വെല്ലിങ്ടൺ: കോവിഡ് വ്യാപനമില്ലാതെ 100 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ് ന്യൂസിലാൻഡ്. ആദ്യ കോവിഡ് മുക്തരാഷ്ട്രമായി മാസങ്ങൾ മുമ്പേ പ്രഖ്യാപിക്കപ്പെട്ട ദ്വീപുരാഷ്ട്രം നൂറ് ദിവസം പിന്നിടുമ്പോഴും വൈറസിനെ അതിജീവിച്ചു നിൽക്കുമ്പോൾ കൈയടിക്കുകയാണ് ലോകരാഷ്ട്രങ്ങൾ. കോവിഡ് പ്രതിരോധത്തിൽ ആഗോളപ്രശംസ നേടിയ പ്രധാനമന്ത്രി ജസീന്ത ആർഡനും ഇത് അഭിമാന നിമിഷങ്ങൾ.
50 ലക്ഷം മാത്രം ജനസംഖ്യയുള്ള പസഫിക് ദ്വീപുരാഷ്ട്രത്തെ ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്നാണ് നിലവിൽ വിശേഷിപ്പിക്കുന്നത്. ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. റസ്റ്ററന്‍റുകളും സ്റ്റേഡിയങ്ങളുമെല്ലാം ജനങ്ങൾക്കായി തുറന്നിട്ടുണ്ട്. എന്നാൽ, കോവിഡിനെതിരായ ജാഗ്രത കൈവിടാൻ ന്യൂസിലാൻഡ് ഒരുക്കമല്ല. വിയറ്റ്നാം, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് പിടിച്ചുകെട്ടിയ ശേഷം വീണ്ടും കേസുകൾ വർധിക്കുന്നുവെന്ന യാഥാർഥ്യം അവർക്കുമുന്നിലുണ്ട്.
മാർച്ച് മാസം അവസാനത്തോടെ പ്രഖ്യാപിച്ച കർശന ലോക്ഡൗൺ നടപടികളാണ് ന്യൂസിലാൻഡിൽ കോവിഡിനെ തടഞ്ഞുനിർത്തിയത്. അന്ന് വെറും 100 കേസുകൾ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നത്. തുടക്കത്തിലേ കാണിച്ച ഈ ജാഗ്രത അവർ പിന്നീട് കൈവിട്ടില്ല.
കഴിഞ്ഞ മൂന്ന് മാസങ്ങളിൽ പുതിയ കോവിഡ് രോഗികൾ രാജ്യത്തുണ്ട്. പക്ഷേ അവരെല്ലാം മറ്റ് രാജ്യങ്ങളിൽ നിന്ന് തിരികെയെത്തിയവരാണ്. ഇവരെ പ്രത്യേകമായി ക്വാറന്‍റീൻ ചെയ്തിരിക്കുകയാണ്.
ശാസ്ത്രീയ സമീപനവും മികച്ച ഭരണനേതൃത്വവുമാണ് ന്യൂസിലാൻഡിന് മുതൽക്കൂട്ടെന്ന് ഒട്ടാഗോ സർവകലാശാലയിലെ എപിഡെമോളജിസ്റ്റ് പ്രഫ. മെക്കൽ ബെക്കർ പറയുന്നു. ഈ രണ്ട് ഘടകങ്ങളും ഒന്നുചേർന്ന രാജ്യങ്ങളെല്ലാം കോവിഡിനെ ചെറുത്തുനിൽക്കുന്നുണ്ടെന്ന് കാണാൻ സാധിക്കും. പാശ്ചാത്യരാജ്യങ്ങളെല്ലാം ഇക്കാര്യത്തിൽ വളരെ പിന്നാക്കം പോയി. അതിന്‍റെ ഫലമാണ് ഇന്നു കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആകെ 1569 കേസുകളാണ് ന്യൂസിലാൻഡിൽ റിപ്പോർട്ട് ചെയ്തത്. 22 പേർ മരിച്ചു. 1524 പേരും രോഗമുക്തി നേടി. ചികിത്സയിൽ തുടരുന്ന 23 പേരും മറ്റിടങ്ങളിൽ നിന്ന് എത്തിയവരാണ്.
ഫെബ്രുവരി 28നാണ് ന്യൂസിലാന്‍ഡില്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇറാനിലേക്ക് യാത്ര പോയ 60 വയസ്സുകാരനാണ് ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തിലേ ഏതാണ്ട് ഏഴ് ആഴ്ച്ച നീണ്ട കര്‍ശനമായ ലോക്ഡൗൺ ആണ് ന്യൂസിലാന്‍ഡില്‍ നടപ്പാക്കിയത്. ഇതിനോട് ജനങ്ങളുടെ ഭാഗത്തു നിന്നും പൂര്‍ണ്ണ സഹകരണവും ലഭിച്ചു.
ഭൂമിശാസ്ത്രപരമായ പ്രത്യകതകളും സഹായകമായിട്ടുണ്ട്. ദ്വീപ് രാഷ്ട്രമായതിനാൽ അതിർത്തി കടന്ന് എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിഞ്ഞു. കുറഞ്ഞ ജനസംഖ്യയും അനുകൂല ഘടകമായി.
അടുത്തമാസം നടക്കുന്ന ജനറൽ ഇലക്ഷന് കോവിഡ് അതിജീവനം പ്രധാനമന്ത്രി ജസീന്ത ആർഡന്‍റെ ലിബറൽ ലേബർ പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.