രണ്ട് സംസ്ഥാന അവാർഡുകൾ നേടിയ ചലച്ചിത്രസംവിധായകനാണ് സുരേഷ് ഉണ്ണിത്താൻ. 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' മുതൽ 'മൂന്നാം പക്കം' വരെ പന്ത്രണ്ട് സിനിമകളിൽ പത്മരാജന്റെ സംവിധാനസഹായിയായി പ്രവർത്തിച്ച ശേഷമാണ് 1989ൽ 'ജാതകം' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. ആ വർഷത്തെ നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് സുരേഷ് ഉണ്ണിത്താനായിരുന്നു. 2013ൽ സംവിധാനംചെയ്ത 'അയാൾ' എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പരാമർശം ഉൾപ്പെടെ, അഞ്ച് പുരസ്കാരങ്ങളാണ് ലഭിച്ചത്.
ആദ്യ ചിത്രമായ 'ജാതക'വും 'മുഖചിത്ര'വും 'ഉത്സവമേള'വും 'ആർദ്ര'വും 'ഭാഗ്യവാനു'മൊക്കെ തിയറ്ററിൽ നന്നായി ഓടിയെങ്കിലും കച്ചവട സിനിമ കാര്യമായി പരിഗണിക്കാതെ പോയ സംവിധായകനാണ് 12 ചിത്രങ്ങളൊരുക്കിയ സുരേഷ് ഉണ്ണിത്താൻ. ഇടക്കാലത്ത് സീരിയലിലേക്ക് തിരിഞ്ഞെങ്കിലും ദീർഘകാലത്തെ ഇടവേളക്കു ശേഷം കഴിഞ്ഞ വർഷം തമിഴ് നടൻ ഭരത് നായകനായ 'ക്ഷണ'ത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. 1958ൽ പന്തളത്ത് പരമേശ്വരൻ ഉണ്ണിത്താന്റെയും ഭാരതിയമ്മയുടെയും മകനായി ജനിച്ച ഉണ്ണിത്താന്റെ മനസ്സിൽ കുട്ടിക്കാലം തൊട്ടേ നാടകവും സിനിമയുമായിരുന്നു. സിനിമ നൽകിയ ഭാഗ്യനിർഭാഗ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സുരേഷ് ഉണ്ണിത്താൻ.
സിനിമയിൽ എത്തുന്നത് എങ്ങനെയാണ്?
പി. ചന്ദ്രകുമാർ സംവിധാനംചെയ്ത 'അസ്തമയം' എന്ന ചലച്ചിത്രത്തിന്റെ എഡിറ്റിങ്ങിൽ സഹായിയായാണ് ഞാൻ സിനിമാ ജീവിതം തുടങ്ങുന്നത്. മധുസാറിന്റെ ഉമാസ്റ്റുഡിയോയിലായിരുന്നു എഡിറ്റിങ്. ആ ചിത്രത്തിന്റെ നിർമാതാവും നായകനും മധുസാറായിരുന്നു. അച്ഛെന്റ ശിപാർശയിലാണ് ആ അവസരം ലഭിച്ചത്. പക്ഷേ, സംവിധായകനാകാനായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ട്, ഉമാ സ്റ്റുഡിയോയിൽ തുടർന്നില്ല. മലയാള ചലച്ചിത്രമേഖലയിൽ എനിക്ക് പ്രചോദനമായത് ആദ്യകാലത്ത് സംവിധായകൻ സേതുമാധവന്റെ ചിത്രങ്ങളാണ്. വാഴ് വേ മായം, അടിമകൾ തുടങ്ങിയ അനശ്വര ചിത്രങ്ങൾ. പിന്നങ്ങോട്ട് പി.എൻ. മേനോനോടായി ആരാധന. 'ചെമ്പരത്തി'യും 'ഓളവും തീരവും' 'കുട്ടിയേടത്തി'യും എന്നെ വല്ലാതെ സ്വാധീനിച്ചു. പിന്നീടെനിക്ക് ഇഷ്ടം തോന്നിയത് ഭരതൻ-പത്മരാജൻ ചിത്രങ്ങളോടാണ്. ആയിടക്ക് നാടകരംഗത്ത് എന്റെ ഗുരുനാഥനായിരുന്ന വെളിയം ചന്ദ്രനെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒന്ന് രണ്ട് നാടകങ്ങളിൽ ഞാൻ അഭിനയിച്ചു. കൊട്ടാരക്കര ശ്രീധരൻ നായർ, മല്ലിക, ജഗതി ശ്രീകുമാർ, ആനന്ദവല്ലി, ചവറ വി.പി. നായർ തുടങ്ങിയ നാടകത്തിലെ അതികായർക്കൊപ്പമാണ് ഞാൻ അഭിനയിച്ചിരുന്നത്.
വെളിയം ചന്ദ്രൻ പിന്നീട് സംവിധാനം ചെയ്ത 'ഇതും ഒരു ജീവിതം' എന്ന ചിത്രത്തിൽ ഞാൻ സംവിധാനസഹായിയായി. അന്നത്തെ സൂപ്പർസ്റ്റാർ സുകുമാരനായിരുന്നു നായകൻ. ജോസ് കല്ലൻ സംവിധാനം ചെയ്ത 'വെളിച്ചമില്ലാത്ത വീഥി'യിലും സംവിധാന സഹായിയായി. അവിടെ സ്വതന്ത്രമായി സീനുകൾ എടുക്കാനുള്ള അവസരവും ലഭിച്ചു. മേനകയും വേണു നാഗവള്ളിയുമായിരുന്നു നായികാനായകന്മാർ. ഇതും ഒരു ജീവിതവും, വെളിച്ചമില്ലാത്ത വീഥിയും വർക്ക് ചെയ്തതോടുകൂടി ഞാൻ ആശയക്കുഴപ്പത്തിലായി. കാരണം എന്റെ മനസ്സിലുള്ള ചിത്രങ്ങളിലല്ല വർക്ക് ചെയ്തത്. അടിസ്ഥാനപരമായി സിനിമ എങ്ങനെ ആയിരിക്കണമെന്ന് പഠിക്കേണ്ടത് ആവശ്യമാണെന്ന് ഉറപ്പിച്ചു. ആയിടക്ക് ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തു. എൻ.എസ്.എസിന്റെ സ്പോൺസർഷിപ്പിൽ സുനിൽ പരമേശ്വരൻ നിർമിച്ച 'വേലുത്തമ്പി ദളവ'. ആ ഡോക്യുമെന്ററി മോശമായില്ലെങ്കിലും ശ്രദ്ധേയമായില്ല.
പത്മരാജെന്റ സംവിധാന സഹായിആയാണല്ലോ തുടക്കം? പത്മരാജനിലേക്ക് എത്തുന്നത് എങ്ങനെയാണ്?
മനസ്സ് നിറയെ ഭരതൻ, പത്മരാജൻ ചിത്രങ്ങളായിരുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച എനിക്ക് യാഥാസ്ഥിതികരെന്ന് മറ്റുള്ളവർ വിശ്വസിക്കുന്ന അച്ഛനും അമ്മയുമാണ് സപ്പോർട്ട് ചെയ്തത്. അച്ഛൻ അധ്യാപകനായിരുന്നു. സർവിസിൽനിന്ന് വിരമിച്ച ശേഷവും കുട്ടികൾക്ക് ക്ലാസെടുക്കാറുണ്ടായിരുന്നു. പത്മരാജൻ സാറിന്റെ മകൾക്ക് അച്ഛൻ ട്യൂഷനെടുക്കാറുണ്ടായിരുന്നു. ചേട്ടൻ സോമശേഖരനും പത്മരാജൻ സാറും സുഹൃത്തുക്കളാണ്. അമ്മ പറഞ്ഞതനുസരിച്ച്, ചേട്ടനാണ് പത്മരാജൻ സാറിനോട് എന്റെ കാര്യം അവതരിപ്പിച്ചത്. പത്മരാജൻ സാറിനെ വീട്ടിൽ പോയി കണ്ടു. 'നവംബറിന്റെ നഷ്ടം' റിലീസായ ശേഷമായിരുന്നു അത്. അടുത്ത ചിത്രം 'കൂടെവിടെ' തുടങ്ങുമ്പോൾ എന്നെ വിളിക്കുമെന്ന് കരുതി. പക്ഷേ, വിളിച്ചില്ല. 'കൂടെവിടെ' ഷൂട്ടിങ്ങിന്റെ തുടർച്ചയായി സുപ്രിയയുടെ 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' ഷൂട്ടിങ് തുടങ്ങുന്ന വിവരം എവിടെന്നോ എനിക്ക് ചോർന്നുകിട്ടി. ഒട്ടും വൈകിയില്ല നേരെ വിട്ടു സാറിന്റെ വീട്ടിലേക്ക്. വീട്ടിലെത്തി രാധാലക്ഷ്മി ചേച്ചിയെ കണ്ടു. അങ്ങോട്ട് ഒന്നും പറയും മുമ്പ് ചേച്ചി ഇങ്ങോട്ട് പറഞ്ഞു: ''എന്തായാലും വന്നതു നന്നായി. ഞാൻ ഉണ്ണിത്താനെ നോക്കിയിരിക്കയായിരുന്നു. ഉടനെ തൃത്താലയിലേക്ക് പോകൂ. അരപ്പട്ട കെട്ടിയ ഗ്രാമത്തിന്റെ ലൊക്കേഷനിലേക്ക്. രാജേട്ടൻ ഫോൺ ചെയ്തപ്പോൾ പറഞ്ഞിരുന്നു.''
കണിശക്കാരനായ സംവിധായകനാണല്ലോ പത്മരാജൻ. പത്മരാജെൻറ കൂടെയുള്ള അനുഭവങ്ങൾ എങ്ങനെയായിരുന്നു?
മലയാളത്തിലെ എണ്ണപ്പെട്ട ഒരു എഴുത്തുകാരന്റെ, ചലച്ചിത്രസംവിധായകന്റെ സഹായി ആയിത്തീരുക. എന്നെപോലൊരു ശരാശരി സിനിമാക്കാരന് സ്വപ്നംപോലും കാണാൻ കഴിയാത്ത കാര്യം. ഇതെന്റെ ജീവിതത്തിലെ വിഴിത്തിരിവായിത്തീരുമെന്നു തോന്നി. പ്രസിദ്ധ ബാനറായ സുപ്രിയക്കുവേണ്ടി ഹരി പോത്തനാണ് 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' നിർമിച്ചത്. പത്മരാജൻ സാറിന്റെ കഥയും തിരക്കഥയും സംഭാഷണവും. മമ്മൂട്ടിയും നെടുമുടി വേണുവും അശോകനും പുതുമുഖം ഗോമതിയും ഒക്കെ ചിത്രത്തിൽ ഉെണ്ടങ്കിലും സുകുമാരി അമ്മ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഒപ്പം അച്ചൻകുഞ്ഞും ഫയൽവാൻ റഷീദും ഒക്കെയുണ്ട്. ജഗതിയാണ് മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം. സുകുമാരി അമ്മയുടെ മാളു അമ്മ അതിഗംഭീരംതന്നെയായിരുന്നു. മറ്റു സാങ്കേതിക വിഭാഗക്കാർ -കാമറ പ്രസിദ്ധനായ ഷാജി എൻ. കരുൺ, എഡിറ്റർ ബി. ലെനിൻ, വി.ടി. വിജയൻ, സംഗീതം ഗുണസിങ്.
തികച്ചും റിയലിസ്റ്റിക് ആയ ചിത്രം. ഒരു രാത്രിയും പകലും പിന്നൊരു രാത്രിയും അടുത്ത പകലുംകൊണ്ട് ചിത്രം പൂർണമാകുന്നു. വളരെ സത്യസന്ധമായിട്ടുള്ള സീനുകളാണ് ചിത്രത്തിലുള്ളത്. അത് തന്മയത്വമായി ആർട്ടിസ്റ്റുകൾ അവതരിപ്പിക്കുകയും അതേ അർഥത്തിൽ ഫിലിമിലാക്കുകയും ചെയ്തു ഷാജി എൻ. കരുൺ. വളരെ നീളം കൂടിയ ട്രാക്ക് ഷോട്ടുകൾ ഒത്തിരി ടേക്കുകൾ എടുക്കേണ്ടിവന്നു, പെർഫക്ഷനുവേണ്ടി. താരതമേന്യ നിലവാരം കുറഞ്ഞ യൂനിറ്റായിരുന്നു വർക്ക് ചെയ്യാൻ കൊണ്ടുവന്നത്. അതുകൊണ്ടു തന്നെ േട്രാളി ട്രാക്കിന് ഭയങ്കര ജർക്കിങ്. ലൈറ്റുകൾ കൃത്യമായ അളവിനുള്ള വെളിച്ചം പ്രസരിപ്പിച്ചില്ല. പക്ഷേ പത്മരാജൻ സാർ ആയതുകൊണ്ട് കാമറാമാന് ഒന്നും പറയാൻ വയ്യ. എന്നാൽ അതിന്റെ അമർഷം പലപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. ഷൂട്ടിങ് തുടങ്ങിയെങ്കിലും സ്ക്രിപ്റ്റ് അതുവരെ പകർത്തി എഴുതിയിട്ടുണ്ടായിരുന്നില്ല. ഷൂട്ടിങ്ങിന്, ഷൂട്ടിങ് സ്ക്രിപ്റ്റ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ടായി. ലൊക്കേഷനിൽനിന്ന് കറങ്ങുന്ന ഗ്ലാമർവിട്ട് പുറത്ത് വന്ന് പകർത്തി എഴുതുന്ന ജോലി ചെയ്യാൻ സംവിധാനസഹായികൾ ആരും തയാറായില്ല. സാർ എന്നോടു ചോദിച്ചു: ''സ്ക്രിപ്റ്റ് തെറ്റു കൂടാതെ പകർത്തി എഴുതാൻ കഴിയുമോ'' എന്ന്. ''ഞാൻ ചെയ്തോളാം'' എന്ന് ഒറ്റയടിക്ക് ഉത്തരവും പറഞ്ഞു. സ്ക്രിപ്റ്റ് പകർത്തി എഴുതി തുടങ്ങി. ഷൂട്ടിങ് ലൊക്കേഷനിൽ ഒരിടത്ത് മാറിയിരുന്ന് വളരെ വേഗം ഞാൻ ആ ജോലി ചെയ്തുതീർത്തു. അവിടന്നങ്ങോട്ട് കരിയറിന്റെ ഉയർച്ചയായിരുന്നു. അക്ഷരത്തെറ്റില്ലാതെ ഞാൻ കോപ്പി ചെയ്ത സ്ക്രിപ്റ്റ് അദ്ദേഹത്തിന് ഇഷ്ടമായി. ആ അംഗീകാരം എനിക്ക് സെറ്റിൽ ഗുണംചെയ്തു. െപ്രാഡ്യൂസർ ഹരിപോത്തനും കാമറാമാൻ ഷാജിയും സാറും എന്തിനും എന്നേ വിളിക്കൂ.
തുടക്കക്കാരനു കിട്ടിയ ഈ പരിഗണന മറ്റുള്ളവർക്ക് പ്രശ്നമായില്ലേ?
ഭയങ്കര പ്രശ്നമായി. സീനിയർ കക്ഷികൾക്ക് അത് രസിച്ചില്ല. എന്നെ ട്രാപ്പ് ചെയ്യാൻ അവർ അവസരം കാത്തിരുന്നു. സെറ്റിൽ ഞാൻ എന്നും വളരെ ഇൻവോൾവ്ഡായിരുന്നു. അങ്ങേയറ്റം അച്ചടക്കം പാലിക്കാൻ ശ്രദ്ധിച്ചിരുന്നു. എന്റെ സീനിയേഴ്സ് കളിതമാശ കാണിച്ച് രംഗം വഷളാക്കുമ്പോൾ എനിക്ക് അത് തീരെ സഹിക്കാതായി. തന്നെയുമല്ല ഷൂട്ടിങ് വളരെ ഇഴഞ്ഞാണ് തീരുന്നതും. സംവിധായകന്റെ കുഴപ്പംകൊണ്ടല്ല കോഓഡിനേഷന്റെ പ്രശ്നമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. ചാർട്ടിങ്, പ്ലാനിങ് ഒക്കെ കുഴഞ്ഞു. അടുത്തടുത്ത സീനുകൾ തമ്മിൽ വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട് ഫോട്ടോഗ്രഫിയിലും ആക്ടിങ്ങിലും കോസ്റ്റ്യൂമിലും കണ്ടിന്യൂയിറ്റി വളരെ നിർബന്ധമായിരുന്നു. എന്നാൽ അതൊട്ടും ശ്രദ്ധിക്കാത്ത സീനിയേഴ്സിന്റെ പെരുമാറ്റം പലപ്പോഴും സെറ്റിൽ അത് ബുദ്ധിമുട്ടുണ്ടാക്കി. രണ്ടാം ദിവസം മുതൽ സാർ താമസിക്കുന്ന ഹോട്ടലിൽതന്നെ എനിക്കും ഒരു മുറികിട്ടി. അത് എന്റെ സീനിയേഴ്സിന് ഒട്ടും രസിച്ചില്ല.
പിന്നെ കണ്ടിന്യൂവിറ്റി സംബന്ധമായി ഞാൻ പറഞ്ഞ കാര്യങ്ങൾ കാമറാമാൻ ശരിവെച്ചതും അവരെ കൂടുതൽ ചൊടിപ്പിച്ചു. ഒരുദിവസം മദ്യപിച്ച് അബോധാവസ്ഥയിലായ അവർ എന്റെ മുറിയിൽ വന്ന് എന്നോട് കൊരുത്തു. ഞാനും വിട്ടില്ല. ശബ്ദം കേട്ട് അടുത്ത മുറികളിലെ വാതിലുകൾ തുറക്കപ്പെട്ടു. ഫയൽവാൻ റഷീദും ഫിലോമിന ചേച്ചിയും രംഗത്തിന് സാക്ഷികളായി. സംസാരത്തിനിടയിൽ സീനിയേഴ്സിൽ ഒരാൾ എന്തോ അനാവശ്യം പറഞ്ഞു. പെട്ടെന്ന് എന്റെ കണ്ണുകളിൽ ഇരുട്ടുകയറി. ഞാൻ അയാളുടെ കരണം നോക്കി രണ്ടെണ്ണം പൊട്ടിച്ചു. കൂട്ടപ്പൊരിച്ചിലിനിടെ എന്റെ ചവിട്ടുകൊണ്ട്, ഞാൻ കിടക്കുന്ന കട്ടിലിന്റെ ചാര് ഇളകിപ്പോയി. ഞാൻ കരുതി എല്ലാം അവസാനിച്ചു. സാർ എന്റെ ചീട്ട് കീറിയതുതന്നെ. സീനിയേഴ്സിനെ തല്ലി എന്ന പേരുദോഷവും വാങ്ങിച്ചുകൂട്ടി. സംഭവം സാർ അറിഞ്ഞു. വിശദമായ ചോദ്യംചെയ്യൽ ഒന്നും ഉണ്ടായില്ല. അതിനുമുമ്പേ ഫിലോമിന ചേച്ചി ശക്തമായി എനിക്ക് വേണ്ടി വാദിച്ചു. ഒപ്പം ഫയൽവാൻ റഷീദും പൂജപ്പുര രാധാകൃഷ്ണനും. സാർ ഒന്ന് അമർത്തിമൂളി എന്നോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു. വലിയ ഒരു എഴുത്തുകാരനും സംവിധായകനും മാത്രമല്ല വലുപ്പമുള്ള ഒരു മനസ്സിന് ഉടമകൂടിയാണ് പത്മരാജൻ സാർ.
'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' പക്ഷേ, ഇടക്ക് ഷൂട്ട് മുടങ്ങിയില്ലേ? വർഷങ്ങൾക്കു ശേഷം ഷൂട്ടിങ് പുനരാരംഭിച്ചപ്പോൾ പ്രശ്നങ്ങളുണ്ടായില്ലേ?
െപ്രാഡക്ഷന്റെ അവസ്ഥ മോശമായിരുന്നു. സാറും അത്ര ഫോമിലായിരുന്നില്ല. ഷൂട്ടിങ് ഇഴഞ്ഞാണ് നീങ്ങിയത്. തിങ്കളാഴ്ച നല്ല ദിവസത്തിന്റെ ഷൂട്ടിനടുത്ത സമയത്ത് എപ്പോഴോ ആണ് അരപ്പട്ട സെക്കൻഡ് ഷെഡ്യൂൾ വന്നത്. ശരിക്കും പേടി തോന്നി. മിനിറ്റുകളുടെ വ്യത്യാസത്തിൽ വർക്കൗട്ട് ചെയ്യേണ്ട സീനുകൾ വർഷങ്ങളുടെ വ്യത്യാസത്തിൽ ഷൂട്ട് ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഉൗഹിക്കാവുന്നതല്ലേ ഉള്ളൂ. ആർട്ടിസ്റ്റുകളുടെ രൂപം മാറി. കാമറാമാൻ മാറി. പഴയ അസിസ്റ്റന്റ്സ് എല്ലാം മാറിപ്പോയി. ഷെഡ്യൂളിൽ ഞാനും പൂജപ്പുര രാധാകൃഷ്ണനും മാത്രം. പണ്ട് ഷൂട്ട് ചെയ്തത് ഈസ്റ്റ്മാനിൽ ആണെങ്കിൽ ഇപ്പോൾ അത് ഗവേർട്ട് എന്ന ഫിലിമിലാണ്. പണ്ട് രാധാകൃഷ്ണൻ അസിസ്റ്റന്റും അല്ല. കാമറാമാൻ വേണു ആണ് ഏറ്റവും കുഴങ്ങിയത്. ഷോട്ട് ടു ഷോട്ട് ലൈറ്റിങ് കണ്ടിന്യൂയിറ്റി എങ്ങനെ കണ്ടെത്തും. ക്ലാസിക് ജനുസ്സിൽ ഉള്ള പടം ആണ്. സ്ട്രിക്റ്റ് ആയിട്ട് അതൊക്കെ നോക്കിയില്ലെങ്കിൽ ആകെ ബോറാകും. അവിടെ ഞാൻ നമിക്കുന്നത് പത്മരാജൻ സാറിന്റെ ചങ്കൂറ്റമാണ്; അല്ല നിശ്ചയദാർഢ്യമാണ്. 'നദി'യും 'കരകാണാകടലും' 'രതിനിർവ്വേദ'വും നിർമിച്ച ഹരിപോത്തനാണ് 'അരപ്പട്ട'യും െപ്രാഡ്യൂസ് ചെയ്തത്. ഹരിപോത്തൻ-പത്മരാജൻ ടീമിന്റെ മനപ്പൊരുത്തമാണ് 'അരപ്പട്ട' പൂർത്തീകരിക്കാൻ കാരണം. പുതിയ പ്ലാനിങ് അനുസരിച്ച് 'അരപ്പട്ട' തീരാൻ ഇരുപത് ദിവസം എടുക്കും. പക്ഷേ ആകെ ഉള്ളത് പത്ത് ദിവസം. മമ്മൂട്ടിയും നെടുമുടി വേണുവും അന്ന് വല്ലാത്ത തിരക്കിലാണ്. സുകുമാരി അമ്മയും അതെ. ഇരുപത് ദിവസംകൊണ്ട് ഷൂട്ട് ചെയ്യാനുള്ളത് പത്ത് ദിവസംകൊണ്ട് എങ്ങനെ തീരും. എന്റെ സംശയം അതായിരുന്നു. സാർ പറഞ്ഞു, എങ്ങനെയും പത്ത് ദിവസംകൊണ്ട് തീർക്കാം, അല്ലെങ്കിൽ പടം വഴിയിൽ ആയിപ്പോകും. െപ്രാഡ്യൂസറുടെ ഭാഗത്തുനിന്നുള്ള പ്രഷർകൂടി ആയപ്പോൾ വീണ്ടും ചാർട്ട് ചെയ്യേണ്ടിവന്നു. അഞ്ച് ദിവസം രാവും പകലും ഷൂട്ട് ചെയ്താലേ തീരൂ. അങ്ങനെയായിരുന്നു പുതിയ ചാർട്ട്. അതിന്റെ പത്തിരട്ടി വേഗത്തിൽ ആണ് ഇത്തവണ സാർ ഷൂട്ട് ചെയ്തത്. എന്നാൽ പെർഫെക്ഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. കഴിഞ്ഞ ഷെഡ്യൂളിൽ ഷൂട്ട് ചെയ്ത സീനുകളുടെ െഫ്രയിംസ് എഡിറ്റിങ്ങിൽനിന്നും കട്ട് ചെയ്തുകൊണ്ടുവന്ന് ലെൻസ് വച്ച് നോക്കിയാണ് വേണു ലൈറ്റ് ചെയ്തത്. കഴിഞ്ഞ ഷെഡ്യൂളിൽ കാമറാമാൻ ഷാജി സാറിന്റെ അസിസ്റ്റന്റ് ആയിരുന്നതുകൊണ്ട് സീനുകളെകുറിച്ച് വ്യക്തമായ ധാരണ വേണുവിനുണ്ടായിരുന്നു. സുകുമാരി അമ്മക്കു മാത്രം വലിയ വ്യത്യാസമില്ല. അച്ഛൻകുഞ്ഞിനും ഗോമതിക്കും നെടുമുടിയും അശോകനും ആകെ മാറി. അവരുടെ തലമുടിയും മീശയുമൊക്കെ പരമാവധി അഡ്ജസ്റ്റ് ചെയ്തു. ഇന്നു 'അരപ്പട്ട' കണ്ടാൽ മുമ്പ് എടുത്തത് ഏത്, വർഷങ്ങൾ കഴിഞ്ഞ് എടുത്തത് ഏത് എന്ന് തിരിച്ചറിയാൻ പറ്റുകയില്ല. അത്രമാത്രം പെർഫെക്ഷനിലാണ് പത്മരാജൻ സാർ പടം പൂർത്തിയാക്കിയത്.
പത്മരാജനെ വിട്ട് സ്വതന്ത്രസംവിധായകനാകാനുള്ള ധൈര്യം കൈവരുന്നത് എപ്പോഴാണ്?
വിവാഹശേഷം സ്വതന്ത്രമായി ഒരു ചിത്രം ചെയ്യാം എന്ന ആലോചനയിലായിരുന്നു. അതിപ്രഗല്ഭരായ മഹാരഥന്മാരുടെ കൂടെ അസിസ്റ്റന്റായി വർക്ക് ചെയ്യുമ്പോൾ അവരുടെ തിളക്കത്തിൽ സഹായികളൊക്കെ ശ്രദ്ധിക്കപ്പെടാതെ മങ്ങിപ്പോകും. ഞാൻ പലരോടും ഒരു പടം ചെയ്യാനായി റിക്വസ്റ്റുമായി സമീപിച്ചപ്പോൾ ആരും പിടിതന്നില്ല, കാരണം പത്മരാജന്റെയും ഭരതന്റെയും ചിത്രങ്ങളിൽ സഹസംവിധായകൻ അല്ലെങ്കിൽ സംവിധാന സഹായിയുടെ കോൺട്രിബ്യൂഷൻ എന്ത്, എന്നു ചോദിച്ച് ഒഴിവാക്കുകയായിരുന്നു. നമ്മുടെ മിടുക്കു കാണിക്കാനുള്ള അവസരം ഒന്നും ഇവരുടെ ചിത്രങ്ങളിൽ സഹായിയായി കൂടിയാലും കിട്ടില്ല. അവരുടെ പടം എങ്ങനെ വേണമെന്നുള്ള പൂർണധാരണ അവർക്ക് മാത്രമാണെന്ന് സാരം. എവിടെയും അഭിമാനത്തോടെ പറയാം, പത്മരാജൻ സാറിന്റെ സഹായി ആണെന്ന്. പക്ഷേ അവസരം ചോദിക്കുമ്പോൾ സംഗതി കുഴയും. എന്തായാലും പത്മരാജൻ സാറിന്റെ സഹായി എന്ന ലേബലിലാണ് എനിക്ക് ആദ്യ ചിത്രം കിട്ടിയത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിയും മുമ്പായിരുന്നു 'മൂന്നാംപക്കം' തുടങ്ങിയത്. അതിൽ വർക്ക് ചെയ്യേണ്ടെന്നായിരുന്നു തീരുമാനം. വിവരം സാറിന്റെ ചെവിയിൽ എത്തി. സാർ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. ഞാൻ കാര്യം പറഞ്ഞു. സാർ ഈ പടത്തിൽ ഞാൻ ഇല്ല. എന്നെ ഒഴിവാക്കണം. സാർ ചിരിച്ചുകൊണ്ടു പറഞ്ഞു, അതൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ല. ഒഴിവാക്കുന്നതും മറ്റൊരാളെ െവക്കുന്നതും ഒന്നും. പക്ഷേ നിങ്ങളുടെ ഈ തീരുമാനത്തിന്റെ മണ്ടത്തരമാണ് ഞാൻ ആലോചിച്ചത്. ഇപ്പോൾ പൈസക്ക് അത്യാവശ്യമുള്ള സമയമല്ലേ. വർക്ക് ചെയ്യാതെ മാറിനിന്നാൽ കഷ്ടമല്ലേ, വെറുതെ വിഡ്ഢിത്തം കാണിക്കാതെ വന്ന് വർക്ക് ചെയ്യ്. അങ്ങനെ ഞാൻ 'മൂന്നാംപക്കം' വർക്ക് ചെയ്യാൻ എത്തി. പക്ഷേ, ആ പടം പൂർത്തിയാകും മുമ്പ് എനിക്ക് പത്മരാജൻ സാറുമായി പിരിയേണ്ടിവന്നു.
അന്നത്തെ ഒരു അസിസ്റ്റന്റ് ഡയറക്ടറെ തല്ലിയതാണ് അതിനു കാരണമെന്നു കേട്ടിട്ടുണ്ട്?
ശരിയാണ്. നിർമാതാവിന്റെ കൂടെ എപ്പോഴും സെറ്റിൽ വരുന്ന ഒരു കക്ഷിയുണ്ടായിരുന്നു. ഏതോ സ്വകാര്യ ബാങ്കിന്റെ ആളാണ്. യൂനിറ്റിലുള്ളവരോടൊക്കെ വെറുതെ ചൊറിയും. എന്നെ ചൊറിയാൻ വരുമ്പോഴൊക്കെ പ്രശ്നമുണ്ടാക്കരുതെന്നു കരുതി ഞാൻ ഒഴിഞ്ഞുമാറും. ഒരുദിവസം ഞങ്ങൾ ഉടക്കി. അയാൾ എന്തോ വൃത്തികേട് പറഞ്ഞപ്പോൾ, ഞാനൊരു ചവിട്ടു കൊടുത്തു. അയാളുടെ കൂടെ വന്ന ശിങ്കിടികൾ എന്നെ അടിക്കാൻ വന്നു. ഞാനും രാധാകൃഷ്ണനും വേണുവും കൂടി അവരെ വിരട്ടി പറഞ്ഞുവിട്ടു. അപ്പോഴാണ് സാറിന്റെ സഹായിയായിരുന്ന ബ്ലെസി എത്തിയത്. വലിയ ധാർമികരോഷത്തോടെ ആണ് കക്ഷിയുടെ വരവ്. ''ഛെ... എന്തായിത് വളരെ മോശമായിപ്പോയി'' എന്ന് ബ്ലെസി പറഞ്ഞതും ഞാൻ ചെകിട്ടത്ത് ഒന്ന് കൊടുത്തു. ഞാൻ ഭയങ്കര ഇമോഷനലായി നിൽക്കുകയായിരുന്നു. ഇത്തരം ഒരു പ്രതികരണം എന്നിൽനിന്നും ബ്ലെസി പ്രതീക്ഷിച്ചില്ല. മുഖംപൊത്തിപ്പിടിച്ചുകൊണ്ട് ബ്ലെസി ഓടി. പക്ഷേ അത് സാറിന്റെ അടുത്തേക്കായിരിക്കും എന്ന് ഞാൻ വിചാരിച്ചില്ല. മറ്റ് അസിസ്റ്റന്റുമാരായിരുന്ന വേണുഗോപനെക്കാളും രാധാകൃഷ്ണനെക്കാളും ഞാൻ സ്നേഹിച്ചിരുന്ന വ്യക്തിയാണ് ബ്ലെസി. ഇത്തരം ഒരു സന്ദർഭത്തിൽ ഇങ്ങനെയൊരു പക്ഷംപിടിക്കലും എന്നെ തള്ളിപ്പറയലും ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. എന്നെ രാധാകൃഷ്ണൻ പിടിച്ചുവലിച്ച് റൂമിലേക്ക് കൊണ്ടുപോയി. അവിടെ സമാധാനിപ്പിക്കാൻ ഒരു സംഘം തന്നെ ഉണ്ടായിരുന്നു. ഇന്ദ്രൻസ്, സുരാസു തുടങ്ങി പലരും. ബ്ലെസി സാറിന്റടുത്ത് പോയി കുറെ കരഞ്ഞു. വേണുവും ഉണ്ടായിരുന്നു അവിടെ. സാറിനും വേണുവിനും ദുഃഖം തോന്നി. സഹതാപത്തോടെ സാർ ബ്ലെസിയെ സമാധാനിപ്പിച്ച് പറഞ്ഞുവിട്ടു. എനിക്ക് രാത്രിയിൽ ഉറക്കം വന്നില്ല. പലതും ആലോചിച്ചു നേരം വെളുപ്പിച്ചു. രാവിലെ സാറെന്നെ വിളിച്ചു മുറിയിലേക്ക്. എന്താ ഉണ്ടായത് എന്ന് തിരക്കി. ഞാൻ എന്നെ ന്യായീകരിക്കാനൊന്നും പോയില്ല, കുറ്റം സമ്മതിച്ച മട്ടിൽ നിന്നു. സാർ ഒന്നും പറഞ്ഞില്ല. പോവാനും നിൽക്കാനും പറഞ്ഞില്ല. ശരിക്കും ഷൂട്ടിങ് അവസാനിച്ചിരുന്നു. അവിടെ ഒരു പൂളിൽ വെള്ളം നിറച്ച് ജയറാമിന്റെ കുറച്ച് അണ്ടർവാട്ടർ ഷോട്ടുകൾ മാത്രമേ എടുക്കാനുള്ളൂ. അതിനുള്ള ഒരുക്കത്തിലാണ് വേണു. എന്നെ കണ്ടപ്പോൾ വേണു അടുത്തുവന്നു. സ്വതഃസിദ്ധമായ ഉച്ചത്തിൽ പറഞ്ഞു: ''നിങ്ങൾ കാണിച്ചത് വളരെ ബോറായിപ്പോയി.'' വേണുവിന്റെ സംസാരത്തിലുള്ള കുറ്റപ്പെടുത്തൽ എന്നെ കൂടുതൽ വേദനിപ്പിച്ചു. ഞാൻ തീരുമാനിച്ചു, സാറിന്റെ കൂടെ എന്റെ അവസാന ചിത്രമാണ്. സ്വന്തം പടം തുടങ്ങിയാലും പടം ഇല്ലെങ്കിലും ഇനി സാറിന്റെ അടുത്തേക്കില്ല. കാരണം സാറിന് എന്നെക്കുറിച്ച് മോശപ്പെട്ട ധാരണ ഉണ്ടാകാൻ ബ്ലെസി കാരണമായി. എനിക്കിപ്പോഴും ബ്ലെസിയോട് പിണക്കം ഒന്നും ഇല്ല. കാലം മായ്ക്കാത്തതായി ഒന്നും ഇല്ലല്ലോ.
പിന്നീട് ആദ്യ ചിത്രമായ ജാതകം സംഭവിക്കുന്നത് എങ്ങനെയാണ്?
'മൂന്നാംപക്ക'ത്തിനുശേഷം സ്വതന്ത്രസംവിധായകനാകാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഇന്നത്തെപ്പോലെ അന്നും താരങ്ങൾ സിനിമയുടെ വാണിജ്യപരമായ ഭാഗത്ത് മുഖ്യഘടകമായിരുന്നു. എനിക്ക് തോന്നി എന്റെ ആദ്യപടത്തിൽ ലാലോ മമ്മൂട്ടിയോ വേണം. പത്മരാജൻ സാറിനെക്കൊണ്ട് സ്ക്രിപ്റ്റ് ചെയ്യിക്കാനായിരുന്നു വിചാരിച്ചത്. തിരക്കുമൂലം ബുദ്ധിമുട്ടാണെന്നു സാർ പറഞ്ഞു. പിന്നീട് തിലകന്റെ ശിപാർശപ്രകാരം എ.കെ. ലോഹിതദാസാണ് തിരക്കഥ എഴുതിത്തന്നത്. താനൂർ ചന്ദ്രശേഖരമേനോനാണ് െപ്രാഡ്യൂസർ. അദ്ദേഹത്തിന്റെ മരുമകൻ കൃഷ്ണകുമാരമേനോനും കൂടെയുണ്ടായിരുന്നു. Mera Films International
എന്ന ബാനർ ആണ്. ഈ ബാനറിൽ മേനോൻ സാർ നസീർസാറിനെെവച്ച് പടം എടുത്തിട്ടുണ്ട്. മമ്മൂട്ടിയെ വെച്ചു ചെയ്യാനായിരുന്നു എന്റെ ഉദ്ദേശ്യം. ലോഹിതദാസ് പറഞ്ഞതനുസരിച്ച് ഞാൻ മമ്മൂട്ടിയെ ചെന്നു കണ്ട് കഥപറഞ്ഞു. എം.ടിയുടെ 'അടിയൊഴുക്കുകളു'മായി കഥക്ക് സാമ്യമുണ്ടെന്ന് അദ്ദേഹം ഈസിയായി പറഞ്ഞു. വേറെ വല്ല സബജക്ടും ഉണ്ടെങ്കിൽ പറയൂ, നോക്കാമെന്നും പറഞ്ഞു. ഞാൻ ആകെ മൂഡ് ഔട്ട് ആയി.
ലോഹിതദാസ് എഴുതുമെങ്കിൽ മമ്മൂട്ടിയും മോഹൻ ലാലുമില്ലെങ്കിലും പടം നടക്കുമെന്ന് നിർമാതാവ് ധൈര്യം തന്നു. സിനിമയുടെ വിജയത്തിന് ഒന്നാമത്തെ ഘടകം നല്ല കഥയാണെന്നും താരങ്ങളൊക്കെ അതിന്റെ പിന്നേ ഉള്ളൂവെന്നും തിലകൻ ചേട്ടനും പറഞ്ഞു. അങ്ങനെയാണ് മണി ഷൊർണൂരിന്റെ കഥക്ക് ലോഹിതദാസ് തിരക്കഥയൊരുക്കുന്നത്.
എഴുത്തുകാരനും സാഹിത്യനിരൂപകനുമൊക്കെയായ പ്രഫ. നരേന്ദ്ര പ്രസാദിനെ കമേഴ്സ്യൽ സിനിമയിലേക്ക് കൊണ്ടുവരുന്നത് താങ്കളാണ്. 'ഉത്സവമേള'ത്തിൽ അദ്ദേഹത്തിന്റെ കാസ്റ്റിങ് സംഭവിച്ചത് എങ്ങനെയാണ്?
'ഉത്സവമേള'ത്തിന്റെ ചർച്ച നടക്കുമ്പോൾ ചിത്രത്തിലെ വില്ലൻ കഥാപാത്രം ആര് എന്നുള്ള ചോദ്യം വന്നു. ആദ്യ ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്നത് നടൻ ജനാർദനൻ ആണ്. സൗന്ദര്യവും ശബ്ദസൗകുമാര്യവും ഉള്ള പുതിയ ഒരാൾ വേണമെന്ന ചിന്ത വന്നു. പ്രഫസർ അലിയാരും മാതൃഭൂമിയിലെ ശ്രീരാജും ഒക്കെ ഞങ്ങളുടെ ചർച്ചയിൽ സജീവ അംഗങ്ങളായിരുന്നു. അങ്ങനെ ആരോ നരേന്ദ്രപ്രസാദിന്റെ പേര് പറഞ്ഞു. അറിഞ്ഞ ഉടനെ ഉർവശി പറഞ്ഞു, പ്രസാദ് സാർ ചെയ്താൽ അസ്സലാവും. അലിയാർ പ്രസാദ് സാറിനെ വിളിച്ചു കാര്യം പറഞ്ഞു. കേട്ടപ്പോൾ ഇത്രയും വലിയ കലാകാരനായ നരേന്ദ്രപ്രസാദ് ഞെട്ടി. അദ്ദേഹം താൽപര്യം കാണിച്ചില്ല. ഇതുവരെ സ്ക്രീനിൽ കാണാത്ത ആളാണെങ്കിലും നരേന്ദ്രപ്രസാദിന് പകരം മറ്റൊരാളെ എനിക്ക് മനസ്സിൽ കാണാനായില്ല.
അടുത്തദിവസം നരേന്ദ്രപ്രസാദിന്റെ ഫോൺ വന്നു. ''ഞാൻ ചെയ്താൽ ശരിയാവുമോ'' എന്നാണ് അദ്ദേഹം ചോദിച്ചത്. ''സാർ ചെയ്താലേ ശരിയാവൂ'' എന്നു ഞാനും പറഞ്ഞു. പ്രത്യേകമായി ശ്രദ്ധിച്ച് ചെയ്യിക്കാമെങ്കിൽ ഒന്നു ശ്രമിക്കാമെന്നും പറ്റിയില്ലെങ്കിൽ മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ സമ്മതിച്ചു. എനിക്കുറപ്പായിരുന്നു പറ്റുമെന്ന്. മലയാള സിനിമക്ക് വ്യത്യസ്തനായ നടനെ കാഴ്ചവെക്കാൻ എനിക്ക് കഴിഞ്ഞു.
'ഭാഗ്യവാന്റെ' തിരക്കഥ ശ്രീനിവാസൻ മാറ്റിയെഴുതിയതായി കേട്ടിട്ടുണ്ട്?
സാഹിത്യകാരനായ സി. രാധാകൃഷ്ണൻ 'മനോരമ' വിശേഷാൽപതിപ്പിൽ എഴുതിയ ഒരു കഥയെ ആധാരമാക്കിയാണ് 'ഭാഗ്യവാന്റെ' തിരക്കഥ തയാറാക്കിയത്. ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രം. സി. രാധാകൃഷ്ണൻ എഴുതിയ തിരക്കഥയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ ചില കാര്യങ്ങൾ കൂടി ഏകോപിപ്പിക്കാനുണ്ടായിരുന്നു. അതേ ചിന്ത തന്നെ എഴുത്തുകാരൻകൂടിയായ ശ്രീനിവാസനും വന്നു. തിരക്കഥയിലെ പ്രശ്നങ്ങൾകാരണം പാലക്കാട് നടന്ന ഷൂട്ടിങ്ങിന്റെ ഫസ്റ്റ് ഷെഡ്യൂൾ വല്ലാതെ ഇഴഞ്ഞുപോയി. സ്ക്രിപ്റ്റിന്റെ കറക്ഷൻ ശ്രീനിവാസൻ ഏറ്റെടുത്തു. സ്ക്രിപ്റ്റിന്റെ കാര്യത്തിൽ ശ്രീനിവാസൻ കാണിച്ച സഹകരണം മറക്കാൻ പറ്റില്ല.
നിരവധി സിനിമകൾ ചെയ്തശേഷം സീരിയലിലേക്ക് തിരിയാനുള്ള സാഹചര്യം എന്തായിരുന്നു?
'ഋഷ്യശൃംഗൻ' തിയറ്ററിൽ വേണ്ടത്ര ഓടിയില്ല. ഒരു ടീച്ചർക്ക് വിദ്യാർഥിയോട് തോന്നുന്ന പ്രണയമാണ് കഥ. അതിന്റെ പോസ്റ്റർ വലിയ പ്രശ്നമായിരുന്നു. പോസ്റ്റർ കണ്ടാൽ കുടുംബങ്ങൾ കയറില്ല. എന്നാൽ ചെറുപ്പക്കാരെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ സിനിമയിലില്ലാത്തതുകൊണ്ട് അവരും കയറിയില്ല. 'ഋഷ്യശൃംഗനു' ശേഷം, അടുത്ത ഒരു പ്രോജക്ട് ആലോചിക്കുന്നതിനിടെ, അപകടത്തിൽ പെട്ടു കിടപ്പിലായി. ആ സമയത്താണ് സീരിയൽ പ്രോജക്ട് വരുന്നത്. വലിയ താൽപര്യമില്ലാതെയാണ് ആദ്യ സീരിയൽ ഏറ്റെടുത്തത്. പക്ഷേ, സിനിമക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഞാൻ കുടുംബം പുലർത്തിയതും മക്കളെ വളർത്തിയതും സീരിയൽകൊണ്ടാണ്. സിനിമയിൽനിന്ന് സീരിയലിലേക്ക് മാറുന്നത് തരംതാണ പരിപാടിയെന്നു പറഞ്ഞവരുണ്ട്. അവരോട് ഞാൻ പറയാറുള്ളത്. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേര് ടെലിവിഷൻ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ്. നമുക്ക് അറിയാവുന്ന തൊഴിൽ ചെയ്തു ജീവിക്കുകയല്ലാതെ, പിടിച്ചുപറിക്കാൻ പോകാൻ പറ്റില്ലല്ലോ.
ജയറാമും സുരേഷ് ഗോപിയുമൊക്കെ ആദ്യകാലത്ത് താങ്കളുടെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് അവർ സൂപ്പർ താരങ്ങളായ ശേഷം താങ്കളെ പരിഗണിച്ചില്ലെന്നു പറയുന്നത് ശരിയാണോ?
എന്റെ ആദ്യ ചിത്രമായ ജാതകം, രാധാമാധവം, മുഖചിത്രം എന്നിവയിൽ ജയറാമായിരുന്നു കേന്ദ്ര കഥാപാത്രം. ആദ്യത്തെ മൂന്ന് പടം കഴിഞ്ഞപ്പോൾ ജയറാം സൂപ്പർ സ്റ്റാറായി. പിന്നെ രാജസേനനും സത്യൻ അന്തിക്കാടിനും കമലിനും മാത്രമേ ഡേറ്റ് കൊടുക്കൂ എന്നുള്ള അവസ്ഥ വന്നു. പിന്നെ സുരേഷ് ഗോപിയെ വച്ച് 'ഉത്സവമേളവും' 'സത്യപ്രതിജ്ഞ'യും ചെയ്തു.
പിന്നൊരു പടം 'പാമരം' ഗോവയിൽ പ്ലാൻ ചെയ്ത് വഴിയിലായി. അക്കാലത്ത് സുരേഷ് ഗോപി സൂപ്പർഹീറോ ആയി. വിളിച്ചിട്ടും എനിക്ക് ഡേറ്റ് തന്നില്ല 'ആർദ്ര'ത്തിലും 'സത്യപ്രതിജ്ഞ'യിലും മുരളിയായിരുന്നു നായകൻ. ശരിക്കും മുരളിയെ ആദ്യമായി നായകനാക്കിയത് ഞാനാണ്-'സത്യപ്രതിജ്ഞ'. പക്ഷേ ആദ്യം നായകനായി പുറത്തു വന്ന ചിത്രം 'വളയം'. രണ്ടു ചിത്രത്തിലും നായകനായശേഷം പുള്ളിയെ പിടിച്ചാൽ പിടികിട്ടാതായി. ഒന്ന് രണ്ടു പ്രാവശ്യം വിളിച്ചെങ്കിലും പിന്നെ ഞാൻ ഡേറ്റിനുവേണ്ടി ശല്യപ്പെടുത്താൻ പോയില്ല. മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ചിത്രങ്ങൾ ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നമുക്ക് കഴിവ് ഉണ്ടായാൽ മാത്രം പോരാ, സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾ ചെയ്യാൻ ഭാഗ്യം വേണം. മോഹൻലാലിനേയോ മമ്മൂട്ടിയേയോ വെച്ച് ഒരു പടം ചെയ്യാൻ കഴിഞ്ഞില്ല എന്നുള്ളത് ഒരു ശരാശരി സിനിമാക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെ ആണ്.
കച്ചവടസിനിമ താങ്കളെ വേണ്ടത്ര അംഗീകരിച്ചിട്ടില്ല എന്ന തോന്നലുണ്ടോ?
'ജാതകവും' 'മുഖചിത്രവും' 'ഉത്സവമേളവും' 'ആർദ്രവും' 'ഭാഗ്യവാനും' ഒക്കെ തിയറ്ററിൽ നന്നായി ഓടിയിട്ടും ഓടുന്ന ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിൽ മലയാള സിനിമ എന്നെ കണക്കാക്കിയിട്ടില്ല. അതിനൊക്കെ സെൽഫ് ബൂസ്റ്റിങ് കൂടി വേണം. അല്ലെങ്കിൽ നമ്മളെ പുകഴ്ത്തുന്ന ഒരു സംഘം വേണം. നേര് പറഞ്ഞാൽ എന്നെ അതിനൊന്നും കിട്ടില്ല.
ചെറുപ്പകാലത്ത് വലിയ ഒരു സുഹൃദ് സംഘം ഉണ്ടായിരുന്നു. കൂടെ നിൽക്കുമ്പോൾ വാഴ്ത്തുകയും മാറിനിൽക്കുമ്പോൾ ഇകഴ്ത്തുകയും ചെയ്യുന്നവരെ ഞാൻ ബോധപൂർവം ഒഴിവാക്കി. നല്ല സുഹൃത്തുക്കളെ ഞാൻ തള്ളിപ്പറയുകയല്ല, അങ്ങനെ വിരലിലെണ്ണാവുന്ന കുറച്ചുപേർ മാത്രം. സിനിമയിൽ ബെൽറ്റുകൾ ഉണ്ട്. നമ്മൾ ഏതെങ്കിലും ബെൽറ്റിൽപെട്ടിരിക്കണം, ഇല്ലെങ്കിൽ നമ്മുടെ കാര്യം ബുദ്ധിമുട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.