ഗസ്സ സിറ്റി: ഗസ്സയിൽ അഭയാർഥികളായ ഫലസ്തീനികൾ തിങ്ങിക്കഴിയുന്ന അൽമവാസിയിലെ തമ്പുകളിൽ ബോംബുകൾ വർഷിച്ച് ഇസ്രായേൽ ക്രൂരത. 45 പേരുടെ മരണം സ്ഥിരീകരിച്ചു. 60ലേറെ പേർക്ക് പരിക്കേറ്റു. മണൽക്കൂമ്പാരങ്ങൾക്കടിയിലായ 15 പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു.
സുരക്ഷിത മേഖലയായി ഇസ്രായേൽ സേന നിശ്ചയിച്ചയിടത്താണ് കഴിഞ്ഞദിവസം അർധരാത്രിക്കുശേഷം മുന്നറിയിപ്പില്ലാതെ അത്യുഗ്ര ശേഷിയുള്ള ബോംബുകൾ തീതുപ്പിയത്. 20നും 40നുമിടയിൽ തമ്പുകളും അവയിൽ താമസിച്ച കുടുംബങ്ങളും തുടച്ചുനീക്കപ്പെട്ടു. 30 അടി താഴ്ചയുള്ള മൂന്ന് കൂറ്റൻ ഗർത്തങ്ങൾ പ്രദേശത്ത് രൂപപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് സംവിധാനങ്ങളില്ലാത്തതിനാൽ കൈകളും ഷവലുകളും ഉപയോഗിച്ചാണ് അകത്തുകുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നത്.
ഗസ്സയിലെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പേർ താമസിക്കുന്ന മേഖലയാണ് തെക്കൻ ഗസ്സയിൽ ഖാൻ യൂനുസിനോട് ചേർന്ന് തീരമേഖലയിലെ അൽമവാസി. അവശ്യ സേവനങ്ങളോ സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും ലക്ഷക്കണക്കിന് പേരാണ് ഇവിടെ തമ്പുകളിൽ താമസിക്കുന്നത്.
സമീപകാലത്തെ ഏറ്റവും വലിയ ബോംബാക്രമണം ഹമാസ് വ്യോമവിഭാഗം മേധാവി സാമിർ ഇസ്മാഈൽ ഹദർ അബൂദഖയടക്കം പ്രമുഖരെ ലക്ഷ്യമിട്ടാണെന്ന് ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും ആക്രമണത്തിൽ അവർക്ക് എന്തെങ്കിലും സംഭവിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ആരോപണം ശുദ്ധനുണയാണെന്ന് ഹമാസ് വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേൽ അധിനിവേശം ആരംഭിച്ച ശേഷം നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണങ്ങളിൽ ഒന്നാണ് കഴിഞ്ഞ ദിവസത്തേതെന്ന് ഗസ്സ സിവിൽ ഡിഫൻസ് പറഞ്ഞു. അൽമവാസിയിൽ ഇസ്രായേൽ നടത്തിയത് യുദ്ധക്കുറ്റമാണെന്ന് തുർക്കിയ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
അതിനിടെ, തെക്കൻ ഗസ്സയിലെ റഫയിൽ അൽമശ്റൂഇൽ ഇസ്രായേൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിൽ ഭക്ഷണ സ്റ്റാളിലെ ബോംബിങ്ങിൽ അഞ്ചുപേരും മരിച്ചു. അധിനിവേശം 12ാം മാസത്തിലേക്ക് കടന്ന ഗസ്സയിൽ 41,020 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.