ചരിത്രാതീതകാലം മുതൽതന്നെ ഇന്ത്യയിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്നു. അക്കാലത്ത് വിവിധ മതങ്ങൾ ഇവിടെ നിലവിൽ ഉണ്ടായിരുന്നില്ല. ജനങ്ങളെ തൊഴിലിന്റെ അടിസ്ഥാനത്തിൽ പല തട്ടുകളാക്കി തരംതിരിച്ചിരുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നീ നാലു വിഭാഗങ്ങളെപ്പറ്റിയാണ് മനുവിനാൽ രചിക്കപ്പെട്ട ഹൈന്ദവ ന്യായശാസ്ത്രമായ മനുസ്മൃതിയിൽ പറയുന്നത്.
നമ്മുടെ രാജ്യത്തെ ഹിന്ദു മതമൗലിക വാദികൾ മനുസ്മൃതി ആധാരമാക്കി ഒരു സാമൂഹികവ്യവസ്ഥയും, ഹിന്ദു രാഷ്ട്രവും സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ദശാബ്ദങ്ങൾ പിന്നിട്ടിരിക്കുകയാണ്. ബാബരിമസ്ജിദ് പൊളിച്ചതും തൽസ്ഥാനത്ത് ക്ഷേത്രം പണിയുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ന്യൂനപക്ഷങ്ങൾക്ക് പൗരത്വംപോലും നിഷേധിക്കുന്ന നിയമങ്ങളുമതെ.
വർഗീയതയാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. യാഥാസ്ഥിതികത്വം, വിജ്ഞാന വിരോധം എന്നിവയുടെ പര്യായമായി പലപ്പോഴും വർഗീയത എന്ന പദത്തെ ഉപയോഗിക്കാറുണ്ട്. വർഗീയത ഒരു വിശ്വാസവും ഉപകരണവുമാണ്. മതപരമായ വേർതിരിവിനാണ് അത് ഊന്നൽ നൽകുന്നത്. ഒരു മതത്തിന്റെ വളർച്ചക്ക് മറ്റു മതങ്ങൾ തടസ്സമാണെന്ന വിശ്വാസമാണ് വർഗീയത പ്രചരിപ്പിക്കുന്നത്. സ്വന്തം മതത്തോട് അഭിനിവേശവും മറ്റു മതങ്ങളോട് വിദ്വേഷവും െവച്ചുപുലർത്താൻ അത് േപ്രരിപ്പിക്കുന്നു. ചുരുക്കത്തിൽ, സ്വന്തം മതത്തോടുള്ള അതിരു കവിഞ്ഞ സ്നേഹം മറ്റു മതങ്ങളോടു വിരോധമായി മാറുമ്പോഴാണ് വർഗീയത ഉടലെടുക്കുന്നത്. മതങ്ങൾ തമ്മിലെ ഏറ്റുമുട്ടലായി അതു മാറുകയും ചെയ്യുന്നു. വർഗീയത ദേശീയതക്കും മതേതരത്വത്തിനും മാനവികതക്കും ജനാധിപത്യത്തിനും എതിരായ ഒരു വികാരമാണ്. പരസ്പര വെറുപ്പും മുൻവിധികളും സംശയവും ഹിംസയുമാണ് അതിന്റെ സവിശേഷതകൾ. 'വർഗീയത ഫാഷിസത്തിന്റെ ഇന്ത്യൻ പതിപ്പാണെന്ന്' നെഹ്റു അഭിപ്രായപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കുന്നതിനുള്ള അണിയറ നീക്കങ്ങൾ ആരംഭിച്ചിട്ടുതന്നെ വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്. എന്തായാലും ഇക്കൂട്ടരുടെ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നു. ഇതിനായി ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക ഭരണഘടന തയാറായി വരുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തുടനീളം മുഴങ്ങിയ തീവ്ര ഹിന്ദുത്വക്കാരുടെ കലാപ ആഹ്വാനങ്ങൾ ബോധപൂർവമായിട്ടുള്ളതാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടും പുറത്തു വന്നിരിക്കുന്നു. യു.പിയിലെ അലഹബാദിൽ ഫെബ്രുവരിയിൽ സംഘടിപ്പിച്ച ധർമ സൻസദിൽ പാസാക്കിയ 'ഹിന്ദുരാഷ്ട്ര പ്രമേയ'ത്തിന്റെ ചുവടുപിടിച്ചുള്ള ഭരണഘടനയുടെ ആദ്യ കരട് തയാറായെന്നും 2023 ൽ പ്രയാഗ് രാജിൽ നടക്കുന്ന ധർമസൻസദിൽ ഇത് അവതരിപ്പിക്കുമെന്നുമാണ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാഭ്യാസം, പ്രതിരോധം, ക്രമസമാധാനം, വോട്ടിങ് സംവിധാനം, രാഷ്ട്രതലവന്റെ അവകാശങ്ങൾ തുടങ്ങിയവയിലെ വ്യവസ്ഥകൾ വിശദമാക്കുന്ന കരട് ഭരണഘടനയിൽ ഹിന്ദുക്കളല്ലാത്തവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ല എന്നു വ്യക്തമാക്കുന്നുണ്ട്.
16 വയസ്സ് പൂർത്തിയാകുന്നതോടെ വോട്ടവകാശം ലഭിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം 25 വയസ്സായി നിജപ്പെടുത്തും. ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ലാതാക്കി പകരം േത്രതായുഗത്തിലെയും ദ്വാപരയുഗത്തിലേയും ശിക്ഷാസമ്പ്രായം നടപ്പിലാക്കും. ആയുർവേദം, ഗണിതം, നക്ഷത്രം, ഭൂഗർഭം, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസം നൽകും. കരട് രേഖ സംബന്ധിച്ച മതപണ്ഡിതരുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചർച്ചകളും സംവാദങ്ങളും ഹിന്ദുത്വ ഭരണഘടനാ സമിതി നടത്തിവരുകയാണ്.
വംശീയവും വർഗീയവുമായുള്ള ഭരണകൂടങ്ങളും ഭരണഘടനയുമൊന്നും ലോകത്ത് പുത്തരിയല്ല. എന്നാൽ, മതേതരത്വം അടിസ്ഥാന പ്രമാണമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു നീക്കത്തിന് ഒരു നീതീകരണവുമില്ല. നിർഭാഗ്യവശാൽ, മതാധിഷ്ഠിതമായ ഒരു സർക്കാറിനായുള്ള പ്രവർത്തനങ്ങൾ ഈ രാജ്യത്ത് വളരെ ശക്തമായും സംഘടിതമായും നടന്നുകൊണ്ടിരിക്കുകയാണ്. ഈ കരുനീക്കങ്ങൾ രാജ്യത്തെ മുന്നോട്ടല്ല, പിന്നോട്ടാണ് നയിക്കാൻ പോകുന്നത്. ഈ ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിൽ ഫാഷിസത്തിന്റെ പൊതുവായ ചില ലക്ഷണങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്. ഫാഷിസ്റ്റ് രാഷ്ട്രം സർവാധിപത്യ രാഷ്ട്രമാണ്. പാർലമെന്റിലും തെരഞ്ഞെടുപ്പിനുമൊന്നും അത് പ്രാധാന്യം കൽപിക്കുന്നില്ല. അത് ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും തള്ളിപ്പറയുന്നു. എല്ലാത്തരം വ്യക്തിസ്വാന്ത്ര്യങ്ങളെയും അത് നിരാകരിക്കുന്നു. അവർ സൈനിക ദേശീയതയെ പ്രോത്സാഹിപ്പിക്കുന്നു. വംശീയതയാണ് ഫാഷിസ്റ്റ് തത്ത്വസംഹിതയുടെ കാതൽ. ഹിന്ദുത്വ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള നിർബന്ധിതമായ സൈനിക പരിശീലനവും മറ്റും എല്ലാ മതങ്ങളെയും നിഷേധിക്കലും ഫാഷിസ്റ്റ് തത്ത്വസംഹിതകളുടെ ഉദാഹരണങ്ങൾ തന്നെയാണ്.
രാജ്യത്തെ തീവ്രഹിന്ദുത്വം അതിന്റെ വിളയാട്ടം അനുസ്യൂതമായി തുടരുകയാണ്. ഭരണനേതൃത്വത്തിന്റെ ഒത്താശയില്ലാതെ ഇക്കൂട്ടർ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ആരും കരുതുന്നില്ല. രാജ്യത്തെ ഭരണകൂടത്തിന്റെ കഴിഞ്ഞ എട്ടു വർഷത്തെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ തീവ്ര ഹിന്ദുത്വ ശക്തികൾ അവതരിപ്പിക്കുവാൻ തയാറെടുത്തുകൊണ്ടിരിക്കുന്ന ഭരണഘടനയിലെ പലതും ഇപ്പോൾ തന്നെ നടപ്പാക്കി കഴിഞ്ഞതാണെന്ന് വ്യക്തമാകും. വർഗീയ സംഘങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിന് വിട്ടുകൊടുക്കാനുള്ളതല്ല ഇന്ത്യ, മതേതര ജനാധിപത്യ രാജ്യം എന്നു തീരുമാനിക്കേണ്ടത് ഇന്നാട്ടിലെ ജനങ്ങളും ജനാധിപത്യസംഘങ്ങളുമാണ്. അതിനായി നാം അതി കഠിനമായിത്തന്നെ യത്നിക്കേണ്ടിയിരിക്കുന്നു.
(ലേഖകൻ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.