ഉപരോധത്തിനിടെയും എണ്ണ വിറ്റ് റഷ്യ നേടിയത് 9800 കോടി ഡോളർ

പാരിസ്: യൂറോപ്യൻ രാജ്യങ്ങളിലേറെയും ഉപരോധങ്ങൾ അടിച്ചേൽപിച്ച് സമ്മർദത്തിലാക്കിയിട്ടും യുക്രെയ്ൻ അധിനിവേശത്തിന്റെ ആദ്യ 100 നാളുകളിൽ റഷ്യ അടിച്ചെടുത്തത് വൻതുകയെന്ന് കണക്കുകൾ. 9800 ​കോടി ഡോളർ (7,65,957 കോടി രൂപ)യാണ് എണ്ണ വിൽപനയിലൂടെ റഷ്യ സ്വന്തമാക്കിയതെന്ന് ഫിൻലൻഡ് ആസ്ഥാനമായുള്ള സി.ആർ.ഇ.എ തയാറാക്കിയ റിപ്പോർട്ട് പറയുന്നു.

ഈ മാസാദ്യത്തോടെ യൂറോപ്യൻ യൂനിയൻ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിവെക്കാൻ തീരുമാനമെടുത്തിരുന്നു. പ്രകൃതിവാതക ഇറക്കുമതി വർഷാവസാനത്തോടെ മൂന്നിൽ രണ്ടും ഒഴിവാക്കാനും തീരുമാനമെടുത്തു. എന്നാൽ, റഷ്യ കഴിഞ്ഞ നാളുകളിൽ വിൽപന നടത്തിയ എണ്ണയിലേറെയും വാങ്ങിയത് ഇ.യു രാജ്യങ്ങളാണെന്നും റിപ്പോർട്ട് പറയുന്നു- 61 ശതമാനം. അതുമാത്രം 5700 കോടി ഡോളർ മൂല്യമുള്ളതാണ്. ചൈനയാണ് രാജ്യങ്ങളുടെ കണക്കിൽ ഒന്നാമത്- 1260 കോടി ഡോളറിന്റെ എണ്ണയാണ് അവർ വാങ്ങിയത്. ജർമനിയാകട്ടെ, 1210 കോടി ഡോളറുമായി തൊട്ടുപിറകിലുണ്ട്.

അസംസ്കൃത എണ്ണയാണ് റഷ്യൻ ഇന്ധന വിൽപനയിൽ മുഖ്യമായത്. പൈപ് ലൈൻ വഴിയുള്ള പ്രകൃതി വാതകം, എണ്ണ ഉൽപന്നങ്ങൾ, ദ്രവീകൃത പ്രകൃതി വാതകം, കൽക്കരി എന്നിവയാണ് മറ്റുള്ളവ.

മറ്റു രാജ്യങ്ങൾ റഷ്യൻ എണ്ണയിൽനിന്ന് പിൻമാറിയ ഒഴിവിൽ ചൈന, ഇന്ത്യ, യു.എ.ഇ ഉൾപ്പെടെയുള്ളവ വാങ്ങുന്ന അളവ് വർധിപ്പിച്ചിരുന്നു. ഇന്ത്യയിൽ സ്വകാര്യ കമ്പനികളാണ് പ്രധാനമായും വാങ്ങുന്നത്.

Tags:    
News Summary - Despite the embargo, Russia earned $ 98 billion from oil sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.