കറാച്ചി: പാകിസ്താനിലെ ശിയ ഹസാര വിഭാഗത്തിൽപ്പെട്ട 11 ഖനിത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നു. ബലൂചിസ്താൻ പ്രവിശ്യ തലസ്ഥാനമായ ക്വറ്റക്ക് സമീപത്തെ മച്ച് കൽക്കരി ഖനിയിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. സായുധസംഘം ഇവരെ സമീപത്തെ മലയിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം വെടിവെച്ചുകൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആറുപേർ സംഭവ സ്ഥലത്തും ഗുരുതര പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിലും മരിച്ചു. ആക്രമികൾ ഹസാര വിഭാഗക്കാരെ മാറ്റി നിർത്തിയ ശേഷം മറ്റുള്ളവരെ വിട്ടയക്കുകയായിരുന്നെന്ന് മേഖലയിലെ പൊലീസ്-സൈനിക ചുമതലയുള്ള ലെവിസ് സേന ഉദ്യോഗസ്ഥനായ മുഅസ്സം അലി ജതോയി പറഞ്ഞു.
വിവരമറിഞ്ഞ് പൊലീസ്, അതിർത്തി സേന, ജില്ല ഭരണകൂടം എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ, ബലൂചിസ്താൻ മുഖ്യമന്ത്രി ജം കമാൽ ഖാൻ എന്നിവർ സംഭവത്തെ അപലിച്ചു. മുഴുവൻ ശക്തിയുമുപയോഗിച്ച് ആക്രമികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അതിർത്തി സേനക്ക് ഇംറാൻ ഖാൻ നിർദേശം നൽകി. ആക്രമികൾ ദയ അർഹിക്കുന്നില്ലെന്ന് ജം കമാൽ പറഞ്ഞു.
സംഭവത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ബലൂച് മേഖലയിലെ നിരോധിത സുന്നി തീവ്രവാദി ഗ്രൂപ്പായ ലശ്കറെ ജാങ്ക്വി, ഹസാരകളെ ലക്ഷ്യമിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.