ഭാരത് ജോഡോ യാത്ര തുടങ്ങിയ ഘട്ടത്തിൽ അതുകൊണ്ടെന്തു നേടാൻ എന്ന വിമർശനചിന്ത ഒരുപാടാളുകൾക്കുണ്ടായിരുന്നു. തുറന്നുപറയാമല്ലോ, ഭരണപാർട്ടിയുടെ ഇഷ്ടക്കാരൊന്നുമല്ലാത്ത ഈ കുറിപ്പുകാരനും കൂട്ടുകാരും യാത്രയുടെ ഫലസിദ്ധിയെക്കുറിച്ച് സംശയം പുലർത്തിയവരായിരുന്നു. 52 വയസ്സുള്ള ഒരാൾ കന്യാകുമാരി മുതൽ കശ്മീർ വരെ നടക്കുകയെന്നു പറഞ്ഞാൽ സാധ്യമാവുന്ന കാര്യമാണോ? സന്ദർഭവശാൽ ഞാനും ആ യാത്രയിൽ പങ്കുചേർന്ന ഘട്ടത്തിൽ കണ്ട നൂറുകണക്കിനാളുകൾ പറഞ്ഞത് അദ്ദേഹം ഒരു ബസിലോ മറ്റേതെങ്കിലും വാഹനത്തിലോ ആവും ഈ വഴിദൂരമെല്ലാം താണ്ടുക എന്നാണ് അവർ കരുതിയിരുന്നത് എന്നാണ്.
എന്നാൽ, അക്ഷരാർഥത്തിൽ നടക്കുകതന്നെയായിരുന്നു. മാധ്യമങ്ങൾ ആവുംവിധത്തിലെല്ലാം ഇക്കാര്യം മറച്ചുപിടിക്കാൻ നോക്കുകയുംചെയ്തു. മാധ്യമങ്ങൾ ആവതുപണിപ്പെട്ടിട്ടും യാത്ര പൊതുജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ചു. അതോടെ കോവിഡ് വൈറസ് വീണ്ടും പടരാൻ തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ യാത്ര നിർത്തിവെക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാക്കൾ മുന്നോട്ടുവരാൻ തുടങ്ങി.കോവിഡ്-19 അതിന്റെ അതിസംഹാരഭാവത്തിൽ നിലകൊണ്ട ഘട്ടത്തിൽപോലും ചെയ്യാത്ത ഒരു കർമം ആ സമയത്ത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുഷ്ഠിച്ചു; അദ്ദേഹം മാസ്ക് ധരിച്ചു.ഏറെ വൈകാതെ നിരീക്ഷകരുടെ സ്വരത്തിൽ ഒരു മാറ്റം പ്രകടമായി. യാത്രകൊണ്ട് ഒരു ഗുണവുമുണ്ടാവില്ല എന്ന ആഖ്യാനം മാറി. രാഹുൽ ഗൗരവബുദ്ധിയില്ലാത്ത ആളാണ് എന്ന ധാരണക്ക് മാറ്റമുണ്ടാവുകയും അണികളെ ഊറ്റംകൊള്ളിക്കുകയും പ്രതിച്ഛായ മെച്ചപ്പെടുത്തുകയും ചെയ്തുവെങ്കിലും 2024ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വല്ല ഗുണവുമുണ്ടാക്കുമോ എന്നായി അവരുടെ ചോദ്യം. ചുരുക്കിപ്പറഞ്ഞാൽ, യാത്ര സാധ്യമാവില്ലെന്നും യാത്രകൊണ്ട് ഒരു കാര്യവുമുണ്ടാവില്ലെന്നുമുള്ള വാദഗതിയിൽനിന്ന് യാത്രകൊണ്ട് ഒരുപാട് നേട്ടങ്ങളുണ്ടാക്കാനാകുമോ എന്ന മട്ടിലേക്ക് കാര്യങ്ങൾ മാറി.
നന്നായി വായിക്കപ്പെടുന്ന ഒരു വാർത്താ വെബ്സൈറ്റിൽ സ്ഥിരമായി ഞാൻ ഒരു കോളം എഴുതുന്നുണ്ട്. പലപ്പോഴും ജനപ്രിയമല്ലാത്ത വാദങ്ങൾ ഉന്നയിക്കുന്നതിനാൽ, എന്റെ കോളത്തിനു ചുവട്ടിൽ വിദ്വേഷ കമന്റുകൾ മുതൽ വധഭീഷണികൾ വരെ വന്നുനിറയാറുണ്ട്. എന്നാൽ, ഒരു തവണ എഴുതിയ കോളത്തിനു ചുവടെ വന്ന കമന്റുകൾ തികച്ചും വ്യത്യസ്തവും ആവേശകരമായ യോജിപ്പും ഉള്ളവയായിരുന്നു. എന്തിനെക്കുറിച്ചായിരുന്നു ആ ലേഖനം എന്നല്ലേ? അദാനിയുടെ വാണിജ്യത്തെയും ഹിൻഡൻബർഗിന്റെ കണ്ടെത്തലുകൾ ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന കമ്പനിയുടെ വാദമുഖത്തെയും സംബന്ധിച്ചായിരുന്നു അത്. ഈ പ്രതിരോധം പരിഹാസ്യമാണെന്നായിരുന്നു എന്റെ വാദം. വായനക്കാർ അത് സമ്മതിച്ചു. എല്ലാത്തിനുമുപരി, മഹാമാരിക്കാലത്ത് അദാനിയുടെ സമ്പത്ത് കുതിച്ചുയരുന്നുവെന്ന റിപ്പോർട്ടുകൾ റദ്ദാക്കാൻ ഒരു ദേശീയവാദ പ്രചാരണത്തിനും സാധിച്ചില്ല.
അദാനി വിവാദം രണ്ടു കാരണങ്ങളാൽ ബി.ജെ.പിയെ മോശമായി ബാധിച്ചു: ഒന്നാമതായി, അദാനിയും മോദിയും തമ്മിലെ അടുപ്പം സാർവത്രികമായി അറിയപ്പെടുന്ന വസ്തുതയാണ്. ചിലരതിനെ പ്രതിരോധിക്കുകയും മറ്റു ചിലർ വിമർശിക്കുകയും ചെയ്യാറുണ്ട്.എന്നാൽ, ആരുംതന്നെ അതിനെ നിഷേധിക്കാറില്ല. രണ്ടാമതായി, അംബാനി-അദാനിമാർക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ നിരന്തര വിമർശനങ്ങൾ ഈ ഘട്ടത്തിൽ ഫലംകണ്ടു, ഞാൻ പണ്ടേ നിങ്ങളോട് പറഞ്ഞിരുന്നതല്ലേ എന്നു പറയാൻ അദ്ദേഹത്തിനായി. പരിഭ്രാന്തിപൂണ്ട ബി.ജെ.പി തൊട്ടുപിന്നാലെ പാനിക് ബട്ടൺ അമർത്തി.
ഈ ഘട്ടത്തിൽ ചില കാര്യങ്ങൾ പ്രാധാന്യമർഹിക്കുന്നു. പല ഇന്ത്യക്കാരും വോട്ടുചെയ്യുന്നത് ജയസാധ്യത ആർക്കാവുമെന്ന് നോക്കിയാണ്. അതുകൊണ്ടുതന്നെ ജയസാധ്യതാ പ്രതീതി സൃഷ്ടിക്കാൻ രാഷ്ട്രീയക്കാർ അവർക്കൊക്കുംവിധത്തിലെല്ലാം ശ്രമിക്കാറുണ്ട്. തങ്ങളുടെ പാർട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും മികച്ച ഭൂരിപക്ഷം കൈവരിക്കുമെന്നും പാർട്ടി വക്താക്കൾ അവസാന നിമിഷംവരെ പറയുന്നത് അതിന്റെ ഭാഗമായാണ്.ഒരു പാർട്ടിയും കീഴടക്കാനാവാത്തവയല്ല. പക്ഷേ, എല്ലാ പാർട്ടിയും ആഗ്രഹിക്കുന്നത് തങ്ങൾ അജയ്യരാണ് എന്ന് സകലരെയും വിശ്വസിപ്പിക്കാനാണ്. പ്രത്യേകിച്ച് അവർ അധികാരത്തിലിരിക്കുന്ന ഘട്ടത്തിൽ. എന്തുകൊണ്ടാണെന്നറിയുമോ? രാഷ്ട്രീയ-പ്രത്യയശാസ്ത്ര വിധേയത്വങ്ങളെല്ലാം മാറിമറിയാവുന്നവയാണ് ജവഹർലാൽ നെഹ്റുവിന്റെ വിയോഗശേഷം ഓരോ പതിറ്റാണ്ടിലും രാഷ്ട്രീയ ആഘാതങ്ങൾക്ക് ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യംവഹിച്ചിരുന്നു. ഇന്ദിര ഗാന്ധിയുടെ ഉയർച്ച ആർക്കും പ്രവചിക്കാനാകുമായിരുന്നില്ല, അതുപോലെതന്നെ അവരുടെ പതനവും തിരിച്ചുവരവും.
അടൽ ബിഹാരി വാജ്പേയിയുടെ ഉയർച്ചയും പതനവും സോണിയ ഗാന്ധിക്കു കീഴിൽ യു.പി.എയുടെ തുടർച്ചയായ വിജയവും അതുപോലെത്തന്നെയായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ വരവ് ആരെങ്കിലും മുൻകൂട്ടിക്കണ്ടിരുന്നതാണോ? എന്തിനധികം പറയുന്നു, 2013ലെ വിഖ്യാതമായ ഗോവ സമ്മേളനം വരെ നരേന്ദ്ര മോദി എന്നൊരാൾ ദേശീയ രാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്കു വരുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ച കാര്യമാണോ? രാഷ്ട്രീയക്കാർക്ക് ഇത് നന്നായി അറിയാം. അതുകൊണ്ടുതന്നെ അധികാരമില്ലാത്തവർ നിലനിൽക്കുന്നു, അധികാരത്തിലുള്ളവരാവട്ടെ ഉത്കണ്ഠയിലും സ്ഥിരോത്സാഹത്തിലും മുന്നോട്ടുപോകുന്നു.
ഒരു വശത്ത്, അമേരിക്കയുടെയും റഷ്യയുടെയും രാഷ്ട്രത്തലവന്മാർപോലും ഉപദേശം തേടുന്നത്ര ആഗോള ഉയരത്തിലാണ് തന്റെ ജനപ്രീതിയെന്ന് എല്ലാവരും വിശ്വസിക്കണമെന്ന് പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നു. ലോകത്തെ സകല രാജ്യങ്ങളും അദ്ദേഹത്തെ നേതാവായിക്കിട്ടിയിരുന്നുവെങ്കിലെന്ന് കൊതിക്കുന്നുണ്ടെന്നും ഇന്ത്യക്കാർ ഭാഗ്യംചെയ്തതിനാൽ അത് സാധ്യമായി എന്നുമുള്ള മട്ടിലാണ് ആ ചിന്താഗതി. ബലൂണുകൾപോലെയാണ് പ്രചാരവേലകളും. ഊതിവീർപ്പിക്കൽ ഏറുംതോറും അവ ദുർബലമാകും. ഒരു സൂചിതട്ടിയാൽപോലും അത് പൊട്ടിത്തകരും. അതിനാൽ, അത്തരം നേരിയ ഭീഷണികളിൽനിന്നുപോലും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.വിദേശ ഏജൻസികൾ നടത്തിയ നിരവധി സർവേകളെ കേന്ദ്ര സർക്കാർ നിരാകരിച്ചു. 2002ൽ നടന്നതെന്തെന്ന് വിശദമാക്കുന്ന ഡോക്യുമെന്ററി നിരോധിക്കുകയും അത് പ്രദർശിപ്പിച്ചവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. മോദിയെ നീക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന് പോസ്റ്റർ പതിക്കപ്പെട്ടതിന്റെ പേരിൽപോലും നൂറുകണക്കിന് എഫ്.ഐ.ആറുകൾ ചുമത്തപ്പെട്ടിരിക്കുന്നു.
ഭരണകൂടത്തിന്റെ അടുപ്പക്കാർപോലും ഇത്രമാത്രം അമിതപ്രതികരണം വേണ്ടതുണ്ടോ എന്നാലോചിക്കണമെന്ന വാദം പ്രകടിപ്പിച്ചുതുടങ്ങിയിരിക്കുന്നു. അത്തരമൊരു ഘട്ടത്തിൽ, മുഖ്യ എതിരാളിയായ രാഷ്ട്രീയക്കാരന് സ്വാഭാവികമായും സാധ്യതകളേറും. അയാളെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ചുവന്ന ഇരട്ടപ്പേരിന് പൊടുന്നനെ അനുരണനം നഷ്ടപ്പെടും. 56 ഇഞ്ചിന്റെ മേന്മപറയുന്നൊരാളെ സംബന്ധിച്ച് ഇതൊക്കെ വെറും നിസ്സാര കാര്യമാവേണ്ടതായിരുന്നില്ലേ? നിങ്ങളാണ് ഏവർക്കും പ്രിയപ്പെട്ടയാളെന്നും എതിരാളിക്ക് പകുതിപോലും പ്രാധാന്യമില്ലെന്നും പറയുന്നതിനിടയിലും എന്തിനാണ് അയാളെ മേൽക്കുമേൽ ആക്രമിച്ചുകൊണ്ടിരിക്കുന്നത്? അതും പുതുപുതു മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട്. നിയമത്തെ തികച്ചും തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചുകൊണ്ട് ജില്ല കോടതികളിൽനിന്ന് വിധികൾ സമ്പാദിക്കുന്നു.
മുമ്പൊന്നും കണ്ടിട്ടില്ലാത്തവിധത്തിൽ ഭരണപക്ഷത്തിന്റെ നേതൃത്വത്തിൽ പാർലമെന്റ് സ്തംഭിപ്പിക്കുന്നു. അയാൾ രാജ്യവിരുദ്ധനാണ് എന്ന് വരുത്തിത്തീർക്കാൻ പുതു വാദമുഖങ്ങൾ സൃഷ്ടിക്കുന്നു... എന്തിനാണിതെല്ലാം? വിജയം ശാശ്വതമല്ല എന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു, അതുപോലെതന്നെ അദ്ദേഹത്തിന്റെ തോൽവിയും.
അഭിഭാഷകനും എഴുത്തുകാരനുമാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.