മണിപ്പൂരിൽ ഇപ്പോൾ ആവശ്യം പരസ്പര വിശ്വാസമാണ്. ഇന്നാട്ടിൽ ഇപ്പോൾ ഏറ്റവും കുറവുള്ളതും അതുതന്നെ. സംസ്ഥാനത്തെ മുഖ്യജനവിഭാഗങ്ങളായ മെയ്തേയികളുടെയും കുക്കികളുടെയും കൈവശം അപകടകരമായ അളവിൽ ആയുധശേഖരങ്ങളുണ്ട് എന്നുകൂടി വരുമ്പോൾ ഈ വിശ്വാസ രാഹിത്യം കൂടുതൽ പ്രശ്നകരമായി മാറുന്നു. ഇരു വിഭാഗങ്ങളിലുമുള്ള തീവ്രസംഘങ്ങൾ പതിറ്റാണ്ടുകളായി സംസ്ഥാനത്ത് സജീവമാണ് എന്ന വസ്തുതയും ഇതിനോട് കൂട്ടിവായിക്കുക. ഇതെഴുതുമ്പോഴും മെയ്തേയി സായുധ സംഘങ്ങൾ ഇന്ത്യൻ സൈന്യവുമായി പോരാട്ടത്തിലാണ്. മറുവശത്ത് 2008 മുതൽ പ്രവർത്തനങ്ങൾ നിർത്തിവെച്ച് ഇന്ത്യൻ സൈന്യവുമായി ഒരു ഉടമ്പടിയുണ്ടാക്കിയിട്ടുണ്ട് (Suspension of Operations (SoO) pact) കുക്കി ഗ്രൂപ്പുകൾ. പരസ്യമായി പൊരുതിയാലും ഇല്ലെങ്കിലും ഇരുഭാഗത്തും പരിശീലനം സിദ്ധിച്ച ആയിരക്കണക്കിന് സായുധസേനാംഗങ്ങളുണ്ട്. അവരുടെ പക്കൽ എമ്പാടും ആയുധങ്ങളുമുണ്ട്.
മെയ്തേയികൾ പ്രധാനമായും ഹിന്ദുക്കളും കുക്കികൾ പ്രധാനമായും ക്രൈസ്തവരുമാണ് എന്നിരിക്കിലും സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന അക്രമങ്ങളുടെ മൂലകാരണം വർഗീയമല്ല. പക്ഷേ, എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനായില്ലെങ്കിൽ ഈ സാഹചര്യം രാഷ്ട്രീയക്കാരും സമുദായ നേതാക്കളും വർഗീയ മുതലെടുപ്പിന് ഉപയോഗിക്കും.
ഈയിടെ സംസ്ഥാനം സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിഷ്പക്ഷത പാലിക്കാൻ ശ്രമിച്ചു. മെയ്തേയികൾ അധിവസിക്കുന്ന ഇംഫാൽ താഴ്വര മാത്രമല്ല, കുക്കികൾക്ക് ഭൂരിപക്ഷമുള്ള മലയോര ജില്ലകളും സന്ദർശിക്കാൻ അദ്ദേഹം സന്നദ്ധത കാണിച്ചു. എന്നാൽ, ആഭ്യന്തരമന്ത്രിയുടെ സന്ദർശനവേളയിലും മൂന്ന് കുക്കി ഗ്രാമങ്ങൾ തീവെപ്പിനിരയായി. അക്രമികൾക്ക് ശക്തമായ വിധത്തിൽ ഒരു താക്കീത് ഇനിയും ലഭിച്ചിട്ടില്ല എന്നു പറയാൻ നിരീക്ഷകരെ നിർബന്ധിതമാക്കി ഈ സംഭവം.
അക്രമങ്ങൾ ഇല്ലാതാക്കുകയും വിശ്വാസം വീണ്ടെടുക്കുകയും ചെയ്യാനുള്ള നടപടികളുടെ ഭാഗമായി അനധികൃത ആയുധങ്ങൾ അടിയറവെക്കാൻ ഇരുവിഭാഗങ്ങളോടും അമിത് ഷാ നടത്തിയ ആഹ്വാനത്തിന് ലഭിച്ചത് തണുപ്പൻ പ്രതികരണമാണ്. വിവിധ സുരക്ഷസേനകളുടെയും റിസർവ് ബറ്റാലിയനുകളുടെയും ആയുധപ്പുരകളിൽനിന്ന് കവർന്ന എ.കെ 47, എം 16 റൈഫിളുകൾ എന്നിവ ഉൾപ്പെടെ നാലായിരത്തിലേറെ അത്യാധുനിക തോക്കുകളും അഞ്ചു ലക്ഷം റൗണ്ട് വെടിയുണ്ടകളും തീവ്രസായുധ ഗ്രൂപ്പുകളുടെ കൈവശമുണ്ടെന്നാണ് കണക്ക്. അതിൽനിന്ന് വെറും 700 എണ്ണം മാത്രമാണ് സറണ്ടർ ചെയ്യപ്പെട്ടത്. ഏതു സമയവും ഇനിയുമൊരു ആക്രമണമുണ്ടായേക്കാമെന്ന ചിന്തയുണ്ട് ജനങ്ങൾക്ക്, അതുകൊണ്ടാണവർ ആയുധങ്ങൾ കൈയൊഴിയാൻ സങ്കോചം കാട്ടുന്നത്. ഇരുവിഭാഗങ്ങൾക്കും തമ്മിൽ തമ്മിൽ തരിമ്പ് വിശ്വാസമില്ലെന്നതിന് ഇതിലേറെ എന്തു തെളിവു വേണം?
ഇത്രയധികം ആയുധങ്ങൾ വിവിധ സേനാവിഭാഗങ്ങളുടെ ആയുധപ്പുരകളിൽനിന്ന് കവർച്ച ചെയ്യപ്പെട്ടിട്ടും ബന്ധപ്പെട്ട കമാൻഡിങ് ഓഫിസർമാർക്കെതിരെ നടപടിയേതുമില്ലാത്തതെന്തുകൊണ്ടാണെന്ന ചോദ്യവും നിരീക്ഷകർ ഉന്നയിക്കുന്നുണ്ട്. കുറഞ്ഞപക്ഷം സസ്പെൻഷൻ പോലും ഉണ്ടാവുന്നില്ല. മണിപ്പൂർ ഡി.ജി.പിയായിരുന്ന പി. ദുൻഗെലിനെ സ്ഥാനത്തുനിന്ന് മാറ്റിയതും വിശ്വാസത്തകർച്ചക്ക് ആഴംകൂട്ടിയിട്ടുണ്ട്. ക്രമസമാധാനത്തകർച്ചയെത്തുടർന്ന് കുക്കി വിഭാഗക്കാരനായ ഡി.ജി.പിയെ മാറ്റിയെങ്കിൽ എന്തുകൊണ്ടാണ് മെയ്തേയി സമൂഹത്തിൽനിന്നുള്ള മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിയാക്കാത്തത് എന്നാണ് ഉയരുന്ന ചോദ്യം.
മണിപ്പൂരിൽ അക്രമവും കലാപവുമൊന്നും പുതിയ കാര്യമല്ല. പതിറ്റാണ്ടുകളായി മെയ്തേയി-കുക്കി വിഭാഗങ്ങൾ തമ്മിലെ സംഘർഷത്തിനു പുറമെ, മെയ്തേയികളും നാഗരും തമ്മിൽ ഏറ്റുമുട്ടാറുണ്ട്, നാഗരും കുക്കികളും തമ്മിൽ സംഘട്ടനങ്ങളുണ്ട്. മണിപ്പൂരിലെ വിവിധ വംശങ്ങളുടെ സായുധസംഘങ്ങളെല്ലാംതന്നെ ഇന്ത്യൻ സൈന്യവുമായും ഏറ്റുമുട്ടുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മണിപ്പൂരിലെ കുന്നുകളിലെയും മ്യാന്മറിലെയും ഒളികേന്ദ്രങ്ങളിലിരുന്ന് എട്ട് മെയ്തേയി തീവ്രവാദ ഗ്രൂപ്പുകൾ ഇപ്പോഴും ഇന്ത്യൻ സൈന്യത്തിനെതിരെ പോരാടുകയാണ്. സ്വയംഭരണവും സ്വയംനിർണയാവകാശവും തേടുന്ന ഈ ഗ്രൂപ്പുകളിൽ പ്രമുഖമായവ പീപ്ൾസ് ലിബറേഷൻ ആർമി (പി.എൽ.എ), യുനൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്) എന്നിവയാണ്. പരിശീലനം സിദ്ധിച്ച സായുധരായ ഈ ഗ്രൂപ്പുകളിൽനിന്നുള്ളവർ ഇക്കുറി കുക്കി ജനതക്കെതിരായ അക്രമത്തിലും പങ്കെടുത്തിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഇതിനൊരു മറുവാദവുമുണ്ട്. 2008ലെ ഉടമ്പടിപ്രകാരം 24 കുക്കി തീവ്രവാദി ഗ്രൂപ്പുകൾ പ്രവർത്തനം നിർത്തിവെച്ചിരിക്കെത്തന്നെ അവരിൽ ചിലർ കരാർ ലംഘിച്ച് നിയുക്ത ക്യാമ്പുകളിൽനിന്ന് പുറത്തുകടന്ന് കുക്കി ആധിപത്യ മേഖലകളിൽ മെയ്തേയികൾക്കെതിരെ അതിക്രമങ്ങൾ നടത്തിയതായാണ് ആക്ഷേപം. ഇത്തരം ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ ഏറ്റവുമധികം പരിക്കേൽക്കുന്നത് നാം തുടക്കത്തിൽപ്പറഞ്ഞ പരസ്പര വിശ്വാസത്തിനാണ്.
വികസനത്തിന്റെ കനത്തമട്ടിലുള്ള അഭാവമാണ് മണിപ്പൂരിന്റെ അടിസ്ഥാന പ്രശ്നം. പിന്നാക്ക മേഖലയായി അറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽവെച്ച് ഏറ്റവും പിന്നാക്ക ദേശമായ ഇവിടെ 36.9 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖക്കു താഴെയാണ്. ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നിവയുടെ കാര്യത്തിൽ അതീവ പരിതാപകരമാണ് അവസ്ഥ. സ്വാഭാവികമായും വിഭവങ്ങൾക്കും ജോലികൾക്കും അവസരങ്ങൾക്കും വേണ്ടി പരസ്പരം മത്സരിക്കാൻ മെയ്തേയികളും കുക്കികളും നിർബന്ധിതരായി, ദുഃഖകരമെന്നു പറയട്ടെ, ആ മത്സരം ഇന്ന് ചോരകൊണ്ടായിരിക്കുന്നു. വംശീയ അതിക്രമങ്ങൾക്ക് വർഗീയ നിറം കൈവന്നേക്കുമെന്ന ഭീതിയും അസ്ഥാനത്തല്ല. ഇപ്പോൾതന്നെ കുക്കികളുടെ ചർച്ചുകളും മെയ്തേയികളുടെ അമ്പലങ്ങളും തകർക്കപ്പെട്ട വാർത്തകൾ നാം കാണുന്നുണ്ട്.
ഭാഗ്യവശാൽ, സന്ദർശനവേളയിൽ അമിത് ഷായിൽനിന്ന് പ്രകോപനപരമായ പരാമർശങ്ങളൊന്നും ഉണ്ടായതായി അറിവില്ല. എന്നാൽ, അക്രമത്തിന് ആഴ്ചകൾക്കുമുമ്പ്, മ്യാന്മറിൽ നിന്നുള്ള ‘അനധികൃത കുടിയേറ്റക്കാരുടെ’ വരവ് തടയാൻ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ തയാറാണെന്ന മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ പ്രസ്താവന വർഗീയ ജ്വാലകൾ ആളിക്കത്തിച്ചതായി തോന്നുന്നു. നൂറ്റാണ്ടുകളായി മ്യാന്മർ-ഇന്ത്യ അതിർത്തിയുടെ ഇരുകരകളിലും താമസിക്കുന്ന കുക്കി, നാഗ, ചിൻ എന്നീ ഗോത്രവർഗക്കാരെയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത് എന്ന കാര്യം സുവ്യക്തമാണ്.
ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും അതിരുവിട്ട ‘ഭൂരിപക്ഷ’ രാഷ്ട്രീയം കളിക്കുന്നതിനിടെ മണിപ്പൂരിലെ വർഗീയതാസാധ്യതകളെ ബിരേൻ സിങ് കൂടുതൽ ചൂഷണംചെയ്യില്ലെന്ന് പ്രതീക്ഷിക്കാനേ കഴിയൂ. വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് മതാന്തര വിവാഹം തടയൽ നിയമം കൊണ്ടുവന്നും മുസ്‍ലിം വീടുകൾ ‘ബുൾഡോസർ’ കയറ്റി തകർത്ത് അഭിമാനംകൊള്ളുന്നതും നാം കണ്ടതാണ്. ക്രൈസ്തവ പ്രാർഥനായോഗങ്ങളും പള്ളികളും ആക്രമിക്കപ്പെടുന്നതും നാം കാണുന്നു.
മണിപ്പൂർ നിയമസഭയിലെ 60 സീറ്റുകളിൽ നാൽപതെണ്ണവും മെയ്തേയി ഭൂരിപക്ഷ മേഖലയായ ഇംഫാൽ താഴ്വരയിലാണ്. മെയ്തേയി ഹിന്ദുക്കൾക്ക് ലഭിക്കേണ്ടിയിരുന്ന ജോലികളും അവസരങ്ങളും കുക്കികൾ തട്ടിയെടുക്കുന്നു എന്നതുൾപ്പെടെയുള്ള വ്യാജ ഭീതി പ്രചാരണം ഫലംകണ്ടാൽ മെയ്തേയി വോട്ടുകൾ ഒന്നാകെ സ്വന്തമാക്കാനാവും എന്ന പ്രതീക്ഷ വർഗീയ പ്രചാരകരുടെ മനസ്സിലുണ്ടാകാം.
വടക്കുകിഴക്കൻ ഇന്ത്യയിലെ നിർണായക വിഷയങ്ങളോട് രാജ്യത്തെ ഭരണകൂടം ‘ഒട്ടകപ്പക്ഷി സമീപന’മാണ് പതിവായി പ്രകടിപ്പിച്ചുപോരാറ്. ഇനിയത് തുടരാനാവില്ല. ഇക്കുറി അക്രമത്തിന്റെയും ശത്രുതയുടെയും തോത് സകല അതിരുകളും ലംഘിച്ചു. ആഭ്യന്തരമന്ത്രി മുതൽ കുക്കി, മെയ്തേയി രാഷ്ട്രീയക്കാരും സമുദായനേതാക്കളും, പുറമെ കാണാറില്ലെങ്കിലും അതീവ സ്വാധീനമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ആളുകളും ഉൾപ്പെടെ സകലകക്ഷികളും ഒരുമിച്ചിരുന്ന് സർവവിധ പരിശ്രമങ്ങളും നടത്തിയാലല്ലാതെ മണിപ്പൂരിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാവില്ല.
ഞാൻ ആവർത്തിക്കുന്നു, സമാധാനം തിരിച്ചുവരാൻ ആവശ്യമായ ഏറ്റവും നിർണായക ഘടകത്തെക്കുറിച്ചാണ് ചിന്ത വേണ്ടത്- പരസ്പര വിശ്വാസം തന്നെയാണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.