന് തമാശയാക്കി വേണുഗോപാലിനോട് എസ്.പി ഇങ്ങനെ പറഞ്ഞത്രെ: ''ഒരു നല്ല ഗായകനാകണമെങ്കിൽ വലിക്കരുത്. കുടിക്കരുത്. ഫോളോ ദ പാത്ത് ഓഫ് ദാസണ്ണ.''
നല്ല എന്നതിെൻറ പരമാർഥികവും പരിശുദ്ധവും ആയ അർഥത്തിലല്ല എസ്.പി.യുടെ ജീവിതവും സംഗീതവും. മഹാഗായകരുടെ മൂല്യബോധത്തിെൻറ വെള്ളിക്കോലു കെട്ടിയ അധികാരശാസനകൾക്കപ്പുറത്തേക്ക് ഈ പാട്ടുകാരൻ സഞ്ചരിച്ചു. കുട്ടിത്തത്തിെൻറ വികൃതിയും കൗമാരത്തിെൻറ സ്വപ്ന കൗതുകങ്ങളും പേറി നിത്യയൗവനത്തിെൻറ പല്ലക്കിലേറി ജനകീയ സംഗീതത്തിെൻറ കാണാക്കരകളും കടലും താണ്ടി നമ്മുടെ മൂല്യസങ്കൽപങ്ങളെയും സംഗീതത്തെ കുറിച്ചുള്ള ചിട്ടപ്പടി ധാരണകളെയും കലയുടെ സദാചാര സങ്കൽപങ്ങളെയും തിരുത്തി.
ബ്രാഹ്മണനായി ജനിച്ച ബാലസുബ്രഹ്മണ്യം ഇളയരാജയും എം.ജി.ആറും ശിവാജി ഗണേശനും രജനികാന്തും അടങ്ങുന്ന ദ്രാവിഡ മന്നന്മാരുടെ തോളിൽ കൈയിട്ട് നടന്ന് ലോകംചുറ്റും വാലിബനായി. ആടിയും പാടിയും നടിച്ചും മിമിക്രി നടത്തിയും പല പല പരകായപ്രവേശങ്ങളിൽ അവനവനെ മറന്ന് അപരനിലേക്കുള്ള പല പല മനോവഴികൾ തുറന്നിട്ടു. സ്വാതന്ത്ര്യത്തിനും പ്രണയത്തിനും പുതു പുതു കൽപനകൾ നെയ്തെടുത്തു.
ഏതൊരു ഗാനവും നിലനിൽക്കുന്നത് സംഗീതത്തിെൻറ അടിസ്ഥാനത്തിലുള്ള ചിട്ടപ്പെടുത്തലിൽ മാത്രമല്ല, മറിച്ച് അതിെൻറ സാഹിത്യം എന്നു പറയുന്ന എഴുതപ്പെട്ട വരികളിൽകൂടിയാണ്. എസ്.പി. ബാലസുബ്രഹ്മണ്യം പാടിയിരുന്നത് നൊട്ടേഷൻസിൽകൂടി ആയിരുന്നില്ല. അതായത് സംഗീതത്തിെൻറ പ്രതിനിധാത്മകമായ ഒരു ഭാഷയിൽ അതിനെ മനസ്സിലാക്കാനോ പഠിക്കാനോ പിന്നീട് അവതരിപ്പിക്കാനോ അദ്ദേഹത്തിന് അത്രകണ്ട് സാധ്യമായിരുന്നില്ല. മറിച്ച്, വരികൾ അടക്കം മനഃപാഠമാക്കി തെൻറ ഉള്ളിലെ സംഗീതം അകമ്പടിയാക്കി മനോധർമം ചേർത്ത് പാടിയെടുക്കുകയായിരുന്നു.
ഇന്ത്യൻ സംഗീതത്തിെൻറ ക്ലാസിക്കൽ സംഗീത ശാഖ വികസിച്ചുവരുന്നത് അതിെൻറ കൃത്യമായ ശാസ്ത്രീയ രീതികളിലും ചിട്ടപ്പെടുത്തലുകളിലുമാണ്. അതിലാകട്ടെ സാഹിത്യത്തിന് പ്രാധാന്യമുണ്ടെങ്കിലും സംഗീതംകൊണ്ടുള്ള ചിട്ടപ്പെടുത്തലിന് അതിനെക്കാൾ പ്രാധാന്യമുണ്ട്.
മറ്റൊന്ന് ദേശം, നാട് എന്നീ അർഥത്തിലൊക്കെ വികസിച്ചു വന്ന ഫോക് സംഗീതമാണ്. ഇതിന് പ്രാദേശിക ഭേദങ്ങൾ കാണാം. ഒപ്പം തന്നെ ചിട്ടപ്പെടുത്തലുകളുടെ വരുതിയിൽ വരാത്ത മനോധർമത്തിെൻറയും അധ്വാനത്തിെൻറയും ആലാപനംതന്നെയാണ് ഉള്ളത്. ഇന്ന രീതിയിൽ പാടണം എന്ന മുൻ നിഷ്കർഷകളില്ലാത്ത മനസ്സിലെ വരികളും സംഗീതവും ഒന്നിച്ചു ചേരുന്ന ആലാപനത്തിെൻറ സമഗ്രതയാണത്. മാത്രമല്ല സാഹിത്യമായാലും കലയായാലും സംഗീതമായാലും ഇതിെൻറ ആദി ബോധങ്ങൾ ഏതൊരു വ്യക്തിയിലും ആലേഖനം ചെയ്യപ്പെട്ടുകിടക്കുന്നുണ്ട്. എവിടെ മനുഷ്യെൻറ ചെത്തവും ചൂരുമുണ്ടോ അവിടെല്ലാം ഉയർത്തെണീക്കും എെൻറ ഗാനം എന്നു പറയുന്നതുപോലെ ഈ മനുഷ്യപ്പറ്റായിരുന്നു എസ്.പി എന്ന ഗായകെൻറ കൂടപ്പിറപ്പ്.
അതുപോലെ മറ്റൊന്ന് ഭാഷയാണ്. പല ഭാഷകൾ ഉണ്ടാകുന്നതിനു മുമ്പുള്ള ആദിരൂപത്തിലും പാട്ട് ഉണ്ടായിരിക്കാം. അധ്വാനത്തിൽനിന്നുമൊക്കെ ഉണ്ടായിവരുന്ന വായ്ത്താരികൾ അതിെൻറ താളക്രമം ഇത് സവിശേഷമായ ഭാഷയെ പ്രതിനിധാനം ചെയ്യുന്നതിനപ്പുറം മനുഷ്യെൻറ എവിടെയുമുള്ള ഒറ്റ ഭാഷയെ നാംപോലുമറിയാതെ രേഖപ്പെടുത്തിയതാകാം. പിന്നീട് മനുഷ്യനിൽനിന്ന് ഭാഷകൾ പലതായി രൂപപ്പെട്ടിട്ടുണ്ടാകാം. ഇത് പറയാൻ കാരണം എസ്.പി എന്ന ഗായകനെ വിശേഷിപ്പിക്കുന്നതുതന്നെ പല ഭാഷകളിൽ നാൽപതിനായിരത്തിലധികം പാട്ടുകൾ പാടിയ ഗായകൻ എന്ന രീതിയിലാണ്.
''തേരേ മേരേ ബീച്ച് മേം'' എന്ന് പാടുമ്പോൾ ബാലസുബ്രഹ്മണ്യം അസ്സൽ വടക്കേ ഇന്ത്യക്കാരനാണ്. ''ഇളയനിലാ പൊഴിയറുതെ'' എന്നു പാടുമ്പോൾ തമിഴെൻറ മനസ്സു തൊടുന്ന മറ്റൊരു തമിഴൻതന്നെ. ''സുവി സുവി സുവാലമ്മാ'' എന്ന് വിസ്തരിക്കുമ്പോൾ സ്വദേശിയായ തെലുങ്കൻ. ''ബലേ ബലേ ചെരുദ'' എന്നു പാടുമ്പോൾ കന്നഡിക. ഇനി ഇതൊക്കെ കഴിഞ്ഞ് ചേതോഹരമായ താരാപഥത്തെ കാണിച്ചുതരുമ്പോൾ തികഞ്ഞ മലയാളി. അങ്ങനെ കന്യാകുമാരി മുതൽ കശ്മീർ വരെ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ഗാനാലാപന വൈവിധ്യത്തിന് ഉടമയാകാൻ എസ്.പിക്ക് കഴിഞ്ഞതിെൻറ പിന്നിലുള്ള രസതന്ത്രം ഇതായിരുന്നു.
കുടുംബത്തിലേക്കും അതിെൻറ പാരമ്പര്യത്തിലേക്കും കടക്കുമ്പോൾ ആന്ധ്രയിലെ ഹരികഥാകാരനായ എസ്.പി. സാംബമൂർത്തിയുടെ മകൻ. നമ്മുടെയൊക്കെ കഥാപ്രസംഗ കലയുടെ ആദിമരൂപമാണ് ഹരികഥ. ഭക്തിനിർഭരമായി ക്ഷേത്രങ്ങളിൽ അവതരിപ്പിക്കപ്പെട്ടിരുന്ന പുരാണ കഥാഖ്യാനമാണ് ഹരികഥ. ഒരേസമയം അനർഗളമായി ഗദ്യപദ്യ സമ്മിശ്രമായി പൂരകത്വത്തോടെയുള്ള അവതരണം. അവിടെയും ചിട്ടപ്പടി സംഗീതത്തിെൻറ അകമ്പടിയില്ല.
ശങ്കരാഭരണംപോലെയുള്ള സിനിമയിലെ പാട്ടുകൾ പാടുമ്പോൾ എസ്.പിയിൽ പരമ്പരാഗതമായി വന്നു നിറയുന്ന ഹരികഥാകഥനംപോലെയുള്ള ഒന്നിെൻറ ഭക്തിനിർഭരമായ ഒഴുക്ക് കാണാൻ കഴിയും. അച്ഛനോടൊപ്പമുള്ള യാത്രകളിൽ കുട്ടിക്കാലം മുതൽ വേദികളിലെ അവതരണം കാണാനും അനുഭവിക്കാനുമുള്ള ഭാഗ്യം എസ്.പിക്ക് കിട്ടിയിരുന്നു.
നാൽപതിനായിരത്തിലധികം പാട്ടുകൾ പാടുമ്പോഴും എസ്.പിക്ക് പാടാനായി ലഭിച്ച പാട്ടുകൾക്കും സവിശേഷത ഉണ്ടായിരുന്നു എന്നു വേണം പറയാൻ. ദാർശനികതയോ തത്ത്വശാസ്ത്രമോ വിളമ്പാത്ത സാധാരണക്കാരെൻറ കൽപനകളെ, പ്രണയങ്ങളെ, ചെറിയ വിഷാദങ്ങളെ, ഭക്തിയെ ഒക്കെയായിരുന്നു അദ്ദേഹം തൊട്ടുണർത്തിയത്. അതായത് എസ്.പി എന്ന ലെജൻഡിന് വളരാൻ വെള്ളവും വളവും ആയി നിന്നതും ഇവിടത്തെ സാധാരണതകൾതന്നെ.
ഒരു അഭിനേതാവും ശബ്ദാനുകർത്താവും കൂടിയായ ഗായകെൻറ റേഞ്ച് വളരെ വലുതാണ്. പാട്ടിലെ പരകായപ്രവേശം സ്വരംകൊണ്ടും സ്വരസ്ഥാനംകൊണ്ടും മാത്രമാണെന്ന് ധരിച്ചുവശായവരാണ് നമ്മിൽ ഭൂരിഭാഗവും. എന്നാൽ ഇവിടെ ഒരു ഗായകൻ തെൻറ ശരീരവും ശാരീരവും ഒരുപോലെ ഉപയോഗപ്പെടുത്തിയാണ് ഇത്തരം ഒരു കർത്തവ്യത്തിനൊരുങ്ങുന്നത്. അത്തരം ഒന്നിെൻറ സാധ്യതകളും എസ്.പി. ബാലസുബ്രഹ്മണ്യം എന്ന ഗായകന് അനുകൂലമാവുകയായിരുന്നു.
ശങ്കരാഭരണം എന്ന സിനിമയിലെ ഗാനങ്ങൾ ശാസ്ത്രീയ സംഗീതത്തിെൻറ കൃത്യമായ ചിട്ടവട്ടങ്ങൾക്കകത്ത് ചിട്ടപ്പെടുത്തിയതല്ല. സിനിമയിലെ കഥാമുഹൂർത്തങ്ങളുമായി വൈകാരികമായി ചേർന്നുനിൽക്കുന്ന ഒപ്പം ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു ലളിത ശാസ്ത്രീയ സംഗീതംകൂടിയാണത്. അത്തരം ഒരു ജനകീയതയും അതിെൻറ ആലാപനത്തിൽ അറിയാതെതന്നെ കൈവരുകയായിരുന്നു. ഇതും ഗായകന് അനുകൂലമായ നിലപാടിലേക്ക് വഴി തെളിച്ചു. അവിടെയൊക്കെയും എസ്.പിയുടെ ജനകീയ മുദ്ര ഏറുകയായിരുന്നു.
സംഗീതത്തിലും എഴുത്തിലും പ്രണയത്തിലും ഒരു മാനസ സഞ്ചാരമുണ്ട്. അതൊക്കെയും ത്രികാലസംബന്ധിയുമാണ്. സഞ്ചാരത്തിന് ഒരു നൊമാഡിെൻറ അവധൂതഭാവമുണ്ട്.കേരളത്തിെൻറ വടക്ക് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഒറ്റ ഹാർമോണിയപ്പെട്ടിയുടെ സൗഹൃദത്തിൽ വിടർന്നിരുന്ന യാത്രകളും സംഗീതനിശകളും ഇവിടെ ചേർത്തുവെക്കാവുന്ന ഒന്നാണ്.
ഹിന്ദുസ്ഥാനി സംഗീതവും ഗസലുകളും കോഴിക്കോടന്‍ രാവുകളെ സംഗീത സാന്ദ്രമാക്കുന്നതുപോലെതന്നെ മുഹമ്മദ് റഫി, കിഷോര്‍കുമാര്‍, തലത്ത് മഹമൂദ്, ഹേമന്ത്, മന്നാഡേ തുടങ്ങിയവരുടെ ശ്രുതിമധുരമായ അനശ്വര ഗാനങ്ങളും ഈ നഗരം എന്നും ഹൃദയത്തിലേറ്റിയിരുന്നു. സംഗീതംപോലെ തന്നെയാണ് കോഴിക്കോടിന് ഫുട്ബാളും. പുല്‍മൈതാനങ്ങളിലെ നാടന്‍ പന്തുകളി മുതല്‍ ഫിഫ വേള്‍ഡ് കപ്പ് വരെ കോഴിക്കോട്ടുകാര്‍ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്. ഇതു പറയാൻ കാരണം സംഗീതത്തെയും കാൽപ്പന്തിനെയും ഒരുപോലെ വരവേൽക്കുക എന്നതിൽ കുടികൊള്ളുന്ന ജനകീയവികാരമാണ്. എക്സ്പ്രഷനോടുകൂടി പാടാൻ തനിക്കു പ്രചോദനം മുഹമ്മദ് റഫി ആണെന്ന് എപ്പോഴും അദ്ദേഹം പറഞ്ഞിരുന്നു. എക്സ്പ്രഷൻ എന്ന വാക്ക് എസ്.പി മുഹമ്മദ് റഫി എന്ന ഗായകനുമായി ചേർത്തുപയോഗിക്കുക പതിവായിരുന്നു. തന്നെ ജീവിതത്തിൽ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ഗായകനും ഇല്ലെന്ന് എസ്.പി പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
കൊണ്ടും കൊടുത്തും കേട്ടും ഉണ്ടാക്കിയെടുത്ത സംഗീതത്തിെൻറ ജനകീയമായ ഒരു സംസ്കാരം കോഴിക്കോടിനുണ്ട്. എന്നാൽ അത് കോഴിക്കോടിനു മാത്രമല്ല. മറിച്ച്, ലോകത്തെവിടെയും സംഗീതത്തെ മനസ്സു തുറന്ന് സ്നേഹിക്കുന്ന മനുഷ്യർക്കിടയിൽ ഉള്ളതാണ് എന്നുകൂടി പറയട്ടെ. ഇത്തരമൊരു സംസ്കാരമാണ് എസ്.പി. ബാലസുബ്രഹ്മണ്യം എന്ന ഗായകൻ ജനങ്ങളെ നെഞ്ചിലേറ്റിയതിനു പിന്നിലും അവർ ഈ ഗായകനെ നെഞ്ചിലേറ്റിയതിനു പിന്നിലും.
''പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ...''പണ്ടത്തെ മെഹ്ഫിൽ ഗാനമേള വേദികളിൽനിന്ന് ഉയർന്നുകേട്ട ആ ഗാനം വീണ്ടും എസ്.പി. ബാലസുബ്രഹ്മണ്യം എന്ന ഗായകെൻറ അവധൂത ജന്മം മുൻനിർത്തി നാം ചോദിച്ചുപോകുന്നു.
അതെ, എത്ര ജന്മം കിട്ടിയാലാണ് ഈ ഗായകനെ നമ്മൾ കൊതിതീരുന്നതുവരെ സ്നേഹിക്കുകയും കേൾക്കുകയും ചെയ്യുക? മലയാളത്തിലെ കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി ''താരാപഥം ചേതോഹരം'' എന്ന പാട്ടിെൻറ റെക്കോഡിങ് വേളയിലാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തെ കാണുന്നത്. മലയാളം പാട്ടിലെ ഓരോ വരികളും അതിെൻറ ഉച്ചാരണവും ശ്രദ്ധാപൂർവം ഗോപിയോടും സഹഗായികയായ ചിത്രയോടും ചോദിച്ചറിയുന്ന എസ്.പി.
പി.കെ. ഗോപി ഒരു കാര്യം എടുത്തുപറയുന്നുണ്ട്. ഒരു ചെങ്കുറിഞ്ഞിപ്പൂവിൻ എന്നതിലെ ഞ്ഞി ങ്ങി ആയി ഉച്ചരിക്കുന്ന, അതുപോലെ മൃദുചുംബനങ്ങൾ എന്നതിലെ ങ്ങ ങ്ക ആകുന്നു. ചുംബനങ്കൾ ചുംബനങ്ങൾ ആയി ഉച്ചരിക്കാൻ കുട്ടിയെപോലെ പാടു പെടുന്ന എസ്.പി. ആലാപനത്തിെൻറ മികവിലും ഓരോ തവണ ഉച്ചാരണത്തിൽ വരുന്ന പ്രശ്നങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്ന ഇങ്ങനെയൊരു ഗായകനെ ഗോപി ആദ്യമായി കാണുകയായിരുന്നു.
എല്ലാം പാടി കഴിഞ്ഞപ്പോൾ ഗാനരചയിതാവിനും മറ്റുള്ളവർക്കും ഒരു കാര്യം മനസ്സിലായി - എസ്.പിയുടെ തമിഴ് ഭാഷയുടെ ഓമനത്തമുള്ള ഉച്ചാരണം ആ പ്രേമഗാനത്തിെൻറ ഓമനത്തം വർധിപ്പിക്കുകയാണ് ചെയ്തത്.
സംഗീതത്തിനും ഭാഷക്കുമപ്പുറം അവധൂതനായ ഗായകൻ പാടുന്നു: ''താരാപഥം ചേതോഹരം - പ്രേമാമൃതം പെയ്യുന്നിതാ...''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.