വിശന്ന മനുഷ്യരെ കൊന്നൊടുക്കി ഇസ്രായേൽ: വീണ്ടും ഭക്ഷണം കാത്തുനിന്നവർക്ക് നേരെ ബോംബാക്രമണം; 21 പേർ ​​കൊല്ലപ്പെട്ടു, 150ലേറെ പേർക്ക് പരിക്ക്

ഗസ്സ: വിശന്നുപൊരിഞ്ഞ ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള മനുഷ്യർ ഒരുപിടി ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ അവരെ ഭക്ഷണത്തിനുമുന്നിൽ കൂട്ടത്തോടെ കശാപ്പ് ചെയ്യുന്ന ഇസ്രായേൽ ക്രൂരത തുടരുന്നു. ഇന്നലെ ഗസ്സ സിറ്റിയിലെ കുവൈത്ത് റൗണ്ട് എബൗട്ടിൽ സഹായം കാത്തിരുന്നവർക്ക് നേരെ ഇസ്രായേൽ സൈനിക ഹെലികോപ്റ്റർ രണ്ടുതവണ വ്യോമാക്രമണം നടത്തി. 21 മനുഷ്യർ പിടഞ്ഞുവീണുമരിച്ചു. 150ലേറെ പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സഹായ വിതരണത്തിന് കാത്തിരിക്കുന്നവർക്ക് നേരെ ഇ​തേ സ്ഥലത്തുവെച്ച് മുമ്പും ഇസ്രായേൽ സേന കൂട്ടക്കൊല നടത്തിയിരുന്നു. മൃതദേഹങ്ങളും പരിക്കേറ്റവരെയും ഗസ്സ സിറ്റിയിലെ അൽ ശിഫ ആശുപത്രിയിലും കമാൽ അദ്‍വാൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഗുരുതര പരിക്കേറ്റ് അവയവങ്ങൾ നഷ്ടപ്പെട്ടവരെയും ചോരയൊലിക്കുന്നവരെയും അൽശിഫ മെഡിക്കൽ കോംപ്ലക്‌സിലെ നിലത്ത് കിടത്തിയിരിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആവശ്യത്തിന് മെഡിക്കൽ ജീവനക്കാരും സൗകര്യങ്ങളും ഇല്ലാത്തതിനാൽ പരിക്കേറ്റവരെ വേണ്ടവിധം ശുശ്രൂഷിക്കാനാവുന്നില്ലെന്ന് ഇവർ പറഞ്ഞു.

ഭക്ഷണം തേടിയെത്തിയവർക്കും വിതരണം ചെയ്യുന്നവർക്കും നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങൾ:

മാർച്ച് 14: ഗസ്സ സിറ്റി കുവൈത്ത് റൗണ്ട് എബൗട്ടിൽ സഹായത്തിനായി എത്തിയവർക്ക് നേരെ ഇസ്രായേൽ സൈനിക ഹെലികോപ്റ്ററിൽനിന്ന് വെടിവെപ്പ്: 21മരണം, നൂറിലധികം പേർക്ക് പരിക്കേറ്റു

മാർച്ച് 3: ദേർ അൽ ബലാഹിൽ സഹായ വിതരണ ട്രക്കിന് നേരെ ഇസ്രായേൽ ആക്രമണം. ഒമ്പത് പേർ കൊല്ലപ്പെട്ടു.

ഫെബ്രുവരി 29: ഗസ്സ സിറ്റിയിൽ ഭക്ഷണത്തിനായി കാത്തിരുന്ന ആളുകൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 112 ഫലസ്തീനികൾ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു.

ഫെബ്രുവരി 26: ഗസ്സ സിറ്റിയിൽ ഭക്ഷ്യസഹായ ട്രക്കുകൾക്കായി കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ ഇസ്രായേൽ സേനയുടെ ഷെല്ലാക്രമണവും വെടിവെപ്പും.10 പേർ കൊല്ലപ്പെട്ടു.

ജനുവരി 25: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സ സിറ്റിയിൽ സഹായത്തിനായി കാത്തിരുന്ന 20 പേർ കൊല്ലപ്പെട്ടു.

ഡിസംബർ 29: വടക്കൻ ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യം സുരക്ഷിതമെന്ന് നിശ്ചയിച്ച റൂട്ടിലൂടെ സഞ്ചരിച്ച സഹായ വിതരണ സംഘത്തിന് നേരെ ഇസ്രായേൽ സൈനികർ വെടിയുതിർത്തു.

നവംബർ 7: റെഡ് ക്രോസ് അന്താരാഷ്ട്ര കമ്മിറ്റിയുടെ സഹായ വാഹനവ്യൂഹത്തിന് ഗസ്സ സിറ്റിയിൽ വെടിവെപ്പ്

Tags:    
News Summary - 21 people have been killed and more than 150 injured in the latest mass-casualty attack by Israeli forces on aid seekers in Gaza City.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.