വാഷിങ്ടൺ ഡി.സി: 'ബോൺലെസ്സ് ചിക്കനിൽ' (എല്ലില്ലാത്ത ചിക്കൻ) എല്ലുണ്ടാകാമോ? ഉണ്ടായാലും കുഴപ്പമില്ലെന്ന് വിധിച്ചിരിക്കുകയാണ് യു.എസിലെ കോടതി. എട്ടുവർഷം മുമ്പുള്ള കേസിലാണ് ഓഹിയോയിലെ കോടതി വിധിപറഞ്ഞിരിക്കുന്നത്.
മൈക്കൽ ബെർക്ഹെയ്മർ എന്നയാളാണ് പരാതിക്കാരൻ. ഇയാൾ 2016ൽ ബ്രൂക്ക് വുഡിലെ ഒരു റെസ്റ്ററന്‍റിൽ നിന്ന് ബോൺലെസ്സ് ചിക്കൻ വാങ്ങി. എല്ലില്ലാത്ത ചിക്കനാണെന്ന ധാരണയിൽ കഴിച്ചപ്പോൾ ചിക്കനിൽ നിന്ന് ഒരു ചെറിയ എല്ല് ലഭിക്കുകയും അത് ഇയാളുടെ തൊണ്ടയിൽ കുടുങ്ങുകയും ചെയ്തു. ഇത് പിന്നീട് തൊണ്ടയിൽ അണുബാധയ്ക്കും കാരണമായി. തുടർന്ന് ഇയാൾ റെസ്റ്ററന്‍റിനെതിരെ കേസ് കൊടുക്കുകയായിരുന്നു.
കീഴ്കോടതികൾ മൈക്കലിന്‍റെ പരാതി തള്ളുകയാണ് ചെയ്തത്. ഒടുവിൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെത്തുകയായിരുന്നു. ഏഴംഗ ബെഞ്ചിൽ മൂന്ന് ജഡ്ജിമാരും വിധിച്ചത് ബോൺലെസ്സ് ചിക്കനിൽ എല്ലുണ്ടാകാമെന്നാണ്.
'ബോൺലെസ്സ് ചിക്കൻ എന്നത് ഒരു പാചക രീതിയാണ്. അത് ഒരു ഉറപ്പല്ല' -ജഡ്ജിമാരിലൊരാൾ വ്യക്തമാക്കി. അതേസമയം, മൂന്ന് ജഡ്ജിമാർ വിയോജനം രേഖപ്പെടുത്തി. ബോൺലെസ്സ് ചിക്കൻ എന്ന് കേൾക്കുമ്പോൾ ഏത് സാധാരണക്കാരും ധരിക്കുക എല്ലില്ലാത്ത ചിക്കനാണെന്നാണ്. കുഞ്ഞുങ്ങൾക്ക് ബോൺലെസ്സ് ചിക്കൻ നൽകുന്ന മാതാപിതാക്കൾ ചിക്കനിൽ എല്ലുണ്ടാവില്ലെന്ന ധാരണയിലാണ് നൽകുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.