ഉച്ചിക്ക് മാമോദീസാനീരു വീണ് മയങ്ങിപ്പോയ കൈക്കുഞ്ഞിനറിയില്ല, താനെന്തിന് കേരള രാഷ്ട്രീയത്തിന്റെ വെയിലത്തിങ്ങനെ നാഴികയൊന്ന് നിൽക്കണമെന്ന്. അതിന്റെ ജനയിതാക്കൾക്ക് പക്ഷേ ഭരണകൂടജ്ഞാനസ്നാനം മുഖദാവിൽ കിട്ടി: ബഹു. മുഖ്യമന്ത്രിക്ക് കോട്ടയത്തൊരു പരിപാടിയുണ്ട്. അത് തീരുവോളം ആരും വീട്ടിൽ പോകേണ്ട, വഴിയോരത്ത് ബഹുമാനപുരസ്സരം അടങ്ങിനിന്നാൽ മതി. കഴിഞ്ഞ...
ഉച്ചിക്ക് മാമോദീസാനീരു വീണ് മയങ്ങിപ്പോയ കൈക്കുഞ്ഞിനറിയില്ല, താനെന്തിന് കേരള രാഷ്ട്രീയത്തിന്റെ വെയിലത്തിങ്ങനെ നാഴികയൊന്ന് നിൽക്കണമെന്ന്. അതിന്റെ ജനയിതാക്കൾക്ക് പക്ഷേ ഭരണകൂടജ്ഞാനസ്നാനം മുഖദാവിൽ കിട്ടി: ബഹു. മുഖ്യമന്ത്രിക്ക് കോട്ടയത്തൊരു പരിപാടിയുണ്ട്. അത് തീരുവോളം ആരും വീട്ടിൽ പോകേണ്ട, വഴിയോരത്ത് ബഹുമാനപുരസ്സരം അടങ്ങിനിന്നാൽ മതി.
കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിക്ക് ഇങ്ങനെ പരിപാടികൾ പലതുണ്ടായി, പലേടത്ത്. പൗരാവലിക്ക് ഇമ്മാതിരി അനുഭവയോഗവും, പലകുറി. കോട്ടയംതൊട്ട് കണ്ണൂർ വരെ ബഹുമാനപ്പെട്ട രഥമുരുണ്ട വഴിക്കൊക്കെ പ്രജകളുടെ വഴിമുടക്കിയ ഭടജന ബന്തവസ്. കരിങ്കൊടി പ്രതിഷേധം മുൻനിർത്തി കറുപ്പ് നിറത്തിനുള്ള അപ്രഖ്യാപിത നിരോധനം വേറെ. എന്താണീ നടക്കുന്നതെന്ന് മാനുഷരെല്ലാരും ഒന്നുപോലെ. രണ്ടു തിരുവായ് മൊഴികളാണ് ഭരണകക്ഷി കനിഞ്ഞരുളിയത്:
ഒന്ന്, മുഖ്യമന്ത്രിക്ക് സുരക്ഷ വേണം. രണ്ട്, കറുപ്പുതന്നെ ധരിക്കണമെന്ന് എന്താണിത്ര വാശി?
ആദ്യേത്തത് ആരും തലകുലുക്കി സമ്മതിക്കും. എങ്കിലും ചെറിയ രണ്ടു ചോദ്യങ്ങൾ ഏതു തലയിലുമുദിക്കും. ഒന്ന്, ആരിൽനിന്നാണ് മുഖ്യമന്ത്രിക്ക് ഇത്രകണ്ടൊരു കനത്ത രക്ഷ വേണ്ടത് -നാട്ടാരിൽനിന്നോ? വ്ലാദിമിർ പുടിൻ, അൽഖാഇദ, താലിബാൻ ഇത്യാദികളുടെ ഹിറ്റ് ലിസ്റ്റിൽ കയറാൻ നമ്മുടെ മുഖ്യനുണ്ടായോ ഭാഗ്യം? രണ്ട്, ഇപ്പറയുന്ന രക്ഷ അങ്ങോർക്കുമാത്രം മതിയോ -വഴിനടക്കുന്ന പൗരനും വേണ്ടേ?
കറുപ്പിന്റെ പ്രശ്നം. അത് ചിരപുരാതനമായ സാർവദേശീയ രോഗമാണ്. തൊലി കറുത്തവനുള്ള കൽപിത മ്ലേച്ഛത. പ്രതിഷേധിക്കാനും അവജ്ഞ കാട്ടാനുമുള്ള തുണിക്കൂറക്കും യോജ്യം അതേ മ്ലേച്ഛവർണമെന്ന നിർണയം വരുന്നതും ഇതേ റൂട്ടിൽതന്നെ.
സാംസ്കാരിക വർണരാജി നിൽക്കട്ടെ. സ്വർണക്കടത്ത് കേസിലെ പ്രതി ഒരുക്കിയ കെണിയിൽ ഭരണകക്ഷിയും പ്രതിപക്ഷവും അതുവഴി നാട്ടുകാരും പെട്ടതാണ് ഇപ്പോഴത്തെ കഥ. മുഖ്യമന്ത്രിയുടെ കുടുംബവും കള്ളക്കടത്തിൽ പങ്കുകച്ചോടക്കാരാണെന്ന മട്ടിൽ ഒരു 164 മൊഴി കുപ്രസിദ്ധ പ്രതി കോടതിയിൽ കൊടുത്തെന്നു കരുതി ഇത്രവലിയ ജനവിരുദ്ധത നമ്മുടെ രാഷ്ട്രീയവൃന്ദം ഒന്നാകെ നടപ്പാക്കണോ?
ഒന്നാമത്, സ്വപ്ന സുരേഷ് മജിസ്ട്രേറ്റിനു മുന്നിൽ കൊടുത്ത മൊഴി അത്ര നിർണായകമൊന്നുമല്ല, ഒട്ടുമേ വിശ്വാസയോഗ്യവുമല്ല. കേസന്വേഷണം കഴിച്ച് കുറ്റപത്രം കൊടുക്കുകയും വിചാരണയാവുകയും ചെയ്യുന്ന കേസിൽ മുഖ്യപ്രതി ഇപ്പോൾ പറയുന്നത്, താൻ മുമ്പ് നൽകിയ 'വിവരം' അന്വേഷകരായ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചില്ല എന്ന പരാതിയാണ്. എന്നുവെച്ചാൽ, പ്രാഥമികമായി അന്വേഷകർക്ക് എതിരെയാണ് പരാതി. അങ്ങനെയൊരു പരാതി വന്നാൽ, സാധാരണഗതിയിൽ അന്വേഷകസംഘം കോടതിയിൽ എതിർക്കും. കാരണം, അവർ ഇതന്വേഷിച്ചതാണ്. അന്വേഷിച്ചിട്ടും സംഗതി മുക്കാൻ ഇ.ഡി തയാറാവുന്ന പ്രശ്നമില്ല. വിശേഷിച്ചും ഇടതുപക്ഷഭരണത്തിന് എടങ്ങേറിടുക എന്നത് അവരുടെ അന്വേഷണദൗത്യത്തിലെ മുഖ്യ അജണ്ടയായിരുന്ന സ്ഥിതിക്ക്. എന്നിരിക്കെ, പ്രതിയുടെ അസ്ഥാനത്തുള്ള പുതുമൊഴി നേരാംവഴിക്കുള്ളതല്ല. ഇ.ഡി സംഗതി സമ്മതിക്കുകയും തുടരന്വേഷണത്തിനിറങ്ങുകയും ചെയ്തിരിക്കെ ഇംഗിതം വ്യക്തം -മുമ്പ് ഒന്നരക്കൊല്ലം കണ്ടമാതിരി ഇനി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുവരെ അന്വേഷണം എന്ന പേരിൽ പുതിയൊരു രാഷ്ട്രീയനാടകം കേരളത്തിന് കാണാം.
തങ്ങളുടെ പ്രിയചട്ടുകം മാത്രമായ ഇ.ഡിയെ മുൻനിർത്തി, ഒരു കള്ളക്കടത്തുകാരിയെക്കൊണ്ട് കേസ് വീണ്ടും തുറപ്പിക്കുന്നത് കേന്ദ്ര ഭരണകക്ഷിയാണെന്ന് വ്യക്തം. ഇവിടെയും ആ സ്ത്രീ സ്വധർമം തന്നെ പാലിക്കുന്നു -കള്ളക്കടത്ത്. മുമ്പ് കോൺസുലേറ്റിലെ അറബിക്കുവേണ്ടി നിർവഹിച്ച ധർമം ഇപ്പോൾ സ്വദേശി -അറബികൾക്കുവേണ്ടി നിവർത്തിക്കുന്നു. ആദ്യവകയിൽ ധനലാഭമായിരുന്നെങ്കിൽ രണ്ടാംവകയിൽ കേസിലെ ശിക്ഷായിളവാണ് പ്രതിഫലം.
ഇങ്ങനെയൊരു വക്രത അരങ്ങേറിയാൽ ഭരണകക്ഷി എന്താണ് ചെയ്യേണ്ടത്? വരാനിരിക്കുന്ന ഭവിഷ്യത്തിനെ നിയമപരമായി നേരിടുക എന്ന് ലളിതമാനസർ പറയും. ഒട്ടുമേ ലളിതമല്ലാത്ത മനോനിലയുള്ള പ്രതിപക്ഷ കക്ഷികളും അതേ ഭംഗിവാക്ക് പറയും. ആദ്യ കൂട്ടർക്ക് ചേതമൊന്നുമില്ല. നമ്മുടെ ചാനൽചർച്ചകളിലെ ചില 'നിഷ്പക്ഷനിരീക്ഷകർ' നടിക്കുമ്പോലെ, ചുമ്മാ മാന്യതയിൽ കടവിറങ്ങിയാൽ മതി. അധികാര രാഷ്ട്രീയത്തിൽ ചേതമുള്ളവർക്ക് അത്തരം ഭാവാഭിനയം പറ്റില്ല. അതുകൊണ്ടാണ് ഭരണകക്ഷി ഉടനടി പ്രത്യാക്രമണതന്ത്രം അവലംബിച്ചത്. നന്മയിൽ ഗോപാൽജീകളായി ഭാവിക്കുന്ന പ്രതിപക്ഷമോ? തെരുവുനീളെ ജനജീവിതം അലങ്കോലപ്പെടുത്തുന്ന പ്രതിഷേധപ്പുകിലിന് അവരിറങ്ങിയതും രാഷ്ട്രീയലാഭം മാത്രം മുൻനിർത്തിയാണെന്ന് പൊറോട്ട കഴിക്കുന്ന ആർക്കുമറിയാം (അമിതമായ അരിയാഹാരപ്രയോഗം മൂലം വാമൊഴിക്കുതന്നെ പ്രമേഹം ബാധിക്കുന്നതിനാൽ ടി പ്രയോഗം ഒഴിവാക്കുന്നു). കേരളത്തിൽ പാളീസായിവരുന്ന ബി.ജെ.പിക്ക്, കേന്ദ്രം ഇട്ടുകൊടുത്തിരിക്കുന്ന കച്ചിത്തുരുമ്പിൽ പിടിച്ച് കയറണം. രാജ്യവ്യാപകമായി ഊർധ്വൻ വലിക്കുന്ന കോൺഗ്രസിനാകട്ടെ, എന്തുകിട്ടിയാലും പൂഴിക്കടകൻ. ചുരുക്കിയാൽ, പ്രതിപക്ഷങ്ങളുടെ പ്രതികരണ ല.സാ.ഗു ഒന്നുതന്നെ -കുളം കലക്കൽ. അല്ലാതെ, നിയമത്തിന്റെയോ ജനായത്ത മര്യാദയുടെയോ വഴിക്ക് ആരാനും നീങ്ങണമെന്ന ഉദ്ദേശ്യം സ്വപ്നേപി ഇല്ല. അഥവാ, ഇനി ഭരണകക്ഷി അങ്ങനെ നേരായ വഴിക്കാണ് നീങ്ങുന്നതെന്നിരിക്കട്ടെ. അപ്പോഴും സതീശന്മാരും സുരേന്ദ്രന്മാരും മാധ്യമവേന്ദ്രന്മാരും ഇതേ പുകില് തുടർന്നുകൊണ്ടിരിക്കും.
ഭരണപക്ഷത്തിന് കാര്യത്തിന്റെ ഗുട്ടൻസ് പിടികിട്ടി -പൊറോട്ടശീലത്തിന് നന്ദി. പ്രതികരണത്തിലാണ് പ്രശ്നം. കള്ളക്കടത്തുകാരിയെയും ബാക്-അപ് സംഘത്തെയും പൂട്ടാനുള്ള വഴിതേടുന്നത് മനസ്സിലാക്കാം. പേ പിടിച്ച ഹിന്ദുത്വജന്തുവാണ് കടത്തുകാരിയുടെ വക്കീൽ. സൗകര്യംപോലെ പേയുടെ അണുബീജം മാറ്റിമാറ്റി, രാഷ്ട്രീയ ഉപജീവനം നടത്തിപ്പോരുന്ന പി.സി. ജോർജാണ് മറ്റൊരാൾ. പിന്നെ ആർ.എസ്.എസും ഇ.ഡിയിലെ ബുദ്ധികേന്ദ്രങ്ങളും. ഇതിനെല്ലാമുള്ള ബദൽകരുക്കൾ നീക്കാം. അറ്റകൈക്ക് തട്ടിപ്പുകാരി സരിതയുടെ സാക്ഷ്യമോ ആ ഞാവാലി ജേണലിസ്റ്റിന്റെ തള്ളോ എന്തും പ്രയോജനപ്പെടുത്താം. പക്ഷേ, പ്രഥമ റൗണ്ടിലേ പന്ത് കളത്തിനപ്പുറം പോയി -പൊലീസുകാരെ വസൂലാക്കിയുള്ള തനി ഭരണകൂട ലൈനിേലക്ക്. ഇമ്മാതിരി സാമ്പ്രദായിക തന്ത്രങ്ങൾക്ക് പുകഴ്പെറ്റ പി. ശശി എന്ന ഉരുപ്പടി മുഖ്യമന്ത്രിയുടെ മുഖ്യകങ്കാണിയായതിന്റെ ചേതമോ എന്തോ, സമനില തെറ്റിയ പ്രകടനങ്ങളുടെ പരമ്പരയായി. മൂലക്കൊതുക്കിയിരുന്ന ലൈഫ് പദ്ധതി കേസിന്റെ പേരിൽ കള്ളക്കടത്തുകാരിയുടെ പങ്കാളിയെ വിജിലൻസ് തട്ടിക്കൊണ്ടുപോവുന്നു. ഫോൺ തട്ടിയെടുത്തിട്ട് ആളെ വെറുതെ വിടുന്നു (ഈ ഫോണിലുണ്ട് ഗൂഢാലോചനയുടെ തെളിവുകളെന്ന് ഓതിക്കൊടുത്തത് മറ്റേ ഞാവാലി ജേണലിസ്റ്റാണെന്ന് ഏറക്കുറെ ഉറപ്പാണ് -അമ്പത്തിരണ്ടുവട്ടം വിജിലൻസ് മേധാവിയോട് ഫോണിൽ സൊറ പറയാൻ ഇയാൾ സെൻട്രൽ വിജിലൻസ് കമീഷണറൊന്നുമല്ലല്ലോ). അനന്തരം, ഭരണകക്ഷിയുടെ മുസ്ലിംപാലമായ കെ.ടി. ജലീൽവക ക്ഷിപ്രപരാതിയിൽ ഗൂഢാലോചന കേസ് -കലാപശ്രമത്തിനും ക്രിമിനൽ ഗൂഢാലോചനക്കുമുള്ള വകുപ്പുകൾ. അപ്പോഴും തന്നെ കുടുംബസഹിതം അപകീർത്തിപ്പെടുത്തിയതിന് മുഖ്യമന്ത്രി പരാതിപ്പെടുന്നില്ല. പരാതിയില്ലാഞ്ഞല്ല, ഒരു പീറ കടത്തുകാരിയുമായി വ്യവഹാരം വേണ്ടെന്ന സാംസ്കാരിക നിലപാടാണ്. പകരം ജലീൽ തന്റെ ബിനാമിയാണെന്നു ധരിച്ചോളണം, മുസ്ലിം രാഷ്ട്രീയത്തിലെന്നപോലെ.
സ്വപ്ന സുരേഷ് വാർത്ത സമ്മേളനത്തിനിടെ
ആവട്ടെ. പക്ഷേ, നാട്ടാരെന്തു പിഴച്ചു? സഞ്ചാരസ്വാതന്ത്ര്യംതൊട്ട് ജൗളിസ്വാതന്ത്ര്യംവരെ ബന്ദിയാക്കി സ്വന്തം മുഖ്യമന്ത്രി നാടുനീളെ സവാരി ചെയ്യുമ്പോൾ നെപ്പോളിയന്റെ പഴയ പ്രമാണം ഒരു കമ്യൂണിസ്റ്റുകാരൻ നടപ്പിലാക്കുന്നതാണ് അനുഭവവേദ്യമായത്: ''Obedience is man's destiny, he deserves nothing better, and he has no rights.''
ഇതിലൊട്ടും പുതുമയില്ല. മനുഷ്യന്റെ കേവലാവകാശങ്ങളിൽ പറയത്തക്ക പിടിയൊന്നും ഭൂരിപക്ഷത്തിനില്ല. കുടുംബത്തിന്റെ ഒരു അംഗഭാഗം, ജാതി/മത സാമുദായികതയുടെ ഒരംശം, രാഷ്ട്രീയകക്ഷികളുടെ വാൽക്കഷണം, അധികാരശ്രേണിയിലെ ഒരു അണുഭാഗം എന്നിങ്ങനെ പൊതുവ്യവസ്ഥിതി കൽപിക്കുന്ന നിലയെ ആശ്രയിച്ചു മാത്രമുള്ളതാണ് മനുഷ്യന്റെ അവകാശം. അല്ലാതെ മനുഷ്യൻ എന്നനിലക്ക് ഏത് വ്യക്തിക്കുമുള്ള ഒന്നായി ഇപ്പറയുന്ന യൂനിറ്റുകളൊന്നും സ്വാഭാവികമായി അവകാശത്തെ കണക്കാക്കുന്നില്ല. അങ്ങനെയാണു ചരിത്രം, ഇന്നും അതങ്ങനെ തുടരുന്നു.
മറിച്ചായിരുന്നെങ്കിൽ, പൊലീസ് എന്ന ഭരണകൂടത്തിന് എങ്ങനെയാണ് ഒരു മന്ത്രിമുഖ്യന്റെ സാധാരണ വണ്ടിയോട്ടത്തിനുവേണ്ടി പൗരാവലിയുടെ ചലനസ്വാതന്ത്ര്യം ചങ്ങലക്കിടാൻ ധൈര്യംവരുക? അങ്ങനെയൊരു കൽപന കാക്കിപ്പടക്കു കൊടുക്കാൻ ഒരു ജനാധിപത്യ സർക്കാറിനു തോന്നുക? പിണറായി വിജയൻ എന്ന രാഷ്ട്രീയവ്യക്തിത്വത്തിന് ഈ ജനവിരുദ്ധതയും അവകാശധ്വംസനവും കണ്ടിരിക്കാനാവുക?
ചോദിച്ചാൽ ഏത് അധികാരിയും ചൂണ്ടും രഹസ്യപ്പൊലീസിന്റെ മുന്നറിയിപ്പ് എന്ന ചിമുട്ടുന്യായത്തിലേക്ക്. എക്കാലവും ഭരണകൂട ഏജൻസികളുടെ സ്ഥിരം തന്ത്രമാണ് അധികാരവൃന്ദത്തെയും പൗരാവലിയെയും പരമാവധി വേർതിരിച്ച് പരസ്പരം അകറ്റിനിർത്തുക എന്നത്. ഇൗ തന്ത്രത്തെ ഏതാണ്ടൊരു പ്രപഞ്ചനിയമംപോലെ ശിരസ്സാവഹിക്കുന്നു, ജനായത്ത സർക്കാറിന്റെ രാഷ്ട്രീയ അമരക്കാർ. പ്രത്യയശാസ്ത്രശൂന്യരായ കോൺഗ്രസുകാരിൽ നാമിത് എത്രയോ വട്ടം കണ്ടു, വലതുപക്ഷ ഹിന്ദുത്വത്തിൽ കണ്ടുകൊണ്ടിരിക്കുന്നു. ഇടതുപക്ഷക്കാർ ഭരണത്തിലെത്തുമ്പോൾ അതനുവർത്തിക്കുന്നു. പിണറായി വിജയന് ജനപ്പേടിയാണെന്നു പരിഹസിക്കുന്ന ചെന്നിത്തലയും സതീശനും ഇതേ എസ്കോർട്ടുമായാണ് ഇപ്പോഴും കഴിയുന്നതെന്ന് സൗകര്യമായങ്ങ് മറക്കുന്നു. ജനസമ്പർക്ക വിദ്വാൻ കുഞ്ഞൂഞ്ഞ് എന്താ ഗാന്ധിയെപ്പോലെ ബന്തവസില്ലാതെയാണോ ഇന്നും നടക്കുന്നത്?
ചുരുക്കത്തിൽ പറയപ്പെടുന്ന ജനകീയ നേതാക്കൾക്കെല്ലാം വേണം, കാക്കി ബന്തവസ്. അത്, അധികാരത്തിന്റെ പരിരക്ഷയല്ല, ആധിപത്യത്തിന്റെ അടയാളവാക്യമാണ്. കൊടിവെച്ച സ്റ്റേറ്റ് കാറുപോലെ, ഗൺമാനും പട്രോൾ ഗാങ്ങും സ്റ്റെപ്നി സെറ്റപ്പുള്ള അകമ്പടിപോലെ, ആനപ്പടമുള്ള പദവിമുദ്രപോലെ. ഇതെല്ലാമാണ് അവരുടെ മനോകവചം. നാട്ടുകാരിൽനിന്ന്, നാട്ടുകാരുടെ ചെലവിലുള്ള- ഭദ്രമായ വേറിടൽ. അധികാരത്തിന്റെ തട്ടുകൾ മേലോട്ടു പോകുന്തോറും വേറിടലിന്റെ ദാർഢ്യവും കൂടിവരും. ദോഷം പറയരുതല്ലോ, ഒരു കാര്യത്തിൽ ഈ ശ്രേണികൾക്ക് ഇന്നൊരു തുല്യത വന്നിട്ടുണ്ട് -പഞ്ചായത്ത് പ്രസിഡന്റിനു തൊട്ട് മുഖ്യമന്ത്രിക്കുവരെ ഒരേ ഔദ്യോഗികരഥം: ടൊയോട്ടാ ഇന്നോവ.
രാഷ്ട്രീയാധികാരത്തിന്റെ താഡനഭാരത്തിൽനിന്ന് മനുഷ്യന് ഇമ്യൂണിറ്റി കൽപിക്കുകയും ഭരണപ്രവർത്തനത്തിൽ പങ്കാളിത്തം പകരുകയും ചെയ്യുന്ന ആശയങ്ങൾ ഇവിടെ വന്നുകയറിയിട്ട് ദശകങ്ങളേ ആയിട്ടുള്ളൂ. 18ാം നൂറ്റാണ്ടിൽ ലോകത്തു പലേടങ്ങളിലായി അങ്കുരിച്ച അവകാശബോധ്യങ്ങൾ ആശയരൂപത്തിൽ കേരളക്കരയിലെത്താൻ ഒന്നൊന്നര നൂറ്റാണ്ടു പിന്നെയും വേണ്ടിവന്നു. അത്രക്കും പിന്നിലാണ് ഇവിടത്തെ ശിരസ്സുകളെന്നു സാരം. ആ പിന്നാക്കാവസ്ഥ ഇന്നും ഭംഗ്യന്തരേണ തുടരുന്നുണ്ട്. കാലാകാലം അധികാരക്കിരീടം വെക്കുന്ന ശിരസ്സുകൾ അത് പ്രവൃത്ത്യാ വ്യക്തമാക്കിത്തരുന്നു. പൗരന്റെ ചെറുവിരലിന് കിരീടധാരിയുടെ കനത്ത ശിരസ്സിനേക്കാൾ കരുത്തുണ്ടെന്ന് ചരിത്രം ഇടക്കിടെ ഓർമിപ്പിക്കാറുണ്ട്. പക്ഷേ, കനത്തുപോയ ശിരസ്സുകൾ ചരിത്രം പഠിക്കാറില്ല. ജനായത്ത തത്ത്വശാസ്ത്രങ്ങളുടെ പ്രയോഗം ഗ്രന്ഥപ്പശുവായി ചുരുങ്ങുന്നിടത്ത് സ്വയംഭരണത്തിന്റെ കഠിനകല ജനം ശീലിക്കുമ്പോഴേ ഇമ്മാതിരി മസ്തിഷ്കരോഗങ്ങൾ പത്തിതാഴ്ത്തൂ.
''അധികാരം ദുഷിപ്പിക്കും, പരമാധികാരം പരമാവധി'' എന്നതൊരു പഴഞ്ചൻ ആശയമാണ്. അധികാരം മത്തുപിടിപ്പിക്കുകയാണു ചെയ്യുക -മത്തിനു പിടിക്കാൻ പാകമുള്ള തലയാണെങ്കിൽ മാത്രം. അതാണു കറുപ്പ്. വർണരാജിയിലെയല്ല, മാർക്സ് പറഞ്ഞ ഓപിയംകഥയിലെ.
ശിഷ്ടം: അങ്ങനെ, ഒടുവിൽ ഗാന്ധിയന്മാരും അന്വർഥമാക്കി, മാർക്സിന്റെ ഓപിയം ഉപമ. മുഖ്യമന്ത്രിക്ക് നേരെ മിന്നൽ വ്യോമാഭ്യാസം. ഭൂമിയിൽ, അതിന് പ്രതിപക്ഷനേതാവിന്റെ സ്തോത്രം, പാർട്ടി പ്രസിഡന്റിന്റെ ഒത്താശ, അണിയുടെ ഹുറേ. ഈ അഭ്യാസകാഴ്ചക്ക് ക്ഷിപ്രഫലം നാല്. ഒന്ന്, പ്രകോപിതരായ എതിർ ടീം നാടാകെ പാർട്ടിയാപ്പീസുകൾ തല്ലിപ്പൊളിക്കുന്നു, പ്രതിഷേധ സ്വരത്തിൽ നെഞ്ചു കലക്കുന്നു. രണ്ട്, കള്ളക്കടത്തുകാരിക്ക് എതിരായ ഗൂഢാലോചനക്കേസിൽ ചുമത്തിയ 153ാം വകുപ്പിന് പറഞ്ഞുനിൽക്കാനൊരു ന്യായം ഒത്തുകിട്ടി -കലാപശ്രമം. മൂന്ന്, നാട്ടാരെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ ബന്തവസിന് ബലമുള്ള പിൻയുക്തി തരമായി -ഇമ്മാതിരി ചാവേറുകൾക്കുള്ള മുൻകരുതൽ നടപടിയെന്നു ന്യായം പറയാം. നാല്, ഗാന്ധി കുഞ്ഞുങ്ങൾ പരസ്യമായി വയസ്സറിയിച്ചു, എന്തക്രമത്തിനും മടിയില്ലാത്ത ബ്രിഗേഡെന്ന രാഷ്ട്രീയ ഗ്രാജ്വേഷൻ. ഇങ്ങനെയൊക്കെയല്ലേ പഴങ്കഞ്ഞിക്ക് സെമികേഡറാകാൻ പറ്റുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.