ദുർബലമായ ടെന്‍റുകൾക്കുമേൽ കൊണ്ടിട്ടത് കൂറ്റൻ കെട്ടിടങ്ങൾ തകർക്കുന്ന മിസൈലുകൾ

ഗസ്സ സിറ്റി: തെക്കൻ ഗസ്സയിലെ അൽ മവാസിയിലെ ഒരു കൂടാരത്തിൽ ത​ന്‍റെ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്നു 22കാരിയായ യൂനിവേഴ്സിറ്റി വിദ്യാർഥിനി ഹെർസല്ല. ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തോടെ നിമിഷങ്ങൾക്കുള്ളിൽ എല്ലാം തലകീഴായതായി അവൾ വിവരിക്കുന്നു. ഇവരുടെ കൂടാരത്തിന് 200 മീറ്റർ മാത്രം അകലെയാണ് മിസൈലുകൾ പതിച്ചത്. അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ വൻ ആക്രമണത്തെത്തുടർന്ന് ശാന്തമായ രാത്രിയാകാശം പെട്ടെന്ന് വിനാശത്തി​ന്‍റെ തരംഗമായി രൂപാന്തരപ്പെട്ടു. തീജ്വാലകളും പുകയുംകൊണ്ട് നിറഞ്ഞു. രണ്ട് നിറങ്ങൾ മാത്രമേ ഞാൻ കണ്ടുള്ളു. ചുവപ്പും ചാരവും. കൂട്ട നിലവിളികളും ആംബുലൻസി​ന്‍റെ ശബ്ദവും എല്ലാം കേൾക്കാമായിരുന്നു. പേടിസ്വപ്നങ്ങളിലൊന്നിലേക്ക് പ്രവേശിച്ചതായി എനിക്ക് തോന്നി. പക്ഷേ അത് യഥാർത്ഥ ജീവിതമായിരുന്നു - ഭയം വിട്ടുമാറാതെ അവൾ പറഞ്ഞു.

നടുക്കുന്നതായിരുന്നു ആക്രമണത്തി​ന്‍റെ വ്യാപ്തി. വളരെ വലിയ ലക്ഷ്യങ്ങളെ ഉദ്ദേശിച്ചുള്ളതാണ് അവിടെ വീണ മിസൈലുകൾ എന്ന് ഹെർസല്ല പറയുന്നു. ‘ലോകത്തിലെ ഏറ്റവും ദുർബലമായ വസ്തുക്കൾകൊണ്ട് നിർമിച്ച ടെന്‍റുകൾക്ക് വേണ്ടിയല്ല. ഏറ്റവും വലിയ കെട്ടിടങ്ങൾക്ക് വേണ്ടിയുള്ളതാണ് ആ മിസൈലുകൾ’- അവൾ പറഞ്ഞു. 

ഇസ്രായേലി​ന്‍റെ ആക്രമണത്തിൽ തങ്ങളുടെ കൂടാരങ്ങളെ തീ വിഴുങ്ങിയതായും സങ്കൽപിക്കാനാവുന്നതിനപ്പുറത്തെ സ്‌ഫോടനമായിരുന്നു അതെന്നും സമ അബു റഹ്‌മ പറയുന്നു. ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഞങ്ങൾക്കുനേരെ മിസൈൽ തൊടുത്തുവിടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. കൂടാരങ്ങൾ അഗ്നിജ്വാലയിൽ വിഴുങ്ങി. നരക തുല്യമായി അവ മാറി. ഇത് സുരക്ഷിതമായ മാനുഷിക മേഖലയാണെന്ന് അവകാശപ്പെടുന്നു. വാസ്തവത്തിൽ എല്ലാം നുണകളാണെന്നും അബു റഹ്‌മ കൂട്ടിച്ചേർത്തു. അനേകം മൃതദേഹങ്ങൾ കഷ്ണങ്ങളായിപ്പോയിരുന്നു. വാക്കുകൾക്കതീതമായി ഞെട്ടിക്കുന്ന രംഗങ്ങളായിരുന്നു അവ. ഇത് ഇസ്രായേലി​ന്‍റെ നീതീകരിക്കാനാവാത്ത പ്രാകൃത വ്യോമാക്രമണമാണെന്നും ഹസ്സൻ എന്നയാൾ പറഞ്ഞു.

ഖാൻ യൂനിസ് മേഖലയിലുണ്ടായ ആക്രമണത്തെ തുടർന്ന് 19 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും തിരിച്ചറിഞ്ഞതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തിൽ​പ്പെട്ടവരുടെ അടുത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയുന്നില്ലെന്നും അധികൃതർ പറയുന്നു. ഏറ്റവും ഒടുവിലത്തെ റി​പ്പോർട്ട് അനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 32 ഫലസ്തീനികൾ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.


 മാനുഷിക മേഖലയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് തുർക്കി

അങ്കാറ: തെക്കൻ ഗസ്സയിലെ നിയുക്ത അൽ-മവാസി മാനുഷികരക്ഷാ അഭയാർഥി മേഖലയിൽ ഒറ്റരാത്രികൊണ്ട് ഇസ്രായേൽ നടത്തിയ മാരകമായ വ്യോമാക്രമണത്തെ തുർക്കി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അഭയാർഥികൾക്കുള്ള കൂടാര ക്യാമ്പിന് നേരെയുള്ള ആക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഖാൻ യൂനിസിലെ ‘മാനുഷിക മേഖല എന്ന് വിളിക്കപ്പെടുന്ന സിവിലിയന്മാരുടെ കൂടാരങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഡസൻ കണക്കിന് ഫലസ്തീനികളെ ഇസ്രായേൽ കൂട്ടക്കൊല ചെയ്തതിനെ തങ്ങൾ അപലപിക്കുന്നതായി തുർക്കി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. യുദ്ധക്കുറ്റങ്ങളുടെ പട്ടികയിലാണ് തുർക്കി ഇതിനെ ഉൾപ്പെടുത്തിയത്. വംശഹത്യക്കാരനായ നെതന്യാഹു സർക്കാർ അതി​ന്‍റെ യുദ്ധക്കുറ്റങ്ങളിൽ പുതിയൊരെണ്ണംകൂടി ചേർത്തു. ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ തീർച്ചയായും അന്താരാഷ്ട്ര നിയമത്തിന് മുന്നിൽ ഉത്തരവാദികളാകും- പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീൻ ജനതക്കൊപ്പം അവരുടെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നീക്കം തുടരുമെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തെ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ നേരത്തെ ശക്തമായി എതിർത്തിരുന്നു. ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് അദ്ദേഹം ആരോപിക്കുകയും അന്താരാഷ്ട്ര കോടതികളിൽ ശിക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെടുകയും രാജ്യത്തി​ന്‍റെ സൈനിക ആക്രമണത്തെ പിന്തുണച്ചതിന് പാശ്ചാത്യ രാജ്യങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Carried on fragile tents Missiles that destroy huge buildings; attack on a tented encampment at al-Mawasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.