ഗസ്സ സിറ്റി: ഫലസ്തീനികൾക്കെതിരായ ഭീകരാക്രമണങ്ങൾ ഇസ്രായേൽ ശക്തമായി പുനരാരംഭിച്ചതോടെ മൂന്ന് ദിവസത്തിനകം ഗസ്സയിൽ 200 ലേറെ കുട്ടികൾ കൊല്ലപ്പെട്ടു. കുട്ടികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയായ യുനിസെഫിന്റെ വക്താവ് റൊസാലിയ ബൊല്ലെനാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ചൊവ്വാഴ്ച രാവിലെമുതൽ ഇതുവരെയുള്ള കനത്ത ഷെൽ ആക്രമണങ്ങളിലാണ് ഇത്രയേറെ കുട്ടികളുടെ ജീവൻ പൊലിഞ്ഞത്.
ആയിരക്കണക്കിന് കുട്ടികൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ മുഴുവൻ ചികിത്സിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഗസ്സയിലെ ആശുപത്രികൾ. ഭക്ഷ്യസഹായം ഇസ്രായേൽ തടഞ്ഞുവെച്ചതോടെ ഗസ്സയിലെ ജനജീവിതം ദുരിതപൂർണമായെന്നും ബൊല്ലെൻ പറഞ്ഞു. അടിയന്തര സേവനങ്ങൾക്കുപോലും സുരക്ഷിതമായ ഇടം ഗസ്സയിലില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ, ബന്ദികളെ മുഴുവൻ മോചിപ്പിക്കാൻ ഹമാസ് തയാറാകുന്നതുവരെ ഗസ്സയുടെ ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. ബന്ദികളെ വിട്ടയക്കാൻ ഹമാസ് എത്രത്തോളം വിസമ്മതിക്കുന്നുവോ അത്രത്തോളം ഭൂപ്രദേശങ്ങൾ അവർക്ക് നഷ്ടപ്പെടും. ഗസ്സയിൽനിന്ന് പിടിച്ചെടുക്കുന്ന ഭൂപ്രദേശങ്ങൾ ഇസ്രായേലിൽ കൂട്ടിച്ചേർക്കുമെന്നും കാറ്റ്സ് വ്യക്തമാക്കിയതായി ജറുസലേം പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.