കർണാടക തെരഞ്ഞെടുപ്പിനുശേഷം ഈ വർഷമവസാനം തെലങ്കാനയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ഏറെ ദേശീയ പ്രാധാന്യമുള്ളതാണ്. കർണാടകയിൽ കുമാരസ്വാമിയുടെ (ദേവഗൗഡയുടെയും) ജനതാദൾ (സെക്കുലർ) ഏതാണ്ട് അപ്രസക്തമായിരുന്ന സാഹചര്യത്തിൽ കോൺഗ്രസും ഭാരതീയ ജനത പാർട്ടിയും തമ്മിൽ നേരിട്ടുള്ള മത്സരമായിരുന്നു നടന്നത്. എന്നാൽ, തെലങ്കാനയിലെ സ്ഥിതി അതല്ല. മുമ്പ് തെലങ്കാന രാഷ്ട്രസമിതി എന്നറിയപ്പെട്ടിരുന്ന ഭാരതീയ രാഷ്ട്രസമിതിയും (ബി.ആർ.എസ്) കോൺഗ്രസും ബി.ജെ.പിയും ഇവിടെ ശക്തമായ സാന്നിധ്യങ്ങളാണ്. ത്രികോണമത്സരം ഒഴിവായി കോൺഗ്രസ് ക്ഷയിച്ച് ബി.ആർ.എസ്-ബി.ജെ.പി മത്സരത്തിന് വഴിതുറക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് സംഘാടനത്തിലുണ്ടായ പുത്തനുണർവ് തെലങ്കാന കോൺഗ്രസിനെയും തിരിച്ചുവരവിന്റെ പാതയിലേക്ക് കൊണ്ടുവന്നു. ബി.ജെ.പിയിൽനിന്നും ബി.ആർ.എസിൽനിന്നുമെല്ലാം പല നേതാക്കളും കോൺഗ്രസിലേക്ക് വരുന്നതും കോൺഗ്രസ് വളരെ നേരത്തേതന്നെ സ്വന്തം നയപരിപാടികൾ ഒന്നൊന്നായി പ്രഖ്യാപിച്ചു രംഗത്തിറങ്ങുന്നതും കാണാനുണ്ട്.
സംസ്ഥാന രൂപവത്കരണത്തിനുവേണ്ടി നടന്ന സമരത്തിന്റെ ഫലമായി ഉടലെടുത്ത രാഷ്ട്രീയപ്രസ്ഥാനമായ ബി.ആർ.എസിനെ തെലങ്കാനയിൽ തോൽപിക്കുക എളുപ്പമല്ല. ഈ സമരത്തിന്റെ നായകൻ എന്നനിലയിലാണ് ഇപ്പോഴും ജനമനസ്സുകളിൽ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ സ്ഥാനം. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാറാണ് തെലങ്കാന സംസ്ഥാനത്തിന് അനുമതി നൽകിയത് എന്നത്, ആന്ധ്രാപ്രദേശിൽ ഒരു പ്രതിബന്ധമാണെങ്കിലും തെലങ്കാനയിൽ കോൺഗ്രസ് വിരുദ്ധതക്ക് ആഴം കുറക്കുന്നതാണ്. രണ്ടാമതായി, അനേകം ക്ഷേമപദ്ധതികളിലൂടെ പാർശ്വവത്കൃതരുടെ അതിജീവന താൽപര്യങ്ങൾ പരിമിതമായെങ്കിലും സംരക്ഷിക്കുന്ന സമീപനമാണ് ബി.ആർ.എസ് സ്വീകരിച്ചിട്ടുള്ളത്. മൂന്നാമതായി ബി.ആർ.എസ് ബി.ജെ.പി ദേശീയനേതൃത്വത്തിന്റെയോ കേന്ദ്ര സർക്കാറിന്റെയോ താളത്തിനൊത്തുതുള്ളുന്ന പാർട്ടിയല്ല എന്നതാണ്.
കോൺഗ്രസ് അത്തരം വിമർശനം ഉന്നയിക്കാറുണ്ടെങ്കിലും അത് ഇതുവരെയും സംഭവിച്ചിട്ടില്ല എന്നതാണ് വാസ്തവം. മോദിക്ക് സ്വീകാര്യത നൽകുന്ന ഒന്നുംതന്നെ ഈ അടുത്തകാലംവരെ മുഖ്യമന്ത്രി എന്നനിലക്ക് ചന്ദ്രശേഖർ റാവു ചെയ്തിട്ടില്ല. മോദിയുടെ ഇതുവരെയുള്ള ഓരോ സന്ദർശനവും കോൺഗ്രസ്-ബി.ആർ.എസ് അണികളുടെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളിൽ മുങ്ങിപ്പോവുകയായിരുന്നു. മോദിവിരുദ്ധ ബോർഡുകളും ഫ്ലെക്സുകളും കരിങ്കൊടികളും നിരപ്പേ കാണാറുണ്ട്. ബി.ആർ.എസ്-ബി.ജെ.പി അണികൾ തമ്മിൽ ഒരു പൊരുത്തവുമില്ല. എന്നാൽ, സംസ്ഥാനത്ത് കോൺഗ്രസ് ശക്തമായ നിലയിലാവുന്നുണ്ട് എന്നതാണ് ‘ഇൻഡ്യ’ അലയൻസിൽനിന്ന് വിട്ടുനിൽക്കാൻ ബി.ആർ.എസിനെ പ്രേരിപ്പിക്കുന്നത്. എങ്കിലും അവർ ബി.ജെ.പിയുമായി സഖ്യത്തിന് നേരിട്ട് തയാറാവുന്ന ഒരു സാഹചര്യവും തൽക്കാലം നിലവിലില്ല. 119 സീറ്റുകളിൽ 115ലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ആർ.എസ് ഇതിനകംതന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിരിക്കുന്നു.
എന്നാൽ, പല ക്ഷേമപ്രവർത്തനങ്ങളിലുമുണ്ടായ പാളിച്ചകളും ബി.ജെ.പിയുമായുള്ള ഭാവിസഖ്യത്തെക്കുറിച്ച് പൂർണമായും മനസ്സുതുറക്കാത്തതും അവർക്ക് ക്ഷീണംചെയ്യുന്നുണ്ട്. രണ്ടുതവണ തുടർച്ചയായി ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ബി.ആർ.എസ് മന്ത്രിസഭ ചില സ്വാഭാവികമായ ഭരണവിരുദ്ധ വികാരങ്ങൾക്ക് വഴിമരുന്നിട്ടിട്ടുമുണ്ട്. ബി.ജെ.പി നേതൃത്വമാവട്ടെ ബി.ആർ.എസിനെതിരെയുള്ള ആക്രമണത്തിെന്റ ശക്തി കുറച്ചിരിക്കുകയാണിപ്പോൾ. ചന്ദ്രശേഖർറാവു തന്റെ പതിവ് മോദിവിമർശനം കഴിഞ്ഞ 2-3 മാസങ്ങളായി ഏതാണ്ട് പൂർണമായും നിർത്തിവെച്ചിരിക്കുകയാണുതാനും. അമിത് ഷായും ബി.ആർ.എസിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കാതെയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് എന്നതും ശ്രദ്ധേയമാണ്.
ദേശീയതലത്തിൽ ഖാർഗെയുടെ സംഘാടന മികവിലൂടെയും രാഹുലിന്റെ സർഗാത്മക ഇടപെടലുകളിലൂടെയും ശക്തിയാർജിക്കുന്ന കോൺഗ്രസിന് തെലങ്കാനയിൽ വിജയമോ അല്ലെങ്കിൽ ശക്തമായ സാന്നിധ്യം തെളിയിക്കലോ അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ അനിവാര്യമാണ്. ഇത് മനസ്സിലാക്കിയാണ് പാർട്ടി നീക്കങ്ങൾ നടത്തുന്നത്. ഖാർഗെയും രാഹുലും മറ്റു നേതാക്കളും നിരന്തരം തെലങ്കാനയിൽ വരുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്യുന്നുണ്ട്. മൂന്നു പ്രധാന പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പിനെ മുൻനിർത്തി കോൺഗ്രസ് നടത്തിക്കഴിഞ്ഞു. കാർഷിക പ്രഖ്യാപനം, യുവജന നയപ്രഖ്യാപനം, എസ്.സി-എസ്.ടി നയപ്രഖ്യാപനം എന്നിവയാണവ. ഓരോ വിഭാഗത്തിനായി കോൺഗ്രസ് നടപ്പിലാക്കാൻപോകുന്ന പരിപാടികളുടെ നയരേഖകളാണ് കോൺഗ്രസ് പുറത്തിറക്കിയിട്ടുള്ളത്.
ഏറ്റവും ഒടുവിൽ മല്ലികാർജുൻ ഖാർഗെ പുറത്തിറക്കിയ എസ്.സി -എസ്.ടി പ്രഖ്യാപന രേഖ വളരെ കൃത്യമായി സംസ്ഥാനത്തെ പാർശ്വവത്കൃതരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ദലിത് ആക്ടിവിസ്റ്റുകളുടെയും നേതാക്കളുടെയും ഗവേഷകരുടെയും സഹായത്തോടെയാണ് തയാറാക്കിയത്. പട്ടികജാതിക്കാർക്ക് 18 ശതമാനം സംവരണം, പട്ടികവർഗക്കാർക്ക് 12 ശതമാനം സംവരണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് ഒരു കുടുംബത്തിന് 12 ലക്ഷം രൂപ വീതം സഹായം, സംസ്ഥാന സർക്കാർ കരാറുകളിലെ 18 ശതമാനവും 12 ശതമാനവും സംവരണം, എയ്ഡഡ് സ്കൂളുകളിലും സ്വകാര്യ ബിസിനസുകളിലും എസ്.സി, എസ്.ടി വിഭാഗങ്ങൾക്കുള്ള സംവരണം, കൂടാതെ ഭൂരഹിതർക്കുള്ള ഭൂമി, വീട് നിർമാണത്തിന് ആറുലക്ഷം രൂപ സഹായം, പട്ടികജാതി വിഭാഗക്കാർക്ക് നൽകിയ അസൈൻഡ് ഭൂമിയിൽ പൂർണ ഉടമസ്ഥാവകാശം, പട്ടികവർഗക്കാർക്ക് പൊതുഭൂമിയിൽ പൂർണ ഉടമസ്ഥാവകാശം, പട്ടികവർഗക്കാർക്കായി പുതിയ സംയോജിത ട്രൈബൽ ഡെവലപ്മെന്റ് ഏജൻസികളും (ഐ.ടി.ഡി.എ) സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളും, പത്താം ക്ലാസ്, ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി എന്നിവ വിജയകരമായി പൂർത്തിയാക്കുന്ന എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് യഥാക്രമം 10,000 രൂപ, 25,000 രൂപ, ഒരു ലക്ഷം രൂപ, അഞ്ചുലക്ഷം രൂപ വീതം ധനസഹായം, കൂടാതെ, റസിഡൻഷ്യൽ സ്കൂളുകൾ, ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് വീട്, അന്താരാഷ്ട്ര പഠനത്തിനുള്ള സാമ്പത്തിക സഹായം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പുരോഗമനപരമായ പ്രഖ്യാപനമാണ് കോൺഗ്രസ് പുറത്തിറക്കിയത്. കെ. ശ്രീനിവാസ് കുമാർ റെഡ്ഢിയെപ്പോലുള്ള നിഷ്പക്ഷ നിരീക്ഷകർ, നടപ്പിൽ വരുത്താൻ കഴിയുന്നതും അഭൂതപൂർവമായ സാധ്യതകൾ തുറക്കുന്നതുമാണ് ഈ പ്രഖ്യാപനമെന്ന് വിലയിരുത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ കാർഷിക-യുവജന രേഖകളും പലതലത്തിൽ സംസ്ഥാനത്തിന്റെ അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നവ ആയിരുന്നു.
ബി.ആർ.എസുമായി നല്ല ബന്ധം പുലർത്തിയിരുന്ന ഇടതുപക്ഷത്തെ ഫലത്തിൽ ചന്ദ്രശേഖർ റാവു പുറത്താക്കിയിരിക്കുകയാണ്. ഏതാണ്ട് മുഴുവൻ സീറ്റുകളിലും സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സി.പി.ഐ-സി.പി.എം കക്ഷികൾക്ക് പരമാവധി രണ്ടുസീറ്റിലധികം ആ സഖ്യത്തിൽ കിട്ടാനില്ല എന്ന സ്ഥിതിയാണ്. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ, വിശേഷിച്ച് ഇടതിന് നല്ല സ്വാധീനമുള്ള മൂനുംഗോഡ് ഉപതെരഞ്ഞെടുപ്പിലും മറ്റും അകമഴിഞ്ഞ പിന്തുണയാണ് ബി.ആർ.എസിന് ഇടതുപക്ഷം നൽകിയത്.
എന്നാൽ, അത് വിസ്മരിച്ച് നിഷ്കരുണം അവരെ തള്ളിക്കളഞ്ഞുകൊണ്ടുള്ള സ്ഥാനാർഥിലിസ്റ്റാണ് ബി.ആർ.എസ് പുറത്തിറക്കിയത്. ഇടതുപക്ഷം ഇപ്പോൾ ഇതിന്റെ ഞെട്ടലിൽനിന്നു പുറത്തുവന്ന് കോൺഗ്രസുമായി സഖ്യചർച്ചകൾക്കു തുടക്കമിടുകയാണ്. മാത്രമല്ല, ‘ഇൻഡ്യ’ അലയൻസിന്റെ ഭാഗമാവാൻ കൂട്ടാക്കാത്ത ബി.ആർ.എസ് സഖ്യം ഏകപക്ഷീയമായ പുറത്താക്കലിലൂടെയാണെങ്കിലും അവസാനിച്ചത് ഒരു നല്ല ലക്ഷണമായി ഇടതുപക്ഷം കണക്കാക്കുകയാണ് വേണ്ടത്. കാരണം ദേശീയ പ്രാധാന്യമുള്ളതാണ് ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നതുതന്നെ. കോൺഗ്രസിനും ഇടതുപക്ഷത്തിനും തെലങ്കാനയിൽ ഉണ്ടാവുന്ന നേട്ടങ്ങൾ, അതെത്ര ചെറുതാണെങ്കിലും അഖിലേന്ത്യാ തലത്തിൽ ‘ഇൻഡ്യ’ അലയൻസിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെടുത്തുന്നതിനു സഹായകമാവും എന്നുറപ്പാണ്.
ഈ ഘട്ടത്തിൽ, തെലങ്കാനയിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ബി.ആർ.എസ് പരാജയപ്പെട്ട് കോൺഗ്രസ് മന്ത്രിസഭ അധികാരത്തിലെത്തുമെന്നും പറയാൻ കഴിയുന്ന സാഹചര്യമില്ല. എങ്കിലും കോൺഗ്രസ് നടത്തുന്ന ചിട്ടയായ പ്രവർത്തനങ്ങൾ നിയമസഭയിൽ അവരുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ ഇടയാക്കുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതുപോലും ഇന്നത്തെ അവസ്ഥയിൽ ദേശീയരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. ഇടതുപക്ഷവും ഇത് മനസ്സിലാക്കി കോൺഗ്രസ് സഖ്യത്തെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.