കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ റഷ്യൻ എംബസിക്കു പുറത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ടു റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം എട്ടുപേർ കൊല്ലപ്പെട്ടു. എംബസിയുടെ കോൺസുലാർ വിഭാഗത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്.
ഈ സമയം വിസക്ക് വേണ്ടി കാത്തിരിക്കുന്ന നിരവധി അഫ്ഗാൻ പൗരന്മാർ ഇവിടെ ഉണ്ടായിരുന്നുവെന്നു റഷ്യൻ വാർത്ത ഏജൻസി ആർ.ഐ.എ റിപ്പോർട്ട് ചെയ്തു. എംബസിയിൽനിന്ന് ഉദ്യോഗസ്ഥൻ പുറത്തേക്കിറങ്ങി വിസ അപേക്ഷകരുടെ പേരു വിളിക്കാൻ തുടങ്ങിയപ്പോഴായിരുന്നു സ്ഫോടനമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നാറ്റോ പിന്തുണയുള്ള സർക്കാറിനെ പുറത്താക്കി താലിബാൻ അധികാരത്തിലെത്തിയതിന് ശേഷം കാബൂളിൽ നിരവധി അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എന്നാൽ, ആദ്യമായാണ് വിദേശ എംബസിക്കുനേരെ ആക്രമണമുണ്ടാകുന്നത്. ഒരു വർഷം മുമ്പ് താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കാബൂളിൽ പ്രവർത്തിക്കുന്ന രണ്ടു എംബസികളിൽ ഒന്നും യൂറോപ്പിൽനിന്നുള്ള ഏക എംബസിയുമാണ് റഷ്യയുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.